Kerala
കണ്ണൂര്‍: പഠിപ്പുമുടക്ക് സമരത്തിനിടെ പാചകതൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പേരാവൂര്‍ പോലീസാണ് കേസെടുത്തത്.
മണത്തണ ഗവ.സ്കൂളിലെ പാചകതൊഴിലാളി വസന്തയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. വ്യാഴാഴ്ചയാണ് സംഭവം. പഠിപ്പുമുടക്ക് സമരമായതിനാല്‍ ഉച്ചഭക്ഷണം വയ്ക്കരുതെന്ന് പറഞ്ഞായിരുന്നു. കൈയറ്റം. അടുപ്പത്തേയ്ക്ക് ഇട്ട അരി പ്രവര്‍ത്തകര്‍ തട്ടിതെറുപ്പിച്ചതോടെ വസന്തയുടെ കാലിന് പൊള്ളലേറ്റിരുന്നു.
District News
പാലോട്: പെരിങ്ങമല ഇക്ബാൽ കോളജിൽ എസ്എഫ് ഐ, കെഎസ്യു സംഘട്ടനം. ഇരു വിഭാഗങ്ങളും പരസ്പരം കൊടിമരങ്ങളും കൊടി തോരണങ്ങളും നശിപ്പിച്ചു. പാലോട് പോലീസെത്തി സംഘട്ടനം നിയന്ത്രിച്ചു. സംഭവത്തെ തുടർന്നു കോളജിന് അവധി നൽകി. ഡിഗ്രി പ്രവേശനോത്സവത്തിന്റെ ഭാഗമായി കെഎസ്യു സ്ഥാപിച്ചിരുന്ന കൊടികൾ കാണാതായതാണ് സംഘർഷത്തിനു കാരണമായത്. കൊടികൾ എസ്എഫ്ഐ എടുത്തുമാറ്റിയെന്നാരോപിച്ചു എസ്എഫ്ഐയുടെ കൊടികൾ പരസ്യമായി കെഎസ്യു നശിപ്പിച്ചു.
ഇതിനെ തുടർന്ന് കെഎസ്യുവിന്റെ കൊടിമരം എസ്എഫ്ഐയും നശിപ്പിച്ചു. ഇതിനു പിന്നാലെ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. തുടർന്ന് എസ്എഫ്ഐയുടെ കൊടിമരത്തിനു പോലീസ് കാവൽ ഏർപ്പെടുത്തി. എന്നാൽ പോലീസ് കാവലിനെ അവഗണിച്ച് എസ്എഫ്ഐയുടെ കൊടിമരം കെഎസ്യു വീണ്ടും നശിപ്പിച്ചു.
ഇതിനെ തുടർന്നു പോലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ കെഎസ്യു പ്രവർത്തകർക്കും പോലീസിനും പരിക്കുണ്ട്. ഇന്ന് ഇരു കൂട്ടരെയും സമാധാന ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഇതിനുശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നു നെടുമങ്ങാട് ഡിവൈഎസ്പി കെ.എസ്. അരുൺ അറിയിച്ചു.
District News
തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ രാജ്ഭവന് മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ഗവര്‍ണറുടെ ആര്‍എസ്എസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നാരോപിച്ചാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രാജ്ഭവന് മാര്‍ച്ചുമായി രംഗത്തെത്തിയത്.
മാര്‍ച്ച് തടയുന്നതിനായി വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു. വെള്ളയമ്പലത്തിനു സമീപം ബാരിക്കേഡുകള്‍ സ്ഥാപിച്ച് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. കൂടുതല്‍ പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Kerala
കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി മലയാളിയായ ആദര്‍ശ് എം. സജിയെയും സെക്രട്ടറിയായി പശ്ചിമബംഗാളില്‍ നിന്നുള്ള ശ്രീജന് ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. കോഴിക്കോട്ട് നടന്ന പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.
സുഭാഷ് ജാക്കർ, ടി. നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശില്പ സുരേന്ദ്രൻ, പ്രണവ് ഖാര്‍ജി, എം. ശിവപ്രസാദ്, സി. മൃദുല (വൈസ് പ്രസിഡന്റുമാർ), ഐഷി ഘോഷ്, ജി. അരവിന്ദസാമി, അനില്‍ താക്കൂർ, കെ. പ്രസന്നകുമാർ, ദേബാഞ്ജന്‍ ദേവ്, പി.എസ്. സഞ്ജീവ്, ശ്രീജന് ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ് അഖിലേന്ത്യ സെക്രട്ടേറിയറ്റ്. കേന്ദ്ര സെക്രട്ടറിയേറ്റില്‍ രണ്ടും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ എട്ടും ഒഴിവുണ്ട്.
കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദര്‍ശ് എം. സജി. എസ്എഫ്ഐ സംസ്ഥാന വൈസ്പ്രസിഡന്റും അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഡല്‍ഹി ജനഹിത് ലോ കോളജില്‍ എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ബംഗാള്‍ ജാദവ്പുര്‍ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജന് ഭട്ടാചാര്യ. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കേരളത്തില്‍ നിന്ന് 10 പേര് അഖിലേന്ത്യ സെക്രട്ടറിയേറ്റിലുണ്ട്.
