വൈപ്പിൻ: കടലിൽവച്ച് എൻജിൻ നിലച്ചതിനെ തുടർന്ന് നിയന്ത്രണംനഷ്ടപ്പെട്ട് തീരത്തേക്ക് ഒഴുകിയ ഫൈബർ വള്ളം കടൽ ഭിത്തിയിൽ ഇടിച്ചു തകർന്നു. വള്ളത്തിൽ ഉണ്ടായിരുന്ന രണ്ടു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. തിരുവനന്തപുരം വിഴിഞ്ഞം
ഒസാവില കോളനിയിൽ രാജേഷ് (29), വിജയ് (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചെല്ലാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ചെല്ലാനം മറുവക്കാട് തീരത്തായിരുന്നു അപകടം. വള്ളത്തിന്റെ രണ്ട് എൻജിനുകളും ഒരേസമയം തകരാറിലാകുകയായിരുന്നു.
വിഴിഞ്ഞത്ത് നിന്നെത്തി ഒരു മാസമായി കൊച്ചിയിൽ തമ്പടിച്ച് മത്സ്യബന്ധനം നടത്തിയതിന് ശേഷം തിരികെ നാട്ടിലേക്ക് പോവുകയായിരുന്ന കാർമൽ മാതാ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലെ ആറു തൊഴിലാളികളിൽ രണ്ടുപേർ മാത്രമേ വള്ളത്തിൽ ഉണ്ടായിരുന്നുള്ളു. ബാക്കി നാലു പേർ ബസിനാണ് നാട്ടിലേക്ക് തിരിച്ചത്.