National
പാറ്റ്ന: എൻഡിഎ സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ബിഹാറിലെ സ്ത്രീകളോടു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി സഖ്യത്തിന് നിങ്ങളുടെ വോട്ടുകളിൽ മാത്രമാണ് താത്പര്യമെന്നും അവർ പറഞ്ഞു. പാറ്റ്നയിലെ പാർട്ടി ആസ്ഥാനത്ത് വനിതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുടെ യഥാർഥ താത്പര്യം മനസിലാത്തണമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അവരെ പാഠംപഠിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ആളുകളെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്. പെൺമക്കൾക്ക് ഇണകളെ തെരഞ്ഞെടുക്കുമ്പോഴാണ് അവരാ കഴിവ് പ്രയോഗിക്കുന്നത്. അതുപോലെ, മോദിയുടെയും ഷായുടെയും നിതീഷിന്റെയും യഥാർഥ ഉദ്ദേശ്യങ്ങൾ തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സർക്കാർ 10,000 രൂപ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, എല്ലാ മാസവും ആനുകൂല്യം തുടരുമെന്ന് അവർ പറയുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
Leader Page
രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച രാഷ്ട്രതന്ത്രജ്ഞനായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് ഇന്ന്. 75-ാമത് ജന്മദിനമെന്ന നിലയില്‍ മോദിയുടെ ഈ ജന്മദിനത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. 140 കോടി ഭാരതീയരുടെ പേരിൽ മോദിജിക്ക് ഹൃദ്യമായ ആശംസ നേരുന്നതിനൊപ്പം മഹത്വപൂര്‍ണ ഭാവിയിലേക്ക് രാജ്യത്തെ നയിക്കാന്‍ അദ്ദേഹത്തിന് ദീർഘായുസും ഊർജവും മികച്ച ആരോഗ്യവും ലഭിക്കാന്‍ ഞാന്‍ സർവശക്തനോട് പ്രാർഥിക്കുകയും ചെയ്യുന്നു.
ദൗത്യനിഷ്ഠയാര്‍ന്ന നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദശാബ്ദങ്ങളോളം പ്രവർത്തിച്ച എനിക്ക് മോദിയുടെ വ്യക്തിത്വം കേവലം രാഷ്ട്രീയ നേതാവിനപ്പുറം രാഷ്ട്രക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ദൗത്യനിഷ്ഠയാര്‍ന്ന ഒരു നേതാവിന്റേതാണെന്ന് ആഴത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഉയർച്ചയും പൗരന്മാരുടെ ക്ഷേമവും അദ്ദേഹത്തിന് കേവലം ആശയങ്ങളല്ല, മറിച്ച് മാർഗനിർദേശക തത്വങ്ങളാണ്.
സമഗ്ര ഭരണനിർവഹണ മാതൃക ഉറപ്പാക്കുന്നതിലെ നിരന്തര ശ്രദ്ധയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തെ സവിശേഷമാക്കുന്നത്. വികസനയാത്രയിൽ ഒരു വ്യക്തിയോ സമൂഹമോ പോലും പിന്നിലാകുന്നില്ലെന്ന് അദ്ദേഹത്തിന്റെ നയനിര്വഹണങ്ങള് ഉറപ്പാക്കുന്നു. ഭരണം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അധികാരോപാധിയല്ല, മറിച്ച് സേവന മാധ്യമമാണ്. മോദിയുടെ നേതൃത്വത്തിൽ ദരിദ്രർക്കായി നിരവധി ക്ഷേമപദ്ധതികൾ ആരംഭിക്കുകയും അവ ലക്ഷ്യത്തിലെത്തുകയും ചെയ്തു.
50 കോടിയിലധികം പേരെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കിയ ജൻ ധൻ യോജന സാമ്പത്തിക ഉൾച്ചേർക്കലിന്റെ മഹത്തായ അധ്യായം രചിച്ചു; ദശലക്ഷക്കണക്കിന് കുടുംബങ്ങളെ അടുക്കളയിലെ പുകയിൽനിന്ന് മോചിപ്പിച്ച ഉജ്വല യോജന അവര്‍ക്ക് അന്തഃസാര്‍ന്ന ജീവിതം സമ്മാനിച്ചു; പാവപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷയുടെ സുരക്ഷിതത്വം ആയുഷ്മാൻ ഭാരതിലൂടെ ഉറപ്പാക്കി; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ സ്വന്തം ഭവനമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പ്രധാനമന്ത്രി ആവാസ് യോജന സഹായിച്ചു. ഓരോ ഗുണഭോക്താവിന്റെയും കണ്ണുകളില്‍ ഞാൻ കാണുന്ന സംതൃപ്തിയും വിശ്വാസവും പൊതുജനക്ഷേമം എന്ന കാഴ്ചപ്പാടിനെ മോദിയുടെ ഭരണം എങ്ങനെ യാഥാർഥ്യമാക്കിയെന്ന തിരിച്ചറിവ് പകരുന്നതാണ്.
ഒരു ആർഎസ്എസ് പ്രചാരകനെന്ന നിലയിൽ അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിക്കുകയും സമൂഹത്തിന്റെ നാനാവിഭാഗങ്ങളുമായി ഇടപഴകുകയും ചെയ്തു. ഭാരതത്തിന്റെ ആത്മാവിനെ അടുത്തറിയാൻ മാത്രമല്ല, അതിന്റെ ആന്തരികശക്തി അനുഭവിക്കാനും അദ്ദേഹത്തിനു സാധിച്ചു.
ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും കാണിക്കുന്ന സഹാനുഭൂതിയിലൂടെ അദ്ദേഹത്തിന്റെ ഭരണനിര്‍വഹണത്തിലും പിന്നീട് ഇതു പ്രതിഫലിച്ചു. ഒരു പ്രചാരകനായിരിക്കവെയാണ് സംഘടനാപരമായ കഴിവുകൾ മോദി സ്വായത്തമാക്കിയത്. തുടര്‍ന്ന് ഭാരതീയ ജനതാ പാർട്ടിയുടെ സംഘടനാ പുനഃക്രമീകരണത്തിനിടെ പാർട്ടിയുടെ പ്രവർത്തനഗതിയെ പരിവർത്തനം ചെയ്ത നൂതന പരിഷ്കാരങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും സംഘടനാപരമായ ഉൾക്കാഴ്ചകളും ദേശീയ തലത്തിൽ നടപ്പാക്കാൻ ബിജെപിയുടെ ദേശീയ അധ്യക്ഷനെന്ന നിലയിൽ അവസരം ലഭിച്ചത് ഞാന്‍ ഭാഗ്യമായി കരുതുന്നു.
അസാധാരണ ക്ഷമയും വ്യക്തമായ കാഴ്ചപ്പാടും
പ്രതിസന്ധിഘട്ടങ്ങളില്‍ തീരുമാനമെടുക്കാനുള്ള കഴിവാണ് ശക്തമായ നേതൃത്വത്തിന്റെ മുഖമുദ്ര. ഇക്കാര്യത്തില്‍ മോദിയുടെ നേതൃത്വം അതുല്യമാണ്. ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽപോലും അസാധാരണ ക്ഷമയും വ്യക്തമായ കാഴ്ചപ്പാടും എനിക്ക് അദ്ദേഹത്തില്‍ കാണാനായി. 2014 മുതൽ രാജ്യത്തിന് ധീരവും നിർണായകവുമായ നടപടികളാവശ്യമായ നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. നേതൃ തത്വങ്ങളില്‍ അടിയുറച്ച് രാജ്യതാത്പര്യങ്ങൾക്കനുസൃതമായി മോദി തീരുമാനങ്ങള്‍ കൈക്കൊണ്ടു. ചരിത്രപരമായ നോട്ടുനിരോധനവും ചരക്കുസേവന നികുതിയും രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളിൽ പുത്തന്‍ അധ്യായം രചിച്ചു.
ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ നടപടി രാഷ്ട്രീയ ധീരത മാത്രമല്ല, ദേശീയ ഐക്യത്തോടും അഖണ്ഡതയോടും മോദി സ്വീകരിച്ച അചഞ്ചലമായ പ്രതിബദ്ധത പ്രകടമാക്കിയ തീരുമാനമായും എക്കാലവും ഓർമിക്കപ്പെടും. മുത്തലാഖ് എന്ന സാമൂഹ്യവിപത്തിനെ ഇല്ലാതാക്കിയത് സ്ത്രീകളുടെ ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കുന്ന ധീര നടപടിയായിരുന്നു. ഈ തീരുമാനങ്ങളൊന്നും അത്ര എളുപ്പമായിരുന്നില്ല. പലതും എതിർപ്പ് നേരിട്ടെങ്കിലും ഒരിക്കല്‍പോലും മോദി പിന്മാറിയില്ല. പ്രതിരോധങ്ങളോ വിമർശനങ്ങളോ പരിഗണിക്കാതെ രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കണമെന്ന വിശ്വാസത്തിൽ അദ്ദേഹം ഉറച്ചുനിന്നു.
കോവിഡ്-19 മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കിയ വേളയിൽ, മോദിജി പൊതുജനങ്ങളെ ആശ്വസിപ്പിക്കുക മാത്രമല്ല ചെയ്തത്; മറിച്ച്, രാജ്യത്തെ വ്യവസായങ്ങളെയും ശാസ്ത്രജ്ഞരെയും യുവാക്കളെയും സ്വയംപര്യാപ്തതയിലേക്കു നയിക്കുകയും ചെയ്തു. മഹാമാരിക്കാലത്തു ലോകം ആശങ്കയോടെ ഉറ്റുനോക്കിയത് ഇന്ത്യയെയായിരുന്നു. എന്നാൽ, ചാതുര്യമാർന്ന നമ്മുടെ നേതൃത്വത്തിന്റെ ഫലമായി റിക്കാർഡ് സമയത്തിനുള്ളിൽ രാജ്യത്തു പ്രതിരോധമരുന്നു നിർമിക്കാൻ കഴിഞ്ഞു. മാത്രമല്ല, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സൗജന്യ പ്രതിരോധകുത്തിവയ്പ്യജ്ഞത്തിലൂടെ, കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഏവർക്കും അനുകരിക്കാവുന്ന മാതൃക ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
ദേശീയസുരക്ഷയും ആത്മാഭിമാനവും
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ദേശീയ സുരക്ഷയും ആത്മാഭിമാനവും നമ്മുടെ ദേശീയ ജീവിതത്തിനു വളരെ പ്രധാനമാണെന്ന് ഇന്ത്യ ആവർത്തിച്ചു തെളിയിച്ചിട്ടുണ്ട്. ഉറി ആക്രമണത്തിനുശേഷമുള്ള സർജിക്കൽ സ്ട്രൈക്ക്, ഇന്ത്യ ഇനി ഭീകരതയുടെ കാര്യത്തിൽ നിശബ്ദമായി, കാഴ്ചക്കാരായി തുടരില്ലെന്നു ലോകത്തിനു കാട്ടിക്കൊടുത്തു. പുൽവാമ സംഭവത്തിനുശേഷമുള്ള ബാലാകോട്ട് വ്യോമാക്രമണം ഈ ദൃഢനിശ്ചയത്തിനു കൂടുതൽ കരുത്തേകി. അടുത്തിടെ, പഹൽഗാം ആക്രമണത്തോടുള്ള പ്രതികരണമായി 2025 മേയ് ഏഴിനു നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’, രാജ്യത്തിന്റെ സ്വത്വവും പൗരന്മാരുടെ സുരക്ഷയും ചോദ്യം ചെയ്യപ്പെടുമ്പോൾ, ഇന്ത്യ ധൈര്യത്തോടും ദൃഢനിശ്ചയത്തോടും പ്രതികരിക്കുമെന്ന നയം നിർണായകമായി ഉയർത്തിക്കാട്ടി.
ഈ പ്രവർത്തനങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ആത്മവിശ്വാസവും അഭിമാനവും വളർത്തുക മാത്രമല്ല, പുതിയ ഇന്ത്യ അതിന്റെ ദേശീയ ക്ഷേമം സംരക്ഷിക്കാൻ ഏതു സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന സന്ദേശം ലോകത്തിനു നൽകുകയും ചെയ്തു.
വിദേശനയ മേഖലയിലും മോദിജിയുടെ തന്ത്രം അതുല്യമാണ്. അദ്ദേഹമിന്ന് ഒരു അന്താരാഷ്ട്രവേദിയിൽ നിൽക്കുകയും ഇന്ത്യയുടെ നിലപാട് ആത്മവിശ്വാസത്തോടെ മുന്നോട്ടുവയ്ക്കുകയും ചെയ്യുമ്പോൾ, അഭിമാനത്തിന്റെ അലയൊലികൾ നാമേവരിലും പടരുകയാണ്. മുൻകാലങ്ങളിൽ വളർന്നുവരുന്ന രാഷ്ട്രമായാണ് ഇന്ത്യയെ പലപ്പോഴും കണ്ടിരുന്നത്. എന്നാലിപ്പോൾ, മോദിജിയുടെ നേതൃത്വത്തിൽ, ഇന്ത്യ ആഗോള നേതൃപദവി ഏറ്റെടുക്കുന്നതിലേക്കു കുതിക്കുകയാണ്. പാരിസ് കാലാവസ്ഥ ഉടമ്പടിയോ, ജി-20 സമ്മേളനമോ, ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗമോ ഏതുമാകട്ടെ, അവയിലെല്ലാം, അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇന്ത്യയുടെ വളരുന്ന കരുത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി നിലകൊണ്ടു.
സവിശേഷമായ വ്യക്തിപ്രഭാവത്തിന്റെ ഉടമ
നരേന്ദ്ര മോദിജിയെ ഞാൻ മനസിലാക്കിയതിൽനിന്ന്, അദ്ദേഹത്തിന്റെ വ്യക്തിത്വം നയങ്ങളിലും പരിപാടികളിലും മാത്രം ഒതുങ്ങുന്നതല്ലെന്ന് എനിക്കു പറയാനാകും. അദ്ദേഹത്തിനു സവിശേഷമായ വ്യക്തിപ്രഭാവമുണ്ട്. അത് അദ്ദേഹത്തെ പൊതുജനങ്ങളുമായി നേരിട്ടു കൂട്ടിയിണക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സ്വാഭാവികതയും ലാളിത്യവുമുണ്ട്. അതദ്ദേഹത്തിനു പൊതുജനങ്ങളുടെ ഹൃദയങ്ങളിൽ ഇടമേകുന്നു. ‘മൻ കീ ബാത്’ പരിപാടിയിൽ അദ്ദേഹം സംസാരിക്കുമ്പോൾ കോടിക്കണക്കിനു ജനങ്ങൾക്കു പ്രധാനമന്ത്രി അവരുമായി നേരിട്ടു സംസാരിക്കുന്നതായി തോന്നുന്നു. ഗ്രാമീണ കർഷകനോ നഗരത്തിലെ വിദ്യാർഥിയോ വീട്ടമ്മയോ ആരുമാകട്ടെ, അവർക്കെല്ലാം അദ്ദേഹത്തോടു വളരെയേറെ അടുപ്പം തോന്നുന്നു. ഇത് ഏവർക്കും ലഭിക്കുന്ന ഗുണമല്ല.
തിരിഞ്ഞുനോക്കുമ്പോൾ മനസിലാകുന്നത്, നരേന്ദ്ര മോദിജി ഇന്ത്യക്കു സാമ്പത്തികമായും രാഷ്ട്രീയമായും മാത്രമല്ല, മാനസികമായും സാംസ്കാരികമായും കരുത്തുപകർന്നിട്ടുണ്ടെന്നാണ്. ഇന്ത്യയുടെ ആന്തരികശക്തിയെക്കുറിച്ചു കൃത്യമായ ധാരണയുള്ള മോദിജിക്ക്, 2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറുവർഷം പൂർത്തിയാക്കുമ്പോൾ, നമ്മുടെ രാജ്യം ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഇന്ത്യ) ആയി മാറണമെന്നും മഹത്തായ രാജ്യമെന്ന പദവി പുനഃസ്ഥാപിക്കണമെന്നുമുള്ള കാഴ്ചപ്പാടുണ്ട്. ഇതു നേടിയെടുക്കാൻ, ദീർഘവീക്ഷണമാർന്ന നയങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ ആ ദിശയിൽ അതിവേഗം മുന്നോട്ടു നയിക്കുകയാണ്. ഈ ലോകത്തു നാം ആരുടെയും പിന്നിലല്ല എന്ന വിശ്വാസം ഓരോ ഇന്ത്യക്കാരനിലും വളർത്തിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, രാജ്യം ആത്മാഭിമാനത്തിലും സ്വയംപര്യാപ്തതയിലും ആത്മവിശ്വാസത്തിലും പുതിയ ഉയരങ്ങൾ കീഴടക്കി. എന്റെ കാഴ്ചപ്പാടിൽ അതു ചരിത്രപരവും അതുല്യവുമാണ്.
വാസ്തവത്തിൽ, യഥാർഥ നേതൃത്വം എന്നത് ഓരോ നിമിഷവും രാഷ്ട്രത്തിനായി സമർപ്പിക്കുന്നതാണ്; വർത്തമാനകാലത്തിനതീതമായി ഭാവിയിലേക്കു നോക്കുന്നതാണ്. ഇന്ന്, ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയാണു നരേന്ദ്ര മോദിയുടെ ഈ വ്യക്തിത്വം.
Leader Page
ഏകദേശം 54.5 ലക്ഷം ഇന്ത്യൻ വംശജർ ഇപ്പോൾ അമേരിക്കയിൽ താമസക്കാരായിട്ടുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അത് അമേരിക്കൻ ജനസംഖ്യയുടെ 1.6 ശതമാനം വരും. എന്നാൽ, 1945ൽ 2,405 ഇന്ത്യക്കാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നാണ് കൊണ്ടപ്പി എന്ന ഗവേഷകൻ നല്കുന്ന കണക്ക്. അന്നുവരെ വെള്ളക്കാരുടെ കുത്തകയായിട്ടാണ് അമേരിക്കയെ നിലനിർത്തിയിരുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്ത്യക്കാർ ചെറിയ തോതിൽ അമേരിക്കയിൽ കുടിയേറ്റം നടത്തിയിരുന്നതാണ്. എന്നാൽ, അമേരിക്കയിൽ പൗരത്വം നേടുന്നതിനോ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നതിനോ വെള്ളക്കാരെ വിവാഹം കഴിക്കുന്നതിനോ അനുവദിച്ചിരുന്നില്ല. ഇന്ത്യൻ കുടിയേറ്റക്കാരോട് ഒരു അവജ്ഞാ മനോഭവമാണ് വെള്ളക്കാർ പുലർത്തിയിരുന്നത്.
കുടിയേറ്റത്തിന്റെ വളർച്ചയും കുടിയേറ്റക്കാരുടെ ഉയർച്ചയും
രണ്ടാം ലോകയുദ്ധത്തോടെ സ്വതന്ത്രലോകത്തിന്റെ നേതൃപദവിയിലേക്കുയർന്ന അമേരിക്ക തങ്ങളുടെ ഏഷ്യയിലെ സുഹൃദ്രാജ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി വെള്ളക്കാരല്ലാത്തവർക്ക് പൗരത്വം നല്കാൻ തയാറായി. എന്നാൽ, വളരെക്കുറച്ചു പേർക്കു മാത്രമേ കുടിയേറാൻ അനുവാദം ലഭിച്ചിരുന്നുള്ളൂ. തുടർന്ന് 1965 ആയപ്പോഴേക്കും തങ്ങളുടെതന്നെ സന്പദ്വളർച്ചയ്ക്കു വെള്ളക്കാരല്ലാത്ത രാജ്യങ്ങളിലെ വിദ്യാഭ്യാസയോഗ്യതയുള്ളവരെ ക്കൂടി ഉപയോഗപ്പെടുത്തിയാൽ അതു ഗുണപ്രദമാകുമെന്ന ചിന്താഗതി വളർന്നുവന്നു. അതനുസരിച്ച് അമേരിക്കയിൽ നിക്ഷേപം നടത്തുന്നതിനു സന്നദ്ധതയുള്ളവരെയും സാങ്കേതിക വൈദഗ്ധ്യമുള്ളവരെയും അമേരിക്കയിലേക്ക് സ്വാഗതമരുളാൻ സന്നദ്ധമായി. ഈ അവസരമുപയോഗിച്ച് തങ്ങളുടെ രാജ്യത്തു വേണ്ടത്ര തൊഴിലവസരങ്ങൾ ലഭിക്കാതിരുന്ന അഭ്യസ്തവിദ്യരായ ധാരാളം ഇന്ത്യക്കാർ അമേരിക്കയിലേക്കു കുടിയേറാൻ മുന്‍പോട്ടു വന്നു.
തുടർന്നു വളർന്നുവന്ന വിവരസാങ്കേതിക മേഖലയിൽ തൊഴിൽ ചെയ്യുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരുടെ സേവനം ആവിർഭവിച്ചതും ഇന്ത്യയിൽനിന്നുള്ള കുടിയേറ്റത്തിന് അനുഗ്രഹമായിത്തീർന്നു. ഈ അനുകൂല സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യയിൽ ജനിച്ച കുടിയേറ്റക്കാരുടെ എണ്ണം 1960ൽ വെറും 12,300 ആയിരുന്നത് 1980ൽ 2,06,000, 1990ൽ 4,50,000, 2000ൽ 10,23,000, 2010ൽ 17,80,000, 2021ൽ 27,09,000 എന്നിങ്ങനെ ഉയർന്നു (ഇന്ത്യൻ വംശജർ എന്നതിൽ ഇന്ത്യയിൽ ജനിച്ചവരും അമേരിക്കയിൽ ജനിച്ച ഇന്ത്യൻ വംശജരുടെ കുട്ടികളും ഇതര രാജ്യങ്ങളിൽനിന്ന് അമേരിക്കയിൽ കുടിയേറിയ ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു).
അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യൻ വംശജർ താമസക്കാരായിട്ടുണ്ടെങ്കിലും കലിഫോർണിയ, ന്യൂ ജഴ്സി, ന്യൂയോർക്ക്, ഫ്ളോറിഡ, ടെക്സസ്, ഇല്ലിനിയോസ് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികമുള്ളത്. വിദ്യാഭ്യാസയോഗ്യതയിൽ ഇന്ത്യൻ വംശജർ പൊതുവേ മുൻപന്തിയിൽ നിൽക്കുന്നവരാണ്. 25 വയസിനു മുകളിലുള്ളവരിൽ 80 ശതമാനം പേർ കോളജ് തലത്തിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്. തത്ഫലമായി മെച്ചപ്പെട്ട വേതനം ലഭിക്കുന്ന ജോലികളാണ് ഏറെ ഇന്ത്യക്കാർക്കും ലഭ്യമായിരിക്കുന്നത്. അധ്വാനശീലത്തിൽ അവർ മുൻപന്തിയിലുമാണ്. തത്ഫലമായി ഒരിന്ത്യൻ കുടുംബത്തിന്റെ ശരാശരി വരുമാനം പ്രതിവർഷം ഒന്നര ലക്ഷം ഡോളറുമാണ്. ഇതര കുടിയേറ്റക്കാരുടെ കാര്യത്തിൽ അത് ഒരു ലക്ഷം ഡോളർ മാത്രമേ വരുന്നുള്ളൂ. അതേയവസരത്തിൽ ഇന്ത്യൻ വംശജർക്ക് മൊത്തത്തിൽ ഇംഗ്ലീഷ് പരിജ്ഞാനവുമുണ്ട്. തദ്വാരാ അവർക്ക് സാധാരണ അമേരിക്കക്കാരുമായി ഇടപെടാനും സാധിക്കുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തിൽ അമേരിക്കയിൽ അവർക്കു നല്ല സ്വീകാര്യതയും ലഭിക്കുന്നുണ്ട്.
ഈ അനുകൂല സാഹചര്യങ്ങളുടെ പിൻബലത്തിൽ കുടിയേറ്റക്കാർക്ക് അമേരിക്കയിലെ വിവിധ സാമൂഹ്യമണ്ഡലങ്ങളിൽ ഉന്നതസ്ഥാനീയരാകുന്നതിനും ഇടയായിത്തീർന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് രാഷ്ട്രീയരംഗം. 2020ൽ ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായതോടെ അമേരിക്കയിൽ അവരുടെ സ്വാധീനം ശക്തമായി. 2024ൽ കമല ഹാരിസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇപ്പോഴത്തെ വൈസ് പ്രസിഡന്റിന്റെ ഭാര്യ ഇന്ത്യൻ വംശജയാണെന്ന കാര്യവും ശ്രദ്ധേയമാണ്. കമല ഹാരിസ് വൈസ് പ്രസിഡന്റാകുന്നതിനു മുന്‍പ് പല ഇന്ത്യൻ വംശജരും സംസ്ഥാന ഗവർണർമാരും സെനറ്റർമാരും പ്രതിനിധി സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയത്തിൽ മാത്രമല്ല, ഇതര മേഖലകളിലും ഉന്നതശ്രേണിയിൽ നില്ക്കുന്ന പല ഇന്ത്യക്കാരുമുണ്ട്. നൊബേൽ സമ്മാനക്കാർ, ഉയർന്ന ശാസ്ത്രജ്ഞർ, വ്യവസായപ്രമുഖർ തുടങ്ങി പലരും ഇന്ത്യക്കാരുടെ കൂട്ടത്തിലുണ്ട്. സിലിക്കണ്‍വാലിയിലെ പല സിഇഒമാരും ഇന്ത്യക്കാർ തന്നെ. ചുരുക്കത്തിൽ, ഇതര രാജ്യങ്ങളിലെ ബുദ്ധിമാന്മാരെ തങ്ങളുടെ രാജ്യത്ത് ആകർഷിക്കുകയും അവരുടെ ജീവിതാഭിലാഷങ്ങൾ സഫലീകരിക്കുന്നതിനുള്ള അവസരം നല്‍കുകയും അമേരിക്ക ചെയ്തുവരുന്നുവെന്ന് ബൈഡൻ പറഞ്ഞത് ഇന്ത്യക്കാരുടെ കാര്യത്തിൽ എന്തുകൊണ്ടും അന്വർഥമായിത്തീർന്നിട്ടുണ്ട്.