Kerala
സ്വന്തം ലേഖകൻ
കണ്ണൂർ: എസ്എഫ്ഐയെ വിമർശിച്ചതിന്റെ പേരിൽ കാസർഗോഡ് ഗവ.കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രമയ്ക്ക് സർക്കാരിൽനിന്ന് അനുവദിച്ചുകിട്ടേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നതായി പരാതി. ഡോ. രമയ്ക്കെതിരായുള്ള എല്ലാ നടപടികളും അസാധുവാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്ന് 2024 മാർച്ചിൽ സർവീസിൽനിന്നു വിരമിച്ച രമയ്ക്ക് സർക്കാർ പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ചുവെങ്കിലും സിൻഡിക്കറ്റ് ഇടപെട്ട് സർക്കാരിൽനിന്നും അനുവദിച്ചുകിട്ടേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ഒരു വർഷമായി തടഞ്ഞുവച്ചിരിക്കുന്നതായാണ് പരാതി.
യുജിസി വ്യവസ്ഥ പ്രകാരം 2009-11-ൽ ഡോ. രമ ഗവേഷണപഠനത്തിന് ചെലവിട്ട കാലയളവ് സർവകലാശാല തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരിലാണ് ഇപ്പോൾ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ തടയപ്പെട്ടിരിക്കുന്നത്. നിരവധി തവണ കണ്ണൂർ വിസിയെ നേരിൽക്കണ്ട് പരാതിപ്പെട്ടിട്ടും സർവകലാശാല വരുത്തിയ വീഴ്ചയ്ക്ക് പരിഹാരം കണ്ടെത്താൻ അദേഹം തയാറായില്ല. വിസി വിഷയം സിൻഡിക്കറ്റിന്റെ പരിഗണനയ്ക്കു വിട്ട് കൈയൊഴിയുകയാണു ചെയ്തത്. എസ്എഫ്ഐ നേതാക്കൾ കാമ്പസിൽ വ്യാപകമായി ലഹരി ഉപയോഗിക്കുന്നതായി ഒരു ഓൺലൈൻ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയ പ്രിൻസിപ്പലിന്റെ അപേക്ഷ രാഷ്ട്രീയ കാരണങ്ങളാൽ പരിഗണിക്കാൻ സിൻഡിക്കറ്റ് തയാറാകുന്നുമില്ല.
എഫ്ഐപി സ്കീമിലൂടെയുള്ള ഡെപ്യൂട്ടേഷൻ കാലയളവിൽ ഗവേഷണം പൂർത്തിയാക്കിയ ഡോക്ടർ രമ 2011 ജൂലൈയിൽ പ്രബന്ധം യൂണിവേഴ്സിറ്റിയിൽ സമർപ്പിച്ച അടുത്ത ദിവസംതന്നെ തിരികെ കോളജിൽ ജോലിക്കു പ്രവേശിച്ചുവെങ്കിലും പ്രബന്ധം സമർപ്പിച്ചത് 2011 ജൂണിലാണെന്ന് സർവകലാശാല തെറ്റായി രേഖപ്പെടുത്തിയിരിക്കുകയാണ്. അതു പ്രകാരം ഡോ. രമ ഒരു മാസക്കാലം സർവീസിൽനിന്നു വിട്ടുനിന്നതായി കണക്കാക്കേണ്ടതായി വരും. രമയുടെ പ്രബന്ധത്തിൽതന്നെ, പ്രബന്ധം സമർപ്പിച്ച തീയതി ജൂലൈയാണെന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സർവകലാശാലയ്ക്ക് പറ്റിയ തെറ്റ് തിരുത്താൻ തയാറാകാത്തത് ബോധപൂർവമാണ്. പ്രബന്ധസമർപ്പണ സർട്ടിഫിക്കറ്റ് സർവകലാശാല നൽകാൻ വൈകുന്നിടത്തോളം രമയ്ക്ക് ഗ്രാറ്റുവിറ്റി അനുകൂല്യങ്ങൾ ലഭിക്കാൻ തടസമാകും.
എസ്എഫ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഡോ. രമയ്ക്കെതിരേ ശിക്ഷാനടപടി കൈക്കൊള്ളാനും തുടർന്ന് പെൻഷൻ ആനുകൂല്യങ്ങൾ തടയാനും സർക്കാർ നീങ്ങിയത്. സർവീസിൽനിന്നു വിരമിക്കുന്നതിനു തൊട്ടുമുമ്പ് ഡോ. രമയ്ക്കെതിരേ നടപടിയെടുക്കുന്നതിൽനിന്നു വ്യക്തമാകുന്നത് ഡോക്ടർ രമയെ മാനസികമായി പീഡിപ്പിക്കാനുള്ള ബാഹ്യ പ്രേരണ സർക്കാർ സംവിധാനത്തിൽ ഉണ്ടെന്നും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ ഡോ. രമയ്ക്കെതിരേ ഏകപക്ഷീയമായി നടപടിയെടുക്കാൻ അധികാരം ദുർവിനിയോഗം ചെയ്തുവെന്നുമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഗ്രാറ്റുവിറ്റി അനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രബന്ധ സമർപ്പണ സർട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റി തടഞ്ഞുവച്ചിരിക്കുന്നത് ബോധപൂർവമാണെന്ന് കാണിച്ച് ഡോ. രമ ഗവർണർക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ്.