District News
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൊഴിയൂർ സ്വദേശി ഷാബു(44) ആണ് അറസ്റ്റിലായത്.
വിഴിഞ്ഞം കോട്ടപ്പുറം നിർമലാ ഭവനിൽ ജയിംസ്- മോളി ദമ്പതിമാരുടെ മകൻ ജെയ്സൻ(17), പുതിയതുറ ഉരിയരിക്കുന്നിൽ ഷാജി-ട്രീസ ദമ്പതിമാരുടെ മകൾ ടി.ഷാനു(16) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർഥിനി പുതിയതുറ സ്വദേശിനി സ്റ്റെഫാനി(16) ഗുരുതര പരുക്കേറ്റു ചികിത്സയിലാണ്.
അഭിഭാഷകനായ ഷാബുവിനെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതനുസരിച്ചുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മനപ്പൂർവമുളള നരഹത്യയ്ക്കാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം മുല്ലൂർ ഭദ്രകാളിക്ഷേത്രത്തിനു മുന്നിലാണ് അപകടമുണ്ടായത്. വിഴിഞ്ഞത്ത് നിന്ന് പുതിയതുറ ഭാഗത്തേക്ക് പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ചൊവ്വര ഭാഗത്തു നിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
District News
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാ മി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളി ൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ ഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നി യമിച്ചു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്ചയും സംബന്ധിച്ച് പ്രതിപക്ഷ ത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
District News
കാസർഗോഡ്: ടിപ്പര്‍ ലോറിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡ് അംഗം സജീഷ്(42) ആണ് മരിച്ചത്. നാലാംമൈലിൽ പുലർച്ചെ രണ്ടേമുക്കാലോടെയാണ് സംഭവം.
കൂടെയുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ സുഭാഷ് ചന്ദ്രന് പരിക്കേറ്റു. മയക്കുമരുന്ന് കേസിലെ അന്വേഷണത്തിനിടെ അപകടമുണ്ടായത്.
കാര്‍ അണ്ടര്‍ പാസിലൂടെ വരുമ്പോള്‍ എതിരെ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിൽ കാറിന്റെ ഇടത് ഭാഗം പൂര്‍ണമായി തകര്‍ന്നു. ഇടത് ഭാഗത്താണ് സജീഷ് ഇരുന്നിരുന്നത്.
മാരുതി ഓള്‍ട്ടോ കാറിലാണ് സജീഷും സുഭാഷ് ചന്ദ്രനും സഞ്ചരിച്ചിരുന്നത്. സജീഷ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സുഭാഷ് ചന്ദ്രനെ നാട്ടുകാര്‍ ഇകെ നയനാര്‍ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Out of Range
പണ്ടു കാലത്ത് നമ്മൾ അതിനെ കാൽച്ചട്ട എന്നു വിളിച്ചു. കാലിൽ ഇടുന്നതുകൊണ്ടാണോ കാലിന്റെ കാൽ ഭാഗം മാത്രം മറയ്ക്കുന്നതുകൊണ്ടാണോ ആ പേരു വന്നതെന്ന് തയ്ച്ചവർക്കും അറിയില്ല ഇട്ടവർക്കും അറിയില്ല. പിന്നീടതിന്റെ എല്ലൂരിയ നാട്ടുകാർ കാച്ചട്ടയാക്കി. അത് ഇട്ടു നടന്ന പോലീസിന് കാച്ചട്ടപ്പോലീസ് എന്ന വിളിപ്പേരും വീണുകിട്ടി. കാച്ചട്ട വിളിക്കു പരിഷ്കാരം പോരെന്നു തോന്നിയവർ അതിനെ നിക്കർ എന്നു വിളിച്ചു ബഹുമാനിച്ചു.
നിക്കറിനെ ഭാഷാസ്നേഹികൾ കളസം എന്നും എക്സ്ട്രാ ഫിറ്റിംഗ് ഉള്ളതിനെ വള്ളിക്കളസമെന്നും വിശേഷിപ്പിച്ചു പോന്നു. ഇതിനിടെ, കാച്ചട്ടപ്പോലീസ് എന്ന പേരുദോഷം മാറ്റാൻ പോലീസുകാർ കാക്കിക്കാച്ചട്ട വലിച്ചുനീട്ടി പാന്റ്സ് ആക്കി. എന്നിട്ടും പല സ്കൂളുകളിലെയും പിള്ളേർക്ക് കാക്കിക്കാച്ചട്ട ഇട്ടു നടക്കാനായിരുന്നു യോഗം. പരിഷ്കാരം ഗേറ്റ് കടന്നുവന്നതോടെ പോലീസ് മാറിയതുപോലെ പിള്ളേരും മാറി. കാച്ചട്ട വളർന്ന് പാന്റ്സ് ആയി. കാക്കി കൈയേറി നീലയും വെള്ളയും കാപ്പിപ്പൊടിയുമൊക്കെയെത്തി.
