District News
പത്തനംതിട്ട: അമീബിക് മസ്തിഷ്ക ജ്വരമെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ട സ്വദേശിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുനാ ട് സ്വദേശിയായ ടാപ്പിംഗ് തൊഴിലാളിക്കാണ് രോഗബാധ സംശയിക്കുന്നത്.
ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബുകളിൽ പരിശോധ നയ്ക്കായി അയച്ചിട്ടുണ്ട്.
Leader Page
മുൻ കാലങ്ങളിൽ സംസ്ഥാനത്തെ ആരോഗ്യമേഖല മികച്ചതായിരുന്നെന്ന പ്രസ്താവനയോട് കേരളത്തിലെ ആരും വിയോജിക്കില്ല. കാരണം, പ്രശസ്ത ഡോക്ടർമാർ ചികത്സയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിവന്നിരുന്നു. ഉയർന്ന യോഗ്യതയുള്ള പ്രശസ്തരായ ഡോക്ടർമാർ ധാരാളമുണ്ടായിരുന്ന സർക്കാർ ആശുപത്രികളിൽനിന്ന് സ്വകാര്യ ആശുപത്രികൾക്ക് കടുത്ത മത്സരവും ഉണ്ടായിരുന്നു.
ദുഃഖകരമെന്നു പറയട്ടെ, സാവധാനം നിലവാരത്തിലും കഴിവിലും ഇടിവ് വ്യാപിച്ചതോടെ സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. പല വിഭാഗങ്ങളിലും, കഴിവുള്ള മേൽനോട്ടത്തിന്റെയും ആവശ്യമായ അച്ചടക്കത്തിന്റെയും അഭാവം കാലക്രമേണ സ്ഥിതി വഷളാകാൻ കാരണമായി. നിരവധി രോഗികൾ ആയുർവേദ ആശുപത്രികളും മറ്റ് ബദൽ രീതികളും തെരഞ്ഞെടുക്കുന്നു. സർക്കാർ ആശുപത്രികളിൽ ആവശ്യമായ ഉപകരണങ്ങളുടെ അഭാവം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. കുടുംബത്തിന്റെ വരുമാനവുമായി പൊരുത്തപ്പെടാത്തത്ര ചെലവുകളാണെങ്കിലും നിരവധി രോഗികൾ മെച്ചപ്പെട്ട് പ്രവർത്തിക്കുന്ന ആശുപത്രികളിലേക്കു മാറി.
സ്വകാര്യ, പൊതുമേഖലകളിലെ ആരോഗ്യ സംരക്ഷണ നിക്ഷേപങ്ങൾ കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആരോഗ്യമേഖലയിൽ സന്തോഷകരവും പ്രശംസനീയവുമായ ഒരു സാഹചര്യം ഉറപ്പാക്കാൻ അധികാരികൾക്കുപോലും ബുദ്ധിമുട്ടായി. കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആരോഗ്യ ഇൻഷ്വറൻസും അപര്യാപ്തമാകുന്നതായി പലർക്കും അനുഭവപ്പെടുന്നു. എന്നാൽ, ഈ സാഹചര്യത്തിൽ ഭരണപക്ഷത്തെ ചിലർ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി ആശുപത്രികളുടെ അവസ്ഥയിൽ സംതൃപ്തരാണെന്ന് നടിക്കുന്നു. എന്നിരുന്നാലും, സർക്കാർ സഹായവും ധനവിഹിതവും ഉയർത്തുന്ന പ്രവണത കാണിക്കുന്നില്ല.
കൂടാതെ, വലിയ ആശുപത്രിക്കെട്ടിടങ്ങൾ പരിപാലിക്കേണ്ടതുണ്ട്. ജലവിതരണം, വൈദ്യുതി, ഡിജിറ്റൽ ഉപകരണങ്ങൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ടെലിഫോണുകൾ തുടങ്ങിയ സേവനങ്ങൾ നന്നായി പരിപാലിക്കേണ്ടതുണ്ട്. വലിയ കെട്ടിടങ്ങളുടെ കാര്യത്തിൽ ശരിയായ അറ്റകുറ്റപ്പണികളും പ്രധാനമാണ്. അത്തരം അറ്റകുറ്റപ്പണികൾ അവഗണിക്കുന്നത് കെട്ടിടങ്ങളുടെ തകർച്ചയിലേക്കു നയിക്കും.
ചില കെട്ടിടങ്ങൾ ഇതിനകംതന്നെ സുരക്ഷിതമായ അവസ്ഥയിലല്ല. കേരളത്തിലെ 134 ആശുപത്രിക്കെട്ടിടങ്ങൾ ഉപയോഗശൂന്യമോ യോഗ്യമല്ലാത്തതോ പൊളിക്കേണ്ടതോ ആണ്. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് ഒരാൾ മരിച്ചതിനെത്തുടർന്ന്, ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. എറണാകുളം ജില്ലയാണ് പട്ടികയിൽ ഒന്നാമത്, 41 ആശുപത്രി കെട്ടിടങ്ങൾ മോശം അവസ്ഥയിലാണ്; ഉപയോഗയോഗ്യമല്ലെന്ന് കണക്കാക്കപ്പെടുന്നു. ആലപ്പുഴയിൽ വിവിധ ആശുപത്രികളിലെ 37 കെട്ടിടങ്ങൾ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. വയനാടിന്റെ വിഹിതം 14 കെട്ടിടങ്ങളാണ്. റിപ്പോർട്ടുകൾ പ്രകാരം, മറ്റ് എല്ലാ ജില്ലകളിലും പൊളിച്ചുമാറ്റേണ്ടതോ ഉപയോഗയോഗ്യമല്ലെന്ന് കണക്കാക്കേണ്ടതോ ആയ പത്തിൽ താഴെ കെട്ടിടങ്ങളുണ്ട്. ഒരു കണക്ക് പ്രകാരം 225 കെട്ടിടങ്ങൾ തകരാനുള്ള സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സർക്കാർ എത്രയും വേഗം നടപടിയെടുക്കുന്നുവോ അത്രയും നല്ലത്.
നിലവിലെ അവസ്ഥയുടെ സൂചന
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 68 വർഷം പഴക്കമുള്ള മൂന്നുനില കെട്ടിടത്തിന്റെ ഒരു ഭാഗം ഈ മാസം മൂന്നിന് തകർന്നുവീണത് പലരെയും ഞെട്ടിച്ചു. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും കെട്ടിടത്തിന്റെ ഈ ഭാഗം ചിലർ ഉപയോഗിച്ചിരുന്നു. കെട്ടിടം തകർന്നതിനു തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജും സഹകരണമന്ത്രി വി.എൻ. വാസവനും ആശുപത്രി സന്ദർശിച്ചപ്പോൾ, ആശുപത്രിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അവരോടു പറഞ്ഞത്, തകർന്ന പ്രദേശം അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ്. രണ്ട് മുതിർന്ന മന്ത്രിമാരെ എങ്ങനെയാണ് തെറ്റായ വിവരങ്ങൾ അറിയിക്കാൻ കഴിയുക എന്നത് പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത് നിലവിലെ അവസ്ഥയുടെ സൂചന നൽകുന്നു. വാസ്തവത്തിൽ, രണ്ട് മന്ത്രിമാരെയും ശരിയായ വിവരം അറിയിച്ചിരുന്നെങ്കിൽ, രക്ഷാപ്രവർത്തനത്തിലെ കാലതാമസം ഒഴിവാക്കുകയും തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ (52) ജീവൻ രക്ഷിക്കുകയും ചെയ്യാമായിരുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
അധികാരികളുടെ അശ്രദ്ധ
അമേരിക്കയിൽനിന്ന് മടങ്ങിയെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രശ്നം പൂർണമായും പരിഹരിച്ച് പരിഹാര നടപടികൾക്ക് ഉത്തരവിടുമെന്ന് പലരും പ്രതീക്ഷിക്കുന്നു. വകുപ്പിൽ നേരിടുന്ന ചില പ്രശ്നങ്ങൾ അധികാരികൾ ശ്രദ്ധിച്ചില്ല. ഉപകരണങ്ങളുടെ കുറവും ഓപ്പറേഷൻ വിഭാഗത്തിലെ മറ്റു പ്രശ്നങ്ങളും അധികാരികളെയും ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചതായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. രോഗികൾതന്നെ ഉപകരണങ്ങൾ വാങ്ങിയതിനാൽ ചില കേസുകളിൽ ഓപ്പറേഷൻ നടത്താൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരായ ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും രോഗികൾക്കും തന്റെ വകുപ്പിനും വേണ്ടി താൻ അത് തുറന്നുപറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉപകരണക്ഷാമത്തെക്കുറിച്ച് സൂപ്രണ്ടിനോടും പ്രിൻസിപ്പലിനോടും പറഞ്ഞിട്ടുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവനെപ്പോലും ഇക്കാര്യം അറിയിച്ചിരുന്നു. പ്രിൻസിപ്പലിൽനിന്നും സൂപ്രണ്ടിൽനിന്നും നീതി ലഭിക്കാത്തതിനാണ് അദ്ദേഹം പ്രതികരിക്കാൻ തീരുമാനിച്ചത്.
ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്ന ‘ബുദ്ധിമാന്മാർ’
അദ്ഭുതകരമെന്നു പറയട്ടെ; തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ബുദ്ധിമാന്മാർ സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങളുടെ പ്രാധാന്യത്തെ വിലമതിക്കുന്നില്ല.കേരളത്തിൽ മൊത്തത്തിൽ ആരോഗ്യമുള്ള വ്യക്തികൾ ഉണ്ടായിരിക്കുക എന്നത് സംസ്ഥാനത്തിന് പ്രധാനമാണ്. എന്നാൽ, ആരോഗ്യവകുപ്പിന്റെ ബജറ്റ് നിർദേശങ്ങളുടെ പ്രധാന വിഷയത്തിൽപോലും ആവശ്യമായ ബഹുമാനവും പ്രാധാന്യവും നൽകുന്നില്ലെന്ന് തോന്നുന്നു. ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുമ്പോൾ, സെക്രട്ടേറിയറ്റിലെ നമ്മുടെ ബുദ്ധിമാന്മാർ ഒരു ദയയും കാണിക്കുന്നില്ല. കഴിഞ്ഞ വർഷം ബജറ്റ് വിഹിതം 401.24 കോടി രൂപയായിരുന്നു. 146.89 കോടി രൂപ വെട്ടിക്കുറയ്ക്കേണ്ടതുണ്ടെന്ന് ബുദ്ധിമാന്മാർ കണ്ടെത്തി. നമ്മുടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ളതായിരുന്നു ഈ വിഹിതം. മെഡിക്കൽ കോളജുകൾ നേരിടുന്ന ഇന്നത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം ഇതാണെന്ന് പലരും വിശ്വസിക്കുന്നു. ആരോഗ്യവകുപ്പിന്റെ വിഹിതത്തിൽനിന്ന് 62.11 കോടി രൂപ നഷ്ടപ്പെട്ടു. ലഭ്യമായ ഫണ്ട് 90.02 കോടിയായിരുന്നു. മാത്രമല്ല, രക്തബാങ്കിനായി അനുവദിച്ച 30 ലക്ഷം രൂപ 15 ലക്ഷമായി കുറച്ചു. ഇത് രക്തബാങ്കുകളുടെ പങ്കിനെ സാരമായി ബാധിച്ചു.
പിണറായി വിജയനെപ്പോലുള്ള ഒരു മുതിർന്ന സിപിഎം നേതാവ് എങ്ങനെയാണ് യാഥാസ്ഥിതിക ചിന്തകളിലേക്കും ആശയങ്ങളിലേക്കും നയങ്ങളിലേക്കും ആകർഷിക്കപ്പെടുന്നത് എന്ന് പലപ്പോഴും നാം ചിന്തിച്ചേക്കാം. ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആശയങ്ങൾ കേരളത്തിന്റെ ആരോഗ്യനയത്തെക്കുറിച്ചുള്ള പ്രതിച്ഛായയെ ജനങ്ങളുടെ മനസിൽ മാറ്റുമെന്ന് അദ്ദേഹം എങ്ങനെ കണ്ടെത്തി എന്നത് അമ്പരപ്പിക്കുന്നതാണ്. സെക്രട്ടേറിയറ്റിലെ ചുവപ്പുനാട കണ്ണൂരിലെ ആ മുതിർന്ന നേതാവിന്റെപോലും വിപ്ലവമനസിനെ നേർപ്പിക്കുകയാണെങ്കിൽ ആരും അതിശയിക്കേണ്ടതില്ല. ഒരുപക്ഷേ വിശദമായ പഠനം ആവശ്യമായി വന്നേക്കാം. പരസ്പരവിരുദ്ധമായ ആശയങ്ങളും തൊഴിലാളിവർഗ ചിന്തകളും എങ്ങനെ സംയോജിപ്പിച്ച് ഒരു നയമുണ്ടാക്കും എന്നതിനെക്കുറിച്ച് തീവ്രമായ പഠനം നടത്താതെ ഒരു നിഗമനത്തിലെത്തുന്നത് അന്യായമായിരിക്കും.
ചുരുക്കത്തിൽ, ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായുള്ള രാഷ്ട്രീയ ചിന്തകരുടെ പദ്ധതികൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ മനസിലേക്ക് പതിയുന്നില്ല. രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, രാഷ്ട്രീയ നേതാക്കൾ നടപ്പാക്കാൻ തീരുമാനിച്ച ആശയങ്ങളും പദ്ധതികളും സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ മനസിൽ ഒരു മാറ്റവും വരുത്തുന്നില്ല. തത്ഫലമായി, മാറ്റങ്ങൾ അത്ര എളുപ്പത്തിൽ കൊണ്ടുവരാനും വിപ്ലവകരമാക്കാനും കഴിയില്ല. സെക്രട്ടേറിയറ്റിലെ ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കുന്ന ചുവപ്പുനാട ജീവനക്കാരുടെ തലച്ചോറിനും ചിന്തയ്ക്കും അനുയോജ്യമാണെന്ന് തോന്നുന്നു.
Leader Page
വി.എൻ. വാസവൻ സഹകരണ, തുറമുഖം, ദേവസ്വം മന്ത്രി
ആതുരസേവനത്തിൽ കേരളത്തിന് എന്നുംഅഭിമാനകരമായ പ്രവർത്തനംനടത്തിയിട്ടുണ്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. അത് അവിടുത്തെ അത്യാധുനിക സൗകരങ്ങളിലൂടെ മാത്രം നേടാനായതല്ല, ഡോക്ടർമാരുടെയും ജീവനക്കാരുടെയും സമർപ്പിതമായ പ്രവർത്തനത്തിന്റെ ഫലംകൂടിയാണ്.
അതുല്യമായ നേട്ടങ്ങൾ
എൽഡിഎഫ് സർക്കാർ വന്ന് ഒമ്പതു വർഷത്തിനിടെ 1,165 കോടിരൂപയുടെ വികസനപദ്ധതികളാണ് 89 പദ്ധതികളിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടപ്പാക്കിയത്.
ഹൃദയമാറ്റ ശസ്ത്രക്രിയകൾ പത്തെണ്ണം വിജയകരമായി നടത്തി. കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യ മെഡിക്കൽ കോളജ് അത്തരം ഏഴെണ്ണം വിജയകരമായി നടത്തി. 233 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇവിടുത്തെ ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം നാലായിരത്തിലധികം ഇന്റവെൻഷണൽ റേഡിയോളജി പ്രൊസീജറും നൂറിലധികം മേജർ ന്യൂറോ ഇന്റർവെൻഷണൽ പ്രൊസീജറുകളും ചെയ്ത് ഇക്കാര്യത്തിൽ ഇന്ത്യയിൽത്തന്നെ മുൻപന്തിയിലെത്തി.
