പൂവച്ചൽ: റോഡ് പണിയിലെ അപാകത കാരണം രണ്ടേക്കറോളം കൃഷിയിടം മഴയിൽ വെള്ളം കയറി നശിച്ചതായി പരാതി. കൊണ്ണിയൂരിൽ നിന്നും പൊന്നെടുത്തകുഴി റോഡിലേക്ക് കയറുന്ന വഴിയിൽ പഞ്ചായത്ത് കിണറിന് സമീപത്തുള്ള പന്നിക്കുറ്റി, കുളത്തടി, മേലെമണ്ണറ, മണ്ണറ തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായത്. സീമ, പ്രേമകുമാരി, ഗിരീശൻ, ശശികലാ ദേവി, അനിൽ പ്രസാദ്, ശ്രീജിത്ത് എന്നിവരുടെ സ്ഥലങ്ങളാണ് കൃഷി ചെയ്യാൻ സാധിക്കാത്തവിധം നശിച്ചത്. കൊണ്ണിയൂർ ജുമാ മസ്ജിദിൽ നിന്നും കാപ്പിക്കാട്ടേയ്ക്കു പോകുന്ന റോഡിന്റെ നിർമാണവേളയിൽ സമീപത്തെ കൈത്തോട് നികത്തിയിരുന്നു.
തോട്ടിലേക്ക് ഒലിച്ചുവരുന്ന വെള്ളം ഒഴുകിപ്പോകാൻ ഓട നിർമിക്കുമെന്ന് അധികൃതർ അന്ന് പറഞ്ഞെങ്കിലും പിന്നീടതുണ്ടായില്ല. നെൽക്കൃഷി ചെയ്തിരുന്ന പ്രദേശങ്ങൾ റോഡ് വന്നതിനുശേഷം വെള്ളംകയറി മുങ്ങിയിരുന്നു. തുടർന്ന് കർഷകർ നെൽക്കൃഷി നിർത്തി. പിന്നീട് വാഴയും തെങ്ങും കവുങ്ങുമൊക്കെ വച്ചുപിടിപ്പിച്ചെങ്കിലും ഓരോ മഴക്കാലത്തും ഇവിടേക്ക് വെള്ളം കുത്തിയൊഴുകും.
വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകില്ലെന്ന് കർഷകർ പറയുന്നു. പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് പോകാനുള്ള ചാലുകൾ ചിലർ അടച്ചിരിക്കുന്നതും പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്.ഈ വിവരങ്ങൾ കാണിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കർഷകർ ആരോപിച്ചു.