Business
മുംബൈ: ഇന്ത്യൻ ഓഹരിവിപണികൾ തുടർച്ചയായ രണ്ടാം ദിവസവും മുന്നേറ്റം നടത്തി. മീഡിയ, ഐടി, കണ്സ്യൂമർ ഡ്യുറബിൾസ്, ഓട്ടോ മേഖലാ സൂചികകളിൽ വാങ്ങലുണ്ടായതാണ് വിപണിക്കു കരുത്തായത്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന് അയവു വന്നതും ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടായതും വിപണിയിൽ പ്രതിഫലിച്ചു.
എൻഎസ്ഇ നിഫ്റ്റി 200.40 പോയിന്റ് 0.80 ശതമാനം ഉയർന്ന് 25,245ലെത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് നിഫ്റ്റിയെത്തിയത്. 2025ൽ ആദ്യമായാണ് നിഫ്റ്റി 25,200 പോയിന്റ് കടക്കുന്നത്. നിഫ്റ്റിയിലെ 50 ഓഹരികളിൽ 41 എണ്ണം നേട്ടമുണ്ടാക്കിയപ്പോൾ ഒന്പതെണ്ണമാണ് താഴ്ന്നത്.
ബിഎസ്ഇ സെൻസെക്സ് 700 പോയിന്റ് (0.85%) മുന്നേറി 82,756ൽ വ്യാപാരം പൂർത്തിയാക്കി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം നാലു ലക്ഷം കോടി രൂപ ഉയർന്ന് 454 ലക്ഷം കോടിയിലെത്തി.
നിഫ്റ്റി മിഡ്കാപ് 0.44 ശതമാനവും സ്മോൾകാപ് 1.49 ശതമാനവും ഉയർന്നു.
നിഫ്റ്റി മീഡിയ സൂചിക 1.99 ശതമാനം മുന്നേറി ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ പ്രതിരോധ മേഖലയിൽ വിൽപ്പനസമ്മർദമേറിയതോടെ രണ്ടു ശതമാനം ഇടിവുണ്ടായി. ലാർജ് കാപ് ഓഹരികളിൽ ഐടിയും ഓട്ടോയും മികച്ച പ്രകടനം നടത്തി. ഡോളർ ശക്തിപ്പെട്ടതിന്റെ ഫലമാണിത്.
Business
മുംബൈ: ദലാൽ സ്ട്രീറ്റിൽ കാളക്കൂറ്റൻമാർ തിരിച്ചെത്തി. വ്യാപാരദിനത്തിന്റെ അവസാന മണിക്കൂറുകളിൽ വിശാല സൂചികകളിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് ഓഹരി സൂചികകളായ നിഫ്റ്റി 50, സെൻസെക്സ് എന്നിവയെ ഒരു ശതമാനം കടത്തിയത്. തുടർച്ചയായ മൂന്നു ദിവസത്തെ ഇടിവിനുശേഷമാണ് ഓഹരി സൂചികകൾ മുന്നേറ്റം നടത്തിയത്.
ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെയും ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടാകുകയും വിദേശ സ്ഥാപന നിക്ഷേപകർ വീണ്ടും വാങ്ങലുകൾ ആരംഭിക്കുകയും ചെയ്തതോടെ, നിഫ്റ്റി 25,000 പോയിന്റ് കടന്നു. അതേസമയം 30 ഓഹരികളുള്ള സെൻസെക്സ് 1000ത്തിലേറെ പോയിന്റുകൾ ഉയർന്നു.
81354.85 പോയിന്റ് എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. തലേന്ന് 81,361.87ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഇന്നലെ വ്യാപാരത്തിനിടെ 1133 പോയിന്റ് ഉയർന്ന് 82494.49ലെത്തി. മറുവശത്ത് നിഫ്റ്റി 24,787.65ലാണ് വ്യാപാരം തുടങ്ങിയത്. തലേന്ന് 24,793.25ൽ വ്യാപാരംം അവസാനിപ്പിച്ച നിഫ്റ്റി വ്യാപാരത്തിനിടെ 1.4 ശതമാനം ഉയർന്ന് 25,136.20ലെത്തി.
ഇന്നലെ സെൻസെക്സ് 1046.30 പോയിന്റ് (1.29%) മുന്നേറി 82,408.17ലും നിഫ്റ്റി 319.15 പോയിന്റ് (1.29%) നേട്ടത്തിൽ 25,112.40ലും ക്ലോസ് ചെയ്തു. 2366 ഓഹരികൾ മുന്നേറിയപ്പോൾ 1427 ഓഹരികൾ താഴ്ന്നു 149 എണ്ണത്തിൽ മാറ്റമുണ്ടായില്ല.
നിഫ്റ്റി മിഡ്കാപ്, സ്മോൾകാപ് സൂചികകൾ യഥാക്രമം 1.46%, 1.01% നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് 1.20 ശതമാനവും സ്മോൾകാപ് 0.55 ശതമാനവും മുന്നേറി.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം ഒരു സെഷനിൽ മാത്രം അഞ്ചു ലക്ഷം കോടി രൂപ ഉയർന്ന് 443 ലക്ഷം കോടി രൂപയിൽനിന്ന് 448 ലക്ഷം കോടി രൂപയിലെത്തി.
എല്ലാ മേഖലകളും മികച്ച നേട്ടത്തോടെ വ്യാപാരം നടത്തി. നിഫ്റ്റി റിയാലിറ്റി, ഓട്ടോ, മെറ്റൽ രണ്ടു മുതൽ ഒരു ശതമാനം വരെയാണ് ഉയർന്നത്. ബാങ്കിംഗ്, ഫിനാൻഷൽ സർവീസ്, ഇൻഷ്വറൻസ് ഓഹരികളും നേട്ടത്തിലെത്തി.
ഇന്ത്യൻ സന്പദ്വ്യവസ്ഥയുടെ ഭാവി ശോഭനമായി തുടരുന്നതിനാൽ നിക്ഷേപകർ കുറഞ്ഞ മൂല്യത്തിൽ ഓഹരികൾ വാങ്ങിക്കൂട്ടിയത് ഇന്നലെ നേട്ടമായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില രണ്ടു ശതമാനത്തിലധികം ഇടിഞ്ഞത് ആഭ്യന്തര വിപണിയിൽ വാങ്ങൽ വികാരം വർധിപ്പിച്ചു. ഡോളർ സൂചികയുടെ ഇടിവ് കണക്കിലെടുത്ത് കഴിഞ്ഞ മൂന്നു സെഷനുകളിലായി എഫ്പിഐകൾ ഇന്ത്യൻ ഓഹരികൾ വാങ്ങുന്നുണ്ട്.