വർഷം രണ്ടായിരത്തിലധികം മേജർ ഓപ്പറേഷൻ ചെയ്യുന്ന ഹൃദയശസ്ത്രക്രിയാ വിഭാഗമാണ് ഇവിടെയുള്ളത് . ഓപ്പൺ ഹാർട്ട് സർജറി, പീഡിയാട്രിക് ഹാർട്ട് സർജറി, വാൽവ് മാറ്റിവയ്ക്കൽ എന്നിവ നടത്തുന്നതിൽ അസാമാന്യമികവ് പുലർത്തുന്നു. വർഷം ആയിരത്തിനുമേൽ മേജർ ഓപ്പറേഷൻ ചെയ്യുന്ന ന്യൂറോസർജറിവിഭാഗം.
വളരെ സങ്കീർണവും ചെലവേറിയതുമായ അയോർട്ടിക് അന്യൂറിസം ആൻഡ് അയോർട്ടിക് റൂട്ട്സർജറിയിൽ അഞ്ഞൂറിലധികം ശസ്ത്രക്രിയകൾ കഴിഞ്ഞ അഞ്ചു വർഷംകൊണ്ട്പൂർത്തിയാക്കിയ ഇന്ത്യയിലെ മൂന്നു പ്രധാന അയോർട്ടിക് സർജറി സെന്ററുകളിലൊന്നാണ് ഇവിടുത്തെ ഹൃദയശസ്ത്രക്രിയാ വിഭാഗം.
കഴിഞ്ഞ 10 വർഷംകൊണ്ട് ആയിരത്തിലധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്ത് ഇന്ത്യയിലെ ഏറ്റവുമധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്യുന്ന സെന്ററായി. കേരളത്തിൽ സർക്കാർ മേഖലയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ഇവിടെ പിറന്നു. ഗൈനക്കോളജിയിൽ മറ്റ് ആശുപത്രികളിൽനിന്ന് റഫർ ചെയ്യുന്ന, മരണത്തോട് മുഖാമുഖംനിന്ന 249 അമ്മമാരെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ചികിത്സിച്ചു ഭേദമാക്കി.
വിപുലമായ ചികിത്സാ സൗകര്യങ്ങൾ
പണിപൂർത്തിയായ എട്ടുനിലയുള്ള സർജിക്കൽ ബ്ലോക്ക്, നിർമാണംനടക്കുന്ന സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് എന്നിവ 526 കോടിരൂപയുടെപദ്ധതികളാണ്. സർജിക്കൽ ബ്ലോക്കിൽ 565 കിടക്കയും14 ഓപ്പറേഷൻ തിയറ്ററുമുണ്ട് .
സൂപ്പർ സ്പെഷലിറ്റി ബ്ലോക്കിൽ 365 കിടക്കയും12 ഓപ്പറേഷൻ തിയറ്ററുമുണ്ട്. 36 കോടിരൂപ മുടക്കി കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാംഘട്ടം പൂർത്തീകരിച്ചു. പത്തരക്കോടി രൂപ മുടക്കുള്ള സാംക്രമികരോഗ ചികിത്സാവിഭാഗം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി, അഞ്ച് നിലയുള്ള അത്യാഹിതവിഭാഗം കെട്ടിടം നിർമിച്ചത്.
നിരവധി പുനരുദ്ധാരണ പ്രവർത്തനങ്ങളുംആശുപത്രിയിൽ നടത്തി. ആർദ്രം പദ്ധതിയിൽ രണ്ടു ഘട്ടങ്ങളിലായി ഗൈനക്കോളജി വിഭാഗത്തിനായി 8.5 കോടിരൂപ മുടക്കി.
മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾക്ക് ഒന്നരക്കോടി, സിടി സിമുലേറ്ററിന് നാല് കോടി, പിജി റെസിഡൻസ് ക്വാർട്ടേഴ്സിന് 12.10 കോടി, വനിതകളുടെ 450 ബെഡ് ഹോസ്റ്റലിന് 12.24 കോടി, 13 ഐസൊലേഷൻ കിടക്കകൾക്ക് 16.5 കോടി, എംആർഐ ഡിഎസ് എ സംവിധാനത്തിന് 11.5 കോടി, ബേൺസ് ഐസിയു 16.9 കോടി, സ്കിൻ ലാബ് 4.8 കോടി, നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തിന് അഞ്ച് കോടിഎന്നിങ്ങനെ ചെലവഴിച്ചു.
ഏഴ് കോടിരൂപ മുടക്കി രണ്ടാമത്തെ കാത്ത് ലാബ് സ്ഥാപിച്ചു. പാരാമെഡിക്കൽ ഹോസ്റ്റലിന് ആറ് കോടി, എപ്പിഡമിക് വാർഡിന് ആറ് കോടി, 32 സ്ലൈസ് സിടി സ്കാനിന് 4.28 കോടി, ഫാർമസി കോളജിന് 27.2 കോടി എന്നിങ്ങനെ ചെലവഴിച്ചു. കുട്ടികളുടെആശുപത്രിയിൽ 6.5 കോടിരൂപയുടെപദ്ധതികൾ നടപ്പാക്കി.
മികവിന്റെ മുദ്രചാർത്തിയ അംഗീകാരങ്ങൾ
പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലൂടെ പാവപ്പെട്ട രോഗികൾക്ക്ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സ്ഥാപനത്തിനുള്ള ആരോഗ്യമന്ഥൻ പുരസ്കാരം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കാണ് ലഭിച്ചത്. 2022ലെ മെഡിസെപ് ബെസ്റ്റ് പെർഫോമറായി.
കോട്ടയം എംസിഎച്ച് തുടങ്ങിയ പദ്ധതികളും അനവധി. ആദ്യമായിട്രാൻസ്ജെൻഡർ ക്ലിനിക്ആരംഭിച്ചു. കേരളത്തിൽ ആദ്യമായി പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി എംഡിഎസ് കോഴ്സ് കോട്ടയം ദന്തൽ കോളജിൽ ആരംഭിച്ചു. സർക്കാർ തലത്തിലെ ആദ്യ കാർഡിയാക് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിച്ചു.
പ്രൈമറി ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ ഒന്നാമതും ആകെ ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുമെത്തി. കേരളശ്രീ പുരസ് കാരം ലഭിച്ചിട്ടുള്ള ഏറ്റവുംസമർഥനായ ഡോക്ടറാണ് സൂപ്രണ്ട് ടി.കെ. ജയകുമാർ.
മാസ് കാഷ്വാലിറ്റി കൈകാര്യം ചെയ്യുന്നതിൽ വിജയം
ദുരന്തസാഹചര്യങ്ങളിൽ മാസ് കാഷ്വാലിറ്റിയെ മികച്ചരീതിയിൽ കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളജ് ആശുപത്രിക്കു കഴിഞ്ഞിട്ടുണ്ട്. ഐങ്കൊമ്പ് ബസ് ദുരന്തം, ശബരിമല ദുരന്തം, കുമരകം ബോട്ടപകടം, നൂറിലധികം പേർ മരിച്ച പുല്ലുമേട് ദുരന്തം, തേക്കടി ബോട്ടപകടം തുടങ്ങി കൂട്ടിക്കൽ ഉരുൾപൊട്ടൽ വരെ എത്രയെത്ര സംഭവങ്ങൾ മെഡിക്കൽ കോളജ് മാസ് കാഷ്വാൽറ്റി കൈകാര്യം ചെയ്തു. ഇതിനെല്ലാം സാക്ഷിയായ എളിയ പൊതുപ്രവർത്തകനായിരുന്നു ഞാൻ. പ്രതിവർഷം പത്തേകാൽ ലക്ഷം ഒപിയും 1,10,000 ഐപിയുമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
മൂർഖന്റെ കടിയേറ്റ് ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച വാവ സുരേഷിനെ ഈ ആതുരാലയം ജീവിതത്തിലേക്കു മടക്കിയെത്തിച്ചത് ആരും മറന്നിട്ടുണ്ടാകില്ല.
