Kerala
ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) ആണ് മരിച്ചത്.
പെരുവന്താനം മതമ്പയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പുരുഷോത്തമനും മകനും ചേർന്ന ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മകൻ ഓടി രക്ഷപ്പെട്ടെങ്കിലും പുരുഷോത്തമൻ ആക്രമണത്തിനിരയായി.
പുരുഷോത്തമനെ ഉടൻ തന്നെ ആശിപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മതമ്പയില്‍ റബർ തോട്ടം പാട്ടത്തിനെടുത്ത് നോക്കിനടത്തുകയായിരുന്നു പുരുഷോത്തമൻ.
Kerala
വയനാട്: മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് സർക്കാർ ആശുപത്രിയിൽ നിന്ന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് പരാതി. കൈയിൽ തുളച്ചു കയറിയ കല്ല് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തില്ലെന്നാണ് ആരോപണം.
ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മുടക്കൊല്ലി സ്വദേശിയായ അഭിലാഷിന് പരിക്കേറ്റത്. വീഴ്ചയിൽ അഭിലാഷിന്റെ കൈയ്ക്കും കാലിനും നടുവിനും പരിക്കേറ്റു.
ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും കൈയിൽ തുളച്ചുകയറിയ കല്ല് നീക്കം ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് വേദന കൂടിയതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. തുളച്ചു കയറിയ കല്ല് ഇവിടെവച്ച് നീക്കം ചെയ്തെന്നും അഭിലാഷ് പ്രതികരിച്ചു.
District News
വിതുര: തലത്തൂതകാവ് ഗവ. ട്രൈബൽ എൽപി സ്കൂളിന്റെ മതിൽ കാട്ടാനക്കൂട്ടം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിലാണ് വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാനായി മതിൽ നിർമിച്ചത്.
പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. എന്നാൽ അത്യാവശ്യ സമയങ്ങളിൽ ആർആർറ്റി ടീമിനെ വിളിച്ചാൽ എത്തുന്നില്ലെന്നും ആനക്കിടങ്ങുകളുടെ നിർമാണം പാതിവഴിയിൽ നിലച്ച നിലയിലാണെന്നും സോളാർ പെൻസിംങ്ങ് പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം കുളമോട്ട് പാറ രാധയുടെ വീട് കാട്ടാന ആക്രമിച്ചിരുന്നു. തലനാരീഴക്കാണ് രാത്രിയിൽ രാധ ഓടിരക്ഷപ്പെട്ടത് . പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടാന ആക്രമണത്തിൽ നിന്നും സംരക്ഷിക്കാനായി സ്കൂളിന് ചുറ്റും അടിയന്തരമായി ആന കിടങ്ങ് നിർമിക്കണമെന്ന് സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം. എസ്. റഷീദ് ആവശ്യപ്പെട്ടു.
വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് വിതുര, അഖിലേന്ത്യ ആദിവാസി അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. മനോഹരൻ കാണി, വിതുര സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം രജേഷ് നെട്ടയം, കെ പ്രദീപ്കുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.