ട്രംപ് സൃഷ്ടിച്ചിരിക്കുന്ന ആശങ്കകൾ
ഇന്ത്യൻ കുടിയേറ്റക്കാർ അസൂയാവഹമായ തോതിൽ അമേരിക്കൻ സമൂഹത്തിൽ മുന്നേറുന്ന അവസരത്തിലാണ് കുടിയേറ്റവിരുദ്ധനായ ട്രംപ് 2024ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അമേരിക്കയിൽ കുടിയേറിയിട്ടുള്ള പലരും അനധികൃതമായിട്ടാണ് കുടിയേറിയതെന്നും അവരിൽ പലരുടെയും ജീനുകൾ ദുഷിച്ചതാണെന്നും പലരും ക്രിമിനൽ സ്വഭാവമുള്ളവരാണെന്നുമുള്ള പ്രചരണത്തോടെയാണ്. ട്രംപ് തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങിയതുതന്നെ അവരെയെല്ലാം തെരഞ്ഞുപിടിച്ചു പുറത്താക്കുമെന്നും അമേരിക്കയുടെ അതിർത്തികൾ അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ്. അധികാരത്തിലേറിയ ഉടന്‍തന്നെ പല അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞുപിടിച്ച് ചങ്ങലയ്ക്കിട്ടു തിരിച്ചയയ്ക്കുകതന്നെ ചെയ്തു. 1870കളിൽ അനധികൃതമായി അമേരിക്കയിൽ കുടിയേറിയ ജർമൻകാരന്റെ ചെറുമകനായ ട്രംപ് ഇത്ര ക്രൂരമായി പെരുമാറിയത് വിരോധാഭാസമെന്ന് പറയേണ്ടിയിരിക്കുന്നു. കൂടുതൽ ആളുകളെ തെരഞ്ഞുപിടിച്ച് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ നടത്തിവരികയുമാണ്. അമേരിക്കയുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുംവേണ്ടിയാണ് ഇങ്ങനെയുള്ള നടപടികൾ സ്വീകരിക്കുന്നതെന്നാണ് ട്രംപിന്റെ വാദഗതി.
അതേയവസരത്തിൽ നിയമാനുസൃതം കുടിയേറിയ വിദേശികൾ ഭരണഘടന അനുശാസിക്കുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹരാണെന്ന് ട്രംപ് ഓർമപ്പെടുത്തുന്നുമുണ്ട്. എന്നിരുന്നാലും ഏതു സമയത്തും ഞങ്ങളുടെ രേഖകൾ പരിശോധിച്ചേക്കുമെന്നുമുള്ള ഭയത്തിലാണ് പല കുടിയേറ്റക്കാരും കഴിഞ്ഞുകൂടുന്നതുതന്നെ. പോരെങ്കിൽ 50 ലക്ഷത്തോളം ഗ്രീൻകാർഡ് ഉടമകളുടെ രേഖകൾ പുനഃപരിശോധിക്കുമെന്നുമുള്ള വാർത്തകൾ അടുത്തദിവസം പുറത്തുവന്നിട്ടുമുണ്ട്.
ഇന്ത്യൻ കുടിയേറ്റത്തിന്റെ ഭാവി
താരിഫിന്റെ കാര്യത്തിലും വിദേശനയത്തിന്റെ പേരിലും ഇന്ത്യയുമായി ശീതസമരം നടത്തുന്ന അമേരിക്കൻ ഭരണകൂടത്തിന് ഇന്ത്യൻ കുടിയേറ്റക്കാരോട് വലിയ മമതയൊന്നും ഉണ്ടാവുകയില്ലതന്നെ. ഇന്ത്യയിൽനിന്നുമുള്ള കുടിയേറ്റക്കാരിൽ പലരും അനധികൃതമായി കുടിയേറിയിട്ടുള്ളവരുമാണ്. അവരുടെ സംഖ്യ 6,75,000 വരുമെന്നാണ് ചില പഠനങ്ങൾ നല്കുന്ന കണക്ക്.
ഏതായാലും അങ്ങനെയുള്ളവരെ തിരിച്ചയയ്ക്കുകതന്നെ ചെയ്യും. തുടർന്നുള്ള കുടിയേറ്റവും മുൻകാലത്ത് നടന്നതുപോലെ അത്ര എളുപ്പമുള്ളതാവുമെന്നു തോന്നുന്നില്ല. രണ്ട്, മൂന്ന് വിഭാഗക്കാർക്ക് അത് കൂടുതൽ ദുഷ്കരംതന്നെയായിരിക്കും. അതിലൊന്നാണ് ഐടി മേഖല. ഈ മേഖലയിൽ ഇന്ത്യൻ ടെക്കികൾ ഒരുതരത്തിലുള്ള ആധിപത്യം പുലർത്തിവരുന്നുമുണ്ട്. എന്നാൽ, അവരെ ഒഴിവാക്കി തദ്ദേശീയ ടെക്കികളെ നിയോഗിക്കണമെന്നാണ് ട്രംപിന്റെ നിർദേശം അങ്ങനെ വരുന്പോൾ ഈ മേഖലയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റം നിലച്ചുപോയി എന്നും വരാം.
അമേരിക്കയിലെ ഹോട്ടൽ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽ ഭൂരിപക്ഷം പേരും ഗുജറാത്തിൽനിന്നുള്ള കുടിയേറ്റക്കാരാണ്. പട്ടേൽ മോട്ടൽ എന്നറിയപ്പെടുന്ന ഈ സംരംഭങ്ങളിൽ തൊഴിൽ ചെയ്യുന്നവരിലധികവും ഗുജറാത്തികൾ തന്നെ. അവർക്ക് ശരിയായ രേഖകൾ ഉണ്ടോയെന്നത് സംശയാസ്പദമാണ്. അങ്ങനെ വരുന്പോൾ അവരിൽ പലരെയും തിരിച്ചയച്ചുവെന്നുവരാം. അത് ഗുജറാത്തികളുടെ ഹോട്ടൽ വ്യവസായത്തെ അധോഗതിയിലേക്ക് നയിക്കുന്നതാണ്.
ഇന്ത്യൻ കുടിയേറ്റക്കാരിൽ ഒരു നല്ല വിഭാഗം വിദ്യാർഥികളാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 4.2 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് ഇന്ന് അമേരിക്കയിൽ പഠനം നടത്തുന്നത്. പഠനത്തോടൊപ്പം തൊഴിൽ ചെയ്യുന്നതിനും പഠനത്തിനുശേഷം ജോലി ലഭിക്കുന്നതിനുമുള്ള സാധ്യതകളാണ് ഇന്ത്യൻ വിദ്യാർഥികളെ അമേരിക്കയിലേക്ക് ആകർഷിച്ചിരിക്കുന്നത്. പഠനം കഴിഞ്ഞിട്ടു പലരും അവിടെ തുടരുന്നുമുണ്ട്. ട്രംപിന്റെ നയംമാറ്റത്തിന്റെ ഫലമായി വിദ്യാർഥികൾക്കുള്ള പല ആനുകൂല്യങ്ങളും നിർത്തലാക്കിയിരിക്കുകയാണ്. മാത്രമല്ല, അധ്യയനത്തിനു ശേഷമുള്ള തൊഴിൽസാധ്യതയും നിഷേധിക്കുന്ന നയമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. തത്ഫലമായി വിദ്യാർഥികളുടെ കുടിയേറ്റവും ഇന്നത്തെ രീതിയിൽ തുടർന്നുവെന്നു വരില്ല.
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളുടെ ഫലം അമേരിക്കയിൽ മാത്രം ഒതുങ്ങിനില്‍ക്കുമെന്ന് തോന്നുന്നില്ല. ഇപ്പോൾതന്നെ യൂറോപ്യൻ രാജ്യങ്ങളിലും ഇംഗ്ലണ്ടിലും കാനഡയിലും ഓസ്ട്രേലിയയിലുമൊക്കെ കുടിയേറ്റവിരുദ്ധ പ്രകടനങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. ഈ രാജ്യങ്ങളെല്ലാം കറുത്ത വർഗക്കാരോട് അവജ്ഞയോടെയാണ് അടുത്തകാലം വരെ പ്രവർത്തിച്ചിരുന്നത്.
വെള്ളക്കാരുടെ മേധാവിത്വ മനോഭാവം പുനരവതരിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അങ്ങനെ വരുന്പോൾ വിദേശരാജ്യ കുടിയേറ്റം സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന ഇന്ത്യൻ യുവജനതയ്ക്ക് മോഹഭംഗമാവും. മാത്രമല്ല, ഇന്ത്യക്കു പ്രവാസികളിൽനിന്നു ലഭിക്കുന്ന പണത്തിന്റെ അളവിലും ഇടിവു സംഭവിക്കാം. ചുരുക്കത്തിൽ, ട്രംപിന്റെ കുടിയേറ്റനയം ഇന്ത്യക്ക് പലതരത്തിലും ബുദ്ധിമുട്ടുണ്ടാക്കുക തന്നെ ചെയ്യും.
Leader Page
ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി.പി. രാധാകൃഷ്ണൻ ഇനി ഇന്ത്യയുടെ ഉപരാഷ്ട്രപതി. സിപിആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 68 വയസുള്ള രാധാകൃഷ്ണൻ ഭാവിയിൽ രാഷ്ട്രപതിസ്ഥാനത്തേക്കെത്തിയാലും അദ്ഭുതപ്പെടാനില്ല.
കേരളത്തിന്റെ പ്രിയമിത്രം
കേരളത്തിന്റെയും മലയാളികളുടെയും പ്രിയസുഹൃത്താണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ. എറണാകുളത്ത് കയർ ബോർഡിന്റെ ചെയർമാനായി നാലു വർഷം തിളങ്ങി. 2016 മുതൽ 2020 വരെ കൊച്ചിയും കോയന്പത്തൂരും ചെന്നൈയും ഡൽഹിയും കേന്ദ്രീകരിച്ചായിരുന്നു രാധാകൃഷ്ണന്റെ പ്രവർത്തനം. ഇന്ത്യയിൽനിന്നുള്ള കയർ കയറ്റുമതി അക്കാലത്തെ റിക്കാർഡായ 2,532 കോടി രൂപയിലെത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 2020 മുതൽ 2022 വരെ അദ്ദേഹം ബിജെപിയുടെ കേരളത്തിലെ അഖിലേന്ത്യാ ചുമതലക്കാരനുമായിരുന്നു. കോയന്പത്തൂരും തിരുപ്പൂരുമായുള്ള അടുപ്പത്തേക്കാളേറെയായിരുന്നു രാധാകൃഷ്ണന്റെ കേരള ബന്ധം.
എന്നും കളികളിലെ കേമൻ
മികച്ചൊരു കായികതാരംകൂടിയാണ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമുള്ള രാധാകൃഷ്ണൻ. ക്രിക്കറ്റും വോളിബോളും ഇഷ്ടമുള്ള രാധാകൃഷ്ണൻ കോളജ് പഠനകാലത്ത് ടേബിൾ ടെന്നീസ് ചാന്പ്യനും ദീർഘദൂര ഓട്ടക്കാരനുമായിരുന്നു. ഏതായാലും കായികരംഗത്തെ മെയ്വഴക്കവും ദീർഘദൂര ഓട്ടത്തിലെ സ്റ്റാമിനയും ബിസിനസ് അഡ്മിനിസ്ട്രേഷനിലെ മികവും രാഷ്ട്രീയത്തിലും പ്രയോജനപ്പെട്ടു. കോയന്പത്തൂരിലെ ചിദംബരം കോളജിലായിരുന്നു ബിബിഎ പഠനം. നലംതികഞ്ഞ ആർഎസ്എസുകാരനും ബിജെപിയുടെ ദക്ഷിണേന്ത്യയിലെ പ്രബലനുമായതിനാൽ രാധാകൃഷ്ണനെ തെരഞ്ഞെടുക്കാൻ നേതൃത്വത്തിനു പ്രയാസമുണ്ടായില്ല.
രാഷ്ട്രീയ എതിരാളികളോടുപോലും സൗഹാർദപരമായി പെരുമാറുന്ന രാധാകൃഷ്ണൻ രണ്ടു തവണ എംപിയും രണ്ടു പ്രബല സംസ്ഥാനങ്ങളിൽ ഗവർണറുമായിരുന്നു. അപ്രതീക്ഷിത പദവികൾ എന്നും തേടിയെത്തിയിട്ടുള്ള അദ്ദേഹത്തിന്, ഇത്തവണ ഉപരാഷ്ട്രപതിസ്ഥാനം കൈവന്നതും തികച്ചും അപ്രതീക്ഷിതമായിത്തന്നെ.
മുൻഗാമികളുടെ ശോഭയിൽ
രാജ്യസഭാ ചെയർമാന്റെ അധികചുമതല കൂടിയുള്ള ഉപരാഷ്ട്രപതിക്കു രാജ്യസഭയിലെ പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കാൻ കഴിയുകയെന്നതു പ്രധാനമാണ്. പ്രഗത്ഭരായ മുൻ ഉപരാഷ്ട്രപതിമാരെപ്പോലെ പ്രവർത്തിക്കാൻ രാധാകൃഷ്ണനു കഴിയുമെന്നു പ്രതീക്ഷിക്കാം. വെങ്കയ്യ നായിഡു, ഹമീദ് അൻസാരി, കെ.ആർ. നാരായണൻ, ശങ്കർദയാൽ ശർമ, ആർ. വെങ്കിട്ടരാമൻ, വി.വി. ഗിരി, സക്കീർ ഹുസൈൻ, എസ്. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള മുൻഗാമികളെപ്പോലെ പക്വതയോടെയും വിവേകത്തോടെയും മാന്യതയോടെയും ചട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിച്ച് രാജ്യസഭ നിയന്ത്രിക്കുകയെന്നതാണു പ്രധാനം.
ഒന്നര വർഷത്തോളം ജാർഖണ്ഡിലും തുടർന്നു കഴിഞ്ഞവർഷം ജൂലൈ 31 മുതൽ മഹാരാഷ്ട്രയിലും ഗവർണറായിരുന്ന രാധാകൃഷ്ണൻ ആർഎസ്എസിനും ബിജെപിക്കും പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരുകൾക്കു കാര്യമായ തലവേദന സൃഷ്ടിച്ചതുമില്ല. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലുങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെയും അധികച്ചുമതലയുമുണ്ടായിരുന്നു. എംപി, ഗവർണർ തുടങ്ങിയ പദവികളിലെ പരിചയവും സിപിആറിന് കരുത്തേകും.
ജനാധിപത്യത്തിന്റെ വിജയം
‘സമർപ്പണം, വിനയം, ബുദ്ധിശക്തി’ എന്നിവയാൽ വ്യത്യസ്തനാണ് രാധാകൃഷ്ണൻ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഏതായാലും നിരവധി പ്രമുഖരെ പരിഗണിച്ച ശേഷമാണു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും ചേർന്നു രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയത്. ബിജെപിക്കുള്ളിൽ അസാധാരണമായ ഉയർച്ചയാണെങ്കിലും സിപിആറിന് അർഹതപ്പെട്ട പദവി തേടിയെത്തുകയായിരുന്നു.
പരാജയം ഉറപ്പായിരുന്നെങ്കിലും ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞുവെന്നതിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി മുൻ സുപ്രീം കോടതി ജഡ്ജി ബി. സുദർശൻ റെഡ്ഡിക്ക് അഭിമാനിക്കാം. മാന്യമായ മത്സരങ്ങളാണു ജനാധിപത്യത്തിന്റെ ശക്തി. സുദർശൻ റെഡ്ഡിയെപ്പോലെ രാജ്യമെങ്ങും സഞ്ചരിച്ചു വിപുലമായ പ്രചാരണം നടത്താൻ രാധാകൃഷ്ണനെ ബിജെപി നേതൃത്വം അനുവദിച്ചില്ലെന്ന പ്രതിപക്ഷ ആക്ഷേപം ബാക്കിയാകും.
രഥയാത്രയിലൂടെ തലപ്പത്ത്
1957 മേയ് നാലിനു തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ ആർഎസ്എസ് സ്വയംസേവകനായാണു തുടങ്ങിയത്. ആർഎസ്എസിന്റെ തിരുപ്പൂർ ടൗണ്‍ മേധാവിയും ജില്ലാ മേധാവിയുമായിരുന്നു. 1974ൽ ഭാരതീയ ജനസംഘത്തിന്റെ തമിഴ്നാട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി. 1996ൽ തമിഴ്നാട്ടിലെ ബിജെപിയുടെ സെക്രട്ടറിയായി നിയമിച്ചതോടെ ബിജെപിക്കും രാധാകൃഷ്ണനും നല്ലകാലം തുടങ്ങി. 1998ൽ ലോക്സഭാംഗമായതോടെ ദേശീയ ശ്രദ്ധയിലെത്തി.
2004ൽ ബിജെപിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണനെ കേന്ദ്ര നേതൃത്വം നിയമിച്ചു. മൂന്നു വർഷം നീണ്ട ഈ കാലയളവിൽ സിപിആർ നടത്തിയ 93 ദിവസത്തെ 19,000 കിലോമീറ്റർ ‘രഥയാത്ര’ ബിജെപിക്ക് പുത്തനുണർവ് നൽകി. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുകയെന്നതു മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക വരെയായിരുന്നു രഥയാത്രയിലെ ആവശ്യങ്ങൾ. പിന്നീടു രണ്ടു പദയാത്രകൾകൂടി അദ്ദേഹം നടത്തിയിട്ടുണ്ട്.
കോയന്പത്തൂർ സ്ഫോടനം
അണ്ണാ ഡിഎംകെ സഖ്യത്തിൽ 1998ൽ കോയന്പത്തൂരിൽനിന്നാണ് ആദ്യമായി രാധാകൃഷ്ണൻ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. എൽ.കെ. അഡ്വാനിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോയന്പത്തൂരിലുണ്ടായ ബോംബ് സ്ഫോടന പരന്പര ഫലത്തിൽ സിപിആറിനു ഗുണകരമായി. 58 പേർ കൊല്ലപ്പെട്ട സ്ഫോടനങ്ങൾ കോയന്പത്തൂരിൽ ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിൽ കലാശിച്ചു. 1,44,676 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്. ഇത് അദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പുവിജയം മാത്രമല്ല, തമിഴ്നാട്ടിൽ ബിജെപിയുടെ ആദ്യത്തെ പ്രധാന മുന്നേറ്റവുമായിരുന്നു.
തോൽവിയിലും തളരാതെ
കേന്ദ്രത്തിലെ വാജ്പേയി മന്ത്രിസഭ രാജിവയ്ക്കേണ്ടിവന്നതോടെ 1999ൽ വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ കോയന്പത്തൂരിൽനിന്നു രണ്ടാമതും ലോക്സഭാംഗമായി. എംപിയായിരിക്കെ ടെക്സ്റ്റൈൽസിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെന്ററി കമ്മിറ്റിയിലും ധനകാര്യ കണ്‍സൾട്ടേറ്റീവ് കമ്മിറ്റിയിലും സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിച്ച പ്രത്യേക പാർലമെന്ററി കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
2004, 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സിപിആർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ബിജെപിക്ക് 2004ൽ തമിഴ്നാട്ടിൽ ഒരു സീറ്റുപോലും നേടാനായില്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 225 മണ്ഡലങ്ങളിൽ ഒറ്റയ്ക്കു മത്സരിച്ചപ്പോഴും ബിജെപി വട്ടപ്പൂജ്യമായതു സമീപകാല ചരിത്രം. തുടർതോൽവികളിലും പക്ഷേ സിപിആർ നിരാശനായില്ല.
ധൻകറുടെ വീഴ്ച അവസരമായി
കഴിഞ്ഞ ജൂലൈയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തു പോയതിന്റെ പൂർണരഹസ്യം ഇനിയും പുറത്തുവന്നിട്ടില്ല. സജീവമായി രാജ്യസഭയെ നിയന്ത്രിച്ചശേഷം രാത്രി ഒന്‍പതു മണിയോടെ രാജിവയ്ക്കാൻ നിർബന്ധിതനായ ധൻകറിന്റെ ഗതികേട്, ചരിത്രത്തിൽ മുന്‍പൊരു ഉപരാഷ്ട്രപതിക്കും ഉണ്ടായിട്ടില്ല. തികച്ചും ഏകപക്ഷീയമായി പ്രവർത്തിച്ച ധൻകറിനെതിരേ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയതും അത്യപൂർവമായി.
ധൻകറുടെ രാജിക്കത്തിൽ പറയുന്ന ‘ആരോഗ്യകാരണങ്ങൾ’ ആകില്ല അദ്ദേഹത്തെ രാജിയിലേക്കു നയിച്ചതെന്നു വ്യക്തം. ഒഴിയുന്നതിനു മുന്‍പായി വിടവാങ്ങൽ പ്രസംഗം നടത്താനോ രാജിയുടെ കാരണം പാർലമെന്റിനോടും രാജ്യത്തോടും വിശദീകരിക്കാനോ ഉള്ള അവസരം പോലും അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു.
ജസ്റ്റീസ് വർമയുടെ ദുരൂഹത
ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായി രാജ്യസഭയിൽ പ്രതിപക്ഷം മാത്രം ഒപ്പിട്ടു നോട്ടീസ് നൽകിയ ഇംപീച്ച്മെന്റ് പ്രമേയം സർക്കാരിനോട് ആലോചിക്കാതെ സ്വീകരിച്ചതായി പ്രഖ്യാപിച്ചത് ധൻകറിന്റെ കസേര തെറിച്ചതിൽ ഒരു പ്രധാന കാരണം മാത്രമാകും. മോദിക്കും ഷായ്ക്കും രുചിക്കാത്ത മറ്റെന്തൊക്കെയോ കാരണങ്ങളും ധൻകറിനു വിനയായിരിക്കും. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത 15 കോടിയോളം രൂപയുടെ കറൻസി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽനിന്നു കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര പോലീസ് ഇതേവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതും ഇംപീച്ച്മെന്റ് പ്രമേയം പാസാക്കാതെ പാർലമെന്റ് പിരിഞ്ഞതുമൊക്കെ ഇതിന്റെ ബാക്കിപത്രമാണ്. ഡൽഹി ഹൈക്കോടതിയിൽനിന്ന് അലഹബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റപ്പെട്ട വർമ ജോലി ചെയ്യാതെ ശന്പളം പറ്റുന്നതു തുടരുകയും ചെയ്യുന്നു.
പ്രതീക്ഷയാകുന്ന സ്വീകാര്യത
‘ഒരു വെടിക്കു പല പക്ഷികൾ’ എന്നതാണു സിപിആറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിയതിലൂടെയുള്ള ബിജെപി തന്ത്രം. അടുത്തവർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുകയാണ് ഒരു ലക്ഷ്യം.
കോയന്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം ജില്ലകൾ ഉൾപ്പെടുന്ന കൊങ്കു മേഖലകളിലെ പിന്തുണ ആർജിക്കുന്നതിന് സിപിആറിന്റെ ജാതിസ്വത്വവും രാഷ്ട്രീയ, സംഘ പശ്ചാത്തലവും പ്രയോജനപ്പെടുമെന്നു ബിജെപി കരുതുന്നു. കൊങ്കു വെള്ളാള ഗൗണ്ടർ സമുദായത്തിൽപെട്ടയാളാണ് സിപിആർ.
ആർഎസ്എസിലും ജനസംഘത്തിലും ബിജെപിയിലും സംഘടനാതലങ്ങളിൽ സജീവമായിരുന്നു സിപിആർ.
പാർലമെന്റ് അംഗം എന്ന നിലയിലുള്ള അനുഭവപരിജ്ഞാനവും കൂറും മുഖ്യഘടകമാണ്. ഉപരാഷ്ട്രപതിയെന്ന നിലയിലും രാജ്യസഭാ ചെയർമാന് എന്ന നിലയിലും മോദി- ഷാ നേതൃത്വത്തിനും ബിജെപിക്കും ആർഎസ്എസിനും തികച്ചും വിശ്വസ്തൻ.
തമിഴ്നാട് രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും നാലു പതിറ്റാണ്ടിലേറെ പരിചയസന്പത്തുള്ള രാധാകൃഷ്ണൻ പൊതുവേ സ്വീകാര്യനും ആദരണീയനുമാണ്. ഇതുതന്നെയാണ് പുതിയ ഉപരാഷ്ട്രപതിയെക്കുറിച്ചുള്ള രാജ്യത്തിന്റെ വലിയ പ്രതീക്ഷ.
Leader Page
ഇന്ത്യ-അമേരിക്ക ബന്ധം വല്ലാതെ ഉലഞ്ഞിരിക്കുന്നു. ഇന്ത്യ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുക്കുന്നു. അങ്ങനെ പടിഞ്ഞാറുവശത്തെ കോട്ടത്തിനു ബദൽ നേട്ടമുണ്ടാക്കാം എന്നു കരുതുന്നു. ഇന്ത്യ-അമേരിക്ക വ്യാപാരം കുത്തനേ ഇടിഞ്ഞു. ഇനിയും കുറയും. മറ്റു വിപണികൾ കണ്ടുപിടിച്ച് കോട്ടം പരിഹരിക്കുമെന്നു സർക്കാർ പറയുന്നു. നടക്കാൻ സാധ്യത കുറവാണെന്നു മാത്രം.
റഷ്യ വ്യാപാരം വർധിപ്പിക്കാൻ തയാറാണ്. ചൈനയും തയാർ. പക്ഷേ, അവ എത്രമാത്രം ഫലപ്രദമാകുമെന്നു കണ്ടറിയണം. കാരണം, ഇന്ത്യയുടെ വലിയ കയറ്റുമതി ഇനങ്ങൾ പലതും ആ രാജ്യങ്ങൾക്ക് ആവശ്യമില്ല. റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, ഔഷധങ്ങൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, പെട്രോകെമിക്കലുകൾ, രത്നങ്ങൾ, രത്ന-സ്വർണ ആഭരണങ്ങൾ, ബസുമതി അരി തുടങ്ങിയവയിൽ രണ്ടു രാജ്യങ്ങൾക്കും വലിയ താത്പര്യമില്ല. റഷ്യക്ക് അതിനുതക്ക വ്യവസായങ്ങളോ ഉപഭോക്താക്കളോ ഇല്ല. ചൈനയ്ക്ക് ആഭരണങ്ങളും ബസുമതി അരിയും ഒഴികെ ഉള്ളവയുടെ ഉത്പാദനം വേണ്ടതിലേറെ ഉണ്ട്. അതേസമയം, ഇന്ത്യക്ക് ആ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി ഒഴിവാക്കാനും പറ്റില്ല.
