Editorial
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
അത്യന്തം നാടകീയ രംഗങ്ങളാണ് ഇന്നലെ പാർലമെന്റിലുണ്ടായത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധവും ബഹളവും. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്ന മന്ത്രിമാരെ പദവിയിൽനിന്ന് പുറത്താക്കുന്നതിനുള്ള ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ അവതരണമാണ് പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. കേസുകളിൽ അറസ്റ്റിലായാൽ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കാനുള്ള അധികാരം നൽകുന്ന ബിൽ ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനുള്ള ശ്രമവുമാണെന്നാണ് പ്രതിപക്ഷ ആരോപണം.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നതു മുതൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന തികച്ചും ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യവുമായി വന്ന അവരുടെ അസഹിഷ്ണുത പത്തുവർഷത്തിലേറെയായി കൂടിവരികയാണ്.
വ്യക്തമായ ലക്ഷ്യം. കൃത്യമായ പദ്ധതി. ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ജനാധിപത്യത്തെ പതുക്കെപ്പതുക്കെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കുളം കലക്കാനും അടിച്ചൊതുക്കാനും വിവിധ ഹിന്ദുത്വശക്തികളും കൂട്ടുണ്ട്.
“നാളെ നിങ്ങൾ ഏതു മുഖ്യമന്ത്രിയെയും കേസിൽ കുടുക്കും. ജയിലിലാക്കും. 30 ദിവസം അവിടെ കിടത്തിയശേഷം അധികാരത്തിൽനിന്നു പുറത്താക്കും. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്”-കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകളിൽ പ്രതിപക്ഷരോഷത്തിന്റെ കനലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ സഭയിൽ ബിൽ കീറിയെറിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ബില്ലിന് അനുമതി നൽകിയിരുന്നെങ്കിലും രാത്രി ഏറെ വൈകിയാണ് എംപിമാർക്കടക്കം ഇവയുടെ പകർപ്പുകൾ കിട്ടിയത്. ആസൂത്രിത പ്രതിഷേധം ഭയന്നാകാം അർധരാത്രി കഴിഞ്ഞശേഷം മാത്രം വിവരങ്ങൾ പുറത്തുവിട്ടത്.
ഈ ബിൽ അനുസരിച്ച്, അറസ്റ്റിലാകുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ 30 ദിവസത്തിനുള്ളിൽ സ്വയം രാജിവച്ചില്ലെങ്കിൽ 31-ാം ദിവസം പദവി താനേ നഷ്ടപ്പെടും. കേന്ദ്രമന്ത്രിമാരുടെ കാര്യത്തിൽ അറസ്റ്റ് ചെയ്ത് 31-ാം ദിവസം പ്രധാനമന്ത്രി രാഷ്ട്രപതിയോടും, സംസ്ഥാന മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രി ഗവർണറോടും അതത് മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ ശിപാർശ ചെയ്യണം. ശിപാർശ ചെയ്തില്ലെങ്കിൽ 31-ാം ദിവസം സ്ഥാനം താനേ നഷ്ടമാകും.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ പുറത്താക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കു കൈമാറുന്നതാണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കുന്നത് പതിവായ നാട്ടിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള മറ്റൊരു മാർഗമായി ഈ ബില്ലിനെ കരുതിയാൽ തെറ്റുപറയാനാകില്ല.
ബിജെപിയെയും പ്രധാനമന്ത്രിയെയും എതിർത്തവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡിയെത്തി. പല മുഖ്യമന്ത്രിമാർക്കെതിരേയും കേസുകൾ വന്നു. നീണ്ട ചോദ്യംചെയ്യലുകൾക്കൊടുവിൽ ചിലർ ജയിലിലുമായി. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിന്റെയും ജാർഖണ്ഡിലെ ഹേമന്ത് സോറന്റെയും അനുഭവം നമുക്കു മുന്നിലുണ്ട്.
നീതിക്കു നിരക്കാത്ത ഈ വേട്ടയാടലുകൾക്കെതിരേ പ്രതിഷേധം കത്തിനിൽക്കുന്പോഴാണ് പുതിയ അടവുമായി ബിജെപി സർക്കാർ എത്തിയിട്ടുള്ളത്. ഈ ബില്ല് ഘടകകക്ഷി നേതാക്കളായ മുഖ്യമന്ത്രിമാർക്കുള്ള താക്കീതായും പ്രതിപക്ഷനേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
പോലീസും ഉദ്യോഗസ്ഥവൃന്ദവും അധികാരത്തിനൊപ്പം എങ്ങനെയും വളയുന്ന നാട്ടിൽ, ഒരാളെ ഇല്ലാത്ത കേസിൽപ്പെടുത്തി ഒരു മാസം ജയിലിടുകയെന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. തെളിവുശേഖരണവും നീണ്ട വിചാരണകളും കഴിഞ്ഞ ശേഷമാണ് കോടതി ഒരാളെ കുറ്റക്കാരനാണോ അല്ലയോ എന്നു വിധിക്കുന്നത്.
“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്” എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
ഈ ബില്ലിൽ പ്രധാനമന്ത്രിയെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ഗീർവാണമാണ് ഏറ്റവും വലിയ തമാശ. ഒരു കേന്ദ്രസർക്കാർ ഏജൻസി അവരെ നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും 30 ദിവസം തടവിലിടുമെന്നും കരുതാൻ മാത്രം വങ്കത്തം ഇവിടെയാർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഈ ബിൽ നിയമമാകാൻ ഇനിയുമേറെ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.
മോദി ഭരണകാലത്തു കടുത്ത പ്രതിഷേധത്തെത്തുടർന്ന് പല ബില്ലുകളും പിൻവലിക്കുകയോ അവയിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എങ്കിലും നിതാന്തജാഗ്രത പുലർത്തി ചെറുത്തുനിൽക്കുക മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യവും ഫെഡറൽ സ്വഭാവവും സംരക്ഷിക്കാൻ നമുക്കു മുന്നിലുള്ള ഏക പോംവഴി.
Leader Page
പാർലമെന്റിലും മുന്നിലുള്ള പാർലമെന്റ് സ്ട്രീറ്റിലും ഇന്നലെയുണ്ടായ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. രാജ്യതലസ്ഥാനം കണ്ട എംപിമാരുടെ ഏറ്റവും ശക്തമായ പ്രതിഷേധം. രാജ്യത്താകെ ചലനമുണ്ടാക്കാൻ സംയുക്ത പ്രതിപക്ഷ സമരത്തിനായി.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ട് കൊള്ളയ്ക്കും ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണത്തിന്റെ മറവിൽ 65 ലക്ഷം വോട്ടർമാരെ പുറത്താക്കുന്നതിനുമെതിരേയായിരുന്നു അഭൂതപൂർവമായ വൻ പ്രതിഷേധം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണു സമരമെന്നും പിന്നോട്ടില്ലെന്നും രാഹുലും കേരള എംപിമാരും പറഞ്ഞു.
ഉന്തും തള്ളും വനിതാ എംപിമാരുടെ ബോധക്ഷയവും ബലപ്രയോഗത്തിലൂടെയുള്ള കസ്റ്റഡിയെടുക്കലുമൊന്നും എംപിമാരെ പിന്തിരിപ്പിച്ചില്ല. വിദ്യാർഥി-യുവജന സമരത്തിൽ കാണാറുള്ള ആവേശത്തിലായിരുന്നു പലരും. മുൻ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ പോലീസ് ബാരിക്കേഡ് ചാടിക്കടന്നു റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. മഹുവ മൊയ്ത്ര അടക്കം മൂന്നു വനിതാ എംപിമാരാണ് കുഴഞ്ഞുവീണത്. ഡൽഹി പോലീസിനു പുറമെ വനിതകളടക്കം നൂറുകണക്കിന് അർധസൈനിക വിഭാഗക്കാരെയും ദ്രുതകർമ സേനയെയുമെല്ലാം ഇറക്കിയിട്ടും രോഷാഗ്നിയിൽ തിളച്ചുമറിയുകയായിരുന്നു തലസ്ഥാന നഗരം.
