തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ കേരളം അംഗീകരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എഐവൈഎഫും, എഐഎസ്എഫും തീരുമാനിച്ചു
ഇതിന്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സിപിഐയുടെ യുവജന - വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും. തിങ്കളാഴ്ച ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുന്നത് വരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞു.
അതിനിടെ കണ്ണൂരിൽ എഐവൈഎഫ് മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ചു. മുൻ നിലപാടിൽ നിന്നും വ്യതിചലിച്ച് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായ ഇടത് സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് നേരത്തെ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ രംഗത്തെത്തിയിരുന്നു.