അതിവേഗം ടീം രൂപീകരിച്ച് നടത്തിയ പ്രവർത്തനം കേരളം അത്ഭുതത്തോടെ നോക്കിനിന്നിരുന്നു. മറ്റൊരിക്കൽ, മണിപ്പാലിൽനിന്നുവരെ രക്ഷയില്ലെന്നു പറഞ്ഞ് തിരിച്ചയച്ച രോഗിയുടെ 43 കിലോ വരുന്ന ട്യൂമർ ഇവിടെ നീക്കംചെയ്തു.
ജൂലൈ മൂന്നിനുണ്ടായ ദുരന്തത്തിൽ ഡി. ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവം അതിദാരുണവും വേദനാജനകവുമാണ്. അന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മഹത്തായ ഈ ആരോഗ്യസ്ഥാപനത്തെ ആ അപകടം ഉപയോഗപ്പെടുത്തി തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം.
Leader Page
ആരോഗ്യവകുപ്പിന്റെയും അനുബന്ധ വിഭാഗങ്ങളുടെയും വിശദമായ പഠനമാണ് അടിയന്തരാവശ്യം. ഒപ്പം, ജനങ്ങൾക്കുവേണ്ടി കേരള സർക്കാരിനു കീഴിലുള്ള ആരോഗ്യസേവനപ്രവർത്തനം പുനഃസംഘടിപ്പിക്കുന്നതിനുള്ള ഗൗരവമായ ശ്രമം ആരംഭിക്കുകയും വേണം. ഫലപ്രദമായ ഒരു മാനേജ്മെന്റ് ഇല്ലെങ്കിൽ, പൊതുജനങ്ങൾക്ക് ശരിയായ വൈദ്യസഹായമെന്നത് വിദൂരസ്വപ്നമായേക്കാം.
ബജറ്റിൽ അനുവദിച്ച ഫണ്ടിൽ ഗണ്യമായ കുറവുണ്ടായി. യഥാർഥത്തിൽ 400 കോടി രൂപ അനുവദിച്ചിരുന്നിടത്ത്, 145 കോടി രൂപ വെട്ടിക്കുറച്ച് 254.35 കോടി രൂപയാണ് ഒടുവിൽ നൽകിയത്. കൂടാതെ, സാമ്പത്തിക വർഷാവസാനത്തോടെ മെഡിക്കൽ കോളജുകളുടെ വികസനത്തിനായി അനുവദിച്ച 217 കോടി രൂപ 157 കോടിയായും കുറച്ചു. ഫണ്ട് കുറച്ചതിനാൽ പല പദ്ധതികളും നടപ്പാക്കാൻ കഴിഞ്ഞില്ല. ജില്ലാതല ജനറൽ ആശുപത്രികൾക്കുപോലും സമാനമായ അവസ്ഥ നേരിടേണ്ടിവന്നു. ഡോ. ഹാരിസ് പറഞ്ഞതനുസരിച്ച്, അഞ്ചു മാസംമുമ്പ് ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങൾക്കായി മന്ത്രിക്ക് ഒരു പരാതി നൽകിയിരുന്നു.
പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. ഇത് രോഗികൾക്കു വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഗുരുതരമായ വിഷയമാണ്. ഈ പരാതിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അധികാരികളുടെ പക്കലുണ്ട്. ഉപകരണങ്ങൾ ലഭിച്ചില്ലെങ്കിൽ ശസ്ത്രക്രിയകൾ റദ്ദാക്കേണ്ടിവരും. പല കേസുകളിലും ഓർഡർ നൽകിയതിനുശേഷവും അതു ലഭിക്കാൻ മാസങ്ങളെടുക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങൾ രോഗികളെയും ഡോക്ടർമാരെയും ആശുപത്രികളെയും കുഴപ്പത്തിലാക്കും.
സിസ്റ്റത്തിന്റെ പരാജയമോ
സ്വകാര്യ ആശുപത്രികളെപ്പോലെ സർക്കാർ ആശുപത്രികളിൽ ആവശ്യമായ ഉപകരണങ്ങൾ ഉടനടി വാങ്ങാൻ കഴിയില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്. ഡോ. ഹാരിസ് ഉന്നയിച്ച പ്രശ്നം വിശദമായി പരിശോധിക്കും. ഇത് സിസ്റ്റത്തിന്റെ പരാജയമാണോ?
രോഗികൾക്ക് അടിയന്തരശ്രദ്ധ ആവശ്യമാണെന്ന് ഡോക്ടർമാർക്ക് തോന്നിയാൽ, സിസ്റ്റം സ്വയം തിരുത്തും. രോഗികളിൽനിന്നു പണം വാങ്ങാത്ത ഡോ. ഹാരിസ് അങ്ങനെയൊരു കഠിനാധ്വാനിയായ ഡോക്ടറാണെന്ന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി പറഞ്ഞതാണ്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, ബജറ്റ് വിഹിതം ഗണ്യമായി കുറയുകയും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനുള്ള അനുമതി വൈകുകയും ചെയ്താൽ, അത് ആശുപത്രിയുടെ പ്രതിച്ഛായയെയും ഡോക്ടർമാരുടെ മതിപ്പിനെയും മോശമായി ബാധിക്കും എന്നതാണ്.
എന്തായാലും, ഡോ. ഹാരിസിന്റെ ആവശ്യങ്ങൾ നാലംഗ വിദഗ്ധസമിതി പരിശോധിക്കും. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. ഡി. പദ്മകുമാർ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ഗോമതി, കോട്ടയം സർക്കാർ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കേടായ ലിത്തോക്ലാസ്റ്റ് പ്രോബ് കാരണം നാല് ശസ്ത്രക്രിയകൾ നടത്താൻ കഴിഞ്ഞില്ലെന്ന് ഡോ. ഹാരിസ് പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യുക്കേഷനിൽനിന്ന് റിപ്പോർട്ട് തേടി.
പ്രതിഷേധം ഫലിച്ചു
ഡോ. ഹാരിസിന്റെ പ്രതിഷേധത്തിന് ഗുണകരമായ പ്രതികരണമുണ്ടായി. ആവശ്യമായ ഉപകരണങ്ങൾ ആശുപത്രിയിലെത്തുകയും ശസ്ത്രക്രിയകൾ പുനരാരംഭിക്കുകയും ചെയ്തു. ജൂലൈ ഒന്നിന് ഹൈദരാബാദിൽനിന്ന് രണ്ട് യൂണിറ്റുകൾ എത്തി. വിഷയം പരിശോധിക്കാൻ നിയോഗിച്ച സമിതി പുതിയ ഉപകരണങ്ങൾ വാങ്ങേണ്ടത് അത്യാവശ്യമാണെന്നു കണ്ടെത്തുകയും ചെയ്തു.
കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷനും ഈ വിഷയത്തിൽ പ്രതിഷേധിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
അതേസമയം, ഡോ. ഹാരിസ് പ്രതികൂല റിപ്പോർട്ടുകളൊന്നുമില്ലാത്ത, ആത്മാർഥതയുള്ള സർക്കാർ ജീവനക്കാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവനകൾ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തുള്ള കേരള ആരോഗ്യമേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി. ചില പരാതികൾ ഉണ്ടായാൽ പോലും, നമ്മുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശത്രുക്കൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ അത് പരസ്യമാക്കരുത്.
ഇത്തരം കാര്യങ്ങൾ പരസ്യമാക്കുന്നത് സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് തെറ്റായ ചിത്രം നൽകും. എല്ലാം ശരിയാണെന്ന് ആർക്കും പറയാൻ കഴിയില്ല, എന്നാൽ കേരളത്തിലെ മെഡിക്കൽ കോളജുകളിൽ സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക ക്രമീകരണങ്ങൾ കാരണം ബുദ്ധിമുട്ടുള്ള കേസുകൾപോലും തൃപ്തികരമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇത് വിചിത്രം!