വഴിപിരിഞ്ഞവരെയും ഒന്നിപ്പിച്ചു
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും എൻസിപി നേതാവ് ശരദ് പവാറും അടക്കമുള്ള നേതാക്കളും പ്രായം മറന്നാണ് ഇന്നലത്തെ പ്രതിഷേധമാർച്ചിൽ പങ്കെടുത്തത്. അറസ്റ്റ് വരിച്ച് ബസിൽ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്പോഴും രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയും അഖിലേഷ് യാദവും ഉൾപ്പെടെയുള്ളവർ ആവേശം വിടാതെ മുദ്രാവാക്യം വിളിച്ചു. ഡെറിക് ഒബ്രിയൻ, ടി.ആർ. ബാലു, ശശി തരൂർ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ മുതൽ ഇന്ത്യ സഖ്യം വിട്ടുപോയ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ് അടക്കമുള്ള 300 പ്രതിപക്ഷ എംപിമാരാണ് ബിജെപിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പു കമ്മീഷനെതിരേ അണിനിരന്നത്.
വോട്ടർപട്ടിക പ്രശ്നങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നാണു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ രാത്രി പ്രതിപക്ഷ എംപിമാർക്കായി നടത്തിയ അത്താഴവിരുന്നിലും നേതാക്കളോട് വ്യക്തമാക്കിയത്. പ്രതിപക്ഷ എംപിമാർക്കും നേതാക്കൾക്കുമായി രാഹുൽ ഗാന്ധി കഴിഞ്ഞയാഴ്ച നടത്തിയ അത്താഴവിരുന്നിലെ വികാരവും സമാനം. രാജ്യത്തെ 25 പ്രതിപക്ഷ പാർട്ടികളാണ് ബിജെപിക്കും തെരഞ്ഞെടുപ്പു കമ്മീഷനുമെതിരേ യോജിച്ച പോരാട്ടത്തിനിറങ്ങിയത്. തകർച്ചയിലായിരുന്ന ഇന്ത്യ സഖ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ വോട്ടർപട്ടിക, വോട്ടുകൊള്ള പ്രശ്നം കാരണമായതും അപ്രതീക്ഷിതമായി.
ഉടനെ കെട്ടടങ്ങില്ല ‘വോട്ട് ചോരി’
തെരഞ്ഞെടുപ്പു കമ്മീഷനിലേക്കുള്ള മാർച്ചിനു മുന്‍പും ഉച്ചകഴിഞ്ഞു പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽനിന്നു വിട്ടയച്ച ശേഷവും ഇന്ത്യ സഖ്യം എംപിമാർ ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധം തുടർന്നതും സമീപകാലത്തൊന്നും കണ്ടിട്ടില്ല. ബിഹാർ വോട്ടർപട്ടിക പ്രശ്നവും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വോട്ട്കൊള്ള (വോട്ട് ചോരി) പ്രശ്നവും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. തെരഞ്ഞെടുപ്പു കമ്മീഷന്റെ കാര്യം ചർച്ച ചെയ്യാനാകില്ലെന്ന തൊടുന്യായമാണു സർക്കാർ നിരത്തിയത്. എന്നാൽ, വോട്ടർമാരുടെ കാര്യം ചർച്ച ചെയ്യേണ്ടതു ജനാധിപത്യത്തിൽ അനിവാര്യമാണെന്നു പ്രതിപക്ഷം പറയുന്നു. മുന്‍പും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്ത കീഴ്വഴക്കമുണ്ടെന്നും മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ റൂളിംഗിലൂടെ ഇക്കാര്യംപറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വോട്ടർപട്ടിക ഉയർത്തി രാഹുൽ ചൂണ്ടിക്കാട്ടിയ ‘വോട്ട് ചോരി’ ഉടനെ കെട്ടടങ്ങില്ല. ബംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ കൃത്രിമം നടന്നതായാണു തെളിവുകൾ സഹിതം രാഹുൽ സമർഥിച്ചത്. ബിഹാറിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) പേരിൽ 65 ലക്ഷം വോട്ടർമാരുടെ സമ്മതിദാനാവകാശം റദ്ദാക്കുന്ന നീക്കവും സംശയകരം. ബിജെപിക്കു വോട്ടുചെയ്യാൻ സാധ്യതയില്ലാത്ത ന്യൂനപക്ഷങ്ങളുടെ പേരുകളാണു നീക്കിയതെന്നു പ്രതിപക്ഷം പറയുന്നു.
ആരുടെയും വാലാകരുത് കമ്മീഷൻ
ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന സംഭവവികാസങ്ങളാണു രാജ്യത്താകെ കോളിളക്കമായത്. ഒരാൾക്ക് ഒരു വോട്ട് എന്ന അടിസ്ഥാന തത്വം പാലിച്ചേ മതിയാകൂ. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഡോ. ശശി തരൂർ ആവശ്യപ്പെട്ടത് ഇതേ കാരണത്താലാണ്. തെരഞ്ഞെടുപ്പുകളെക്കുറിച്ചു പൊതുജനങ്ങളുടെ മനസിൽ ഒരു സംശയവും അവശേഷിക്കരുതെന്ന ഉത്തരവാദിത്വംകൂടി കമ്മീഷനുണ്ടെന്ന് തരൂർ ഓർമിപ്പിക്കുന്നു.
ഡ്യൂപ്ലിക്കറ്റ് വോട്ടിംഗ്, വ്യാജവോട്ടുകൾ, ഒരേ വിലാസത്തിലെ വോട്ടർമാർ, കന്നിവോട്ടർമാരുടെ പേരിലെ തട്ടിപ്പുകൾ തുടങ്ങി വ്യക്തമായ ഫോട്ടോയും വിലാസവും ഇല്ലാത്തവ അടക്കം പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിലൊന്നും വ്യക്തമായ ഉത്തരം ഇനിയുമില്ല. ഒരാൾക്കു താമസിക്കാവുന്ന ഒറ്റമുറി വിലാസത്തിൽ 80 വോട്ടുകൾ ചേർത്തതായി രാഹുൽ പറഞ്ഞതു ശരിയാണെന്നു തെളിഞ്ഞു. ശകുൻ റാണിയെന്നയാൾക്കു വോട്ടർപട്ടികയിൽ ഡ്യൂപ്ലിക്കറ്റ് വോട്ട് ഉണ്ടെന്നും രണ്ടു രീതിയിലുള്ള ഫോട്ടോ ഉപയോഗിച്ച് ഇവർ രണ്ടു വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയെന്നതും ശരിയാണെന്നു തെളിഞ്ഞു.