എണ്ണ, വളം, ആയുധം
കുറഞ്ഞ വിലയ്ക്കു കിട്ടുന്ന റഷ്യൻ ക്രൂഡ് ഓയിൽ ഇപ്പോൾ ഇന്ത്യയുടെ ആവശ്യത്തിന്റെ മൂന്നിലൊന്നിലേറെ നിറവേറ്റുന്നു. ദിവസം 54 ലക്ഷം വീപ്പ ക്രൂഡ് ഓയിൽ വേണ്ടതിൽ 17.5 ലക്ഷം വീപ്പ റഷ്യയിൽനിന്നാണു വാങ്ങുന്നത്. രാസവളം ഇറക്കുമതിയുടെ 28 ശതമാനം റഷ്യയിൽനിന്നു വരുന്നു. യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷമാണ് റഷ്യൻ എണ്ണയും വളവും ഇറക്കുമതിയിൽ മുന്തിയ സ്ഥാനം നേടിയത്.
പ്രതിരോധമേഖലയിൽ റഷ്യൻ പങ്ക് ഇന്നും വളരെ വലുതാണ്. 2010-14 കാലത്ത് ആയുധ ഇറക്കുമതിയുടെ 72 ശതമാനം റഷ്യയിൽനിന്നായിരുന്നു. 2015-19ൽ അത് 55 ശതമാനമായും 2020-24ൽ 36 ശതമാനമായും കുറഞ്ഞു. വർധിച്ചത് അമേരിക്കയിലും ഫ്രാൻസിലും ഇസ്രയേലിലും നിന്നുള്ള ഇറക്കുമതി.
ഇനിയും റഷ്യ പ്രതിരോധ ഇറക്കുമതിയിൽ മുന്നിൽ നിൽക്കാനാണ് സാധ്യത. യുദ്ധവിമാനങ്ങളുടെ കാര്യത്തിൽ അമേരിക്കയുടെ എഫ് 35നെ തള്ളി റഷ്യയുടെ എസ്യു 57 വാങ്ങാനാണു സാധ്യത. എഫ് 35 ഒന്നിന് 11 കോടി ഡോളർ (970 കോടിയിലധികം രൂപ) വരുമ്പോൾ എസ്യു 57ന് നാലു കോടി ഡോളർ (350 കോടിയിലധികം രൂപ) മതി. വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ അമേരിക്കൻ പേട്രിയട്ടിനേക്കാൾ ഇന്ത്യക്കു പ്രിയം ഉപയോഗിച്ചു ശീലമായ റഷ്യൻ എസ് 400 ആണ്. പേട്രിയട്ടിന്റെ വില ഒരു യൂണിറ്റിന് 250 കോടി ഡോളർ. ആ സ്ഥാനത്ത് എസ് 400ന് 110 കോടി ഡോളർ മതി.
ചൈനീസ് ഇല്ലാതെ പറ്റില്ല
ചൈനയിൽനിന്നുള്ള ഇറക്കുമതി ഇന്ത്യയിലെ നിരവധി വ്യവസായങ്ങൾക്ക് അനിവാര്യമാണ്. രാജ്യത്തെ മരുന്നുവ്യവസായം ചൈനയിൽനിന്നുള്ള ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് (എപിഐ-മരുന്നിന്റെ യഥാർഥ രാസസംയുക്തം) മുടങ്ങിയാൽ അടച്ചുപൂട്ടേണ്ടിവരും. സ്ട്രെപ്റ്റോമെെസിനും പാരാസെറ്റമോളും നിർമിക്കാനുള്ള എപിഐ 100 ശതമാനവും ചൈനയിൽനിന്നാണ്. ഇബൂപ്രോഫെൻ, പെനിസിലിൻ, വിറ്റാമിൻ ബി 12 എന്നിവയുടെ 95 ശതമാനത്തിലേറെ എപിഐയും ചെെന നൽകുന്നു. മറ്റ് ആന്റിബയോട്ടിക്കുകളുടെ 76 ശതമാനവും ചെെനയിൽനിന്നുതന്നെ. കീടനാശിനിയിൽ 89 ശതമാനവും ചൈനയെ ആശ്രയിക്കുന്നു.
ഇലക്ട്രോണിക്സിലും കാര്യം അങ്ങനെതന്നെ. കംപ്യൂട്ടർ ചിപ്പുകളുടെ 98.6 ശതമാനം ചൈനയിൽനിന്നാണ്. കളർ ടിവിക്കു വേണ്ട ഫ്ലാറ്റ് പാനൽ ഡിസ്പ്ലേയിൽ 86 ശതമാനം ചൈനീസ് ആണ്. സോളർ സെല്ലിൽ 83 ശതമാനം, ലാപ്ടോപ്പിൽ 80.5 ശതമാനം, ലിഥിയം അയോൺ ബാറ്ററിയിൽ 75.2 ശതമാനം എന്നിങ്ങനെ പോകുന്നു ആശ്രിതത്വം. കുട, വാക്വം ഫ്ലാസ്ക്, ഇലക്ട്രിക്കൽ ഫ്രീസർ എന്നിവയുടെ 95 ശതമാനത്തിലേറെ അവിടെനിന്നാണ്. പെൻസിൽ, ക്രയോൺ എന്നിവയിൽ 67 ശതമാനം ചൈനീസ് ആണ്. തുണിയിൽ എംബ്രോയ്ഡറി ചെയ്യാനുള്ള മെഷീനിൽ 92 ശതമാനവും അവിടെനിന്നുതന്നെ.
ബദലല്ല ചൈനയും റഷ്യയും
ഈ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടാൽ ഇന്ത്യ ഇറക്കുമതി കൂട്ടുന്നതിനപ്പുറം കയറ്റുമതി കൂട്ടാനുള്ള അവസരം പരിമിതമാണ്. അതായത്, യുഎസുമായുള്ള കച്ചവടത്തിനു ബദലാവില്ല ഹിന്ദി-ചീനി ഭായി ഭായിയും ഹിന്ദി-റൂസി ഭായി ഭായിയും. പക്ഷേ, പഴയ കോൺഗ്രസ് കാല മുദ്രാവാക്യങ്ങളിലേക്കു മടങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർബന്ധിതനാക്കി. അതുകൊണ്ടാണ് അതിർത്തി കാര്യത്തിൽ ഒരു ധാരണയും ഉണ്ടാകാതിരുന്നിട്ടും ഷാങ്ഹായ് സഹകരണ സംഘടനയുടെ ടിയാൻജിൻ ഉച്ചകോടിയിൽ മോദി പങ്കെടുത്തത്. അവിടെ ചൈനയുടെ ഷി ചിൻപിംഗുമായും റഷ്യയുടെ വ്ലാദിമിർ പുടിനുമായും കാര്യമായ ചർച്ചകൾ നടത്തി. എല്ലാവരെയും കാണിക്കാൻ ഉദ്ദേശിച്ച് നിരവധി ചിത്രങ്ങളും (മോദി-ഷി, മോദി-പുടിൻ, ഷി- മോദി-പുടിൻ) എടുപ്പിച്ചു. ബന്ധങ്ങൾ വിളക്കിച്ചേർക്കുന്ന ആ ചിത്രങ്ങൾ കണ്ടു പലർക്കും ദേഷ്യം മൂത്തു.
നെഹ്റുവിന്റെ വഴിയേ
കഴിഞ്ഞ തവണകളിൽ ഒഴിവാക്കിയ ഉച്ചകോടിയിൽ പങ്കെടുത്തതു വഴി സൗഹൃദം പ്രഖ്യാപിച്ചതിനപ്പുറം കാര്യമായ ഒന്നും ഉണ്ടായിട്ടില്ല. ഭാവിയിൽ ഉണ്ടാകാം. പക്ഷേ, അമേരിക്ക തള്ളിപ്പറഞ്ഞാൽ വേറെ കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ പറ്റും എന്ന് ഇന്ത്യ കാണിച്ചു. അതിലുപരി, ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും ചേരിചേരാനയത്തെ വിമർശിച്ചവർ ഇപ്പോൾ അതേ വഴിയിലേക്കു മാറി എന്ന ആഭ്യന്തര രാഷ്ട്രീയമാറ്റം ഇവിടെ കാണാം. അതു ചെറിയൊരു മാറ്റമല്ല.
അകാരണമായി ശണ്ഠ കൂടി ഇന്ത്യയെ ട്രംപ് മറുചേരിയുടെ കൂടെയാക്കി എന്നു പല അമേരിക്കൻ നിരീക്ഷകരും കുറ്റപ്പെടുത്തുന്നുണ്ട്. ജോർജ് ബുഷ് ജൂണിയർ മുതലുള്ള പ്രസിഡന്റുമാർ ഇന്ത്യയെ സഖ്യകക്ഷിയാക്കി ഏഷ്യ പസഫിക് മേഖലയിൽ ശാക്തിക സന്തുലനത്തിനു ശ്രമിച്ചതാണ്. അതെല്ലാം ട്രംപ് തകർത്തു. തീരുവ 50 ശതമാനം എന്ന അസഹ്യ നിലയിലാക്കാൻ പറയുന്ന റഷ്യൻ എണ്ണവാങ്ങൽ അല്ല കാരണം എന്ന് എല്ലാവർക്കുമറിയാം.
വേട്ടക്കാരനും ബലൂചിസ്ഥാനും
ട്രംപിന്റെ പുത്രൻ ഡോണൾഡ് ട്രംപ് ജൂണിയറിന്റെ സുഹൃത്ത് ജെൻട്രി ബീച്ച് തുർക്കി, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഇക്കൊല്ലം കുറേ സന്ദർശനങ്ങൾ നടത്തി. എല്ലായിടത്തും ഭരണത്തലവന്മാരെ കണ്ടു ചർച്ച നടത്തി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ധന, വിദേശ മന്ത്രിമാരെയും കൂട്ടി ബീച്ചിനു വിരുന്നു നൽകി. പാക്കിസ്ഥാനിൽ 50 ലക്ഷം കോടി ഡോളറിന്റെ അപൂർവധാതുക്കൾ ഖനനം ചെയ്യാമെന്നും രാജ്യത്തെ പെട്രോളിയം നിക്ഷേപം വലുതാണെന്നും ട്രംപിനെ പഠിപ്പിച്ചതു ബീച്ചാണ്. അതുവച്ചാണ്, ഇന്ത്യ പാക്കിസ്ഥാന്റെ എണ്ണ വാങ്ങേണ്ടിവരുമെന്നു ട്രംപ് പറഞ്ഞത്. ധാതുക്കൾ ഉള്ളതു കലാപം നടക്കാറുള്ള ബലൂചിസ്ഥാനിലും മറ്റുമാണ്. അവിടെ ഖനനം എളുപ്പമാകാനിടയില്ല.
ടെക്സസിൽ ഹെഡ്ജ് ഫണ്ട് നടത്തുന്ന ബീച്ചും ജൂണിയർ ട്രംപും ഒന്നിച്ചു വേട്ടയ്ക്കു പോകാറുണ്ട്. ഒരു പാപ്പർ ഇടപാടിൽ തട്ടിപ്പിനു ശക്ഷിക്കപ്പെട്ടയാളാണു ബീച്ചിന്റെ പിതാവ് ഗാരി. ഇയാളാണ് പല രാജ്യങ്ങളിലും ട്രംപ് കുടുംബത്തിനു താത്പര്യമുള്ള ബിസിനസുകൾ തേടിപ്പിടിച്ചു കൊടുക്കുന്നത്. ചില സാമ്പത്തിക സ്വാർഥതാത്പര്യങ്ങളാണ് ഇപ്പോൾ ലോകത്തെ ഭരിക്കുന്നത് എന്നു പ്രധാനമന്ത്രി മോദി പറഞ്ഞത് ഇക്കാര്യങ്ങൾ മനസിൽ വച്ചാണ്.
വഴിപിരിയാതെ നോക്കാൻ
അമേരിക്കൻ ബന്ധത്തിലെ ഉലച്ചിൽ വഴിപിരിയലിൽ എത്തുകയില്ല എന്നാണ് പരക്കെ കരുതുന്നത്. ആപ്പിൾ മുതൽ നൂറുകണക്കിന് അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. 2000 ഏപ്രിൽ മുതൽ 2024 സെപ്റ്റംബർ വരെ 6,677 കോടി ഡോളർ (5.9 ലക്ഷം കോടി രൂപ) പ്രത്യക്ഷ മൂലധനനിക്ഷേപം യുഎസ് കമ്പനികൾ നടത്തിയിട്ടുണ്ട്. നികുതിലാഭ രാജ്യങ്ങളിൽ കൂടി നടത്തിയതു ചേർത്താൽ ഇത്രയും തന്നെ അമേരിക്കൻ മൂലധനം കൂടി ഇന്ത്യയിൽ വന്നിട്ടുണ്ടാകും. അതു മിത്രരാജ്യം എന്ന പരിഗണനയിലാണ്. രാജ്യം എതിർചേരിയിലായാൽ ആ നിക്ഷേപവും ഓഹരിവിപണിയിലെ നിക്ഷേപങ്ങളും മടങ്ങിപ്പോകാനാരംഭിക്കും. അതു വലിയ ധനകാര്യ വിപത്തായി മാറും. അങ്ങനെ വരാതിരിക്കാൻ വലിയ കമ്പനികളും നിക്ഷേപകരും പരിശ്രമിക്കും. ഇന്ത്യയിലെ കയറ്റുമതി വ്യവസായികൾക്കു മാത്രമല്ല, ഇന്ത്യ-യുഎസ് ബന്ധം ഭദ്രമായി നിൽക്കണം എന്ന ആഗ്രഹമെന്നർഥം. ആ നീക്കങ്ങൾ ഫലം കാണുമെന്നു വേണം കരുതാൻ.
470 ബോയിംഗ് വിമാനങ്ങൾക്കുള്ള എയർ ഇന്ത്യയുടെ ഓർഡർ മുതൽ ഇന്ത്യയിൽനിന്നു പ്രതീക്ഷിക്കുന്ന പ്രതിരോധ വാങ്ങലുകൾ വരെ ശതകോടിക്കണക്കിനു ഡോളറിന്റെ ഇറക്കുമതിയാണു വരുംകാലത്ത് അമേരിക്കയിൽനിന്ന് ഇന്ത്യ നടത്തുക. ഇതെല്ലാം നഷ്ടപ്പെടുത്താൻ കമ്പനികൾ താത്പര്യപ്പെടില്ല.
സഹവർത്തിത്വം തുറന്ന കണ്ണോടെ
പാക്കിസ്ഥാന് പൂർണ സംരക്ഷണം നൽകുന്ന ചൈനയുമായി സമാധാനപരമായ സഹവർത്തിത്വം എന്ന പഴയ പഞ്ചശീലതത്വം മാത്രമേ ഇന്ത്യക്കു മുന്നോട്ടു കൊണ്ടുപോകാനുള്ളൂ. അതാകട്ടെ, നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാർ ശ്രമിച്ചു നോക്കിയതും ചൈന പരാജയപ്പെടുത്തിയതുമാണ്. എങ്കിലും വീണ്ടും പരീക്ഷിക്കാം. സാമ്പത്തിക സഹകരണവും ജനങ്ങൾ തമ്മിലുള്ള ഇടപാടുകളും വളർത്തുമ്പോൾ അതിർത്തിയിൽ ജാഗ്രത പാലിക്കുകയും എപ്പോഴും സന്നദ്ധരായിരിക്കുകയും വേണം എന്നു മാത്രം.
മോദി മടങ്ങിയതിന്റെ പിറ്റേന്ന് പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ഷരീഫും സൈനികമേധാവിയും ബെയ്ജിംഗിൽ ചൈനീസ്, റഷ്യൻ നേതാക്കളോടു ചർച്ച നടത്തിയതും ഷരീഫ്-ഷി, ഷരീഫ്-പുടിൻ ഫോട്ടോകൾ വന്നതും ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യമാണ്.
നൊബേലും ട്രംപും
എന്താണു ട്രംപിനെ ഇതിലേക്കു നയിച്ചത്? രണ്ടു കാരണങ്ങളാണു പറയുന്നത്.
ഒന്ന്: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിൽ തന്റെ പങ്ക് ഇന്ത്യ നിഷേധിച്ചതിലെ വിരോധം. ആ നിഷേധം സമാധാന നൊബേലിനു ട്രംപിന്റെ പേര് ശിപാർശ ചെയ്യാൻ പറ്റില്ല എന്നു മോദി പറയുന്ന ടെലിഫോൺ സംഭാഷണം വരെ എത്തി എന്നാണു റിപ്പോർട്ടുകൾ. നൊബേൽ പുരസ്കാരം ട്രംപിനു വല്ലാത്ത മോഹം തോന്നിയ ഒന്നാണെന്ന കാര്യം ലോകത്തിനു മുഴുവൻ അറിയാം. താൻ ഒരു വലിയ സംഭവമാണെന്ന വല്ലാത്ത അബദ്ധവിശ്വാസത്തിന്റെ മറുവശമാണത്.
പാക്കിസ്ഥാനിലെ സ്വപ്നങ്ങൾ
രണ്ട്: പാക്കിസ്ഥാനിൽ ട്രംപ് കാണുന്ന വലിയ ബിസിനസ് അവസരങ്ങൾ. ഇന്ത്യ അങ്ങനെ അവസരം നൽകില്ല. ഡെമോക്രാറ്റിക് പ്രസിഡന്റുമാരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) ജേക്ക് സള്ളിവനാണ് ഈ ആരോപണം ഉന്നയിച്ചത്. എതിർ പാർട്ടിക്കാരനായതിന്റെ പേരിൽ ആരോപണം അവിശ്വസിക്കേണ്ടതില്ല.
പശ്ചിമേഷ്യയിലും യൂറോപ്പിലും ട്രംപിന്റെ പ്രത്യേക ദൂതനായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ സ്റ്റീവ് വിറ്റ് കോഫിന്റെ മകൻ സഖറി (സാക്) തുടങ്ങിയ വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന സ്ഥാപനത്തിന് പാക്കിസ്ഥാനിൽ ഈയിടെ ചില നേട്ടങ്ങളുണ്ടായി. ക്രിപ്റ്റോ കറൻസി വ്യാപനത്തിനുള്ള അനുവാദവും രാജ്യത്ത് ധനകാര്യ ഇടപാടുകൾ ഡിജിറ്റൽ ആക്കാനുള്ള കരാറും അതിൽപ്പെടുന്നു.
ട്രംപ് കുടുംബത്തിന് ലിബർട്ടിയിൽ 60 ശതമാനം ഓഹരിയുണ്ട്. ഏപ്രിലിൽ ഈ കരാറുകൾ ഉണ്ടായ ശേഷമാണ് പാക് സേനാമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസിലേക്കു വിളിച്ചു വിരുന്നു നൽകിയത്. ട്രംപിനെ നൊബേലിനു ശിപാർശ ചെയ്യാൻ മുനീർ മടിച്ചുമില്ല. ആ വിരുന്നിനു വരുന്നാേ എന്ന് ട്രംപ് മോദിയോടു ചോദിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
Leader Page
വസ്ത്രമേഖലയില്‍ ആഭ്യന്തര വിപണി പ്രയോജനപ്പെടുത്തും
യുഎസിലേക്കുള്ള കയറ്റുമതിക്കു നിലവില്‍വന്ന അധിക തീരുവയെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ വസ്ത്രമേഖലയില്‍ ഉണ്ടാകണം. തീരുവ വര്‍ധന മൂലമുള്ള ഏതു വെല്ലുവിളിയെയും നേരിടാന്‍ സാധിക്കും. ഇന്ത്യന്‍ വിപണി ഫലപ്രദമായി ഉപയോഗിക്കുകയും വിപുലപ്പെടുത്തുകയുമാണു വേണ്ടത്. ഇതിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും താല്പര്യങ്ങളും സംരക്ഷിക്കപ്പെടും.
ഇന്ത്യയിലെ കുഞ്ഞുങ്ങള്‍ക്കുള്ള വസ്ത്രവിപണി 2030 ആകുമ്പോഴേക്കും ഏകദേശം 1.46 ലക്ഷം കോടി രൂപയിലെത്തുമെന്നാണു കണക്കാക്കുന്നത്. യുഎസിലെ ജനന നിരക്കിന്റെ ആറ് ഇരട്ടിയാണ് ഇന്ത്യയിലെ ജനന നിരക്ക്. ഏകദേശം 24 ദശലക്ഷമാണ് ഇന്ത്യയിലെ ജനനനിരക്ക്. അതനുസരിച്ച് ഇന്ത്യയില്‍ നവജാത ശിശുക്കളുടെയും കുട്ടികളുടെയും വസ്ത്രങ്ങളുടെ ആവശ്യകതയും വര്‍ധിക്കും.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ വലിയ വസ്ത്ര നിര്‍മാണ കമ്പനിയാണു കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ്. ഞങ്ങളുടെ യുഎസ് ബ്രാന്‍ഡായ ‘ലിറ്റില്‍ സ്റ്റാര്‍’ ഇനി ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുകയാണ്. ഇതിലൂടെ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ അധിക വരുമാനമാണു കമ്പനി പ്രതീക്ഷിക്കുന്നത്.
സാബു ജേക്കബ് (മാനേജിംഗ് ഡയറക്ടര്‍, കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ്)
തിളക്കം നഷ്ടമാകുന്ന വജ്രനഗരം
ലോകത്ത് ഉത്പാദിപ്പിക്കുന്ന 15 വജ്രങ്ങളിൽ 14 എണ്ണവും മുറിച്ചു മിനുക്കുന്നത് സൂററ്റിലാണ്. ഇന്ത്യയുടെ ‘വജ്രനഗരം’ എന്നറിയപ്പെടുന്ന സൂററ്റിൽ ഇരുപതിനായിരത്തോളം ചെറുകിട, ഇടത്തരം കച്ചവടക്കാരുണ്ട്. ഇവർക്ക് വജ്രം കയറ്റുമതി ചെയ്യാനുള്ള ഏറ്റവും വലിയ ഒറ്റപ്പെട്ട വിപണി അമേരിക്ക തന്നെ. വജ്രവ്യവസായത്തിന്റെ പരമോന്നത സമിതിയായ ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) പറയുന്നതനുസരിച്ച്, 2024-25 സാമ്പത്തികവർഷത്തിൽ ഇന്ത്യ 4.8 ബില്യൺ ഡോളറിന്റെ, മുറിച്ചതും മിനുക്കിയതുമായ രത്നങ്ങളാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. ഇതേ കാലയളവിലെ ഇന്ത്യയുടെ മൊത്തം വജ്ര കയറ്റുമതിയുടെ മൂന്നിലൊന്നിലധികം വരുമിത്.
കോൽക്കത്ത ആസ്ഥാനമായുള്ള വജ്ര കയറ്റുമതിക്കാരനായ ദേബാഷിഷ് റോയ് പറഞ്ഞത് ഓർഡറുകൾ റദ്ദാക്കിത്തുടങ്ങിയെന്നാണ്. “യുഎസിലെ വ്യാപാരികൾ ഉയർന്ന താരിഫ് കാരണം ഉത്പന്നങ്ങൾ എടുക്കാൻ തയാറാകുന്നില്ല. വജ്രവ്യാപാര രംഗത്തെ എന്റെ രണ്ട് പതിറ്റാണ്ടുകാലത്തെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമാണിത്,” അദ്ദേഹം പറഞ്ഞു.
വഴിയാധാരമാകുന്ന തൊഴിലാളികൾ
ഗുജറാത്തിലെ സൂററ്റ്, അഹമ്മദാബാദ്, രാജ്കോട്ട് നഗരങ്ങളിലെ വജ്രം മിനുക്കുന്ന, മുറിക്കുന്ന യൂണിറ്റുകളിൽ രണ്ട് ദശലക്ഷത്തിലധികം പേർ തൊഴിലെടുക്കുന്നുണ്ട്. ഇവരിൽ പലർക്കും അടുത്ത കാലത്ത് ശമ്പളം കുറഞ്ഞു. ആദ്യം കോവിഡ്-19 മഹാമാരി. പിന്നീട് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം എന്നിവയാണവരെ വലച്ചത്.
“മഹാമാരി ഹോങ്കോംഗ്, ചൈന തുടങ്ങിയ രാജ്യാന്തര വിപണികളിൽ സാമ്പത്തികമാന്ദ്യമുണ്ടാക്കി,” ഗുജറാത്തിലെ ഡയമണ്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് രമേഷ് സിലാറിയ പറഞ്ഞു. “റഷ്യ-യുക്രെയ്ൻ യുദ്ധം കാരണം റഷ്യയിൽ നിന്നുള്ള അസംസ്കൃത വജ്ര ഇറക്കുമതിക്ക് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിരോധനവും, ജി7 ഏർപ്പെടുത്തിയ നിരോധനവും ഞങ്ങളുടെ വ്യാപാരത്തെ ബാധിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ ചരിത്രപരമായി അസംസ്കൃത വജ്രങ്ങളുടെ ഒരു പ്രധാന ഉറവിടമാണ്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 80 വജ്രത്തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തതായി സിലാറിയ അവകാശപ്പെട്ടു.“അന്താരാഷ്ട്ര വിപണിയിലെ സാഹചര്യം തൊഴിലാളികളുടെ വേതനം പ്രതിമാസം ഏകദേശം 15,000-17,000 രൂപയായി കുറച്ചു.” അദ്ദേഹം പറഞ്ഞു. ട്രംപിന്റെ താരിഫുകൾ പൂർണമായി പ്രാബല്യത്തിൽ വരുമ്പോൾ, ഗുജറാത്തിൽ രണ്ടു ലക്ഷം പേർക്ക് ഉപജീവനം നഷ്ടപ്പെട്ടേക്കാമെന്നും യൂണിയൻ കണക്കാക്കുന്നുണ്ട്. സൗരാഷ്ട്ര മേഖലയിൽ യുഎസ് താരിഫിനുശേഷം ഒരു ലക്ഷത്തോളം വജ്രത്തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായി തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് ഭാവേഷ് ടാങ്ക് പറഞ്ഞു.
ഏപ്രിലിൽ അമേരിക്ക 10% അടിസ്ഥാന ചുങ്കം ഏർപ്പെടുത്തിയപ്പോൾത്തന്നെ വജ്രം മുറിക്കുന്നതിനും മിനുക്കുന്നതിനും സൗരാഷ്ട്രമേഖലയിൽ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. ഭാവ്നഗർ, അമ്രേലി, ജുനഗഡ് എന്നിവിടങ്ങളിലെ ചെറിയ യൂണിറ്റുകളേയാണ് ഇതേറ്റവും കൂടുതൽ ബാധിച്ചത്. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ സംസ്ഥാന സർക്കാർ ജോലി നഷ്ടപ്പെട്ടവരുടെ കുടുംബത്തിലെ ഓരോ കുട്ടിക്കും 13,500 രൂപ അലവൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.