നാട്ടിൽ പലരും കാക്കിക്കാച്ചട്ടയെ കൈവിട്ടിട്ടും കൈവിടാൻ മടിച്ച ഒരു കൂട്ടരുണ്ടായിരുന്നു. നാട്ടുകാർ അവരെ മിത്രങ്ങൾ എന്നു വിളിച്ചു. മുയലിന്റെ ചെവി പോലെ രണ്ടു വശത്തേക്കും വിടർന്നു നിൽക്കുന്ന കാച്ചട്ടയും കൈയിലെ കന്പും അഭിമാനമായി കരുതിയിരുന്ന അവർ കാലം മാറിയിട്ടും കാക്കിക്കാച്ചട്ടയുമിട്ട് കളത്തിലിറങ്ങി. അതോടെ കാക്കിനിക്കർ മിത്രങ്ങളുടെ പ്രതീകമായി ചിരപ്രതിഷ്ഠനേടി.
പിന്നെയും നിക്കർ ഇടണമെന്നു മോഹമുള്ളവർക്കായി ഇതിനകം കാച്ചട്ട കളറടിച്ചും വലിച്ചുനീട്ടിയും പരിഷ്കാരി ബർമുഡയായി അവതരിച്ചിരുന്നു. ഞങ്ങൾ ഇട്ടാൽ വള്ളിക്കളസവും നിങ്ങൾ ഇട്ടാൽ ബർമുഡയും പോലുള്ള ചൊല്ലുകളും നാട്ടിൽ പാട്ടായി. ഇത്രയുമായിട്ടും കാച്ചട്ടയിലെ പിടിവിടാൻ തയാറാകാതിരുന്ന മിത്രങ്ങളെ കളിയാക്കാൻ എതിരാളികൾ കാക്കിനിക്കർ കഥകൾ പലതുമിറക്കി.
ഇതിനിടെ, ബർമുഡയുഗത്തിൽ പിറന്ന കുട്ടികൾക്കു കാക്കിനിക്കറിനോട് അത്ര പ്രിയമില്ലെന്നു മിത്രങ്ങൾ സർവേ നടത്തി കണ്ടെത്തി. കാച്ചട്ടയിൽത്തന്നെ കാലുടക്കി നിൽക്കുന്നത് അബദ്ധമാണെന്നും കാലത്തിനൊത്തു കളസം മാറണമെന്നും ഏതോ ബുദ്ധിചാലക് അവരെ ഉപദേശിച്ചു.
അങ്ങനെ 90 വർഷമിട്ട നിക്കറിൽനിന്ന് അവരും ഒരുവിധത്തിൽ പുറത്തുചാടി. കാക്കിയെത്തന്നെ കൈവിട്ടു ബ്രൗണ്‍ പാന്റ്സിലേക്കായിരുന്നു മിത്രങ്ങളുടെ ചാട്ടം. കാക്കിനിക്കറിനെ കൈവിട്ടിട്ട് എട്ടു വർഷം കഴിഞ്ഞെങ്കിലും ഇന്നും എതിരാളികൾക്കു മിത്രങ്ങളെ ചൊറിയാൻ കാക്കിനിക്കർ നിർബന്ധം.
ഇലക്ഷൻ പ്രചാരണത്തിനിടയിൽ ഒരു മൂത്ത സഖാവ് ഒാർമയുടെ ഇരുന്പുപെട്ടിയിൽ ഭദ്രമായി വച്ചിരുന്ന ഒരു കാക്കിനിക്കർ പുറത്തെടുത്തതാണ് പുതിയ വർത്തമാനം. പഴയ കാക്കിനിക്കർ കണ്ടപ്പോൾ തട്ടിക്കുടഞ്ഞ് ഒന്നിട്ടു നോക്കിയാൽ കൊള്ളാമെന്നു മൂപ്പർക്കു തോന്നിപ്പോയത്രേ.
ഒരു കാൽ ഇട്ടപ്പോൾത്തന്നെ പ്രതിപക്ഷം ചാടിവീണു. ഇടാനും വയ്യ ഉൗരാനും വയ്യ എന്ന അവസ്ഥയിൽ ഒറ്റക്കാലിൽനിന്നു വട്ടം കറങ്ങുന്ന സഖാവിനെയാണ് പിന്നെ നാട്ടുകാർ കാണുന്നത്.
കട്ടൻ ചായയും പരിപ്പുവടയും കുടിച്ചവരൊന്നും കാക്കിനിക്കർ ഇട്ട ചരിത്രമില്ലെന്ന ഇരട്ടച്ചങ്കിന്റെ മിടിപ്പുകൂടി കേട്ടതോടെ ഇട്ട കാൽ എങ്ങനെയെങ്കിലും ഊരിയാൽ മതിയെന്ന അവസ്ഥയിലായി മൂത്ത സഖാവ്.
