തിരുവനന്തപുരം: കാല്പതിറ്റാണ്ടിനു മുമ്പ് ദേശീയ ചാമ്പ്യനായി. എന്നാല്‍, ജീവിത പ്രാരാബ്ധങ്ങള്‍ കാരണം കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനായില്ല. ജോലിക്കായി സര്‍ക്കാരിനെ സമീപിച്ചെങ്കിലും നിരാശ.
കുടുംബം ഭദ്രമാക്കാന്‍ ഓട്ടോ തൊഴിലാളിയായി. തന്റെ അവസ്ഥ കുഞ്ഞുങ്ങള്‍ക്ക് വരാതിരിക്കാന്‍ അവരുടെ കായിക സ്വപ്നങ്ങള്‍ക്ക് അയാള്‍ ചിറകുകള് നല്കി.
ബോളിവുഡ് സിനിമ ദംഗലിനോട് സാദൃശ്യമുള്ള കഥയാണ് നെടുമങ്ങാട് സ്വദേശി നിഖിലേഷിന്റെയും അദേഹത്തിന്റെ രണ്ട് മക്കളുടെയും.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ നിഖിലേഷ് ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ ആകുന്നത് 25 വര്‍ഷം മുമ്പാണ്. തന്റെ കുട്ടികളുടെ കായിക സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഭാര്യ ദിവ്യയോടൊപ്പം കഠിനപ്രയത്നം ചെയ്യുകയാണ് നിഖിലേഷ്.
മകന് ഡി.എന്‍. നീരജ് ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സില്‍ 83 കിലോഗ്രാം പവര്‍ ലിഫ്റ്റിംഗില്‍ സ്വര്‍ണം നേടി.
നെടുമങ്ങാട് ആനാട് എസ്എന്‍വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നീരജ്. നീരജിന്റെ ചേച്ചി നിഖിതയും ദേശീയ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.