താരിഫിനു മുമ്പുതന്നെ ഈ മേഖലയിൽ പ്രതിസന്ധി തുടങ്ങിയിരുന്നു. ലാബിൽ നിർമിക്കുന്ന വജ്രങ്ങൾ പ്രകൃതിദത്ത വജ്രങ്ങളുടെ വിപണി പതിയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വജ്രങ്ങൾ ഖനനം ചെയ്യുന്നവയല്ല, മറിച്ച് പ്രത്യേക ലബോറട്ടറികളിൽ നിർമിക്കുന്നവയാണ്. പ്രകൃതിദത്ത വജ്രങ്ങളുടെ വിലയുടെ 10 ശതമാനം മാത്രമാണ് ഇവയ്ക്ക് വില. പരിചയസമ്പന്നനായ ആഭരണ വ്യാപാരിക്കുപോലും വെറുംകണ്ണ്കൊണ്ട് ഇവ തിരിച്ചറിയാൻ പറ്റില്ല.
കയറ്റുമതിയിലെ കുറവ്
ജിജെഇപിസിയുടെ കണക്കനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 10.8 ബില്യൺ ഡോളറിന്റെ അസംസ്കൃത വജ്രമാണ് ഇറക്കുമതി ചെയ്തത്. ഇത് 2023-24-ൽ ഇറക്കുമതി ചെയ്ത 14 ബില്യൺ ഡോളറിൽ നിന്ന് 24.27 ശതമാനം കുറവാണ്. മുറിച്ചതും മിനുക്കിയതുമായ പ്രകൃതിദത്ത വജ്രങ്ങളുടെ കയറ്റുമതിയിലും 16.75 ശതമാനം കുറവുണ്ടായി. 2023-24-ൽ 16 ബില്യൺ ഡോളറുണ്ടായിരുന്ന കയറ്റുമതി 2024-25-ൽ 13.2 ബില്യൺ ഡോളറായി കുറഞ്ഞു.
താരിഫുകൾ യുഎസ് ആഭരണ വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്ന് ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിന്റെ ചെയർമാൻ രാജേഷ് റോക്ഡ മുന്നറിയിപ്പ് നൽകി. ആഭരണങ്ങൾക്ക് വിലകൂടിയാൽ പ്രതിസന്ധി നേരിടുന്ന 70,000ത്തോളം ആഭരണ വ്യാപാരികൾ യുഎസിലുണ്ട്.
നാട്ടുവിപണിതന്നെ രക്ഷ
ആഭ്യന്തര വിപണിയിൽ വജ്രങ്ങൾക്ക് ആവശ്യം കൂട്ടുകയും പുതിയ വിപണികളിലേക്കു മാറുകയും ചെയ്യേണ്ടതാണ് ഇനി പരിഹാരമെന്ന് വ്യാപാരികൾ പറയുന്നു. ആഭ്യന്തര രത്ന, ആഭരണ വിപണി വളരുന്നുണ്ടെന്നാണ് സൂചന.
രണ്ടു വർഷത്തിനുള്ളിൽ വിൽപ്പന 85 ബില്യൺ ഡോളറിൽ നിന്ന് 130 ബില്യൺ ഡോളറിലേക്ക് എത്തുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ പുതിയ വിപണിയും ലക്ഷ്യമിടുന്നുണ്ട്. സ്വർണം ശക്തമായ ആഭ്യന്തര വിപണിയുടെ ഉദാഹരണമാണ്. ഇത് സ്വർണക്കയറ്റുമതിയിലെ തിരിച്ചടികളുടെ ആഘാതം കുറയ്ക്കുന്നുണ്ട്. പക്ഷേ, ഇന്ത്യയിലെ വജ്ര മേഖലയ്ക്ക് ഇപ്പോൾ അത്തരമൊരു കവചമില്ല.
ഇപ്പോൾ സഹായമില്ലെങ്കിൽ, വജ്രവ്യാപാരത്തിന് അതിന്റെ തിളക്കം എന്നെന്നേക്കുമായി നഷ്ടമാകും.
ദീപാവലിക്കു മുന്‍പേ വെളിച്ചം കെടുമോ?
“ദീപാവലിക്ക് ചില ഓർഡറുകളുണ്ട്. അത് ചെയ്തുകൊടുക്കണം. പിന്നെ...,” സൂററ്റിൽനിന്ന് ഫോണിൽ ഇതുപറയുന്പോൾ ഘനശ്യാം മേത്തയുടെ വാക്കുകളിലെ ആശങ്ക വ്യക്തമായിരുന്നു. ഉത്സവസീസണുകളിൽ പതിവുള്ള ഉത്സാഹം വജ്രനഗരത്തിലെങ്ങുമില്ലെന്ന് ഘനശ്യാം സാക്ഷ്യപ്പെടുത്തുന്നു.
സൂററ്റിൽ വജ്രം മുറിക്കുന്നതും മിനുക്കുന്നതുമായ ചെറിയ യൂണിറ്റ് നടത്തുകയാണ് ഘനശ്യാം. എട്ടുവർഷം പഴക്കമുള്ള സ്ഥാപനം ദീപാവലിയോടെ അടച്ചുപൂട്ടേണ്ടിവന്നേക്കുമെന്ന ദുരവസ്ഥയെ എങ്ങനെ മറികടക്കുമെന്ന ചിന്താഭാരത്തിലാണ് ഈ മുപ്പത്തിയഞ്ചുകാരൻ. പരുക്കൻ വജ്രങ്ങളെ തിളക്കമുറ്റ രത്നങ്ങളാക്കുന്ന ജോലിയാണ് സ്ഥാപനത്തിൽ നടക്കുന്നത്. ഘനശ്യാമിന്റെ യൂണിറ്റ് 40 പേർക്ക് തൊഴിൽ നൽകുന്നു.
“ഇപ്പോൾത്തന്നെ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ പ്രകൃതിദത്ത വജ്ര വ്യവസായത്തിന്റെ അടിക്കല്ലിളക്കും.’’അദ്ദേഹം പറയുന്നു.
ദീപാവലിക്ക് സാധാരണയായി എല്ലാ ഉത്പന്നങ്ങളുടെയും ആഭ്യന്തര വിൽപ്പന വർധിക്കാറുണ്ട്. “പക്ഷേ, യുഎസിലെ ഉയർന്ന താരിഫ് കാരണം കയറ്റുമതിക്കാർ ഓർഡറുകൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ, ദീപാവലിക്ക് മുന്‍പുതന്നെ ഞങ്ങൾക്ക് സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നേക്കാം. ഓർഡറുകൾ കുറഞ്ഞതിനാൽ തൊഴിലാളികൾക്ക് ശമ്പളം നൽകാനും മറ്റു ചെലവുകൾ നടത്താനും വളരെ ബുദ്ധിമുട്ടാണ്” മേത്ത വ്യക്തമാക്കി.
വസ്ത്രത്തിലും തീ പിടിപ്പിക്കുന്ന തീരുവ
അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയും പ്രതിസന്ധിയിലായി. ആറ് മാസത്തിനുള്ളിൽ വസ്ത്ര കയറ്റുമതിയുടെ ഏകദേശം നാലിലൊന്ന് കുറയുമെന്നാണ് കണക്ക്. അമേരിക്കയാണ് ഇന്ത്യയുടെ വസ്ത്ര വ്യവസായത്തിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി.
ഇറക്കുമതി ചെയ്യുന്ന പരുത്തിക്കുള്ള നികുതി ഒഴിവാക്കിയത് ഡിസംബർ 31 വരെ നീട്ടിയത് ആഭ്യന്തര തുണി വ്യവസായത്തിന് ആശ്വാസം നൽകും. കനത്ത ചുങ്കത്തിന്റെ ആഘാതം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നു വ്യവസായികൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്തി അമേരിക്കയ്ക്ക് പുറത്തുള്ള മറ്റ് വിപണികൾ കണ്ടെത്താനും കയറ്റുമതി തന്ത്രം പുനഃക്രമീകരിക്കാനും ഇത് വ്യവസായത്തെ സഹായിക്കും.
അടുത്ത ആറു മാസത്തേക്ക് 20-25 ശതമാനം നഷ്ടം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി സെക്രട്ടറി ജനറൽ ചന്ദ്രിമ ചാറ്റർജി പറഞ്ഞത്. പരുത്തിക്ക് ആനുകൂല്യം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ചന്ദ്രിമ ചാറ്റർജി പറഞ്ഞു. പരുത്തി ഇറക്കുമതി ചെയ്ത് കപ്പൽ മാർഗം എത്താൻ കുറഞ്ഞത് 45-50 ദിവസമെടുക്കും. ഈ നീട്ടിയ സമയം പുതിയ ഓർഡറുകൾക്ക് ഗുണം ചെയ്യും- അവർ വ്യക്തമാക്കി.
2024-25 സാമ്പത്തിക വർഷത്തിൽ തുണി, വസ്ത്ര മേഖലയുടെ മൊത്തം മൂല്യം 179 ബില്യൺ ഡോളറാണ്. ഇതിൽ 142 ബില്യൺ ഡോളറിന്റെ ആഭ്യന്തര വിപണിയും 37 ബില്യൺ ഡോളറിന്റെ കയറ്റുമതിയും ഉൾപ്പെടുന്നു.
തിരുപ്പൂരിൽ മാന്ദ്യം
തിരുപ്പൂരിലെ വസ്ത്ര നിർമാതാക്കളും പ്രതിസന്ധിയിലാണ്. അമേരിക്കൻ ഉപഭോക്താക്കളിൽ നിന്നുള്ള പുതിയ ഓർഡറുകൾ നിലച്ച മട്ടാണ്. നിലവിലുള്ള കരാറുകൾ പുനരാലോചനയിലും. ഇത് ലാഭവിഹിതം കുറയ്ക്കുന്നു.
8-15 ശതമാനം മാത്രം ലാഭത്തിൽ പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് അധികച്ചെലവ് താങ്ങാൻ കഴിയില്ല- അമേരിക്കയിൽ ഗണ്യമായ ബിസിനസുള്ള തിരുപ്പൂർ ആസ്ഥാനമായുള്ള എൻസി ജോൺ ഗാർമെന്റ്സ് ഡയറക്ടർ അലക്സാണ്ടർ നെറോത്ത് പറയുന്നു.
പരമാവധി അഞ്ചു ശതമാനം വരെ കിഴിവ് നൽകാൻ കമ്പനികൾക്ക് കഴിഞ്ഞേക്കുമെന്നാണ് പൊതുവായ ധാരണ. അത് വിപണിയിൽ എത്തുമ്പോഴുള്ള ചെലവിൽ ഏഴു ശതമാനം കുറവുണ്ടാക്കും. എന്നാൽ ചില കമ്പനികൾ യാതൊരു ലാഭവിഹിതവുമില്ലാതെയാണ് കിഴിവ് നൽകുന്നത്.
തിരിച്ചുവരവ് പ്രതീക്ഷിച്ചാണിത്. കുറഞ്ഞത് നിലവിലുള്ള ബിസിനസെങ്കിലും നിലനിർത്തുകയാണു ലക്ഷ്യം. 2024-25 സാമ്പത്തിക വർഷത്തിൽ തിരുപ്പൂരിൽ നിന്ന് അമേരിക്കയിലേക്ക് 15,000 കോടി രൂപയുടെ വസ്ത്രങ്ങൾ കയറ്റുമതി ചെയ്തു. ഇത് അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതിയുടെ വലിയൊരു ഭാഗമാണ്. എസ്ബിഐ റിസർച്ചിന്റെ കണക്കനുസരിച്ച്, നിറ്റ്വെയർ വസ്ത്രങ്ങൾക്കുള്ള താരിഫ് 63.9ശതമാനം ആണ്. എന്നാൽ കണക്കാക്കുന്ന മൊത്തം ആഘാതം ഏകദേശം 67ശതമാനം വരും.
കയറ്റുമതിക്കാർ ഇപ്പോൾ മറ്റു വിപണികൾ തേടുകയാണ്. അടുത്തിടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച യുകെ ഒരു സാധ്യതയാണ്. എങ്കിലും, അമേരിക്കൻ ഓർഡറുകളുടെ വ്യാപ്തി മറ്റൊരു വിപണിക്കും പൂർണമായി നികത്താൻ കഴിയില്ലെന്നു പല വ്യവസായ വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു. ഈ താരിഫ് നീണ്ടുനിന്നാൽ തിരുപ്പൂരിലെ ഏകദേശം ആറു ലക്ഷം തൊഴിലാളികളെയാണ് ബാധിക്കുക.
Leader Page
ഭാരതം വരുമാനസമത്വത്തിൽ ലോകത്തു നാലാം സ്ഥാനത്തെത്തിയതായി ലോക ബാങ്ക് ഈയിടെ പുറത്തുവിട്ട റിപ്പോർട്ട് രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിട്ടുള്ളത്. ഉപഭോഗം ആധാരമാക്കിയിട്ടുള്ള ‘ജിനി’ സൂചികയെ ഇതര രാജ്യങ്ങളുടെ വരുമാന അസമത്വവുമായി സർക്കാർ താരതമ്യം ചെയ്യുകയാണെന്നുള്ള വാദവുമായി പ്രതിപക്ഷകക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കയുടെ താത്പര്യമനുസരിച്ചുള്ള വ്യാപാര കരാറിന് വിസമ്മതിച്ചതിനാൽ ഇന്ത്യൻ സന്പദ്വ്യവസ്ഥയെ ‘മൃത സന്പദ്വ്യവസ്ഥ’യെന്ന് അമേരിക്കൻ പ്രസിഡന്റ് അധിക്ഷേപിച്ചതും പ്രധാനമന്ത്രി മോദിയും ധനമന്ത്രി നിർമല സീതാരാമനും ഒഴികെയുള്ള ഏവരും ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കുമെന്നുള്ള പ്രതിപക്ഷ നേതാവ് രാഹുലിന്റെ അഭിപ്രായപ്രകടനവും സന്പദ്വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.
ജപ്പാനെയും ജർമനിയെയും മറികടന്ന് 2027ൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സന്പദ്വ്യവസ്ഥ ആകുമെന്നുള്ള പ്രചാരണങ്ങൾ നടക്കുന്പോൾ വരുമാനത്തിലും സ്വത്തിലുമുള്ള അന്തരം ഇവിടെ നാൾക്കുനാൾ വർധിക്കുകയാണെന്നുള്ള യാഥാർഥ്യം ആർക്കും വിസ്മരിക്കാൻ കഴിയുകയില്ല.
വരുമാന അസമത്വം
ലോകബാങ്ക് പുറത്തുവിട്ട കണക്കുപ്രകാരം ഉപഭോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, വരുമാന അസമത്വത്തിൽ ഇന്ത്യയുടെ സൂചിക 61 ആണ്. ഇതനുസരിച്ച് ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 176 ആണ്. 2009ൽ ഇത് 115 ആയിരുന്നു. അരിയും മറ്റു ഭക്ഷണാവശ്യങ്ങൾക്കുമുള്ള സാധനങ്ങളും വാങ്ങുന്നതിൽ സാധാരണക്കാർക്കും പണക്കാർക്കുമിടയിലുള്ള ഏറ്റക്കുറച്ചിൽ വലുതായിരിക്കില്ല.
എന്നാൽ ഉപഭോഗം കഴിഞ്ഞ് മിച്ചംവയ്ക്കാൻ സാധാരണക്കാർക്ക് കാര്യമായി ഒന്നും ഉണ്ടാകുകയില്ല. അതേസമയം, തങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും നിക്ഷേപമാക്കി മാറ്റാൻ പണക്കാർക്കു കഴിയും. ഇതുകൊണ്ടാണ് വരുമാന അസമത്വം വർധിക്കുന്നത്. ആകെ വരുമാനത്തിൽ ഉപഭോഗ ആവശ്യങ്ങൾക്കു വരുമാനത്തിന്റെ മുഴുവൻ ഭാഗവും പാവപ്പെട്ടവർ ചെലവഴിക്കുന്പോൾ സന്പന്നർക്ക് അതിൽ ചെറിയൊരു ശതമാനം മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. ‘സീമാന്തോ ഉപഭോഗ’ ചെലവും ‘സീമാന്തോ സന്പാദ്യ’ ശേഷിയുടെയും കാര്യത്തിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ വളരെ വലിയ അന്തരമുണ്ട്.
സാധാരണക്കാർ ഉപയോഗിക്കുന്ന സാധനങ്ങളുടെ വില്പനയിൽ കാര്യമായ പുരോഗതിയില്ലെന്ന് ആ മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നുണ്ട്. ഇരുചക്രവാഹനങ്ങളുടെ വില്പന ഇടിയുന്പോൾ ആഡംബര കാറുകളുടെ വില്പനയിൽ വർധനവുണ്ടാകുന്നതു സാധാരണക്കാരുടെ ക്രയശക്തിയിൽ യാതൊരു മാറ്റവും സംഭവിക്കുന്നില്ലെന്നുള്ളതിന് ഉദാഹരണമാണ്. വളർച്ചയുടെയും പുരോഗതിയുടെയും സദ്ഫലങ്ങൾ താഴെത്തട്ടിൽ എത്തുന്നില്ലെന്നാണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്.
ദ്വിമുഖ സന്പദ്വ്യവസ്ഥ
അസമത്വത്തിന്റെ ആഴങ്ങൾ അഗാധഗർത്തങ്ങളുടെ തലത്തിലെത്തിക്കൊണ്ടിരിക്കുന്ന ഭാരതത്തെ ദ്വിമുഖ സന്പദ്വ്യവസ്ഥയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഒരു രാജ്യത്തുതന്നെ യാതൊരു സാമ്യവുമില്ലാത്ത രണ്ടു വ്യത്യസ്ത സാമൂഹ്യ-സാന്പത്തിക സമൂഹങ്ങൾ ഒരുമിച്ച് നിലനിൽക്കുന്നതിനെയാണ് ദ്വിമുഖ സന്പദ്വ്യവസ്ഥ അഥവാ ‘ഡ്യുവൽ ഇക്കോണമി’ എന്ന് വിളിക്കുന്നത്.
വളരെ വലിയതോതിൽ വളർന്നു കൊണ്ടിരിക്കുന്ന ചെറിയ ഒരു വിഭാഗം മാത്രമുള്ള വ്യവസായ സന്പദ്വ്യവസ്ഥയോടൊപ്പം മഹാഭൂരിപക്ഷം ആളുകൾ പണിയെടുക്കുന്ന വളർച്ച മുരടിച്ച ഒരു കാർഷിക മേഖലയാണ് ഈ സന്പദ്വ്യവസ്ഥയുടെ പ്രത്യേകത. സ്വീഡിഷ് ധനശാസ്ത്രജ്ഞനായ ഗുണ്ണാർ മിർദാൽ 1968ൽ രചിച്ച ‘ഏഷ്യൻ ഡ്രാമ’ എന്ന പുസ്തകത്തിൽ ഈ വിഷയം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. പണം ഇറക്കി പണം കുന്നുകൂട്ടുന്നവരുടെ ഇന്ത്യ ഒരു വശത്തും കാർഷിക പ്രവർത്തനങ്ങൾക്കും മറ്റും വായ്പയെടുത്ത് അത് തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യയിൽ അഭയംപ്രാപിക്കുന്ന ദരിദ്രരായ കർഷകരുടെയും കർഷകതൊഴിലാളിയുടെയും ഇന്ത്യ മറുവശത്തും. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കാർഷികമേഖലയിലെ ഒരു ലക്ഷത്തോളം പേർ ആത്മഹത്യ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയവും മൂലധനവും
ആധുനിക ശാസ്ത്രവും മൂലധനവും സ്റ്റേറ്റും ഉൾക്കൊള്ളുന്ന ആധുനിക നാഗരികതയുടെ ഹിംസയിൽ ഊന്നിയുള്ള ലോകവീക്ഷണത്തിനു ബദലായി അനേകം പുതിയ വീക്ഷണങ്ങൾ ശക്തിപ്പെടേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ അസമത്വത്തിന്റെ വർധിച്ചുകൊണ്ടിരിക്കുന്ന അന്തരത്തിൽനിന്നു ലോകത്തെ രക്ഷിക്കുവാൻ കഴിയുകയുള്ളൂ.
രാഷ്ട്രീയവും മൂലധനവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് നമ്മുടെ ജനാധിപത്യത്തിന് ദോഷകരമായ രണ്ടു പ്രവണതകളാണ് സൃഷ്ടിച്ചിരിക്കുന്നത്. രാഷ്ട്രീയം സാമൂഹിക മാറ്റത്തിന്റെ ഉപാധിയല്ലാതാവുകയും അതു കേവലം വരേണ്യവർഗത്തിന്റെ വളർച്ചയ്ക്ക് ഉതകുന്ന മാർഗമായി തരംതാഴുകയും ചെയ്തിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജനാധിപത്യത്തിന്റെ രാഷ്ട്രീയ ഇടം വിപണിയുടെ സാന്പത്തികയിടമായി പരിവർത്തനം ചെയ്തിരിക്കുന്നു.
ഉത്പാദന രീതി
ഉത്പാദന രീതിയിലുണ്ടാകുന്ന മാറ്റം ഒരു രാജ്യത്തിന്റെ സാന്പത്തിക പുരോഗതിയിൽ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. കാർഷിക-വ്യവസായ വിപ്ലവങ്ങൾക്കു ശേഷം 1970-80കളിൽ ആവിർഭവിച്ച വിവര സാങ്കതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടം വ്യവസായ ബിസിനസ് സേവന മേഖലകളിൽ ഉണ്ടാക്കിയ വിപ്ലവം ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.
നിർമിത ബുദ്ധിയുടെയും ക്വാണ്ടം കംപ്യൂട്ടിംഗിന്റെയും അർധചാലകങ്ങളുടെയും ചാറ്റ് ജിപിടിയുടെയും കടന്നുവരവ് സമസ്ത ജീവിതവ്യാപാരങ്ങളിലും സ്ഫോടനാത്മകമായ മാറ്റത്തിനാണ് വഴി തെളിച്ചിട്ടുള്ളത്. അറിവുള്ളവർ പുതിയ സാങ്കേതിക ഉത്പാദന മേഖലകളിൽ നവീന കണ്ടുപിടിത്തങ്ങളുമായി ലോകത്തെ നിയന്ത്രിക്കുകയും സന്പത്തിന്റെ ഉടമകളായി മാറുകയും ചെയ്യുന്ന ലോകത്താണ് നമ്മൾ ജീവിക്കുന്നത്.
ഉത്പാദന മേഖലയിലുണ്ടായിട്ടുള്ള അതിശയിപ്പിക്കുന്നതും മിന്നൽവേഗത്തിലുമുള്ള മാറ്റങ്ങൾ ഉത്പാദന ഉപാധികളുടെ ഉടമസ്ഥതയിൽ സംഭവിച്ചിട്ടില്ലെന്നുള്ളതാണ് പെരുകുന്ന അസമത്വങ്ങളുടെ അടിസ്ഥാനകാരണം. സ്വകാര്യ സ്വത്തവകാശവും പിൻതുടർച്ചാവകാശവും യാതൊരു മാറ്റവും കൂടാതെ ലോകത്ത് ഇന്നും നിലനിൽക്കുന്നതാണ് സാന്പത്തിക അന്തരം വർധിക്കുന്നതിന് ഇടയാക്കുന്നത്. മൂലധനത്തിന്റെ കേന്ദ്രീകരണം സർവകാല റിക്കാർഡുകളും ഭേദിച്ച് മുന്നേറുന്പോൾ ദരിദ്രരുടെ ദുരിതാവസ്ഥ മാറ്റമില്ലാതെ തുടരുകയും ഗുരുതരമായിമാറിക്കൊണ്ടിരിക്കുകയുമാണ്.
“21-ാം നൂറ്റാണ്ടിലെ മൂലധനം” എന്ന കൃതിയുടെ രചയിതാവും ഫ്രഞ്ച് ധന ശാസ്ത്രജ്ഞനുമായ തോമസ് പിക്കറ്റി ആധുനിക മുതലാളിത്തത്തിന്റെ സവിശേഷതയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ലോകം പരന്പരാഗത മുതലാളിത്ത സങ്കൽപത്തിലേക്കുള്ള തിരിച്ചുപോക്കിലേക്കാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒരു സന്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളിൽ ഉടമസ്ഥാവകാശം പിൻതുടർച്ച വഴി ലഭിക്കുന്പോൾ അത് നവീന മുതലാളിത്തത്തിന്റെ പുതിയൊരു പതിപ്പായി മാറുമെന്നും അസമത്വം വലിയതോതിൽ വർധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
സമത്വം സ്വപ്നം മാത്രം
പുരോഗതിയെക്കുറിച്ചും മാനവികതയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചുമെല്ലാമുള്ള നമ്മുടെ ഗിരിപ്രഭാഷണങ്ങളുടെ ചിലന്പിച്ച ഒച്ചകൾക്കിടയിൽ പ്രതീക്ഷയറ്റ കോടിക്കണക്കിന് മനുഷ്യരുടെ നിസഹായമായ നിലവിളികൾ കേൾക്കപ്പെടാതെ പോകുന്നതും ചേർന്നാണ് നമ്മുടെ കാലത്തെ രാഷ്ട്രീയചിത്രം രൂപപ്പെടുന്നത്. മനുഷ്യബന്ധങ്ങളിൽ നീതിയും സമത്വവും ഉറപ്പാക്കുന്ന ഒരു രാഷ്ട്രീയക്രമം അസാധ്യമായ ഒരു സ്വപ്നം മാത്രമാണോ?
Leader Page
ഇന്ത്യയും റഷ്യയും ചൈനയും ഉള്‍പ്പെടെ പത്തു രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ വാര്‍ഷിക ഉച്ചകോടി നാളെയും തിങ്കളാഴ്ചയുമായി ചൈനയുടെ ആതിഥേയത്തില്‍ ടിയാന്‍ജിനില്‍ നടക്കുകയാണ്. അംഗങ്ങളും അതിഥികളുമായി ഇരുപതില്പരം രാജ്യങ്ങള്‍ ഉച്ചകോടിയുടെ ഭാഗമാകും. സംഘടനയുടെ 25-ാം ഉച്ചകോടിയുടെയുമാണിത്. രാഷ്ട്രീയം, സാമ്പത്തികം, രാജ്യാന്തര സുരക്ഷ എന്നിവയാണ് ഉച്ചകോടിയുടെ മുഖ്യവിഷയങ്ങള്‍.