എതിരാളികൾ ഇതാ ജമാത്തെ ഇസ്ലാമിയുടെ കുപ്പായത്തിൽ കയറിക്കൂടിയിരിക്കുകയാണെന്നു ബഹളമുണ്ടാക്കിയപ്പോൾ ഇങ്ങനെയൊരു നിക്കർ തങ്ങളുടെ നീലപ്പെട്ടിയിലും ഇരിപ്പുണ്ടെന്ന കാര്യം പാവം സഖാക്കൾ മറന്നുപോയി. ആദ്യം പറഞ്ഞ ചൊല്ല് ഒരിക്കൽകൂടി ഒാർമ വരുന്നു, നിങ്ങൾ ഇടുന്പോൾ വള്ളിക്കളസം, ഞങ്ങൾ ഇടുന്പോൾ ബർമുഡ!
മിസ്ഡ് കോൾ
ഒരു കുട്ടിക്ക് 6.78 രൂപ; കൊടുക്കേണ്ടത് ഫ്രൈഡ് റൈസും ബിരിയാണിയും.
-വാർത്ത
അര പരിപ്പുവടയ്ക്ക് ആയിരം ബിർയാണി!
Out of Range
രാവിലെ നടക്കാന്‍ ഇറങ്ങുകയാണെന്നാണ് പറച്ചിലെങ്കിലും മിക്കവാറും ഓട്ടമാണ് കൂടുതല്‍. തനിയെ ഒാടുന്നതല്ല, തെരുവുനായ്ക്കള്‍ ഓടിക്കുന്നതാണ്. അങ്ങനെയൊരു ഓട്ടം കഴിഞ്ഞ് കിതപ്പു മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വാര്‍ഡിലെ ലോക്കല്‍ നേതാക്കളില്‍ ഒരാള്‍ വിയര്‍ത്തുകുളിച്ച് പരിഭ്രാന്തനായി വരുന്നതു കണ്ടത്.
ആൾ ജെൻ സി ആണെങ്കിലും രാഷ്ട്രീയക്കാരുടെ ഫാൻസിഡ്രസിനോടാണ് താത്പര്യം. ഏതു കാലാവസ്ഥയിലും ഖദർ ഉടയാതെ നടക്കുന്നതിൽ ശ്രദ്ധാലുവായ നേതാവ് തിരക്കിട്ടു പായുന്നതു കണ്ടപ്പോൾ ആരെങ്കിലും ‘ക്ലിപ് ഇട്ടോ’ എന്നായിരുന്നു ആദ്യത്തെ സംശയം. “എന്താ നേതാവേ മുഖം വല്ലാതിരിക്കുന്നത്? അതിരാവിലെ എങ്ങോട്ടാ...? ആകെ വിയര്‍ത്തു കുളിച്ചല്ലോ.”
“ഒന്നും പറയേണ്ട ചേട്ടാ. രാവിലെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാളെ ജാമ്യത്തിലിറക്കാന്‍ പോയിരുന്നു. അതുമായി ബന്ധപ്പെട്ട് എന്തോ കാര്യം സംസാരിക്കാനാണത്രേ.”
“അതിനെന്താ നേരേയങ്ങ് ചെന്നാല്‍ പോരേ. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കു പോലീസ് സ്റ്റേഷന് പുത്തരിയാണോ?”
“ചേട്ടാ ഭരണകക്ഷിക്കു മാത്രമാ പുത്തരിയല്ലാത്തത്. പ്രതിപക്ഷമാണേൽ ചിലപ്പോൾ പൂരത്തെറി ആയിരിക്കും.”
“അതെന്താ അങ്ങനെയൊരു വര്‍ത്തമാനം. ഇപ്പോള്‍ മൊത്തം ജനമൈത്രി പോലീസ് അല്ലേ... സ്റ്റേഷന്റെയൊക്കെ വാതില്ക്കല് എഴുതിവച്ചിട്ടുണ്ടല്ലോ ജനമൈത്രി പോലീസ് സ്റ്റേഷനെന്ന്...”
“ഭിത്തിയിലങ്ങനെ പലതുമെഴുതും. അതും വായിച്ച് ആവേശത്തിൽ ചെന്നു കയറിക്കൊടുത്താല്‍ ചിലപ്പോള്‍ വൈകാതെ മാലയിട്ട് ഭിത്തിയില്‍ ഇരിക്കേണ്ടി വരും. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.”
“ജനമൈത്രിയെന്നാല് ജനങ്ങളോടു മൈത്രി എന്നല്ലേ അര്‍ഥം. പിന്നെയെന്താ പ്രശ്നം?”
“മൈത്രി കൂടിയതാണോയെന്നറിയില്ല, അവിടെ കയറിയിറങ്ങിയ പലർക്കും മൂത്രം പെൻഡിംഗ് ആണത്രേ. മൈത്രി വന്നാലും മന്ത്രി വന്നാലും ഓരോരോ ആചാരങ്ങളാകുമ്പോള്‍ അതു പാലിക്കേണ്ടതല്ലേ എന്നാണ് ചില എമാന്മാരുടെ ചോദ്യം.”
