National
പാറ്റ്ന: ബീഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യമുണ്ടായെന്ന ആരോപണവുമായി ബിജെപി.
എന്നാല്‍, ആരോപണം തള്ളിയ ആര്‍ജെഡി, വീഡിയോ കൃത്രിമമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ അപമാനിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ആരോപിച്ചു.
ശനിയാഴ്ചയാണ് ആരോപണത്തിന് ആധാരമായ വീഡിയോ ബിജെപിയുടെ ബീഹാര്‍ ഘടകം എക്സില്‍ പങ്കുവെച്ചത്. ആര്‍ജെഡി വേദിയില്‍ തേജസ്വി യാദവ് ആള്‍ക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെ, ഒരാള്‍ മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്നതാണ് വീഡിയോയിലുള്ളത്.
മോദിയുടെ അമ്മയ്ക്കെതിരേ അധിക്ഷേപ പരാമര്‍ശത്തിനുള്ള അവസരം തേജസ്വി യാദവ് തന്റെ റാലിയില്‍ വീണ്ടും ഒരുക്കിയെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍ ബിജെപി ആരോപിച്ചു.
അമ്മമാരെയും സഹോദരിമാരെയും അസഭ്യംപറയുക എന്നൊരു പദ്ധതി മാത്രമാണ് ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമുള്ളതെന്നും അവരുടെ നിരാശ അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഒരു അമ്മയെ അസഭ്യം പറയുന്നവരെ ബീഹാര്‍ മറക്കില്ലെന്നും എല്ലാ അധിക്ഷേപത്തിനും ബിഹാറിലെ അമ്മമാരും സഹോദരിമാരും മറുപടി നല്‍കുമെന്നും കുറിപ്പിലുണ്ട്.
അതേസമയം, വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നിലവില്‍, നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബിഹാര്‍ അധികാര്‍ യാത്രയിലാണ് തേജസ്വി യാദവ്.
Leader Page
“നീതിയില്ലാതെ ന്യായവും സമാധാനവും നിലനിൽക്കില്ല. വികസനമില്ലാതെ ന്യായവും നീതിയും നിലനിൽക്കില്ല. ജനാധിപത്യമില്ലാതെ ഇവയൊന്നും നിലനിൽക്കില്ല. സംസ്കാരങ്ങളുടെയും ജനങ്ങളുടെയും സ്വത്വത്തെയും മൂല്യത്തെയും ബഹുമാനിക്കാതെ ജനാധിപത്യം നിലനിൽക്കില്ല”. സമാധാനത്തിനുള്ള 1992ലെ നൊബേൽ സമ്മാന ജേതാവും ഗ്വാട്ടിമാലയിലെ മനുഷ്യാവകാശ പ്രവർത്തകയുമായിരുന്ന റിഗോബർത മെഞ്ചു പറഞ്ഞ ഇക്കാര്യം എന്നും പ്രസക്തമാണ്.
ജനഹിതം മാത്രമാണു ജനാധിപത്യം. അതിനാൽ, ജനാധിപത്യത്തിന്റെ വിവിധ മാതൃകകൾ ഉണ്ടെന്ന് അംഗീകരിക്കാനാകില്ലെന്ന ഇറാൻകാരി ഷിറിൻ എബാദിയുടെ വാക്കുകളും വ്യക്തമാണ്. 2003ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവാണു മനുഷ്യാവകാശ പ്രവർത്തകയായ ഷിറിൻ.
കണ്ടിട്ടും കണ്ണടച്ച് കമ്മീഷൻ
“വോട്ട് ചോർച്ചയെ ചൗക്കിദാർ സംരക്ഷിക്കുന്നു” എന്നാണു തെരഞ്ഞെടുപ്പു കമ്മീഷനെതിരേ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ആവർത്തിച്ചത്. കർണാടകയിലും മഹാരാഷ്ട്രയിലുമടക്കം വ്യവസ്ഥാപിതമായ വോട്ടുകൊള്ള നടന്നതായുള്ള ആരോപണം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയതിനു പിന്നാലെയാണു രാഹുലിന്റെ പുതിയ ‘വോട്ട് ചോരി’ ആക്രമണം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കമ്മീഷൻ പ്രതികരിച്ചു. പൊതുജനങ്ങളിൽ ആർക്കും ഓണ്‍ലൈനിൽ ഒരു വോട്ടും ഇല്ലാതാക്കാൻ കഴിയില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു.
പുലർച്ചെ നാലുമണിക്ക് ഉണരുക. 36 സെക്കൻഡിനുള്ളിൽ രണ്ടു വോട്ടർമാരെ നീക്കം ചെയ്യുക.പിന്നെ ഉറങ്ങാൻ പോകുക. വോട്ട് മോഷണം സംഭവിക്കുന്നത് ഇങ്ങനെയാണ്! സമൂഹമാധ്യമമായ എക്സിൽ ഇന്നലെ ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ രാഹുൽ പക്ഷേ ആരോപണം കടുപ്പിച്ചു. തെരഞ്ഞെടുപ്പു കാവൽക്കാരൻ ഉണർന്നിരുന്നു. മോഷണം കണ്ടു. കള്ളന്മാരെ സംരക്ഷിച്ചു (ചുനാവ് കാ ചൗക്കിദാർ ജാഗ്താ രഹാ, ചോരി ദേഖ്താ രഹാ, ചോരോം കോ ബച്ചാതാ രഹാ) എന്ന് കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു. വോട്ട് മോഷണത്തിന്റെ രീതി വിശദീകരിച്ച് ഡൽഹിയിലെ ഇന്ദിരാ ഭവനിൽ വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിന്റെ 36 സെക്കൻഡ് വീഡിയോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
നീക്കിയും ചേർത്തും കൊള്ള
കർണാടകയിൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആലന്ദ് നിയോജകമണ്ഡലത്തിൽ 6,018 വോട്ടുകൾ നീക്കം ചെയ്തുവെന്നാണു രാഹുൽ പുതുതായി ആരോപിച്ചത്. 2024ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി രജുര നിയോജകമണ്ഡലത്തിൽ 6,850 വോട്ടർമാരെ അധികമായി ചേർത്തുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഓട്ടോമേറ്റഡ് സോഫ്റ്റ്വേർ ഉപയോഗിച്ചായിരുന്നു രജുരയിലെ വോട്ടുകൊള്ള. 2024 ഒക്ടോബറിൽ 15 ദിവസത്തിനുള്ളിൽ രജുരയിൽ 11,667 വോട്ടർമാരെ ഓണ്‍ലൈനായി ചേർത്തു. പരാതി നൽകിയപ്പോൾ 6,853 പേരെ നീക്കുകയായിരുന്നു.
ആലന്ദിൽ ആറായിരത്തിലേറെ വോട്ടുകൾ നീക്കിയപ്പോൾ, രജുരയിൽ അത്രയുംതന്നെ വോട്ടുകൾ കൂട്ടിച്ചേർത്തു. വോട്ടർപട്ടിക ക്രമക്കേടുകളുടെ തെളിവിനായി രാഹുൽ ബന്ധപ്പെട്ട ഏതാനും വോട്ടർമാരെ നേരിട്ടു ഹാജരാക്കുകയും ചെയ്തു. കർണാടക, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇതേ ക്രമക്കേട് നടന്നുവെന്നു പ്രതിപക്ഷ നേതാവു പറയുന്നു. തെളിവുകൾ കോണ്‍ഗ്രസിന്റെ പക്കലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജെൻ സെഡിൽ പ്രതീക്ഷ
ഒഴിവുകഴിവുകൾ പറയുന്നതു നിർത്തി കർണാടക സിഐഡി ചോദിച്ച തെളിവുകൾ ഒരാഴ്ചയ്ക്കകം നൽകണമെന്നു തെരഞ്ഞെടുപ്പു കമ്മീഷനോടു രാഹുൽ ആവശ്യപ്പെട്ടു. വോട്ടുതട്ടിപ്പുകാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ എന്ന നിലയിലുള്ള ചുമതലകൾ ഗ്യാനേഷ് കുമാർ നിർവഹിക്കണം. അല്ലെങ്കിൽ, ഭരണഘടനയുടെ കൊലപാതകത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പങ്കാളിയാണെന്ന് ഉറപ്പായും അറിയപ്പെടുമെന്നാണു രാഹുലിന്റെ മുന്നറിയിപ്പ്.
ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തകരെ ജനം തിരിച്ചറിയണമെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്. രാജ്യത്തെ യുവാക്കളും വിദ്യാർഥികളും പുതുതലമുറയായ ജെൻ സെഡും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. താനെപ്പോഴും അവരോടൊപ്പം നിൽക്കും. ജയ് ഹിന്ദ്! എന്നു പറഞ്ഞാണു രാഹുൽ അവസാനിപ്പിക്കുന്നത്. താൻ വാഗ്ദാനം ചെയ്ത ഹൈഡ്രജൻ ബോംബ് പിന്നാലെ വരുമെന്ന അറിയിപ്പുമുണ്ട്.
പാലം കുലുങ്ങിയാലും...
ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ക്രമക്കേടുകളും തട്ടിപ്പുകളും കണ്ടെത്തിയെന്ന രാഹുലിന്റെ ആദ്യ ആരോപണത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ കൃത്യവും വ്യക്തവുമായ ഉത്തരം ഇനിയും നൽകിയിട്ടില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ജനവിധിയെ മാറ്റിയ ക്രമക്കേടെന്നത് ഗൗരവമുള്ളതാണ്. വെറും 130 ചതുരശ്രയടിയുള്ള ഒരു കുടുസുമുറിയുടെ വിലാസത്തിൽ 80 വോട്ടർമാരെ ചേർത്തതു ശരിയാണെന്നു ദേശീയ മാധ്യമങ്ങൾ നേരിട്ടെത്തി കണ്ടെത്തിയിരുന്നു.
ഇതേപോലെ ഒരേ വിലാസത്തിലുള്ള 10,452 വോട്ടർമാർ, 11,965 ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, 40,009 വ്യാജ വിലാസക്കാർ, വ്യക്തമായ ഫോട്ടോയില്ലാത്ത 4,132 വോട്ടർമാർ, 33,692 വ്യാജ കന്നിവോട്ടർമാർ എന്നിവരുടെ തെളിവുകളാണു രാഹുൽ അന്നു നിരത്തിയത്. മല്ലികാർജുൻ ഖാർഗെയും ശരദ് പവാറും രാഹുലും പ്രിയങ്കയും അഖിലേഷ് യാദവും കേരള എംപിമാരും അടക്കം പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കളായ 300 എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തി അറസ്റ്റ് വരിച്ചിട്ടും രാഹുൽ ഉയർത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ പോലും കമ്മീഷൻ തയാറായില്ല.
പവിത്രത നഷ്ടമാക്കരുത്
കംപ്യൂട്ടറിൽ വായിക്കാവുന്ന വോട്ടർപട്ടികയുടെ ഡിജിറ്റൽ കോപ്പി രാഷ്ട്രീയ പാർട്ടികൾക്കു നൽകുകയെന്നതു പ്രധാനമാണ്. രാഹുൽ ചോദിച്ചിട്ടും ഡിജിറ്റൽ വോട്ടർപട്ടിക നൽകാത്തതിൽ എന്തൊക്കെയോ ഒളിക്കാനുണ്ട്. പട്ടികയിലെ തെറ്റുകളും ക്രമക്കേടുകളും വേഗം കണ്ടെത്തുമോയെന്ന ഭയം. ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) മറവിൽ 65 ലക്ഷത്തോളം പേരുടെ വോട്ടവകാശം റദ്ദാക്കുന്നതിനെതിരേ രാഹുലും പ്രതിപക്ഷവും നടത്തിയ വോട്ട് അധികാർ യാത്രയ്ക്ക് ശേഷവും കമ്മീഷനു കുലുക്കമില്ല. കേരളത്തിലടക്കം എസ്ഐആറുകൾ നടത്തുകയുമാണ്.
അട്ടിമറി ആസൂത്രിതമോ?
തെരഞ്ഞെടുപ്പു കൊള്ള ആസൂത്രിതമാണെന്നു കരുതാൻ ന്യായങ്ങളേറെയാണ്. തെരഞ്ഞെടുപ്പു കമ്മീഷണർമാരെ നിയമിക്കുന്ന മൂന്നംഗ സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിയതു സംശയം ബലപ്പെടുത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനായി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റീസ് എന്നിവരുൾപ്പെട്ട സമിതി രൂപീകരിക്കാൻ 2023 മാർച്ച് രണ്ടിനു സുപ്രീംകോടതി വിധിച്ചു. ഈ വിധി മറികടക്കാൻ പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി.
ഗ്യാനേഷ് കുമാറിനെയും സഹ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും മോദിയും അമിത് ഷായും ചേർന്നു തെരഞ്ഞെടുത്തതോടെ നിഷ്പക്ഷതയുടെ മറപോലുമില്ലാതായി. സത്യസന്ധവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകളുടെ അന്ത്യംകുറിച്ച നടപടിയാണിത്. ടി.എൻ. ശേഷൻ അടക്കമുള്ളവർ നൽകിയ നിഷ്പക്ഷതയും സുതാര്യതയും തകർത്തു.
രാഷ്ട്രപതിക്കില്ലാത്ത കവചം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും സഹ കമ്മീഷണർമാരെയും ക്രിമിനൽ നിയമനടപടികളിൽ നിന്നു സംരക്ഷിക്കാൻ നിയമം പാസാക്കിയതിന്റെ ദുഷ്ടലാക്കും വ്യക്തം. രാഷ്ട്രപതിക്കു പോലുമില്ലാത്ത കവചം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി എന്നിവയ്ക്കായുള്ള 2023ലെ നിയമത്തിലെ 16-ാം വകുപ്പു ജനാധിപത്യത്തിന് അപകടമാണ്.
നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിൽ എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും, ഔദ്യോഗിക പദവിയിലിരിക്കുന്പോൾ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ഏതൊരു പ്രവൃത്തിക്കോ വാക്കിനോ എതിരേ രാജ്യത്തെ ഒരു കോടതിയും സിവിലോ ക്രിമിനലോ ആയ നടപടികൾ സ്വീകരിക്കുകയോ തുടരുകയോ ചെയാൻ പാടില്ലെന്നാണു 16-ാം വകുപ്പിലെ വിവാദവ്യവസ്ഥ. എന്തു ചെയ്താലും കോടതിയിൽ ശിക്ഷിക്കപ്പെടില്ലെന്ന നിയമ പരിരക്ഷ നൽകിയതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കു ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളാൻ തടസമില്ലാതായി.
ചട്ടഭേദഗതി സംശയകരം
തെരഞ്ഞെടുപ്പു പരാതി ഉണ്ടായില്ലെങ്കിൽ വോട്ടെടുപ്പിന്റെ സിസിടിവി, വീഡിയോ, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ, ഫോട്ടോകൾ എന്നിവ ഫലപ്രഖ്യാപനം കഴിഞ്ഞ് 45 ദിവസത്തിനു ശേഷം നശിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദ ഉത്തരവാണു മറ്റൊന്ന്. 1961ലെ തെരഞ്ഞെടുപ്പു നടത്തിപ്പിനായുള്ള 93 (2) എ ചട്ടം ഇതിനായി കേന്ദ്രം ഭേദഗതി ചെയ്തു. തെളിവു നശിപ്പിക്കാനാണിതെന്ന രാഹുലിന്റെ ആരോപണത്തിൽ കഴന്പുണ്ടെന്നു കരുതേണ്ടിവരും.
വോട്ടർപട്ടികയിൽ കൃത്രിമത്വം നടന്നുവെന്ന രാഹുലിന്റെ ആരോപണം തെറ്റാണെന്നു തെളിയിക്കാൻപോലും തെരഞ്ഞെടുപ്പ് കമ്മീഷനു കഴിയുന്നില്ല. വസ്തുതകൾ നിരത്തി പ്രതിരോധിക്കാനുമായില്ല. ആരോപണം പൊതുവായി തള്ളുകയും സാങ്കേതികമായ തൊടുന്യായങ്ങൾ നിരത്തുകയുമാണു ചെയ്തത്. പ്രതിപക്ഷ നേതാവിനെതിരേ രാഷ്ട്രീയ ആരോപണങ്ങളും വെല്ലുവിളികളും നടത്തി തരംതാഴുകയും ചെയ്തു.
1
തെരഞ്ഞെടുപ്പുകളുടെ സുതാര്യതയും നിഷ്പക്ഷതയും പവിത്രതയും കാത്തുപരിപാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പു പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകണം.
ഓരോ മുതിർന്ന വ്യക്തിക്കും സർക്കാരിൽ അവരുടേതായ അവിഭാജ്യവും ആർക്കും വാങ്ങാൻ കഴിയാത്തതുമായ ശബ്ദം ഉണ്ടാകുന്നതുവരെ യഥാർഥ ജനാധിപത്യം ഒരിക്കലും ഉണ്ടാകില്ലെന്ന് അമേരിക്കയിലെ വനിതാ വോട്ടവകാശ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവായിരുന്ന കാരി ചാപ്മാൻ കാറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Leader Page
നീതി വൈകുന്നതു നീതി നിഷേധിക്കപ്പെടുന്നതിനു തുല്യമാണെന്ന അർഥത്തിൽ ഇംഗ്ലീഷിൽ വിഖ്യാതമായൊരു ചൊല്ലുണ്ട്. നിയമനടപടികൾ വളരെയധികം സമയമെടുക്കുന്പോൾ, ആത്യന്തികമായി ഫലം അനുകൂലമാണെങ്കിൽപോലും, നീതി തേടുന്നയാൾക്ക് അതിന്റെ മൂല്യവും അർഥവും നഷ്ടപ്പെടുന്നുവെന്നു ചുരുക്കം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ വലിയ കാലതാമസം നീതിയുടെ പൂർണമായ നിഷേധം പോലെ ദോഷകരമായിരിക്കും. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം ഗ്ലാഡ്സ്റ്റോണ്‍ 1800കളിൽ പറഞ്ഞ കാര്യം ഇപ്പോഴും പ്രസക്തമാണ്.
വൈകിയെങ്കിലും സ്വാഗതാർഹം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മണിപ്പുർ സന്ദർശിക്കുകയാണ്. 2023 മേയ് മൂന്നിന് മണിപ്പുരിൽ കലാപം തുടങ്ങിയശേഷം പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനം. വെറും മൂന്നു മണിക്കൂറാണ് മോദിയുടെ മണിപ്പുരിലെ സന്ദർശനം. മൂന്നൂറിലേറെ പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്കു പരിക്കേൽക്കുകയും 70,000ലേറെ പേർ ഭവനരഹിതരാവുകയും ചെയ്ത കലാപം തുടങ്ങി 27 മാസങ്ങൾക്കുശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം വളരെ വൈകി. എങ്കിലും സമാധാനത്തിലേക്കുള്ള ഏതൊരു നീക്കവും സുപ്രധാനമാകും. രണ്ടേകാൽ വർഷത്തിലേറെയായി തുടരുന്ന അശാന്തിക്ക് ഇനിയെങ്കിലും പരിഹാരം ഉണ്ടാക്കുകയാണു പ്രധാനം.
