ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനി ഹയറുമ്മ (ഐഷ-62) കൊലപാതക കേസില്‍ പ്രതിയായ സെബാസ്റ്റ്യന്റെ ഭാര്യ ഷേര്‍ളിയെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു.
രണ്ടു ദിവസമായി സെബാസ്റ്റ്യനെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ചു തെളിവെടുക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന. തന്നില്‍നിന്നു തന്ത്രപരമായി കൈപ്പറ്റിയ പണവും സ്വര്‍ണവും മടക്കി ചോദിച്ചതിലുള്ള വിരോധം മൂലം ഐഷയെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മയുടെയും കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെയും കൊലപാതകക്കേസുകളിലും സെബാസ്റ്റ്യന്‍ പ്രതിയാണ്. ഐഷയെ പള്ളിപ്പുറത്തെ വീട്ടില്‍ വച്ച് 13 വര്‍ഷങ്ങള്‍ക്കുമുമ്പു കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയത്. കൊലക്കുറ്റത്തിനു കേസെടുത്ത സാഹചര്യത്തില്‍ സെബാസ്റ്റ്യനെ തെളിവെടുപ്പിനായി 28 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. തുടര്‍ച്ചയായി ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.
കാര്യമായ സഹകരണമില്ലെങ്കിലും ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇന്നലെ സെബാസ്റ്റ്യന്റെ ഭാര്യ ഷേര്‍ളിയെ പോലീസ് രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സെബാസ്റ്റ്യനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയില്‍ മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ കണ്ടെത്താതിരുന്നതിനാല്‍ പോലീസ് സ്റ്റേഷനിലേക്കു തിരികെകൊണ്ടുപോയി.