“പോലീസ് ആകെ മാറിയെന്നാണല്ലോ പൊതുവേ പറഞ്ഞുകേട്ടിരുന്നത്. അവര്‍ പാട്ടുപാടുന്നു, ട്രോള്‍ ഉണ്ടാക്കുന്നു, ഡാന്‍സ് കളിക്കുന്നു, കൃഷി ചെയ്യുന്നു, ആളുകളെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്നു... ഇങ്ങനെ പലതും അടുത്ത കാലത്തു കണ്ടിരുന്നു.”
“കൃഷി വ്യാപകമായി ചെയ്യുന്നുണ്ട്. കൂടുതലും ചൊറിയണമാണെന്ന കേള്‍വി.”
“അതെന്താ ചൊറിയണത്തിനു വല്ല പോഷകഗുണവുമുണ്ടോ അതില്‍ ശ്രദ്ധ വയ്ക്കാന്‍... അതോ തോരന്‍ വയ്ക്കാനാണോ?”
“പോഷകഗുണമല്ല, അതിനുള്ളതു പോലീസ് ഗുണമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. അടിമുടി ചൊറിച്ചില്‍. കാക്കി ബോഡിയിലേക്കു പറ്റിപ്പിടിച്ചാല്‍ പിന്നെ ചില ഏമാന്മാര്ക്കു സാധാരണക്കാരെ കണ്ടാല്‍ വല്ലാത്ത ചൊറിച്ചില്‍ ആണത്രേ. അപ്പോള്‍ അവര്‍ക്കു നാട്ടുകാരെ ചൊറിയണമെന്നു തോന്നും. പോലീസ് ജീപ്പില്‍ത്തന്നെ ഗ്രോ ബാഗില്‍ ചൊറിയണം വളര്‍ത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ ചില ഏമാന്മാര് അന്വേഷിച്ചുകൊണ്ടിരിക്കുന്നതത്രേ. പിന്നെ തോരന്‍ വേണോ തോരെത്തോരെ വേണോ എന്നതൊക്കെ ഏമാന്റെ മൂഡ് പോലിരിക്കും.”
“ചങ്ങനാശേരിയില്‍ ഒരാൾക്കു വിരല്‍ കൊടുക്കേണ്ടി വന്നെന്നു കേട്ടിരുന്നു. ഏകലവ്യനോടു ദ്രോണാചാര്യര്‍ ചോദിച്ചതുപോലെ ഗുരുദക്ഷിണ വല്ലതുമാണോ?”
“ഇതു ദ്രോണാചാര്യര്‍ അല്ല, ദ്രോഹാചാര്യന്മാരാണ്. നല്ല പോലീസുകാരെക്കൂടി ചീത്ത കേൾപ്പിക്കുന്ന കാക്കിക്കുള്ളിലെ ചൊറിയണങ്ങൾ. ഏകലവ്യനോടു ഗുരുദക്ഷിണയായി ഒരു വിരലല്ലേ ചോദിച്ചുള്ളൂ. ഇവിടെയൊരു ദ്രോഹാചാര്യര്‍ രണ്ടു വിരലാണ് ചവിട്ടിയെടുത്തത്. ബൂട്ട് ഇത്തിരി തേഞ്ഞതായിരുന്നു അല്ലെങ്കില്‍ അഞ്ചു വിരലും കിട്ടിയേനെയെന്നാണ് ഏമാന് പിന്നീട് പറഞ്ഞതെന്നാണ് അറിയുന്നത്.”
ഇതെല്ലാം കേട്ടു തരിച്ചുനിന്ന പൗരനെ നോക്കി നേതാവ് ഇത്രയുംകൂടി പറഞ്ഞു. “സാര്‍ ഒരു ഉപകാരം ചെയ്യണം. ഞാന്‍ എന്തായാലും സ്റ്റേഷനിലേക്കു പോകാന്‍തന്നെ തീരുമാനിച്ചു. സാര്‍ ഈ വിവരം അറിയിക്കേണ്ടവരെയെല്ലാം ഒന്നറിയിച്ചേക്കണം. ബാക്കിയുണ്ടേല്‍ വീണ്ടും കാണാം.”
മിസ്ഡ് കോൾ
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു’ എന്നു സംബോധന ചെയ്യണമെന്നു സർക്കുലർ.
- വാർത്ത.
ബഹുത് അച്ഛാ വിനയം!
Leader Page
ക്ലിക്കിലെ കെണി -2
“ശ്രദ്ധിക്കുക, പോലീസില്‍നിന്നോ സിബിഐയില്‍നിന്നോ കസ്റ്റംസില്നിന്നോ ജഡ്ജിയില്നിന്നോ ആണെന്നവകാശപ്പെടുന്ന അജ്ഞാത നമ്പറില്‍നിന്ന് നിങ്ങള്‍ക്ക് വീഡിയോകോളുകള്‍ ലഭിക്കുകയാണെങ്കില്‍ പരിഭ്രാന്തരാകരുത്. അവര്‍ സൈബര്‍ കുറ്റവാളികളായിരിക്കാം...” കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഫോണെടുത്ത് ആരെ വിളിച്ചാലും ആദ്യം കേട്ടിരുന്ന സംഭാഷണം ഇതായിരുന്നു. രാജ്യത്ത് പലതരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ പെരുകിയതോടെ തട്ടിപ്പില്‍നിന്നു രക്ഷനേടുന്നതിനായി മുഴുവന്‍ ആളുകളിലേക്കും കേന്ദ്രസര്‍ക്കാര്‍ എത്തിച്ചിരുന്ന നിയമപരമായ മുന്നറിയിപ്പായിരുന്നു ഇത്. എന്നാല്‍, ദിവസത്തില്‍ ഒന്നിലധികം പ്രാവശ്യം ഇത് കേട്ടിട്ടും തട്ടിപ്പില്‍ വീണവര്‍ നിരവധിയാണ്.
