ക്ഷീണിക്കുന്ന ക്ഷീര ജീവിതം-3
2024-25 സാമ്പത്തികവര്‍ഷത്തില്‍ ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയുടെ (എംഎസ്ഡിപി) ഫയലുകള്‍ പരതിയാല്‍ അശ്വതി എന്നൊരു യുവ ക്ഷീരകര്‍ഷകയുടെ കണ്ണീര്‍പ്പാടുകള്‍ കാണാം. എംഎസ്ഡിപിയില്‍ ഉള്‍പ്പെട്ട സ്മാര്‍ട്ട് ഡയറി യൂണിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷകരില്‍ അടൂര്‍ കടമ്പനാട് സ്വദേശിനി അശ്വതിയും ഉണ്ടായിരുന്നു.
പത്തു പശുക്കളും അവയുടെ പരിപാലനത്തിനുള്ള അനുബന്ധ സാമഗ്രികളും ലഭിക്കുന്ന യൂണിറ്റിനായിരുന്നു അപേക്ഷ. ക്ഷീരശ്രീ പോര്‍ട്ടലില്‍ നല്കിയ അപേക്ഷയും ജില്ലാ ക്ഷീരവികസന ഓഫീസറും പറക്കോട് ബ്ലോക്ക് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും പദ്ധതി നടപ്പാക്കുന്ന സ്ഥലത്തെത്തി നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ടുകളും പരിഗണിച്ച് സബ്സിഡി അനുദിക്കാമെന്ന് അറിയിച്ചു. 11.60 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവു വരുന്നത്. ഇതില്‍ 4.60 ലക്ഷം എംഎസ്ഡിപി പദ്ധതി വഴി രണ്ടു മാസത്തിനുള്ളില്‍ സബ്സിഡിയായി ലഭിക്കുമെന്നായിരുന്നു അറിയിപ്പ്.
സബ്സിഡി തുക പദ്ധതിക്കായി വായ്പയെടുക്കുന്ന ബാങ്കിലേക്കാണ് സര്‍ക്കാര്‍ നല്‍കുക. വായ്പയെടുത്തും പലരില്‍നിന്നായി കടം വാങ്ങിയും കിട്ടിയ തുക ഉപയോഗിച്ച് അശ്വതി പത്തു പശുക്കളെയും കറവയന്ത്രം, പുല്ല് കട്ടര്‍, റബര്‍മാറ്റ് തുടങ്ങിയവയും വാങ്ങി. ഒപ്പം, ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചു.
ഇതിനെല്ലാം ശേഷമാണ് സബ്സിഡി തുക ലഭിക്കില്ലെന്ന അറിയിപ്പു കിട്ടിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പദ്ധതിക്കായി വകയിരുത്തിയ പ്ലാന്‍ ഫണ്ട് ആ വര്‍ഷം വെട്ടിക്കുറച്ചതോടെ അശ്വതിക്കു ലഭിക്കേണ്ട സഹായം നിഷേധിക്കപ്പെട്ടു. ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് സ്മാര്‍ട്ട് ഡയറി ഫാം യൂണിറ്റ് ആരംഭിക്കുകയും വായ്പയെടുക്കുകയും ചെയ്തതാണ് അശ്വതി. കാര്യങ്ങള്‍ താളം തെറ്റിയപ്പോള്‍ വായ്പയുടെ തിരിച്ചടവും താറുമാറായി.
അതേസമയം, എംഎസ്ഡിപി പദ്ധതിയില്‍ അപേക്ഷിച്ചവര്‍ക്കുള്ള ബാങ്ക് ഇന്ററസ്റ്റ് സബ്വെന്‍ഷന്‍ സ്കീമില്‍ (ബിഐഎസ്എസ്) ഉള്‍പ്പെടുത്തി ബാങ്ക് വായ്പയുടെ പലിശ ധനസഹായമായി ലഭിക്കാന്‍ അശ്വതിക്ക് അവസരമൊരുക്കിയിട്ടുണ്ടെന്നാണ് ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
പദ്ധതികളേറെ, പക്ഷേ...
സംസ്ഥാനത്തു പാലുത്പാദനരംഗത്ത് സ്വയംപര്യാപ്തത നേടാനും ഉത്പാദനം വര്‍ധിപ്പിക്കാനും ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് എത്രമാത്രം ഗുണകരമാകുന്നുണ്ടെന്ന സംശയമാണ് ക്ഷീരമേഖലയിലുള്ളവര് ഉന്നയിക്കുന്നത്.