മഹാദേവപുരയിലെ 341-ാം നന്പർ ബൂത്തിൽ ശകുൻ റാണി രണ്ടു തവണ വോട്ട് ചെയ്തതിന്റെ രേഖ രാഹുൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ഒരു വോട്ട് മാത്രമേ ചെയ്തുള്ളൂവെന്ന് ശകുൻ റാണി പറഞ്ഞുവെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ തൊടുന്യായം. രണ്ടാമത്തെ വോട്ട് ആരാണു ചെയ്തതെന്നു കമ്മീഷൻ പറയുന്നുമില്ല. ശകുൻ റാണിയിൽനിന്നു സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങാതെയാണിത്. വോട്ടെടുപ്പു കഴിഞ്ഞു മാസങ്ങൾക്കു ശേഷം ഏതെങ്കിലുമൊരു വോട്ടറോട് രണ്ടു വോട്ട് ചെയ്തോയെന്നു ചോദിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനു ചട്ടമില്ല. എന്നിട്ടും ബിജെപി വക്താവിന്റെ പ്രസ്താവന പോലെയാണു തെരഞ്ഞെടുപ്പു കമ്മീഷൻ ശകുൻ റാണിയെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവിനോടു മറുചോദ്യം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയല്ല
രാജ്യത്തെ പ്രതിപക്ഷ നേതാവിനോടു സത്യവാങ്മൂലം ഒപ്പിട്ടു നൽകി തെളിവു ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടതാണു തമാശ. വോട്ടർപട്ടികയിൽ കൃത്രിമത്തെക്കുറിച്ചു പരാതി എഴുതി ഒപ്പിട്ടു നൽകണമെന്ന കമ്മീഷന്റെ ആവശ്യം നിരർഥകമാണെന്ന് ലോക്സഭയുടെ മുൻ സെക്രട്ടറി ജനറലും ഭരണഘടനാ നിയമ വിദഗ്ധനുമായ പി.ഡി.ടി. ആചാരി ചൂണ്ടിക്കാട്ടി. കരടു പട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുശേഷം മാത്രമേ ഈ നിയമങ്ങൾ ബാധകമാകൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ നിയമങ്ങൾ ബാധകമല്ലെന്ന് ആചാരി പറഞ്ഞു.
കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ പരാതി സമർപ്പിച്ചാൽ മാത്രമേ സാധുതയുള്ളൂ. അതിനാൽതന്നെ, പരാതിയും തെളിവുകളും സത്യപ്രസ്താവനയായി സമർപ്പിക്കാൻ ആവശ്യപ്പെട്ട് കർണാടക, മഹാരാഷ്ട്ര, ഹരിയാന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ ആവശ്യംതന്നെ അതിശയിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയല്ലെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം ഓർമിപ്പിച്ചതും ശരിയാണ്. ഹർജികളും പരാതികളും സ്വീകരിക്കുന്നതിൽ കോടതിയെപ്പോലെ പെരുമാറാൻ കഴിയില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പു നടത്തുന്നതിന് ഉത്തരവാദിത്വമുള്ള ഭരണസ്ഥാപനമാണിത്.
എല്ലാം അനുകൂലമാക്കി ബിജെപി
പോളിംഗ് ബൂത്തിലെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ, ഫോട്ടോ എന്നീ തെളിവുകൾ കമ്മീഷന്റെ പക്കലാണുള്ളത്. ഈ തെളിവുകൾ 45 ദിവസത്തിനകം നശിപ്പിക്കാൻ നിർദേശിച്ചതും കമ്മീഷനാണ്. തെളിവു നശിപ്പിക്കാനാണിതെന്നതാണു ഗുരുതര പ്രശ്നം. ഉള്ള തെളിവുകൾകൂടി നശിപ്പിച്ച ശേഷം പരാതി ഉന്നയിച്ചയാളോടു തെളിവു ഹാജരാക്കാൻ നിർദേശിച്ചതിലെ കാപട്യവും കള്ളവും വ്യക്തം. തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വോട്ടർപട്ടികയിലെ ക്രമക്കേടുകളാണു രാഹുൽ അക്കമിട്ടു നിരത്തിയത്. വോട്ടുകൊള്ള തെറ്റാണെന്നു തെളിയിക്കാൻ കമ്മീഷന് ഇനിയും കഴിഞ്ഞിട്ടില്ല. ആരോപണങ്ങൾ ശരിയാണെന്നു സമ്മതിക്കുന്നതിനു തുല്യമാണിത്.
തെരഞ്ഞെടുപ്പു കമ്മീഷണർമാരുടെ മൂന്നംഗ നിയമന സമിതിയിൽനിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കാനായി പ്രത്യേക നിയമം പാസാക്കിയതും ബോധപൂർവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നു നിയമിച്ചതാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ. ബിജെപിക്കുവേണ്ടി നടപ്പാക്കിയ കോടികളുടെ ഇലക്ടറൽ ബോണ്ടുകൾ സുപ്രീംകോടതി റദ്ദാക്കിയതും മറക്കരുതല്ലോ.
വിശ്വാസ്യത നഷ്ടമായാൽ ദുരന്തം
പ്രധാനമന്ത്രിയുടേതിനു സമാനമായ സ്ഥാനമാണു പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന്റേത്. പ്രതിപക്ഷ നേതാവ് പാർലമെന്റിലും പുറത്തും പറഞ്ഞ കാര്യങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെരഞ്ഞെടുപ്പു കമ്മീഷനു തടസമില്ല. സാങ്കേതിക തടസം ഉയർത്തി ഒളിക്കാനല്ല കമ്മീഷൻ ശ്രമിക്കേണ്ടത്. മുൻ തെരഞ്ഞെടുപ്പു കമ്മീഷണർമാരെ അന്വേഷണത്തിനു നിയോഗിച്ചാൽ കമ്മീഷന്റെ വിശ്വാസ്യതയാകും ഉയരുക. തെളിവു നശിപ്പിച്ച ശേഷം കുറ്റാരോപിതർ നടത്തുന്ന അന്വേഷണത്തിന് പ്രസക്തിയില്ലെന്ന പ്രശ്നമുണ്ട്.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആശങ്കകൾക്കു വിശ്വസനീയമായ രീതിയിൽ ഉത്തരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ രാജ്യത്തെ അറിയിക്കേണ്ടതുണ്ട്. സംശയം ദൂരീകരിക്കാനും തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയണം. അതിനു പകരം സാങ്കേതികത്വം ഉയർത്തുന്പോൾ രാഹുൽ പറഞ്ഞതു ശരിയാണെന്നു ജനം കരുതും. ജനവിധി അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന സംശയം പോലും ദുരന്തമാകും. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത വീണ്ടെടുത്തില്ലെങ്കിൽ ജനാധിപത്യവും ഭരണഘടനയും അർഥമില്ലാത്തതാകും.
Leader Page
ശശി തരൂര്‍ ഒറ്റയാനാണ്. മിടുമിടുക്കനും കരുത്തനും തന്ത്രശാലിയുമായ വിശ്വപൗരന് സാധാരണ രാഷ്ട്രീയക്കാരനല്ല. പതിവു രാഷ്ട്രീയത്തിന്റെ കള്ളക്കളികളും കുഴികളും ഇനിയും വേണ്ടത്ര പരിചയമില്ല. എങ്കിലും തന്ത്രങ്ങളില്‍ മോശക്കാരനല്ല. ഒരു മുഴം മുമ്പേ ചാടുന്നതാണ് ദീപികയില്‍ തരൂര്‍ എഴുതിയ ‘അടിയന്തരാവസ്ഥയുടെ പാഠമുള്‍ക്കൊണ്ട്’ എന്ന ലേഖനം. ദേശീയമാധ്യമങ്ങള്‍ ഇതു വലിയ ചര്‍ച്ചയാക്കി. ‘അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തില്‍, ഇന്ത്യക്കും ലോകത്തിനുമുള്ള പാഠങ്ങളെക്കുറിച്ച് ആഗോള പ്രേക്ഷകര്‍ക്കായുള്ള എന്റെ കോളം’ എന്ന ആമുഖത്തോടെ ഇംഗ്ലീഷിലുള്ള ലേഖനം സാമൂഹ്യമാധ്യമങ്ങളില്‍ തരൂര്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
വിവാദങ്ങളുടെ തോഴന്
വിവാദങ്ങള്‍ തരൂരിനു പുത്തരിയില്ല. വാര്‍ത്തകളില്‍ നിറയാന്‍ തരൂരിനു പ്രത്യേകമായൊരു വൈഭവമുണ്ട്. ജനാധിപത്യവാദിയായാണ് അറിയപ്പെടുന്നത്. ഗാന്ധികുടുംബ നേതൃത്വത്തെ ചോദ്യം ചെയ്ത 23 നേതാക്കളോടൊപ്പം ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിനുള്ളിലെ തരൂരിന്റെ ആദ്യത്തെ പ്രധാന നീക്കം. 2020 ഓഗസ്റ്റില്‍ ജി-23 നേതാക്കള്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു കത്തയച്ചതു മുതല്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കി. കോണ്‍ഗ്രസില്‍ സമൂല മാറ്റം ആവശ്യപ്പെട്ടായിരുന്നു കത്ത്.