സമൂഹമാധ്യമങ്ങളില്‍ സജീവമായവരെ ഉന്നമിട്ടുള്ള സൈബര്‍ തട്ടിപ്പ് സംസ്ഥാനത്ത് പെരുകുന്നതായാണ് സൈബര്‍ പോലീസിന്റെ കണ്ടെത്തല്‍. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും എല്ലാവരിലേക്കും എത്തിയെങ്കിലും ഇത് സുരക്ഷിതമായി ഉപയോഗിക്കാന്‍ എല്ലാവര്ക്കും അറിയില്ലെന്നതാണു തട്ടിപ്പ് പെരുകുന്നതിന്റെ പ്രധാന കാരണമായി പോലീസ് കണ്ടെത്തിയിട്ടുള്ളത്.
അപരിചിതരുടെ കൈയില്‍നിന്ന് മിഠായിപോലും വാങ്ങിക്കഴിക്കരുതെന്ന് കുട്ടികളെ ഉപദേശിക്കുന്ന മുതിര്‍ന്നവര്‍ കണ്ടുപരിചയം പോലുമില്ലാത്ത, ശബ്ദപരിചയം മാത്രമുള്ള, അല്ലെങ്കില്‍ ചാറ്റില്‍ വന്നു മാത്രം കാര്യങ്ങള്‍ സംസാരിക്കുന്ന ഒരാള്‍ക്ക് ചോദിക്കുമ്പോള്‍തന്നെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം മൈമാറുകയാണ്. ഒരോ വര്‍ഷവും കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അത്രത്തോളംതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുമുണ്ടെന്നാണ് സൈബര്‍ വിദഗ്ധരുടെ വാദം. തട്ടിപ്പില്‍ അകപ്പെടാതിരിക്കാനുള്ള മാര്‍ഗം ജാഗ്രതയും മുന്‍കരുതലും മാത്രമാണ്.
കാലം മാറി, പരാതികളും
മൂന്നുവര്‍ഷംമുമ്പ് സംസ്ഥാനത്തെ സൈബര്‍ സ്റ്റേഷനില്‍ എത്തിയിരുന്ന കേസുകളില്‍ നല്ലൊരു ശതമാനവും സാമ്പത്തികതട്ടിപ്പുമായി ബന്ധമില്ലാത്ത പരാതികളായിരുന്നു. സെലിബ്രിറ്റികള്‍ക്കെതിരേ മോശം കമന്റ് ഇടുക, സ്ത്രീകളോട് മോശമായി പെരുമാറുക തുടങ്ങിയ സ്വഭാവമുള്ളവ. എന്നാല്‍, ഇന്ന് 95 ശതമാനം പരാതികളും സാമ്പത്തിക തട്ടിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യാജ ട്രേഡിംഗ് തട്ടിപ്പ്, വെര്‍ച്വല്‍ അറസ്റ്റ്, ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്, ലോണ്‍ ആപ്പ് തട്ടിപ്പ് തുടങ്ങിയവയാണ് ഭൂരിഭാഗവും. ബിഹാര്‍, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ ഉടലെടുക്കുന്നത്. ഓണ്‍ലൈന്‍ ജോലി നോക്കുന്നവരെ ചതിയുടെ വലക്കുഴികളില് വീഴ്ത്തുന്ന സംഘവും സജീവമാണ്.
മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘങ്ങളാണ് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ പ്രധാനികള്‍. അതേസമയം, ഷെയര്‍ ട്രേഡിംഗിലൂടെയും ക്രിപ്റ്റോ ട്രേഡിംഗിലൂടെയും അധികവരുമാനം വാഗ്ദാനംചെയ്ത് പണം തട്ടുന്നതില്‍ അധികവും വിദേശ കമ്പനികളാണെന്നാണ് പോലീസ് പറയുന്നത്.
