Kerala
കോഴിക്കോട്: ചേവരമ്പലത്ത് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 40 പവനോളം ആഭരണങ്ങൾ മോഷ്ടിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം.
സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു മോഷണം. സിസി ടിവി ദൃശ്യങ്ങൾ പ്രകാരം പുലർച്ചെ 1.55 ഓടെയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചത്.
വീടിനു മുൻവശത്തെ വാതിൽ തുറന്നാണ് അലമാരയിലും മേശയിലുമായി സൂക്ഷിച്ച 40 പവനോളം മോഷ്ടിച്ചത്. ഈ മാസം പതിനൊന്നാം തീയതി മുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. സ്വദേശമായ തിരുവനന്തപുരത്തേക്കു പോയിരിക്കുകയായിരുന്നു ഗായത്രി. ഇന്ന് ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
രണ്ടാഴ്ചക്കിടെ ചേവായൂർ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ മോഷണമാണിത്. ആളില്ലാത്ത വീട്ടിൽ നിന്ന് 20 പവനോളം സ്വർണം അടുത്തിടെ കവർന്നിരുന്നു.
District News
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ ക്ഷീണത്തിനു ശേഷം വീണ്ടും ഉണർന്ന് സ്വർണവില. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 84,240 രൂപയിലും ഗ്രാമിന് 10,530 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ ഉയർന്ന് 8,655 രൂപയിലെത്തി.
സംസ്ഥാനത്ത് റിക്കാർഡ് കുതിപ്പിനു ശേഷം രണ്ടുദിവസം സ്വർണവില താഴേക്കിറങ്ങിയിരുന്നു. ബുധനാഴ്ച പവന് 240 രൂപയും വ്യാഴാഴ്ച 680 രൂപയുമാണ് കുറഞ്ഞത്. അതിനുമുമ്പ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണവില രണ്ട് തവണകളിലായി ഉയർന്നിരുന്നു. ചൊവ്വാഴ്ച രാവിലെ പവന് 920 രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില ഉയർന്നതോടെ ഉച്ചയ്ക്ക് 1000 രൂപ വർധിക്കുകയാണുണ്ടായത്. പവൻവില ചരിത്രത്തിൽ ആദ്യമായി 83,000 രൂപയും 84,000 രൂപയും ഭേദിച്ചതും ചൊവ്വാഴ്ചയായിരുന്നു. തിങ്കളാഴ്ച രണ്ടു തവണയായി സ്വർണവില 680 രൂപ വർധിച്ചിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തിൽ 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ടു. വൻകുതിപ്പ് ദൃശ്യമായ 23ന് രണ്ടുതവണയായി 1,920 രൂപ കൂടിയതോടെ ഒരേ ദിവസം 83,000 രൂപയും 84,000 രൂപയും പിന്നിട്ട് ചരിത്രംകുറിച്ചു.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് ഏഴു ഡോളർ ഉയർന്ന് 3,747 ഡോളറിലെത്തിയതോടെയാണ് ആഭ്യന്തരവിപണിയിലും വില ഉയർന്നത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് 144 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Kerala
കൊച്ചി: ചരിത്രം കുറിച്ച് സ്വർണവില ഗ്രാമിന് 10,000 രൂപയും പവന് 80,000 രൂപയും കടന്നു. ഗ്രാമിന് 125 രൂപ വർധിച്ച് 10,110 രൂപയും, പവന് 1,000 രൂപ വർധിച്ച് 80,880 രൂപയുമായി.
എക്കാലത്തെയും ഉയർന്ന വില നിലവാരത്തിൽ ആണ് ഇന്ന് സ്വർണം. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് 1.15 കോടി രൂപയായി.
