Leader Page
നമ്മുടെ കുട്ടികൾക്ക് ആവശ്യത്തിനുള്ള വ്യായാമം കിട്ടുന്നുണ്ടോ? ഇല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2013-14 വർഷത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിൽ ഇന്ത്യയിലെ പകുതിയിലേറെ ആളുകൾക്കും വ്യായാമക്കുറവുകൊണ്ടുള്ള ശാരീരിക പ്രശ്നങ്ങളുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിദ്യാർഥികളിൽ വ്യായാമമില്ലായ്മ പലതരത്തിലുള്ള മാനസിക ശാരീരിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ലോകാരോഗ്യസംഘടനയും ഈ വിഷയത്തിൽ നടത്തിയ പഠനങ്ങൾ ഐഐസിഎംആറിന്റെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നുണ്ട്. കോവിഡിനുശേഷം കുട്ടികളുടെ സ്ക്രീൻ ടൈമിൽ ഉണ്ടായിട്ടുള്ള വലിയ വർധന കുട്ടികളിൽ നിരവധി ശാരീരിക മാനസിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
ഒരു തലമുറയ്ക്കു മുമ്പ് നമ്മുടെ നാട്ടിൻപുറങ്ങളിൽ ഉണ്ടായിരുന്ന പൊതുകളിസ്ഥലങ്ങൾ പലതും ഇന്നുണ്ടോ? രോഗങ്ങളെ സംബന്ധിച്ച ലോകാരോഗ്യസംഘടനയുടെ പട്ടികയിൽ പുതുതായി ചേർത്ത മാനസിക ആരോഗ്യപ്രശ്നമാണ് ഗെയിമിംഗ് ഡിസോഡർ. സൈബർ ഗെയിമുകളിൽ നിരന്തരം വ്യാപരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഗെയിം അഡിക്ഷനാണിത്. ഇൻസ്റ്റ പോലെയുള്ള സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ പല ഫിൽറ്ററുകളും ഉപയോഗിക്കാം.
സ്വന്തം മുഖവും ശരീരവും കൂടുതൽ ആകർഷകമാക്കാൻ ഫിൽട്ടറുകൾക്ക് കഴിയും. പതുക്കെ സ്വന്തം ശരീരത്തോടും മുഖത്തോടും തോന്നുന്ന അപകർഷതാബോധമാണ് ബോഡി ഡിസ്മോർഫിക് ഡിസോഡർ. നിരന്തരമായി നോട്ടിഫിക്കേഷൻ ചെക്ക് ചെയ്യുന്നതും മറ്റുള്ളവരുടെ കമന്റുകൾക്കുവേണ്ടിയുള്ള കാത്തിരിപ്പുമൊക്കെ അമിതമായാൽ അതെല്ലാം മാനസിക പ്രശ്നങ്ങൾക്കു വഴിതെളിക്കാം.
ലൈക്കിനും കമന്റിനുംവേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്ന കുട്ടികൾ യഥാർഥജീവിതത്തിലും എപ്പോഴും അതു പ്രതീക്ഷിക്കുന്നു. വ്യക്തിപരമായ ശ്രദ്ധ കിട്ടാതെ വരുമ്പോൾ അവർ പെട്ടെന്നു തളർന്നുപോകുന്നു. നിരന്തരമായി സ്ക്രോൾ ചെയ്യുന്നതുമൂലം ഉണ്ടാകുന്ന ക്ഷീണം, തുടർച്ചയായി ബ്ലൂലൈറ്റ് കണ്ണിൽ പതിക്കുന്നതുമൂലം ഉണ്ടാകുന്ന ഉറക്കക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ എന്നിവ പുതിയ തലമുറയെ ബാധിക്കുന്ന ഗൗരവമായ പ്രശ്നങ്ങളാണ്.
സ്ലീപ്പിംഗ് ഹൈജിൻ കുട്ടികൾക്ക് കുറയുന്നു. ഇതുകൂടാതെ മയക്കുമരുന്നിന്റെയും രാസലഹരിയുടെയും പ്രശ്നങ്ങൾ മറുവശത്തുമുണ്ട്. ഇതിൽനിന്നൊക്കെ ഒരു മോചനമെന്ന നിലയിലാണ് സ്കൂളുകളിൽ സൂംബ ഡാൻസ് പൊതുവിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ചത്.
