ഭീഷണിയില്ലാത്തൊരു രാജ്യം ഉറപ്പായാൽ പലസ്തീനികളുടെയും ഇസ്രേലികളുടെയും പ്രശ്നം തീരും. പക്ഷേ, ഹമാസിനു വേണ്ടത്, ലോകമാകെയുള്ള ഇസ്ലാമിക് സ്റ്റേറ്റാണ്.
ഏതു ദുഃഖമാണു കൂടുതൽ ഭാരപ്പെട്ടത്, വീടില്ലാത്തവന്റെയോ രാജ്യമില്ലാത്തവന്റെയോ? വീടില്ലാത്തവന്റെ ദുഃഖം അതു ലഭിക്കുന്നതോടെ തീരും. പക്ഷേ, രാജ്യമില്ലാത്തവനു വീടു കിട്ടിയാലും ഉറപ്പുള്ള വാസഗേഹമാകില്ല. അന്യഥാബോധം വിട്ടൊഴിയാത്ത മുറികളിൽ അവൻ തിരിഞ്ഞും മറിഞ്ഞും കിടക്കും. ഭീഷണിയില്ലാത്തൊരു രാജ്യം ഉറപ്പായാൽ പലസ്തീനികളുടെയും ഇസ്രേലികളുടെയും പ്രശ്നം തീരും.
പക്ഷേ, ഹമാസിന്, മറ്റേതൊരു ഇസ്ലാമിക ഭീകരപ്രസ്ഥാനത്തെയുംപോലെ യഹൂദരും ക്രിസ്ത്യാനികളുമില്ലാത്തൊരു ലോകം കിട്ടിയേ തീരൂ. അതുകൊണ്ടാണ് ഹമാസിനെ നിരായുധീകരിക്കാത്ത ഒരുടന്പടിയും അംഗീകരിക്കില്ലെന്ന് ഇസ്രയേൽ ആവർത്തിക്കുന്നത്. വെടിനിർത്തൽ കരാർ നിലവിൽ വന്നയുടനെ ഇസ്രയേലിന്റെ വാദത്തെ ന്യായീകരിക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്.
ഒറ്റുകാരെന്നു സംശയിക്കുന്ന സ്വന്തം ജനത്തെ പോലും ഹമാസ് നിരത്തിനിർത്തി പരസ്യമായി കൊല്ലുന്ന ദൃശ്യങ്ങൾ ഐക്യദാർഢ്യക്കാരൊഴികെയുള്ള ലോകം കണ്ടു. വിവിധ മുസ്ലിം രാജ്യങ്ങളിൽ “അല്ലാഹു അക്ബർ’’ വിളിച്ച് ക്രൈസ്തവരെ കൊന്നൊടുക്കുന്ന അതേ രീതി. ഗാസ സങ്കീർണമാകുകയാണ്. കഴിഞ്ഞെന്നു ട്രംപ് പറഞ്ഞാൽ തീരുന്നതല്ല ഇസ്രയേൽ-ഹമാസ് യുദ്ധം.
കഴിഞ്ഞദിവസം, പടിഞ്ഞാറൻ ഗാസയിലെ സബ്രയെന്ന ചെറുപട്ടണത്തിലെ നിരത്തിലേക്ക് ഹമാസ് ഏഴോ എട്ടോ പേരെ വലിച്ചിഴച്ചുകൊണ്ടുവരുന്പോൾ ഏറെ ദൂരെയല്ലാതെ ഇസ്രയേൽ-പലസ്തീൻ തടവുകാരെ വെടിനിർത്തലിന്റെ ഭാഗമായി പരസ്പരം കൈമാറുകയായിരുന്നു. ഇസ്രയേൽ ബന്ധം ആരോപിച്ചാണ് സ്വന്തം ജനങ്ങളിൽപ്പെട്ട ആ മനുഷ്യരെ കണ്ണുകൾ മൂടിക്കെട്ടി കൈകൾ പിന്നിൽ ബന്ധിച്ച് മുട്ടിന്മേൽ നിർത്തിയത്.
പിന്നിൽ നിന്ന ഹമാസ് ഭീകരർ അവരുടെ ശിരസിനു പിന്നിൽ നിറയൊഴിച്ചത് കുട്ടികൾ ഉൾപ്പെടെയുള്ള ആൾക്കൂട്ടത്തെ സാക്ഷിയാക്കിയാണ്. ഈ ഭീകരരും അതുകണ്ട് “അല്ലാഹു അക്ബർ’’ വിളിക്കുന്ന കാണികളും തങ്ങൾക്കു ഭീഷണിയാണെന്നാണ് ഇസ്രയേൽ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ വീഡിയോ ഹമാസ് തന്നെ പ്രചരിപ്പിച്ചതാണ്. പലസ്തീനികളും ഹമാസ് വിരുദ്ധരുമായ നിരവധി ദുഗ്മുഷ് ഗോത്രക്കാരെയും ഹമാസ് കൊന്നുകഴിഞ്ഞു. ഹമാസ് പുറത്തുവിടുന്നതല്ലാതെ യഥാർഥ കണക്കൊന്നും ആർക്കുമറിയില്ല.