നിര്‍ണായക തീരുമാനങ്ങള്‍
ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീ ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷാങ്ഹായ് ഉച്ചകോടിയിലേയക്ക് ക്ഷണിച്ചിരിക്കുന്നത്. ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്ന് നരേന്ദ്ര മോദി ഇതിനോടകം പ്രഖ്യാപിച്ചിട്ടുമുണ്ട്. 2024ല്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇരുനേതാക്കളും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ നേട്ടമായിരുന്നു. ഉച്ചകോടിക്കു മുമ്പുതന്നെ ചൈനയ്ക്കും ഇന്ത്യക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനും യാത്രക്കാർക്കും ബിസിനസുകാർക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള വീസ എളുപ്പത്തില്‍ ലഭ്യമാക്കാനും ധാരണയായത് നേട്ടമാണ്. സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനുമായി നയതന്ത്ര, സൈനിക ചാനലുകള്‍ ശക്തിപ്പെടുത്താനും നടപടിയുണ്ടായി. ഈ അനുകൂല സാഹചര്യങ്ങള്‍ താത്കാലിക ക്രമീകരണങ്ങള്‍ മാത്രമാണ്.
അമേരിക്കയുടെ അടവുകള്‍
ഇന്ത്യയെ വെല്ലുവിളിക്കാനും വിരട്ടാനും അമേരിക്ക ബോധപൂര്‍വം പാക്കിസ്ഥാനുമായി സൗഹൃദം അടുത്ത നാളുകളില്‍ ഉയര്‍ത്തിക്കാട്ടുന്നു. പഹല്‍ഗാം ഭീകരാക്രമത്തിനുശേഷം ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ യുദ്ധം ഒഴിവാക്കി സമാധാനം സ്ഥാപിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിപ്പറഞ്ഞിട്ടും വീണ്ടും പലവേദികളിലും ആവര്‍ത്തിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അംഗങ്ങളായ രാജ്യാന്തര കൂട്ടായ്മകള്‍ വളരെ കുറവാണ്. സാര്‍ക്കില്‍ പാക്കിസ്ഥാനും ഇന്ത്യയും അംഗങ്ങളാണെങ്കിലും ഇന്ത്യയുടെ എതിര്‍പ്പുമൂലം സാര്ക്കിപ്പോള് നിര്‍ജീവമാണ്. സാര്‍ക്കിന് ബദലൊരുക്കാന്‍ ചൈന മുന്നോട്ടു വന്നിരിക്കുന്നുവെന്നതും പ്രത്യേകമായി കാണണം.
ആഗോളതലത്തില്‍ അനുദിനം ശക്തിപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയെ അമേരിക്ക ഇപ്പോൾ ഭയപ്പെടുന്നു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിലൂടെ പത്തംഗ കൂട്ടായ്മയായി ബ്രിക്സ് വളരുകയും 40ല്‍പരം രാജ്യങ്ങള്‍ ബ്രിക്സില്‍ പങ്കാളിത്തത്തിനു ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും തിരിച്ചടി നേരിടുന്നത് അമേരിക്കയുടെ ആഗോള കച്ചവടത്തിനാണ്. അമേരിക്കയുടെ വ്യാപാരതീരുവയുദ്ധം തുടരുമ്പോള്‍ ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യ-ചൈന-റഷ്യ പങ്കാളികളായ ഷാങ്ഹായ് ഉച്ചകോടി ഡോളറിനെ പുറന്തള്ളാന്‍ തീരുമാനിച്ചാല്‍ തിരിച്ചടി കൂടുതൽ നേരിടുന്നത് അമേരിക്കന്‍ സമ്പദ്ഘടനയ്ക്കാണ്.
ഇന്ത്യ-റഷ്യ ബന്ധം
ഇന്ത്യ-റഷ്യ-ചൈന സഹകരണത്തിന്റെ അനന്തസാധ്യതകളിലേക്ക് ഷാങ്ഹായ് ഉച്ചകോടി വിരല്‍ചൂണ്ടും. ഈ സഖ്യം നിലനിന്നാല്‍ അമേരിക്കന്‍ അപ്രമാദിത്വത്തിനും ജി7 അംഗരാജ്യങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന ആഗോള സാമ്പത്തിക വ്യാപാരകൂട്ടായ്മയായി മാറും.
റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ട്രംപ് ഒരു സുപ്രഭാതത്തില്‍ ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്തിയത്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ അഞ്ചു ശതമാനം വിലക്കിഴിവ് നല്കി റഷ്യ തിരിച്ചടിച്ചതോടെ ട്രംപിന്റെ ആവേശം കുറഞ്ഞു. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ ശുദ്ധീകരിച്ച് യൂറോപ്പ് ഉള്‍പ്പെടെയുള്ള വിപണിയിലേക്ക് ഇന്ത്യ മറിച്ചുവില്‍ക്കുന്നുവെന്ന അമേരിക്കന്‍ ആരോപണത്തെ ഇന്ത്യയും റഷ്യയും മുഖവിലയ്ക്കെടുത്തില്ല. മറിച്ച് ഇന്ത്യ-റഷ്യ ഊര്‍ജസഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യ-റഷ്യ നയതന്ത്രം കൂടുതല്‍ ആഴത്തിലാണിന്ന്. ഇതിന് തെളിവാണ് ഇന്ത്യയുടെ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലിന് റഷ്യ നല്കിയ ഊഷ്മള വരവേല്‍പ്പും തുടര്‍ന്ന് നടന്ന മോദി-പുടിന് ടെലിഫോണ്‍ ചര്‍ച്ചകളും.
പ്രതീക്ഷകള്‍ വേണ്ട
ഇന്ത്യയെ എക്കാലവും ശത്രുപക്ഷത്തു നിന്ന് എതിര്‍ത്ത ചൈനയും നിരന്തര ഭീകരാക്രമണം അഴിച്ചുവിടുന്ന പാക്കിസ്ഥാനും ചൈനയുടെ ഔദാര്യം സ്വീകരിച്ചു കഴിയുന്ന ചെറുരാജ്യങ്ങളുമുള്ക്കൊള്ളുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യക്ക് കൂടുതല്‍ പ്രതീക്ഷകള്‍ വേണ്ട. അതേസമയം, അമേരിക്കയുടെ വ്യാപരതീരുവയുദ്ധത്തിനും ലോകപോലീസായി സകലരെയും അടക്കിവാഴാമെന്ന അധികാര അഹങ്കാരത്തിനും മറുപടി അനിവാര്യമാണുതാനും.
ഇന്ത്യ-ചൈന-റഷ്യ അച്ചുതണ്ടുകള്‍ കരുത്താര്‍ജിച്ചാല്‍ അമേരിക്കയ്ക്ക് ശക്തമായ താക്കീതാകുമെങ്കിലും ഷാങ്ഹായ് കൂട്ടായ്മയുടെ ഭാവിയിലും ആശങ്കകളേറെയുണ്ട്. അമേരിക്കന്‍ അധിനിവേശത്തെ മറികടക്കാനുള്ള താത്കാലിക മറുമരുന്ന് എന്നതിലുപരി ഷാങ്ഹായ് ഉച്ചകോടിയെ ഇന്ത്യ മുഖവിലയ്ക്കെടുക്കുന്നതും അപകടമാണ്. അതേസമയം, അയല്‍രാജ്യങ്ങളെ പിണക്കാതെ കൂടെനിര്‍ത്തി നീങ്ങേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യവുമാണ്.
ചൈനയെ വിശ്വസിക്കാമോ?
ചൈനയെ ഇന്ത്യക്കു വിശ്വസിക്കാമോ എന്ന ചോദ്യം വിവിധ കോണുകളില്‍നിന്നുയരുന്നത് നിസാരവത്കരിക്കരുത്. കഴിഞ്ഞകാല അനുഭവങ്ങള്‍ ആ ദിശയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇന്ത്യയിലെ അയല്‍രാജ്യങ്ങളിലെ ചൈനീസ് സ്വാധീനം ചെറുതൊന്നുമല്ല. ശ്രീലങ്ക കേന്ദ്രീകരിച്ച് ചൈന ലക്ഷ്യമിട്ടത് ഇന്ത്യയെയാണെങ്കിലും ആ രാജ്യത്തെ കടക്കെണിയിലാഴ്ത്തി വരുതിയിലാക്കി കൈവിടാനും ചൈന മടിച്ചില്ല.
ഇന്ത്യയുമായി 2009ല്‍ സ്വതന്ത്ര വ്യാപാരക്കരാറിലേര്‍പ്പെട്ട ആസിയാന്‍ രാജ്യങ്ങള്‍ പലതും ചൈനയുടെ ബിനാമികളാണ്. ഇന്ത്യയും ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറില്ല. അതേസമയം ഇന്ത്യന്‍ ആഭ്യന്തരവിപണിയുടെ 24 ശതമാനവും ചൈനീസ് ഉത്പന്നങ്ങളിന്ന് കൈയടക്കിയിരിക്കുന്നു. ഇതെങ്ങനെയെന്ന ചോദ്യത്തിന് ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ അനന്തരഫലമെന്നാണ് ഉത്തരം.
ഇന്ത്യയോടുള്ള സ്നേഹമല്ല, അമേരിക്കയോടുള്ള ചൈനയുടെ എതിര്‍പ്പാണ് ഇപ്പോഴുള്ള അടുപ്പത്തിന്റെയും ആത്മബന്ധത്തിന്റെയും പിന്നാമ്പുറം. അമേരിക്കയുടെ തീരുവയുദ്ധത്തില്‍ ഇരയായി എന്ന കാരണംകൊണ്ട് മറ്റു വാണിജ്യ പങ്കാളികളെ കണ്ടെത്തേണ്ടതും ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതും ഇന്ത്യയുടെയും ആവശ്യമാണ്. പക്ഷേ ഇതു മനസിലാക്കി ചൈന മുതലെടുക്കാന്‍ ശ്രമിച്ചാല്‍ തടയിടാന്‍ ഇന്ത്യക്ക് സാധിക്കണം.
ഓപ്പറേഷന് സിന്ദൂറില്‍ ചൈനയില്‍നിന്നുള്ള പിന്തുണ പാക്കിസ്ഥാന് ലഭിച്ചുവെന്നുള്ളത് പകല്‍പോലെ വ്യക്തം. തകര്‍ന്ന സമ്പദ്വ്യവസ്ഥയില് നിലനില്പിനായി ആരെയും കൂട്ടുപിടക്കുന്ന ഗതികേടിലാണ് പട്ടാളവും മതവും നിയന്ത്രിക്കുന്ന പാക്കിസ്ഥാന് ഭരണകൂടമിന്ന്. ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ഷാങ്ഹായ് ഉച്ചകോടി പുറംമോടിക്കപ്പുറം ലക്ഷ്യം കാണുമോയെന്നതും സംശയമാണ്.
ഉച്ചകോടിക്ക് മുന്നൊരുക്കമായി 2025 ജൂണില്‍ നടന്ന ഷാങ്ഹായ് അംഗരാജ്യ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബലൂചിസ്താന്‍ വിഷയത്തോടൊപ്പം പഹല്‍ഗാം ഭീകരാക്രമണവും പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ ഇന്ത്യ പിന്മാറിയിരുന്നു. പിന്നീട് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ദ റസിസ്റ്റന്റ്സ് ഫ്രണ്ടിനെ അമേരിക്ക ഭീകരസംഘടനയായി മുദ്രകുത്തിയപ്പോള്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താനവയിറക്കാന് ചൈന നിര്‍ബന്ധിതമായി. ഈ പശ്ചാത്തലത്തില്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ വ്യാപാരവിഷയങ്ങള്‍ പ്രാദേശിക സുരക്ഷ, അതിര്‍ത്തി പ്രശ്നങ്ങള്‍ എന്നിവയോടൊപ്പം ഭീകരവാദവും ചര്‍ച്ച ചെയ്യണമെന്ന നിലപാട് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകും.
Leader Page
സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ നിർണായകമായ ചില നികുതി പരിഷ്കാര നിർദേശങ്ങൾ ചർച്ച ചെയ്യുകയാണ്. നിലവിലുള്ള ചരക്കുസേവന നികുതി (ജിഎസ്ടി) നിരക്കുകളുടെ തട്ടുകൾ പകുതിയാക്കാനുള്ള നിർദേശമായിരിക്കും പരിഗണിക്കുക. ജിഎസ്ടിക്കു നിലവിൽ നാലു നികുതി നിരക്കുകളുണ്ട്. അഞ്ച്, 12, 18, 28 എന്നിങ്ങനെ. ഇത് രണ്ടു നിരക്കുകളായി കുറയ്ക്കണമെന്നതാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം. ജിഎസ്ടിയെ രണ്ടു സ്ലാബുകളിൽ മാത്രമായി നിലനിര്‍ത്താനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. അതായത് അഞ്ച്, 18 എന്നിങ്ങനെ നികുതിനിരക്കുകൾ മതിയെന്നതാണു നിലപാട്. ഇതിന് ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം തേടാനായാണ് ഇപ്പോൾ യോഗം വിളിച്ചിട്ടുള്ളത്.
ജിഎസ്ടിയുടെ നിരക്ക് യുക്തിസഹമാക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് ഒരു മന്ത്രിതല സമിതിയെ ജിഎസ്ടി കൗൺസിലിൽ ചുമതലപ്പെടുത്തിയിരുന്നു. കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങളുടെ ധനമന്ത്രിമാർ ഉൾപ്പെട്ടതാണു സമിതി. 2017-18ൽ 28 ശതമാനം നികുതിനിരക്കിലുണ്ടായിരുന്ന 224 ആഡംബര ഉത്പന്നങ്ങളിൽ 178 എണ്ണത്തിന്റെ നികുതി 18 ശതമാനത്തിലേക്കു താഴ്ത്തി. ഈ നികുതിമാറ്റത്തിലൂടെ സാധനങ്ങളുടെ വില കുറയുമെന്ന ന്യായം ഉയർത്തിയായിരുന്നു അന്നത്തെ നികുതി കുറയ്ക്കൽ തീരുമാനം നടപ്പാക്കിയത്. നേർവിപരീത ഫലമാണ് ഉണ്ടായത്. കേരളം പ്രത്യേക താത്പര്യമെടുത്ത് ഇക്കാര്യത്തിൽ ഒരു പരിശോധന നടത്തി. റഫ്രിജറേറ്റർ ഉൾപ്പെടെ 25 ഇനങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ഒന്നിനുപോലും വില കുറഞ്ഞില്ലെന്നു കണ്ടെത്തി. പകരം ഇവ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കാണു നേട്ടമുണ്ടായത്.
2018-19ൽ കേരളത്തിനു ലഭിച്ച ജിഎസ്ടി നഷ്ടപരിഹാരം 3,532 കോടി രൂപയായിരുന്നു. 2019-20ൽ നഷ്ടപരിഹാരം 8,111 കോടി രൂപയായി ഉയർന്നു. 2017-18ൽ നടപ്പാക്കിയ നികുതി കുറയ്ക്കലാണ് അടുത്ത വർഷങ്ങളിൽ നഷ്ടപരിഹാരം ഉയർത്തിയത്. നിരക്ക് കുറയ്ക്കുന്നതുമൂലം ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുന്നില്ലെന്നത് കേരളം ജിഎസ്ടി കൗൺസിലിനെയും നിരക്ക് യുക്തിസഹമാക്കുന്നതിനായി ശിപാർശകൾക്ക് ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയെയും ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഈ മന്ത്രിതല സമിതിയെയും ജിഎസ്ടി കൗൺസിലിനെയും നോക്കുകുത്തിയാക്കിയാണ് സ്വാതന്ത്ര്യദിനത്തിൽ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്.
നികുതിവരുമാനത്തിലുണ്ടാകാവുന്ന പ്രത്യാഘാതം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു പഠനവും ഇല്ലാതെയാണു പുതിയ ജിഎസ്ടി പരിഷ്കരണ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇപ്പോൾ നിർദേശിച്ചിട്ടുള്ള നികുതി പരിഷ്കരണങ്ങൾ നടപ്പായാൽ കേരളത്തിന് ഏതാണ്ട് 8,000 മുതൽ 9,000 കോടി രൂപയുടെ അധിക വരുമാനനഷ്ടം ഉണ്ടാകുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഓട്ടോമൊബൈൽ മേഖലയിലെ 28 ശതമാനം നികുതി 18 ശതമാനത്തിലേക്കു താഴ്ത്തിയാൽ, പ്രതിവർഷം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകാം. സിമന്റ് ഉൾപ്പെടെയുള്ള വൈറ്റ് ഗുഡ്സ് മേഖലയിലും വലിയ വരുമാനനഷ്ടമുണ്ടാകും. കേരളത്തിലെ വിൽപ്പന നടത്തുന്ന ഉപഭോഗ ഉത്പന്നങ്ങളുടെ വലിയൊരു ഭാഗം 18-28 നികുതിനിരക്കിൽ ഉൾപ്പെടുന്നതാണ്. ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി വലിയതോതിൽ കുറയ്ക്കുന്നത് സംസ്ഥാനങ്ങൾക്കു വലിയ വരുമാനനഷ്ടം വരുത്തും.
ഇൻഷ്വറൻസ് പ്രീമിയത്തിന് ജിഎസ്ടി ഒഴിവാക്കുമ്പോൾ കേരളത്തിനുമാത്രം 500 കോടി രൂപയ്ക്കടുത്തു വരുമാന നഷ്ടമുണ്ടാകും. കേരളമടക്കം പല സംസ്ഥാനങ്ങളും ദരിദ്രവിഭാഗങ്ങൾക്കായി പ്രത്യേക ഇൻഷ്വറൻസ് പദ്ധതി ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം 42 ലക്ഷത്തിൽപരം കുടുംബങ്ങൾക്കു പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ഉറപ്പാക്കാനായി ഏതാണ്ട് 1500 കോടി രൂപയാണു ചെലവഴിക്കുന്നത്. ഇൻഷ്വറൻസ് പ്രീമിയത്തിൽനിന്നുള്ള നികുതി വരുമാനനഷ്ടം കൂടിയാകുമ്പോൾ ഇത്തരം പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനു പ്രയാസമാകും.
കേരള ലോട്ടറിയെയും പുതിയ നികുതി നിർദേശം സാരമായി ബാധിക്കാം. നിലവിലെ 28 ശതമാനം നികുതി 40 ശതമാനമായി ഉയർത്താനാണു നീക്കം. ഇത് കേരള ലോട്ടറിയെ തകർക്കും. ഏജന്റുമാരും വിൽപ്പനക്കാരുമടക്കം രണ്ടു ലക്ഷത്തിൽപരം പേരുടെ കുടുംബത്തിന്റെ ജീവനോപാധിയാണ് കേരള ലോട്ടറി.
ജിഎസ്ടി നിരക്ക് ഇനിയും കുറയ്ക്കുന്നതിനെ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന സംസ്ഥാന സർക്കാരുകൾപോലും അനുകൂലിക്കുന്നില്ലെന്നതാണു യാഥാർഥ്യം. പുതിയ പരിഷ്കാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 60,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്. എന്നാൽ, ഏതാണ്ട് നാലു ലക്ഷം കോടിയിൽപരം രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണു പൊതുവിലയിരുത്തൽ.
ഇതിന്റെ യാഥാർഥ ഭാരം ചുമക്കേണ്ടിവരിക കേരളം പോലുള്ള സംസ്ഥാനങ്ങളാണ്. കേന്ദ്രസർക്കാരിനു മറ്റ് വരുമാനമാർഗങ്ങളുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും ലാഭവിഹിതമായി കഴിഞ്ഞവർഷം 2.89 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വർഷം 3.25 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. കഴിഞ്ഞവർഷം റിസർവ് ബാങ്ക് കരുതൽ ധനത്തിൽനിന്ന് 2.69 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു നൽകിയത്. ഇതിനെല്ലാം പുറമെയാണ് വിവിധ സെസുകളിലൂടെ വൻ തുക പിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ആകെ വരുമാനത്തിന്റെ 20 ശതമാനത്തോളം സെസുകളിൽനിന്നാണു ലഭിക്കുന്നത്. 2016-17 മുതൽ 2022-23 വരെ പിരിച്ച സെസിന്റെ കണക്കുകൾ പരിശോധിച്ചാൽ 15.34 ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിനു ലഭിച്ചത്. ഈ വലിയ തുകകളിൽ ഒരു രൂപപോലും സംസ്ഥാനങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടില്ല. കേന്ദ്ര സർക്കാർ ഇഷ്ടംപോലെ ചെലവഴിക്കുകയായിരുന്നു.
ജിഎസ്ടി പരിഷ്കരണം പാവപ്പെട്ടവർക്കും മധ്യവരുമാനക്കാർക്കും നേട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ, ഇത് നികുതിഭാരം കുറയ്ക്കൽ ലക്ഷ്യമിട്ടുള്ള നടപടിയല്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മുന്നിൽ രാജ്യത്തിന്റെ കീഴടങ്ങലാണ്. മരിച്ച സമ്പദ്ഘടന എന്നാണ് ഇന്ത്യൻ സമ്പദ്ഘടനയെ ട്രംപ് പരിഹസിച്ചത്. നമ്മുടെ ഉയർന്ന നികുതിനിരക്കാണ് ഈ മരവിപ്പിനു കാരണമെന്നും അതു കുറയ്ക്കണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്. പകരച്ചുങ്കവും എണ്ണച്ചുങ്കവും അടിച്ചേൽപ്പിക്കുക വഴി ട്രംപ് ലക്ഷ്യമിട്ടത് ഈ നികുതികൾ കുറപ്പിക്കുക, അമേരിക്കൻ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്ത്യയിലേക്കു യഥേഷ്ടം എത്തിച്ച് വിൽക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. ട്രംപ്-മോദി കൂട്ടുകെട്ട് അത് യാഥാർഥ്യമാക്കുകയാണ്. ഇത് ട്രംപിനുവേണ്ടിയുള്ള മോദിയുടെ പാതതെളിക്കലാണ്.
മോദിക്ക് രാജ്യതാത്പര്യം മത്രമല്ല, വ്യക്തിതാത്പര്യവും ഇക്കാര്യത്തിലുണ്ട്. 2025 സാമ്പത്തികവർഷത്തിൽ ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരം 11.47 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 7.3 ലക്ഷം കോടി അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂല്യമാണ്. അതിൽ ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്നു. അതേസമയം, യുഎസിൽനിന്നുള്ള ഇറക്കുമതി മൂല്യം 3.94 ലക്ഷം കോടി രൂപയായിരുന്നു. 3.58 ലക്ഷം കോടി രൂപയുടെ വ്യാപാരമിച്ചം ഇന്ത്യക്ക് അമേരിക്കയുമായി ഉണ്ടായിരുന്നു. ഇതിൽ മാറ്റമാണ് ട്രംപ് ആഗ്രഹിക്കുന്നത്.
ഒപ്പം ട്രംപിന് വ്യക്തിപരമായും ഇന്ത്യൻ വിപണയിൽ താത്പര്യമുണ്ട്. ട്രംപിന്റെ കമ്പനിക്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഒന്നാംകിട ബിൽഡർമാരുമായി പങ്കാളിത്തമുണ്ട്. ഇത്തരം ദേശീയവും വ്യക്തിപരവുമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ ട്രംപിന് ഇന്ത്യൻ വിപണി പൂർണമായും തുറന്നുകിട്ടണം. തങ്ങളുടെ ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി മറികടന്ന് വ്യാപാരമിച്ചത്തിലേക്കു കച്ചവടം കൊഴുപ്പിക്കണം. അതിന് ഇന്ത്യയിലെ ജിഎസ്ടി നികുതിഘടനയിൽ പൊളിച്ചെഴുത്തു വേണം. നികുതിനിരക്കുകൾ വൻതോതിൽ കുറയ്ക്കണം. അതിനുള്ള വഴിയൊരുക്കലിനായാണു തീരുവ യുദ്ധം പ്രഖ്യാപിച്ചത്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകളെ ആയുധമാക്കി സമ്മർദതന്ത്രം പ്രയോഗിക്കുന്നതിന്റെ ഭാഗമായാണ് തീരുവ യുദ്ധവും പ്രഖ്യാപിച്ചത്.
ട്രംപ് പ്രഖ്യാപിച്ച തീരുവ യുദ്ധവും പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്കരണവും ഫലത്തിൽ കേരളത്തിന് ഇരട്ട ഇരുട്ടടിയാണ്. പകരച്ചുങ്കവും എണ്ണച്ചുങ്കവും നമ്മുടെ കയറ്റുമതി മേഖലയെ വല്ലാതെ ബാധിക്കും. 2023-24ൽ അമേരിക്കയിലേക്ക് ഇന്ത്യയിൽനിന്ന് 36,958 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ കേരളത്തിന്റെ പങ്ക് 6,410 കോടി രൂപയുടേതാണ്. 17.34 ശതമാനം. ചൈന കഴിഞ്ഞാൽ കേരളത്തിൽനിന്നാണ് അമേരിക്ക ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്നത്. സമുദ്രോത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനം കേരളമാണു സംഭാവന ചെയ്യുന്നത്. 2023-24ൽ 7,232 കോടി രൂപയുടെ കയറ്റുമതിയുണ്ടായി. അമേരിക്കൻ അധികച്ചുങ്ക നയം കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കും. കയർ വ്യവസായവും ഭീഷണിയിലാണ്. മാറ്റ്സ്, ബ്രഷ്, കൊക്കോ പിറ്റ് ഉൾപ്പെടെയുള്ള കയർ ഉത്പന്നങ്ങളാണ് നിലവിൽ അമേരിക്കയിലേക്ക് അയയ്ക്കുന്നത്. അതു നിലയ്ക്കും. ചെറുകിട, സഹകരണ കയർ സ്ഥാപനങ്ങളുടെയും കയർ തൊഴിലാളികളുടെയും ഭാവി അനിശ്ചിതത്വത്തിലാകും. ഇതെല്ലാം നമ്മുടെ ആഭ്യന്തര ഉത്പാദന വളർച്ചയെ തളർത്തും.
നമ്മുടെ നികുതി വരുമാനനഷ്ടം സർക്കാരുകളുടെ ചെലവുകൾ ചുരുക്കാൻ നിർബന്ധിതമാക്കും. സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പപരിപാടികളെയും അടിസ്ഥാനസൗകര്യ വികസന പദ്ധതികളെയും സാരമായി ബാധിക്കാനും സാധ്യതയുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന റവന്യു നഷ്ടം പരിഹരിക്കാൻ കേന്ദ്രസർക്കാരിനു ബാധ്യതയുണ്ട്. ഒപ്പം, ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. അതിനാൽ രണ്ടു വിഷയത്തിലും സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കണ്ടതുണ്ട്.
Editorial
കള്ളപ്പണം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നോട്ട് നിരോധനം, കള്ളപ്പണക്കാരേക്കാൾ വെള്ളപ്പണക്കാരെ വലച്ചതിനെ ഓർമിപ്പിക്കുന്ന സ്ഥിതിയാണ് അമേരിക്കയിൽ. ട്രംപിന്റെ അധികതീരുവ അമേരിക്കക്കാർക്കും അധിക ബാധ്യതയായി.