പേടിപ്പിക്കും; വാഗ്ദാനം ചൊരിയും
സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിരപരാധികളെ കബളിപ്പിക്കാനായി അവരില്‍ ഭയം ജനിപ്പിക്കുകയാണ് തട്ടിപ്പുകാര്‍ സാധാരണ ചെയ്യുന്നത്. നിഷ്കളങ്കരായ ഇരകളെ കബളിപ്പിക്കാനുള്ള ഏറ്റവും പുതിയ വഴി പോലീസിനെയോ സര്‍ക്കാര്‍ അധികാരികളെയോ പോലുള്ള നിയമപാലക അധികാരികളെക്കുറിച്ചുള്ള നിലവിലുള്ള ഭയത്തെ ചൂഷണം ചെയ്യുക എന്നതാണ്. ഡിജിറ്റല്‍ അറസ്റ്റ് എന്ന തട്ടിപ്പ് നിയമപരമായ നൂലാമാലകളെക്കുറിച്ചുള്ള ആളുകളുടെ ഭയത്തെ ഉപയോഗപ്പെടുത്തുന്നു. മുന്നറിയിപ്പ് സൂചനകള്‍ മനസിലായില്ലെങ്കില്‍ തട്ടിപ്പുകാരുടെ ഇരകളാകുമെന്നത് തീര്‍ച്ച.
ഒരുവശത്ത് ഭയത്തെ ചൂഷണം ചെയ്തുള്ള തട്ടിപ്പുകള്‍ പെരുകുമ്പോള്‍ മറുവശത്ത് വാഗ്ദാനപ്പെരുമഴകൊണ്ടുള്ള തട്ടിപ്പുകളാണ്. ആയിരങ്ങള്‍ നിക്ഷേപിച്ച് ലക്ഷങ്ങളും കോടികളും ഉണ്ടാക്കാമെന്ന തട്ടിപ്പുകാരുടെ മോഹനവാഗ്ദാനത്തില്‍ വീണുപോകുന്നവരാണ് ഏറെയും. ആദ്യപടിയായി ചെറിയ തുക അക്കൗണ്ടിലെത്തുന്നതോടെ തുടങ്ങുന്ന തട്ടിപ്പ് നിക്ഷേപകനെ സാന്പത്തികമായും മാനസികമായും ഇല്ലാതാക്കിയ ശേഷമാകും മടങ്ങുക.
ഉത്തരേന്ത്യയില്‍ നിര്‍ത്തും; മലയാളി തുടരും
സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസ് അന്വേഷണങ്ങള്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ പറയുന്ന വാക്കുകളിങ്ങനെ: ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമടക്കം കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും നഷ്ടപ്പെടുന്ന പണത്തിന്റെ വലിപ്പം കുറവാണ്.
അവിടെയുള്ളവര്‍ ഒരു ലക്ഷം രൂപവരെയൊക്കെ നഷ്ടമാകുമ്പോള്‍ തട്ടിപ്പാണെന്ന് മനസിലാക്കുകയും നിര്‍ത്തുകയും ചെയ്യും. കേരളത്തിലെ സ്ഥിതി അതല്ല. പൈസ നഷ്ടപ്പെട്ടാലും കുറച്ചുകൂടി പണം ഇറക്കി നഷ്ടപ്പെട്ടതടക്കം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കൂടുതല്‍ ആളുകളും നടത്തുന്നതെന്ന് പോലീസ് പറയുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഭീമമായ നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്. അധ്വാനിക്കാതെയും വേഗത്തിലും പണം ഉണ്ടാക്കുന്നതിനോടുള്ള താത്പര്യവും ആഡംബരജീവിതം മോഹിച്ചുള്ള പ്രവൃത്തികളുമാണ് ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നതിനു കാരണം.
യുവാക്കളെയല്ല; വേണ്ടത് പ്രായമായവരെ
യുവാക്കളെ തൊട്ടാല്‍ പണിപാളുമെന്ന് അറിയാവുന്നതോടെ പണം കൈവശമുള്ള വൃദ്ധരെ ലക്ഷ്യമിട്ടാണ് സൈബര്‍ സാമ്പത്തിക തട്ടിപ്പുകളേറെയും. കൊച്ചിയിലുള്‍പ്പെടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇരയായവരില്‍ ബഹുഭൂരിഭാഗവും അമ്പതു വയസിന് മുകളിലുള്ളവരാണ്.
സൈബര്‍ തട്ടിപ്പുകളെക്കുറിച്ചു ധാരണയില്ലാത്തതും സാങ്കേതികവിദ്യയിലെ ജ്ഞാനക്കുറവും ബാങ്ക് നിക്ഷേപം ഉറപ്പായിരിക്കുമെന്ന അവരുടെ വിശ്വാസവുമാണു പ്രായമായവരെ സൈബര്‍ മോഷ്ടാക്കള്‍ നോട്ടമിടാന്‍ കാരണമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. വന്‍ നിക്ഷേപമുള്ള വൃദ്ധരുടെ വിവരങ്ങള്‍ ബാങ്കില്‍നിന്ന് തട്ടിപ്പുസംഘങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നതും പോലീസ് തള്ളിക്കളയുന്നില്ല.
