ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുടെ ധാരാണപത്രത്തിൽ കേരള സർക്കാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ മൂന്നു ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കടുത്ത നടപടി ആലോചിക്കുമെന്ന് വ്യക്തമാക്കി സിപിഎമ്മിന് സിപിഐയുടെ കത്ത്. സിപിഎമ്മിനെ നന്ദിഗ്രാം ഓര്‍മിപ്പിച്ചുകൊണ്ടാണ് സിപിഐ ദേശീയ സെക്രട്ടറിയേറ്റിന്റെ കത്ത്.
ബംഗാളിലെ നയ വ്യതിയാനം അന്ന് ചൂണ്ടിക്കാട്ടിയതാണെന്നും സിപിഐ ഓര്‍മ്മിപ്പിക്കുന്നു. സിപിഎം നേതൃത്വവുമായുള്ള ചര്‍ച്ചയിൽ ഇക്കാര്യം പറയും. ബംഗാളിൽ കണ്ട പ്രവണതകൾ കേരളത്തിലെ തുടർഭരണത്തിൽ കാണുന്നുവെന്നും സിപിഐ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു.
ബിജെപിയെ സഹായിക്കുന്ന നയമാണ് സിപിഎം ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നും വിമർശനമുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. പിഎം ശ്രീയിൽ നിന്ന് പിന്മാറണമെന്ന ആവശ്യമാണ് സിപിഐ മുന്നോട്ടുവച്ചിരിക്കുന്നത്.
മൂന്നാം പിണറായി സര്‍ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് പിഎം ശ്രീ വിവാദത്തിൽ എൽഡിഎഫ് നേതൃത്വം ഉലയുന്നത്. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്.
ഘടകക്ഷികളെ ഇരുട്ടിൽ നിര്‍ത്തിയെടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. 40 ദിവസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കും. ആറു മാസം കഴിഞ്ഞാൽ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുമുണ്ടാകും.
മൂന്നാം പിണറായി സര്‍ക്കാരിനായി സിപിഎം സര്‍വ ശക്തിയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തിലാണ് മന്ത്രിമാരെ പിന്‍വലിക്കുന്നതടക്കം കടുത്ത നിലപാട് വേണമെന്ന് സിപിഐ യോഗത്തിൽ ചര്‍ച്ചയുയരുന്നത്. ഘടകക്ഷികളെ സിപിഎം ഇരുട്ടിൽ നിര്‍ത്തിയെന്നാണ് സിപിഐ വിമര്‍ശനം.
വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും പതിറ്റാണ്ടുകളായുള്ള വര്‍ഗീയ വിരുദ്ധ മുദ്രാവാക്യം ഒറ്റ ദിവസം കൊണ്ട് ഒഴിവാക്കാനാകില്ലെന്നും ഇത് എൽഡിഎഫിന്റെ വഴിയല്ലെന്നും സിപിഐ ഓര്‍മിപ്പിക്കുന്നു. ഏതുസമയത്തും രാജിവയ്ക്കാൻ തയ്യാറെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു കഴിഞ്ഞു.
തിങ്കളാഴ്ച സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരും. എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്. മറുവശത്താകട്ടെ ചര്‍ച്ച ചെയ്യാമെന്നാണ് എംവി ഗോവിന്ദനും ടിപി രാമകൃഷ്ണനും പ്രതികരിച്ചത്.എല്ലാക്കാലത്തും ഒരേ നയത്തിൽ നിൽക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് മന്ത്രി വി.ശിവന്‍കുട്ടി.