ചേര്‍ത്തല: കൃപാസനം സ്ഥാപക ഡയറക്ടര്‍ റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ നയിച്ച അഖണ്ഡജപമാല മഹാറാലിയില്‍ പങ്കെടുത്ത് ജനസഹസ്രങ്ങള്‍ സായൂജ്യരായി.
രക്ഷയുടെ മഹാജൂബിലി-പ്രത്യാശയുടെ തീര്‍ഥയാത്ര എന്ന സന്ദേശവുമായി കലവൂര്‍ കൃപാസനം ജൂബിലി മിഷന് ദേവാലയത്തില്‍ നിന്നാരംഭിച്ച റാലി മാരാരിക്കുളം ബീച്ചില്‍ ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസിസഹസ്രങ്ങള്‍ റാലിയില്‍ അണിചേര്‍ന്നു.
തീരത്തുനിന്നും സമാന്തര റോഡുകളില്‍നിന്നും അര്‍ത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലേക്ക് റാലി എത്തിച്ചേര്‍ന്നപ്പോള്‍ ബസിലിക്ക റെക്ടര്‍ റവ. ഡോ. യേശുദാസ് കാട്ടുങ്കല്‍തയ്യില്‍ റാലിയെ സ്വീകരിച്ചു. റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍ ആമുഖ സന്ദേശം നല്കി.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ സമൂഹബലി അർപ്പിച്ചു. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ്പും കെസിബിസി അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ മഹാജൂബിലി സന്ദേശം നല്കി.
സീറോമലബാര്‍ ക്രമത്തില്‍ നടന്ന പൊന്തിഫിക്കല്‍ സമൂഹദിവ്യബലിക്ക് ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യകാരുണ്യ ആരാധനയ്ക്ക് റവ. ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍, ഫാ. അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍ എന്നിവർ നേതൃത്വം നല്കി.