നിഴലായ് മരണം
കേൾക്കുന്പോൾ ഞെട്ടിയേക്കാം. പക്ഷേ ഇതാണ് യാഥാർഥ്യം. നമ്മുടെ രാജ്യത്ത് മൂവായിരത്തോളം പേർ ഒരു ദിവസം കുഴഞ്ഞുവീണു മരിക്കുന്നു. അതും 18നും 50 വയസിനുമിടയിലുള്ളവർ. പെട്ടെന്നുള്ള കുഴഞ്ഞുവീണുമരണം ലോക വ്യാപകമായി ആശങ്കയുണർത്തുന്പോൾ 145 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ ഈ കണക്ക് ഒട്ടും ചെറുതല്ല. വിവരസാങ്കേതികവിദ്യയും ആർട്ടിഫിഷൽ ഇന്റലിജൻസുമൊക്കെ മാനവരാശിയുടെ ഗതിതന്നെ മാറ്റിമറിക്കുന്ന നവീനയുഗത്തിൽ പക്ഷേ, മനുഷ്യനൊപ്പം നിഴലായ് കൂടുന്ന ഈ മരണങ്ങളെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാൻ ശ്രമിക്കുകയാണ് ആരോഗ്യമേഖല.
മഹാമാരികൾ പലതിനെയും തരണം ചെയ്യാനും, പ്രതിവിധി കണ്ടെത്താനും വൈദ്യശാസ്ത്രത്തിനു കഴിയുന്നുണ്ടെങ്കിലും കുഴഞ്ഞു വീണു മരണം എന്നു പൊതുവായി വിളിക്കുന്ന പെട്ടെന്നുള്ള മരണം എന്തുകൊണ്ട് എന്നതിനു വ്യക്തമായ ഉത്തരം നൽകാൻ ആർക്കുമാകുന്നില്ല. പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഇത്തരം മരണങ്ങൾ നമ്മുടെ സമൂഹത്തിൽ വർധിച്ചുവരികയാണ്.
ആരോഗ്യം പരിപാലിക്കാൻ ജിമ്മിൽ പോകുന്നവർ മുതൽ കോളജ് വിദ്യാർഥികളും മധ്യവയസ്കരുമെല്ലാം ഈ ദുർവിധിക്ക് വിധേയരാകുന്ന വാർത്തകൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ എഴുപതിലധികം കുഴഞ്ഞുവീണു മരണങ്ങളാണ് കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. റിപ്പോർട്ട് ചെയ്യാത്തത് വേറെയും. പ്രത്യക്ഷത്തിൽ യാതൊരു ആരോഗ്യപ്രശ്നങ്ങളില്ലാത്തവരും യുവാക്കളുമെല്ലാം ഇരകളാകുന്പോൾ പൊതുസമൂഹം ഇനി എന്തുകരുതലാണ് എടുക്കേണ്ടത്? ജീവിതശൈലിയിലുള്ള മാറ്റങ്ങളും ഭക്ഷണക്രമങ്ങളും മാത്രമാണോ ഇവിടെ വില്ലൻ?
കോവിഡ് അനന്തര പ്രതിഭാസം എന്നാണ് ഇത്തരം മരണങ്ങളെക്കുറിച്ച് വൈദ്യശാസ്ത്രം ഇപ്പോൾ പറയുന്നത്. എന്നാൽ, സാധാരണക്കാർ സംശയിക്കുന്നതുപോലെ കോവിഡ് വാക്സിനും ഹൃദ്രോഗവുമായി ബന്ധമില്ലെന്നും ഗവേഷണങ്ങൾ അടിവരയിടുന്നു.
ഉത്തരമില്ല ഈ മരണങ്ങൾക്ക്...
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ സംസ്ഥാനത്തുണ്ടായ ചില മരണങ്ങൾ ഇവിടെ കുറിക്കുന്നു.