ഇന്ത്യയുടെ ഭരണത്തലവന്റെ മണിപ്പുർ സന്ദർശനം പലതുകൊണ്ടും സ്വാഗതാർഹമാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മണിപ്പുരിലെ കുക്കി സംഘടനകളും മോദിയുടെ മണിപ്പുർ സന്ദർശനത്തെ സ്വാഗതം ചെയ്തിട്ടുമുണ്ട്.
കുന്നുകളിലും താഴ്വരയിലും
സംസ്ഥാന തലസ്ഥാനവും മെയ്തെയ്കളുടെ കേന്ദ്രവുമായ ഇംഫാലിലും കുക്കി ഗോത്ര വിഭാഗങ്ങളുടെ കേന്ദ്രമായ ചുരാചന്ദ്പുരിലും പ്രധാനമന്ത്രി സന്ദർശിക്കുന്നതു നല്ല കാര്യമാണ്. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന ഇരുപക്ഷത്തെയും കലാപബാധിതരെ മോദി സന്ദർശിക്കും. ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടിലും ഇംഫാലിലെ കാംഗ്ല കോട്ടയിലും പ്രധാനമന്ത്രി പ്രസംഗിക്കും.
മണിപ്പുരിലെ വിവിധജില്ലകളിലായുള്ള 280ലധികം ദുരിതാശ്വാസ ക്യാന്പുകളിലായി ഏകദേശം 57,000 ആളുകൾ ഇപ്പോഴും താമസിക്കുന്നുവെന്നാണു സർക്കാർ കണക്ക്. ദുരിതബാധിതരിൽ മഹാഭൂരിപക്ഷവും കുക്കി സോ വംശജരാണ്. ദുരിതാശ്വാസ ക്യാന്പുകളും കൂടുതൽ മെയ്തെയ് കുന്നുകളിലാണ്. ഭൂരിപക്ഷ മെയ്തെയ്കളിലും ഇരകളേറെയുണ്ട്. മെയ്തെയ്കൾക്കു സർക്കാരിന്റെയും പോലീസിന്റെയും പിന്തുണ ഉണ്ടായെന്നതു വലിയ രഹസ്യമല്ല.
മൂന്നു മണിക്കൂറിനു നീളമേറെ
അയൽസംസ്ഥാനമായ മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിൽനിന്ന് ഉച്ചയ്ക്ക് 12.30ന് കുക്കി സോ ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പുരിലേക്കാണ് പ്രധാനമന്ത്രി ആദ്യമെത്തുക. ചുരാചന്ദ്പുരിൽനിന്നു ഹെലികോപ്റ്ററിൽ തലസ്ഥാനമായ ഇംഫാലിലേക്കു പോകുന്ന പ്രധാനമന്ത്രി അവിടെ മെയ്തെയ്കളുടെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിക്കും. ഇംഫാലിൽ 1,200 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും 7,300 കോടി രൂപയുടെ പദ്ധതികൾക്കു തറക്കല്ലിടുകയും ചെയ്യുമെന്നാണ് മണിപ്പുർ ചീഫ് സെക്രട്ടറി പുനീത് കുമാർ ഗോയൽ അറിയിച്ചത്. കുക്കി, മെയ്തെയ് വിഭാഗങ്ങൾക്കു പ്രത്യേക സാന്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമോയെന്നതാണ് മണിപ്പുരികൾ ഉറ്റുനോക്കുന്നത്.
രാഷ്ട്രപതി ഭരണം പാഴാകരുത്
കഴിഞ്ഞ ഫെബ്രുവരി 13 മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ കേന്ദ്രം നേരിട്ടാണു ഭരണം നടത്തുന്നത്. രാഷ്ട്രപതി ഭരണം നിലവിൽവന്ന ശേഷവും മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനായിട്ടില്ലെന്നതാണു ഖേദകരം. ബിരേൻ സിംഗിന്റെ റിമോട്ട് കണ്ട്രോളാണു പ്രശ്നമെന്നു കുക്കികൾ ആരോപിക്കുന്നു.
ഈ വർഷാവസാനത്തോടെ സംസ്ഥാനത്തെ എല്ലാ ദുരിതാശ്വാസ ക്യാന്പുകളും അടച്ചുപൂട്ടുമെന്നും ഇതിനായി മൂന്നു ഘട്ടങ്ങളിലുള്ള പുനരധിവാസ പദ്ധതി നടപ്പാക്കുമെന്നും കഴിഞ്ഞ ജൂലൈയിൽ അന്നത്തെ ചീഫ് സെക്രട്ടറി പി.കെ. സിംഗ് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനമല്ലാതെ ഇക്കാര്യത്തിൽ കാര്യമായ പുരോഗതി ഇനിയുമുണ്ടായിട്ടില്ലെന്ന് മെയ്തെയ്കളും കുക്കികളും ഒരുപോലെ പറയുന്നു. ഇടയ്ക്കെങ്കിലും അക്രമങ്ങൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്.
മുറിവുണക്കുക പരമപ്രധാനം
മെയ്തെയ്കളും കുക്കികളും തമ്മിലുണ്ടായ വേർതിരിവിന്റെ ആഴം കുറയ്ക്കാനും പരസ്പര വിശ്വാസം പുനഃസ്ഥാപിക്കാനും ഇനിയും സർക്കാരിനു കഴിഞ്ഞിട്ടില്ല. മലയോരങ്ങളും താഴ്വാരങ്ങളും രണ്ടു വ്യത്യസ്ത രാജ്യങ്ങൾ പോലെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. കുക്കി സോ ഗോത്ര വിഭാഗങ്ങൾക്കു ഭൂരിപക്ഷമുള്ള മലന്പ്രദേശ ജില്ലകൾക്കായി നിയമസഭയോടു കൂടിയ കേന്ദ്രഭരണ പ്രദേശം വേണമെന്നാണു കുക്കികളുടെ ആവശ്യം. ചുരുങ്ങിയതു പ്രത്യേക സ്വയംഭരണ സംവിധാനമെങ്കിലും വേണമെന്ന ആവശ്യത്തിൽഗോത്രജനത ഉറച്ചുനിൽക്കുകയാണ്.
ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽനിന്നുകൊണ്ടുതന്നെ സ്വതന്ത്ര ഭരണസംവിധാനം അനുവദിച്ചില്ലെങ്കിൽ ദീർഘകാല സമാധാനം കൈവരില്ലെന്ന് മണിപ്പുരിലെ സെയ്ത്തു മണ്ഡലത്തിൽനിന്നുള്ള കുക്കി എംഎൽഎ ഹാക്കോലത്ത് കിപ്ഗെൻ പറഞ്ഞു. ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഇതിനു വകുപ്പുണ്ടെന്നു മറ്റു കുക്കി എംഎൽഎമാരും പറയുന്നു. മെയ്തെയ്കളുടെ ഭരണത്തിൽ കീഴിൽ ഗോത്രജനതയ്ക്ക് വിശ്വാസമില്ല. മണിപ്പുർ സംസ്ഥാനത്തിനുള്ളിൽ കേന്ദ്രഭരണ പ്രദേശമോ, പ്രത്യേക സ്വയംഭരണ കൗണ്‍സിലോ അനുവദിക്കാനാകില്ലെന്നു ബിജെപി നേതാക്കളും മെയ്തെയ് സംഘടനകളും തറപ്പിച്ചു പറയുന്നു.
എസ്ഒഒ കരാർ ചെറുമീനല്ല
കുക്കി-സോ സായുധ ഗ്രൂപ്പുകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് (എസ്ഒഒ) കരാർ അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടിയതു സമാധാനത്തിലേക്കുള്ള ഒരു ചുവടാകും. മെയ്തെയ്കളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണു സെപ്റ്റംബർ രണ്ടിനു വിമത കുക്കി ഗ്രൂപ്പുകളുമായി സർക്കാർ എസ്ഒഒ കരാർ ഒപ്പുവച്ചത്.
സങ്കീർണതകളുടെ മണിപ്പുർ
ഗോത്രജനതയുടെ ഭൂമിയിലും തൊഴിൽ, വിദ്യാഭ്യാസ സംവരണ അവകാശങ്ങളിലും കടന്നുകയറാനുള്ള ഭൂരിപക്ഷ മെയ്തെയ്കളുടെ അതിമോഹം തുടങ്ങിവച്ച കലാപത്തിനുള്ള പരിഹാരം സമഗ്രമാകണം. അതിനു മുന്നോടിയായി മണിപ്പുരിനു രാഷ്ട്രീയ പരിഹാരം ആവശ്യമാണ്.
കുക്കി-സോ പ്രദേശങ്ങൾക്കു നിയമസഭയോടുകൂടിയ കേന്ദ്രഭരണ പ്രദേശം വേണമെന്ന ആവശ്യത്തിൽ ഭാവി ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു എസ്ഒഒ കരാറിനെ തുടർന്നു സായുധ ഗ്രൂപ്പുകളും സർക്കാർ പ്രതിനിധികളും സമ്മതിച്ചതെന്നു കുക്കി സംഘടനകൾ അവകാശപ്പെട്ടു. ഇതിൽനിന്നു വ്യതിചലിക്കുന്നതാണു കേന്ദ്രസർക്കാരിന്റെ പത്രക്കുറിപ്പെന്നാണ് കുക്കി വിമത ഗ്രൂപ്പുകളുടെ വാദം. സർക്കാരിന്റെ വ്യതിചലനം കുക്കി സോ ഗോത്രങ്ങളുടെ വികാരങ്ങളെ ഗുരുതരമായി അസ്വസ്ഥമാക്കിയിട്ടുണ്ടെന്ന് കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ), യുണൈറ്റഡ് പീപ്പിൾസ് ഫ്രണ്ട് (യുപിഎഫ്) എന്നീ ഗ്രൂപ്പുകൾ പ്രസ്താവനയിൽ മുന്നറിയിപ്പു നൽകിയതു വെറുതെയാകില്ല.
ചർച്ചകളിലൂടെ വരട്ടെ, സമാധാനം
മണിപ്പുർ നേരിടുന്ന രാഷ്ട്രീയപ്രശ്നത്തിനുള്ള പരിഹാരമാകും പുതിയൊരു ജനാധിപത്യ സർക്കാർ. ബിരേൻ സിംഗിനെ പോലെയൊരു മുഖ്യമന്ത്രിയെ കുക്കികളും മെയ്തെയ്കളിലെ മിതവാദികളും അംഗീകരിക്കില്ല. എല്ലാവിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കുന്നതാകണം പുതിയ സർക്കാർ. സമാധാനത്തിനുള്ള ആദ്യപടിയെന്ന നിലയിൽ കലാപബാധിതരായ കുക്കി, മെയ്തെയ് ജനതകൾക്കായി പ്രത്യേക സാന്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കാം. മണിപ്പുരിൽ എത്രയുംവേഗം പൊതുസ്വീകാര്യനായ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനകീയ സർക്കാർ സ്ഥാപിക്കുക എന്നതും പരിഹാരങ്ങളിലൊന്നാകും. പ്രധാനമന്ത്രി മോദിയുടെ മണിപ്പുർ സന്ദർശനം ശുഭകരമായ പുതിയ തുടക്കമാകട്ടെ.
Editorial
മൂന്നു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് തെറ്റ് ചൂണ്ടിക്കാണിക്കാനും ഉപദേശിക്കാനുമേ കഴിയൂ. തെരഞ്ഞെടുപ്പു പ്രക്രിയയെ സംശയനിഴലിൽനിന്നു മോചിപ്പിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യ മുന്നണിയുടേതല്ല, ഇന്ത്യയുടേതാണ്.
ബിജെപിയും അണികളും ആരാധകരും സാക്ഷ്യപ്പെടുത്തിയാൽ മാത്രം ഉറപ്പാകുന്നതല്ല തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത. രാഹുൽ ഗാന്ധി വോട്ട് ചോർച്ച വെളിപ്പെടുത്തിയ ദിവസവും അതൊരു ആരോപണമായിരുന്നു. പക്ഷേ, അവയ്ക്ക് ഉത്തരം പറയാനാകാതെ ഭീഷണിയുടെ ശൈലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രതികരിച്ചതോടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ ചതിക്കപ്പെടുകയായിരുന്നോ എന്ന സംശയം വോട്ടർമാരിൽ ശക്തിപ്പെട്ടു. പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും പിന്നാലെ, മൂന്നു മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും കമ്മീഷനെ വിമർശിച്ചിരിക്കുന്നു. കമ്മീഷൻ സംശയനിഴലിൽനിന്നു പുറത്തു വരണം. കമ്മീഷണർമാർ ബിജെപി വക്താക്കളല്ലെന്നു പൗരന്മാർക്കുകൂടി തോന്നണം.
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ എസ്.വൈ. ഖുറേഷി, ഒ.പി. റാവത്ത്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ എന്നിവരാണ് ഇന്ത്യാ ടുഡെ സംഘടിപ്പിച്ച സൗത്ത് കോൺക്ലേവിൽ ഗ്യാനേഷ് കുമാറിനെ വിമർശിച്ചത്. “കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് ചോരി’ ആരോപണങ്ങളോടുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ സമീപനം ശരിയല്ല. രാഹുൽ ഗാന്ധി സത്യവാങ്മൂലം നൽകണമെന്നും ഇല്ലെങ്കിൽ മാപ്പു പറയണമെന്നുമുള്ള ഗ്യാനേഷ് കുമാറിന്റെ നിർബന്ധവും അദ്ദേഹത്തിന്റെ അരിശവും വോട്ടർപട്ടികയുടെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും വിശ്വാസ്യത സംശയത്തിലാക്കി. തർക്കിക്കുന്നതിനു പകരം ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.”
രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവാണെന്നത് മറക്കരുതെന്നും, രാഹുൽ ഒരു കാര്യമുന്നയിക്കുമ്പോൾ അത് അദ്ദേഹത്തിന്റെ മാത്രമല്ല രാജ്യത്തെ കോടിക്കണക്കിനു പൗരന്മാരുടെ ശബ്ദമാണെന്നും എസ്.വൈ. ഖുറേഷി ചൂണ്ടിക്കാട്ടി. താങ്കളായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെങ്കിൽ ഇക്കാര്യത്തിൽ എന്തു നടപടിയെടുക്കുമെന്ന ചോദ്യത്തിന്, അന്വേഷണത്തിന് ഉത്തരവിടുമായിരുന്നു എന്നായിരുന്നു ഖുറേഷിയുടെ മറുപടി. കമ്മീഷന്റെ മേൽനോട്ടത്തിൽ തയാറാക്കിയ വോട്ടർപട്ടികയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ അന്വേഷണത്തിനായിരുന്നു കമ്മീഷൻ തയാറാകേണ്ടിയിരുന്നതെന്ന് അശോക് ലവാസ പറഞ്ഞു. കമ്മീഷണറായിരുന്നപ്പോൾ തെറ്റു ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് സ്വന്തം കുടുംബാംഗങ്ങൾക്കടുത്തേക്ക് ഇഡിയെത്തിയതു കണ്ടയാളാണ് ലവാസ.
തെരഞ്ഞെടുപ്പ് സുതാര്യമാകില്ല എന്ന സംശയം വിതച്ചതു ബിജെപിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റീസും ഉണ്ടാവണമെന്ന സുപ്രീംകോടതി ഉത്തരവിനെ പുതിയ നിയമത്തിലൂടെ അട്ടിമറിച്ചു. ചീഫ് ജസ്റ്റീസിനു പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കാബിനറ്റ് മന്ത്രി! അങ്ങനെ സർക്കാരിന്റെ ഏകാധിപത്യം ഉറപ്പിച്ച സമിതിയാണ് ഇപ്പോഴത്തെ കമ്മീഷനെ സ്ഥാപിച്ചത്.
മാത്രമല്ല, 2023 ഓഗസ്റ്റിൽ ബിജെപി സർക്കാർ കൊണ്ടുവന്ന സംരക്ഷിതനിയമം (Appointment, Conditions of Service and Term of Office Act, 2023) അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീഷണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്. ഇങ്ങനെ എന്തും ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അധികാരമെല്ലാം കൊടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സർക്കാർ ഈവിധമാക്കിയത്. എന്തിനായിരുന്നു ഈ ഒരുക്കങ്ങളൊക്കെ? അതിന്റെ ഉത്തരം കമ്മീഷന്റെ ചെയ്തികളിലുണ്ട്.
ഒന്നിനു പിറകെ മറ്റൊന്നായി വന്ന ആരോപണങ്ങളിൽ ചിലത് ഇങ്ങനെയായിരുന്നു: തെരഞ്ഞെടുപ്പുചട്ടം ലംഘനത്തിന്റെ നടപടിക്രമങ്ങളിൽനിന്നു ഭരിക്കുന്നരെ നിർലജ്ജം ഒഴിവാക്കി, വിദ്വേഷ പ്രസംഗങ്ങളിൽ പാർട്ടി നോക്കി തീരുമാനമെടുത്തു, വോട്ടർപട്ടികയിൽനിന്ന് അർഹരെ ഒഴിവാക്കി, അനർഹരെ കുത്തിത്തിരുകി, ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമായ മഹാദേവപുരയിൽ മാത്രം 1,00,250 വ്യാജവോട്ടർമാരെ കണ്ടെത്തി, വോട്ട് തട്ടിപ്പു സംബന്ധിച്ച് പ്രതിപക്ഷം ചോദിക്കുന്ന രേഖകളൊന്നും കൊടുത്തില്ല, വോട്ടർപട്ടികയിലെ ക്രമക്കേടിനു തെളിവു നൽകിയ പ്രതിപക്ഷ നേതാവിനോടു മാപ്പു പറയാൻ ഭീഷണി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും കുറെയെങ്കിലും സുതാര്യത കൊണ്ടുവരാൻ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വന്നു... ആരോപണങ്ങൾക്കൊന്നും മറുപടിയില്ല. അങ്ങനെയങ്ങനെ ജനങ്ങളുടെ ‘സംശയങ്ങളൊക്കെ ഏതാണ്ട് തീരുകയാണ്!’
വോട്ട് തട്ടിപ്പ് എന്നാൽ ജനാധിപത്യഹത്യയല്ലാതെ മറ്റൊന്നുമല്ല. പ്രതിപക്ഷം ഉന്നയിച്ച കഴന്പുള്ള ചോദ്യങ്ങൾക്ക് കമ്മീഷനാണു മറുപടി പറയേണ്ടത് എന്നതു സാങ്കേതികത്വം മാത്രമാണ്. അധികാരം വിട്ടൊഴിയാൻ ആഗ്രഹിക്കുന്നില്ലാത്ത ബിജെപി സർക്കാരാണ് പ്രയോക്താവ്. അവർ അർഥഗർഭമായ മൗനത്തിലോ ബാലിശമായ ന്യായീകരണത്തിലോ ഒളിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയനിഴലിൽനിന്നു മോചിപ്പിക്കേണ്ട ഉത്തരവാദിത്വം ഇന്ത്യ മുന്നണിയുടേതല്ല, ഇന്ത്യയുടേതാണ്.
