Movies
ജോജു ജോർജിന്റെ സംവിധാനത്തിൽ തിയറ്ററിലെത്തി പ്രേക്ഷകപ്രശംസ നേടിയ ചിത്രം ‘പണി’ ജർമനിയിലെ പ്രശസ്തമായ സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 25-ന് സിനിമ പ്രദർശിപ്പിക്കും.
50 ദിവസം തിയേറ്ററുകളിലില്‍ നിറഞ്ഞോടിയ ചിത്രം ഒടിടിയില്‍ നാലുഭാഷകളില്‍ ടോപ് ട്രെന്ഡിംഗായും ഗൂഗിളില്‍ അഖിലേന്ത്യ എന്റര്‍ടെയിന്‍മെന്റ് ട്രെന്‍ഡിംഗില്‍ രണ്ടാമതായും വിജയ യാത്ര തുടർന്നു.
ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തിയ അഭിനയ യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത പെണ്‍കുട്ടിയാണ്.
തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള സിനിമകളിലും മുമ്പ് അഭിനയ വേഷമിട്ടിട്ടുണ്ട്. സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര ടെക്നീഷ്യന്മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്. വിഷ്ണു വിജയ്, സാം സി.എസ്. എന്നിവരാണ് സംഗീതം. ക്യാമറ: വേണു ഐ.എസ്.സി, ജിന്റോ ജോര്‍ജ്, എഡിറ്റര്‍: മനു ആന്റണി, പ്രൊഡക്ഷന്‍ ഡിസൈന്‍: സന്തോഷ് രാമന്, സ്റ്റണ്ട്: ദിനേശ് സുബ്ബരായന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷന് എന്‍.ജി, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശ്വരന്.
Movies
അമ്മ ജനറല്‍ ബോഡി യോഗം ഞായറാഴ്ച കൊച്ചിയില്‍ താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം നാളെ കൊച്ചിയില്‍ നടക്കും. സംഘടനയുടെ നേതൃത്വം സംബന്ധിച്ച് നാളെ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് സൂചന.
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് മോഹന്‍ലാല്‍ വീണ്ടും തിരിച്ചെത്തുമോ എന്നതു സംബന്ധിച്ചും നാളെ തീരുമാനമുണ്ടാകും. ജനറല്‍ സെക്രട്ടറിയായ നടന് സിദ്ദിഖ് ഉള്‍പ്പെടെ നേതൃപദവിയിലുള്ള ചിലര്‍ക്കെതിരേ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ചില ഭാരവാഹികള്‍ സ്ഥാനം രാജിവയ്ക്കുകയുണ്ടായി.
ഭരണസമിതി പിരിച്ചുവിട്ടതോടെ കഴിഞ്ഞ ഒരു വര്‍ഷമായി അഡ്ഹോക് കമ്മിറ്റിയാണ് ഭരണം നിര്‍വഹിക്കുന്നത്. പ്രസിഡന്റ് പദവിയില്‍ അല്ലെങ്കിലും മോഹന്‍ലാല്‍ കമ്മിറ്റി അംഗമായി തുടര്‍ന്നിരുന്നു. മറ്റൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് മോഹന്‍ലാലിന്റെ നിലപാടെന്നാണ് അദ്ദേഹത്തോട് അടുത്ത ബന്ധമുള്ളവര്‍ പറയുന്നത്.
പൊതുയോഗത്തില്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യമുയര്‍ന്നാല്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം. ജനറല്‍ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവര്‍ രാജിവച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ നാളെ നടക്കുന്ന പൊതുയോഗം കണ്ടെത്തും.
സെറ്റുകളിലെ ലഹരി തടയുന്നതിലും തീരുമാനം
സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊണ്ടുവന്ന പുതിയ നിര്‍ദേശവും അമ്മയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നിരോധിത ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് സിനിമാ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടന മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.
സിനിമയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാര്‍ക്കും ഈ മാസം 26 മുതല്‍ ഈ നിബന്ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ജൂണ്‍ 24നകം മറുപടി അറിയിക്കണമെന്ന് നിര്‍മാതാക്കള്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ തന്നെ ഇക്കാര്യത്തിലും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമുണ്ടാകും.
Movies
ചെറുപ്പക്കാർക്കിടയിലെ അമിത ലഹരി ഉപയോഗം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ദി റിയൽ കേരളാ സ്റ്റോറി. മൊണാർക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ. നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി.
പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം ജൂൺ 27ന് തിയറ്റർ റിലീസായി എത്തുമെന്ന് സംവിധായകൻ അറിയിച്ചു.
ലഹരിയോട് നോ പറയാം എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന ചിത്രം ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് ലക്ഷ്യം വയ്ക്കുന്നത്. സമൂഹത്തിൽ നടക്കുന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരണം പൂർത്തിയാക്കിയ ഈ കുടുംബചിത്രത്തിന്റെ കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.
Movies
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം ഇന്ന് തിയറ്ററിലെത്തും.
രഞ്ജിത്ത് സജീവ്, ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, ഡോക്ടർ റോണി. മനോജ് കെ.യു., സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ (നേരം, പ്രേമം ഫെയിം) സംഗീതം പകരുന്നു.
എഡിറ്റർ- അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, കല- സുനിൽ കുമരൻ, മേക്കപ്പ്-ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം- മെൽവി ജെ., പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, പരസ്യകല- ഓൾഡ്മങ്ക്സ്.
ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള ഉടൻ പ്രദർശനത്തിനെത്തും. പിആർഒ എ.എസ്. ദിനേശ്.
Movies
സൈജു കുറുപ്പ് പ്രധാനവേഷത്തിലെത്തിയ സ്താനാര്‍ത്തി ശ്രീക്കുട്ടന് എന്ന സിനിമയുടെ റിലീസിനു നേരിട്ട തിരിച്ചടികളെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ വിനേഷ് വിശ്വനാഥ്. പോസിറ്റീവ് റിവ്യൂ ഉണ്ടായിരുന്നിട്ടും തന്റെ ചിത്രം കാണാനെത്തിയവരെ പറഞ്ഞുവിട്ട് പല തിയറ്ററും ഷോ കാന്‍സല്‍ ചെയ്തുവെന്ന് വിനേഷ് ആരോപിക്കുന്നു.
തിയറ്ററുകളിൽ സാമ്പത്തികമായ പരാജയമായ സിനിമ ഈ വെള്ളിയാഴ്ച മുതൽ സൈന പ്ലാറ്റ്ഫോമിലൂടെ ഒടിടി റിലീസിനെത്തും.
വിനേഷിന്റെ കുറിപ്പിന്റെ പൂർണരൂപം
തിയറ്റർ റിലീസിന് ശേഷം സ്താനാർത്തി ശ്രീക്കുട്ടന് സംഭവിച്ച ചില കാര്യങ്ങൾ പറയാം. ഈ സിനിമ അങ്ങനെ വിട്ടുകളയാൻ പറ്റില്ല. എന്റെ 5 വർഷത്തെ ഇൻവെസ്റ്റ്മെന്റ് ആണ്.
ആദ്യ ദിവസം ക്രൂ ഷോ, അതിൽ പോസിറ്റിവ് അഭിപ്രായങ്ങൾ തന്നെയേ വരുള്ളൂ അത് കേട്ട് ഒരു ജഡ്ജമെന്റിൽ എത്തണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷേ ഞെട്ടിച്ചത് സംവിധായകൻ കൃഷാന്ദ് സിനിമയെപ്പറ്റി തന്ന റെസ്പോൻസിൽ ആണ്. അവിടെ ഒരു പ്രതീക്ഷ തോന്നി.
നേരെ പദ്മ തിയറ്ററിൽ ചെന്നപ്പോ ആള് കുറവാണ്. കണ്മുന്നിൽ വെച്ച് നമ്മുടെ വൈകിട്ടത്തെ ഷോ പോസ്റ്റർ മാറ്റി മറ്റൊരു പടം കയറുന്നു. കൂടെ നിന്ന ആനന്ദ് മന്മഥന് വലിയ വിഷമമായി. എനിക്കൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാ മതി എന്ന അവസ്ഥയിലായിരുന്നു ഞാൻ.
സോഷ്യൽ മീഡിയയിൽ നല്ല റിവ്യൂസ് വരാൻ തുടങ്ങി. അപ്പോഴും എനിക്ക് നിർവികാരത തന്നെയാണ്. ഭരദ്വാജ് രംഗന് പടം കാണണമെങ്കിൽ റിലീസ് ഇല്ലാത്തതിനാൽ വിമിയോ ലിങ്ക് കൊടുക്കാതെ വഴിയില്ല.
നമ്മുടെ ആദ്യത്തെ നെഗറ്റീവ് റിവ്യൂ വരാൻ പോകുന്നു എന്ന് ഉറപ്പിച്ചിരുന്നപ്പോൾ പുള്ളിയുടെ ബ്ലോഗിൽ റിവ്യൂ വന്നു. പോസിറ്റിവ് ആണ്. അപ്പൊ ഇറങ്ങി കുറച്ച് ദിവസം കഴിഞ്ഞിരുന്നു.
അദ്ദേഹം ആദ്യമായി ബ്ലോഗിലൂടെ മാത്രം വിടുന്ന റിവ്യൂയായി ഇത് മാറി. പുള്ളി വീഡിയോ ആയി ചെയ്യാൻ തയാറായില്ല. കാരണമറിയില്ല. ചെയ്തിരുന്നെങ്കിൽ ഒരുപാട് വലിയ സഹായം ആയേനെ. വേറെയും കുറെ റിവ്യൂസ് വന്നു. പൊസിറ്റിവ് ആണ്.
എന്നും എല്ലാ ഷോയും കഴിയുന്ന ടൈമിൽ തിരുവനന്തപുരം കൈരളി തിയറ്ററിന്റെ മുന്നിൽ നിൽപ്പാണ്. പ്രൊജക്ഷനിസ്റ്റ് അനീഷണ്ണൻ എന്നും എത്രപേരുണ്ട് കാണാൻ എന്ന് പറയും. നല്ല റിവ്യൂസ് അപ്പോഴും വരുന്നുണ്ട്. ഹിറ്റടിക്കും, അടുത്ത പടം നീ ഉടനെ സൈൻ ചെയ്യും എന്നൊക്കെ വിളിക്കുന്നവർ പറയുന്നുണ്ട്.
ഒരു പടം ഇറങ്ങിയാൽ ഇൻഡസ്ട്രിയിൽ നിന്ന് കോളുകൾ വരും എന്ന് കേട്ടിട്ടുണ്ട്. അങ്ങനത്തെ കോളുകൾക്ക് ഞാനും നോക്കി. ഇൻഡസ്ട്രിയിൽ നിന്ന് എന്നെ മുൻപരിചയമില്ലാത്ത ഒരേയൊരു വിളി വന്നത് മാലാ പാർവതി ചേച്ചിയിൽ നിന്നാണ്. അല്ലാതെ നമ്പർ തപ്പി പിടിച്ചും മറ്റും പല വിളികൾ വന്നു. ഒക്കെയും സ്നേഹം നിറച്ചത്.
