NRI
ഡബ്ലിൻ: അയർലൻഡിലെ വാട്ടർഫോർഡിൽ നിന്നും കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് വീട്ടിൽ നിന്നും പ്രഭാത നടത്തത്തിനിറങ്ങിയ സാന്താ മേരി തമ്പിയെ(20) കാണാതായത്.
വീടിനടുത്തുള്ള റൗണ്ട് എബൗട്ടിന് സമീപം അവശനിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നിയമപാലകർക്കൊപ്പം മലയാളി സമൂഹം ഒന്നടങ്കം നടത്തിയ തെരച്ചിലിന് ഒടുവിലാണ് യുവതിയെ കണ്ടെത്തിയത്.
Kerala
കണ്ണൂർ: മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരില്‍ വൈകുന്നേരം നാലിനായിരുന്നു സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ഇർഫാനയാണ് പുഴയിൽ വീണത്.
അവധിയായതിനാൽ വെളിയമ്പ്രയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോള്‍ വീഴുകയായിരുന്നു.
പെൺകുട്ടിക്കായി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.
Kerala
തിരുവനന്തപുരം: പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നബീൽ, അഭിജിത് എന്നിവരെയാണ് കഴിഞ്ഞ ദിവസം തിരയിൽപെട്ട് കാണാതായത്. അഭിജിത്തിന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്.
പുത്തൻതോപ്പ് കടലിൽ മത്സ്യബന്ധന വലയിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മര്യനാട് എത്തിച്ച മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. കടലിൽ മുങ്ങിത്താഴ്ന്ന മൂന്നുപേരിൽ ഒരാളെ രക്ഷപ്പെടുത്തിയിരുന്നു.
National
ഭുവനേശ്വർ: ഒഡിഷയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ യൂട്യൂബർ ഒഴുക്കിൽപ്പെട്ടതായി വിവരം.
ബെർഹാംപുർ സ്വദേശിയായ സാഗർ ടുഡു(22)വാണ് ഒഴുക്കിൽപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവാവിനെ ഇനിയും കണ്ടെത്തനായിട്ടില്ലെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡ്രോൺ കാമറ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. തന്റെ യൂട്യൂബ് ചാനലിനായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിന്റെ ഭാഗമായിട്ടാണ് ഒഡീഷയിലെ കോരാപുട്ട് ജില്ലയിലുള്ള ദുഡുമ വെള്ളച്ചാട്ടത്തിന് സമീപം സുഹൃത്തിനൊപ്പം യുവാവെത്തിയത്.
കോരാപുട്ടിലെ ലാംതാപുട്ട് മേഖലയിൽ കനത്ത മഴയായിരുന്നു അനുഭവപ്പെട്ടിരുന്നത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകിയ ശേഷം മുച്കുണ്ഡ് ഡാം തുറന്ന് വെള്ളം തുറന്നുവിട്ടപ്പോൾ സാഗർ വെള്ളച്ചാട്ടത്തിന് സമീപത്തെ ഒരു പാറപ്പുറത്ത് നിൽക്കുകയായിരുന്നു.
വെള്ളച്ചാട്ടത്തിലെ ഒഴുക്ക് പെട്ടെന്ന് വർധിച്ചതോടെ സാഗർ അവിടെ കുടുങ്ങിപ്പോയി. ശക്തമായ ഒഴുക്കിൽ പാറയിൽ അധികനേരം പിടിച്ചുനിൽക്കാനാവാതെ വന്നതോടെ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വിനോദസഞ്ചാരികളും നാട്ടുകാരും ചേർന്ന് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. യുവാവിനെ ഇനിയും കണ്ടെത്താനായിട്ടില്ല.
Kerala
തിരുവനന്തപുരം: കഠിനംകുളത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. സെന്റ് ആന്‍ഡ്രൂസ് സ്വദേശിയായ അലക്സ് മാന്വല്‍ പെരേര (56)നെയാണ് കാണാതായത്. ഇന്ന് രാവിലെ സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്തായിരുന്നു അപകടം.
ഇദ്ദേഹം ഉള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോകവെയാണ് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. ഒപ്പമുണ്ടായിരുന്നവര്‍ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടെങ്കിലും അലക്സിനെ തിരയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. കഠിനംകുളം പോലീസും കോസ്റ്റ്ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.
Kerala
തിരുവനന്തപുരം: വെട്ടുകാട് പള്ളിക്ക് സമീപം കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി. പ്രദേശവാസിയായ അനില്‍ ആന്‍ഡ്രുവിനെയാണ് കാണാതായത്. കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരച്ചിൽ തുടരുകയാണ്.
ഇന്ന് രാവിലെയാണ് കൂറ്റന്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന നാല് പേര് നീന്തി രക്ഷപ്പെട്ട് കരയ്ക്ക് കയറി.
NRI
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യമനിൽനിന്നുള്ള രണ്ട് വിദ്യാർഥികൾ കടലിന്റെ കാണാക്കയങ്ങളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം. തെരച്ചിലുകൾ ഏറെ നടത്തിയെങ്കിലും ഇരുവരെയും ഇതുവരെ കണ്ടെത്താനായില്ല.
കഴിഞ്ഞമാസം രണ്ടിനാണ് കോയമ്പത്തൂർ രത്തിനം കോളജിലെ ഐടി വിദ്യാർഥികളായ ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവർ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായത്.
ഒമ്പതംഗ വിദേശ വിദ്യാർഥി സംഘം കോയമ്പത്തൂരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് എറണാകുളത്ത് വിനോദയാത്ര വന്നതാണ്. കടലിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തെ മത്സ്യത്തൊഴിലാളികൾ വിലക്കിയെങ്കിലും ഭാഷ ഇവർക്ക് മനസിലായില്ല. ഇതാണ് വിനയായത്.
വിവരമറിഞ്ഞ് കാണാതായവരുടെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. കോസ്റ്റ് ഗാർഡും നേവിയും കോസ്റ്റൽ പോലീസും ഒക്കെ ഒരാഴ്ചയോളം നടത്തിയ തെരച്ചിൽ വിഫലമായതിനെ തുടർന്ന് പ്രതീക്ഷയറ്റ ബന്ധുക്കൾ ഒടുവിൽ നിരാശയോടെ നാട്ടിലേക്ക് വിമാനം കയറി.
Kerala
കൊച്ചി: കോതമംഗലം പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്തിൽ വച്ച് ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മണികണ്ഠൻചാൽ സ്വദേശി ബിജുവിനെ(37) ആണ് കാണാതായത്.
വെള്ളത്തിൽ മുങ്ങിയ ചപ്പാത്തിലൂടെ മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ശക്തമായ മഴയെ തുടർന്ന് രാത്രി ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു.
നാട്ടുകാരും ഫയർഫോഴ്സിന്റെ സ്കൂബ ടീമും സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. കൈവരി ഇല്ലാത്ത ചപ്പാത്തിൽ നേരത്തെയും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സുരക്ഷയൊരുക്കാൻ അധികൃതർ ഒന്നും ചെയ്തില്ലെന്നും നാട്ടുകാർ ആരോപിച്ചു.