ജി-23 സംഘത്തെ വിമതശബ്ദമായാണു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കണക്കാക്കിയത്. ഗ്രൂപ്പ് നേതാവ് ഗുലാം നബി ആസാദിന് പാര്‍ട്ടി വിടേണ്ടിവന്നു. ഗുലാം നബിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അകമഴിഞ്ഞു പുകഴ്ത്തിയ തന്ത്രത്തിന്റെ ബാക്കിപത്രം. കപില്‍ സിബല്കൂടി കോണ്‍ഗ്രസ് വിട്ടതോടെ ഗ്രൂപ്പിന്റെ കഥ കഴിഞ്ഞു. വീരപ്പ മൊയ്ലി, ഭൂപീന്ദര്‍ സിംഗ് ഹൂഡ, മുകുള്‍ വാസ്നിക്, പൃഥ്വിരാജ് ചവാന്, രേണുക ചൗധരി എന്നിവര്‍ മുതല്‍ പ്രഫ. പി.ജെ. കുര്യന് വരെയുള്ളവര്‍ വിമത ലൈന്‍ ഉപേക്ഷിച്ച് നേതൃത്വവുമായി രമ്യതപ്പെട്ടു. തരൂരും മനീഷ് തിവാരിയും അസംതൃപ്തരായി തുടര്‍ന്നു.
1072ന്റെ രാഷ്ട്രീയക്കുതിപ്പ്
ഗുലാം നബിക്കും കപില്‍ സിബലിനും പുറമെ മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാന്, അമരീന്ദര്‍ സിംഗ്, രാഹുല്‍ ഗാന്ധിയുടെ ഇഷ്ടക്കാരായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദിയോറ, ജിതിന് പ്രസാദ എന്നിവരും അശ്വനി കുമാര്‍, ആര്.പി.എന്‍. സിംഗ്, ബാബാ സിദ്ദിഖി, സുനില്‍ ജാക്കര്‍, ഹാര്‍ദിക് പട്ടേല്‍ തുടങ്ങി അനില്‍ ആന്റണിയും പത്മജ വേണുഗോപാലും വരെയുള്ളവര്‍ ഇതിനിടെ കോണ്‍ഗ്രസ് വിട്ടു. 2014ല്‍ ലോക്സഭയിലെ നേതൃസ്ഥാനം നിഷേധിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരിയും തരൂരും അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ തന്നെ തുടര്‍ന്നെങ്കിലും ഹൈക്കമാന്‍ഡുമായുള്ള അകല്‍ച്ച പ്രകടമായി.
അതിനിടെയാണ് എഐസിസി അധ്യക്ഷപദവിയിലേക്ക് ഹൈക്കമാന്‍ഡിന്റെ നോമിനി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരേ തരൂര്‍ മത്സരിച്ചത്. 2022 ഒക്ടോബര്‍ 17നു നടന്ന വോട്ടെടുപ്പില്‍ പ്രതീക്ഷിച്ചതുപോലെ 7,897 വോട്ടുകളോടെ ഖാര്‍ഗെ വന്‍വിജയം നേടി. പക്ഷേ തരൂരിന് 1072 (11.4 ശതമാനം) എഐസിസി നേതാക്കളുടെ വോട്ടുകള്‍ കിട്ടി. ആയിരം വോട്ടില്‍ കൂടുതല്‍ നേടാന്‍ തരൂരിനായത് ഹൈക്കമാന്‍ഡിനെയും ഗാന്ധി കുടുംബത്തിന്റെ ആശ്രിതരെയും ഞെട്ടിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ തരൂരിനെ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായി.
കസേരകളിയില്‍ നേതാക്കള്‍
തുടര്‍ച്ചയായ മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോറ്റതോടെ അസംതൃപ്തരുടെയും അവസരവാദികളുടെയും എണ്ണം കൂടി. കേരളത്തിലും ചരിത്രം തിരുത്തി പിണറായി വിജയനു തുടര്‍ഭരണം കിട്ടിയതിന്റെ ക്ഷീണത്തിലായി കോണ്‍ഗ്രസ്. ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫില്നിന്നൊഴിവാക്കിയതു കോണ്‍ഗ്രസിനു ഭരണം നഷ്ടമാക്കി. നേതാക്കള്‍ തമ്മിലുള്ള വടംവലി അത്ര രഹസ്യമല്ലാതായി. കോണ്‍ഗ്രസില്‍ സമ്പൂര്‍ണ ഐക്യം പുറമെ പ്രഖ്യാപിക്കുമ്പോഴും നേതൃത്വ വടംവലി പ്രകടമായി.
കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്, ശശി തരൂര്‍, കെ. മുരളീധരന് തുടങ്ങിയവര്‍ക്കെല്ലാം മുഖ്യമന്ത്രിക്കസേരയിലാണു മോഹം. എല്ലാവരും ഒരേ സമുദായക്കാര്‍ ആയതു പ്രശ്നം രൂക്ഷമാക്കുന്നു. തരൂരിന്റെ കേരള പര്യടനവും സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും മറക്കരുത്. മുരളീധരനു പുറമെ തരൂരിനെയും ഒതുക്കാന്‍ കരുനീക്കം ശക്തമായി. അതിനിടെയാണു മുഖ്യമന്ത്രിക്കായുള്ള അവകാശവാദം തരൂര്‍തന്നെ പരസ്യപ്പെടുത്തിയത്. മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ ഡോ. ശശി തരൂര്‍ ആണെന്ന സ്വകാര്യ സര്‍വേയിലെ കണ്ടെത്തല്‍ അദ്ദേഹം ട്വീറ്റ് ചെയ്തതോടെ ചിലര്‍ക്കു കലിപ്പു കൂടി.
അവഗണനയുടെ തിരിച്ചടി
പതിവായി അവഗണിച്ച കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കമാകും തരൂരിന്റേത്. ദേശീയ തലത്തിലെയും കേരളത്തിലെയും പാര്‍ട്ടിക്കാര്യങ്ങള്‍ പ്രവര്‍ത്തകസമിതിയിലെ സ്ഥിരാംഗമായ തരൂരിനോടു കൂടിയാലോചിക്കാനോ അറിയിക്കാനോ നേതൃത്വം മെനക്കെടാറില്ല. അതിനാല്‍തന്നെ നേതൃത്വത്തെ പ്രകോപിപ്പിക്കാന്‍ തരൂര്‍ മടിക്കുന്നില്ല. ബിജെപിയെ തള്ളിപ്പറഞ്ഞിരുന്ന പഴയ നിലപാടിലും മയം വരുത്തി. ഇന്ദിരയെ വിമര്‍ശിച്ച തരൂര്‍ മോദിയെ പുകഴ്ത്താനും തയാറായി. എഴുത്തും വായനയും പ്രസംഗവും അടക്കം തനിക്കു മുന്നില്‍ സാധ്യതകള്‍ പലതും തുറന്നുകിടപ്പുണ്ടെന്ന് തരൂര്‍ പറഞ്ഞതു ചില സൂചനകള്‍ നല്‍കാനാണ്. ബിജെപിയിലേക്കു പോകില്ലെന്നു പറഞ്ഞെങ്കിലും ആ വിവാദവും അദ്ദേഹത്തിനെതിരേ ചിലര്‍ ആയുധമാക്കി.