ഉത്പാദനച്ചെലവ് കൂടുന്നതും അതനുസരിച്ചു വരുമാനം ലഭിക്കാത്തതുമാണ് ക്ഷീരകര്‍ഷകര്‍ നേരിടുന്ന അടിസ്ഥാന പ്രശ്നം. കാലിത്തീറ്റ സബ്സിഡി, തീറ്റപ്പുല്‍കൃഷി വ്യാപനത്തിനുള്ള പദ്ധതികള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി, ക്ഷീരസാന്ത്വനം, മില്‍ക്ക് ഷെഡ് വികസനം, പുല്‍കൃഷി വികസനം, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികള്‍ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നുണ്ട്. 20 സെന്റിന് മുകളിലേക്കുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളംകൃഷി, എന്നീ പദ്ധതികളും പുല്‍കൃഷിക്കു വേണ്ടിയിട്ടുള്ള യന്ത്രവത്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി.
ഡയറി ഫാമുകളുടെ ആധുനികവത്കരണവും യന്ത്രവത്കരണവും, കയര്‍ മത്സ്യബന്ധന മേഖലകള്‍ക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, അഞ്ചു പശു യൂണിറ്റ്, രണ്ടു പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികള്‍, യുവജനങ്ങള്‍ക്കായി പത്തു പശു അടങ്ങുന്ന സ്മാര്‍ട്ട് ഡയറി ഫാം പദ്ധതി, മില്‍ക്കിംഗ് മെഷീന് വാങ്ങുന്നതിനു ധനസഹായം, തൊഴുത്ത് നിര്‍മാണ ധനസഹായം എന്നിവ ഉള്‍പ്പെടുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതികളും വകുപ്പിനു കീഴിലുണ്ട്.
സബ്സിഡി വേണ്ട, പാലിനു വില തരൂ
“ക്ഷീരകര്‍ഷകര്‍ക്കു സബ്സിഡി എന്ന പേരില്‍ പ്രഖ്യാപിക്കുന്നതു പലതും ഫലപ്രദമായി ലഭിക്കുന്നൊന്നുമില്ല. സബ്സിഡിയും പദ്ധതികളുമല്ല, കര്ഷകന് അവരുത്പാദിപ്പിക്കുന്ന പാലിനു ന്യായമായ വിലയാണു ലഭിക്കേണ്ടത്.” ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തി 17 വര്‍ഷമായി കാലികളെ വളര്‍ത്തുന്ന കോട്ടയം കുറവിലങ്ങാട് വട്ടമുകളേല്‍ ബിജുമോന് തോമസിന്റേതാണു വാക്കുകള്‍. എംഎസ്ഡിപി ഉള്‍പ്പെടെ പല പദ്ധതികളുടെയും നേട്ടം പൂര്‍ണമായി കര്‍ഷകരിലേക്കെത്തുന്നില്ല.
കര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തണമെന്നും അവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. അതില്ലാത്തവരും ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുണ്ട്. പശുവിനെ വാങ്ങാതെ അവയ്ക്കുള്ള സബ്സിഡി തരപ്പെടുത്തിക്കൊടുക്കുന്ന സംഭവങ്ങള്‍ പോലും അറിയാം.
യഥാര്‍ഥത്തില്‍ പശുവിനെ വളര്‍ത്തുന്ന കര്ഷകന് അതിനുള്ള ചെലവിന് ആനുപാതികമായ വരുമാനം ലഭിക്കുകയാണ് പ്രധാനം. അറുപതു രൂപയോളം ഉല്പാദന ചെലവുണ്ടാകുമ്പോള്‍ 42 രൂപ കിട്ടിയാല്‍ എങ്ങനെ മുന്നോട്ടു പോകാനാകും.-ബിജുമോന് തോമസ് ചോദിക്കുന്നു.
120 കറവപ്പശുക്കളും 60 കിടാരികളുമായി 180 പശുക്കള്‍ ബിജുമോന്റെ ഫാമിലുണ്ട്. പ്രതിദിനം 1500 ലിറ്റര്‍ പാല് ലഭിക്കും. കോട്ടയം ജില്ലയില്‍ ഏറ്റവുമധികം പാല് അളക്കുന്ന കര്‍ഷകനുള്ള പുരസ്കാരമുള്‍പ്പടെ ക്ഷീരമേഖലയിലെ പ്രവര്‍ത്തന മികവിനു പലവട്ടം അംഗീകാരങ്ങള്‍ ബിജുമോനെ തേടിയെത്തിയിട്ടുണ്ട്.