Leader Page
ഇന്ത്യൻ സംസ്കാരത്തെയും സംഗീതത്തെയും സ്നേഹിക്കുന്ന ഏവർക്കും സെപ്റ്റംബർ എട്ട് ഏറെ സവിശേഷമാണ്; വിശേഷിച്ചും ആസാമിലെ എന്റെ സഹോദരീസഹോദരന്മാർക്ക്. കാരണം, ഇന്ത്യൻ സംഗീതലോകത്തെ സവിശേഷമായ ശബ്ദമായി കണക്കാക്കപ്പെടുന്ന ഡോ. ഭൂപേൻ ഹസാരികയുടെ ജന്മദിനമാണിത്. നിങ്ങൾക്കേവർക്കും അറിയാവുന്നതുപോലെ, ഈ വർഷം അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം കുറിക്കുകയാണ്. ഇന്ത്യയുടെ കലാപരമായ ആവിഷ്കാരത്തിനും പൊതുബോധത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ വീണ്ടും ചർച്ച ചെയ്യാനുള്ള അവസരമാണിത്.
സംഗീതത്തിന് അതീതമാണ് ഭൂപേൻ ദാ നമുക്കു നൽകിയ കാര്യങ്ങൾ. ഈണത്തിനുമപ്പുറം അദ്ദേഹത്തിന്റെ കൃതികൾ ഹൃദയത്തിൽ ആഴത്തിൽ സ്പന്ദിക്കുന്ന അനുഭൂതികൾ പകരുന്നു. ശബ്ദം മാത്രമായിരുന്നില്ല; അദ്ദേഹം ജനങ്ങളുടെ ഹൃദയതാളമായിരുന്നു. ദയ, സാമൂഹ്യനീതി, ഐക്യം, ആഴത്തിൽ വേരൂന്നിയ സ്വത്വം എന്നിവ നിറഞ്ഞ അദ്ദേഹത്തിന്റെ ഗാനങ്ങൾ കേട്ടാണു നിരവധി തലമുറകൾ വളർന്നത്.
അനുഭവങ്ങൾ അടിത്തറയായി
ആസാമിലെ സമ്പന്നമായ വാമൊഴി പാരമ്പര്യങ്ങൾ, നാടോടി ഈണങ്ങൾ, സാമൂഹ്യ കഥപറച്ചിൽ രീതികൾ എന്നിവ അദ്ദേഹത്തിന്റെ ബാല്യത്തെ ആഴത്തിൽ രൂപപ്പെടുത്തി. ഈ അനുഭവങ്ങൾ അദ്ദേഹത്തിന്റെ കലാപരമായ പദാവലിയുടെ അടിത്തറയായി. ആസാമിന്റെ തദ്ദേശീയ സ്വത്വത്തിന്റെയും അവിടത്തെ ജനങ്ങളുടെ ധർമചിന്തയുടെയും ചൈതന്യം അദ്ദേഹത്തിൽ എല്ലായ്പോഴും ഉൾച്ചേർന്നിരുന്നു.
നന്നേ ചെറുപ്പത്തിൽത്തന്നെ ഭൂപേൻദായിൽ പ്രതിഭയുടെ മിന്നലാട്ടം ദൃശ്യമായിരുന്നു. വെറും അഞ്ചു വയസുള്ളപ്പോൾ അദ്ദേഹം ഒരു പൊതുപരിപാടിയിൽ പാടി. ആസാം സാഹിത്യത്തിലെ പ്രമുഖ വ്യക്തിത്വമായ ലക്ഷ്മിനാഥ് ബെസ്ബറുവയുടെ ശ്രദ്ധയാകർഷിക്കാൻ ആ ശബ്ദത്തിനു കഴിഞ്ഞു. കൗമാരത്തിലെത്തുമ്പോഴേക്കും അദ്ദേഹം തന്റെ ആദ്യഗാനം റിക്കാർഡ് ചെയ്തിരുന്നു. എന്നാൽ സംഗീതം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഒരു ഭാഗം മാത്രമായിരുന്നു. അത്രത്തോളം ബൗദ്ധികനിലവാരമുള്ള വ്യക്തികൂടിയായിരുന്നു ഭൂപേന് ദാ. ജിജ്ഞാസയും വാചാലതയും നിറഞ്ഞ, ലോകത്തെ മനസിലാക്കാനുള്ള അടങ്ങാത്ത ആഗ്രഹത്താൽ നയിക്കപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.
ജ്യോതിപ്രസാദ് അഗർവാല, ബിഷ്ണു പ്രസാദ് റാഭ തുടങ്ങിയ സാംസ്കാരിക ഇതിഹാസങ്ങൾ അദ്ദേഹത്തിന്റെ മനസിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ അന്വേഷണത്വര കൂടുതൽ ആഴത്തിലാക്കുകയും ചെയ്തു. പഠിക്കാനുള്ള ഈ ആഗ്രഹമാണ് അദ്ദേഹത്തെ ബനാറസ് ഹിന്ദു സർവകലാശാലയിലെ കോട്ടൺ കോളജിൽ മികവു പുലർത്താൻ സഹായിച്ചതും അമേരിക്കയിലേക്കു യാത്രചെയ്യാൻ പ്രേരിപ്പിച്ചതും. അവിടെ അദ്ദേഹം അക്കാലത്തെ പ്രമുഖ അക്കാദമിക വിദഗ്ധരുമായും ചിന്തകരുമായും സംഗീതജ്ഞരുമായും ഇടപഴകി.
ഇതിഹാസ കലാകാരനും പൗരാവകാശ നേതാവുമായ പോൾ റോബ്സണെ അദ്ദേഹം കണ്ടുമുട്ടി. റോബ്സണിന്റെ "ഓൾ മാൻ റിവർ'എന്ന ഗാനമാണ് ഭൂപേൻ ദായുടെ ഐതിഹാസിക രചനയായ "ബിസ്തീർനോ പരോറെ’യ്ക്ക് പ്രചോദനമായത്. ഏറെ പ്രശംസയ്ക്കു പാത്രമായ മുൻ അമേരിക്കൻ പ്രഥമ വനിത എലീനർ റൂസ്വെൽറ്റ്, ഇന്ത്യൻ നാടോടി സംഗീതത്തിലെ പ്രകടനങ്ങൾക്ക് അദ്ദേഹത്തിന് സ്വർണമെഡൽ സമ്മാനിക്കുകയും ചെയ്തു.
ശക്തിയും പ്രതീക്ഷയും ഉൾക്കൊണ്ടു
അമേരിക്കയിൽ തുടരാനുള്ള അവസരം ഭൂപേൻ ദായ്ക്ക് ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം തിരികെ ഇന്ത്യയിലെത്തി സംഗീതത്തിൽ മുഴുകി. റേഡിയോ മുതൽ നാടകം വരെയും സിനിമകളിൽ മുതൽ വിദ്യാഭ്യാസ ഡോക്യുമെന്ററികളിൽ വരെ അദ്ദേഹം നിറഞ്ഞു. തന്റെ സംഗീതത്തിലൂടെ വഞ്ചി തുഴയുന്നവർ, തേയിലത്തോട്ടം തൊഴിലാളികൾ, സ്ത്രീകൾ, കർഷകർ തുടങ്ങിയവരുടെ സ്വപ്നങ്ങൾക്ക് അദ്ദേഹം ശബ്ദംനൽകി.
ഗൃഹാതുരത്വത്തിനൊപ്പം, ഭൂപേൻ ദായുടെ കൃതികൾ ആധുനികതയെ വീക്ഷിക്കുന്നതിനുള്ള കരുത്തുറ്റ ദർപ്പണമായി മാറി. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന നിരവധിപ്പേര്‍, പ്രത്യേകിച്ച് പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽനിന്നുള്ളവർ, അദ്ദേഹത്തിന്റെ സംഗീതത്തിൽനിന്ന് ശക്തിയും പ്രതീക്ഷയും ഉൾക്കൊണ്ടു.
‘ഏകഭാരതം, ശ്രേഷ്ഠഭാരതം’എന്ന മനോഭാവം ഭൂപേൻ ഹസാരികയുടെ ജീവിതയാത്രയിൽ കരുത്തോടെ പ്രതിഫലിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ കൃതികൾ ഭാഷാപരവും പ്രാദേശികവുമായ അതിരുകൾ മറികടന്നു. അസമീസ്, ബംഗാളി, ഹിന്ദി ഭാഷകളിലെ സിനിമകൾക്ക് അദ്ദേഹം സംഗീതം പകർന്നു. ആസാമിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ദൃശ്യവും ശബ്ദവുമായി പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനായി.
നിരവധി അംഗീകാരങ്ങൾ
1967ൽ, ആസാമിലെ നൗബോയ്ച നിയോജകമണ്ഡലത്തിൽനിന്ന് സ്വതന്ത്ര എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ജനങ്ങളുടെ വിശ്വാസത്തിൽ തന്റെ പൊതുവ്യക്തിത്വം എത്രത്തോളം ആഴത്തിൽ വേരൂന്നിയതാണെന്ന് തെളിയിച്ചു.
ഇന്ത്യയിലെ ജനങ്ങളും ഗവണ്മെന്റും വർഷങ്ങളായി അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ അംഗീകരിച്ചുവരുന്നു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. 2019ൽ, അദ്ദേഹത്തിന് ഭാരതരത്നം നൽകിയത്, എൻഡിഎ ഗവണ്മെന്റിനും വ്യക്തിപരമായി എനിക്കും അഭിമാനകരമായിരുന്നു.
2011 ൽ ഭൂപേൻദാ അന്തരിച്ച സമയം ഓർക്കുകയാണ്. അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിൽ ലക്ഷക്കണക്കിനു പേർ പങ്കെടുത്തത് ഞാൻ ടെലിവിഷനിൽ കണ്ടിരുന്നു. ആ സമയത്ത് എല്ലാ കണ്ണുകളും ഈറനണിഞ്ഞിരുന്നു. ബ്രഹ്മപുത്ര നദിയെ അഭിമുഖീകരിച്ച് സ്ഥിതിചെയ്യുന്ന ജലുക്ബാരി കുന്നിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.
അദ്ദേഹത്തിന്റെ സംഗീതത്തിന്റെയും രൂപകങ്ങളുടെയും ഓർമകളുടെയും ജീവരേഖയായിരുന്നു അത്. യുവാക്കൾക്കിടയിൽ അദ്ദേഹത്തിന്റെ ജീവിതയാത്ര ജനപ്രിയമാക്കാൻ പ്രവർത്തിക്കുന്ന ഭൂപേൻ ഹസാരിക സാംസ്കാരിക ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ ആസാം സർക്കാർ പിന്തുണച്ചതിൽ ഏറെ സന്തോഷമുണ്ട്.
യുവപ്രതിഭകള്‍ക്ക് പ്രചോദനമേകട്ടെ
ഭൂപേൻ ഹസാരിക എന്ന സ്വത്ത് രാജ്യത്തിന്റെ അനുഗ്രഹമാണ്. അദ്ദേഹത്തിന്റെ ശതാബ്ദിവർഷത്തിന്റെ തുടക്കം ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത നമുക്ക് ആവർത്തിക്കാം.
സംഗീതം, കല, സംസ്കാരം എന്നിവയെ പിന്തുണയ്ക്കുന്നതിനും യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതു പ്രചോദനമേകട്ടെ. സർഗാത്മകതയുടെയും കലാമികവിന്റെയും ഉജ്വലവേദിയായി ഇന്ത്യയെ പരിവർത്തനം ചെയ്യാനുള്ള ശ്രമങ്ങൾക്കും ഇതു നമ്മെ പ്രചോദിപ്പിക്കട്ടെ.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ പദ്ധതികളിൽ ഒന്നായ, ധോല-സാദിയ പാലത്തിന് ഭൂപേൻ ഹസാരികയുടെ പേര് നൽകിയിരിക്കുന്നത് അത്യന്തം യോജിച്ച കാര്യമാണ്.
അദ്ദേഹത്തിന്റെ ഗാനങ്ങൾ വിവിധ പ്രദേശങ്ങളിലെ ഹൃദയങ്ങളെ ബന്ധിപ്പിച്ചതുപോലെ, ഈ പാലം ദേശങ്ങളെയും ജനങ്ങളെയും കൂട്ടിയിണക്കുന്നു.
International
ടോക്കിയോ: ജപ്പാന് സന്ദര്‍ശനത്തിനിടെ ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കൊപ്പം ബുള്ളറ്റ് ട്രെയിനില്‍ യാത്രചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാത്ര.
ടോക്കിയോയില്‍നിന്ന് സെന്‍ഡായിലേക്കായിരുന്നു ഇരുവരുടെയും യാത്ര. സാമൂഹികമാധ്യമമായ എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യമറിയിച്ചത്.
സെന്‍ഡായില്‍ എത്തിയ നരേന്ദ്ര മോദി ജാപ്പനീസ് റെയില്‍വേയില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെയും സന്ദര്‍ശിച്ചു.
വികസനത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ ബുള്ളറ്റ് ട്രെയിന്‍ യാത്രയെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വിശേഷിപ്പിച്ചത്. 16 ജാപ്പനീസ് പ്രവിശ്യകളുടെ തലവന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ചയാണ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. 15-ാം ഇന്ത്യ-ജപ്പാന് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണിത്.
ജപ്പാന് സന്ദര്‍ശനത്തിനുശേഷം ഞായറാഴ്ച ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ചൈനയിലേക്ക് തിരിക്കും. ഇവിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തും.
Leader Page
ഇന്ത്യൻ മുസ്ലിംകൾക്കെതിരേയുള്ള വിദ്വേഷപ്രചാരണം അപകടകരമാംവിധം സാധാരണമായിക്കൊണ്ടിരിക്കുന്നു. എന്നാൽ, ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്തവസമൂഹവുമായുള്ള ബിജെപിയുടെ സങ്കീർണമായ സമവാക്യത്തെക്കുറിച്ച് അധികമൊന്നും പറഞ്ഞുകേൾക്കാറില്ല.
ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ കൺസൾട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സർദേശായ് വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ, " സ്ട്രെയ്റ്റ് ബാറ്റ് 'എന്ന പ്രതിവാര വീഡിയോ ബ്ലോഗിൽനിന്ന്:
നരേന്ദ്ര മോദിജി 2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ വിമർശകരുടെ പ്രധാന ശ്രദ്ധ അദ്ദേഹത്തിന്റെ സർക്കാർ രാജ്യത്തെ മുസ്ലിംകളോട് എങ്ങനെ പെരുമാറുന്നു എന്നതിലായിരുന്നു. ഇന്ത്യൻ മുസ്ലിംകളെ രാക്ഷസവത്കരിക്കുകയോ അദൃശ്യരാക്കുകയോ ചെയ്യുന്നു എന്ന പൊതുകാഴ്ചപ്പാടിൽനിന്ന് എന്തുകൊണ്ടോ മോദി സർക്കാരിന് പുറത്തുവരാൻ കഴിഞ്ഞിട്ടില്ല. ഇത് 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇനിയും മായാത്ത കരിനിഴലോ ഹിന്ദു പ്രത്യയശാസ്ത്രത്തിന്റെ ഭൂരിപക്ഷ കാഴ്ചപ്പാടോ മൂലമാകാം. മുസ്ലിംകൾക്കെതിരേ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും അങ്ങേയറ്റം നിഷ്ഠുരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘപരിവാറിലെ അവിവേകികളും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ദോഷം വരുത്തിയിട്ടുണ്ട്.
കർണാടകയിലെ ബെലഗാവിയിൽ, സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ വിഷംകലർത്തി മുസ്ലിം പ്രധാനാധ്യാപകനെ അപകീർത്തിപ്പെടുത്താനും സ്ഥലംമാറ്റാനും ശ്രമിച്ചതിന് ശ്രീരാംസേന നേതാവിനെ അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ചയ്ക്കുമേൽ ആയതേയുള്ളൂ. ഇതിലും ഭീകരമായ മറ്റെന്തെങ്കിലും ഉണ്ടാകുമോ?
ക്രൈസ്തവ-ബിജെപി സമവാക്യം
ക്രൈസ്തവരും ബിജെപിയും തമ്മിലുള്ള സമവാക്യം തെറ്റായ കാരണങ്ങളാൽ വാർത്തകളിൽ വീണ്ടും നിറയുകയാണ്. ജൂലൈ 26ന് കേരളത്തിൽനിന്നുള്ള രണ്ടു കന്യാസ്ത്രീമാരെ ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റഷനിൽ തടഞ്ഞുവയ്ക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങളാണ് അവർക്കുമേൽ ചുമത്തിയത്. ഗോത്രവർഗക്കാർ കൂടുതലുള്ള പ്രദേശത്തെ ബജ്രംഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരേ വ്യാജകുറ്റം ആരോപിച്ചത്. പ്രഫഷണൽ നഴ്സുമാരായി പരിശീലനം നേടാൻ ആഗ്രഹിക്കുന്നതുകൊണ്ട് കന്യാസ്ത്രീമാർക്കൊപ്പം സ്വമേധയാ പോയതാണെന്ന്, മനുഷ്യക്കടത്തിന് വിധേയരായതായി ആരോപി ക്കപ്പെടുന്ന പെൺകുട്ടികൾ മൊഴി നല്‍കിയിട്ടുണ്ട്. മികച്ച തൊഴിലവസരം തേടിപ്പോകാൻ മകൾക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്ന് പെൺകുട്ടികളുടെ മാതാപിതാക്കളും പറഞ്ഞിട്ടുണ്ട്. എന്നിട്ടും, ഇതൊന്നും കണക്കിലെടുക്കാതെ പോലീസ് കണ്ണടച്ചു. പകരം, പ്രാദേശിക ബജ്രംഗ്ദൾ പ്രവർത്തകന്റെ പരാതി മുഖവിലയ്ക്കെടുത്ത്, ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കന്യാസ്ത്രീമാരെ പിന്തുണയ്ക്കാനെത്തിയവരെ ബജ്രംഗ്ദൾ പ്രവർത്തകയായ ജ്യോതി ശർമ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇതേ ബജ്രംഗ്ദൾ പ്രവർത്തക 2021ൽ ഒരു പള്ളി തകർത്ത കേസിലും പ്രതിയാണ്. കന്യാസ്ത്രീമാരെ പിന്തുണയ്ക്കുന്നതിനു പകരം, പോലീസ് നടപടിയെയും ബജ്രംഗ്ദളിനെയും ന്യായീകരിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്യുടെ നടപടിയാണ് അതിലും ഭയാനകമായ കാര്യം.
മതസ്വാതന്ത്ര്യം അവകാശം
സത്യം പറഞ്ഞാൽ ഇതിലൊന്നും അദ്ഭുതപ്പെടാനില്ല. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് ഞാൻ ഛത്തീസ്ഗഡിലുണ്ടായിരുന്നു. അന്ന് നാരായൺപുർ പ്രദേശത്തെ ചെറിയൊരു ഗ്രാമത്തിൽവച്ച് ഒരുകൂട്ടം ആദിവാസികളുമായി സംസാരിച്ചു. വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകളെ ഭയത്തോടെയാണ് അവർ കണ്ടിരുന്നത്. ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്കു മടങ്ങിയില്ലെങ്കിൽ മരിച്ചവരെ അടക്കാൻപോലും അനുവാദം കിട്ടില്ലെന്ന് അവർ എന്നോടു പറഞ്ഞു.