പഹല്‍ഗാം ഭീകരാക്രമണവും ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറും പ്രധാനമന്ത്രി മോദിയും ബിജെപിയും അവസരമാക്കി. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിക്കാന്‍ തരൂരിനെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയും യുഎന്നില്‍ അടക്കം സ്വീകാര്യതയുമുള്ള തരൂരിനെ എതിര്‍ക്കാന്‍ ജയ്റാം രമേശ് എടുത്തുചാടിയതു കോണ്‍ഗ്രസിനുതന്നെ ആപ്പായി മാറി. ജയ്റാമും തരൂരും ചേരില്ല. തരൂരിനെ ഒഴിവാക്കിയുള്ള കോണ്‍ഗ്രസ് പ്രതിനിധികളുടെ പട്ടിക കേന്ദ്രത്തിന് അയച്ചെങ്കിലും മോദിയും വിദേശകാര്യമന്ത്രാലയവും തരൂരും അതിനു പുല്ലുവില കല്പിച്ചു.
പറന്നുപറന്ന് അകലേക്കോ?
പല മുനകളുള്ള ‘ആദ്യം രാജ്യം, പാര്‍ട്ടി പിന്നീട്’ എന്നാണു തരൂര്‍ പറഞ്ഞത്. കോണ്‍ഗ്രസ് നാണംകെട്ടു പിന്‍വാങ്ങേണ്ടി വന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിസംഘത്തെ നയിക്കുന്ന കാര്യം പറയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ചയ്ക്കു തരൂര്‍ അനുമതി തേടിയെങ്കിലും നല്‍കിയില്ല. “പറക്കാന്‍ അനുവാദം ചോദിക്കരുത്, ചിറകുകള് നിങ്ങളുടേതാണ്; ആകാശം ആരുടെയും സ്വന്തമല്ല” എന്നിങ്ങനെയുള്ള തരൂരിന്റെ ട്വീറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മറുപടിയായി. ഇരപിടിയന്‍ കഴുകന്മാരെ സൂക്ഷിക്കണമെന്ന ട്വീറ്റുമായാണ് രാഹുല്‍ ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും വിശ്വസ്തനായ മാണിക്കം ടാഗോര്‍ എംപി അന്നു തരൂരിനെതിരേ തിരിച്ചടിച്ചത്. ബിജെപിക്കാരുടെ വാക്കുകള്‍ അതേപടി ഏറ്റുചൊല്ലുന്ന തത്ത ആകരുതെന്ന ട്വീറ്റാണ് ടാഗോര്‍ പുതുതായി കുറിച്ചത്. പ്രവര്ത്തകസമിതിയംഗത്തിനെതിരേ കോണ്‍ഗ്രസ് എംപി രംഗത്തെത്തിയതു ഹൈക്കമാന്‍ഡിന്റെ ആശീര്വാദത്തോടെയെന്നു വ്യക്തം.
ഇന്ദിരയെ കടന്നാക്രമിച്ച്
കോണ്‍ഗ്രസുകാരുടെ എല്ലാമെല്ലാമായ ഇന്ദിരാഗാന്ധിക്കും അവരുടെ കുടുംബത്തിനുമെതിരേ ശക്തമായ വിമര്‍ശനമാണ് അടിയന്തരാവസ്ഥയെക്കുറിച്ചു ദീപികയിലെ ലേഖനത്തില്‍ തരൂര്‍ നടത്തിയത്. അച്ചടക്കത്തിനും ക്രമത്തിനുംവേണ്ടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ ശ്രമങ്ങള്‍ പലപ്പോഴും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ക്രൂരതയായി മാറിയെന്ന പ്രസ്താവന കോണ്‍ഗ്രസുകാര്‍ക്കു താങ്ങാവുന്നതിലും കൂടുതലായി. ഇന്ദിരയുടെയും മകന് സഞ്ജയ് ഗാന്ധിയുടെ നടപടികളെ പേരെടുത്തു രൂക്ഷമായി വിമര്‍ശിച്ചു. അനിയന്ത്രിതമായ അധികാരം സ്വേച്ഛാധിപത്യമായി മാറിയ ഒരു വ്യവസ്ഥിതിയുടെ നേര്‍ഫലമായിരുന്നു അടിയന്തരാവസ്ഥയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അടിയന്തരാവസ്ഥയിലെ വ്യാപകമായ ഭരണഘടനാ ലംഘനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങളുടെ ഭയാനകമായ ഒരു പരമ്പരയ്ക്കു കാരണമായെന്നു തരൂര്‍ പറഞ്ഞു. “വിയോജിപ്പുകള്‍ നിശബ്ദമാക്കപ്പെട്ടു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. ഭരണഘടനാ മാനദണ്ഡങ്ങളോടുള്ള നഗ്നമായ അവഹേളനം ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഒരു മുറിവായി അവശേഷിച്ചു. അക്കാലത്തെ അതിക്രമങ്ങള്‍ എണ്ണമറ്റ മനുഷ്യര്‍ക്ക് ആഴത്തിലും ശാശ്വതവുമായ നാശമുണ്ടാക്കി” എന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു. സമീപകാല ചരിത്രത്തില്‍ മറ്റൊരാളും ഇത്ര കടുത്ത ആക്രമണം ഇന്ദിരയ്ക്കുനേരേ നടത്തിയിട്ടില്ല. മോദിയുടെ 11 വര്‍ഷത്തെ ഭരണം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന കോണ്‍ഗ്രസിന്റെ നിലപാട് പറയാന്‍ തരൂര്‍ തയാറയതുമില്ല.
മോദിക്കെതിരേയും താക്കീത്
എന്നാല്‍, നിയമനിര്‍മാണ സഭയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള, അമിതാധികാരമുള്ള ഒരു എക്സിക്യുട്ടീവിന് ജനാധിപത്യത്തെ വലിയ അപകടത്തിലാക്കാന്‍ കഴിയുമെന്നും ഇപ്പോഴത്തെ രാഷ്ട്രീയ സാഹചപര്യത്തില്‍ ഇത് ഏറ്റവും പ്രസക്തമാണെന്നും തരൂര്‍ പറഞ്ഞത് മോദി ഭരണത്തിനെതിരായ താക്കീതാണ്. അധികാരം കേന്ദീകരിക്കാനും വിമര്‍ശകരെ നിശബ്ദരാക്കാനും ഭരണഘടനാപരമായ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുമുള്ള പ്രലോഭനങ്ങള്‍ പലതരത്തില്‍ പ്രത്യക്ഷപ്പെടാം. ദേശീയ താത്പര്യത്തിന്റെയോ സ്ഥിരതയുടെയോ പേരില്‍ ഇതു മറച്ചുവയ്ക്കപ്പെടാം. ഈ അര്‍ഥത്തില്‍ അടിയന്തരാവസ്ഥ ശക്തമായ മുന്നറിയിപ്പാകണമെന്നും ജനാധിപത്യവാദികള്‍ ജാഗരൂകരായിരിക്കണം എന്നുമുള്ള തരൂരിന്റെ മുന്നറിയിപ്പും കാണാതെ പോകരുത്. വ്യക്തമായി മോദിക്കെതിരേയാണിത്. പക്ഷേ മോദിയുടെ പേരു പറഞ്ഞതുമില്ല.