നമ്മൾ പല ദിവസങ്ങളിലായി കണ്ടും കേട്ടും അറിഞ്ഞതാണ് ഈ വാർത്തകൾ. രോഗബാധയോ ആശുപത്രിവാസമോ ഇല്ലാതെയുള്ള മരണങ്ങളായതിനാൽ പലപ്പോഴും ഇതിനു വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. വെറും കുഴഞ്ഞുവീണു മരണം എന്ന ലേബലിൽ മാത്രം ഒതുങ്ങുന്നു. പക്ഷേ, ആരോഗ്യകേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ആശങ്കയായി ഈ മരണങ്ങൾ മാറുന്നുവെന്നതാണ് യാഥാർഥ്യം.
അൽഫോൻസ ജേക്കബ് (17)
ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിനി ഉളിക്കൽ നെല്ലിക്കാംപോയിൽ കാരാമയിൽ അൽഫോൻസാ ജേക്കബ് ക്ലാസിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മലീഹ (16)
മണ്ണാർക്കാട് അലനല്ലൂരിൽ കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിന്റെ മകൾ മലീഹ കുഴഞ്ഞുവീണു മരിച്ചു. മണ്ണാർക്കാട് എംഇഎസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
എഡ്വിൻ ലിജോ (16)
തകഴി വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
ഹസൻ റാസ (10)
കാസർഗോഡ് സ്കൂൾ കായിക മത്സരത്തിനിടെയാണ് നാലാം ക്ലാസുകാരനായ ഹസൻ റാസ കുഴഞ്ഞുവീണു മരിച്ചത്. മംഗൽപാടി എൽപി സ്കൂൾ വിദ്യാർഥിയായിരുന്നു. ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെ തളർന്നുവീഴുകയായിരുന്നു.
സരുൺ സജി (20)
മാന്നാനം കെഇ കോളേജിലെ ബികോം അവസാന വർഷ വിദ്യാർഥിയായിരുന്ന മുടിയൂർക്കര പട്ടത്താനത്ത് സരുൺ സജി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. കൂട്ടുകാരുമായി സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സരുൺ കുഴഞ്ഞുവീഴുകയായിരുന്നു.
സിബി സേവ്യർ (45)
ഡ്യൂട്ടിക്ക് പോയ കെഎസ്ആർടിസി ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. പുതുപ്പള്ളി പെരുങ്കാവ് വാഴഞ്ഞറ സിബി സേവ്യറാണ് മരിച്ചത്. കോട്ടയം മാങ്ങാനത്തെ വീട്ടില്‍നിന്ന് കെഎസ്ആർടിസി ഡിപ്പോയിലേക്ക് ബൈക്കിൽ പോയ സിബി പെട്രോൾ തീർന്നതിനെത്തുടർന്ന് ബൈക്ക് തള്ളിക്കൊണ്ടുപോയ വഴി കുഴഞ്ഞുവീഴുകയായിരുന്നു.
ജുനൈസ് അബ്ദുള്ള( 46)
നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള നിയമസഭാ ജീവനക്കാരുടെ ഓണാഘോഷ പരിപാടിയിൽ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.
വൃന്ദ (20)
തിരുവനന്തപുരം വെങ്ങാനൂരിൽ നഴ്സിംഗ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകള്‍ വൃന്ദയാണ് മരിച്ചത്. വീട്ടിൽ ആഹാരം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
പ്രിൻസ് ലൂക്കോസ് (53)
കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് ട്രെയിനിൽ കുഴഞ്ഞുവീഴുകയായിരുന്നു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽ പോയി തിരികെയുള്ള യാത്രയിൽ തെങ്കാശിക്കു സമീപം വച്ചാണ് കുഴഞ്ഞുവീണത്. ഉടൻ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഴൂർ സോമൻ എംഎൽഎ( 72)
പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ പങ്കെടുക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഡോ. ഗാഡ് ലിൻ റോയ് (39)
ചെന്നൈയിൽ രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് യുവഡോക്ടർ ഗാഡ് ലിൻ റോയ് കുഴഞ്ഞുവീണു മരിച്ചത്. ചെന്നൈ സവിത മോഡിക്കൽ കോളജിലെ ഹൃദയശസ്ത്രക്രിയ വിദഗ്ധനായിരുന്നു ഡോ. ഗാഡ് ലിൻ റോയ്.