ഗാസയിലും ലിബിയയിലും നൈജീരിയയിലും ഇറാനിലും ഇറാക്കിലുമൊക്കെ ഭീകരർ തുടരുന്ന ഈ നരഹത്യ കണ്ടിട്ടും ഭീകരർക്കു ‘സ്വാതന്ത്ര്യസമരസേനാനി’ പട്ടം കൊടുക്കുന്നവരുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന്റെ ചൂടറിയാത്തതുകൊണ്ടു മാത്രമല്ല, അതിന്റെ രാഷ്ട്രീയ സാധ്യതകൾ അറിയുന്നതുകൊണ്ടുമാണ്. ഹമാസിന് ഭരണപങ്കാളിത്തമില്ലാത്തതും അറബ് രാജ്യങ്ങൾ ഉൾപ്പെടെ അംഗീകരിച്ചതുമായ വെടിനിർത്തൽ കരാർ ഹമാസിനെ നിലനിർത്തിക്കൊണ്ട് അസാധ്യമാണെന്ന് ഗാസ വെളിപ്പെടുത്തുന്നു.
തീവ്രവാദത്തെ തീവ്രവാദമെന്നു വിളിക്കാതിരിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്പോൾ ലഭിക്കുന്ന ലാഭം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടിലുമുണ്ട്. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ നീക്കുപോക്കുകൾ തന്നെയാണത്. പക്ഷേ, ഹമാസ് ഉൾപ്പെടെയുള്ള ഭീകരപ്രസ്ഥാനങ്ങൾക്കു വച്ചുനീട്ടുന്ന പിന്തുണ, കേരളത്തിന്റെ ഇസ്ലാമിക് ബ്രദർഹുഡിന്റെ മുളകൾക്കു വളമായിക്കഴിഞ്ഞു. നാളെ അവ വടവൃക്ഷങ്ങളാകും.
അതിനെ ചൂണ്ടിക്കാണിച്ച് ഇതര മതവർഗീയതകളും ശക്തി പ്രാപിക്കുകയാണ്. ആപത്കരമായ ഈ പ്രീണനരാഷ്ട്രീയത്തിന്റെ വാർത്തകളും വീക്ഷണങ്ങളും നാളെ ചരിത്രമാകും. 2022 ഡിസംബറിൽ ഹമാസ് കമാൻഡർ മെഹ്മൂദ് അൽ സഹറിന്റേതായി മിഡിൽ ഈസ്റ്റ് മീഡിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ടിവി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറഞ്ഞത്, ഇന്നുവരെ അവരുടെ ഒരു നേതാവും തിരുത്തിയിട്ടില്ല. “ഇസ്രയേൽ നമ്മുടെ ആദ്യലക്ഷ്യം മാത്രമാണ്.
ഭൂഗോളത്തിന്റെ 510 മില്യൺ സ്ക്വയർ കിലോമീറ്റർ മുഴുവൻ നമ്മുടെ നിയമത്തിനു കീഴിലാകും. അവിടെ യഹൂദരും ക്രൈസ്തവരും ഉണ്ടാകില്ല.” കഴിഞ്ഞ വർഷം ഇസ്രയേൽ വധിച്ച, 2006ൽ ഗാസയുടെ പ്രധാനമന്ത്രിയായിരുന്ന ഹമാസ് നേതാവ് ഇസ്മയിൽ ഹനിയ, ഇസ്ലാമിക ഭീകരൻ സാക്ഷാൽ ഒസാമ ബിൻ ലാദന്റെ ആരാധകനായിരുന്നു. ചിലർ ഗാസ വഴി, ചിലർ തുർക്കി വഴി, ചിലർ നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇറാൻ, ഇറാക്ക്, സുഡാൻ, നൈജീരിയ, കേരളം.... ലക്ഷ്യം ഒന്നുതന്നെ. പക്ഷേ, ഇതിനെ വംശഹത്യയുടെ വിളംബരമോ ഊട്ടിയുറപ്പിക്കലോ ആയി നമ്മുടെ രാഷ്ട്രീയക്കാർ കാണില്ല.
ഇസ്രയേൽ-പലസ്തീൻ വിഷയത്തിന്റെ ഏക കാരണം ഹമാസ് അല്ലെങ്കിലും ഇസ്ലാമിക തീവ്രവാദവും യഹൂദവിരുദ്ധതയും കൊണ്ടുനടക്കുന്നതിനാൽ ഹമാസുള്ളിടത്തോളം കാലം ഇസ്രയേൽ വഴങ്ങില്ല. പ്രത്യേകിച്ചും ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലുള്ള പരസ്യ വധശിക്ഷ നടപ്പാക്കലും അരാജകത്വവും തുടരുന്നതിനാൽ. അറബ് രാജ്യങ്ങളും ഹമാസിനെ പിന്തുണയ്ക്കാനിടയില്ല.
അവശേഷിക്കുന്ന തുരങ്കങ്ങളിൽനിന്നിറങ്ങി ജനത്തെ കൊല്ലാനല്ലാതെ പലസ്തീൻ പുനർനിർമാണത്തിൽ ഹമാസിനൊന്നും ചെയ്യാനാകില്ല. ഈ ഭീകരപ്രസ്ഥാനം ഏറ്റവും വലിയ നഷ്ടം വരുത്തിവയ്ക്കുന്നത് പലസ്തീൻകാർക്കാണ്. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇസ്ലാമിക തീവ്രവാദികൾ വംശവെറിയാൽ ക്രൈസ്തവരെ കൊന്നൊടുക്കുകയും ആട്ടിപ്പായിക്കുകയുമാണെങ്കിൽ ഗാസയിൽ അവർ സ്വന്തം ജനതയുടെ അന്തകരായിരിക്കുന്നു.