ഈ സംഭവങ്ങൾക്കുശേഷം ഡോ. ഹാരിസ് പത്ത് രോഗികളെ പരിശോധിച്ചു. അതിൽ ആറ് കേസുകളിലും പുതിയ ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്തു.ഡോ. ഹാരിസ് മാർച്ചിൽത്തന്നെ ഉപകരണങ്ങളുടെ കുറവ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ആശുപത്രി അധികൃതർ ജൂൺ 19ന് മാത്രമാണ് പർച്ചേസ് ഓർഡർ നൽകിയതെന്നാണ് വിവരം. ഇത് വിചിത്രമായി തോന്നുന്നു.
കോൺഗ്രസ് പ്രതിഷേധം
കോൺഗ്രസ് പാർട്ടി മെഡിക്കൽ കോളജുകൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ ആരോഗ്യമേഖലയിലെ തിരിച്ചടി പഠിക്കാൻ ഒരു യുഡിഎഫ് ഹെൽത്ത് കമ്മീഷനും രൂപീകരിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സയെയും ശസ്ത്രക്രിയകളെയും ഉപകരണങ്ങളില്ലാത്തത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും സത്യം പറഞ്ഞ ഡോ. ഹാരിസ് ധീരതയുടെ പ്രതീകമായി മാറിയെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ആരോഗ്യമേഖലയിലെ സർക്കാരിന്റെ നിഷ്ക്രിയത്വം പുറത്തുകൊണ്ടുവരാൻ തിരിച്ചടി ഭയന്നു പലരും പരസ്യമായി മുന്നോട്ടു വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതിനുപകരം, സർക്കാർ ന്യായീകരണങ്ങളിലും പിആർ മാനേജ്മെന്റ് പരിപാടികളിലുമാണു ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിആർ ജോലികളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതാണ് ആരോഗ്യമേഖലയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളെ കൂടുതൽ കാലം ബുദ്ധിമുട്ടിക്കാൻ കഴിയില്ല. എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നുകളുടെ കുറവ് ഗുരുതരമായ പ്രശ്നമാണ്. ആരോഗ്യമന്ത്രി പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. ആരോഗ്യമേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷം കേരള നിയമസഭയിൽ പറഞ്ഞതെല്ലാം ശരിയാണെന്നും തെളിഞ്ഞിരിക്കുന്നു. പ്ലാൻ ഫണ്ടും കുറയ്ക്കുകയാണെന്ന് സതീശൻ ആരോപിച്ചു.
സർക്കാർ ആശുപത്രികളിലെ ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സർക്കാർ ഉടനടി നടപടികൾ സ്വീകരിക്കണം. സ്വന്തം ആരോഗ്യപ്രശ്നങ്ങൾക്കായി സംസ്ഥാനത്തിനു പുറത്തുള്ള ആശുപത്രികളിലേക്കു പോകാൻ പൊതുജനങ്ങളെ നിർബന്ധിക്കരുത്.
Editorial
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്നു ഡോക്ടർ ചൂണ്ടിക്കാണിച്ചതും, പുറത്തുവരുന്ന മറ്റു സർക്കാർ ആശുപത്രികളിലെ പരിമിതികളുമൊക്കെ സർക്കാരിന്റെ വീഴ്ചയാണ്.
പക്ഷേ, അതു ചൂണ്ടിക്കാണിക്കുന്നവരോടുള്ള സർക്കാരിന്റെയും പാർട്ടിയുടെയും അസഹിഷ്ണുതയോടെയുള്ള പ്രതികരണങ്ങൾ ജനാധിപത്യത്തെക്കുറിച്ചുള്ള അവസരവാദങ്ങളെ തുറന്നുകാണിക്കുന്നു. കാരണം, യുപിയിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഇല്ലാതിരുന്നതിനാൽ കുട്ടികൾ മരിച്ചതിൽ യോഗി സർക്കാരിനെ വിമർശിച്ച ഡോ. കഫീൽഖാന്റെ സഹജീവിസ്നേഹത്തെ പിന്തുണച്ചവരെയൊന്നും ഇപ്പോൾ കാണാനില്ല.
അതേ സഹജീവി സ്നേഹം പ്രകടിപ്പിച്ച കേരളത്തിലെ ഒരു ഡോക്ടർ തന്റെ പ്രതികരണം പ്രഫഷണൽ ആത്മഹത്യയായിപ്പോയെന്നു വിലപിക്കുന്നു. സ്വന്തം സർക്കാരിലൊഴികെ മറ്റെല്ലായിടത്തും നടപ്പാക്കാനുള്ളതാണ് ജനാധിപത്യമെന്നത് അവസരവാദമാണ്. കേരളത്തിലെ ആരോഗ്യരംഗം ഇന്ത്യയിൽത്തന്നെ മികച്ചതാണെന്നതിൽ ആർക്കും സംശയമില്ല. പക്ഷേ, അത് അടുത്തയിടെ കൈവരിച്ച നേട്ടമല്ല.
ജനങ്ങളുടെയും മാധ്യമങ്ങളുടെയും, ഓരോ കാലത്തെയും പ്രതിപക്ഷത്തിന്റെയും ജാഗ്രതയ്ക്ക് അതിൽ പങ്കുണ്ട്. മാറിമാറി വന്ന സർക്കാരുകളുടെ വീഴ്ചകളെ ചൂണ്ടിക്കാണിച്ച ആ ജനാധിപത്യ പ്രതികരണബോധമാണ് കേരളത്തെ പലതിലും മുന്നിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വകുപ്പിൽ ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസൻ ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിവാദം തുടങ്ങിയത്.
അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത, രോഗികളോടു മാത്രം പ്രതിബദ്ധതയുള്ള ഡോക്ടർ ഹാരിസിനെ തള്ളിപ്പറയാൻ സർക്കാരിന് എളുപ്പമല്ലായിരുന്നു. അതുകൊണ്ട് ഒരടി പിന്നോട്ടു മാറി; ഉപകരണങ്ങൾ ആശുപത്രിയിലെത്തി. പക്ഷേ, തൊട്ടുപിന്നാലെ രണ്ടടി മുന്നോട്ടുവന്ന്, ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.
നേതാവിന്റെ താത്പര്യം അറിഞ്ഞു മാത്രം ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്ന പാർട്ടിക്കാരെല്ലാം പിന്നാലെ മൂന്നടി മുന്നോട്ടു വരുന്നതാണു കണ്ടത്. ഇനിയാരെങ്കിലും എത്ര ഗതികെട്ടാലും ജനപക്ഷത്തു നിൽക്കുമോ? കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെ ആശുപത്രിക്കെട്ടിടം തകർന്ന് സ്ത്രീ മരിച്ചത് സർക്കാർ എന്തെങ്കിലും ചെയ്തിട്ടാണോ എന്നല്ല, എന്തെങ്കിലും ചെയ്യാതിരുന്നിട്ടാണോ എന്നാണു ചോദിക്കേണ്ടത്.
എങ്കിൽ അതേയെന്ന് ഉത്തരം പറയേണ്ടിവരും. കാരണം, കെട്ടിടം നിലവിൽ ഉപയോഗിക്കാത്തത് ആയതിനാൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. അത് അവർക്ക് ഉദ്യോഗസ്ഥരിൽനിന്നു കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം. പക്ഷേ, അതന്വേഷിക്കണം. മരിച്ച സ്ത്രീയുടെ, ചികിത്സയിലുള്ള മകൾ പറഞ്ഞപ്പോഴാണ് തെരച്ചിൽ നടത്തിയതും കണ്ടെത്തിയതും. അപ്പോഴേക്കും രണ്ടര മണിക്കൂർ വൈകിയിരുന്നു.
