ചെന്നൈ: കരൂർ ദുരന്തത്തെ സംബന്ധിച്ച് വിശദീകരണവുമായി തമിഴ്നാട് സർക്കാർ. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സർക്കാർ രംഗത്തെത്തിയത്.
റാലി നടത്താൻ നേതാക്കൾ ആദ്യം ആവശ്യപ്പെട്ട സ്ഥലത്ത് കുറച്ച് ആളുകൾക്ക് മാത്രമെ ഒത്തുകൂടാൻ കഴിയുകയുള്ളൂ. ഇവിടെ അനുമതി നിഷേധിച്ചതോടെ വേലുച്ചാമിപുരം നൽകുകയായിരുന്നു. ഇത് ടിവികെ നേതാക്കൾ സ്വീകരിച്ചെന്നും സർക്കാരിന്റെ മീഡിയാ സെക്രട്ടറി അമുത പറഞ്ഞു.
ദുരന്തത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. റാലിയിൽ പങ്കെടുക്കാൻ പതിനായിരം പേർ വരുമെന്നാണ് ടിവികെ അറിയിച്ചത്. മുൻ റാലികളുടെ അടിസ്ഥാനത്തിൽ ഇരുപതിനായിരം പേർ വരുമെന്ന് കണക്കാക്കി. അതനുസരിച്ച് പോലീസ് സുരക്ഷയും ഏർപ്പെടുത്തി.
സാധാരണയായി ഓരോ 50 പേർക്കും ഒരു പോലീസുകാരൻ എന്നതാണ് രീതി. എന്നാൽ കരൂരിൽ ഓരോ 20 പേർക്കും ഒരു പോലീസുകാരനെയാണ് വിന്യസിച്ചതെന്നും സർക്കാർ വ്യക്തമാക്കി.