സുവര്‍ണ മണിക്കൂര്‍ പ്രധാനം
തട്ടിപ്പു നടന്നതിനു പിന്നാലെ സുവര്‍ണ മണിക്കൂറില്‍ (ആദ്യ ഒരു മണിക്കൂര്‍) പോലീസില്‍ പരാതിപ്പെട്ടവരുടെ പണം വേഗത്തില്‍ തിരിച്ചുപിടിക്കാനാകും. തട്ടിപ്പുരീതികള്ക്കെതിരേ പോലീസും സൈബര്‍ ഡിവിഷനും നിരന്തരം ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും പരാതികള്‍ ലഭിക്കുന്നത് വൈകിയാണ്. തട്ടിപ്പിനിരയായവര്‍ എത്രയുംവേഗം വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം. www.cybercrime.gov.in വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
(തുടരും)
Editorial
കന്പി മുറിച്ചു ജയിൽ ചാടിയ ഗോവിന്ദച്ചാമി മാത്രമല്ല, ഭരണകൂടം സമ്മാനിച്ച പരോളിലൂടെ പുറത്തു കടക്കുന്ന പാർട്ടിച്ചാമിമാരും ആപത്താണ്. ഒന്നു സുരക്ഷാവീഴ്ച, മറ്റേതു രാഷ്ട്രീയവാഴ്ച.
സൗമ്യവധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെക്കുറിച്ച് ആദ്യമായി പറയാനുള്ളത്, അത് ഗുരുതരവും ലജ്ജാകരവുമായ സുരക്ഷാവീഴ്ചയാണ് എന്നതാണ്.
രണ്ടാമത്തേത്, ഗോവിന്ദച്ചാമിക്ക് രാഷ്ട്രീയ പിടിപാടുണ്ടായിരുന്നെങ്കിൽ ചാട്ടത്തിനു പകരം പരോൾ മതിയായിരുന്നു എന്ന കറുത്ത ഫലിതമാണ്. അതിനാൽ, കന്പി മുറിച്ചു ജയിൽ ചാടിയ ഗോവിന്ദച്ചാമി മാത്രമല്ല, ഭരണകൂടം സമ്മാനിച്ച പരോളിലൂടെ പുറത്തു കടക്കുന്ന പാർട്ടിച്ചാമിമാരും ആപത്താണ്. ഒന്നു സുരക്ഷാവീഴ്ച, മറ്റേതു രാഷ്ട്രീയവാഴ്ച.
ഇന്നലെ പുലർച്ചെയാണ് കേരളത്തിലെ വെറുക്കപ്പെട്ട കുറ്റവാളികളിലൊരാളായ തമിഴ്നാട്, കടലൂർ, സമത്വപുരം, അറുമുഖൻ മകൻ ഗോവിന്ദച്ചാമി (ചിലർക്ക് ചാർളി തോമസ്) കണ്ണൂരിലെ അതീവസുരക്ഷാ ജയിലിൽനിന്നു ചാടിയത്. തടവറയുടെ കന്പികൾ മുറിച്ചു പുറത്തിറങ്ങിയ അയാൾ വൈദ്യുതവേലിയാൽ സംരക്ഷിതമായ കൂറ്റൻ മതിലും തുണി കെട്ടി ചാടിയിറങ്ങി. രാവിലെ പത്തരയോടെ ഏറെ ദൂരെനിന്നല്ലാതെ പിടിയിലുമായി.
ഒറ്റക്കൈ മാത്രമുള്ള ഗോവിന്ദച്ചാമി ആരുടെയും സഹായമില്ലാതെ അതീവസുരക്ഷാ ജയിലിൽനിന്ന് ഇത്ര നിസാരമായി പുറത്തു ചാടിയെങ്കിൽ അത്രയ്ക്ക് അതീവ സുരക്ഷയില്ലാത്തിടത്തെ സ്ഥിതി എന്തായിരിക്കും! മദ്യവും മയക്കുമരുന്നും മൊബൈൽ ഫോണുകളും ജയിലിൽ എത്തുന്നത് അറിയാത്ത ഉദ്യോഗസ്ഥർ ഇതും അറിഞ്ഞില്ല.
തമിഴ്നാട്ടിലും ആന്ധ്രയിലും നിരവധി കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള കൊടുംകുറ്റവാളിയെ നാട്ടുകാർ നൽകിയ വിവരമനുസരിച്ചാണ് പോലീസ് പിടികൂടിയത്. 2011 ഫെബ്രുവരിയിൽ എറണാകുളത്തുനിന്നു ഷൊർണൂരിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സൗമ്യ എന്ന പാവപ്പെട്ട പെൺകുട്ടിയെ ട്രെയിനിൽനിന്നു തള്ളിയിടുകയും മാനഭംഗപ്പെടുത്തി കൊല്ലുകയും ചെയ്തത്. ഒരൊറ്റ കാര്യമാണു ശ്രദ്ധിക്കേണ്ടത്; അതീവസുരക്ഷാ ജയിലുകളേക്കാൾ വേണ്ടത് അത്യാവശ്യം കഴിവുള്ള ജീവനക്കാരെയാണ്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ഗുരുതരമായ കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയാണെങ്കിൽ, സമാന്തരമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് രാഷ്ട്രീയവത്കരിക്കപ്പെട്ട ജയിലുകളിലെ പാർട്ടിവാഴ്ചകൾ.
ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകൾ അസാധാരണമല്ലെങ്കിലും രാഷ്ട്രീയ കേരളത്തിന്റെ അധോലോകവത്കരണത്തെ പുതിയ തലത്തിലെത്തിച്ച ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ സിപിഎം അധികാരമുപയോഗിച്ചു സംരക്ഷിക്കുന്നതു കണ്ടപ്പോഴാണ് കേരളം ശരിക്കും നിസഹായരായത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ കഴിഞ്ഞ ഫെബ്രുവരി വരെ ആയിരത്തിലധികം ദിവസമാണ് കുറ്റവാളികളായ കെ.സി. രാമചന്ദ്രൻ, അണ്ണൻ സജിത്, ട്രൗസർ മനോജ് എന്നിവർക്കു പരോൾ ലഭിച്ചത്. മറ്റുള്ളവരും അതിനോടടുത്ത കാലം പുറത്തായിരുന്നു.
സിജിത്ത്, ഷാഫി, കിർമാണി മനോജ് എന്നിവർ വിവാഹിതരായത് ശിക്ഷാ കാലയളവിൽ പരോളിലിറങ്ങിയാണ്. പുറത്തിറങ്ങിയ ചിലർ ലഹരിപ്പാർട്ടി നടത്തുകയും കുറ്റകൃത്യങ്ങളിലേർപ്പെടുകയുമൊക്കെ ചെയ്തെങ്കിലും വീണ്ടും ജയിലിൽനിന്നു പരോൾ അനുവദിച്ചു.
കൊടി സുനിക്കു മാത്രമാണ് കുറവ് പരോൾ. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു, സ്വർണക്കടത്തും ഗുണ്ടായിസവും സംഘടിപ്പിച്ചു, ജയിലുദ്യോഗസ്ഥരെ മര്‍ദിച്ചു തുടങ്ങിയ കേസുകളെ തുടര്‍ന്നാണ് സുനിക്ക് പരോള്‍ കുറഞ്ഞത്.
വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ സഹതടവുകാരുമായി ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഇയാളെ പിന്നീടു തവനൂരിലേക്കു മാറ്റുകയായിരുന്നു. ജയിലിലും ഈ കൊടുംകുറ്റവാളികൾക്കു പരമസുഖമായിരുന്നു. ഇഷ്ടബ്ലോക്ക്, സെൽ, ഇഷ്ട ഭക്ഷണം, മൊബൈൽ ഫോൺ... ആരാണ് പാർട്ടിക്കുറ്റവാളിയാകാൻ മടിക്കുന്നത്?
ഭരിക്കുന്നവർക്കു താത്പര്യമുണ്ടെങ്കിൽ പാർട്ടിക്കുറ്റവാളികളാകണമെന്നില്ല. ഭാസ്കര കാരണവർ കൊലക്കേസിലെ മുഖ്യപ്രതിയും കാരണവരുടെ മകന്റെ ഭാര്യയുമായ ഷെറിന് 14 വർഷത്തിനിടെ പരോൾ കിട്ടയത് 500 ദിവസമാണ്. മൂന്നു ജീവപര്യന്തം ലഭിച്ചെങ്കിലും ജീവപര്യന്തത്തിന്റെ കുറഞ്ഞ കാലയളവായ 14 വർഷം പൂർത്തിയായതോടെ സർക്കാരിന്റെ ശിപാർശയിൽ ശിക്ഷായിളവോടെ ഒരാഴ്ച മുന്‍പ് ജയിൽമോചിതയാകുകയും ചെയ്തു.
നല്ലനടപ്പ് പരിഗണിച്ചായിരുന്നു മന്ത്രിസഭയുടെ ശിപാര്‍ശയെങ്കിലും തൊട്ടുപിന്നാലെ സഹതടവുകാരിയെ കൈയേറ്റം ചെയ്യാനും ഷെറിനു മടിയില്ലായിരുന്നു. ഗോവിന്ദച്ചാമി പാർട്ടിക്കാരനായിരുന്നെങ്കിൽ ജയിൽ ചാടേണ്ടിവരുമായിരുന്നില്ല; പരോളിലിറങ്ങി പുറത്തും ആർഭാടത്തോടെ അകത്തും വാഴാമായിരുന്നു.
രാഷ്ട്രീയവത്കരിക്കപ്പെട്ട ദേശീയ അന്വേഷണ ഏജൻസികൾ മാത്രമല്ല, രാഷ്ട്രീയവത്കരിക്കപ്പെട്ട കലാലയങ്ങളും സർവകലാശാലകളും സർക്കാർ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും പോലീസും ജയിലുമൊക്കെ ജനാധിപത്യത്തെ നോക്കുകുത്തിയാക്കിയവർ തകർത്തെറിഞ്ഞ സിസ്റ്റത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായ പാർട്ടിച്ചാമിമാർ പ്രബുദ്ധകേരളത്തിനു മുന്നിൽ നെഞ്ചുവിരിച്ചു നടക്കുന്നു; പിടിയിലാകാതെ, ജയിൽ ചാടാതെ, കിണറ്റിലൊളിക്കാതെ.