ലാറ്റിനമേരിക്കൻ ഡാൻസറും ഫിറ്റ്നസ് ട്രെ യ്നറുമായ ആൽബെർട്ടോ ബെറ്റോ പെറസ് വികസിപ്പിച്ച നൃത്ത വ്യായാമമുറയാണ് സൂംബ. ഡോമിനിക്കൻ റിപബ്ലിക്, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ ഉണ്ടായിരുന്ന പല സ്വഭാവമുള്ള നൃത്തരൂപങ്ങളുടെ സമന്വയമാണ് സൂംബ. കലോറി കുറയ്ക്കാനും ഹൃദയാരോഗ്യം വർധിപ്പിക്കാനും തലച്ചോറിന്റെയും പേശികളുടെയും ചലനത്തിനും ഇത് ഉത്തമമാണെന്നു ശാസ്ത്രീയ പഠനങ്ങൾ പറയുന്നു.
സൂംബ ഡാൻസ് കുട്ടികളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കും എന്ന് അർഥമില്ല. നമ്മുടെ കുട്ടികളുടെ ഉള്ളിലെ ഊർജത്തെ പോസിറ്റീവായ രീതിയിൽ ഇത് വഴിതിരിച്ചുവിടുമെന്ന കാര്യത്തിൽ സംശയമില്ല. സാധാരണ വ്യായാമമുറകളിൽനിന്ന് വ്യത്യസ്തമായി ഇതിനൊരു താളമുണ്ട്. സൂംബയിൽ വിനോദവും വ്യായാമവും സമന്വയിക്കപ്പെടുന്നു.
അലയടിക്കുന്ന താളത്തിന്റെ സൗന്ദര്യവും ചുവടുകളുടെ ഐക്യവുമെല്ലാം കുട്ടികളുടെ കൂട്ടായ്മയെയും പരസ്പര സഹകരണമനോഭാവത്തെയും വർധിപ്പിക്കും. ആത്മവിശ്വാസം വർധിക്കുന്നതിനും ചലനങ്ങൾ ഓർത്തിരിക്കേണ്ടതുകൊണ്ട് ഓർമശക്തിക്കും ഏകാഗ്രതയ്ക്കും താളാത്മക വ്യായാമമുറകൾ നല്ലതാണ്. ഉത്കണ്ഠ, ഭയം, ഏകാഗ്രതയില്ലായ്മ ഇവയെല്ലാം കുറയ്ക്കാനും സാധിക്കും. അക്കാദമിക അന്തരീക്ഷത്തിന്റെ സമ്മർദത്തിൽനിന്നും കുറെ സമയത്തേക്കെങ്കിലും മോചിപ്പിക്കും. ഔട്ട്ഡോർ ഗെയിമുകൾ കുറഞ്ഞ ജെൻ-സി തലമുറയ്ക്കു ശരീരത്തിന്റെ ഫ്ലക്സിബിലിറ്റി വർധിപ്പിക്കാനും സൂംബ പ്രയോജനംചെയ്യും.
പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ഡാൻസിനെ സംബന്ധിച്ച് ചില സംഘടനകളിൽനിന്ന് പ്രതിഷേധമുണ്ടായി. വ്യായാമത്തിലെ നൃത്തമാണോ നൃത്തത്തിന്റെ സംഗീതമാണോ വസ്ത്രധാരണമാണോ ഇടകലരലാണോ അവരുടെ പ്രശ്നമെന്നു വ്യക്തമല്ല.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ അവർ ആദ്യം ചെയ്തത് നാട്ടിലെ സംഗീതവും നൃത്തവും നിരോധിക്കലായിരുന്നു. ഇറാനിലും ചലച്ചിത്രത്തിനും സംഗീതത്തിനും നൃത്തത്തിനുമെല്ലാം നിയന്ത്രണങ്ങളുണ്ട്. സൗദി അറേബ്യയിൽ അടുത്തകാലത്ത് നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. സംഗീതവും നൃത്തവും അവിശുദ്ധമാണെങ്കിൽ അങ്ങനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന നൽകിയിട്ടുണ്ട്.
സ്കൂളുകളിൽ പിടിഎ ഉൾപ്പെടെയുള്ള ഭരണസമിതിയുണ്ട്. ഓരോ കുട്ടിക്കും പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അനുവാദം നൽകാനും നൽകാതിരിക്കാനുമുള്ള സ്വാതന്ത്ര്യം മാതാപിതാക്കൾക്കുമുണ്ട്. ഇത്തരം സ്വാതന്ത്ര്യം നിലനിൽക്കേ ഈ വ്യായാമനൃത്തമുറയ്ക്കെതിരേ മതസംഘടനകൾ വാളെടുക്കുന്നത് എന്തിനാണ്?