ക്രിസ്ത്യൻ ആദിവാസികളെ ഹിന്ദുമതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നത് അഥവാ "ഘർവാപസി' എന്നുള്ളത് സംഘപരിവാറിന്റെയും അതിന്റെ വനവാസി കല്യാൺ കേന്ദ്രങ്ങളുടെയും വർഷങ്ങളായി തുടരുന്ന സംഘടിത പരിപാടിയാണ്. മിഷണറി ഗ്രൂപ്പുകൾ നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ മതപരിവർത്തനത്തിലൂടെ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കുന്നു എന്നാണ് അവരുടെ വാദം. സുഹൃത്തുക്കളേ, മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. ഒരാൾക്ക് ഇഷ്ടമുള്ള മതത്തിലേക്കു മാറാനുള്ള അവകാശവും അങ്ങനെതന്നെ. ഡോ. അംബേദ്കർ നവയാന (നിയോ) ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്തതു മറക്കരുത്.
"ഘർവാപസി' ഇന്ത്യ
പക്ഷേ, ഇപ്പോൾ നമ്മൾ ജീവിക്കുന്നത് പുതിയ ഇന്ത്യയിലാണ്. ഇവിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ , കർശന മതപരിവർത്തനനിരോധന നിയമങ്ങൾ ഉപയോഗിച്ച് വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ പലപ്പോഴും ഇല്ലാതാക്കപ്പെടുന്നു. ക്രിസ്തുമതത്തിലേക്കു മാറാനുള്ള അവകാശം നിർബന്ധിതവും കുറ്റകരവുമായാണു കാണുന്നത്. എന്നാൽ ഹിന്ദുമതത്തിലേക്കുള്ള "ഘർവാപസി' സ്വമേധയാ ഉള്ളതും അനുഗ്രഹവുമാണ്! ബജ്രംഗ്ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾക്കു നല്കുന്ന ഭരണകൂടപിന്തുണയുടെ ഫലമാണിത്. ഈ ഗ്രൂപ്പുകൾക്ക് ഇപ്പോൾ ശിക്ഷാഭയമില്ലാതെ ചുറ്റിക്കറങ്ങാനാകുന്നു. ന്യൂനപക്ഷങ്ങൾക്കെതിരേ ഭയത്തിന്റെയും ശത്രുതതയുടെയും അന്തരീക്ഷമൊരുക്കാനും കഴിയുന്നു. അങ്ങനെ കാക്കിവേഷക്കാരുടെ സജീവപിന്തുണയോടെ "ഘർവാപസി' കൂടുതൽ ശക്തമായി നടത്തുന്നു.
കേരളമെന്ന ലക്ഷ്യം
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടതിനുശേഷമാണ് കന്യാസ്ത്രീമാരെ ജാമ്യത്തിൽ വിട്ടതെന്നത് വിരോധാഭാസമാണ്. കേരളത്തിലെ ഒരു കൂട്ടം എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതിനുശേഷം മാത്രമാണ് ഛത്തീസ്ഗഡ് പോലീസിനു സന്ദേശം ലഭിച്ചതും കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിച്ചതും. കന്യാസ്ത്രീമാരോടോ ക്രൈസ്തവസമൂഹത്തോടോ അമിത് ഷായ്ക്ക് പെട്ടെന്നു പ്രത്യേക സ്നേഹമുണ്ടായതുകൊണ്ടല്ല ഇതു സംഭവിച്ചത്. മറിച്ച്, കേരളത്തിൽ സമുദായ ഭേദമില്ലാതെ വലിയ പ്രതിഷേധമുയർന്നതുകൊണ്ടാണ്. വലിയ ക്രൈസ്തവ ജനസംഖ്യയുള്ളതും അതിലുപരി അടുത്തവർഷം തെരഞ്ഞെടുപ്പു നടക്കുന്നതുമായ സംസ്ഥാനമാണ് കേരളം.
ബിജെപി കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ അവസാനശ്രമം നടത്തുന്നതിന്റെ ഭാഗമായി വിശാല ഹിന്ദു-ക്രൈസ്തവ ധാരണയുണ്ടാക്കാനായി ക്രൈസ്തവ സമുദായത്തെ ആകർഷിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ കന്യാസ്ത്രീമാർ ജയിൽമോചിതരായപ്പോൾ അവരെ സ്വീകരിക്കാൻ കേരളത്തിലെ ബിജെപിയുടെ പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉണ്ടായത് അപ്രതീക്ഷിതമല്ല.
വലിയ ക്രിസ്ത്യൻ ജനസംഖ്യയുള്ള ഗോവയിൽ ബിജെപി അധികാരത്തിലുണ്ട്, അതുപോലെ മേഘാലയയിലും നാഗാലാൻഡിലും അവർ ഭരണത്തിലെ സഖ്യകക്ഷിയുമാണെന്നതു മറക്കരുത്. മുസ്ലിംകളെ രാക്ഷസന്മാരായി ചിത്രീകരിക്കുന്നതും ഇന്ത്യയിലെ ഒരേയൊരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഒറ്റ രാത്രികൊണ്ട് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതും ബിജെപിക്കു രാഷ്ട്രീയപരമായി ലാഭമായിരിക്കാം. എന്നാൽ, ക്രൈസ്തവരെ പരസ്യമായി ലക്ഷ്യമിടാൻ അവർക്കാകില്ല. കാരണം, അത് ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ വിമർശനങ്ങൾക്കു വഴിയൊരുക്കും. കഴിഞ്ഞ ഡിസംബറിൽ, കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സ്നേഹം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കുന്ന ക്രിസ്തുവചനങ്ങളെ ഉയർത്തിക്കാട്ടി എന്നതാണു വിചിത്രം. അദ്ദേഹം ഒരിക്കലെങ്കിലും മുസ്ലിം പുരോഹിതർ സംഘടിപ്പിച്ച ഈദ് ആഘോഷത്തിൽ പങ്കെടുത്തതായി എനിക്കറിവില്ല. തൊട്ടുമുന്‍പത്തെ വർഷത്തെ ക്രിസ്മസിന് പ്രമുഖ ക്രൈസ്ത നേതാക്കൾക്ക് അദ്ദേഹം തന്റെ വീട്ടിൽ ചായസത്കാരമൊരുക്കുകയും യേശുക്രിസ്തുവിന്റെ മൂല്യങ്ങളെക്കുറിച്ചു വാചാലനാകുകയും ചെയ്തിരുന്നു. ആ യോഗത്തിൽ പങ്കെടുത്ത ചില ക്രിസ്ത്യൻ പ്രതിനിധികൾ, പ്രധാനമന്ത്രി വളരെ ആകർഷകത്വമുള്ള ആതിഥേയനാണെന്ന് എന്നോടു പറഞ്ഞു. എങ്കിലും ഞാൻ ചോദിക്കട്ടെ, സഹിഷ്ണുതയുടെ സന്ദേശം താഴെത്തട്ടിൽ എത്തുന്നില്ലെങ്കിൽ ഈ “ആകർഷകത്വം”കൊണ്ട് എന്താണു പ്രയോജനം?
കന്യാസ്ത്രീമാരെയും മിഷണറിമാരെയും നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ പ്രതികളാക്കുകയും വേട്ടയാടുകയും ഹിന്ദുവിരുദ്ധ കുറ്റവാളികളാക്കി മുദ്രകുത്തി അറസ്റ്റ് ചെയ്യുകയും ചെയ്താൽ എന്തു സംഭവിക്കും? 1999ൽ ഒഡീഷയിൽ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും ബജ്രംഗ്ദൾ നേതാവായ ദാരാ സിംഗ് കൊലപ്പെടുത്തിയത് ഓർക്കുക. അതു രാജ്യത്തിന്റെ മതസൗഹാർദ പാരന്പര്യത്തിലെ തീരാക്കളങ്കമായിരുന്നു. അടുത്തകാലത്ത്, എൺപതുകാരനായ ഫാ. സ്റ്റാൻ സ്വാമിയെ പോലീസ് എങ്ങനെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഓർക്കുക. നക്സൽ അനുഭാവിയെന്ന് മുദ്രകുത്തി, യുഎപിഎ ചുമത്തി, തീവ്രവാദിയെന്ന പേരിലായിരുന്നു അറസ്റ്റ്. കോടതി ഇടപെടുന്നതുവരെ ജയിലിൽ ഒരു സ്ട്രോ പോലും അദ്ദേഹത്തിനു നിഷേധിച്ചു. ഒടുവിൽ അദ്ദേഹം ആശുപത്രിയിൽ മരിച്ചു. ഈ വർഷം ജൂണിലാണ്, നിർബന്ധിത മതപരിവർത്തനം ആരോപിച്ച ക്രിസ്ത്യൻ മിഷണറിമാരെയും പുരോഹിതരെയും ആക്രമിച്ചാൽ, മൂന്നു ലക്ഷം മുതൽ 11 ലക്ഷംവരെ രൂപ മഹാരാഷ്ട്രയിലെ സാംഗിയിൽനിന്നുള്ള ബിജെപി എംഎൽഎ ഗോപി ചന്ദുൽക്കർ വാഗ്ദാനം ചെയ്തത്.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024ൽ മാത്രം ക്രൈസ്തവർക്കെതിരേ 834 അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2023ലെ 700 സംഭവങ്ങളേക്കാൾ നൂറിലധികം കൂടുതൽ. മണിപ്പുരിലെ വംശീയ അക്രമങ്ങൾക്കിടെ പല പള്ളികളും തകർക്കപ്പെട്ടത് ഇതിൽപ്പെടുന്നു. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും “ഘർ വാപസി”യുടെ മറവിൽ പുരോഹിതരെ ലക്ഷ്യമിടുന്നുണ്ട്. വാച്ച്ഡോഗ് സംഘടനയായ “ഓപ്പൺ ഡോർസി”ന്റെ കണക്കനുസരിച്ച് ക്രൈസ്തവപീഡനത്തിന്റെ കാര്യത്തിൽ 2024ലെ പട്ടികയിൽ ഇന്ത്യ പതിനൊന്നാംസ്ഥാനത്താണ്.
ക്രൈസ്തവർ കുറയുന്നു
സുഹൃത്തുക്കളേ, ഞാൻ ചില യാഥാർഥ്യങ്ങൾകൂടി പറയാം. കൂട്ട മതപരിവർത്തനത്തെക്കുറിച്ചുള്ള നിരന്തരമായ പ്രചാരണങ്ങൾക്കിടയിലും ക്രൈസ്തവർ രാജ്യത്തെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണ്. കൗതുകകരമെന്നു പറയട്ടെ, 1971ലെ സെൻസസ് അനുസരിച്ച് ക്രൈസ്തവർ 2.6 ശതമാനമായിരുന്നു. ക്രൈസ്തവ ജനസംഖ്യ ഔദ്യോഗികമായിത്തന്നെ കുറഞ്ഞിട്ടും നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾ നടക്കുന്നു എന്ന പ്രചാരണം തുടരുകയാണ്.
നൽകുന്നത് മികച്ച വിദ്യാഭ്യാസം
മറ്റൊരു അവസാന യാഥാർഥ്യംകൂടി പറയാം. വിദ്യാഭ്യാസത്തിന്റെ ആനുകൂല്യം വാഗ്ദാനം നല്കി പുരോഹിതർ പാവപ്പെട്ടവരെ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണവുമുണ്ട്. ഞാൻ മുംബൈയിലെ ഒരു മികച്ച ജസ്യൂട്ട് സ്കൂളിൽ പോയിരുന്നു. അവിടെ ഒരു പുരോഹിതനും എന്നോടോ എന്റെ സുഹൃത്തുക്കളോടോ ക്രിസ്തുമതത്തിലേക്കു മാറാൻ ആവശ്യപ്പെട്ടിട്ടില്ല. അതിനുശേഷം ഞാൻ പല ക്രിസ്ത്യൻ സ്കൂളുകളും സന്ദർശിച്ചു. ഇവിടെയൊന്നും മതപരിവർത്തനം പഠനത്തിന്റെ പ്രാഥമികലക്ഷ്യമായി കണ്ടില്ല. മറിച്ച്, ദരിദ്രർക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള ആഗ്രഹം മാത്രമാണു കണ്ടത്. എല്ലാ വർഷവും എന്റെ പല സഹപ്രവർത്തകരും ഒരു പ്രാദേശിക ജസ്യൂട്ട് സ്കൂളിൽ പ്രവേശനം തേടി എന്റെയടുത്തു വരാറുണ്ട്. കാരണം, എനിക്കവിടത്തെ പ്രിൻസിപ്പലിനെ അറിയാം. അവിടെ ഫീസ് താങ്ങാനാവുന്നതാണെന്ന് അവർ പറയുന്നു.
സത്യം പറഞ്ഞാൽ, കായികരംഗം മുതൽ സിനിമ, രാഷ്ട്രീയം, സംസ്കാരം വരെയുള്ള ഓരോ മേഖലയിലെയും ഇന്ത്യയിലെ മികച്ചവരിൽ പലരും ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്ന സ്കൂളിൽനിന്ന് മികച്ച വിദ്യാഭ്യാസം നേടിയവരാണ്. അതുകൊണ്ട് ദൈവത്തെയോർത്ത് ഞാൻ പറയുന്നു, തെളിവില്ലാതെ ക്രൈസ്തവ മിഷണറിമാരെയും കന്യാസ്ത്രീമാരെയും രാക്ഷസവത്കരിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും നിർത്തുക. വിദ്വേഷപ്രചാരണങ്ങൾക്കു പകരം, അവരിൽനിന്ന് സഹാനുഭൂതിയും നീതിനിഷ്ഠമായ പെരുമാറ്റവും പഠിക്കുക. ഈ ക്രിസ്മസിനെങ്കിലും പ്രധാനമന്ത്രി വെറുതെ ചായസത്കാരം നടത്തുകയും യേശുക്രിസ്തുവിന്റെ ഗുണഗണങ്ങൾ വാഴ്ത്തുകയും മാത്രം ചെയ്യാതെ ബജ്രംഗ്ദളിനെപ്പോലുള്ള ഗ്രൂപ്പുകളെ ശക്തമായും അസന്ദിഗ്ധമായും തുറന്നുകാട്ടുക. ഇതുചെയ്താൽ, മോദിയും ബിജെപിയും ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹത്തിന് പ്രിയങ്കരരാകും.
National
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടേണ്ടന്ന് ഡല്‍ഹി ഹൈക്കോടതി.
നരേന്ദ്രമോദിയുടെ ബിരുദ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് തള്ളിയാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി.
സിഐസി ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സച്ചിന് ദത്ത വിധി പുറപ്പെടുവിച്ചത്.
ഈ വിഷയത്തില്‍ വാദം പൂര്‍ത്തിയാക്കിയ ഡല്‍ഹി ഹൈക്കോടതി, ഫെബ്രുവരി 27ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. അപരിചിതരായ ആളുകളെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണിക്കാനാകില്ല എന്ന നിലപാടാണ് ഡല്‍ഹി സര്‍വകലാശാല കോടതിയില്‍ സ്വീകരിച്ചത്.
ഡല്‍ഹി സര്‍വകലാശാലയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരായത്. ഡല്‍ഹി സര്‍വകലാശാലയുടെ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി, മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമായി തന്നെ തുടരണമെന്ന് നിര്‍ദേശിച്ചു.
നീരജ് എന്നയാള്‍ നല്കിയ വിവരാവകാശ അപേക്ഷയെത്തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം 1978ല്‍ ബിഎ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ഥികളുടെയും രേഖകള്‍ പരിശോധിക്കാനാണ് 2016 ഡിസംബര്‍ 21ന് സിഐസി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്താണ് ഡല്‍ഹി സര്‍വകലാശാല കോടതിയെ സമീപിച്ചത്.
Leader Page
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ടാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കംചെയ്യാൻ അനുവദിക്കുന്ന 130-ാം ഭരണഘടനാ ഭേദഗതി ബിൽ രാജ്യമെമ്പാടും വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്.
ഭരണഘടന (130-ാം ഭേദഗതി) ബിൽ 2025, ജമ്മു കാഷ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2025, കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണ (ഭേദഗതി) ബിൽ 2025 എന്നിങ്ങനെ മൂന്നു ബില്ലുകളാണ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 75, 164, 239 എഎ വകുപ്പുകളിൽ മാറ്റം വരുത്താൻ 130-ാം ഭേദഗതി ബിൽ നിർദേശിക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ക്കും ഇതേ വ്യവസ്ഥകള്‍ ബാധകമാക്കുന്നതാണ് കേന്ദ്രഭരണപ്രദേശ ഭരണ ഭേദഗതി ബില്‍.
ജമ്മു കാഷ്മീരിനെയും ഇതേ ചട്ടക്കൂടിനു കീഴില്‍ കൊണ്ടുവരുന്നതാണ് ജമ്മു കാഷ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്യപ്പെടുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ 30 ദിവസം കസ്റ്റഡിയിലായിട്ടും രാജിവയ്ക്കുന്നില്ലെങ്കില്‍ മുപ്പത്തൊന്നാം ദിവസം നിര്‍ബന്ധിത രാജി ഉറപ്പാക്കുന്ന വ്യവസ്ഥയാണു വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
നിലവിലുള്ളത് ശക്തമായ നിയമങ്ങൾ
കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനു നിലവിൽ ശക്തമായ നിയമങ്ങളുള്ളപ്പോൾ ആരോപണവിധേയരായി എന്നതുകൊണ്ടു മാത്രം തത്സ്ഥാനങ്ങളിൽനിന്നു പുറത്താക്കുന്നതിനു പുതിയ നിയമത്തിന്റെ ആവശ്യമെന്താണ് എന്നാണ് നിയമവിദഗ്ധരും പ്രതിപക്ഷനേതാക്കളും ചോദിക്കുന്നത്. നിലവില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ എംഎല്‍എമാരെയും എംപിമാരെയും അയോഗ്യരായി പ്രഖ്യാപിക്കാം. 2001ലെ ബി.ആർ. കപൂർ v/s സ്റ്റേറ്റ് ഓഫ് തമിഴ്നാട് കേസിൽ നിയമസഭാംഗമായി പ്രവർത്തിക്കുന്നതിൽനിന്ന് വിലക്കപ്പെട്ട ആർക്കും മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ അർഹതയില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
എംപി/എംഎൽഎ തുടങ്ങിയവരുടെ അംഗത്വം ഭരണഘടനയുടെ ആർട്ടിക്കിൾ 102,191, ജനപ്രാതിനിധ്യ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണു നിയന്ത്രിക്കുന്നത്. നിലവിൽ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടില്ലെങ്കിൽ, വിചാരണ നേരിടുമ്പോഴോ കസ്റ്റഡിയിലായിരിക്കുമ്പോഴോ തത്സ്ഥാനത്തു തുടരുന്നതിൽനിന്ന് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഒരു നിയമവും തടഞ്ഞിട്ടില്ല.