National
മുംബൈ: സ്വർണവില വളരെയേറെ ഉയർന്നുവെന്ന വിവരമറിയാതെ 1120 രൂപയുമായി മാല വാങ്ങാനെത്തിയ വൃദ്ധദന്പതികൾക്കു സൗജന്യമായി സ്വർണ നെക്ലേസ് നൽകി ജ്വല്ലറിയുടമയുടെ കരുതൽ. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ വിദൂര ഗ്രാമത്തിൽനിന്നുള്ള 93കാരനാണ് രണ്ടു ദിവസം മുന്‍പ് ഭാര്യയ്ക്കൊപ്പം ഛത്രപതി സംഭാജിനഗർ (ഔറംഗാബാദ്) നഗരത്തിലെ ഗോപിക ജ്വല്ലറിയിൽ സ്വർണമാല വാങ്ങാനെത്തിയത്. ഭാര്യയുടെ കൈപിടിച്ചാണു വൃദ്ധൻ ജ്വല്ലറിയിലേക്ക് എത്തിയത്.
ഇരുവരുടെയും ആവശ്യം ചോദിച്ചറിഞ്ഞ സെയിൽസ് മാൻ നെക്ലേസിന്റെ ശേഖരം കാണിക്കുകയും അതിലൊന്ന് ദന്പതികൾ തെരഞ്ഞെടുക്കുകയും ചെയ്തു. എത്ര രൂപ കൈവശമുണ്ടെന്നു സെയിൽസ് മാൻ ചോദിച്ചപ്പോൾ കൈവശമുണ്ടായിരുന്ന 1120 രൂപ വൃദ്ധൻ എടുത്തുകാട്ടി. ഇതേയുള്ളോയെന്നു ചിരിച്ചുകൊണ്ടു ചോദിച്ചപ്പോൾ വൃദ്ധൻ പോയി തന്റെ ബാഗിൽനിന്ന് കുറേ നാണയങ്ങൾ കൊണ്ടുവന്നു. ഇതെല്ലാം സിസിടിവിയിലൂടെ ജ്വല്ലറി ഉടമ വീക്ഷിക്കുന്നുണ്ടായിരുന്നു.
വൃദ്ധദന്പതികളുടെ കരുതലിലും ഊഷ്മള ബന്ധത്തിലും ആകൃഷ്ടനായ അദ്ദേഹം ഇവർക്കരികിൽ എത്തുകയും പ്രതീകാത്മകമായി കേവലം 20 രൂപ മാത്രം വാങ്ങി സ്വർണം നൽകി വൃദ്ധദന്പതികളെ പറഞ്ഞയയ്ക്കുകയുമായിരുന്നു. ആദ്യമൊന്ന് അന്പരന്ന ദന്പതികൾ ജ്വല്ലറിയുടമയുടെ കരുണയിൽ ഒരുവേള കണ്ണീർ വാർക്കുകയും ചെയ്തു. വൃദ്ധദന്പതികളുടെ പരസ്പരമുള്ള കരുതലും സ്നേഹവും തന്നെ ആകർഷിച്ചെന്നും ജീവിതസായന്തനത്തിലും നിരവധി പ്രതിസന്ധികൾ തരണം ചെയ്താണു അവർ മുന്നോട്ടുപോകുന്നതെന്നും ജ്വല്ലറിയുടമ പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചു. മൂത്ത മകൻ നേരത്തേ മരിച്ചു. ഇളയമകൻ മദ്യപാനിയാണ്. ദന്പതികൾ തനിച്ചാണു താമസം. എങ്കിലും ഉള്ളതുകൊണ്ട് സംതൃപ്തരായി സന്തോഷകരമായ ദാന്പത്യജീവിതമാണ് ഇരുവരും നയിക്കുന്നതെന്നും ജ്വല്ലറിയുടമ പറഞ്ഞു. വൃദ്ധദന്പതികൾ ജ്വല്ലറിയിലേക്ക് എത്തുന്നതും സ്വർണമാല തെരഞ്ഞെടുക്കുന്നതും കൈവശമുണ്ടായിരുന്ന പണം നൽകുന്നതുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.