ഫിറ്റ്നെസ് സെന്ററിലും രക്ഷയില്ല
ആരോഗ്യപാലനത്തിനായി ജിമ്മിൽപോയി വർക്ക്ഔട്ട് ചെയ്യുന്നത് ഇന്ന് സാധാരണമായിരിക്കുന്നു. പക്ഷേ, അവിടെയും പെട്ടെന്നുള്ള മരണങ്ങൾ സംഭവിക്കുന്നുവെന്നത് യുവതലമുറയെ ഞെട്ടിക്കുകയാണ്. രാജ്യത്താകമാനം ഒന്നിനുപിറകേ ഒന്നായി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജിമ്മിൽ വ്യായാമം ചെയ്യുന്ന ഫിറ്റ് ശരീരമുള്ളവരെക്കുറിച്ചുള്ള പൊതുധാരണ മാറുകയാണ്. ഇവിടെയും പ്രായവ്യത്യാസമില്ല. ചെറുപ്പക്കാരും മധ്യവയസ്കരുമെല്ലാം ജിമ്മിൽ കുഴഞ്ഞുവീണു മരിക്കുന്നു.
എറണാകുളം മുളന്തുരുത്തിയിൽ രാജ് (42) പതിവായി ജിമ്മിൽ വർക്ക്ഔട്ട് നടത്തുന്നയാളായിരുന്നു. എന്നാൽ, വ്യായാമം തുടങ്ങി അരമണിക്കൂറിനുള്ളിൽ അദ്ദഹം കുഴഞ്ഞുവീണു മരിച്ചു. പരപ്പനങ്ങാടി ബാറിലെ അഭിഭാഷകനായിരുന്ന കെ.പി.എച്ച്. സുൽഫിക്കർ മരിച്ചതും ജിമ്മിലെ വർക്ക്ഔട്ടിനിടെയാണ്.
എറണാകുളം എളമക്കരയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. എളമക്കര ആർഎംവി റോഡ് ചിറക്കപറമ്പിൽ ശാരദാനിവാസിൽ അരുന്ധതിയാണ് (24) മരിച്ചത്. പതിവായി ജിമ്മിൽ പോയി വ്യായാമം ചെയ്യാറുള്ള ആളായിരുന്നു അരുന്ധതി. വ്യായാമം ചെയ്തു തുടങ്ങിയതിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്നുതന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ സൂചിപ്പിച്ച മരണങ്ങൾ ചില ഉദാഹരണങ്ങൾ മാത്രമാണ്. 2020നും 2025നുമിടയ്ക്ക് ഇത്തരം മരണങ്ങളുടെ നിരക്ക് രാജ്യത്താകമാനം ഗണ്യമായി വർധിക്കുകയാണ്. കേരളത്തിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ഓരോ ദിവസവും ഇത്തരം വാർത്തകളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. കോവിഡിനു ശേഷമുള്ള ആരോഗ്യ സാഹചര്യങ്ങളാണ് ഇതിനു കാരണമായി പല പഠനങ്ങളും വ്യക്തമാക്കുന്നത്. കോവിഡിനുശേഷം യുവാക്കളിലെ കുഴഞ്ഞുവീണു മരണനിരക്ക് കൂടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്തുകൊണ്ട് കുഴഞ്ഞുവീണു മരണം?