ഇതരരാജ്യങ്ങളെ പാഠം പഠിപ്പിക്കാൻ ട്രംപ് ഇറക്കിയ അധികതീരുവ, അധികബാധ്യതയായത് മുഖ്യമായും അമേരിക്കക്കാർക്കാണെന്നാണ് സൂചന. വിലക്കയറ്റവും തൊഴിൽനഷ്ടവും ഉയരുകയാണ്. പ്രസിഡന്റിന്റെ ഏകപക്ഷീയ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി വിധിക്കുകയും ചെയ്തു.
കള്ളപ്പണം നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ നോട്ട് നിരോധനം, കള്ളപ്പണക്കാരേക്കാൾ വെള്ളപ്പണക്കാരെ വലച്ചതിനെ ഓർമിപ്പിക്കുന്ന സ്ഥിതിയാണ് അമേരിക്കയിൽ. മിക്ക സുഹൃദ്രാജ്യങ്ങളെയും ട്രംപ് പിണക്കി. പ്രശ്നപരിഹാരത്തിന് അദ്ദേഹത്തിനു പദ്ധതികളുണ്ടാവാം. പക്ഷേ, ആഗോള-ആഭ്യന്തര വിപണിയിലെ അരാജകത്വവും അതിനെ ചെറുക്കാൻ രൂപംകൊള്ളുന്ന പുതിയ അന്തർദേശീയ കൂട്ടുകെട്ടുകളും അമേരിക്കയെ തുണയ്ക്കുമോയെന്നു കാത്തിരുന്നു കാണണം.
നികുതി ചുമത്താനുള്ള അധികാരം പ്രസിഡന്റിനല്ല, യുഎസ് കോൺഗ്രസിനാണെന്നും ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നുമാണ് യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ട് വിധിച്ചത്. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കേണ്ട അധികാരം ദുരുപയോഗിച്ച് ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാരലംഘനവുമാണെന്ന് കോടതി പറഞ്ഞു.
കീഴ്ക്കോടതി വിധിക്കെതിരേയുള്ള അപ്പീലിലാണ് തിരിച്ചടി. അധികതീരുവ കോടതി റദ്ദാക്കിയില്ല എന്നതാണ് ട്രംപിന്റെ ആശ്വാസം. സുപ്രീംകോടതിയെ സമീപിക്കുമെന്നും അവസാനം അമേരിക്ക വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കുന്ന പ്രതിപക്ഷവും വിലക്കയറ്റത്തിന്റെയും തൊഴിൽനഷ്ടത്തിന്റെയും കെടുതി അനുഭവിക്കുന്ന ജനവും കോടതിയുമൊക്കെ അമേരിക്കതന്നെയാണെന്ന യാഥാർഥ്യം അദ്ദേഹം മറച്ചുവയ്ക്കുകയാണ്. ഭരണാധികാരിയുടെ തെറ്റായ തീരുമാനങ്ങളെ രാജ്യസ്നേഹത്തിന്റെ പരിചകൊണ്ടു തടയാൻ ശ്രമിക്കുന്ന രാഷ്ട്രീയ കുതന്ത്രം!
അധികതീരുവയെ തുടർന്ന് ഇറക്കുമതി കുറഞ്ഞതോടെ അമേരിക്കയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില 2.6 ശതമാനം വർധിച്ചത് വർഷാവസാനത്തോടെ 3.4 ശതമാനമാകുമെന്നും ഇതു കഴിഞ്ഞ 20 വർഷത്തെ ശരാശരിയായ 2.9 ശതമാനം കവിയുമെന്നുമാണ് വിദഗ്ധാഭിപ്രായം.
വൈദ്യുതി, തുണി, ചെരിപ്പ്, മുട്ട തുടങ്ങി പലതിനും ചെലവേറി. സാധാരണക്കാർക്ക് പ്രതിമാസ അധികച്ചെലവ് 2,400 ഡോളറായി. ട്രംപിന്റെ തീരുവനയത്തിന്റെ പ്രത്യാഘാതം നേരിട്ടുതുടങ്ങിയെന്ന് വൻകിട കന്പനികൾ പറഞ്ഞു. ത്രൈമാസ വരുമാനത്തിൽ 9,570 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ജനറൽ മോട്ടോഴ്സ് വെളിപ്പെടുത്തി. ട്രംപ് ഭരണത്തിലെ എട്ടു മാസത്തിനിടെ ജോലി നഷ്ടമായവരുടെ എണ്ണം എട്ടു ലക്ഷം കവിഞ്ഞു. കോവിഡിനുശേഷമുള്ള ഏറ്റവും വലിയ തൊഴിൽ നഷ്ടമാണിത്.
അന്തർദേശീയ തലത്തിലും ട്രംപിന്റെ എടുത്തുചാട്ടം പ്രത്യാഘാതങ്ങളുണ്ടാക്കി. എഴുപതിലധികം രാജ്യങ്ങൾക്ക് 10 മുതൽ 50 ശതമാനംവരെ തീരുവയാണ് ട്രംപ് ചുമത്തിയത്. ഉയർന്ന ഇറക്കുമതിതീരുവ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി എന്നിവ ആരോപിച്ച് ഏറ്റവും വലിയ നിരക്കാണ് ഇന്ത്യക്ക് ഏർപ്പെടുത്തിയത്. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യ ആഭ്യന്തരമായും അന്തർദേശീയമായും ചടുലനീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
അമേരിക്കയുടെയും ഇന്ത്യയുടെയും ശത്രുരാജ്യമായി കണക്കാക്കിയിരുന്ന ചൈനയുമായി പുതിയ ബന്ധങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടു. ഏഴു വർഷത്തിനിടെ ആദ്യമായി പ്രധാനമന്ത്രി മോദി ചൈന സന്ദർശിച്ചു. റഷ്യയുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കി. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് അധികച്ചുങ്കം ഏർപ്പെടുത്താൻ ട്രംപ് യൂറോപ്യൻ യൂണിയനിലും സമ്മർദം ചെലുത്തുകയാണ്.
ട്രംപ് ഫ്രണ്ടല്ലെന്ന തിരിച്ചറിവിൽ, പ്രതിസന്ധിയെ അവസരമാക്കാനുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ശ്രമം വിജയിച്ചാൽ അമേരിക്കയ്ക്കു മേൽക്കൈ ഉണ്ടായിരുന്ന ലോകക്രമത്തിൽ മാറ്റമുണ്ടാകും. അത്, അമേരിക്കയുടെ സാന്പത്തിക- സൈനിക ആജ്ഞാശക്തിയെ ദുർബലമാക്കും.
തെരഞ്ഞെടുപ്പുകൾക്കു മധ്യേയുള്ള കാലം പ്രതിപക്ഷം വിശ്രമത്തിന്റേതാക്കുന്ന അമേരിക്കൻ രാഷ്ട്രീയമാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ദുർബല പ്രതികരണത്തിൽ തെളിയുന്നത്. ആഗോളവത്കരണത്തിന്റെ വക്താവായിരുന്ന അമേരിക്കയെ തനിച്ചു വളരാമെന്നു കരുതുന്ന മൗഢ്യത്തിലേക്കാണ് ട്രംപ് നയിക്കുന്നത്. കയറ്റുമതിയെ മാത്രം ആശ്രയിച്ച് നിലനിൽക്കാനാവില്ലെന്നാണ് അവിടത്തെ പണപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയുമൊക്കെ ട്രംപിനെ ഉപദേശിക്കുന്നത്.
മറ്റു രാജ്യങ്ങളുടെയും സ്വന്തം പൗരന്മാരുടെയും പാർട്ടിയുടെയും കോടതികളുടെയും മുന്നറിയിപ്പുകളെ അവഗണിച്ച് ട്രംപ് മുന്നോട്ട് നീങ്ങുന്നത്ര രാജ്യം പിന്നോട്ടു പോകുന്നതിന്റെ ലക്ഷണം ദൃശ്യമാണ്. ആഗോള ജനാധിപത്യ കെട്ടുറപ്പിൽ ട്രംപ് സൃഷ്ടിച്ച വിള്ളൽ നികത്താൻ കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളെത്തുന്നതും സമാന്തര കാഴ്ചയാണ്. ട്രംപ് തിരുത്തിയില്ലെങ്കിൽ പ്രശ്നം സാന്പത്തികം മാത്രമായിരിക്കില്ല.
International
ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തി. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യ-ചൈന ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു
അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് ശേഷം "സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം' സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
കഴിഞ്ഞ വർഷം കസാനിൽ വച്ച് നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നു. അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് നല്ല ദിശാബോധം നൽകി. അതിർത്തിയിലെ സൈനിക പിന്മാറ്റത്തിന് ശേഷം, സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകളെക്കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു. "ഇരു രാജ്യങ്ങളിലെയും 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങൾ നമ്മുടെ സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വഴിയൊരുക്കും'. അദ്ദേഹം പറഞ്ഞു.
അതേസമയം, നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുന്നു എന്ന് ഷി ജിൻപിംഗ് പറഞ്ഞു. പ്രധാനമന്ത്രിയെ വീണ്ടും കാണുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സാംസ്കാരിക ബന്ധമുണ്ട്.. "വ്യാളി- ആന' സൗഹൃദം പ്രധാനമെന്നും നല്ല അയൽക്കാരായി തുടരേണ്ടത് അനിവാര്യമെന്നും ചൈനീസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു,
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവർ മോദിക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു. ചൈനീസ് വിദേശകാര്യമന്ത്രിയും വാണിജ്യമന്ത്രിയും ചർച്ചയിൽ പങ്കാളികളായി. ഏഴു കൊല്ലത്തിന് ശേഷമാണ് ചൈനയിൽ ഇരു നേതാക്കൾക്കുമിടയില്‍ ചർച്ച നടന്നത്.
Leader Page
നാളെ എന്താണു സംഭവിക്കുക എന്നു വ്യക്തമല്ല. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച നടപ്പാക്കുമോ എന്നു നാളെ അറിയാം. ഇതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നിലവിലെ 25 ശതമാനത്തിനു മുകളിലാണിത്. അതോടെ ഇന്ത്യൻ സാധനങ്ങൾക്കു വിലയുടെ 50 ശതമാനമാകും യുഎസ് ചുങ്കം. കയറ്റുമതി അസാധ്യമാക്കുന്ന തരം തീരുവ.
പക്ഷേ, നാളെകളിൽ എന്താണ് ഇന്ത്യ- അമേരിക്ക ബന്ധത്തിൽ ഉണ്ടാവുക എന്നു വ്യക്തമാണ്. ബന്ധം കൂടുതൽ വഷളാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൈ ഫ്രൺഡ്’ എന്നു വിളിച്ചിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബന്ധം തകർക്കുന്ന നടപടികൾ തുടരുകയാണ്. തീരുവ വിഷയം അതിൽ ഒന്നു മാത്രം. ഇന്ത്യയിലേക്ക് പുതിയ അംബാസഡറെ നിയമിച്ചതിലും ബന്ധം വഷളാക്കാനുള്ള നീക്കം കാണാം.
താഷ്കെന്റിൽ നിന്ന്
ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ ജനിച്ച്, സോവ്യറ്റ് യൂണിയന്റെ തകർച്ചയെത്തുടർന്ന് അമേരിക്കയിൽ കുടിയേറിയ ആളാണ് 38 വയസുള്ള സെർജിയോ ഗോർ (പഴയ പേര് സെർജി ഗോറോഖോവ്സ്കി). ഇന്ത്യയിലെ അംബാസഡർ പദവിക്കു പുറമേ ദക്ഷിണ-മധ്യ ഏഷ്യയിലേക്കുള്ള പ്രത്യേക പ്രതിനിധി സ്ഥാനവും ഗോർ വഹിക്കും. ഇത് ഇന്ത്യക്കു സ്വീകാര്യമായ ക്രമീകരണമല്ല.
ഇന്ത്യക്കു പുറമേ പാക്കിസ്ഥാനും ബംഗ്ലാദേശുമടക്കം 12 രാജ്യങ്ങൾ ഉള്ളതാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ദക്ഷിണ-മധ്യ ഏഷ്യ ബ്യൂറോ. അവയുടെ പ്രത്യേക ദൂതനെ ഇന്ത്യയിൽ അംബാസഡറും ആക്കുമ്പോൾ ഇന്ത്യയെ താഴ്ത്തിക്കെട്ടുകയാണ്. ഇന്ത്യയെ പാക്കിസ്ഥാന്റെ ഒപ്പമോ താഴെയോ കണക്കാക്കുന്നതാണ് ഈ നിയമനം എന്നു പറയാം. കാഷ്മീർ വിഷയം വീണ്ടും കുത്തിപ്പൊക്കാൻ അതു വഴിതെളിക്കും.
ഒബാമ പിൻവാങ്ങി
2009ൽ റിച്ചാർഡ് ഹോൾബ്രൂക്ക് എന്ന പരിചയസമ്പന്നനായ നയതന്ത്രജ്ഞനെ ഇങ്ങനെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ യുഎസ് പ്രസിഡന്റ് ബറാക്് ഒബാമ ശ്രമിച്ചപ്പോൾ ഇന്ത്യ എതിർത്തു. അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജിയും വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോനും രേഖാമൂലം പ്രതിഷേധം അറിയിച്ചപ്പോൾ ഒബാമ വഴങ്ങി. ഹോൾബ്രൂക്കിനെ അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും (അഫ്പാക് ) കാര്യങ്ങൾക്കു മാത്രമുള്ള പ്രത്യേക പ്രതിനിധിയാക്കി.
ഗോറിന്റെ നിയമനത്തെപ്പറ്റി ചോദിച്ചപ്പോൾ താൻ അറിഞ്ഞു എന്നു മാത്രമാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചത്. അർഥഗർഭമാണ് അത്. മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന അംബാസഡർ പദവിയിൽ ആൾ വരുന്നതിന്റെ സന്തോഷംപോലും ജയശങ്കർ പ്രകടിപ്പിച്ചില്ല.
ഏറ്റവും വിശ്വസ്തൻ
മൂന്നു തവണയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ട്രംപിന്റെ സഹായിയായിരുന്നു ഗോർ. അനുവാദം ചോദിക്കാതെ പ്രസിഡന്റിന്റെ മുറിയിൽ കയറാൻ അനുവാദമുള്ള ആൾ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്തു തന്റെ അജൻഡ നടപ്പാക്കാൻ ഏറ്റവും വിശ്വസ്തനും സമർഥനുമായ ആൾ എന്നു വിശേഷിപ്പിച്ചാണു ഗോറിനെ തന്റെ സമൂഹമാധ്യമ പോസ്റ്റിൽ ട്രംപ് അവതരിപ്പിച്ചത്. ട്രംപിന്റെ വിശ്വസ്തനായതുകൊണ്ട് ഗോർ ഇന്ത്യക്കു കാര്യങ്ങൾ എളുപ്പമാക്കും എന്നു കരുതുന്നവർ ഉണ്ട്. പക്ഷേ ഇന്ത്യ വളരെ ക്ലേശിക്കേണ്ടി വരും എന്നാണു നയതന്ത്ര നിരീക്ഷകർ ഒന്നടങ്കം വിലയിരുത്തുന്നത്.
നയതന്ത്ര മേഖലയിലോ ഏഷ്യൻ രാജ്യങ്ങളിലോ പരിചയമില്ലാത്ത ആളാണു ഗോർ. ചെസ്റ്റർ ബൗൾസ്, ജോൺ കെന്നത്ത് ഗാൽബ്രെയ്ത്ത്, കെന്നത്ത് ബി. കീറ്റിംഗ്, ഡാനിയൽ പി. മൊയ്നിഹാൻ, ഡേവിഡ് മൾഫോർഡ് തുടങ്ങിയവരുടെ പിൻഗാമിയാകാൻ ട്രംപിന്റെ വിശ്വാസം ഒഴികെ പറയത്തക്ക യോഗ്യതകൾ ഗോറിന് ഇല്ല.
50% ചുങ്കം വന്നാൽ
50 ശതമാനം ചുങ്കം വരുന്നത് അമേരിക്കയിലേക്കു 2024ൽ നടന്ന ഇന്ത്യൻ കയറ്റുമതി (8900 കോടി ഡോളർ) യുടെ 60 ശതമാനവും നഷ്ടമാകാൻ കാരണമാകാം. അത് ഇന്ത്യയുടെ ജിഡിപിയിൽ ഒരു വർഷം ഒരു ശതമാനം ഇടിവ് വരുത്താം. ഈ വർഷം അഞ്ചുമാസം പിന്നിട്ടതിനാൽ കയറ്റുമതി ഇടിവ് 0.50 ശതമാനമാകും. അതു ജിഡിപിയിൽ വരുത്തുന്ന കുറവ് 0.3 ശതമാനത്തിൽ ഒതുങ്ങാം എന്നു വിദഗ്ധർ കണക്കാക്കുന്നു.
രത്നാഭരണങ്ങളും വസ്ത്രങ്ങളും മുതൽ നത്തോലി (കൊഴുവ) വരെ ഉള്ള കയറ്റുമതി ഇനങ്ങളിൽ സിംഹഭാഗത്തിനും ചുങ്കം കൂടും (തത്കാലം ആപ്പിളിന്റെ ഐഫോണും മറ്റു കമ്പനികളുടെ സ്മാർട്ട് ഫോണുകളും ഇതിൽ നിന്ന് ഒഴിവാണ്).
യുഎസിലേക്കു കയറ്റുമതി കൂടി
കഴിഞ്ഞ വർഷം ഇന്ത്യൻ ഉത്പന്ന കയറ്റുമതിയുടെ 19 ശതമാനം നേരിട്ടും മറ്റൊരു അഞ്ചു ശതമാനം പരോക്ഷമായും പോയത് അമേരിക്കയിലേക്കാണ്. കാനഡയിലും മെക്സിക്കോയിലും ചെല്ലുന്ന വാഹനഘടകങ്ങൾ അമേരിക്കൻ വിപണിയിലേക്കുള്ള വാഹനങ്ങളിൽ പിടിപ്പിക്കുന്നവയാണ്.
ഈ ധനകാര്യവർഷം ആദ്യ നാലു മാസം കയറ്റുമതിയുടെ 23 ശതമാനം യുഎസിലേക്കായിരുന്നു. ഉയർന്ന തീരുവ ഒഴിവാക്കാനുള്ള ഇറക്കുമതി കമ്പനികളുടെ തത്രപ്പാടിലാണിത്. ആദ്യ നാലു മാസം ഇന്ത്യയുടെ മൊത്തം കയറ്റുമതി മൂന്നു ശതമാനം കൂടിയപ്പോൾ യുഎസിലേക്കുള്ളത് 21 ശതമാനം കൂടി. എന്നാൽ ഒക്ടോബർ മുതൽ അങ്ങോട്ടുള്ള കയറ്റുമതി ഗണ്യമായി കുറയുമെന്നാണ് ആശങ്ക.
മറ്റിടങ്ങളിൽ ക്ഷീണം
ഇതിനിടെ, മറ്റൊരു പ്രതിഭാസവും ഇന്ത്യയെ അലട്ടുന്നുണ്ട്. മറ്റു പല പ്രധാന രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ഗണ്യമായി കുറഞ്ഞു. യുകെ 11.2 ശതമാനം, ഫ്രാൻസ് 17.3%, ഹോളണ്ട് 21.2%, ഇറ്റലി 9.2%, മലേഷ്യ 28.8%, സിംഗപ്പുർ 11.8%, ദക്ഷിണാഫ്രിക്ക 16.3%, സൗദി അറേബ്യ 11.8% എന്നിങ്ങനെയാണു നാലു മാസത്തെ കുറവ്. ഇന്ത്യയുടെ കയറ്റുമതി മേഖല ചിന്തിക്കേണ്ട വിഷയം ഇതിലുണ്ട്. ഈ രാജ്യങ്ങൾ സ്വന്തം ആവശ്യം കുറഞ്ഞിട്ടാണോ ആഗോള വ്യാപാരം കുറയും എന്നു കണക്കാക്കിയിട്ടാണോ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി കുറച്ചത്?
തോന്നുംപടി ചുങ്കം
ഉത്തരം എന്തായാലും ഇന്ത്യയുടെ കയറ്റുമതിയാണു കുറയുന്നത്. കുറ്റം നമ്മുടേതല്ല. 19-ാം നൂറ്റാണ്ടിലെ വാണിജ്യസിദ്ധാന്തങ്ങൾ വച്ച് 21-ാം നൂറ്റാണ്ടിൽ ലോക വാണിജ്യനയങ്ങൾ പൊളിച്ചെഴുതാൻ ട്രംപ് ശ്രമിക്കുന്നതു മൂലമാണിത്. ഞങ്ങളുടെ ഉത്പന്നങ്ങൾക്കു നിങ്ങൾ ചുങ്കം ചുമത്തരുത്, നിങ്ങളുടേതിനു ഞങ്ങൾ തോന്നുംപടി ചുങ്കം ഈടാക്കും എന്നാണ് ട്രംപ് പറയുന്നത്.
യൂറോപ്പും ലാറ്റിനമേരിക്കയും നിരവധി ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളും അതിനു വഴിപ്പെട്ടു കഴിഞ്ഞു. ചുങ്കമില്ലാതെ അമേരിക്കൻ ഉത്പന്നങ്ങൾ (നമുക്കു മിച്ചമുള്ള ധാന്യങ്ങൾ അടക്കമുള്ള കാർഷികോത്പന്നങ്ങൾ അടക്കം) വാങ്ങണമെന്ന നിർബന്ധത്തിന് വഴങ്ങാൻ ഇന്ത്യ തയാറല്ല.
നമുക്കൊപ്പം ചെറുത്തുനിൽക്കുന്നത് സ്വിറ്റ്സർലൻഡും ചൈനയും ബ്രസീലും മാത്രം.
ഏറ്റവും വലിയ കമ്പോളം
തത്കാലം അമേരിക്കയുടേതാണ് ഏറ്റവും വലിയ കമ്പോളം. അത്ര വലിയ വിപണി വേറേ ഇല്ല. അതിനാൽ അവർ പറയുന്നതു മറ്റു രാജ്യങ്ങൾ കേൾക്കുന്നു. അമേരിക്കൻ വിപണി നഷ്ടമായാൽ മറ്റു രാജ്യങ്ങളിൽ വിപണി കണ്ടെത്തി പ്രശ്നം മറികടക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. യുകെയുമായുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി ഇതിന്റെ തുടക്കമാണ്.
സ്വിറ്റ്സർലൻഡും നോർവേയും ഐസ്ലാൻഡും ലീക്റ്റൻസ്റ്റൈനും ഉൾപ്പെട്ട യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള സ്വതന്ത്രവ്യാപാര കരാർ ഒക്ടോബർ ഒന്നിനു നിലവിൽ വരും. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച ഈ വർഷം പൂർത്തിയാകും. റഷ്യയും നാലു മുൻ സോവ്യറ്റ് രാജ്യങ്ങളും ഉൾപ്പെട്ട യൂറേഷ്യൻ ഇക്കണോമിക് യൂണിയനുമായി കരാർ ചർച്ച ഈ മാസം തുടങ്ങി. ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പുർ, ഓസ്ട്രേലിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി കരാറുണ്ട്. ആസിയാനുമായുളള കരാർ പുതുക്കാൻ ചർച്ച ഉടനേ തുടങ്ങും.
ഇവയൊക്കെ ഫലപ്രദമായാലും ഒരു വസ്തുതയുണ്ട്. ആളോഹരി 80,000 ഡോളർ വരുമാനമുള്ള അമേരിക്കക്കാരുടെ അടുത്തെങ്ങും വരില്ല ഈ രാജ്യങ്ങളുടെ ആവശ്യവും വിപണിയും.
എണ്ണക്കഥ എന്ന വ്യാജം
റഷ്യയിൽനിന്ന് എണ്ണ വാങ്ങി യുക്രെയ്നിലെ ആക്രമണത്തെ സഹായിക്കുന്നു എന്നു പറഞ്ഞാണു ട്രംപ് ഇന്ത്യക്ക് പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ രാജകീയമായി സ്വീകരിച്ചു പ്രസാദിപ്പിച്ചു യുദ്ധം തീർക്കാനുള്ള ട്രംപിന്റെ ശ്രമം പരാജയപ്പെട്ടു. അതു ജയിച്ചെങ്കിൽ ഇന്ത്യയെ വെറുതേ വിടുമായിരുന്നു. അതു പൊളിഞ്ഞത് ഇന്ത്യക്കു നേരേ കലിപ്പു കൂട്ടി. ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും കള്ളക്കണക്കുകൾ പറഞ്ഞ് ഇന്ത്യയെ വിമർശിച്ചത് ഇതിനുശേഷമാണ്.
കൂട്ടുകെട്ടുകൾ മാറുന്നു
ട്രംപിന്റെ നടപടികൾ ഇന്ത്യയെ ബ്രിക്സ് കൂട്ടായ്മയിലും ചൈന നേതൃത്വം നൽകുന്ന ഷാങ്ഹായ് സഹകരണ സംഘടനയിലും കൂടുതൽ സജീവമാക്കി. റഷ്യയുമായുള്ള സെെനിക സഹകരണം കൂട്ടി. വ്യാപാരബന്ധം കൂട്ടാൻ ചർച്ച തുടങ്ങി. മേയിലെ ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനെ ആയുധങ്ങളും ഉപഗ്രഹചിത്രങ്ങളും നൽകി സഹായിച്ച ചൈനയുമായുള്ള തർക്കങ്ങൾ തത്കാലം മറക്കാൻ ഇന്ത്യ തയാറായി. അമേരിക്ക ഇല്ലെങ്കിൽ എതിർചേരിയോട് അടുക്കും എന്നു കാണിക്കാൻ ഇന്ത്യ ശ്രമിക്കുകയാണ്.
പക്ഷേ റഷ്യ പഴയ സോവ്യറ്റ് യൂണിയൻ അല്ല. വളരെ ദുർബലമാണ്. ചൈന ഒരിക്കലും പാക്കിസ്ഥാനെ കൈവിടുകയുമില്ല. ഇന്ത്യക്ക് ദീർഘകാല കൂട്ടുകെട്ടിന് അവർ പറ്റിയതാവില്ല.