ഒരു ജീവൻ പൊലിഞ്ഞു. തീർന്നില്ല, തകർന്നുവീഴാനിടയുള്ള ആ പഴഞ്ചൻ കെട്ടിടത്തിൽ പ്രവേശനം നിഷേധിച്ച് ഒരു ബോർഡുപോലും സ്ഥാപിച്ചിരുന്നില്ലെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞത്. അതുകൊണ്ട് രോഗികളും ഒപ്പമുള്ളവരുമൊക്കെ അവിടത്തെ ശുചിമുറിയുൾപ്പെടെ ഉപയോഗിച്ചിരുന്നു. അതെ, ഉദ്യോഗസ്ഥർ ചെയ്യേണ്ടതു ചെയ്യാതിരുന്നതിന്റെ ഫലമാണ് ഇന്നലത്തെ മരണം.
കെടുകാര്യസ്ഥതയുടെ ഈ സിസ്റ്റത്തെയാണ് തിരുവനന്തപുരത്തെ ഡോ. ഹാരിസും ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞദിവസത്തെ ദീപിക മുഖപ്രസംഗത്തിന്റെ തലക്കെട്ട് ആവർത്തിക്കുകയാണ്, സിസ്റ്റം ശരിയല്ലെങ്കിൽ ആരുടെ കുഴപ്പമാണ്?സർക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് അതിനെ വിമർശിക്കുന്നതു ശരിയാണോയെന്ന ചോദ്യവും ഗൗരവമുള്ളതാണ്.
ഒരു പാർട്ടിയുടെയോ സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഭാഗമായിരുന്നുകൊണ്ട് അതിനെ അനാവശ്യമായി പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നയാളെ പുറത്താക്കുന്നതുപോലെയല്ല, ജനാധിപത്യസർക്കാരിനെ വിമർശിക്കുന്നത്. സിസ്റ്റത്തിന്റെ മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ ജനങ്ങളുടെ കഷ്ടപ്പാട് സഹിക്കാനാവാതെയാണ് ഡോ. ഹാരിസ് പൊതുസമൂഹത്തിൽ തുറന്നുപറഞ്ഞത്. അദ്ദേഹം പറഞ്ഞതു ശരിയായിരുന്നെന്നു തെളിഞ്ഞു.
ഉപകരണങ്ങൾ ലഭ്യമാക്കിയതോടെ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. മറ്റെല്ലാ വഴികളും അടഞ്ഞിട്ടും ഒന്നും മിണ്ടാതെ സിസ്റ്റത്തിന്റെ ആനുകൂല്യങ്ങളും പറ്റി അലസനായിരുന്നെങ്കിൽ ഡോ. ഹാരിസ് സിസ്റ്റത്തിന്റെ നല്ലപിള്ളയാകുമായിരുന്നു. അത്തരമാളുകളും വിധേയരുമാണ് ഈ സിസ്റ്റത്തെ ഇവിടെയെത്തിച്ചത്. പക്ഷേ, അദ്ദേഹം ജനപക്ഷത്തു നിൽക്കാൻ ഒരു നിമിഷത്തേക്ക് സിസ്റ്റത്തെ മറന്നു.
ഇത് ജനാധിപത്യത്തിൽ കുറ്റമാണോയെന്ന ചർച്ച തുടരേണ്ടതുണ്ട്. 2018ൽ യുപി സർക്കാരിന്റെയും സിസ്റ്റത്തിന്റെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ, “സഹജീവികളോടുള്ള സ്നേഹമാണ് ഡോ. കഫീൽഖാനെപ്പോലുള്ളവർക്ക് എല്ലാറ്റിലും വലുത്”എന്നു പറഞ്ഞ മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണച്ചവരുമൊക്കെ ഡോ. ഹാരിസിനു നേർക്ക് ഒളിഞ്ഞും മറഞ്ഞും അന്പെയ്യുന്പോൾ കേരളം തലകുനിക്കുന്നതിലും ഒന്നാംനന്പറാകുകയാണ്.
ജനാധിപത്യത്തെ പാർട്ടിക്കൊടികളിൽ കെട്ടിയിടുന്നത് ഇത്തരം അവസരവാദങ്ങളാണ്. അത്തരം അവസരവാദ പ്രതിബദ്ധതയും വിധേയത്വവും ജനാധിപത്യത്തിന്റെ ഭാഗമേയല്ല. പറഞ്ഞുപറഞ്ഞ് ഡോ. ഹാരിസിന്റേതു വിശുദ്ധ പാപങ്ങളാണെന്നു സമർഥിക്കുന്നത് രാഷ്ട്രീയമായിരിക്കാം; ആടിനെ മറ്റു ജീവികളാക്കുന്നതുപോലെ. പക്ഷേ, അതിനു റാൻ മൂളലല്ല പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഉത്തരവാദിത്വം.
Leader Page
ജൂലൈ ഒന്ന്. ഡോക്ടർമാരുടെ ദേശീയദിനം. സമൂഹത്തിന് അവർ നൽകുന്ന സംഭാവനകൾ അംഗീകരിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യുന്ന ദിനം. സാധാരണക്കാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിൽ ആരോഗ്യ വിദഗ്ധർ നടത്തുന്ന സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമപ്പെടുത്തലായിട്ടാണ് ഈ ദിനം ആചരിക്കുന്നത്. പ്രശസ്ത ഡോക്ടറും വൈദ്യശാസ്ത്രരംഗത്തെ മാർഗദർശിയുമായ ഡോ. ബിദാൻ ചന്ദ്ര റോയിയുടെ (ഡോ. ബി.സി. റോയ്) സ്മരണാർഥമാണ് ഇന്ത്യയിൽ ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത്.
“Behind the mask caring for caregivers” എന്നതാണ് ഈ വർഷത്തെ ഡോക്ടേഴ്സ് ദിന സന്ദേശം. ചികിത്സയ്ക്കും ആരോഗ്യപ്രവർത്തനങ്ങൾക്കുമായി തങ്ങളുടെ സമയത്തിന്റെയും ജീവിതത്തിന്റെയും നല്ലൊരു ഭാഗവും മാറ്റിവയ്ക്കുന്ന ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. 340 ഓളം ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്ന കാരിത്താസ് ആശുപത്രി അതിന്റെ യശസിനും വിശ്വാസ്യതയ്ക്കും അവരോട് എക്കാലവും കടപ്പെട്ടിരിക്കുന്നു.
ഗ്രാമങ്ങളിലും നഗരങ്ങളിലുമായി നമ്മുടെ രാജ്യം നിരവധി ആരോഗ്യ സംരക്ഷണ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ അനുസരിച്ച്, ഇന്ത്യയിൽ മെഡിക്കൽ സ്പെഷലിസ്റ്റുകളും ഡോക്ടർമാരും ഉൾപ്പെടെ എല്ലാ ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങളുടെയും 75 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് ജനസംഖ്യയുടെ ഏകദേശം 25 ശതമാനം മാത്രം താമസിക്കുന്ന നഗരങ്ങളിലാണ്. സ്വകാര്യ ആശുപത്രികളും ഗുണമേന്മയുള്ള ആരോഗ്യപരിപാലനവും നഗരപ്രദേശങ്ങളിൽ മാത്രം ഒതുങ്ങുന്നു. ബാക്കിയുള്ള ഏകദേശം 75 ശതമാനംവരുന്ന 716 ദശലക്ഷത്തോളം ആളുകൾ പ്രാഥമിക ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ഇല്ലാതെയാണ് കഴിയുന്നതെന്ന് നാം തിരിച്ചറിയണം. മുഴുവൻ ജനങ്ങൾക്കും താങ്ങാവുന്ന നിരക്കിൽ ലോകോത്തര ആരോഗ്യചികിത്സ ലഭ്യമാക്കുക എന്നതാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കണക്കുകൾ പ്രകാരം നമ്മുടെ രാജ്യത്തെ ആശുപത്രി കിടക്കകളുടെ നിരക്ക് 1,000 പേർക്ക് 0.7 ആയിരുന്നു, ഇത് ലോകാരോഗ്യ സംഘടനയുടെ 1,000 പേർക്ക് 3.5 കിടക്കകൾ എന്ന മാർഗനിർദേശത്തേക്കാൾ വളരെ കുറവാണ്. ഈ വിടവ് നികത്താനുള്ള ഒരേയൊരു വഴി, മാറ്റങ്ങളിൽ ഊന്നൽനൽകുക എന്നതാണ്.