ഭാവി രാഷ്ട്രീയത്തെക്കുറിച്ചു വ്യക്തമായൊരു തീരുമാനം തരൂര്‍ ഇനിയുമെടുത്തിട്ടില്ലെന്നു വേണം വിലയിരുത്താന്‍. നാലു തവണ കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയും വര്‍ക്കിംഗ് കമ്മിറ്റിയംഗവുമായ രാഷ്ട്രീയ സാഹചര്യം നോക്കി തന്ത്രപരമായി കളി തുടരും. വിവിധ സമുദായങ്ങള്‍ക്കും പൊതുസമൂഹത്തിനും യുവജനങ്ങള്‍ക്കുമിടയില്‍ തരൂരിനുള്ള പൊതുസ്വീകാര്യത നിഷേധിക്കാനാകില്ല. മോദിയെ അനുകൂലിച്ച ചില നിലപാടുകളില്‍ ന്യൂനപക്ഷ വോട്ടര്‍മാരെ തരൂരില്നിന്നകറ്റുന്നുവെന്ന കാര്യം അദ്ദേഹം വിസ്മരിക്കരുത്. വളയമില്ലാതെ ചാടാമെന്നതു വ്യാമോഹവുമാകും. പക്ഷേ, തരൂരിന്റെ പ്രകോപനങ്ങളില്‍ വീണ് അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ നേട്ടം തരൂരിനാകും. വൈകാരിക പ്രതികരണത്തിലൂടെ കോണ്‍ഗ്രസുകാര്‍ ഒരിക്കല്‍കൂടി ഭരണം നഷ്ടമാക്കില്ലെന്നു കരുതാം.
തക്കം പാര്‍ത്ത് ബിജെപി
കോണ്‍ഗ്രസ് നേതൃത്വവും തരൂരും തമ്മിലുള്ള അകലം കൂടിവരുകയാണ്. കേരള നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി കാര്യങ്ങള്‍ വഷളാകുമോയെന്നു സംശയിക്കുന്നവര്‍ വളരെയേറെയാണ്. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും തത്കാലം തരൂരിനെതിരേ കടത്തിപ്പറയുന്നത് ഒഴിവാക്കുന്നത് ഇതേ കാരണത്താലാണ്. കെ. മുരളീധരനും മാണിക്കം ടാഗോറും പോലുള്ളവര്‍ അത്തരം വിട്ടുവീഴ്ച ചെയ്യില്ല.
മോദിയുടെയും ബിജെപിയുടെയും തന്ത്രങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് വീണ്ടും നിഷ്പ്രഭരാകുമോ എന്നതാണ് ഇനി അറിയേണ്ടത്. കഴുകനെപ്പോലെ കോണ്‍ഗ്രസില്‍നിന്നു ഭരണം മുതല്‍ നേതാക്കളെ വരെ ബിജെപി റാഞ്ചിയെടുത്ത എത്രയോ സംഭവങ്ങള്‍. കാര്യം നേടാന്‍ ഏതു തന്ത്രം പയറ്റാനും ഏതറ്റം വരെ പോകാനും ബിജെപിയും മോദിയും മടിക്കാറില്ല. ബിഹാറിലെ വോട്ടര്‍പട്ടിക പുതുക്കുന്ന നടപടി വിവാദമായതും ഇതിനാലാണ്.
വേണ്ടത് ചേര്‍ത്തുപിടിക്കല്‍
ജനാധിപത്യത്തിനു വെല്ലുവിളിയും ഭീഷണിയും നേരിടുമ്പോള്‍ ശശി തരൂരിനെപ്പോലെയുള്ള നേതാക്കളെ കോണ്‍ഗ്രസ് കൂടെ നിര്‍ത്തട്ടെ. വ്യത്യസ്തനായ തരൂരിനെ മനസിലാക്കാന്‍ ശ്രമിക്കുക. കേരളത്തിലും ലോകത്തുമുള്ള പൊതുസ്വീകാര്യത തരൂരിന്റെ ശക്തിയാണ്. സ്വന്തം നേതാക്കളെയും ചെറുപാര്‍ട്ടികളെയും പുറത്താക്കാനല്ല, വിയോജിപ്പുള്ളവരെ കൂടി വിശ്വാസത്തിലെടുത്തു കേന്ദ്രത്തിലും കേരളത്തിലും ഭരണം തിരിച്ചുപിടിക്കാനാകട്ടെ ശ്രദ്ധ.
Editorial
മറ്റെല്ലാ വഴികളും അടഞ്ഞു; കേരളത്തിന്റെ ശാപമായി മാറിയ വന്യജീവി, തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുതരാത്ത ഒരു രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥിയും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കരുത്.
വിചിത്രവും മനുഷ്യവിരുദ്ധവുമായ കേന്ദ്രനിയമങ്ങൾക്കു മുകളിൽ അടയിരിക്കുന്ന കേന്ദ്രവും അതിനെ മറയാക്കി രക്ഷപ്പെടുന്ന സംസ്ഥാനവും അവർക്കു പകരം അധികാരത്തിലെത്താമെന്നു കരുതുന്ന പ്രതിപക്ഷവും ഉറപ്പുനൽകണം, ജീവഭയമില്ലാതെ ജീവിക്കാൻ ജനങ്ങളെ സമ്മതിക്കുമെന്ന്.
ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാൽ സംശയത്തിന്റെ ആനുകൂല്യം പോലും കൊടുക്കാതെ ലക്ഷക്കണക്കിനു കോഴികളെയും താറാവുകളെയും പന്നികളെയും കൊന്നൊടുക്കുന്ന ഭരണ-നിയമ സംവിധാനങ്ങൾ, ദരിദ്രരെയും ആദിവാസികളെയും നിർധന കർഷകരെയും കൊന്നൊടുക്കുന്ന വന്യ-ക്ഷുദ്രജീവികളെയും തെരുവുനായ്ക്കളെയും തൊടുന്നില്ല. ഈ സിസ്റ്റത്തിനു പേ പിടിച്ചിരിക്കുകയാണ്; വോട്ടല്ലാതൊരു വാക്സിനുമില്ല.
ജനുവരി മുതൽ മേയ് വരെ അഞ്ചു മാസത്തിനിടെ 1,65,136 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റെന്നും 17 പേർ പേവിഷബാധയേറ്റു മരിച്ചെന്നുമാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലായ്ക്കു സർക്കാരിൽനിന്നു കിട്ടിയ കണക്ക്. ഒരു ദിവസം 1,100 പേർക്കാണു പട്ടികടിയേൽക്കുന്നത്. ആലോചിച്ചുനോക്കൂ, എന്തൊരു ഗതികേടിലാണ് കേരളം പെട്ടിരിക്കുന്നതെന്ന്! കടിയേറ്റവരിൽ ഏറെപ്പേരുടെയും പരിക്കുകളിലേക്കു നോക്കാൻപോലും ഭയമാകും; അത്ര ഗുരുതരമാണവ.
ജനുവരി മുതൽ മേയ് 15 വരെ നാലര മാസത്തിനിടെ വന്യജീവികൾ കൊന്നൊടുക്കിയത് 25 പേരെ. 92 പേർക്കു പരിക്കേറ്റു. ഇതിൽ 19 പേരെയും കൊന്നത് കാട്ടാനയാണ്. ഇതുകൂടാതെ, കഴിഞ്ഞ ഒന്നര മാസത്തിനിടെയും നിരവധിപേർ കൊല്ലപ്പെട്ടു. വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കി. കൃഷിയും വീടുകളും നശിപ്പിച്ചതു വേറെ.
