ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ ഭാഗമായി നടത്തിയ ഓണാഘോഷത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ പേർ പങ്കെടുത്തു.
ഓൺലെെനിലൂടെയാണ് ആഘോഷം സംഘടിപ്പിച്ചത്. ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് വൈസ് പ്രസിഡന്റും ഗായകനുമായ ജെയിംസ് പാത്തിക്കലിന്റെ ഈശ്വര പ്രാർഥനയോടെയാണ് ആഘോഷത്തിന് തുടക്കമിട്ടത്.
തുടർന്ന് ഡബ്ല്യുഎംസി അയർലൻഡ് പ്രൊവിൻസിലെ ഷൈബു ജോസഫ് കട്ടിക്കാട്ടിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം അരങ്ങേറി. യുകെയിലെ ഡബ്ല്യുഎംസി നോർത്ത് വെസ്റ്റ് പ്രൊവിൻസിൽ നിന്നുള്ള ജോഷി ജോസഫാണ് മഹാബലിയായി വേഷമിട്ടത്.
ഡബ്ല്യുഎംസി ഫ്രാങ്ക്ഫർട്ട് പ്രൊവിൻസിൽ നിന്നുള്ള നർത്തകിമാരായ ലക്ഷ്മി അരുൺ, സീന കുളത്തിൽ, സീന മണമേയിൽ, മെറീന ദേവസ്യ, റിൻസി സ്കറിയ, ഫ്ളെറിന അനൂപ്, സിൽവി കടക്കതലക്കൽ, റെമിയ മാത്യു എന്നിവർ തിരുവാതിര അവതരിപ്പിച്ചു.
പ്രമുഖ മാധ്യമ പ്രവർത്തകനായ എസ്. ശ്രീകുമാറും സാമൂഹ്യപ്രതിബന്ധതാ അവാർഡ് ജേതാവായ റോയി ജോസഫ് മാൻവെട്ടവുമായിരുന്നു മുഖ്യപ്രഭാഷകരും മുഖ്യാതിഥികളും.
ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ ഗോപാലൻ പിള്ള, പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ്, യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ഓണസന്ദേശം നൽകി.
അമേരിക്കൻ റീജിയണിലെ ഫിലൽഡൽഫിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് പത്തനാപുരം ഗാന്ധിഭവനിൽവച്ചു നിർധനരായ 25 യുവതീയുവാക്കൾക്കു സാമ്പത്തിക സഹായം നൽകി വിവാഹം നടത്തിക്കൊടുക്കുന്നതായി ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി അറിയിച്ചു.
ഫിലഡൽഫിയ പ്രൊവിൻസ് പ്രസിഡന്റ് നൈനാൻ മത്തായിയും സന്നിഹിതരായിരുന്നു. ഡബ്ല്യുഎംസി യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ പ്രസിഡന്റും ലോകകേരള സഭാംഗവുമായ സി.എ. ജോസഫ് പ്രത്യേകാതിഥിയായിരുന്നു.