1971 നവംബറിൽ വെെറ്റ് ഹൗസിൽ ചെന്ന തന്നെ 45 മിനിറ്റ് കാത്തിരുത്തിയ പ്രസിഡന്റ് റിച്ചാർഡ് നിക്സനെ പിറ്റേ ദിവസം അതുപാേലെ കാത്തിരുത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലമല്ല ഇത്. അന്നു വൻശക്തിയായ സോവ്യറ്റ് യൂണിയനുമായി സൈനിക കരാർ ഉണ്ടാക്കിയ ശേഷമാണ് ഇന്ദിര അമേരിക്കയിൽ എത്തിയത്. ഇന്ന് അത്തരമൊരു കൂട്ടായ്മ ഇന്ത്യക്കില്ല.
Leader Page
ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാരക്കരാർ പ്രഖ്യാപിച്ച്, മടക്കയാത്രയിൽ മാലിദ്വീപുമായും പുതിയ ഉടന്പടിയുണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തിക്കഴിഞ്ഞു. പക്ഷേ, അമേരിക്കയുമായി ഇതുപോലൊരു വാണിജ്യക്കരാറിനുവേണ്ടി ഉഭയകക്ഷി ചർച്ചകൾ ഏപ്രിൽ മുതൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. വിവിധ തലങ്ങളിൽ അഞ്ചോ ആറോ റൗണ്ട് ചർച്ചകൾ നടന്നുകഴിഞ്ഞു.
ആവശ്യം ഉഭയകക്ഷി ചർച്ചകൾ
ഇക്കൊല്ലം ജനുവരിയിൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായി പദവി ഏറ്റപ്പോൾത്തന്നെ പ്രഖ്യാപിച്ചതാണ് Make America Great Again (MAGA) എന്നതാണ് തന്റെ ലക്ഷ്യമെന്ന്. അതിനുവേണ്ടി ആദ്യം അമേരിക്കയും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി കുറച്ചുകൊണ്ടുവരണം. എന്നിട്ട് ക്രമേണ അമേരിക്ക ഒരു വാണിജ്യമിച്ചമുള്ള രാജ്യമായിത്തീരണം. ഇന്ന് അമേരിക്കയുടെ ഉത്പന്നങ്ങൾക്കു മറ്റു രാജ്യങ്ങൾ വലിയ ഇറക്കുമതിച്ചുങ്കമാണ് ചുമത്തുന്നത്.
അതേസമയം, അമേരിക്ക അവരുടെ ഉത്പന്നങ്ങളെല്ലാം നിസാരമായ ചുങ്കത്തിൽ ഇറക്കുമതി ചെയ്യുന്നു. ഇരുകൂട്ടർക്കും ഒരേ നിരക്കുകൾ ബാധകമാകണം. ഉഭയകക്ഷി ചർച്ചകൾ നടത്തി ഇരുകൂട്ടർക്കും നീതിയുക്തമായ ചുങ്കനിരക്കുകൾ നിർണയിക്കുന്ന പുതിയ കരാറുകൾ പ്രഖ്യാപിക്കണം. ഇതിനകം അമേരിക്ക ചൈനയോടു പ്രത്യേക ചർച്ച നടത്തി കരാർ ഉണ്ടാക്കിക്കഴിഞ്ഞു. പിന്നീട് ജപ്പാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായുള്ള കരാറുകളും പ്രഖ്യാപിച്ചു. ഏറ്റവുമാദ്യം ഏപ്രിലിൽതന്നെ ഉഭയകക്ഷി ചർച്ചകൾക്കു തുടക്കംകുറിച്ചത് ഇന്ത്യയായിരുന്നു. പക്ഷേ ഇപ്പോൾ കരാറുണ്ടാക്കാൻ കഴിയാതെ അമേരിക്ക ഇന്ത്യക്കുമേൽ അധികതീരുവ ചുമത്തിയിരിക്കുകയാണ്.
വ്യാപാരക്കമ്മി
ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയാണ് അമേരിക്ക. ആണ്ടിൽ 130 ലക്ഷം കോടി ഡോളർ (130 ബില്യണ്‍). നമ്മുടെ പ്രധാന ഇറക്കുമതി ഇനങ്ങൾ ചില പ്രത്യേക മരുന്നുകൾ, ഇലക്ട്രോണിക്സ് യന്ത്രങ്ങൾ, ക്രൂഡ്ഓയിൽ, കണ്ണാടി, രാസവസ്തുക്കൾ, റബർ ഉത്പന്നങ്ങൾ എന്നിവയാണ്. ഇത് 42 ബില്യണ്‍ ഡോളർ വരും. നമ്മുടെ കയറ്റുമതി അണ്ടിപ്പരിപ്പ്, സുഗന്ധദ്രവ്യങ്ങൾ, കുരുമുളക്, ബസുമതി അരി, പഴവർഗങ്ങൾ, പച്ചക്കറി, സ്വർണാഭരണം, വസ്ത്രങ്ങൾ എന്നിവ. ഇതാകട്ടെ 88 ബില്യണ്‍ ഡോളറും. അതായത് അമേരിക്കയ്ക്കു നമ്മളുമായുള്ള വ്യാപാരത്തിൽ വ്യാപാരക്കമ്മിയാണ്. അവരുടെ ഉത്പന്നങ്ങൾ കൂടുതലായി നാം ഇറക്കുമതി ചെയ്ത് വ്യാപാരക്കമ്മി നികത്താനാണ് ട്രംപ് ആവശ്യപ്പെടുന്നത്. അവരുടെ ചോളം, ഗോതന്പ്, സോയാബീൻ, പാൽ, പാൽ ഉത്പന്നങ്ങൾ, കോഴിക്കാൽ, ആയുധങ്ങൾ, യുദ്ധവിമാനം മുതലായവ ഇറക്കുമതി ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നു. ഇത് പ്രായോഗികമാക്കാൻ ഇവയുടെയെല്ലാം ചുങ്കം കുറയ്ക്കണം. അങ്ങനെ കമ്മി നികത്താൻ അവരെ സഹായിക്കണം.
അമേരിക്കൻ കൃഷിസ്ഥലങ്ങൾ അതിവിസ്തൃതം, യന്ത്രവത്കൃതം. ആധുനിക ടെക്നോളജി ഉപയോഗിച്ച് കാര്യക്ഷമമായി നടത്തുന്നു. സർക്കാരിന്റെ വൻതോതിലുള്ള സഹായവും അവർക്കു ലഭിക്കുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണു കൃഷിക്കാർ. ഇന്ത്യയിലാണെങ്കിൽ കൃഷിസ്ഥലങ്ങളുടെ വിസ്തൃതി വളരെ ചെറുത്. കർഷകരെല്ലാം പാവപ്പെട്ടവർ. 70 കോടി ജനങ്ങൾ കൃഷിയെ ആശ്രയിച്ചു കഴിയുന്നു. ആധുനിക സാങ്കേതികവിദ്യകൾ എത്തിനോക്കുന്നതേയുള്ളൂ. ഇന്ത്യൻ കാർഷികവിപണി അമേരിക്കൻ ഉത്പന്നങ്ങൾക്കു തുറന്നുകൊടുത്താൽ അത്താഴപ്പട്ടിണിക്കാരായ നമ്മുടെ 70 കോടി കർഷകരുടെ സ്ഥിതി വഷളാകും. വലിയ രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളുണ്ടാകും. ഇരുകൂട്ടരും ഇങ്ങനെ ബലംപിടിച്ചുനിൽക്കുന്നു. നമ്മുടെ കർഷകരെ ബാധിക്കാത്തതും അതേസമയം, ട്രംപിന് ഒരു വലിയ കൈത്താങ്ങായിത്തീരുന്നതുമായ ഒരു കാര്യം ഇവിടെ പ്രസക്തമാണ്. ഭക്ഷ്യഎണ്ണയുടെ കാര്യമാണത്.
ഇന്ത്യയിൽ ഇന്ന് പെട്രോളിയം, സ്വർണം ഇവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദേശനാണ്യം ചെലവാക്കി നാം ഇറക്കുമതി ചെയ്യുന്ന ഉത്പന്നമാണ് ഭക്ഷ്യ എണ്ണ. പാംഓയിൽ, സോയാബീൻ ഓയിൽ മുതലായവയാണ് ഇങ്ങനെ ഇറക്കുമതി ചെയ്യുന്നത്.
ഭക്ഷ്യ എണ്ണ ഇറക്കുമതി
ഇന്ത്യയിൽ ഭക്ഷ്യ എണ്ണയുടെ ഡിമാൻഡ് ആണ്ടുതോറും ഉയരുന്നു. ലോകത്തിൽ ഏറ്റവും വലിയ സോയാബീൻ ഉത്പാദകർ അമേരിക്കയാണ്. അവരുടെ സോയാബീൻ മുഴുവൻ ചൈനയാണു വാങ്ങിക്കൊണ്ടിരുന്നത്. പക്ഷേ, ഇക്കൊല്ലം ട്രംപ് അധികാരമേറ്റയുടനെ ചുങ്കനിരക്കുകളെല്ലാം ഉയർത്തി താരിഫ് യുദ്ധം തുടങ്ങിയപ്പോൾ കുപിതരായ ചൈനക്കാർ സോയാബീൻ ഇറക്കുമതി ചെയ്യാൻ അമേരിക്കയുമായി ഉണ്ടാക്കിയ കരാറുകളെല്ലാം റദ്ദ് ചെയ്തു. പകരം അവർ ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിൽനിന്നു സോയാബീൻ വാങ്ങി. അപ്പോൾ ഏറ്റവുമുധികം സോയാബീൻ ഉത്പാദിപ്പിക്കുന്ന അമേരിക്കയിൽ പ്രതിസന്ധിയായി, വിൽക്കാൻ കഴിയുന്നില്ല. ഈ വിഷമാവസ്ഥയിൽ നാം അമേരിക്കൻ സോയാബീൻ ഇറക്കുമതി ചെയ്താൽ പാചകത്തിനാവശ്യമായ എണ്ണ ലഭിക്കും. കാലിത്തീറ്റയ്ക്കു സോയാപ്പിണ്ണാക്കും ലഭിക്കും. തുറമുഖങ്ങൾക്കടുത്തു സോയാബീനിൽനിന്നും എണ്ണ പിഴിഞ്ഞെടുക്കാനുള്ള ഫാക്ടറികൾ സ്ഥാപിക്കുക വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യാം.
പക്ഷേ, സോയാബീൻ ഇറക്കുമതി ചെയ്യാൻ രണ്ടു പ്രതിബന്ധങ്ങളാണ് നമ്മുടെ മുന്നിൽ. ഒന്ന്, അമേരിക്കൻ സോയാബീൻ കൃഷി മിക്കവാറും അത്യുത്പാദന ശേഷിയുള്ള ജിഎം (Genetically Modified) വിത്തുകൾ ഉപയോഗിച്ചാണ് നടത്തുന്നത്. നമ്മുടെ നാട്ടിൽ പരിസ്ഥിതി സംരക്ഷകർക്കു ജനിതകമാറ്റം വരുത്തിയ വിത്തുകളോടു വിരോധമാണ്.
വിപ്ലവം സൃഷ്ടിച്ച ജിഎം വിത്തുകൾ
പക്ഷേ, പരുത്തി ഉത്പാദനമേഖലയിൽ ജിഎം വിത്തുകൾ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത് ചരിത്രം. അമേരിക്കയെയും ചൈനയെയും പിന്തള്ളി ഇന്ത്യക്ക് ലോകത്തിൽ ഒന്നാംസ്ഥാനം നേടിക്കൊടുത്തത്, ബിടി കോട്ടണ്‍ എന്ന ജനതികമാറ്റം വരുത്തിയ പരുത്തിവിത്തുകളാണ്. ഈ വിത്ത് കൂടുതൽ ഉത്പാദനം നൽകുന്നു. പരുത്തിച്ചെടിയുടെ വലിയ ശത്രുവായ ബോൾ വോം എന്ന പുഴുവിനെയിത് ചെറുക്കുന്നു. ജനിതകമാറ്റം വരുത്തിയ വിത്തിന്റെ വരവോടെ കർഷകർക്കു കീടനാശിനിച്ചെലവ് ഒഴിവായിക്കിട്ടി. അതേസമയം, ഉത്പാദനം പെരുകി. പക്ഷേ, ആണ്ടുതോറും പുതിയ വിത്ത് വാങ്ങണം. മുന്‍പ് ചെയ്തിരുന്നതുപോലെ പരുത്തിവയലിൽനിന്ന് ശേഖരിക്കുന്ന വിത്ത് ഉപയോഗിച്ചാൽ മേൽപ്പറഞ്ഞ പ്രയോജനങ്ങളൊന്നും ലഭിക്കില്ല.
സർക്കാർ പരീക്ഷണാർഥം ഉപയോഗിക്കാൻ േണ്ടി മാത്രം ബിടി കോട്ടണ്‍ വിത്തുകൾ വിതരണം ചെയ്തു. പുതിയ വിത്തുകൾ വച്ചു നടത്തിയ കൃഷിയുടെ ഗുണഫലങ്ങൾ നേരിട്ടു കണ്ട കർഷകർ സർക്കാരിന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ മോണ്‍സാന്റോ കന്പനിയുടെ വിത്ത് വാങ്ങി എല്ലായിടത്തും ബിടി കോട്ടണ്‍ കൃഷി തുടങ്ങി. പിന്നീടു സംഭവിച്ചത് ചരിത്രമാണ്. ഇന്ത്യക്ക് പരുത്തി ഉത്പാദനത്തിൽ ലോകത്ത് ഒന്നാംസ്ഥാനം. മറ്റു പല കൃഷികൾക്കും ജനിതക വിത്തുകൾ വികസിപ്പിച്ചെടുത്തെങ്കിലും (വഴുതന) പ്രചരിപ്പിക്കാൻ സർക്കാരിന്റെ അനുവാദം ഇതുവരെ കിട്ടിയിട്ടില്ല. ബ്രസീലിൽനിന്നും അർജന്റീനിയിൽനിന്നും മുൻ വർഷങ്ങളിൽ ഇറക്കുമതി ചെയ്തിരുന്ന സോയാ എണ്ണ ആ രാജ്യങ്ങളിൽ കൃഷി ചെയ്തുണ്ടാക്കിയ ജനിതകമാറ്റം വരുത്തിയ സോയാപ്പയറിൽനിന്നും സംസ്കരിച്ചെടുത്ത എണ്ണയായിരുന്നു എന്ന കാര്യം ഇപ്പോൾ പ്രസക്തമാകുന്നു.
ഇനി രണ്ടാമത്തെ പ്രശ്നം. ഇന്ന് ക്രൂഡ് പാംഓയിൽ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് അതു ശുദ്ധീകരിച്ച് പാംഓയിൽ വിതരണം ചെയ്യുന്ന പ്രധാന കക്ഷി നമ്മുടെ അദാനി ഗ്രൂപ്പിന്റെ ഒരു കന്പനിയാണ്. അവരുടെ പ്രശ്നം മറികടക്കാൻ പ്രയാസമുണ്ടാകില്ല, അമേരിക്കയിൽനിന്നു വരുന്ന സോയാബീൻ പിഴിഞ്ഞെടുത്ത് എണ്ണ ഉത്പാദിപ്പിക്കുന്ന ദൗത്യം അദാനിയെ ഏൽപ്പിച്ചാൽ മതിയല്ലോ.
അങ്ങനെ തെക്കേ അമേരിക്കയിൽ ബ്രസീലിൽനിന്ന് ജനതികമാറ്റം വരുത്തിയ സോയാബീനിൽനിന്ന് പിഴിഞ്ഞെടുക്കുന്ന സോയാ എണ്ണ വാങ്ങി ഉപയോഗിക്കുന്നതിനു പകരം വടക്കേ അമേരിക്കയിൽനിന്നു ജനിതകമാറ്റം വരുത്തിയ സോയാപ്പയർ വാങ്ങി നമ്മൾതന്നെ സംസ്കരിച്ച് ഭക്ഷ്യ എണ്ണ ജനങ്ങൾക്കു ലഭ്യമാക്കുന്നതും തമ്മിൽ വ്യത്യാസമൊന്നുമില്ലല്ലോ.
അതേസമയം, നമുക്ക് ട്രംപിനെ ഒരു പ്രതിസന്ധിയിൽ രക്ഷിച്ചു എന്ന് അവകാശപ്പെടാം. കാർഷികമേഖല മുഴുവൻ അമേരിക്കയ്ക്കു തുറന്നുകൊടുക്കണം എന്ന് ആവശ്യപ്പെടുന്ന ട്രംപിന് അതു മുഴുവൻ സാധിച്ചുകൊടുത്തില്ലെങ്കിലും സോയാബീൻ എങ്കിലും നാം വാങ്ങുന്നുണ്ടല്ലോ എന്നുപറഞ്ഞ് സമാധാനിപ്പിച്ച് കരാർ ഉണ്ടാക്കി മുന്നോട്ടു പോകുകയും ചെയ്യാം.
Leader Page
ഇന്ത്യ-അമേരിക്ക ബന്ധം ഭദ്രവും ദിവസേന ഇഴയടുപ്പം കൂടുന്ന ഒന്നുമായാണ് ഏതാനും ആഴ്ച മുൻപുവരെ കണ്ടിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നല്ല മൈത്രി. കണ്ടാലുടനെ കെട്ടിപ്പിടിക്കും, എന്റെ മിത്രം എന്നു പറയും. ബന്ധം ഉലയ്ക്കാവുന്ന പല വിഷയങ്ങളും ഒന്നുമല്ലാതെ പോവുകയോ ശീതീകരണിയിലേക്കു മാറ്റുകയോ ചെയ്ത് ട്രംപ് അടുപ്പം ദൃഢമാക്കി.
പക്ഷേ, വ്യാപാരവും തീരുവയും വിഷയമായപ്പോൾ കഥ മാറി. ട്രംപ് പഴയ പ്രസിഡന്റുമാരെപ്പോലെ അല്ല. അദ്ദേഹം "ഡീലു'കളിൽ വിശ്വസിക്കുന്ന ആളാണ്. "ഡീൽ' ആണ് ഏകലക്ഷ്യം എന്നും പറയാം.
കരാറിനു പകരം മൂലധന നിക്ഷേപം
വ്യാപാരക്കാര്യത്തിൽ പല രാജ്യങ്ങളോടും കരാർ ഉണ്ടാക്കിയതു നോക്കിയാൽ ഇതു മനസിലാക്കാം. 1945ൽ കീഴടക്കിയതു മുതൽ ജപ്പാൻ അമേരിക്കയുടെ സൈനിക സംരക്ഷണ ഉടമ്പടിയിൽ ഉള്ള രാജ്യമാണ്. പരസ്പര വാണിജ്യവും വളരെ വലുത്. എന്നിട്ടും ട്രംപ് 15 ശതമാനം ചുങ്കം അവിടെനിന്നുള്ളവയ്ക്കു ചുമത്തി. അമേരിക്ക ഉത്പാദിപ്പിക്കുന്ന ജാപ്പോണിക്ക അരി തീരുവയില്ലാതെ വാങ്ങാൻ ജപ്പാൻ സമ്മതിച്ചു. അമേരിക്കൻ കാറുകളുടെ ചുങ്കവും താഴ്ത്തി. പുറമേ ജപ്പാൻ 55,000 കോടി ഡോളർ മൂലധന നിക്ഷേപം അമേരിക്കയിൽ നടത്താം എന്നും സമ്മതിച്ചു.
യൂറോപ്യൻ യൂണിയൻ 75,000 കോടി ഡോളറിന്റെ ഇന്ധനം (ക്രൂഡ് ഓയിൽ, പ്രകൃതിവാതകം) വാങ്ങാനും 60,000 കോടി ഡോളർ നിക്ഷേപം നടത്താനും സമ്മതിച്ചിട്ടാണു 15 ശതമാനം ചുങ്കത്തിൽ ഒതുങ്ങിയത്. ദക്ഷിണകൊറിയ 25ൽനിന്നു 15 ശതമാനത്തിലേക്കു ചുങ്കം കുറച്ചെടുത്തത് 35,000 കോടി ഡോളർ നിക്ഷേപംകൂടി വാഗ്ദാനം ചെയ്തിട്ടാണ്.
ഇന്തോനേഷ്യയുടെ കഥ
വികസ്വര രാജ്യങ്ങളുടെ കാര്യം വന്നപ്പോൾ മൂലധനനിക്ഷേപ നിബന്ധന ട്രംപ് ഒഴിവാക്കി. പകരം യുഎസ് ഉത്പന്നങ്ങൾക്കുമേൽ ഗുണപരിശോധന അടക്കമുള്ള സാധാരണ നടപടികളെല്ലാം ഒഴിവാക്കിയെടുത്തു. ഇന്തോനേഷ്യ ഉദാഹരണമാണ്. അമേരിക്കയിൽനിന്നുള്ള 99 ശതമാനം ഇറക്കുമതിക്കും ചുങ്കം ഒഴിവാക്കാനും എല്ലാവിധ കാർഷികോത്പന്നങ്ങളും സമുദ്രോത്പന്നങ്ങളും ചുങ്കമില്ലാതെ വാങ്ങാനും സമ്മതിച്ചിട്ടാണ് ഇന്തോനേഷ്യക്ക് കരാർ ഉണ്ടാക്കാനായത്. എന്നിട്ടും അവരുടെ സാധനങ്ങൾക്കു 19 ശതമാനം ചുങ്കം നൽകണം.
ഇറക്കുമതി വ്യവസ്ഥകൾ വിശദമായി നോക്കുമ്പോഴാണ് ഇന്തോനേഷ്യ എത്രമാത്രം വഴങ്ങി എന്നു മനസിലാകുക: വാഹനങ്ങൾക്ക് അമേരിക്കയിലെ മാനദണ്ഡങ്ങൾ മാത്രം ബാധകമാക്കണം. സ്വദേശി ഘടകങ്ങൾ വേണമെന്നു നിർബന്ധിക്കരുത് മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും യുഎസ് മാനദണ്ഡം മാത്രമേ നോക്കാവൂ. ഇറക്കുമതിക്കു മുൻപുള്ള പരിശോധനകൾ ഒഴിവാക്കണം. ബൗദ്ധിക സ്വത്തവകാശക്കേസുകൾ യുഎസ് ചട്ടപ്രകാരം തീർക്കണം. ഭക്ഷ്യ-കാർഷിക ഇറക്കുമതികൾക്കു യുഎസ് നിബന്ധനകൾ മാത്രം പാലിക്കണം.
വിയറ്റ്നാമും ബംഗ്ലാദേശുമൊക്കെ ഇത്തരം വ്യവസ്ഥകൾക്കു വഴങ്ങിയാണ് ഇരുപതും 19ഉം ശതമാനം ചുങ്കം അംഗീകരിച്ചത്.
മുൻപേ തുടങ്ങി, പക്ഷേ
മറ്റു രാജ്യങ്ങൾക്കു മുമ്പേ ട്രംപുമായി വ്യാപാരക്കരാർ ഉണ്ടാക്കാനും വ്യാപാരം ഇരട്ടിപ്പിക്കാനും ഉത്സാഹിച്ച രാജ്യമാണ് ഇന്ത്യ. മോദി ഫെബ്രുവരി 13ലെ കൂടിക്കാഴ്ചയിൽ ഇതു സമ്മതിച്ചു. ചർച്ചകൾ മുന്നോട്ടു പോയപ്പോൾ ചില വിഷയങ്ങളിൽ ഒഴികെ എല്ലാറ്റിലും യോജിപ്പിനു വഴി കണ്ടു എന്ന് ഇന്ത്യൻ സംഘം കരുതി. അതനുസരിച്ചു മാധ്യമങ്ങളിൽ വാർത്ത വരുത്തിക്കുകയും ചെയ്തു. എന്നാൽ, ഓഗസ്റ്റ് ഒന്ന് അടുക്കുകയും ഇന്ത്യയുടെ കരാർ ട്രംപ് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തപ്പോൾ നമ്മുടെ തന്ത്രവും ധാരണയും തെറ്റിയെന്നു മനസിലായി. അപ്പോഴേക്ക് യൂറോപ്യൻ യൂണിയനും ജപ്പാനും ഏഷ്യയിലെ വലിയ കയറ്റുമതിരാജ്യങ്ങളും ട്രംപ് പറഞ്ഞതു സ്വീകരിച്ച് കരാർ ഉണ്ടാക്കിക്കഴിഞ്ഞു.
പോരാത്തതിന് പാക്കിസ്ഥാനു നേരേയുള്ള ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിലെ ട്രംപിന്റെ അവകാശവാദം ഇന്ത്യ പലവട്ടം പരസ്യമായി തള്ളിപ്പറഞ്ഞു. അതു ട്രംപിനു രസിച്ചിട്ടില്ല. മറ്റു രാജ്യങ്ങൾക്കു മുമ്പേ ഇന്ത്യക്കു പിഴച്ചുങ്കം ചുമത്തിയതിന് ഇതു കാരണമാണെന്ന് നയതന്ത്ര മേഖലയിൽ സംസാരമുണ്ട്.
ഇന്ത്യ സമ്മതിച്ചവ
തീരുവ മാത്രമല്ല ട്രംപ് വിഷയമാക്കിയത്. അമേരിക്കൻ വ്യാവസായിക ഉത്പന്നങ്ങൾക്ക് ഉടനേ ചുങ്കം ഒഴിവാക്കാനും കാറുകൾക്കും മദ്യത്തിനും ക്രമേണ ചുങ്കം കുറച്ചുകൊണ്ടുവരാനും ഇന്ത്യ സമ്മതിച്ചതായാണു യുഎസ് വക്താക്കൾ ഇപ്പോൾ പറയുന്നത്. (ക്രമേണ എന്നതു ട്രംപിനു സ്വീകാര്യമല്ല). കാർഷിക, ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തിൽ സ്വതന്ത്ര ഇറക്കുമതി അനുവദിക്കാൻ ഇന്ത്യ തയാറായില്ല. സസ്യ എണ്ണപോലെ ചുരുക്കം ചില ഇനങ്ങളിൽ മാത്രം വിട്ടുവീഴ്ച ആകാം എന്ന നിലപാട് എടുത്തു. അതേസമയം, കൂടുതൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയും യുദ്ധവിമാനങ്ങൾ അടക്കം പ്രതിരോധ സാമഗ്രികളും വാങ്ങാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇവകൊണ്ട് ട്രംപ് തൃപ്തനാകും എന്നു കരുതി.
ഇന്ത്യക്കു വേറെ ആവശ്യങ്ങളും ഉണ്ടായിരുന്നു. ജനിതകമാറ്റം വരുത്തിയ ഉത്പന്നങ്ങൾ അസ്വീകാര്യമായി ഇന്ത്യ പ്രഖ്യാപിച്ചു. മാംസം ചേർത്ത അമേരിക്കൻ കാലി-കോഴി തീറ്റകളും പറ്റില്ല. സ്റ്റീൽ, അലൂമിനിയം എന്നിവയുടെ 50 ശതമാനം ചുങ്കം മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
വിപണി തുറക്കാൻ...