Editorial
വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യത്തിനു ഗുണകരമെന്ന് ഉറപ്പുള്ള സൂംബ എന്ന വ്യായാമനൃത്തത്തിന്റെ ചുവടുകളിലും മതം ചവിട്ടിയിരിക്കുന്നു. അതിനു പല ന്യായങ്ങളും നിരത്തുന്നുണ്ടെങ്കിലും വേരുകൾ കിടക്കുന്നത് പൊതു ഇടങ്ങളിലെ സ്ത്രീ-പുരുഷ സാമീപ്യത്തിലും ആരോഗ്യകരമായ ഇടപഴകലിലുംപോലും സദാചാരവിരുദ്ധത തപ്പുന്ന മൗലികവാദത്തിലാണ്.
ആ വാദത്തിന്റെ തുടർച്ചക്കാരാണ് തങ്ങളെന്നു തെളിയിക്കുകയാണ് മതവിദ്യാർഥി സംഘടനകൾ. വിദ്യാലയങ്ങളിൽ എന്തു നടത്തണമെന്നു സർക്കാർ തീരുമാനിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ധീരമാണ്. പക്ഷേ, എന്തു നടത്തരുതെന്നു ചില മതസംഘടനകൾ തീരുമാനിക്കുമോയെന്നറിയില്ല.
ഏതൊരു നൃത്തവും വ്യായാമമാണെങ്കിലും സൂംബയുടേത് കൂടുതൽ ലളിതവും ഊർജസ്വലവുമായ നൃത്തച്ചുവടുകളാണ്. ലോകമെങ്ങും 30 വർഷത്തിലേറെയായി ജനകീയാരോഗ്യത്തിന്റെ ഭാഗമായി സൂംബ മാറിക്കഴിഞ്ഞു. ക്യൂബന് സംഗീതമായ റൂംബയുമായി സാമ്യമുള്ളതുകൊണ്ടാണ് സൂംബ എന്ന പേരു വന്നത്. ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലുമായി കോടിക്കണക്കിനാളുകൾ ഈ നൃത്തവ്യായാമം പിന്തുടരുന്നുണ്ട്. കേരളത്തിൽ ലഹരിവിരുദ്ധതയുടെ ഭാഗമായിട്ടാണ് വിദ്യാഭ്യാസവകുപ്പ് ഇതു നടപ്പാക്കാനിറങ്ങിയത്.
ചില മുസ്ലിം സംഘടനകൾ എതിർപ്പുയർത്തി. വിദ്യാലയങ്ങളിൽ സൂംബ ഡാൻസ് നടത്തുന്നതിൽ മതവിരുദ്ധതയോ ന്യൂനപക്ഷ വിരുദ്ധതയോ ഗവേഷണം നടത്തിയാൽ പോലും കണ്ടെത്താനാകില്ലെങ്കിലും അവരിതിൽ അൽപ്പവസ്ത്രവും സദാചാരവുമൊക്കെ കൂട്ടിക്കലർത്തി. ആഭാസങ്ങൾക്കു നിര്ബന്ധിക്കരുതെന്നും മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്ന്ന് ആടിപ്പാടാനും ധാര്മികബോധം അനുവദിക്കാത്ത വിദ്യാര്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണിത് എന്നുമാണ് ഒരു ‘പണ്ഡിതൻ’ പറഞ്ഞത്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിടപഴകുന്നത് ആഭാസമാണെന്നു കരുതുന്ന അദ്ദേഹത്തിന്റെ ചെറിയ മനസ്, നൃത്തം ചെയ്യുന്ന മറ്റെല്ലാവരെയും അപമാനിക്കുകയാണ്.