ലക്ഷ്യം പ്രതിപക്ഷവേട്ട
130-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കു നിരക്കാത്തതാണെന്നും പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്ലാണിതെന്നുമുള്ള ശക്തമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിധി ലംഘിക്കുന്നു എന്ന വിമർശനം പലതവണ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായതു പ്രതിപക്ഷ ആരോപണങ്ങൾക്കു ബലം നൽകുന്നുണ്ട്. 2015 മുതൽ കള്ളപ്പണ നിരോധന നിയമ പ്രകാരം ഇഡി രജിസ്റ്റർ ചെയ്ത 5,892 കേസുകളിൽ കോടതി ശിക്ഷിച്ചത് 15 കേസുകളിൽ മാത്രമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു. കേസുകളിൽ 0.25% മാത്രമാണു ശിക്ഷിക്കപ്പെട്ടത്.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ ഇഡി രജിസ്റ്റര്‍ ചെയ്ത 95% കേസുകളും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്ക്കെതിരേയാണെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. യുപിഎ ഭരിച്ച 2004-2014 കാലത്ത് ഇഡി കേസെടുത്തത് 26 രാഷ്ട്രീയനേതാക്കള്‍ക്കെതിരേ ആയിരുന്നെങ്കിൽ 2014 മുതല്‍ 2022 വരെ ഇഡി അന്വേഷണം നേരിടുന്നത് 121 രാഷ്ട്രീയ നേതാക്കളാണ്. ഇതില്‍ 115 പേര്, അതായത് 95 ശതമാനം പേര് പ്രതിപക്ഷപാര്ട്ടികളിലുള്ളവരാണ്. യുപിഎ കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ 14 പേര് അഥവാ 54 ശതമാനം മാത്രമാണ്.
വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായിരുന്ന ലാലുപ്രസാദ് യാദവ്, ഭൂപേഷ് ബാഘേല്‍, അശോക് ഗഹ്ലോട്ട്, അരവിന്ദ് കേജരിവാൾ, ഹേമന്ദ് സോറൻ, ഭുപീന്ദര്‍ സിംഗ് ഹൂഡ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, നബാം തുകി, ഒക്രം ഇബോബി സിംഗ്, ശരദ് പവാര്‍, രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന് പൈലറ്റ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെല്ലാം നിലവിൽ ഇഡിയുടെ അന്വേഷണപരിധിയിലാണ്.
അതേസമയം, ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ക്കെതിരായ ഇഡി കേസുകള്‍ പാതിവഴി നിലച്ചതിന്റെയും വേഗം കുറഞ്ഞതിന്റെയും ഉദാഹരണങ്ങളും നിരവധിയുണ്ട്. അജിത് പവാര്‍, ഹിമന്ത ബിശ്വ ശര്‍മ, സുവേന്ദു അധികാരി, മുകുള്‍ റോയി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നതോടെ അവർക്കെതിരായ കേസുകളെല്ലാം മാഞ്ഞുപോയി. ബിജെപിക്കെതിരേ പ്രതിപക്ഷം ഉന്നയിച്ച "വാഷിംഗ് മെഷീൻ' ആരോപണം ശരിയാണെന്നതിലേക്കാണ് ഇക്കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
അഴിമതിക്കേസുകളിൽ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കേന്ദ്ര ഏജൻസികളുടെ നടപടി നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നു. എന്നാൽ, ബിജെപിയുടെയോ ബിജെപിയിൽ ചേർന്നതോ ആയ ഒരു നേതാവിനെതിരേയും അന്വേഷണമില്ല. ഈ ഇരട്ടത്താപ്പാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. അഴിമതിക്കേസില്‍ അറസ്റ്റിലായവര്‍ പാര്‍ട്ടി മാറി ബിജെപിയിലെത്തിയാല്‍ വിശുദ്ധരാകുന്ന വിചിത്ര യുക്തി ഏത് ഭരണഘടനാ ധാര്‍മികതയുടെ പേരിലാണെന്നുകൂടി ബിജെപി വിശദീകരിക്കേണ്ടതുണ്ട്.
Editorial
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
അത്യന്തം നാടകീയ രംഗങ്ങളാണ് ഇന്നലെ പാർലമെന്റിലുണ്ടായത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധവും ബഹളവും. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്ന മന്ത്രിമാരെ പദവിയിൽനിന്ന് പുറത്താക്കുന്നതിനുള്ള ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ അവതരണമാണ് പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. കേസുകളിൽ അറസ്റ്റിലായാൽ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കാനുള്ള അധികാരം നൽകുന്ന ബിൽ ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനുള്ള ശ്രമവുമാണെന്നാണ് പ്രതിപക്ഷ ആരോപണം.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നതു മുതൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന തികച്ചും ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യവുമായി വന്ന അവരുടെ അസഹിഷ്ണുത പത്തുവർഷത്തിലേറെയായി കൂടിവരികയാണ്.
വ്യക്തമായ ലക്ഷ്യം. കൃത്യമായ പദ്ധതി. ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ജനാധിപത്യത്തെ പതുക്കെപ്പതുക്കെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കുളം കലക്കാനും അടിച്ചൊതുക്കാനും വിവിധ ഹിന്ദുത്വശക്തികളും കൂട്ടുണ്ട്.
“നാളെ നിങ്ങൾ ഏതു മുഖ്യമന്ത്രിയെയും കേസിൽ കുടുക്കും. ജയിലിലാക്കും. 30 ദിവസം അവിടെ കിടത്തിയശേഷം അധികാരത്തിൽനിന്നു പുറത്താക്കും. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്”-കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകളിൽ പ്രതിപക്ഷരോഷത്തിന്റെ കനലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ സഭയിൽ ബിൽ കീറിയെറിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ബില്ലിന് അനുമതി നൽകിയിരുന്നെങ്കിലും രാത്രി ഏറെ വൈകിയാണ് എംപിമാർക്കടക്കം ഇവയുടെ പകർപ്പുകൾ കിട്ടിയത്. ആസൂത്രിത പ്രതിഷേധം ഭയന്നാകാം അർധരാത്രി കഴിഞ്ഞശേഷം മാത്രം വിവരങ്ങൾ പുറത്തുവിട്ടത്.
ഈ ബിൽ അനുസരിച്ച്, അറസ്റ്റിലാകുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ 30 ദിവസത്തിനുള്ളിൽ സ്വയം രാജിവച്ചില്ലെങ്കിൽ 31-ാം ദിവസം പദവി താനേ നഷ്ടപ്പെടും. കേന്ദ്രമന്ത്രിമാരുടെ കാര്യത്തിൽ അറസ്റ്റ് ചെയ്ത് 31-ാം ദിവസം പ്രധാനമന്ത്രി രാഷ്ട്രപതിയോടും, സംസ്ഥാന മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രി ഗവർണറോടും അതത് മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ ശിപാർശ ചെയ്യണം. ശിപാർശ ചെയ്തില്ലെങ്കിൽ 31-ാം ദിവസം സ്ഥാനം താനേ നഷ്ടമാകും.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ പുറത്താക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കു കൈമാറുന്നതാണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കുന്നത് പതിവായ നാട്ടിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള മറ്റൊരു മാർഗമായി ഈ ബില്ലിനെ കരുതിയാൽ തെറ്റുപറയാനാകില്ല.
ബിജെപിയെയും പ്രധാനമന്ത്രിയെയും എതിർത്തവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡിയെത്തി. പല മുഖ്യമന്ത്രിമാർക്കെതിരേയും കേസുകൾ വന്നു. നീണ്ട ചോദ്യംചെയ്യലുകൾക്കൊടുവിൽ ചിലർ ജയിലിലുമായി. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിന്റെയും ജാർഖണ്ഡിലെ ഹേമന്ത് സോറന്റെയും അനുഭവം നമുക്കു മുന്നിലുണ്ട്.
നീതിക്കു നിരക്കാത്ത ഈ വേട്ടയാടലുകൾക്കെതിരേ പ്രതിഷേധം കത്തിനിൽക്കുന്പോഴാണ് പുതിയ അടവുമായി ബിജെപി സർക്കാർ എത്തിയിട്ടുള്ളത്. ഈ ബില്ല് ഘടകകക്ഷി നേതാക്കളായ മുഖ്യമന്ത്രിമാർക്കുള്ള താക്കീതായും പ്രതിപക്ഷനേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
പോലീസും ഉദ്യോഗസ്ഥവൃന്ദവും അധികാരത്തിനൊപ്പം എങ്ങനെയും വളയുന്ന നാട്ടിൽ, ഒരാളെ ഇല്ലാത്ത കേസിൽപ്പെടുത്തി ഒരു മാസം ജയിലിടുകയെന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. തെളിവുശേഖരണവും നീണ്ട വിചാരണകളും കഴിഞ്ഞ ശേഷമാണ് കോടതി ഒരാളെ കുറ്റക്കാരനാണോ അല്ലയോ എന്നു വിധിക്കുന്നത്.
“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്” എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
ഈ ബില്ലിൽ പ്രധാനമന്ത്രിയെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ഗീർവാണമാണ് ഏറ്റവും വലിയ തമാശ. ഒരു കേന്ദ്രസർക്കാർ ഏജൻസി അവരെ നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും 30 ദിവസം തടവിലിടുമെന്നും കരുതാൻ മാത്രം വങ്കത്തം ഇവിടെയാർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഈ ബിൽ നിയമമാകാൻ ഇനിയുമേറെ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.
മോദി ഭരണകാലത്തു കടുത്ത പ്രതിഷേധത്തെത്തുടർന്ന് പല ബില്ലുകളും പിൻവലിക്കുകയോ അവയിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എങ്കിലും നിതാന്തജാഗ്രത പുലർത്തി ചെറുത്തുനിൽക്കുക മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യവും ഫെഡറൽ സ്വഭാവവും സംരക്ഷിക്കാൻ നമുക്കു മുന്നിലുള്ള ഏക പോംവഴി.
Leader Page
പാർലമെന്റിലും മുന്നിലുള്ള പാർലമെന്റ് സ്ട്രീറ്റിലും ഇന്നലെയുണ്ടായ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. രാജ്യതലസ്ഥാനം കണ്ട എംപിമാരുടെ ഏറ്റവും ശക്തമായ പ്രതിഷേധം. രാജ്യത്താകെ ചലനമുണ്ടാക്കാൻ സംയുക്ത പ്രതിപക്ഷ സമരത്തിനായി.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ട് കൊള്ളയ്ക്കും ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണത്തിന്റെ മറവിൽ 65 ലക്ഷം വോട്ടർമാരെ പുറത്താക്കുന്നതിനുമെതിരേയായിരുന്നു അഭൂതപൂർവമായ വൻ പ്രതിഷേധം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണു സമരമെന്നും പിന്നോട്ടില്ലെന്നും രാഹുലും കേരള എംപിമാരും പറഞ്ഞു.
ഉന്തും തള്ളും വനിതാ എംപിമാരുടെ ബോധക്ഷയവും ബലപ്രയോഗത്തിലൂടെയുള്ള കസ്റ്റഡിയെടുക്കലുമൊന്നും എംപിമാരെ പിന്തിരിപ്പിച്ചില്ല. വിദ്യാർഥി-യുവജന സമരത്തിൽ കാണാറുള്ള ആവേശത്തിലായിരുന്നു പലരും. മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ പോലീസ് ബാരിക്കേഡ് ചാടിക്കടന്നു റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. മഹുവ മൊയ്ത്ര അടക്കം മൂന്നു വനിതാ എംപിമാരാണ് കുഴഞ്ഞുവീണത്. ഡൽഹി പോലീസിനു പുറമെ വനിതകളടക്കം നൂറുകണക്കിന് അർധസൈനിക വിഭാഗക്കാരെയും ദ്രുതകർമ സേനയെയുമെല്ലാം ഇറക്കിയിട്ടും രോഷാഗ്നിയിൽ തിളച്ചുമറിയുകയായിരുന്നു തലസ്ഥാന നഗരം.
വഴിപിരിഞ്ഞവരെയും ഒന്നിപ്പിച്ചു
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും എൻസിപി നേതാവ് ശരദ് പവാറും അടക്കമുള്ള നേതാക്കളും പ്രായം മറന്നാണ് ഇന്നലത്തെ പ്രതിഷേധമാർച്ചിൽ പങ്കെടുത്തത്. അറസ്റ്റ് വരിച്ച് ബസിൽ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്പോഴും രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയും അഖിലേഷ് യാദവും ഉൾപ്പെടെയുള്ളവർ ആവേശം വിടാതെ മുദ്രാവാക്യം വിളിച്ചു. ഡെറിക് ഒബ്രിയൻ, ടി.ആർ. ബാലു, ശശി തരൂർ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ മുതൽ ഇന്ത്യ സഖ്യം വിട്ടുപോയ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ് അടക്കമുള്ള 300 പ്രതിപക്ഷ എംപിമാരാണ് ബിജെപിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പു കമ്മീഷനെതിരേ അണിനിരന്നത്.
വോട്ടർപട്ടിക പ്രശ്നങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നാണു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ രാത്രി പ്രതിപക്ഷ എംപിമാർക്കായി നടത്തിയ അത്താഴവിരുന്നിലും നേതാക്കളോട് വ്യക്തമാക്കിയത്. പ്രതിപക്ഷ എംപിമാർക്കും നേതാക്കൾക്കുമായി രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്ച നടത്തിയ അത്താഴവിരുന്നിലെ വികാരവും സമാനം. രാജ്യത്തെ 25 പ്രതിപക്ഷ പാർട്ടികളാണ് ബിജെപിക്കും തെരഞ്ഞെടുപ്പു കമ്മീഷനുമെതിരേ യോജിച്ച പോരാട്ടത്തിനിറങ്ങിയത്. തകർച്ചയിലായിരുന്ന ഇന്ത്യ സഖ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ വോട്ടർപട്ടിക, വോട്ടുകൊള്ള പ്രശ്നം കാരണമായതും അപ്രതീക്ഷിതമായി.
ഉടനെ കെട്ടടങ്ങില്ല ‘വോട്ട് ചോരി’
തെരഞ്ഞെടുപ്പു കമ്മീഷനിലേക്കുള്ള മാർച്ചിനു മുന്‍പും ഉച്ചകഴിഞ്ഞു പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽനിന്നു വിട്ടയച്ച ശേഷവും ഇന്ത്യ സഖ്യം എംപിമാർ ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം തുടർന്നതും സമീപകാലത്തൊന്നും കണ്ടിട്ടില്ല. ബിഹാർ വോട്ടർപട്ടിക പ്രശ്നവും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വോട്ട്കൊള്ള (വോട്ട് ചോരി) പ്രശ്നവും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. തെരഞ്ഞെടുപ്പു കമ്മീഷന്റെ കാര്യം ചർച്ച ചെയ്യാനാകില്ലെന്ന തൊടുന്യായമാണു സർക്കാർ നിരത്തിയത്. എന്നാൽ, വോട്ടർമാരുടെ കാര്യം ചർച്ച ചെയ്യേണ്ടതു ജനാധിപത്യത്തിൽ അനിവാര്യമാണെന്നു പ്രതിപക്ഷം പറയുന്നു. മുന്‍പും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത കീഴ്വഴക്കമുണ്ടെന്നും മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ റൂളിംഗിലൂടെ ഇക്കാര്യംപറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വോട്ടർപട്ടിക ഉയർത്തി രാഹുൽ ചൂണ്ടിക്കാട്ടിയ ‘വോട്ട് ചോരി’ ഉടനെ കെട്ടടങ്ങില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ കൃത്രിമം നടന്നതായാണു തെളിവുകൾ സഹിതം രാഹുൽ സമർഥിച്ചത്. ബിഹാറിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) പേരിൽ 65 ലക്ഷം വോട്ടർമാരുടെ സമ്മതിദാനാവകാശം റദ്ദാക്കുന്ന നീക്കവും സംശയകരം. ബിജെപിക്കു വോട്ടുചെയ്യാൻ സാധ്യതയില്ലാത്ത ന്യൂനപക്ഷങ്ങളുടെ പേരുകളാണു നീക്കിയതെന്നു പ്രതിപക്ഷം പറയുന്നു.
ആരുടെയും വാലാകരുത് കമ്മീഷൻ
ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന സംഭവവികാസങ്ങളാണു രാജ്യത്താകെ കോളിളക്കമായത്. ഒരാൾക്ക് ഒരു വോട്ട് എന്ന അടിസ്ഥാന തത്വം പാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂർ ആവശ്യപ്പെട്ടത് ഇതേ കാരണത്താലാണ്. തെരഞ്ഞെടുപ്പുകളെക്കുറിച്ചു പൊതുജനങ്ങളുടെ മനസിൽ ഒരു സംശയവും അവശേഷിക്കരുതെന്ന ഉത്തരവാദിത്വംകൂടി കമ്മീഷനുണ്ടെന്ന് തരൂർ ഓർമിപ്പിക്കുന്നു.
ഡ്യൂപ്ലിക്കറ്റ് വോട്ടിംഗ്, വ്യാജവോട്ടുകൾ, ഒരേ വിലാസത്തിലെ വോട്ടർമാർ, കന്നിവോട്ടർമാരുടെ പേരിലെ തട്ടിപ്പുകൾ തുടങ്ങി വ്യക്തമായ ഫോട്ടോയും വിലാസവും ഇല്ലാത്തവ അടക്കം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിലൊന്നും വ്യക്തമായ ഉത്തരം ഇനിയുമില്ല. ഒരാൾക്കു താമസിക്കാവുന്ന ഒറ്റമുറി വിലാസത്തിൽ 80 വോട്ടുകൾ ചേർത്തതായി രാഹുൽ പറഞ്ഞതു ശരിയാണെന്നു തെളിഞ്ഞു. ശകുൻ റാണിയെന്നയാൾക്കു വോട്ടർപട്ടികയിൽ ഡ്യൂപ്ലിക്കറ്റ് വോട്ട് ഉണ്ടെന്നും രണ്ടു രീതിയിലുള്ള ഫോട്ടോ ഉപയോഗിച്ച് ഇവർ രണ്ടു വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയെന്നതും ശരിയാണെന്നു തെളിഞ്ഞു.
മഹാദേവപുരയിലെ 341-ാം നന്പർ ബൂത്തിൽ ശകുൻ റാണി രണ്ടു തവണ വോട്ട് ചെയ്തതിന്റെ രേഖ രാഹുൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ഒരു വോട്ട് മാത്രമേ ചെയ്തുള്ളൂവെന്ന് ശകുൻ റാണി പറഞ്ഞുവെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ തൊടുന്യായം. രണ്ടാമത്തെ വോട്ട് ആരാണു ചെയ്തതെന്നു കമ്മീഷൻ പറയുന്നുമില്ല. ശകുൻ റാണിയിൽനിന്നു സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങാതെയാണിത്. വോട്ടെടുപ്പു കഴിഞ്ഞു മാസങ്ങൾക്കു ശേഷം ഏതെങ്കിലുമൊരു വോട്ടറോട് രണ്ടു വോട്ട് ചെയ്തോയെന്നു ചോദിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു ചട്ടമില്ല. എന്നിട്ടും ബിജെപി വക്താവിന്റെ പ്രസ്താവന പോലെയാണു തെരഞ്ഞെടുപ്പു കമ്മീഷൻ ശകുൻ റാണിയെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവിനോടു മറുചോദ്യം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയല്ല
രാജ്യത്തെ പ്രതിപക്ഷ നേതാവിനോടു സത്യവാങ്മൂലം ഒപ്പിട്ടു നൽകി തെളിവു ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടതാണു തമാശ. വോട്ടർപട്ടികയിൽ കൃത്രിമത്തെക്കുറിച്ചു പരാതി എഴുതി ഒപ്പിട്ടു നൽകണമെന്ന കമ്മീഷന്റെ ആവശ്യം നിരർഥകമാണെന്ന് ലോക്സഭയുടെ മുൻ സെക്രട്ടറി ജനറലും ഭരണഘടനാ നിയമ വിദഗ്ധനുമായ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി. കരടു പട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുശേഷം മാത്രമേ ഈ നിയമങ്ങൾ ബാധകമാകൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ നിയമങ്ങൾ ബാധകമല്ലെന്ന് ആചാരി പറഞ്ഞു.
കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ പരാതി സമർപ്പിച്ചാൽ മാത്രമേ സാധുതയുള്ളൂ. അതിനാൽതന്നെ, പരാതിയും തെളിവുകളും സത്യപ്രസ്താവനയായി സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക, മഹാരാഷ്ട്ര, ഹരിയാന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ ആവശ്യംതന്നെ അതിശയിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയല്ലെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ഓർമിപ്പിച്ചതും ശരിയാണ്. ഹർജികളും പരാതികളും സ്വീകരിക്കുന്നതിൽ കോടതിയെപ്പോലെ പെരുമാറാൻ കഴിയില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു നടത്തുന്നതിന് ഉത്തരവാദിത്വമുള്ള ഭരണസ്ഥാപനമാണിത്.
എല്ലാം അനുകൂലമാക്കി ബിജെപി
പോളിംഗ് ബൂത്തിലെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ, ഫോട്ടോ എന്നീ തെളിവുകൾ കമ്മീഷന്റെ പക്കലാണുള്ളത്. ഈ തെളിവുകൾ 45 ദിവസത്തിനകം നശിപ്പിക്കാൻ നിർദേശിച്ചതും കമ്മീഷനാണ്. തെളിവു നശിപ്പിക്കാനാണിതെന്നതാണു ഗുരുതര പ്രശ്നം. ഉള്ള തെളിവുകൾകൂടി നശിപ്പിച്ച ശേഷം പരാതി ഉന്നയിച്ചയാളോടു തെളിവു ഹാജരാക്കാൻ നിർദേശിച്ചതിലെ കാപട്യവും കള്ളവും വ്യക്തം. തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വോട്ടർപട്ടികയിലെ ക്രമക്കേടുകളാണു രാഹുൽ അക്കമിട്ടു നിരത്തിയത്. വോട്ടുകൊള്ള തെറ്റാണെന്നു തെളിയിക്കാൻ കമ്മീഷന് ഇനിയും കഴിഞ്ഞിട്ടില്ല. ആരോപണങ്ങൾ ശരിയാണെന്നു സമ്മതിക്കുന്നതിനു തുല്യമാണിത്.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ മൂന്നംഗ നിയമന സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കാനായി പ്രത്യേക നിയമം പാസാക്കിയതും ബോധപൂർവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നു നിയമിച്ചതാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ. ബിജെപിക്കുവേണ്ടി നടപ്പാക്കിയ കോടികളുടെ ഇലക്ടറൽ ബോണ്ടുകൾ സുപ്രീംകോടതി റദ്ദാക്കിയതും മറക്കരുതല്ലോ.
വിശ്വാസ്യത നഷ്ടമായാൽ ദുരന്തം
പ്രധാനമന്ത്രിയുടേതിനു സമാനമായ സ്ഥാനമാണു പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന്റേത്. പ്രതിപക്ഷ നേതാവ് പാർലമെന്റിലും പുറത്തും പറഞ്ഞ കാര്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെരഞ്ഞെടുപ്പു കമ്മീഷനു തടസമില്ല. സാങ്കേതിക തടസം ഉയർത്തി ഒളിക്കാനല്ല കമ്മീഷൻ ശ്രമിക്കേണ്ടത്. മുൻ തെരഞ്ഞെടുപ്പു കമ്മീഷണർമാരെ അന്വേഷണത്തിനു നിയോഗിച്ചാൽ കമ്മീഷന്റെ വിശ്വാസ്യതയാകും ഉയരുക. തെളിവു നശിപ്പിച്ച ശേഷം കുറ്റാരോപിതർ നടത്തുന്ന അന്വേഷണത്തിന് പ്രസക്തിയില്ലെന്ന പ്രശ്നമുണ്ട്.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആശങ്കകൾക്കു വിശ്വസനീയമായ രീതിയിൽ ഉത്തരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ രാജ്യത്തെ അറിയിക്കേണ്ടതുണ്ട്. സംശയം ദൂരീകരിക്കാനും തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയണം. അതിനു പകരം സാങ്കേതികത്വം ഉയർത്തുന്പോൾ രാഹുൽ പറഞ്ഞതു ശരിയാണെന്നു ജനം കരുതും. ജനവിധി അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന സംശയം പോലും ദുരന്തമാകും. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത വീണ്ടെടുത്തില്ലെങ്കിൽ ജനാധിപത്യവും ഭരണഘടനയും അർഥമില്ലാത്തതാകും.
Leader Page
ഇന്ത്യ-അമേരിക്ക ബന്ധം ഭദ്രവും ദിവസേന ഇഴയടുപ്പം കൂടുന്ന ഒന്നുമായാണ് ഏതാനും ആഴ്ച മുൻപുവരെ കണ്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നല്ല മൈത്രി. കണ്ടാലുടനെ കെട്ടിപ്പിടിക്കും, എന്റെ മിത്രം എന്നു പറയും. ബന്ധം ഉലയ്ക്കാവുന്ന പല വിഷയങ്ങളും ഒന്നുമല്ലാതെ പോവുകയോ ശീതീകരണിയിലേക്കു മാറ്റുകയോ ചെയ്ത് ട്രംപ് അടുപ്പം ദൃഢമാക്കി.
പക്ഷേ, വ്യാപാരവും തീരുവയും വിഷയമായപ്പോൾ കഥ മാറി. ട്രംപ് പഴയ പ്രസിഡന്റുമാരെപ്പോലെ അല്ല. അദ്ദേഹം "ഡീലു'കളിൽ വിശ്വസിക്കുന്ന ആളാണ്. "ഡീൽ' ആണ് ഏകലക്ഷ്യം എന്നും പറയാം.
കരാറിനു പകരം മൂലധന നിക്ഷേപം
വ്യാപാരക്കാര്യത്തിൽ പല രാജ്യങ്ങളോടും കരാർ ഉണ്ടാക്കിയതു നോക്കിയാൽ ഇതു മനസിലാക്കാം. 1945ൽ കീഴടക്കിയതു മുതൽ ജപ്പാൻ അമേരിക്കയുടെ സൈനിക സംരക്ഷണ ഉടമ്പടിയിൽ ഉള്ള രാജ്യമാണ്. പരസ്പര വാണിജ്യവും വളരെ വലുത്. എന്നിട്ടും ട്രംപ് 15 ശതമാനം ചുങ്കം അവിടെനിന്നുള്ളവയ്ക്കു ചുമത്തി. അമേരിക്ക ഉത്പാദിപ്പിക്കുന്ന ജാപ്പോണിക്ക അരി തീരുവയില്ലാതെ വാങ്ങാൻ ജപ്പാൻ സമ്മതിച്ചു. അമേരിക്കൻ കാറുകളുടെ ചുങ്കവും താഴ്ത്തി. പുറമേ ജപ്പാൻ 55,000 കോടി ഡോളർ മൂലധന നിക്ഷേപം അമേരിക്കയിൽ നടത്താം എന്നും സമ്മതിച്ചു.
യൂറോപ്യൻ യൂണിയൻ 75,000 കോടി ഡോളറിന്റെ ഇന്ധനം (ക്രൂഡ് ഓയിൽ, പ്രകൃതിവാതകം) വാങ്ങാനും 60,000 കോടി ഡോളർ നിക്ഷേപം നടത്താനും സമ്മതിച്ചിട്ടാണു 15 ശതമാനം ചുങ്കത്തിൽ ഒതുങ്ങിയത്. ദക്ഷിണകൊറിയ 25ൽനിന്നു 15 ശതമാനത്തിലേക്കു ചുങ്കം കുറച്ചെടുത്തത് 35,000 കോടി ഡോളർ നിക്ഷേപംകൂടി വാഗ്ദാനം ചെയ്തിട്ടാണ്.
ഇന്തോനേഷ്യയുടെ കഥ
വികസ്വര രാജ്യങ്ങളുടെ കാര്യം വന്നപ്പോൾ മൂലധനനിക്ഷേപ നിബന്ധന ട്രംപ് ഒഴിവാക്കി. പകരം യുഎസ് ഉത്പന്നങ്ങൾക്കുമേൽ ഗുണപരിശോധന അടക്കമുള്ള സാധാരണ നടപടികളെല്ലാം ഒഴിവാക്കിയെടുത്തു. ഇന്തോനേഷ്യ ഉദാഹരണമാണ്. അമേരിക്കയിൽനിന്നുള്ള 99 ശതമാനം ഇറക്കുമതിക്കും ചുങ്കം ഒഴിവാക്കാനും എല്ലാവിധ കാർഷികോത്പന്നങ്ങളും സമുദ്രോത്പന്നങ്ങളും ചുങ്കമില്ലാതെ വാങ്ങാനും സമ്മതിച്ചിട്ടാണ് ഇന്തോനേഷ്യക്ക് കരാർ ഉണ്ടാക്കാനായത്. എന്നിട്ടും അവരുടെ സാധനങ്ങൾക്കു 19 ശതമാനം ചുങ്കം നൽകണം.
ഇറക്കുമതി വ്യവസ്ഥകൾ വിശദമായി നോക്കുമ്പോഴാണ് ഇന്തോനേഷ്യ എത്രമാത്രം വഴങ്ങി എന്നു മനസിലാകുക: വാഹനങ്ങൾക്ക് അമേരിക്കയിലെ മാനദണ്ഡങ്ങൾ മാത്രം ബാധകമാക്കണം. സ്വദേശി ഘടകങ്ങൾ വേണമെന്നു നിർബന്ധിക്കരുത് മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും യുഎസ് മാനദണ്ഡം മാത്രമേ നോക്കാവൂ. ഇറക്കുമതിക്കു മുൻപുള്ള പരിശോധനകൾ ഒഴിവാക്കണം. ബൗദ്ധിക സ്വത്തവകാശക്കേസുകൾ യുഎസ് ചട്ടപ്രകാരം തീർക്കണം. ഭക്ഷ്യ-കാർഷിക ഇറക്കുമതികൾക്കു യുഎസ് നിബന്ധനകൾ മാത്രം പാലിക്കണം.
വിയറ്റ്നാമും ബംഗ്ലാദേശുമൊക്കെ ഇത്തരം വ്യവസ്ഥകൾക്കു വഴങ്ങിയാണ് ഇരുപതും 19ഉം ശതമാനം ചുങ്കം അംഗീകരിച്ചത്.
മുൻപേ തുടങ്ങി, പക്ഷേ
മറ്റു രാജ്യങ്ങൾക്കു മുമ്പേ ട്രംപുമായി വ്യാപാരക്കരാർ ഉണ്ടാക്കാനും വ്യാപാരം ഇരട്ടിപ്പിക്കാനും ഉത്സാഹിച്ച രാജ്യമാണ് ഇന്ത്യ. മോദി ഫെബ്രുവരി 13ലെ കൂടിക്കാഴ്ചയിൽ ഇതു സമ്മതിച്ചു. ചർച്ചകൾ മുന്നോട്ടു പോയപ്പോൾ ചില വിഷയങ്ങളിൽ ഒഴികെ എല്ലാറ്റിലും യോജിപ്പിനു വഴി കണ്ടു എന്ന് ഇന്ത്യൻ സംഘം കരുതി. അതനുസരിച്ചു മാധ്യമങ്ങളിൽ വാർത്ത വരുത്തിക്കുകയും ചെയ്തു. എന്നാൽ, ഓഗസ്റ്റ് ഒന്ന് അടുക്കുകയും ഇന്ത്യയുടെ കരാർ ട്രംപ് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തപ്പോൾ നമ്മുടെ തന്ത്രവും ധാരണയും തെറ്റിയെന്നു മനസിലായി. അപ്പോഴേക്ക് യൂറോപ്യൻ യൂണിയനും ജപ്പാനും ഏഷ്യയിലെ വലിയ കയറ്റുമതിരാജ്യങ്ങളും ട്രംപ് പറഞ്ഞതു സ്വീകരിച്ച് കരാർ ഉണ്ടാക്കിക്കഴിഞ്ഞു.
പോരാത്തതിന് പാക്കിസ്ഥാനു നേരേയുള്ള ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിലെ ട്രംപിന്റെ അവകാശവാദം ഇന്ത്യ പലവട്ടം പരസ്യമായി തള്ളിപ്പറഞ്ഞു. അതു ട്രംപിനു രസിച്ചിട്ടില്ല. മറ്റു രാജ്യങ്ങൾക്കു മുമ്പേ ഇന്ത്യക്കു പിഴച്ചുങ്കം ചുമത്തിയതിന് ഇതു കാരണമാണെന്ന് നയതന്ത്ര മേഖലയിൽ സംസാരമുണ്ട്.
ഇന്ത്യ സമ്മതിച്ചവ
തീരുവ മാത്രമല്ല ട്രംപ് വിഷയമാക്കിയത്. അമേരിക്കൻ വ്യാവസായിക ഉത്പന്നങ്ങൾക്ക് ഉടനേ ചുങ്കം ഒഴിവാക്കാനും കാറുകൾക്കും മദ്യത്തിനും ക്രമേണ ചുങ്കം കുറച്ചുകൊണ്ടുവരാനും ഇന്ത്യ സമ്മതിച്ചതായാണു യുഎസ് വക്താക്കൾ ഇപ്പോൾ പറയുന്നത്. (ക്രമേണ എന്നതു ട്രംപിനു സ്വീകാര്യമല്ല). കാർഷിക, ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തിൽ സ്വതന്ത്ര ഇറക്കുമതി അനുവദിക്കാൻ ഇന്ത്യ തയാറായില്ല. സസ്യ എണ്ണപോലെ ചുരുക്കം ചില ഇനങ്ങളിൽ മാത്രം വിട്ടുവീഴ്ച ആകാം എന്ന നിലപാട് എടുത്തു. അതേസമയം, കൂടുതൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയും യുദ്ധവിമാനങ്ങൾ അടക്കം പ്രതിരോധ സാമഗ്രികളും വാങ്ങാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇവകൊണ്ട് ട്രംപ് തൃപ്തനാകും എന്നു കരുതി.
ഇന്ത്യക്കു വേറെ ആവശ്യങ്ങളും ഉണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾ അസ്വീകാര്യമായി ഇന്ത്യ പ്രഖ്യാപിച്ചു. മാംസം ചേർത്ത അമേരിക്കൻ കാലി-കോഴി തീറ്റകളും പറ്റില്ല. സ്റ്റീൽ, അലൂമിനിയം എന്നിവയുടെ 50 ശതമാനം ചുങ്കം മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
വിപണി തുറക്കാൻ...
ഇന്ത്യയുടെ വിശാലവിപണി തുറന്നുകിട്ടുക എന്നതാണു ട്രംപ് ലക്ഷ്യമിട്ടത്. ചർച്ചയിലൂടെ അതു പറ്റില്ല എന്നായപ്പോൾ അദ്ദേഹം നിലപാട് മാറ്റി. ഇന്ത്യ വഴങ്ങാൻ തക്ക സമ്മർദത്തിനു വഴി കണ്ടു. അതാണ് 25 ശതമാനം ചുങ്കത്തിലേക്കും മറ്റൊരു 25 ശതമാനം പിഴച്ചുങ്കത്തിലേക്കും നയിച്ചത്. ട്രംപ് ഇന്ത്യയുമായി കരാർ ഉണ്ടാക്കാൻതന്നെയാണ് ആഗ്രഹിക്കുന്നത്. 143 കോടി ജനങ്ങളുള്ള, വളരുന്ന ഒരു രാജ്യത്തിന്റെ വിപണി തള്ളിക്കളയാൻ അദ്ദേഹം തയാറാവില്ല. തുടർചർച്ചയിൽ ഇന്ത്യ വഴങ്ങിക്കൊടുക്കാനാണ് സമ്മർദം കൂട്ടുന്നത്.
പകരം വാങ്ങലുകാർ ഇല്ല
വർഷം 9000 കോടി ഡോളറിന്റെ (ഏകദേശം എട്ടു ലക്ഷം കോടി രൂപ) ഉത്പന്നങ്ങൾ വാങ്ങുന്ന അമേരിക്കയിലേക്കാണ് ഇന്ത്യൻ കയറ്റുമതിയുടെ അഞ്ചിലൊന്നു പോകുന്നത്. അതിനു പകരം ഒരു വിപണി കണ്ടെത്തുക ഇന്ത്യക്ക് എളുപ്പമല്ല. അപ്പോൾ ഇന്ത്യ വഴങ്ങിയേ മതിയാകൂ-ഇതാണ് ട്രംപ് കരുതുന്നത്. അമേരിക്കൻ മൂലധനം ഇന്ത്യയിൽ സമീപവർഷങ്ങളിൽ വലിയ നിക്ഷേപമായി വന്നു ലക്ഷക്കണക്കിനു തൊഴിൽ ഉണ്ടാക്കുന്നതും ട്രംപിന് അറിയാം.
ചൈനയ്ക്കു ബദലായി തന്റെ മുൻഗാമികൾ കണ്ട ഇന്ത്യയോടു ട്രംപിന് ആ നിലയ്ക്കു വലിയ താത്പര്യം കാണുന്നില്ല. ട്രംപിന് ലോകം മുഴുവൻ സൈനിക മേധാവിത്വം അല്ല, സാമ്പത്തിക സാങ്കേതിക മേധാവിത്വമാണ് ആവശ്യം. യൂറോപ്പിൽ റഷ്യയെ അധീശശക്തിയായി അംഗീകരിക്കാൻ ട്രംപ് ഒരുങ്ങിയതാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പിടിവാശി മൂലം ആ സാധ്യത തട്ടിത്തെറിപ്പിച്ച മട്ടാണ്. ഇനി ചൈനയെ ഏഷ്യയിലെ വൻശക്തിയായി കണക്കാക്കി കാര്യങ്ങൾ നീക്കാനും ട്രംപിനു മടിയില്ല. സൈദ്ധാന്തിക പിടിവാശികൾ ഇല്ലാത്ത കച്ചവട മനഃസ്ഥിതിക്കാരന്‍ അതിൽ ചിന്താഭാരവും ഉണ്ടാകില്ല.
ഒടുവിൽ "ഡീൽ' വരുമോ?
രണ്ടു ദശകമായി അമേരിക്കയോടു ചേർന്നുനിൽക്കുന്ന ഇന്ത്യയെ ഒരു മമതയും ഇല്ലാതെ കൈകാര്യം ചെയ്യുന്നത് ഇന്ത്യ എതിർപക്ഷത്തു പോകട്ടെ എന്നു കരുതിയല്ല. പഴയ ശീതയുദ്ധകാലത്തേതുപോലെ ഇന്ത്യക്കു കയറിച്ചെല്ലാൻ വേറെ ശക്തമായ ചേരി ഇല്ല എന്നു ട്രംപിനും മോദിക്കും അറിയാം. ആയുധങ്ങൾ മാത്രമല്ല പണവും ഉണ്ടായാലേ ചേരികൾ രൂപപ്പെടൂ.
