ഉളിക്കൽ : ഉളിക്കൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയിലേക്ക് പ്രതിപക്ഷമായ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ കടന്നെത്തി ഉപരോധിച്ചു.
കൈക്കൂലി വാങ്ങി ഭരണസമിതി നേതൃത്വത്തിലുള്ളവർക്ക് വീതം വച്ച് നൽകുന്ന പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്.
പ്രകടനമായി എത്തിയ പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് ഹാളിൽ കടന്നെത്തുകയായിരുന്നു.
വിജിലൻസ് അന്വേഷണത്തിൽ പഞ്ചായത്തിലെ പൊതുമരാമത്ത് വിഭാഗത്തിലെ താത്കാലിക ജീവനക്കാരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഇവരെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് ഉപരോധിച്ചത്. എൽഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചു.
കെ.ജി. ദിലീപ്, ഇ.എസ്. സത്യൻ, പി.കെ. ശശി, പി.വി. ഉഷാദ്, പി.എ. നോബിൻ, കെ. ജനാർദനൻ, എ.വി. അനീഷ്, മുഹമ്മദ് റാഫി, പി.ജി. പ്രദീപ്ജി, ബീന അശോക്, അനിത മനോഹരൻ എന്നിവർ നേതൃത്വം നൽകി. പോലീസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളച്ച എൽഡിഎഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.