കൊച്ചി:സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് കോളറ സ്ഥിരീകരിച്ചത്. ഈ മാസം 25നാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതര സംസ്ഥാനത്തു നിന്ന് എത്തി വൈകാതെ തന്നെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാളെ എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കോളറ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസ് വ്യക്തമാക്കി. ഇയാളുമായി ബന്ധപ്പെട്ട വ്യക്തികളെ അടക്കം പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കോളറ രോഗബാധയാണിത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ 63കാരൻ ഇക്കഴിഞ്ഞ ഏപ്രിലിൽ കോളറ മൂലം മരിച്ചിരുന്നു.
ഇതിനു പിന്നാലെ കുട്ടനാട് തലവടി സ്വദേശിയായ 48കാരൻ ഈ വർഷം മേയിൽ മരിച്ചത് കോളറ ബാധിച്ചാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാലാണ് മരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
കഴിഞ്ഞ വർഷം പന്ത്രണ്ടോളം കോളറ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിിലെ ഒരു സ്പെഷൽ സ്കൂൾ ഹോസ്റ്റൽ അന്തേവാസി 2024 ജൂലൈയിൽ കോളറ ബാധിച്ച് മരിച്ചിരുന്നു.