സൂംബ വിദ്യാലയങ്ങളിൽ കൊണ്ടുവരുന്നതു ഗൂഢാലോചനയാണെന്നും ഇക്കാര്യത്തിൽ ഒരു പഠനവും നടത്തിയിട്ടില്ലെന്നും സ്കൂളുകളിൽ കായികാധ്യാപകരുടെ ഒഴിവുകൾ നികത്തുകയാണ് കായികരംഗത്തെ മെച്ചപ്പെടുത്താൻ വേണ്ടതെന്നുമൊക്കെ മുസ്ലിം വിദ്യാർഥി സംഘടന എംഎസ്എഫിന്റെ പ്രസിഡന്റ് പറഞ്ഞു. ഗൂഢാലോചന എന്താണെന്ന് അദ്ദേഹത്തിനേ അറിയൂ. മൂന്നു പതിറ്റാണ്ടിലേറെയായി കോടിക്കണക്കിനു മനുഷ്യർ ആരോഗ്യത്തിനുവേണ്ടി ചെയ്യുന്ന ഈ നൃത്തം കേരളത്തിലെ കുറച്ചു കുട്ടികൾക്കു പ്രത്യേകിച്ചു വല്ല ദോഷവുമുണ്ടാക്കുന്നുണ്ടോയെന്ന് പഠനം നടത്തണമെന്നാണെങ്കിൽ, ആരോഗ്യരംഗത്ത് ഉൾപ്പെടെ ലോകം അംഗീകരിച്ചതും കേരളം നടപ്പാക്കിയിട്ടുള്ളതുമായ പലതിനെക്കുറിച്ചും ‘നാട്ടു പണ്ഡിതർ’ പഠനം നടത്തേണ്ടിവരും.
പ്രതിരോധ വാക്സിൻ വിരുദ്ധതയും ആധുനിക വൈദ്യശാസ്ത്രത്തെ നിരാകരിക്കുന്ന വീട്ടിലെ പ്രസവങ്ങളും സ്വയം ചികിത്സയുമൊക്കെ മനുഷ്യർക്കു ദോഷമേ വരുത്തിയിട്ടുള്ളൂ എന്നും മറക്കരുത്. കായികാധ്യാപകരുടെ ഒഴിവ് നികത്തിയിട്ടില്ലെന്ന് ഈയവസരത്തിൽ പറഞ്ഞത്, ഒഴിവുകൾ നികത്തിയാൽ സൂംബ ഡാൻസ് നടത്താമെന്ന അർഥത്തിലല്ലല്ലോ. ഈ ന്യായീകരണങ്ങളെല്ലാം ഇടുങ്ങിയ മതതാത്പര്യങ്ങളെ മറയ്ക്കാനുള്ള മുഖാവരണങ്ങളാണ്.
ഹൃദയാരോഗ്യത്തിനുൾപ്പെടെ ഗുണകരമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ സമ്മതിച്ചിട്ടുള്ള സൂംബ ഡാൻസിൽ ഒരു മണിക്കൂറിൽ 500 കലോറി ഊർജമെങ്കിലും കത്തിച്ചുകളയുന്നെന്നാണ് റിപ്പോർട്ടുകൾ. സൂംബ ഡാൻസ് കളിക്കുന്നതുകൊണ്ടുമാത്രം കേരളം ലഹരിമുക്തമാകുമെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ, ശാരീരിക-മാനസിക ആരോഗ്യമുള്ളവർ ലഹരിപോലുള്ള ഉന്മാദങ്ങളിലേക്കു പോകാനുള്ള സാധ്യത കുറവാണെന്നതും വിദ്യാർഥികളെ അവർക്കിഷ്ടപ്പെട്ട ഉല്ലാസത്തിന്റെ വഴികളിലൂടെ പലതും പഠിപ്പിക്കാനാകുമെന്നതുമാണ് ഇതിന്റെയൊക്കെ സാധ്യത. അതുപോലെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചുകണ്ടാൽ സദാചാരമിളകുന്നത് അത്ര നല്ല കാര്യമല്ല. അതു നല്ലതാണെങ്കിൽ ഏറ്റവും നല്ല രാജ്യങ്ങളായി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പോലുള്ള രാജ്യങ്ങളെ അംഗീകരിക്കേണ്ടിവരും.
സൂംബ നൃത്തത്തോടു വിരുദ്ധാഭിപ്രായമുള്ളവരെ ആരും മതമൗലികവാദികളാക്കിയിട്ടില്ല. പിന്തിരിപ്പൻ വാദങ്ങളുമായെത്തി അത് അവർ അവകാശപ്പെട്ടതാണ്. വ്യത്യസ്ത അഭിപ്രായമുള്ളവരുമായി ചർച്ച നടത്തുന്നതിൽ തെറ്റില്ല. പക്ഷേ, വിദ്യാഭ്യാസ വകുപ്പ് മതനേതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിനുപകരം, അവർ വിദ്യാഭ്യാസവകുപ്പിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി എന്നു വരരുത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആരോഗ്യപരമായ ഇടപെടലുകളെ ആഭാസമായി കാണാത്ത മഹാഭൂരിപക്ഷം വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും താത്പര്യങ്ങൾക്കും വിലയുണ്ടെന്നുകൂടി സർക്കാർ അറിഞ്ഞിരിക്കണം.