റഷ്യയിലേക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പോയതിനോ ചൈനയിൽ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും പോയതിനോ അമിത പ്രാധാന്യം ഇന്ത്യയോ ചൈനയോ നൽകുന്നില്ല. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യിൽ പങ്കെടുക്കാൻ മോദി പോകുന്നതിനും കൂടുതൽ അർഥമില്ല. അതെല്ലാം സമ്മർദതന്ത്രങ്ങളുടെ ഇന്ത്യൻ പതിപ്പു മാത്രം.
അതിനു മുൻപ് ഓഗസ്റ്റ് 25ന് യുഎസ് സംഘം ഇന്ത്യയിൽ ചർച്ചയ്ക്കു വരുന്നുണ്ട്. അതിൽ ധാരണ ഉണ്ടാക്കി പിഴച്ചുങ്കം നീക്കാനും ചില ഇനങ്ങളുടെ ചുങ്കം കുറയ്ക്കാനും ശ്രമമുണ്ടാകും. അതിനായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി സുഗമമാക്കാനുള്ള വിട്ടുവീഴ്ചകൾ ഇന്ത്യയും നടത്തിയേക്കാം. അത് ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതു ചർച്ചപോലെ സങ്കീർണമായ കാര്യമാണ്.
Leader Page
ഇന്ത്യ-യുഎസ് ബന്ധം കുറേക്കാലമായി ഒരു ഞാണിൻമേൽകളിയാണ്. ഒരു വശത്ത് പരസ്പരം പങ്കുവയ്ക്കുന്ന ജനാധിപത്യ മൂല്യങ്ങൾ, മറുവശത്ത് പലപ്പോഴും വേറിട്ടുനിൽക്കുന്ന ദേശീയ താത്പര്യങ്ങൾ. എന്നാൽ, സമീപകാലത്ത് നയതന്ത്രബന്ധങ്ങളിലുണ്ടായ വിഭ്രമങ്ങൾ ഇന്ത്യയെ അസ്വസ്ഥമാക്കി. ഈ കൂട്ടുകെട്ട് വഴിത്തിരിവിലെത്തിയോ എന്ന് ചിന്തിക്കുന്ന അവസ്ഥ.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാഷ്ട്രീയത്തിൽ വെറുപ്പിക്കുന്ന ‘വല്യമ്മാവൻ’ കളിക്കുകയാണെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ കരുതുന്നത്. അതിന്റെ ഭാഗമായാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം തടഞ്ഞത് താനാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം. അതും, വ്യാപാരബന്ധം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രേ സാധിച്ചത്. ഇത് ഇന്ത്യയെ ചൊടിപ്പിച്ചു. കാരണം, ഇന്ത്യക്ക് സ്വന്തം പരമാധികാരം പരമപ്രധാനമാണ്. അതുമാത്രമല്ല, ട്രംപിന്റെ ഈ അവകാശവാദത്തിന് ഒരു അടിസ്ഥാനവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പറഞ്ഞതുപോലെ, സംഘർഷസമയത്ത് ട്രംപ് അവരെ ഫോണിൽ വിളിച്ചിട്ടുപോലുമില്ല. ഏറ്റുമുട്ടലിന്റെ സമയത്ത് ഒരു യുഎസ് ഉദ്യോഗസ്ഥനും ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചും മിണ്ടിയിട്ടില്ല.
അളന്നുതൂക്കി തിരിച്ചടിച്ചു
സംഘർഷം തീർക്കാൻ ട്രംപ് പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്തിയിരിക്കാം. എന്നാൽ, അതിന് ഇന്ത്യയെ പ്രേരിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം സാന്പത്തിക വികസനത്തിൽ ശ്രദ്ധിക്കുന്ന തലപ്പൊക്കമുള്ള ശക്തി എന്ന നിലയിൽ ഇന്ത്യക്ക് നീണ്ടുനിൽക്കുന്ന സംഘർഷം ആവശ്യമില്ല.
അതിനാൽ, ഏപ്രിലിൽ പാക് ഭീകരർ പഹൽഗാമിൽ ഇന്ത്യക്കാരെ കൊന്നപ്പോൾ അതിവേഗത്തിൽ, ശക്തവും കൃത്യവുമായ തിരിച്ചടി നല്കി. പാക്കിസ്ഥാൻ മണ്ണിലെ അറിയപ്പെടുന്ന ഒന്‍പത് ഭീകരക്യാന്പുകളും മറ്റു കേന്ദ്രങ്ങളും ലക്ഷ്യമിട്ട ‘ഓപ്പറേഷൻ സിന്ദൂർ’, ഇന്ത്യൻ വിനോദസഞ്ചാരികളെ ആക്രമിച്ച പാക് ഭീകരരോടുള്ള പ്രതികാരമായിരുന്നു. അല്ലാതെ, പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനു നാന്ദി കുറിച്ചതായിരുന്നില്ലെന്ന് എപ്പോഴും വ്യക്തമായിരുന്നു.
വിവേചനമില്ലാത്ത ആക്രമണങ്ങളിലൂടെ പാക്കിസ്ഥാൻ തിരിച്ചടിച്ചപ്പോൾ ഇന്ത്യ അളന്നുതൂക്കി തലയ്ക്കുതന്നെ അടിച്ചു. ഇത്തവണ പാക്കിസ്ഥാന്റെ 11 വ്യോമകേന്ദ്രങ്ങളിൽ. ഒരുപക്ഷേ, പാക്കിസ്ഥാനുമേൽ അമേരിക്ക ചെലുത്തിയ സമ്മർദത്തോടൊപ്പം ഇന്ത്യയുടെ ഈ നീക്കമാണ് പിൻവാങ്ങാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. ഇക്കാര്യത്തിൽ ട്രംപിനൊരു കേമത്തവും പറയാനില്ല.
എന്നിട്ടും പതിവുപോലെ അദ്ദേഹമതു സ്വന്തമാക്കാൻ ശ്രമിക്കുന്നു. പക്ഷേ, ട്രംപിന്റെ പൊങ്ങച്ചം ഇന്ത്യൻ അധികൃതർ അർഥശങ്കയില്ലാത്തവിധം തള്ളി. ഇന്ത്യ സ്വന്തം സ്വാതന്ത്ര്യത്തിൽ അഭിമാനിക്കുന്നു. അതുകൊണ്ട് ട്രംപിന്റെ ഭീഷണിക്കോ പ്രലോഭനത്തിനോ വഴങ്ങി എന്ന ധ്വനി ഒരുകാരണവശാലും സഹിക്കാനാകില്ല.
ട്രംപിന്റെ നിലപാടുകളിലെ ചാഞ്ചാട്ടം
ഇന്ത്യയെ ചിന്തിപ്പിച്ച ട്രംപിന്റെ ഒരേയൊരു നീക്കമല്ല ഇത്. ജൂണിൽ അദ്ദേഹം പാക്കിസ്ഥാൻ സൈനികമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് ആതിഥ്യമരുളി. ഇന്ത്യയുടെ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒരുപോലെ കടുത്ത ഇസ്ലാമിക സൈദ്ധാന്തികനായി കണക്കാക്കുന്ന ആളാണ് അസിം മുനീർ. പാക്കിസ്ഥാന്റെ സിവിലിയൻ നേതൃത്വം ആ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നില്ല.
ചൈനയോടുള്ള ട്രംപിന്റെ നിലപാടുകളിലെ ചാഞ്ചാട്ടവും ഇന്ത്യക്ക് പ്രശ്നമാണ്. ആദ്യ ഭരണകാലയളവിൽ വിശ്വസനീയമായ കടുത്ത നിലപാടാണ് അദ്ദേഹത്തിന് ചൈനയോടുണ്ടായിരുന്നത്. എന്നാൽ, ട്രംപ് 2.0ൽ ചൂടും തണുപ്പും മാറിമാറി വീശുകയാണ്. ഒരു നിമിഷം ചൈനയ്ക്കെതിരേ കടുത്ത താരിഫ് ഏർപ്പെടുത്തുന്നു. അടുത്ത നിമിഷം വ്യാപാരപരമായ സമാധാനത്തിനു ചർച്ചയ്ക്കൊരുങ്ങുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ക്ഷണിച്ചാൽ ബെയ്ജിംഗ് സന്ദർശിക്കുമെന്നും പറയുന്നു.
ഈ കണക്കുകൂട്ടലുകൾക്കിടയിൽ ഇന്ത്യക്കെവിടെയാണ് സ്ഥാനം എന്നതൊരു ചോദ്യമാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്തും ജോ ബൈഡന്റെ കാലത്തും അമേരിക്ക ഇന്ത്യയെ ഇൻഡോ-പസഫിക് മേഖലയിലെ ഒരു പ്രധാന പങ്കാളിയായി കണ്ടിരുന്നു. അതുപോലെ, ചൈനയ്ക്കെതിരേയുള്ള ജനാധിപത്യപരമായ ഒരു എതിർശക്തിയായും അവർ ഇന്ത്യയെ പരിഗണിച്ചു.
ഇന്ത്യ തങ്ങളുടെ വിദേശനയങ്ങളിലെ തന്ത്രപരമായ സ്വയംഭരണം കാത്തുസൂക്ഷിക്കുകയും ചൈനയുമായി ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തപ്പോഴും, ഈ മേഖലയിൽ അമേരിക്കയുടെ ഇടപെടലിനെ ഇന്ത്യ സ്വാഗതം ചെയ്തു. കൂടാതെ, 2017ൽ ഓസ്ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘ക്വാഡ്’ സഖ്യത്തിന്റെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കാരണം, ഇന്ത്യക്ക് ചൈനയുമായി സ്വന്തമായ പ്രശ്നങ്ങളുണ്ട്. വർഷങ്ങളായി തർക്കത്തിലുള്ള അതിർത്തികളിൽ ചൈനയുടെ കൈയേറ്റം കൂടിവരികയാണ്. കൂടാതെ, പാക്കിസ്ഥാന് നിർണായക സഹായം നൽകുന്നതും ചൈനയാണ്.
ചൈന ഒരു ഭീഷണി?
ഇപ്പോൾ ചൈന നേരിട്ട് ഇന്ത്യൻ വ്യവസായമേഖലയെ തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിലേക്കുള്ള എൻജിനിയർമാരുടെ ഒഴുക്കു തടഞ്ഞും ഇന്ത്യൻ ഫാക്ടറികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചൈനീസ് യന്ത്രസാമഗ്രികൾ ലഭ്യമാക്കാതെയുമാണിത്. ഇലക്ട്രോണിക്സ്, ഉത്പാദന മേഖലകളിൽ ഇതിന്റെ പ്രത്യാഘാതം ഇപ്പോൾതന്നെ കാണാം. അതേസമയം, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലായി ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം വർധിച്ചുവരികയാണ്.
ഇന്ത്യൻ ഉദ്യോഗസ്ഥരും വ്യവസായസ്ഥാപനങ്ങളും ചൈനയെ ഒരു ഭീഷണിയായി കാണുന്നു. എന്നാൽ, അമേരിക്കയുടെ നിലപാട് മനസിലാക്കാൻ പ്രയാസമാണ്. പ്രത്യേകിച്ച്, ചൈന പാക്കിസ്ഥാനു നൽകിയ ഇന്റലിജൻസ് സഹായത്തെ ട്രംപ് പരസ്യമായി വിമർശിക്കാത്ത സാഹചര്യത്തിൽ. ഈയിടത്തെ സംഘർഷത്തിൽ പാക്കിസ്ഥാന് ചൈന തത്സമയ ഉപഗ്രഹ ഡാറ്റ നൽകിയത് ഇന്ത്യൻ സൈനിക താവളങ്ങളെ ആക്രമിക്കാൻ പാക്കിസ്ഥാനെ സഹായിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ നിലപാടുകൾ മാറ്റിയേക്കാം
ഇന്ത്യ പരിഭ്രാന്തരാകില്ല, പക്ഷേ, നിലപാടുകൾ മാറ്റിയേക്കാം. കരാറുകളുടെ കെട്ടുപാടുകളില്ലാത്തതിനാൽ, ജപ്പാൻ, ദക്ഷിണ കൊറിയ പോലുള്ള യുഎസിന്റെ ഔദ്യോഗിക സഖ്യകക്ഷികളെക്കാൾ സ്വാതന്ത്ര്യം ഇന്ത്യക്കുണ്ട്. ഈ സാധ്യത ഉപയോഗിച്ച് ഇന്ത്യയുടെ വിദേശനയം ക്രമീകരിക്കാൻ സാധ്യതയുണ്ട്. ജൂലൈയിൽ ജയ്ശങ്കർ ബെയ്ജിംഗ് സന്ദർശിച്ചത് ചൈനയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ആഗ്രഹവുമായാണ്. അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ രണ്ടാംകിടയായി കാണുന്നില്ലെങ്കിലും, ഇപ്പോൾ സ്വയംപര്യാപ്തതയ്ക്കാണ് ഊന്നൽ. ഇത് ഒരുപക്ഷേ, ആദർശങ്ങളേക്കാൾ താത്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉഭയകക്ഷി ബന്ധത്തിലേക്കു നയിച്ചേക്കാം.
ഇന്ത്യൻ വിദേശനയം മോദിയുടെ പുതിയ തന്ത്രപരമായ നിലപാടുകളായ പ്രതിരോധം, ഉറച്ച തീരുമാനമെടുക്കൽ, ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലായ്മ എന്നിവയിൽ അടിയുറച്ചതായിരിക്കും. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരേയുള്ള ഇന്ത്യയുടെ ആക്രമണം ഈ പ്രതിബദ്ധതയുടെ ഉറച്ച അടിത്തറ വ്യക്തമാക്കുന്നു. അമേരിക്കയുമായുള്ള ബന്ധത്തിൽ ഇന്ത്യ വളരെ സൂക്ഷ്മതയോടെതന്നെ മുന്നോട്ടുപോകും. ഈ ബന്ധം എപ്പോൾ വേണമെങ്കിലും അപകടത്തിലാകാം എന്ന കാര്യം ഇന്ത്യക്ക് നന്നായി അറിയാം.
അമേരിക്ക വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളി
വ്യാപാരത്തിന്റെ കാര്യത്തിൽ പലപ്പോഴും ശത്രുരാജ്യങ്ങളെക്കാൾ കർശനമായ നിലപാടാണ് ട്രംപിന് പങ്കാളികളോടുള്ളത്. ജൂലൈ 30ന് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25% താരിഫ് പ്രഖ്യാപിച്ചു. ഇത് ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തിൽ വന്നു. കൂടാതെ, റഷ്യയിൽനിന്ന് ഊർജവും സൈനിക ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നത് തുടരുന്നതിനാൽ അതിനു മറ്റൊരു ‘പിഴ’ (ഒരുപക്ഷേ 10% അധികം) ചുമത്തുമെന്നും പറഞ്ഞു. വ്യാപാരം ഒരു ആയുധമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ, പ്രതിരോധബന്ധങ്ങളെയും അങ്ങനെ ചെയ്യാൻ കഴിഞ്ഞേക്കും.
ട്രംപിന്റെ ഈ ചാഞ്ചല്യം ഇന്ത്യയുടെ തന്ത്രപരമായ ആശങ്കകൾ കൂട്ടുന്നു. വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളിയാണെന്ന് അമേരിക്ക മുന്‍പും തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 1999ലെ കാർഗിൽ യുദ്ധത്തിൽ, അമേരിക്ക ഇന്ത്യക്ക് നിർണായകമായ ജിപിഎസ് ഡാറ്റ നൽകിയിരുന്നില്ല. ഇതു കാരണം ഇന്ത്യക്കു സ്വന്തമായി ജിപിഎസ് സംവിധാനം വികസിപ്പിക്കേണ്ടിവന്നു.
ഇപ്പോൾ, ഇന്ത്യൻ നയരൂപകർത്താക്കൾ ആശയക്കുഴപ്പത്തിലാണ്: ഇന്ത്യ ചൈനയുമായി അകന്ന് അമേരിക്കയെ വിശ്വസിച്ച് മുന്നോട്ടുപോകണോ, അതോ അമേരിക്ക ചൈനയുമായി അടുക്കുമോ എന്ന ഭയത്തിൽ ചൈനയുമായി പ്രായോഗികമായി ഇടപെഴകണോ? ഇത് കൂടുതൽ അടിസ്ഥാനപരമായ ഒരു ചോദ്യമുയർത്തുന്നു: ഒരു വ്യക്തിയുടെ തന്നിഷ്ടങ്ങൾക്ക് വിധേയമാകുന്ന കൂട്ടുകെട്ടിന് എന്ത് മൂല്യമാണുള്ളത്?
Leader Page
“രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ, മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ”- ജ്ഞാനപ്പാനയിലെ പ്രശസ്തമായ ഈ വരികൾ പലപ്പോഴും അർഥവത്താകാറുണ്ട്.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ ഇപ്പോഴത്തെ സ്ഥിതി ഏതാണ്ടു സമാനമാണ്. പക്ഷപാതപരമായ നടപടികൾകൊണ്ടു ഭരണഘടനാസ്ഥാനത്തെ മുറിവേൽപ്പിച്ച ധൻകറുടെ രാജിയിൽ ആർക്കും ദുഃഖമില്ലാത്തതിനു വേറെ കാരണമില്ല. അപമാനം കടിച്ചമർത്തി പാതാളത്തിൽ മുങ്ങിക്കിടക്കുകയാണ് ധൻകർ. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വേണ്ട.
രാഷ്ട്രപതിസ്ഥാനത്തേക്കു മത്സരിക്കാനല്ലാതെ ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരു ഉപരാഷ്ട്രപതിക്കും കാലാവധി തികയ്ക്കാതെ രാജിവയ്ക്കേണ്ടിവന്നിട്ടില്ല. ഏറ്റവും ഉന്നതമായ ഭരണഘടനാസ്ഥാനത്തുനിന്ന് ഒരാളെ അപമാനിച്ചു തിടുക്കത്തിൽ ഇറക്കിവിട്ട സംഭവം ജനാധിപത്യത്തിലെ വലിയ കളങ്കമാണ്. രാജ്യസഭയുടെ ചെയർമാൻകൂടിയായ ഉപരാഷ്ട്രപതിക്ക് പേരിനൊരു യാത്രയയപ്പും നിഷേധിച്ചു. വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും ധൻകറിനു വിടവാങ്ങൽ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ വഴങ്ങിയില്ല.
ഗതിമുട്ടിയപ്പോൾ രാജി
രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കഴിഞ്ഞ 21ന് രാത്രി ഒന്‍പതിന് നേരിൽക്കണ്ടാണു ധൻകർ രാജിക്കത്ത് കൈമാറിയത്. തിങ്കളാഴ്ച വൈകുന്നേരം വരെ ജോലിത്തിരക്കിലായിരുന്നു ധൻകർ. ഹൃദയാഘാതത്തിന്റെ ചരിത്രമുള്ളയാളെന്ന നിലയിൽ ധൻകറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലായെന്ന് ആരും പറയില്ല. പക്ഷേ, ഉടൻ പ്രാബല്യത്തോടെയുള്ള രാജിക്കായി നിരത്തിയ ആരോഗ്യകാരണങ്ങൾ പുകമറയാകും. ബഹളങ്ങളും വാഗ്വാദങ്ങളുംകൊണ്ടു പ്രഷർ കുക്കർ പോലെയായ പാർലമെന്റ് നടപടികൾ നിയന്ത്രിച്ചിരുന്ന ദിവസങ്ങളിൽപോലുമില്ലാത്ത ധൻകറിന്റെ ആരോഗ്യപ്രശ്നം പുതിയതല്ല.