അപകടത്തിൽ പെടുന്ന ഇരുചക്രവാഹന യാത്രികരുടെ എണ്ണമേറി. വനാതിർത്തികളിലെ കൃഷിയിടങ്ങളിലിറങ്ങാൻ കർഷകർക്കും തൊഴിലാളികൾക്കും ഭയമാണ്. കുട്ടികളെ തനിച്ചു സ്കൂളിൽ വിടാനാകുന്നില്ല. വന്യജീവി ആക്രമണം തടയാൻ കോടിക്കണക്കിനു രൂപ വനംവകുപ്പു പൊടിക്കുന്നുമുണ്ട്. നാട്ടുകാർക്ക് വന്യജീവികളേക്കാൾ ഭയമാണ് വനംവകുപ്പിനെ.
കാലഹരണപ്പെട്ട നിയമങ്ങൾക്കു മുകളിൽ കേന്ദ്രസർക്കാർ അടയിരിക്കുകയാണ്; രണം വിരിയിക്കാൻ. വായാടിത്തമല്ലാതെ പരിഹാരമൊന്നും സംസ്ഥാന സർക്കാരിനുമില്ല. വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാരിനോടോ, ഇടപെടണമെന്നു കോടതികളോടോ ഇപ്പോഴാരും ആവശ്യപ്പെടുന്നില്ല. ഒരു കാര്യവുമില്ല. മന്ത്രിസ്ഥാനമൊക്കെ പുനരധിവാസ സംവിധാനമായി അധഃപതിച്ചു. പല വകുപ്പുകളിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായി.
എബിസി (അനിമല്‍ ബര്‍ത്ത് കണ്ട്രോള് ) പദ്ധതികൊണ്ടൊന്നും, അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെ അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നുമാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഘടകം വ്യക്തമാക്കുന്നത്. എബിസി എന്ന തട്ടിപ്പു തുടങ്ങിയതു മുതലുള്ള കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ആയിരക്കണക്കിനു സാധാരണക്കാരായ മനുഷ്യരെ തെരുവുനായ്ക്കൾ കാലപുരിക്കയച്ചു.
കണ്ടുനിൽക്കാനാവാത്തത്ര ഭയാനക മരണം! ഇതൊന്നും നമ്മൾ വോട്ട് കൊടുത്തവരുടെ മനസലിയിക്കില്ല. ആശുപത്രി സെല്ലുകളിൽ പേയിളകി പിടയുന്നവർ ഈ ഭരണാധികാരികളുടെയോ മൃഗസ്നേഹികളുടെയോ ആരുമല്ല. മരണമെത്തുന്പോൾ ഒരു തുള്ളി വെള്ളംപോലും കുടിക്കാൻ കഴിയാത്തവരുടെ ദാഹം കേന്ദ്രത്തിലെയും കേരളത്തിലെയും ക്രൂര ഭരണാധികാരികളുടെയോ അവരുടെ വീട്ടുകാരുടെയോ തൊണ്ടയിലല്ല.
എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേവിഷബാധയേറ്റവരുടെ സെല്ലുകളിലെത്തിച്ച് കാണിക്കണം, അവരൊരുക്കിയ കോൺസെൻട്രേഷൻ ക്യാന്പുകളിലെ അന്ത്യപിടച്ചിലുകൾ..! മരണവാതിൽ കടക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും അവരെ നെഞ്ചിലിട്ടു വളർത്തിയ മാതാപിതാക്കളുടെ മിഴിനീരിലും പ്രതിഫലിക്കുന്ന നിസഹായാവസ്ഥ കാണട്ടെ; ഒരാളെങ്കിലും മാനസാന്തരപ്പെട്ടാൽ അത്രയുമായില്ലേ.
കാട്ടാനകൾ ചവിട്ടിമെതിച്ച മനുഷ്യരുടെ മാംസഭാണ്ഡങ്ങൾ സംസ്കരിക്കുന്നതിനുമുന്പ് പൊതിയഴിച്ചു കണ്ടിട്ടുണ്ടോ? പുലിയും കടുവയും തിന്ന മനുഷ്യബാക്കികൾ ജനപ്രതിനിധികളുടെയും വനംവകുപ്പു ജീവനക്കാരുടെയും മനുഷ്യവിരുദ്ധ മൃഗസ്നേഹികളുടെയും വീടുകളിലേക്കു കൊടുത്തുവിടണം.
എന്തിനാണ് ഈ സർക്കാർനിർമിത ഹിംസയുടെ ദൃശ്യങ്ങൾ മറച്ചുവയ്ക്കുന്നത്? ലോകമെങ്ങുമുള്ള യുദ്ധത്തിന്റെ ഭയാനക ദൃശ്യങ്ങൾ കാണിക്കുന്നവർ, ഒരു സർക്കാർ അതിന്റെ പൗരന്മാർക്കുമേൽ നിയമാനുസൃതം നടത്തുന്ന ഈ കൂട്ടക്കൊല എന്തിനു മൂടിവയ്ക്കണം? ഇവ പാർലമെന്റിലും നിയമസഭകളിലും പ്രദർശിപ്പിക്കണം. മനുഷ്യകബന്ധങ്ങൾക്കു മുന്നിൽ നിന്ന് മൃഗങ്ങൾക്കുവേണ്ടി വാദിക്കുന്നവരെ മയക്കുവെടി വച്ചു തളയ്ക്കണം.
കാവൽക്കാരില്ലാതെ രാജവാഹനങ്ങളിൽനിന്നു പുറത്തിറങ്ങേണ്ടതില്ലാത്ത, വന്യജീവികളെയും തെരുവുനായക്കളെയും പേടിക്കേണ്ടതില്ലാത്ത ഭരണാധികാരികൾക്കും ന്യായാധിപർക്കും, സ്വയരക്ഷയ്ക്കുള്ള തോക്കുമായി നടക്കുന്ന വനംവകുപ്പ് മേലാളന്മാർക്കും, പരിചാരകർ കുളിപ്പിച്ചു പൗഡറിട്ടുകൊടുത്ത പട്ടികളെ ലാളിച്ചും തെരുവുനായ്ക്കളുടെ ഇരകളെ നിന്ദിച്ചും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നവർക്കും മാത്രമല്ല, സാധാരണക്കാരായ മനുഷ്യർക്കും ഇവിടെ ജീവിക്കണം.
തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. വന്ധ്യംകരണം, നായപരിപാലന കേന്ദ്രങ്ങൾ, പഞ്ചായത്തുതല നിയന്ത്രണ സംവിധാനങ്ങൾ... പതിറ്റാണ്ടുകളായി ജനത്തെ ചതിച്ചവരുടെ പാഴ്വാക്കുകൾ വിശ്വസിക്കരുത്. അഹിംസയിലൂന്നിയ ജനകീയ കോടതികൾ, വോട്ട് ചോദിച്ചെത്തുന്നവരെ വിചാരണ ചെയ്യണം.
പരിഷ്കൃത രാജ്യങ്ങളെ മാതൃകയാക്കി പെറ്റുപെരുകിയ വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നുതന്നെ നിയന്ത്രിക്കാൻ ആവശ്യപ്പെടണം. വനം-വന്യജീവി-തെരുവുനായ സംരക്ഷണ പ്രാകൃതനിയമങ്ങൾ പൊളിച്ചെഴുതണം.
പാർട്ടി നോക്കി വോട്ട് ചെയ്യുന്നവർ മാത്രമല്ല, ജനക്ഷേമം കാംക്ഷിക്കുന്ന പാർട്ടിയടിമകളല്ലാത്ത വോട്ടർമാരുമുണ്ടെന്നും അവർ നിർണായക ശക്തിയാണെന്നും കൊടിത്തണലുകളിൽ അധികാരം നുണയുന്നവരെ ബോധ്യപ്പെടുത്തണം. വരുന്നുണ്ട് തെരഞ്ഞെടുപ്പുകൾ; അവർക്കും നമുക്കും ഓർമകളുണ്ടായിരിക്കണം.
