അസുഖബാധിതനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത് പോയ മമ്മൂട്ടി ഒക്ടോബർ ഒന്നിന് തിരികെ ഷൂട്ടിംഗ് സെറ്റിലേയ്ക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂളിൽ മമ്മൂട്ടി ജോയിൻ ചെയ്യും. നിർമാതാവ് ആന്റോ ജോസഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
‘‘പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ.
അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർഥനകളുടെയും മനസാസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.’’ആന്റോ ജോസഫിന്റെ വാക്കുകൾ.
ചെറിയ ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് കഴിഞ്ഞമാസം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു.