കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കി ഹൈക്കോടതി. സ്കൂളിൽ തുടർപഠനത്തിന് വിദ്യാർഥിനിക്ക് താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് നടപടി.
വിഷയത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിന് നൽകിയ നോട്ടീസ് നിയമവിരുദ്ധവും വാസ്തവ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ മാനേജർ നൽകിയ ഹർജിയാണ് ജസ്റ്റീസ് വി.ജി. അരുൺ തീർപ്പാക്കിയത്. ഭരണഘടനയുടെ അടിത്തറയായ മതസൗഹാർദ്ദം വിജയിക്കട്ടെ എന്ന് കോടതി പറഞ്ഞു
ഭരണഘടനാ അവകാശങ്ങളുടെ ലംഘനം നടന്നത് കൊണ്ടാണ് വിഷയത്തിൽ ഇടപെട്ടതെന്നും കുട്ടിയുടെ മൗലിക അവകാശം നിഷേധിക്കപ്പെട്ടതായും വിദ്യാഭ്യാസ വകുപ്പ് കോടതിയിൽ നിലപാട് അറിയിച്ചു.
അതേസമയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരു പോലെ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നും സ്കൂളിന്റെ അഭിഭാഷക കോടതിയിൽ വാദിച്ചു. എന്നാൽ വിഷയം രമ്യമായി പരിഹരിക്കണമെന്ന് നിർദ്ദേശിച്ച കോടതി എല്ലാ കക്ഷികളും തുടർനടപടി ഇല്ലെന്ന് വ്യക്തമാക്കിയതോടെ ഹർജി തീർപ്പാക്കുന്നതായി അറിയിച്ചു.