Editorial
ഭാരതാംബയെന്ന ദേശീയ സങ്കൽപ്പത്തെ മാനിക്കുന്നവർക്കും അസ്വസ്ഥതയുളവാക്കുന്നതാണ് ആ ചിത്രത്തെ വന്ദിക്കുയെന്ന നിർബന്ധബുദ്ധി. ദേശീയപതാകയെ വന്ദിക്കുകയും ദേശീയഗാനം ആദരവോടെ ആലപിക്കുകയും ചെയ്യുന്ന ജനതയോട് ഇതുകൂടി ചെയ്തില്ലെങ്കിൽ ദേശഭക്തിയാകില്ലെന്നു പറയരുത്. ദേശീയബോധത്തിനോ ഭക്തിക്കോ കൂടുതൽ പ്രകടനങ്ങൾ ആവശ്യമുള്ളവർക്ക് അതാകാം; എല്ലാവരെയും നിർബന്ധിക്കരുത്. മറക്കാനോ നമ്മളാ സാമ്രാജ്യത്വത്തെ കടപുഴക്കിയ പലവർണ, ഭാഷാ, മത, സംസ്കാര കൊടികളേന്തിയൊരൊറ്റ കുത്തൊഴുക്കായ കാലം! മാറ്റിവയ്ക്കുക നിങ്ങളീ ഭരണഘടനാ നിന്ദയാം ദേശഭക്തിമാപിനികൾ.
ജൂൺ അഞ്ചിന് പരിസ്ഥിതിദിനത്തിൽ തുടങ്ങിയ വിവാദമാണ് തെരുവിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നത്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷത്തിനു ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ദീപം തെളിക്കുകയും വേണമെന്നു രാജ്ഭവനിൽനിന്നു നിർദേശമുണ്ടായതോടെ കൃഷിവകുപ്പ് പരിപാടി സെക്രട്ടേറിയറ്റിലേക്കു മാറ്റുകയായിരുന്നു. ഗവർണറുടെ ഓഫീസ് അയച്ചുതന്ന ചിത്രം ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമായതിനാൽ പൊരുത്തപ്പെടാൻ സർക്കാരിനു കഴിയില്ലെന്നാണ് കൃഷിമന്ത്രി പി. പ്രസാദ് പ്രതികരിച്ചത്. തുടർന്ന് ഗവർണർ പരിപാടി സ്വന്തം നിലയ്ക്കു നടത്തി.
ദിവസങ്ങൾക്കുശേഷം, എൻസിസി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലെത്തിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ഭാരതാംബയുടെ ചിത്രമുള്ളതിനാൽ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെ തർക്കം രൂക്ഷമായി. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടി ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വി. അർലേക്കർക്കു കത്ത് നൽകിയിരിക്കുകയാണ്. കത്ത് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു മതേതര-ജനാധിപത്യ സർക്കാർ മറ്റെന്തു ചെയ്യും?
അതേസമയം, പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും ഭരണത്തലവനെ അവഹേളിച്ചെന്നും, കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷയായ ഭാരതാംബ രാജ്യത്തിന്റെ പ്രതീകമാണെന്നും ഭാരതാംബയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടി വൈകി എത്തിയതും ഗവർണർ മടങ്ങുന്നതിനു മുൻപു പോയതും പ്രോട്ടോകോൾ ലംഘനമാണെന്നും അദ്ദേഹം കത്തിലെഴുതി.
യഥാർഥത്തിൽ ഈ വിഷയം സർക്കാരും ഗവർണറുമായുള്ള തർക്കത്തിനപ്പുറം, മതേതര-ജനാധിപത്യ ഭരണഘടനയും ഗവർണർ ഉൾപ്പെടുന്ന രാഷ്ട്രീയവും തമ്മിലുള്ളതായി മാറുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് ജനകോടികളെ ഒന്നിപ്പിച്ചത് വൈകാരിക ഘടകമായിരുന്നെങ്കിലും എപ്പോഴും കൊണ്ടുനടക്കേണ്ട ഒരു ചര്യയായി സ്വാതന്ത്ര്യാനന്തര തലമുറ അതിനെ കണക്കാക്കുന്നില്ല.
കാവിനിറം ആർഎസ്എസിന്റെ നിറമല്ലെന്നു ഗവർണർ പറഞ്ഞതു ശരിയാണ്. കാവിയെന്നല്ല ഒരു നിറവും ആരുടെയും സ്വന്തമല്ല. പക്ഷേ, പല നിറങ്ങളും ചിലരൊക്കെ ഉപയോഗിക്കാൻ തുടങ്ങിയതോടെ ചില പ്രതീകങ്ങളോ മുന്നറിയിപ്പുകളോ ആയി മാറിയിട്ടുണ്ട്. പല രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങൾ ഹിംസയുടെ അടയാളമായി അതിനെ തിരിച്ചറിയുന്നുമുണ്ട്. കാവിക്കൊടിയും തീവ്രദേശീയ മുദ്രാവാക്യങ്ങളുമായി ആക്രമിക്കാനെത്തുന്നവരെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും തിരിച്ചറിഞ്ഞിട്ട് കുറെയായി. ഇക്കഴിഞ്ഞ 22നു രാത്രി മധ്യപ്രദേശിലെ ബർബാൻപുർ ജില്ലയിലെ നെപ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് നാല് ക്രൈസ്തവരെ വിവസ്ത്രരാക്കി മർദിക്കുകയും തെരുവിലൂടെ നടത്തുകയും ക്ഷേത്രത്തിലെത്തിച്ചു വന്ദിപ്പിക്കുകയും ചെയ്ത നൂറ്റിയൻപതോളം പേരിൽ ചിലരുടെ കൈയിലുമുണ്ടായിരുന്നു കാവിനിറമുള്ള തുണികൾ.
വർഗീയതയോടു സന്ധി ചെയ്യുന്ന സർക്കാരും മതപരിവർത്തന നിരോധനമെന്നൊരു നിയമവും വർഗീയവത്കരിക്കപ്പെട്ടു ആൾക്കൂട്ടവുമുണ്ടെങ്കിൽ എന്തുമാകാമെന്ന സ്ഥിതിയാണ്. ഭരണഘടനയുടെ ആമുഖത്തിൽനിന്ന് മതേതരത്വവും സോഷ്യലിസവും നീക്കണമെന്ന സംഘപരിവാറിന്റെ ആവശ്യം കഴിഞ്ഞദിവസം ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളേ ആവർത്തിച്ചതും കൂട്ടിവായിക്കാം. ഇതിന്റെയൊക്കെ ഭാഗമായ രാഷ്ട്രീയം, കാവിക്കൊടിയേന്തിയ ഭാരതാംബയെ കൊണ്ടുവരുന്പോൾ സ്വാതന്ത്ര്യസമരകാലത്തെന്നപോലെ ആവേശം കൊള്ളാൻ എല്ലാവർക്കുമായെന്നു വരില്ല. ഗവർണറുടെ വിചിന്തനത്തിൽ ഈ നഗ്നസത്യങ്ങളും ഉണ്ടായിരിക്കട്ടെ.
മന്ത്രി വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘിച്ചെങ്കിൽ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. പക്ഷേ, സർക്കാരുകൾ ഭരണഘടനയുടെ വഴിക്കുതന്നെ പോകണം. ഒരിക്കൽ നമ്മെ ഒന്നിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ദേശീയബിംബങ്ങളെ രാഷ്ട്രീയ, മത ധ്രുവീകരണത്തിനുപയോഗിക്കാൻ അനുവദിക്കരുത്. കാവിക്കൊടിയേന്തിയ ഭാരതാംബയല്ല, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഉൾപ്പെടെ നാമെല്ലാം കൈകോർത്തു നിൽക്കുന്ന ഇന്ത്യയാണ് യഥാർഥ ദേശീയത.