ഒരുപാട് പേർക്ക് ഷോ ഇടാത്തതിനാൽ പടം കാണാൻ പറ്റിയില്ല എന്ന് വിളികൾ വരാൻ തുടങ്ങി. ആറ്റിങ്ങലിൽ ഒരു തിയറ്ററിൽ ഒരു റ്റ്യൂഷൻ സെന്ററിലെ അൻപതിലധികം കുട്ടികൾ പോയിട്ടും, അല്ലാതെ പടം കാണാൻ 10 പേരുണ്ടായിട്ടും അവർ ഷോ ഇട്ടില്ല എന്ന് വൈകി അറിഞ്ഞു, നാട്ടിലെ ചില കൂട്ടുകാർ അതെ തിയറ്ററിൽ ആളെ കൂട്ടി ഷോ ഇടീച്ചു. പലയിടത്തും ഷോ വരുന്നവരെ പറഞ്ഞുവിട്ട കാൻസൽ ചെയ്യുന്നു എന്നറിഞ്ഞു.
പുഷ്പ 2 കൂടി വന്നതോടെ പൂർണം. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി മാറി രണ്ടാം ആഴ്ചയിൽ. അപ്പോഴും നമുക്ക് പോസിറ്റിവ് റിവ്യൂസ് മാത്രമാണ് വരുന്നത്. ഒന്നിനുപോലും പൈസ കൊടുത്തിട്ടില്ല. ആ കാശുണ്ടായിരുന്നെങ്കിൽ കുറേകൂടി പോസ്റ്റർ ഒട്ടിച്ചേനെ. വനിതാ തിയറ്ററിന്റെയും തിരുവനന്തപുരം കൈരളിയുടെയും മാനേജ്മെന്റിന് നന്ദി.
തിയറ്റർ വിട്ടു. ഒടിടിക്കുള്ള കാത്തിരിപ്പായി. ആദ്യ സിനിമ എന്റെ ഒരു അഡ്രസ് ആകുമെന്ന് കരുതി. ആയില്ല. മുറിക്കുള്ളിൽ ഇരിപ്പായിട്ട് ആറു മാസമാകുന്നു. എല്ലാവർക്കും അറിയുന്ന ഒരു പൊട്ടിയ പടത്തിന്റെ ഡയറക്ടർ എന്ന ടാഗിന് തിരിച്ചറിയാതെപോയ പടത്തിന്റെ ഡയറക്ടർ എന്ന ടാഗിനേക്കാൾ വിലയുണ്ട് എന്ന് മനസിലായി.
ഇടയ്ക്ക് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്സിൽ മികച്ച കുട്ടികളുടെ ചിത്രമായി. സൈജു ചേട്ടന് നമ്മുടെ പടത്തിനും ചേർത്ത് മികച്ച സഹനടനുള്ള അവാർഡ് കിട്ടി. അപ്പോഴും വരുന്ന ഒടിടി അന്വേഷണങ്ങൾക്ക് ഉത്തരം അറിയാതെ വീർപ്പുമുട്ടി.
ഒരു കാര്യം തുടങ്ങിവച്ചാൽ ഒരു ക്ളോഷർ കിട്ടണം. അത് കിട്ടാതെ നീണ്ടുപോവുക എന്നത് വലിയ വേദനിപ്പിക്കുന്ന കാര്യമാണ്. നാളെ സൈന പ്ലേയിൽ പടം വരും. കണ്ടിട്ട് നിങ്ങൾക്ക് തോന്നിയത് പറയൂ. കൊള്ളില്ലെങ്കിൽ അങ്ങനെ തന്നെ.
അവിടെ കൂടുതൽ പേരിലേക്ക് ഞങ്ങളുടെ പടം എത്തി എന്ന കാര്യം അറിഞ്ഞാൽ അതാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ആശ്വാസം. നേരത്തെ പറഞ്ഞ ക്ളോഷർ. കാണണം.അടുത്ത പടം സൈൻ ചെയ്തിട്ടില്ല. ശ്രീക്കുട്ടൻ ഹിറ്റും ആയില്ല. പക്ഷേ വിട്ടിട്ടില്ല. ചിലപ്പോൾ ഒരു തോൽവി ആയിട്ടാണെങ്കിലും ഞാൻ ഇവിടെത്തന്നെ തുടരും.