സാങ്കേതികവിദ്യയാണോ ഉത്തരം?
ഇന്ത്യയിൽ സമ്പൂർണ ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ സാങ്കേതികവിദ്യയും ആരോഗ്യസംരക്ഷണവും പരസ്പരം കൈകോർത്തു മുന്നോട്ട് പോകേണ്ടതുണ്ട്. അതു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് നല്ല വാർത്ത.നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ കൃത്രിമബുദ്ധി ഇന്ന് വളരെ സഹായകമാകുന്നു. ഇന്ത്യൻ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ ((IBEF) കണക്കനുസരിച്ച്, ഇന്ത്യൻ ആരോഗ്യ സംരക്ഷണ വ്യവസായം 2017ൽ 160 ബില്യൺ ഡോളറിൽനിന്ന് 2020ഓടെ 280 ബില്യൺ ഡോളറായി വളർന്നിട്ടുണ്ട്. ഈ വളർച്ച നേടാൻ കഴിഞ്ഞത് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടാണ്. ഇലക്ട്രോണിക് ഹെൽത്ത് റിക്കാർഡുകൾ (EHRS) നടപ്പിൽ വന്നതോടെ ആരോഗ്യ പരിചരണം മെച്ചപ്പെടുത്തുന്നതിനും നോട്ടപ്പിശകുകൾ കുറയ്ക്കുന്നതിനും ക്ലിനിക്കൽ കെയർ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും സാധിക്കും എന്നു നാം തിരിച്ചറിഞ്ഞു. പുതിയ കാലത്തെ ക്ലൗഡ് അധിഷ്ഠിത സൊലൂഷനുകളും മൊബൈൽ ആപ്പുകളും ആശുപത്രികളെയും രോഗികളെയും കൂടുതൽ കാര്യക്ഷമമായി ഒന്നിപ്പിക്കുന്നതിന് കാരണമായി. EHRകൾ വഴി ശേഖരിക്കുന്ന ഡാറ്റ, ഒരു നിശ്ചിത കാലയളവിൽ, ക്ലിനിക്കൽ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് അനലിറ്റിക്സ് മോഡലുകളെ കൂടുതൽ പരിഷ്കരിക്കാൻ സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചതോടെ, രോഗീപരിചരണമേഖലയിൽ സാങ്കേതികവിദ്യതന്നെ പ്രധാന പങ്ക് വഹിക്കാൻ തുടങ്ങി എന്നതാണ് വസ്തുത.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ഈ കാലഘട്ടത്തിൽ സാങ്കേതികവിദ്യ ആരോഗ്യമേഖലയെ വലിയതോതിൽ മുന്നോട്ടു നയിക്കുന്നുണ്ട്. വിട്ടുമാറാത്ത ജീവിത ശൈലീരോഗങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് മികച്ച പരിചരണം. അതിന് വേണ്ടതോ മികച്ച സാങ്കേതികവിദ്യയും. ആർട്ടിഫിഷൽ ഇന്റലിജൻസ് (AI), ഓട്ടോമേഷൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) തുടങ്ങിയ സാങ്കേതികവിദ്യകൾ ഇന്ന് ആരോഗ്യ സംരക്ഷണത്തിന്റെ മിക്കവാറും എല്ലാ മേഖലയിലും വ്യാപിച്ചിരിക്കുന്നു. എഐയുടെ അതുല്യമായ ശക്തി മനുഷ്യന്റെ കഴിവുകളെ പൂർത്തീകരിക്കുക മാത്രമല്ല, മനുഷ്യന്റെ പ്രവർത്തനത്തിന്റെ വ്യാപ്തി ഗണ്യമായി വികസിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവിക ഭാഷാ പ്രോസസിംഗ്, ഇന്റലിജന്റ് ഏജന്റ്സ്, കംപ്യൂട്ടർ വിഷൻ, മെഷീൻ ലേണിംഗ്, വിദഗ്ധ സംവിധാനങ്ങൾ, ചാറ്റ്ബോട്ടുകൾ, വോയ്സ് റെക്കഗ്നിഷൻ എന്നിവ ഉൾപ്പെടുന്ന എഐയുമായി ബന്ധപ്പെട്ട ചില സാധ്യതകൾ ആരോഗ്യമേഖലയ്ക്കു മുതൽക്കൂട്ടായി.
എഐ, ഓട്ടോമേഷൻ എന്നിവ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഹെൽത്ത് റിക്കാർഡുകളുടെ ഡാറ്റ മാനേജ്മെന്റ്. ഇത് എപ്പോൾ വേണമെങ്കിലും എവിടെയും വേഗമേറിയതും തടസമില്ലാത്തതുമായ ലഭ്യത സാധ്യമാക്കുന്നു. വിവരങ്ങൾ ശേഖരിക്കാനും സംഭരിക്കാനും പഠനവിധേയമാക്കാനും ഇപ്പോൾ തടസമില്ലാതെയായി. ലബോറട്ടറി പരിശോധനകൾ, എക്സ്റേകൾ, സിടി സ്കാനുകൾ, ഡാറ്റാ എൻട്രി എന്നിവ വിശകലനം ചെയ്യുന്നത് പോലെയുള്ള ചില നിരന്തര ജോലികൾ ചെയ്യാൻകൂടി ആർട്ടിഫിഷൽ ഇന്റലിജൻസ് ഇന്ന് ഉപയോഗിക്കുന്നുണ്ട്. വ്യക്തിഗത മെഡിക്കൽ വിവരങ്ങളെയും അനലിറ്റിക്സ് വഴി ശേഖരിച്ച വിവരത്തെയും അടിസ്ഥാനമാക്കി മെഡിക്കൽ കൺസൾട്ടേഷൻ നൽകാൻ ഇന്ന് ആപ്പുകൾ ഉപയോഗത്തിലുണ്ട്.
പരമ്പരാഗത ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ ഫാർമസൂട്ടിക്കൽസ് വികസിപ്പിക്കുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ പവർ പ്രോഗ്രാമുകൾ മരുന്നുനിർമാണ പ്രക്രിയയെ വലിയ തോതിലാണ് സഹായിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ മറ്റൊരു അപ്ലിക്കേഷനാണ് പ്രിസിഷൻ മെഡിസിൻ. എഐ പവർ ബോഡി സ്കാനുകൾക്ക് കാൻസറും രക്തക്കുഴലുകളുടെ രോഗങ്ങളും നേരത്തേ കണ്ടെത്താനും ജനിതകപരമായി ആളുകൾ അഭിമുഖീകരിക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രവചിക്കാനും കഴിയുന്ന തരത്തിലേക്ക് ഇന്ന് സാങ്കേതികവിദ്യ വളർന്നുകഴിഞ്ഞു. ഹെൽത്ത് കെയറിൽ, വ്യാപകമായി ഉപയോഗിക്കുന്ന കണക്റ്റുചെയ്ത ഉപകരണങ്ങളുടെയും സെൻസറുകളുടെയും ശക്തി അനാവരണം ചെയ്യുന്നതാണ് IoT. 2008ൽ, ബന്ധിപ്പിച്ച ഉപകരണങ്ങളുടെ എണ്ണം ഭൂമിയിലെ ജനസംഖ്യയേക്കാൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2030 ആകുമ്പോഴേക്കും 100 ബില്യൺ കണക്റ്റഡ് ഉപകരണങ്ങൾ ഭൂമിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവി കൃത്രിമബുദ്ധിയുടേതോ?
