എഡിൻബറോ: ഐഒസി യുകെ കേരള ചാപ്റ്റർ സ്കോട്ട്ലൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണാഘോഷം സംഘാടനാ മികവ് കൊണ്ടും വൈവിധ്യം കൊണ്ടും പ്രൗഡഗംഭീരമായി. ഐഒസി യുകെ സ്കോട്ട്ലൻഡ് യൂണിറ്റ് രൂപീകരിച്ചതിന് ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയായിരുന്നു അരങ്ങേറിയത്.
സംഘടനയുടെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ ഷോബിൻ സാം, യൂണിറ്റ് പ്രസിഡന്റ് മിഥുൻ എന്നിവർ പരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.
ചെണ്ടമേളവും ആർപ്പുവിളികളുടേയും അകമ്പടിയിൽ ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയിൽ അണിഞ്ഞൊരുങ്ങിയ സദസും പകർന്ന ദൃശ്യവിസ്മയാനുഭവം ഗൃഹാതുരത്വം നിറഞ്ഞതായി.