ബിജുമോനെപ്പോലെ വലിയ തോതില്‍ പശുവളര്‍ത്തുന്ന നിരവധി പേര് സംസ്ഥാനത്തുണ്ട്. വലിയ ലാഭമുള്ള സംരംഭം എന്നതിനേക്കാള്‍ ഈ മേഖലയോടുള്ള ആഭിമുഖ്യമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. അവര്‍ മുതല്‍ ഒന്നോ രണ്ടോ പശുവിനെ വളര്‍ത്തി ജീവിതം നിര്മിക്കുന്നവരെ വരെയും നിരാശപ്പെടുത്താതെ നിലനിര്‍ത്താന്‍ സര്‍ക്കാരിനും കാര്ഷികകേരളത്തിനും കരുതല്‍ വേണം. അതേക്കുറിച്ചു നാളെ.
സേവനം, രണ്ടു വകുപ്പില്‍
സംസ്ഥാനത്തു ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ ക്ഷീരവികസന വകുപ്പിനു പുറമേ മൃഗസംരക്ഷണ വകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. പശുക്കളില്‍ കൃത്രിമ ബീജധാനം, കന്നുകാലികളുടെ ആരോഗ്യസംരക്ഷണം, ചികിത്സ തുടങ്ങിയ കാര്യങ്ങളിലാണ് മൃഗസംരക്ഷണ വകുപ്പ് പ്രധാനമായും ശ്രദ്ധിക്കുന്നത്.
പശുക്കളുടെ ചികിത്സയ്ക്കും കൃത്രിമ ബീജാധാന സൗകര്യങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി എല്ലാ പഞ്ചായത്തുകളിലും വെറ്ററിനറി ഡിസ്പെന്‍സറികളും ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രികാലത്തെ അടിയന്തര വെറ്ററിനറി സേവനങ്ങള്‍ക്കായി ബ്ലോക്ക് തലങ്ങളില്‍ സൗജന്യ എമര്‍ജന്‍സി വെറ്ററിനറി സേവനവും മൃഗസംരക്ഷണ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്കായി ഇരുവകുപ്പുകളും വിവിധ പദ്ധതികള്‍ പ്രത്യേകം നടപ്പാക്കുന്നു. ക്ഷീരസാന്ത്വനം, ഗോസമൃദ്ധി തുടങ്ങിയ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ അവയില്‍ ചിലതാണ്. ചുരുങ്ങിയ പ്രീമിയത്തില്‍ ക്ഷീരകര്‍ഷകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്.
ക്ഷീരവികസന ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ഡെയറി ഫാം ഇന്‍സ്ട്രക്ടര്‍, ഡയറി പ്രൊമോട്ടര്‍, കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാര്‍... ഇങ്ങനെ നീളുന്നു ക്ഷീരകര്‍ഷകര്‍ക്കു സേവനം ലഭ്യമാക്കാന്‍ ഓരോ പ്രദേശങ്ങളിലമുള്ള ഉദ്യോഗസ്ഥ നിര.
ഫോണെടുക്കുന്നില്ല സര്..!
തങ്ങള്‍ക്കായി പദ്ധതികളും ആനൂകൂല്യങ്ങളും പലതുണ്ടെങ്കിലും ഇവയുടെ പ്രയോജനം കൃത്യമായി ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ പരാതിപ്പെടുന്നു. മൃഗസംരക്ഷണ വകുപ്പില്‍ പല സമയത്തു വിളിച്ചാലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കില്ല. ഫോണ്‍ നമ്പര്‍ തന്നിട്ടുണ്ടെങ്കിലും മിക്ക സമയത്തും ഫോണെടുക്കാന്‍ ആളില്ല. രാത്രികാലങ്ങളില്‍ മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
“രോഗം ബാധിച്ചതോ പ്രസവസമയമടുത്തതോ ആയ പശുക്കള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ മാത്രം രാത്രിയില്‍ ഡോക്ടറെ കിട്ടും, വരും...” തൃശൂര്‍ ജില്ലയിലെ ഒരു കര്ഷകന് പറഞ്ഞു.
(തുടരും)