മാർച്ചിലുണ്ടായ ഹൃദയാഘാതത്തിനുശേഷം സുഖം പ്രാപിച്ച ധൻകർ സജീവമായിരുന്നു. ദൈവിക ഇടപെടൽ ഉണ്ടായില്ലെങ്കിൽ കാലാവധി പൂർത്തിയാക്കുന്ന 2027 ഓഗസ്റ്റിലേ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് വിരമിക്കുകയുള്ളൂവെന്ന് 74കാരനായ ധൻകർ രണ്ടാഴ്ച മുന്‍പ് പറഞ്ഞതാണ്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലായിരുന്നു പ്രഖ്യാപനം. കേരളത്തിലടക്കം യാത്രകൾ നടത്താനും ആരോഗ്യം തടസമായില്ല. ആരോഗ്യപ്രശ്നങ്ങളാലല്ല, രാജിക്കു നിർബന്ധിതനായതാണെന്ന് പലരും മനസിലാക്കി. ഗതിമുട്ടിയ രാജി.
തന്ത്രം പൊളിഞ്ഞ് ബിജെപി
രാജിവയ്ക്കാൻ മടിച്ചിരുന്നെങ്കിൽ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കുമെന്ന മുന്നറിയിപ്പ് ധൻകറിനു നൽകിയിരുന്നതായി റിപ്പോർട്ടുണ്ട്. നേരിട്ടു പറഞ്ഞില്ലെങ്കിലും സന്ദേശം കൃത്യമായി അദ്ദേഹത്തിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനിഷ്ടത്തിനു കാരണമായതാണ് ധൻകറുടെ തൊപ്പി തെറിപ്പിച്ചതെന്നാണു സംസാരം. അഴിമതിയാരോപണം നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ പുറത്താക്കാനുള്ള പ്രതിപക്ഷത്തിന്റെ മാത്രം പ്രമേയം രാജ്യസഭയിൽ ചെയർമാൻ ധൻകർ സ്വീകരിച്ചതാണ് ബിജെപി നേതൃത്വത്തിന്റെ അനിഷ്ടത്തിനു വഴിതെളിച്ചതെന്ന് പറയുന്നു.
ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള ഭരണ-പ്രതിപക്ഷ പാർട്ടികളിലെ 152 എംപിമാർ ഒപ്പിട്ട പ്രമേയം ലോക്സഭാ സ്പീക്കർക്കു നൽകിയശേഷമാണ് രാജ്യസഭയിൽ ഇതേ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കാൻ ധൻകർ തീരുമാനിച്ചത്. കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെ പ്ലാനുകളും തന്ത്രങ്ങളും പൊളിക്കുന്നതായി ധൻകറുടെ നടപടി. പ്രതിപക്ഷത്തെ 63 എംപിമാർ ഒപ്പിട്ട രാജ്യസഭയിലെ പ്രമേയത്തിൽ എൻഡിഎയിലെ ഒരാൾപോലും ഒപ്പിടാതിരുന്നത് യാദൃച്ഛികമല്ല. സ്വന്തം വസതിയിൽ നിരവധി ചാക്കുകളിൽ കെട്ടി സൂക്ഷിച്ചിരുന്ന 500 രൂപയുടെ കറൻസി കണ്ടെത്തിയ സംഭവത്തിൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസ് ഇനിയും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതും വെറുതെയാകില്ല.
വഴങ്ങാത്ത ആരും വേണ്ട
സർക്കാരിനോട് ആലോചിക്കാതെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് പ്രമേയം സ്വീകരിച്ച ധൻകറുടെ നടപടി കേന്ദ്രസർക്കാരിലെ ഉന്നതരെ ഞെട്ടിച്ചു. ധൻകർ ചെയ്തതു വഞ്ചനയും ചതിയുമാണെന്ന് മുതിർന്ന ചില നേതാക്കൾ വിലയിരുത്തി. ധൻകറുമായി സംസാരിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ധൻകർ അവരെ ഒഴിവാക്കിയെന്നാണു സൂചന. ഇതേത്തുടർന്നാണ് രാജ്യസഭാ ചെയർമാൻ വിളിച്ച യോഗത്തിൽനിന്നു രാജ്യസഭാ നേതാവും ബിജെപി അധ്യക്ഷനുമായ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയും പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും വിട്ടുനിന്നത്. പകരം രണ്ടു സഹമന്ത്രിമാരെ അയച്ചു.
മുതിർന്ന മന്ത്രിമാർ യോഗം ബഹിഷ്കരിച്ചതോടെ ധൻകറിന് അപകടം മണത്തു. പക്ഷേ, ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. പിറ്റേന്നുതന്നെ ധൻകർക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് ആലോചിച്ചു. ഉപരാഷ്ട്രപതിക്കെതിരായ അവിശ്വാസപ്രമേയം പാസാക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം എൻഡിഎയ്ക്കുണ്ട്. പ്രധാനമന്ത്രിയുടെ അനിഷ്ടവും അണിയറനീക്കങ്ങളും മനസിലാക്കിയ ധൻകറിനു രാജിവയ്ക്കാതെ മാർഗമില്ലാതായി.
നാണക്കേടിന്റെ റിക്കാർഡുകൾ
ഇംപീച്ച്മെന്റ് നീക്കത്തിനു വിധേയനായ ആദ്യ ഉപരാഷ്ട്രപതിയെന്ന ദുഷ്പേരും ധൻകറിനുണ്ട്. 2024 ഡിസംബറിൽ ധൻകറിനെതിരേ അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. പക്ഷേ, അതു നിരസിക്കപ്പെട്ടു. ഇപ്പോൾ സ്വയം രാജിവച്ചു പുറത്തായി. ഉന്നത ഭരണഘടനാപദവിയിലുള്ള മറ്റൊരാൾക്കും ചരിത്രത്തിൽ നേരിടേണ്ടിവരാത്ത ദുര്യോഗമാണു ധൻകറിന്റേത്. എന്നിട്ടും അദ്ദേഹം തെറിച്ചതിൽ ആർക്കും ദുഃഖമില്ല. ഉപരാഷ്ട്രപതിയെ പുറത്താക്കിയ രീതിയും അതിനു പിന്നിലെ കളികളുമാണു പ്രതിപക്ഷം വിമർശിച്ചത്. ധൻകറുടെ രാജിയിലേക്കു നയിച്ച കാര്യങ്ങൾ രാജ്യത്തോടു വിശദീകരിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. പക്ഷേ ഉത്തരവാദപ്പെട്ടവർ കമാന്നൊരക്ഷരം ഉരിയാടിയില്ല. ഉപരാഷ്ട്രപതി രാജിവച്ച് 15 മണിക്കൂറിനുശേഷം ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പ്രധാനമന്ത്രി മോദി എക്സിൽ നൽകിയ കുറിപ്പിൽ എല്ലാം ഒതുങ്ങി.
കണ്ണീരൊഴുക്കാൻ ആരുമില്ലാതെ
എന്തുകൊണ്ടാണ് ധൻകറിന്റെ വീഴ്ചയിൽ ഒരു തുള്ളി കണ്ണീർപോലും വീഴാതിരുന്നത്? ഉപരാഷ്ട്രപതിയെന്ന നിലയിൽ മൂന്നു വർഷക്കാലത്തെ ധൻകറിന്റെ പക്ഷപാതപരമായ നടപടികൾ ജനാധിപത്യ-മതേതരവാദികളെ വേദനിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കവരുകയും പ്രതിപക്ഷനേതാവ് അടക്കമുള്ളവരെ അധിക്ഷേപിക്കുകയും ചെയ്ത ധൻകറെ ചരിത്രം മറക്കില്ല. ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസം, മതേതരത്വം എന്നിവ നീക്കണമെന്ന ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുടെ വിവാദ പ്രസ്താവനയെ ഉപരാഷ്ട്രപതിയായ ധൻകർ പിന്തുണച്ചത് അടുത്തിടെയാണ്. മതേതരത്വവും സോഷ്യലിസവും പുനഃപരിശോധിക്കാനോ നീക്കം ചെയ്യാനോ പദ്ധതിയോ ഉദ്ദേശ്യമോ ഇല്ലെന്നു കേന്ദ്രസർക്കാർ കഴിഞ്ഞ വ്യാഴാഴ്ച രാജ്യസഭയെ അറിയിച്ചു. ധൻകറുടെ അഭിപ്രായത്തിനു വിപരീതമായി കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ മറുപടി ഫലത്തിൽ ധൻകറിനുള്ള തിരിച്ചടിയായി.
അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം എന്നിവ ഉൾപ്പെടുത്തിയത് ഒരു ‘അൾസർ’ ആണെന്നായിരുന്നു ഭരണഘടനയെ സംരക്ഷിക്കേണ്ട ധൻകറുടെ പ്രസ്താവന. സനാതനത്തിന്റെ സത്തയെ വളച്ചൊടിക്കലാണ് ഇതെന്നുകൂടി പറയാൻ മുൻ ഉപരാഷ്ട്രപതി മടിച്ചില്ല. ഭരണഘടനയുടെ പ്രിയാംബിളിൽ (ആമുഖം) സോഷ്യലിസ്റ്റ്, സെക്കുലർ എന്നിവ ചേർത്ത 1976ലെ 42-ാം ഭരണഘടനാ ഭേദഗതി ശരിവച്ച സുപ്രീംകോടതി വിധി വന്നു മാസങ്ങൾക്കു ശേഷമാണിത്. മതേതരത്വവും സോഷ്യലിസവും ചേർത്തതിനെതിരേയുള്ള എല്ലാ ഹർജികളും തള്ളിക്കൊണ്ട് 2014 നവംബറിൽ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നടത്തിയ വിധിപ്രസ്താവത്തെയാണു ധൻകർ വെല്ലുവിളിച്ചത്.
സുപ്രീംകോടതിയെയും വിമർശിച്ചു
സുപ്രീംകോടതിയുടെ വിധികളെ പരിഹസിക്കാൻ ഉപരാഷ്ട്രപതിയുടെ പദവി ധൻകർ ദുരുപയോഗിച്ച വേറെയും അവസരങ്ങളുമുണ്ട്. ദേശീയ ജുഡീഷൽ നിയമന കമ്മീഷൻ നിയമം റദ്ദാക്കിയ സുപ്രീംകോടതിയുടെ 2015ലെ വിധിയെ വിമർശിച്ചതു മറക്കാറായില്ല. പാർലമെന്റിന്റെ പരമാധികാരത്തിന്മേലുള്ള ഗുരുതര കടന്നുകയറ്റം, ജനങ്ങളുടെ കല്പന അവഗണിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണം എന്നിങ്ങനെയാണു പരമോന്നത കോടതിയുടെ തീർപ്പിനെ ധൻകർ വിമർശിച്ചത്.
സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വിവാദ ഉപരാഷ്ട്രപതിയെന്ന ദുഷ്പേരോടെയാണു ധൻകർ മാറിയത്. രാജ്യസഭയിൽ പ്രതിപക്ഷവും അധ്യക്ഷനും തമ്മിൽ അഭിപ്രായവ്യത്യാസം സാധാരണമാണ്. പക്ഷേ കടുത്ത പക്ഷപാതിത്വത്തിന്റെയും രാഷ്ട്രീയ ശത്രുതയുടെയും തലത്തിലേക്ക് അതുയർന്നത് രാജ്യസഭയുടെ എക്സ് ഒഫീഷ്യോ ചെയർമാനായ ധൻകറിന്റെ കാലത്താണ്. അധ്യക്ഷനും പ്രതിപക്ഷവും പതിവായി ഏറ്റുമുട്ടിയ നിരവധി സന്ദർഭങ്ങളുണ്ടായി. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയ്ക്കു പോലും അവസരങ്ങൾ നിഷേധിക്കപ്പെട്ടു.
Editorial
രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ഛത്തിസ്ഗഡിൽ വിചാരണ ചെയ്തത്.
ഒരു റെയിൽവേ ഉദ്യോഗസ്ഥൻ തനിക്കു കുറ്റവാളികളെന്നു തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും ചോദ്യം ചെയ്യാൻ മതസംഘടനാ പ്രവർത്തകരെ വിളിച്ചുവരുത്തുന്നു. പിന്നെ, പാഞ്ഞെത്തിയ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണ. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്... സ്ഥിരം കുറ്റപത്രം! നിജസ്ഥിതി വെളിപ്പെടുത്തുന്ന രേഖകളെല്ലാമുണ്ടെങ്കിലും വർഗീയവാദികളുടെ ഉത്തരവു പ്രകാരം പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിലാക്കുന്നു.
തടയാനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീർവാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾസംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിർവചിക്കപ്പെടുകയാണ്. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്.
ഛത്തിസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിലാണ് ഇത്തവണ അവരെത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയ കണ്ണൂർ, അങ്കമാലി സ്വദേശികളും ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എഎസ്എംഐ) സന്യാസിനീ സഭാംഗങ്ങളുമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടികളെയുമാണ് ടിടിഇ തടഞ്ഞത്. കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിൽ ജോലിക്കു പോകുകയാണെന്ന് യുവതികൾ പറഞ്ഞെങ്കിലും ടിടിഇ ബജ്രംഗ്ദൾ പ്രവർത്തകരെ അറിയിച്ചെന്നാണ് റിപ്പോർട്ട്.
പാഞ്ഞെത്തിയ ബജ്രംഗ്ദൾകാർ, ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ കന്യാസ്ത്രീകൾ പെൺകുട്ടികളെ മതപരിവർത്തനത്തിനു കൊണ്ടുപോകുകയാണെന്നു കണ്ടെത്തി! തങ്ങൾ ക്രൈസ്തവരാണെന്നും പ്രായപൂർത്തിയായ തങ്ങൾക്കു ജോലിക്കു പോകാൻ മാതാപിതാക്കളുടെ സമ്മതപത്രമുണ്ടെന്നും യുവതികൾ പറഞ്ഞെങ്കിലും ബജ്രംഗ്ദൾകാരുടെ നിർദേശമനുസരിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും യുവതികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാൻ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകൾ റെയിൽവേസ്റ്റേഷനിൽ ആൾക്കൂട്ട വിചാരണ നടത്തുക, പിന്നീട് കർശന നിർദേശത്തോടെ പോലീസിനു കൈമാറുക... മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്നു ബിജെപിക്ക് അറിയാതെയാണോ? ദുരൂഹതയേറുന്നു.
വർഗീയവാദികളുടെ കംഗാരു കോടതികൾ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും മാത്രമല്ല, അവരുടെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമൊക്കെ ആയുധങ്ങളുമായി കടന്നുകയറി ആക്രമണം അഴിച്ചുവിടുകയുമാണ്.
കഴിഞ്ഞ മേയ് 31നാണ് ഒഡിഷയിലെ ബെറാംപുരിനടുത്ത ഖൊർധ റോഡ് റെയിൽവേസ്റ്റേഷനിൽ റൂർക്കല രാജറാണി എക്സ്പ്രസിനുള്ളിൽ കന്യാസ്ത്രീക്കും കൂടെയുണ്ടായിരുന്ന കുട്ടികൾക്കും നേരേ ബജ്രംഗ്ദൾ അക്രമം അഴിച്ചുവിട്ടത്. ആരോപണം മതപരിവർത്തനം തന്നെ. പോലീസ് പതിവുപോലെ കാഴ്ചക്കാരായിരുന്നു. അതിന് ഒരാഴ്ച മുന്‍പായിരുന്നു ഒഡിഷയിലെതന്നെ ചാർബതി കാർമൽ നികേതനിലെത്തിയ ഒന്‍പതംഗ അക്രമിസംഘം കൊള്ളയടിക്കുകയും രണ്ടു വൈദികരെ ക്രൂരമായി മർദിക്കുകയും ചെയ്തത്.
ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കണമെങ്കിൽ സംഘപരിവാറിന്റെ ഔദാര്യം വേണ്ടിവന്നിരിക്കുന്നു. വർഗീയവാദികൾ എപ്പോൾ ചോദിച്ചാലും സർട്ടിഫിക്കറ്റുകൾ ഹാജരാക്കിക്കൊള്ളണം. ബൈബിളിനും ക്രൂശിതരൂപത്തിനുമൊക്കെ പരോക്ഷ വിലക്ക്. സന്യസ്തർക്ക് അവരുടെ വേഷത്തിൽ പുറത്തിറങ്ങാനാകാത്ത സ്ഥിതി. ദുർഗിലെ ടിടിഇയെ ആരാണു പഠിപ്പിച്ചത് ബജ്രംഗ്ദളാണ് പോലീസും കോടതിയുമെന്ന്? അതാണ് സർക്കാർ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്ന വർഗീയവത്കരണം.
ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. റിപ്പോർട്ടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും ഹിന്ദുത്വ ചവിട്ടിമെതിക്കുന്ന ക്രൈസ്തവർക്കെതിരേ കുറ്റപത്രം തയാറാക്കാനും സംഘപരിവാറിനൊപ്പം ക്രിസ്ത്യൻനാമ-ശുഭ്രവേഷധാരികളായ ദല്ലാൾമാരും അവരുടെ ഒളിസംഘടനകളുമുണ്ട്. പക്ഷേ, റിപ്പോർട്ടുകൾ തെറ്റാണെന്നു തെളിയിക്കുകയോ കേസുകളിൽ അന്വേഷണം നടത്തുകയോ ചെയ്യില്ല. ഛത്തിസ്ഗഡിലേതു കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
കന്യാസ്ത്രീകൾക്കെതിരേ മൊഴി നൽകാൻ പെൺകുട്ടികളെ നിർബന്ധിച്ചെന്ന് സിബിസിഐ വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ പ്രതികരിച്ചു. മുന്‍പും നിരവധി തവണ ക്രൈസ്തവനേതാക്കൾ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയുമൊക്കെ കണ്ട് നിവേദനം നൽകിയതാണ്. ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചിട്ടുണ്ട്. മെത്രാന്മാരും പ്രതിപക്ഷവും അഭ്യർഥിച്ചിട്ടുവേണോ ഈ പരമോന്നത നേതാക്കൾക്കു കാര്യങ്ങളറിയാൻ?
ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ബിജെപി വിചാരിച്ചാൽ വർഗീയതയെ തളയ്ക്കാം. പക്ഷേ, അധികാരത്തിന്റെ ആ അക്രമോത്സുകരഥം കേരളത്തിൽ മാത്രമായി ഒഴിവാക്കാനാകുന്നില്ല.
ഛത്തീസ്ഗഡിലും ഒറീസയിലുമുൾപ്പെടെ കന്യാസ്ത്രീകൾക്കു കുറ്റപത്രവും കേരളത്തിൽ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിംകളും ഉൾപ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്നേഹപൂർവം ഓർമിപ്പിക്കുന്നു.