പത്തനംതിട്ട: റവന്യു രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് മന്ത്രി കെ. രാജൻ. ആറന്മുള, ചെന്നീര്‍ക്കര, പുറമറ്റം, നിരണം, കൂടൽ, കോന്നിത്താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സുതാര്യവും കൃത്യതയോടുമുള്ള പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് റവന്യു സേവനങ്ങള്‍ വേഗത്തിൽ ലഭ്യമാക്കി. ഡിജിറ്റല്‍ റീസര്‍വേയിലൂടെ രണ്ടുവര്‍ഷത്തില്‍ കേരളത്തിന്റെ മൂന്നിലൊന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി.
ഭൂഉടമകള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍ നല്‍കും. 632 വില്ലേജുകളെ സ്മാര്‍ട്ട് ആക്കിയതായും നാനൂറോളം വില്ലേജ് ഓഫീസുകള്‍ പുനര്‍നിര്‍മിച്ചതായും മന്ത്രി പറഞ്ഞു.
ആറന്മുള ഇടശേരിമല എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ ആറന്മുള, ചെന്നീര്‍ക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ ഭരണാനുമതി ലഭിച്ച 41 ല്‍ 32 എണ്ണം സ്മാര്‍ട്ട് വില്ലേജാക്കി മാറ്റാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണൻ, എഡിഎം ബി. ജ്യോതി, മുന്‍ എംഎല്‍എ മാലേത്ത് സരള ദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോൻ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി തുടങ്ങിയവർ പ്രസംഗിച്ചു
പുറമറ്റം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തില്‍ മാത്യു ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍മിതി കേന്ദ്രം കോഴഞ്ചേരി റീജിയണല്‍ ഹെഡ് എ.കെ. ഗീതമ്മാള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സൂസന് ജോസഫ്, പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ.വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നിരണം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മാത്യു ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
തിരുവല്ല പിഡബ്ല്യൂഡി സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ വി.കെ.ശ്രുതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അനു, നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കൂടല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. പുഷ്പവല്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു.കോന്നി - താഴം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി.നായര്‍, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കെ സാമുവേൽ, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.