ഇന്ത്യയുടെ വിശാലവിപണി തുറന്നുകിട്ടുക എന്നതാണു ട്രംപ് ലക്ഷ്യമിട്ടത്. ചർച്ചയിലൂടെ അതു പറ്റില്ല എന്നായപ്പോൾ അദ്ദേഹം നിലപാട് മാറ്റി. ഇന്ത്യ വഴങ്ങാൻ തക്ക സമ്മർദത്തിനു വഴി കണ്ടു. അതാണ് 25 ശതമാനം ചുങ്കത്തിലേക്കും മറ്റൊരു 25 ശതമാനം പിഴച്ചുങ്കത്തിലേക്കും നയിച്ചത്. ട്രംപ് ഇന്ത്യയുമായി കരാർ ഉണ്ടാക്കാൻതന്നെയാണ് ആഗ്രഹിക്കുന്നത്. 143 കോടി ജനങ്ങളുള്ള, വളരുന്ന ഒരു രാജ്യത്തിന്റെ വിപണി തള്ളിക്കളയാൻ അദ്ദേഹം തയാറാവില്ല. തുടർചർച്ചയിൽ ഇന്ത്യ വഴങ്ങിക്കൊടുക്കാനാണ് സമ്മർദം കൂട്ടുന്നത്.
പകരം വാങ്ങലുകാർ ഇല്ല
വർഷം 9000 കോടി ഡോളറിന്റെ (ഏകദേശം എട്ടു ലക്ഷം കോടി രൂപ) ഉത്പന്നങ്ങൾ വാങ്ങുന്ന അമേരിക്കയിലേക്കാണ് ഇന്ത്യൻ കയറ്റുമതിയുടെ അഞ്ചിലൊന്നു പോകുന്നത്. അതിനു പകരം ഒരു വിപണി കണ്ടെത്തുക ഇന്ത്യക്ക് എളുപ്പമല്ല. അപ്പോൾ ഇന്ത്യ വഴങ്ങിയേ മതിയാകൂ-ഇതാണ് ട്രംപ് കരുതുന്നത്. അമേരിക്കൻ മൂലധനം ഇന്ത്യയിൽ സമീപവർഷങ്ങളിൽ വലിയ നിക്ഷേപമായി വന്നു ലക്ഷക്കണക്കിനു തൊഴിൽ ഉണ്ടാക്കുന്നതും ട്രംപിന് അറിയാം.
ചൈനയ്ക്കു ബദലായി തന്റെ മുൻഗാമികൾ കണ്ട ഇന്ത്യയോടു ട്രംപിന് ആ നിലയ്ക്കു വലിയ താത്പര്യം കാണുന്നില്ല. ട്രംപിന് ലോകം മുഴുവൻ സൈനിക മേധാവിത്വം അല്ല, സാമ്പത്തിക സാങ്കേതിക മേധാവിത്വമാണ് ആവശ്യം. യൂറോപ്പിൽ റഷ്യയെ അധീശശക്തിയായി അംഗീകരിക്കാൻ ട്രംപ് ഒരുങ്ങിയതാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പിടിവാശി മൂലം ആ സാധ്യത തട്ടിത്തെറിപ്പിച്ച മട്ടാണ്. ഇനി ചൈനയെ ഏഷ്യയിലെ വൻശക്തിയായി കണക്കാക്കി കാര്യങ്ങൾ നീക്കാനും ട്രംപിനു മടിയില്ല. സൈദ്ധാന്തിക പിടിവാശികൾ ഇല്ലാത്ത കച്ചവട മനഃസ്ഥിതിക്കാരന്‍ അതിൽ ചിന്താഭാരവും ഉണ്ടാകില്ല.
ഒടുവിൽ "ഡീൽ' വരുമോ?
രണ്ടു ദശകമായി അമേരിക്കയോടു ചേർന്നുനിൽക്കുന്ന ഇന്ത്യയെ ഒരു മമതയും ഇല്ലാതെ കൈകാര്യം ചെയ്യുന്നത് ഇന്ത്യ എതിർപക്ഷത്തു പോകട്ടെ എന്നു കരുതിയല്ല. പഴയ ശീതയുദ്ധകാലത്തേതുപോലെ ഇന്ത്യക്കു കയറിച്ചെല്ലാൻ വേറെ ശക്തമായ ചേരി ഇല്ല എന്നു ട്രംപിനും മോദിക്കും അറിയാം. ആയുധങ്ങൾ മാത്രമല്ല പണവും ഉണ്ടായാലേ ചേരികൾ രൂപപ്പെടൂ.
റഷ്യയിലേക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പോയതിനോ ചൈനയിൽ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും പോയതിനോ അമിത പ്രാധാന്യം ഇന്ത്യയോ ചൈനയോ നൽകുന്നില്ല. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യിൽ പങ്കെടുക്കാൻ മോദി പോകുന്നതിനും കൂടുതൽ അർഥമില്ല. അതെല്ലാം സമ്മർദതന്ത്രങ്ങളുടെ ഇന്ത്യൻ പതിപ്പു മാത്രം.
അതിനു മുൻപ് ഓഗസ്റ്റ് 25ന് യുഎസ് സംഘം ഇന്ത്യയിൽ ചർച്ചയ്ക്കു വരുന്നുണ്ട്. അതിൽ ധാരണ ഉണ്ടാക്കി പിഴച്ചുങ്കം നീക്കാനും ചില ഇനങ്ങളുടെ ചുങ്കം കുറയ്ക്കാനും ശ്രമമുണ്ടാകും. അതിനായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി സുഗമമാക്കാനുള്ള വിട്ടുവീഴ്ചകൾ ഇന്ത്യയും നടത്തിയേക്കാം. അത് ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതു ചർച്ചപോലെ സങ്കീർണമായ കാര്യമാണ്.
Leader Page
ഇന്ത്യ-യുഎസ് ബന്ധം കുറേക്കാലമായി ഒരു ഞാണിൻമേൽകളിയാണ്. ഒരു വശത്ത് പരസ്പരം പങ്കുവയ്ക്കുന്ന ജനാധിപത്യ മൂല്യങ്ങൾ, മറുവശത്ത് പലപ്പോഴും വേറിട്ടുനിൽക്കുന്ന ദേശീയ താത്പര്യങ്ങൾ. എന്നാൽ, സമീപകാലത്ത് നയതന്ത്രബന്ധങ്ങളിലുണ്ടായ വിഭ്രമങ്ങൾ ഇന്ത്യയെ അസ്വസ്ഥമാക്കി. ഈ കൂട്ടുകെട്ട് വഴിത്തിരിവിലെത്തിയോ എന്ന് ചിന്തിക്കുന്ന അവസ്ഥ.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാഷ്ട്രീയത്തിൽ വെറുപ്പിക്കുന്ന ‘വല്യമ്മാവൻ’ കളിക്കുകയാണെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ കരുതുന്നത്. അതിന്റെ ഭാഗമായാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം തടഞ്ഞത് താനാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം. അതും, വ്യാപാരബന്ധം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രേ സാധിച്ചത്. ഇത് ഇന്ത്യയെ ചൊടിപ്പിച്ചു. കാരണം, ഇന്ത്യക്ക് സ്വന്തം പരമാധികാരം പരമപ്രധാനമാണ്. അതുമാത്രമല്ല, ട്രംപിന്റെ ഈ അവകാശവാദത്തിന് ഒരു അടിസ്ഥാനവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പറഞ്ഞതുപോലെ, സംഘർഷസമയത്ത് ട്രംപ് അവരെ ഫോണിൽ വിളിച്ചിട്ടുപോലുമില്ല. ഏറ്റുമുട്ടലിന്റെ സമയത്ത് ഒരു യുഎസ് ഉദ്യോഗസ്ഥനും ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചും മിണ്ടിയിട്ടില്ല.
അളന്നുതൂക്കി തിരിച്ചടിച്ചു
സംഘർഷം തീർക്കാൻ ട്രംപ് പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്തിയിരിക്കാം. എന്നാൽ, അതിന് ഇന്ത്യയെ പ്രേരിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം സാന്പത്തിക വികസനത്തിൽ ശ്രദ്ധിക്കുന്ന തലപ്പൊക്കമുള്ള ശക്തി എന്ന നിലയിൽ ഇന്ത്യക്ക് നീണ്ടുനിൽക്കുന്ന സംഘർഷം ആവശ്യമില്ല.
അതിനാൽ, ഏപ്രിലിൽ പാക് ഭീകരർ പഹൽഗാമിൽ ഇന്ത്യക്കാരെ കൊന്നപ്പോൾ അതിവേഗത്തിൽ, ശക്തവും കൃത്യവുമായ തിരിച്ചടി നല്കി. പാക്കിസ്ഥാൻ മണ്ണിലെ അറിയപ്പെടുന്ന ഒന്‍പത് ഭീകരക്യാന്പുകളും മറ്റു കേന്ദ്രങ്ങളും ലക്ഷ്യമിട്ട ‘ഓപ്പറേഷൻ സിന്ദൂർ’, ഇന്ത്യൻ വിനോദസഞ്ചാരികളെ ആക്രമിച്ച പാക് ഭീകരരോടുള്ള പ്രതികാരമായിരുന്നു. അല്ലാതെ, പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനു നാന്ദി കുറിച്ചതായിരുന്നില്ലെന്ന് എപ്പോഴും വ്യക്തമായിരുന്നു.
വിവേചനമില്ലാത്ത ആക്രമണങ്ങളിലൂടെ പാക്കിസ്ഥാൻ തിരിച്ചടിച്ചപ്പോൾ ഇന്ത്യ അളന്നുതൂക്കി തലയ്ക്കുതന്നെ അടിച്ചു. ഇത്തവണ പാക്കിസ്ഥാന്റെ 11 വ്യോമകേന്ദ്രങ്ങളിൽ. ഒരുപക്ഷേ, പാക്കിസ്ഥാനുമേൽ അമേരിക്ക ചെലുത്തിയ സമ്മർദത്തോടൊപ്പം ഇന്ത്യയുടെ ഈ നീക്കമാണ് പിൻവാങ്ങാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. ഇക്കാര്യത്തിൽ ട്രംപിനൊരു കേമത്തവും പറയാനില്ല.
എന്നിട്ടും പതിവുപോലെ അദ്ദേഹമതു സ്വന്തമാക്കാൻ ശ്രമിക്കുന്നു. പക്ഷേ, ട്രംപിന്റെ പൊങ്ങച്ചം ഇന്ത്യൻ അധികൃതർ അർഥശങ്കയില്ലാത്തവിധം തള്ളി. ഇന്ത്യ സ്വന്തം സ്വാതന്ത്ര്യത്തിൽ അഭിമാനിക്കുന്നു. അതുകൊണ്ട് ട്രംപിന്റെ ഭീഷണിക്കോ പ്രലോഭനത്തിനോ വഴങ്ങി എന്ന ധ്വനി ഒരുകാരണവശാലും സഹിക്കാനാകില്ല.
ട്രംപിന്റെ നിലപാടുകളിലെ ചാഞ്ചാട്ടം
ഇന്ത്യയെ ചിന്തിപ്പിച്ച ട്രംപിന്റെ ഒരേയൊരു നീക്കമല്ല ഇത്. ജൂണിൽ അദ്ദേഹം പാക്കിസ്ഥാൻ സൈനികമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് ആതിഥ്യമരുളി. ഇന്ത്യയുടെ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒരുപോലെ കടുത്ത ഇസ്ലാമിക സൈദ്ധാന്തികനായി കണക്കാക്കുന്ന ആളാണ് അസിം മുനീർ. പാക്കിസ്ഥാന്റെ സിവിലിയൻ നേതൃത്വം ആ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നില്ല.
ചൈനയോടുള്ള ട്രംപിന്റെ നിലപാടുകളിലെ ചാഞ്ചാട്ടവും ഇന്ത്യക്ക് പ്രശ്നമാണ്. ആദ്യ ഭരണകാലയളവിൽ വിശ്വസനീയമായ കടുത്ത നിലപാടാണ് അദ്ദേഹത്തിന് ചൈനയോടുണ്ടായിരുന്നത്. എന്നാൽ, ട്രംപ് 2.0ൽ ചൂടും തണുപ്പും മാറിമാറി വീശുകയാണ്. ഒരു നിമിഷം ചൈനയ്ക്കെതിരേ കടുത്ത താരിഫ് ഏർപ്പെടുത്തുന്നു. അടുത്ത നിമിഷം വ്യാപാരപരമായ സമാധാനത്തിനു ചർച്ചയ്ക്കൊരുങ്ങുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ക്ഷണിച്ചാൽ ബെയ്ജിംഗ് സന്ദർശിക്കുമെന്നും പറയുന്നു.
ഈ കണക്കുകൂട്ടലുകൾക്കിടയിൽ ഇന്ത്യക്കെവിടെയാണ് സ്ഥാനം എന്നതൊരു ചോദ്യമാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്തും ജോ ബൈഡന്റെ കാലത്തും അമേരിക്ക ഇന്ത്യയെ ഇൻഡോ-പസഫിക് മേഖലയിലെ ഒരു പ്രധാന പങ്കാളിയായി കണ്ടിരുന്നു. അതുപോലെ, ചൈനയ്ക്കെതിരേയുള്ള ജനാധിപത്യപരമായ ഒരു എതിർശക്തിയായും അവർ ഇന്ത്യയെ പരിഗണിച്ചു.
ഇന്ത്യ തങ്ങളുടെ വിദേശനയങ്ങളിലെ തന്ത്രപരമായ സ്വയംഭരണം കാത്തുസൂക്ഷിക്കുകയും ചൈനയുമായി ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തപ്പോഴും, ഈ മേഖലയിൽ അമേരിക്കയുടെ ഇടപെടലിനെ ഇന്ത്യ സ്വാഗതം ചെയ്തു. കൂടാതെ, 2017ൽ ഓസ്ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘ക്വാഡ്’ സഖ്യത്തിന്റെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കാരണം, ഇന്ത്യക്ക് ചൈനയുമായി സ്വന്തമായ പ്രശ്നങ്ങളുണ്ട്. വർഷങ്ങളായി തർക്കത്തിലുള്ള അതിർത്തികളിൽ ചൈനയുടെ കൈയേറ്റം കൂടിവരികയാണ്. കൂടാതെ, പാക്കിസ്ഥാന് നിർണായക സഹായം നൽകുന്നതും ചൈനയാണ്.
ചൈന ഒരു ഭീഷണി?
ഇപ്പോൾ ചൈന നേരിട്ട് ഇന്ത്യൻ വ്യവസായമേഖലയെ തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിലേക്കുള്ള എൻജിനിയർമാരുടെ ഒഴുക്കു തടഞ്ഞും ഇന്ത്യൻ ഫാക്ടറികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചൈനീസ് യന്ത്രസാമഗ്രികൾ ലഭ്യമാക്കാതെയുമാണിത്. ഇലക്ട്രോണിക്സ്, ഉത്പാദന മേഖലകളിൽ ഇതിന്റെ പ്രത്യാഘാതം ഇപ്പോൾതന്നെ കാണാം. അതേസമയം, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലായി ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം വർധിച്ചുവരികയാണ്.
ഇന്ത്യൻ ഉദ്യോഗസ്ഥരും വ്യവസായസ്ഥാപനങ്ങളും ചൈനയെ ഒരു ഭീഷണിയായി കാണുന്നു. എന്നാൽ, അമേരിക്കയുടെ നിലപാട് മനസിലാക്കാൻ പ്രയാസമാണ്. പ്രത്യേകിച്ച്, ചൈന പാക്കിസ്ഥാനു നൽകിയ ഇന്റലിജൻസ് സഹായത്തെ ട്രംപ് പരസ്യമായി വിമർശിക്കാത്ത സാഹചര്യത്തിൽ. ഈയിടത്തെ സംഘർഷത്തിൽ പാക്കിസ്ഥാന് ചൈന തത്സമയ ഉപഗ്രഹ ഡാറ്റ നൽകിയത് ഇന്ത്യൻ സൈനിക താവളങ്ങളെ ആക്രമിക്കാൻ പാക്കിസ്ഥാനെ സഹായിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ നിലപാടുകൾ മാറ്റിയേക്കാം
ഇന്ത്യ പരിഭ്രാന്തരാകില്ല, പക്ഷേ, നിലപാടുകൾ മാറ്റിയേക്കാം. കരാറുകളുടെ കെട്ടുപാടുകളില്ലാത്തതിനാൽ, ജപ്പാൻ, ദക്ഷിണ കൊറിയ പോലുള്ള യുഎസിന്റെ ഔദ്യോഗിക സഖ്യകക്ഷികളെക്കാൾ സ്വാതന്ത്ര്യം ഇന്ത്യക്കുണ്ട്. ഈ സാധ്യത ഉപയോഗിച്ച് ഇന്ത്യയുടെ വിദേശനയം ക്രമീകരിക്കാൻ സാധ്യതയുണ്ട്. ജൂലൈയിൽ ജയ്ശങ്കർ ബെയ്ജിംഗ് സന്ദർശിച്ചത് ചൈനയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ആഗ്രഹവുമായാണ്. അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ രണ്ടാംകിടയായി കാണുന്നില്ലെങ്കിലും, ഇപ്പോൾ സ്വയംപര്യാപ്തതയ്ക്കാണ് ഊന്നൽ. ഇത് ഒരുപക്ഷേ, ആദർശങ്ങളേക്കാൾ താത്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉഭയകക്ഷി ബന്ധത്തിലേക്കു നയിച്ചേക്കാം.
ഇന്ത്യൻ വിദേശനയം മോദിയുടെ പുതിയ തന്ത്രപരമായ നിലപാടുകളായ പ്രതിരോധം, ഉറച്ച തീരുമാനമെടുക്കൽ, ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലായ്മ എന്നിവയിൽ അടിയുറച്ചതായിരിക്കും. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരേയുള്ള ഇന്ത്യയുടെ ആക്രമണം ഈ പ്രതിബദ്ധതയുടെ ഉറച്ച അടിത്തറ വ്യക്തമാക്കുന്നു. അമേരിക്കയുമായുള്ള ബന്ധത്തിൽ ഇന്ത്യ വളരെ സൂക്ഷ്മതയോടെതന്നെ മുന്നോട്ടുപോകും. ഈ ബന്ധം എപ്പോൾ വേണമെങ്കിലും അപകടത്തിലാകാം എന്ന കാര്യം ഇന്ത്യക്ക് നന്നായി അറിയാം.
അമേരിക്ക വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളി
വ്യാപാരത്തിന്റെ കാര്യത്തിൽ പലപ്പോഴും ശത്രുരാജ്യങ്ങളെക്കാൾ കർശനമായ നിലപാടാണ് ട്രംപിന് പങ്കാളികളോടുള്ളത്. ജൂലൈ 30ന് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25% താരിഫ് പ്രഖ്യാപിച്ചു. ഇത് ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തിൽ വന്നു. കൂടാതെ, റഷ്യയിൽനിന്ന് ഊർജവും സൈനിക ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നത് തുടരുന്നതിനാൽ അതിനു മറ്റൊരു ‘പിഴ’ (ഒരുപക്ഷേ 10% അധികം) ചുമത്തുമെന്നും പറഞ്ഞു. വ്യാപാരം ഒരു ആയുധമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ, പ്രതിരോധബന്ധങ്ങളെയും അങ്ങനെ ചെയ്യാൻ കഴിഞ്ഞേക്കും.
ട്രംപിന്റെ ഈ ചാഞ്ചല്യം ഇന്ത്യയുടെ തന്ത്രപരമായ ആശങ്കകൾ കൂട്ടുന്നു. വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളിയാണെന്ന് അമേരിക്ക മുന്‍പും തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 1999ലെ കാർഗിൽ യുദ്ധത്തിൽ, അമേരിക്ക ഇന്ത്യക്ക് നിർണായകമായ ജിപിഎസ് ഡാറ്റ നൽകിയിരുന്നില്ല. ഇതു കാരണം ഇന്ത്യക്കു സ്വന്തമായി ജിപിഎസ് സംവിധാനം വികസിപ്പിക്കേണ്ടിവന്നു.
ഇപ്പോൾ, ഇന്ത്യൻ നയരൂപകർത്താക്കൾ ആശയക്കുഴപ്പത്തിലാണ്: ഇന്ത്യ ചൈനയുമായി അകന്ന് അമേരിക്കയെ വിശ്വസിച്ച് മുന്നോട്ടുപോകണോ, അതോ അമേരിക്ക ചൈനയുമായി അടുക്കുമോ എന്ന ഭയത്തിൽ ചൈനയുമായി പ്രായോഗികമായി ഇടപെഴകണോ? ഇത് കൂടുതൽ അടിസ്ഥാനപരമായ ഒരു ചോദ്യമുയർത്തുന്നു: ഒരു വ്യക്തിയുടെ തന്നിഷ്ടങ്ങൾക്ക് വിധേയമാകുന്ന കൂട്ടുകെട്ടിന് എന്ത് മൂല്യമാണുള്ളത്?
National
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും അകമഴിഞ്ഞു പ്രശംസിക്കുകയും സർക്കാരിനുവേണ്ടി വീണ്ടും രണ്ടാഴ്ചത്തെ റഷ്യ, യുകെ സന്ദർശനത്തിന് പോകുകയും ചെയ്ത മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടിയിൽ കോണ്‍ഗ്രസിൽ കടുത്ത നീരസം. മോദിയുടെ ഊർജം, ചലനാത്മകത, ഇടപഴകാനുള്ള സന്നദ്ധത എന്നിവയെ ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ പുകഴ്ത്തിയ തരൂരിന്റെ വിവാദ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ എക്സിൽ റീപോസ്റ്റ് ചെയ്യുകയും ചെയ്തു. ആഗോളവേദിയിൽ ഇന്ത്യക്കൊരു പ്രധാന ആസ്തി യാണു മോദിയെന്ന് ലേഖനത്തിൽ തരൂർ വിശേഷിപ്പിച്ചു.
യുഡിഎഫിന് വൻവിജയം ലഭിച്ച നിലന്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി താരപ്രചാരകനായ തരൂർ എത്താതിരുന്നതിനു പിന്നാലെയാണ് മോദിയെ പുകഴ്ത്തൽ കോണ്‍ഗ്രസിനു തലവേദനയായത്. കേന്ദ്രസർക്കാരിന്റെ ക്ഷണമനുസരിച്ച് വെള്ളിയാഴ്ച മോസ്കോയിലേക്കു പോകുന്നതിനുമുന്പ് കോണ്‍ഗ്രസ് അധ്യക്ഷനുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ച തരൂരിന് മല്ലികാർജുൻ ഖാർഗെ അനുമതി നൽകിയതുമില്ല. പഹൽഗാമിലെ പാക് ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ കോണ്‍ഗ്രസിനോട് ആലോചിക്കാതെ കേന്ദ്രസർക്കാരിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ സംഘത്തെ നയിച്ച തരൂരിന്റെ നടപടി പാർട്ടിയിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു.
പ്രവർത്തകസമിതിയിലെ സ്ഥിരാംഗവും നാലു തവണ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ തരൂരിനെ കൊള്ളാനും തള്ളാനുമാകാതെ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്. കേരളത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ തരൂരിനെതിരേ നടപടിയെടുക്കുന്നത് പാർട്ടിക്കു തിരിച്ചടിയാകുമെന്നതാണ് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നത്. തത്കാലം തരൂരിനെതിരേ നടപടിയുണ്ടാകില്ല. എന്നാൽ പാർട്ടി ലൈനിനു വിരുദ്ധമായി ഒന്നിലേറെ തവണ മോദിയെയും കേന്ദ്രസർക്കാരിനെയും പരസ്യമായി പുകഴ്ത്തുകയും മോദിസർക്കാരിന്റെ വിദേശകാര്യ നയതന്ത്രത്തിലെ പ്രധാനിയാകുകയും ചെയ്തു കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന തരൂരിന്റെ പ്രകോപനങ്ങൾ പാടെ അവഗണിക്കുകയും എളുപ്പമാകില്ല. ബിജെപിയുടെ പബ്ലിസിറ്റി സ്റ്റണ്ടുകളുടെ സൂപ്പർ വക്താവാകുകയാണു കോണ്‍ഗ്രസ് എംപിയെന്നാണ് വിമർശനം.
ബിജെപിയുടെ ഭീകരവിരുദ്ധ നയതന്ത്ര പ്രചാരണത്തിനാണ് കോണ്‍ഗ്രസ് എംപിയായ തരൂർ നേതൃത്വം നൽകുന്നതെന്നാണു പരാതി. അമേരിക്ക, ബ്രസീൽ എന്നിവയടക്കം അഞ്ചു രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രതിനിധിസംഘത്തിനു നേതൃത്വം നൽകുകയും ഓപ്പറേഷൻ സിന്ദൂറിനെ മോദിയുടെ നേട്ടമായി അവതരിപ്പിക്കുകയും ചെയ്തതിനു പിന്നാലെ ദ ഹിന്ദു പത്രത്തിൽ തരൂർ ഇന്നലെയെഴുതിയ ലേഖനത്തിൽ മോദിയെ പരിധിവിട്ടു പുകഴ്ത്തുകയും മോദിക്കു കൂടുതൽ പിന്തുണ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് കൃത്യമായ പ്രകോപനമാണെന്ന് കോണ്‍ഗ്രസിലെ പ്രബല വിഭാഗം വിലയിരുത്തുന്നു.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി വിവിധ പാർട്ടികളിൽപ്പെട്ട എംപിമാരുടെ ഏഴു പ്രതിനിധിസംഘങ്ങൾ 32 രാജ്യങ്ങൾ സന്ദർശിച്ചത് ദേശീയ ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റെയും നിമിഷമായിരുന്നുവെന്ന് തരൂർ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
ഇന്ത്യ ഐക്യപ്പെടുന്പോൾ വ്യക്തതയോടും ബോധ്യത്തോടുംകൂടി അതിന്റെ ശബ്ദം ഉയർത്താൻ കഴിയുമെന്നു സ്ഥിരീകരിച്ചുവെന്നും തരൂർ പറഞ്ഞു. തീവ്രവാദവുമായുള്ള പാക്കിസ്ഥാന്റെ ബന്ധം അടിവരയിട്ടുവെന്നും ഇന്ത്യയുടെ സൈനിക പ്രതികരണത്തിന്റെ അളന്നു ക്രമീകരിച്ച സ്വഭാവം വിശദീകരിച്ചുവെന്നും അദ്ദേഹം എഴുതി.