കുഴഞ്ഞുവീണു മരണത്തിനു കാരണങ്ങൾ നിരവധിയുണ്ട്. പ്രത്യക്ഷത്തിൽ ആരോഗ്യവാന്മാരായി തോന്നുന്നവർക്ക് ഇത് എന്തുകൊണ്ട് ഉണ്ടാകുന്നുവെന്ന സംശയവും ന്യായമാണ്. പക്ഷേ, എല്ലാം ചെന്നെത്തുന്നത് ഹൃദയതാളത്തിൽ തന്നെ. കുഴഞ്ഞുമരണങ്ങളിൽ ഭൂരിഭാഗവും ഹൃദയസ്തംഭനം മൂലമാണ്. കൊളസ്ട്രോളോ പ്രമേഹമോ പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാത്തവർക്കും ഈ അവസ്ഥയുണ്ടാകാം.
നമ്മുടെ ഹൃദയതാളമാണ് എല്ലാറ്റിലും പ്രധാനം. ഇതു തെറ്റുന്നതിനെ കാർഡിയാക് അറിതിമിയ (Cardiac Arrhythmia) എന്ന അവസ്ഥയിലേക്ക് എത്തിക്കും. പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്കു നയിക്കുന്നതിന് ഇതു പ്രധാനകാരണമാണ്. ഹൃദയത്തിന്റെ ഇടതു വെന്‍ട്രിക്കിള്‍ മിടിക്കുമ്പോഴാണ് രക്തം ഹൃദയത്തിലേക്കു പമ്പു ചെയ്യപ്പെടുന്നത്. ഇതിന്റെ താളം തെറ്റുമ്പോള്‍ ഹൃദയതാളവും തെറ്റുന്നു. ഹൃദയത്തിന്റെ മസിലുകള്‍ക്ക് വലിപ്പമേറുകയും മരണത്തിലേക്കു നയിക്കുകയും ചെയ്യും.
ശരീരത്തിലെ ഇലക്ട്രോളൈറ്റിക് പ്രവര്‍ത്തനമാണ് മറ്റൊരു പ്രധാന കാര്യം. ഇലക്ട്രോളൈറ്റുകളുടെ ധര്‍മം നിര്‍വഹിക്കുന്നത് സോഡിയം, പൊട്ടാസ്യം എന്നിവയാണ്. ഇതിലുണ്ടാകുന്ന വ്യതിയാനത്താലും കുഴഞ്ഞുവീഴാം. ശരീരത്തിലെ ജലാംശം കുറയുന്നത് സോഡിയം, പൊട്ടാസ്യം കുറവിലേക്കു നയിക്കാം.
പൊട്ടാസ്യം കൂടിയാലും ഹൃദയം പെട്ടെന്നുതന്നെ നില്ക്കുന്ന അവസ്ഥയുണ്ടാകും.അരോട്ടിക് സ്റ്റെനോസിസ് എന്ന അവസ്ഥയും ഇത്തരം മരണങ്ങള്‍ക്കു കാരണമാകാം. അരോട്ടിക് വാല്‍വ് ചുരുങ്ങി രക്തം ഹൃദയത്തിന് ആവശ്യത്തിനു ലഭിക്കാത്ത അവസ്ഥയാണിത്. പക്ഷേ, ഇവ എന്തുകൊണ്ട് ഇപ്പോൾ സാധാരണമായി എന്ന ചോദ്യത്തിന് കോവിഡ് അനന്തര പ്രതിഭാസം എന്നതിലേക്കാണ് ഗവേഷകർ എത്തുന്നത്.
യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയാളജി ഇതു സംബന്ധിച്ച് നടത്തിയ ഗവേഷണത്തിന്റെ ഫലം ആശങ്കയുളവാക്കുന്നതാണ്. കോവിഡ് ബാധിതർക്ക് ഹൃദ്രോഗ സാധ്യത മറ്റുള്ളവരേക്കാൾ വളരെക്കൂടുതലാണെന്ന് വിശദമായ പഠനങ്ങളിലൂടെ അവർ തെളിയിച്ചുകഴിഞ്ഞു. ഇതേക്കുറിച്ച് പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാറിന്റെ വീക്ഷണങ്ങൾ നാളെ.