ഭാവിയിൽ ചെറിയ ക്ലിനിക്കുകൾ ഹോം ഹെൽത്ത് കെയർ, വലിയ അത്യാധുനിക ആശുപത്രികൾ എന്നിവയുമായി സഹകരിക്കുന്ന ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥയുടെ സമ്പൂർണ സ്പെക്ട്രത്തിനായിരിക്കും ഇന്ത്യ സാക്ഷ്യം വഹിക്കുക. ആശുപത്രികൾക്ക് പുറത്ത് കൂടുതൽ ഹോംകെയർ, ആംബുലേറ്ററി, എമർജന്റ് കെയർ സേവനങ്ങളിലേക്കാണ് കാലം വിരൽചൂണ്ടുന്നത്. രോഗശാന്തി എന്നതിൽനിന്ന് പ്രതിരോധ സമീപനത്തിലേക്കു ശ്രദ്ധ തിരിയും എന്നു നാം മനസിലാക്കണം. വ്യക്തിഗത IoT അടിസ്ഥാനമാക്കിയുള്ള ആരോഗ്യനിരീക്ഷണ ഉപകരണങ്ങൾ വ്യക്തികളുടെ ആരോഗ്യം ട്രാക്ക് ചെയ്യുന്ന രീതിതന്നെ മാറ്റും. ബ്ലോക്ക് ചെയിൻ പോലെയുള്ള സാങ്കേതികവിദ്യകൾ എങ്ങനെ EHRകൾ ജനകീയമാക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്നും പേയ്മെന്റുകൾ, ഇൻഷ്വറൻസ് തുടങ്ങിയ മറ്റ് സേവനങ്ങളുമായി അവയെ എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നും ഉടൻതന്നെ പുനർനിർവചിക്കും. ചികിത്സ, രോഗനിർണയം, ചികിത്സ എന്നിവയിൽ ഫിസിഷൻമാർ, ആരോഗ്യപ്രവർത്തകർ, പരിചരണം നൽകുന്നവർ എന്നിവരെ കൃത്രിമബുദ്ധി കൂടുതലായി സഹായിക്കും.
ഇൻജസ്റ്റബിൾ ഗുളിക മോണിറ്ററുകൾ, ബയോ സ്റ്റാമ്പുകൾ, പോഷകാഹാര സെൻസറുകൾ, അക ഡോക്ടർമാർ, 3D പ്രിന്റിംഗ് എന്നിവ കാലക്രമേണ ആരോഗ്യസംരക്ഷണ മേഖലയിൽ സാധാരണ ആപ്ലിക്കേഷനുകളാകും. ഒരു വളർച്ച കാൻസർ ആണോ എന്ന് നിർണയിക്കുന്നത് പോലെയുള്ള, പെട്ടെന്നുള്ള ഒരു തീരുമാനം ആവശ്യമായ ഡയഗ്നോസ്റ്റിക് വെല്ലുവിളികളിൽ എഐ ഡോക്ടർമാർ മനുഷ്യ ഡോക്ടർമാരേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുണ്ട്.
സാങ്കേതികവിദ്യ ആരോഗ്യമേഖലയുടെ അവിഭാജ്യഘടകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഉയർന്നുവരുന്ന വ്യക്തമായ ചോദ്യം ഒടുവിൽ ഡോക്ടറുടെ പങ്ക് യന്ത്രങ്ങൾ ഏറ്റെടുക്കുമോ എന്നതാണ്. ‘സാങ്കേതിക തൊഴിലില്ലായ്മ’ എന്ന് വിളിക്കപ്പെടുന്ന ഭയത്തെക്കുറിച്ച് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. ഓട്ടോമേഷൻ ഡോക്ടർമാരുടെ അന്ത്യം കുറിക്കുമെന്ന് ചിലർ വിശ്വസിക്കുമ്പോൾ, മറുഭാഗം വാദിക്കുന്നത്, ‘അക’യുടെ ഉപയോഗങ്ങളുടെയും കഴിവുകളുടെയും അമിതമായ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയുള്ള, പല തെറ്റിദ്ധാരണകൾ ഇതുമൂലം ഉണ്ടാകുമെന്നതാണ്. അതിനിടയിലെവിടെയോ ആയിരിക്കും യഥാർഥ വസ്തുത.
മെഷീനുകൾ ഒരിക്കലും ഫിസിഷന്മാരെ പൂർണമായും മാറ്റിസ്ഥാപിക്കില്ലെന്ന് പ്രത്യാശിക്കാം. പക്ഷേ, തീരുമാനമെടുക്കാനുള്ള ശക്തി ഉൾപ്പെടെയുള്ള മനുഷ്യന്റെ പല ജോലികളും തീർച്ചയായും സാങ്കേതികവിദ്യ ഏറ്റെടുക്കും. കൂടുതൽ വിജയം നേടുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിലാണ് ശക്തി. ചില കമ്പനികൾ ‘അക’യെ ‘ഓഗ്മെന്റഡ് ഇന്റലിജൻസ്’ എന്ന് വിളിക്കുന്നതിന്റെ കാരണം ഇതാണ്, ഇത് ‘അക’യുടെ പ്രധാന ഉദ്ദേശ്യം ഉത്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന മനുഷ്യരെ മാറ്റിസ്ഥാപിക്കുന്നതിനുപകരം സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ്.
കൃത്രിമബുദ്ധിയെ ഹൃദയപൂർവം സ്വീകരിക്കാം
ഒരു ആദർശ ലോകത്ത്, മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ഒരു നാളെ സൃഷ്ടിക്കാൻ യന്ത്രങ്ങളും മനുഷ്യരും ഒരുമിച്ച് നിലനിൽക്കേണ്ടിവരും. സാങ്കേതികവിദ്യയുടെ അതിപ്രസരം ആരോഗ്യ മേഖലയിൽ നിലവിലുള്ള കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മുഖം നഷ്ടപ്പെടുത്തുന്നില്ല എന്നുറപ്പുവരുത്തേണ്ടത് ഈ രംഗത്തു നിൽക്കുന്ന ഓരോരുത്തരുടെയും കടമയാണ്. രോഗസ്ഥരായ മനുഷ്യർക്ക് ഡോക്ടർ ദൈവത്തിന്റെ പ്രതിരൂപമാണ്. ഒരു സാങ്കേതികവിദ്യ കൊണ്ടും മറികടക്കാൻ കഴിയാത്തതാണ് ആ ബന്ധം. അതുകൊണ്ടുതന്നെ ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ നല്ല വശങ്ങളും ഉപയോഗിക്കുമ്പോഴും കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ കരസ്പർശംകൂടി അതിൽ ഉണ്ടാകണം. ആധുനിക സംവിധാനങ്ങളെ ആശ്രയിക്കുമ്പോൾതന്നെ മാനവികതയുടെയും കരുണയുടെയും ഹൃദയപൂർവമായ ജാഗ്രത കാത്തുസൂക്ഷിക്കാൻകൂടി ആരോഗ്യരംഗത്തിനു കഴിയണം. കർമനിരതമായ ആതുരസേവനം വ്രതമാക്കിയ ആരോഗ്യപ്രവർത്തകർ രാജ്യത്തിന്റെ മുതൽക്കൂട്ടാണ്. ആരോഗ്യപ്രവർത്തകരെ പിന്തുണയ്ക്കുകയും ആരോഗ്യ അവബോധം മെച്ചപ്പെടുത്തുകയും ആരോഗ്യ പ്രവർത്തകരെ അന്തസോടെ തൊഴിൽ ചെയ്യാൻ അനുവദിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഒപ്പം ഡോക്ടർ-രോഗീ ബന്ധത്തിലെ വിശ്വാസവും സഹാനുഭൂതിയും ശക്തിപ്പെടുത്താനും നമുക്ക് കഴിയണം.