അഹങ്കാരത്തില്‍നിന്നുള്ള മോചനം കൂടിയായിരിക്കണം ജീവിതമെന്നൊരു നിർവചനമുണ്ട്. അത് പണ്ടെങ്ങോ ഏതോ ഒരു ജീവിതപുസ്തകത്തിൽ വായിച്ചതാണ്. അഹങ്കരിക്കുന്നവന് ആയുസും ആനന്ദവും കുറയുമെന്നും ആ കുറവ് അവന്റെ അകത്തും പുറത്തും ഒരുപോലെ പ്രത്യക്ഷമായിരിക്കുമെന്നും അതിൽ വിശദീകരണമുണ്ട്. അഹം ഉള്ളിലൊതുക്കി പുറമേക്കു ബുദ്ധനും ക്രിസ്തുവും ഗാന്ധിയുമൊക്കെയായി നടിക്കുന്നവരുണ്ട്.
പക്ഷേ, അവരുടെ ഉള്ള് ഹിറ്റ്ലറിന്റെ അതേ ഉള്ളായിരിക്കും. ഇക്കൂട്ടര്‍ ലോകദ്രോഹത്തിനായി വെമ്പല്കൊള്ളുന്നവരായിരിക്കും. അങ്ങനെയുള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ജീവിച്ചിരുന്നപ്പോള്‍ അഹങ്കരിച്ചും ആഹരിച്ചും ജീവിതത്തെ ആഘോഷമാക്കിയവരായിരുന്നു. ഒടുവിലത്തെ വിചാരണവേളയില്‍ അവര്‍ വാക്കുകൾ നഷ്ടപ്പെട്ട് തലകുനിച്ചു നില്ക്കുന്നതു കണ്ടിട്ടുണ്ട്. അവരിലൊരാളെ എനിക്കോര്‍മ വരുന്നു. എന്നേക്കാള്‍ ഏറെ മുതിര്‍ന്ന താന്പോരിമക്കാരനായിരുന്ന ഒരാൾ. അദ്ദേഹം അര്ബുദരോഗബാധിതനായിരുന്നപ്പോൾ ഞാന്‍ ചെന്നു കണ്ടിരുന്നു. ഒറ്റക്കിടപ്പാണ്. അനക്കമറ്റ കൈകാലുകള്‍. ഹൃദയം പതുക്കെ മിടിക്കുന്നതറിയാം. ഒരിക്കലും കനിവിന്റെ കണ്ണീരു കലര്‍ന്നു കണ്ടിട്ടില്ലാത്ത കരള്‍ ഉള്ളിലെങ്ങോ തളര്‍ന്നിരിപ്പുണ്ട്. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. സംസാരത്തിനു മാത്രം കിതപ്പില്ല. തീവെട്ടി പിടിച്ച് പ്രജ്ഞ ഇന്ദ്രിയങ്ങള്‍ക്കു മുന്നില്‍ നില്‍പ്പുണ്ട്. “ഇത്രേയുള്ളൂ ജീവിതം” -അദ്ദേഹമെന്നോട് പറഞ്ഞു. ഞാന്‍ തലതാഴ്ത്തി.
വല്ലാത്തൊരു ഭയവിഷാദം അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു. “മരിക്കാന്‍ എനിക്കു ഭയമില്ല, ജീവിച്ചിരിക്കാനാണ് ഭയക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ ഏറെ നന്മകൾ ചെയ്യാമായിരുന്നു. എല്ലാം ത്യജിച്ചുകൊണ്ട് ആനന്ദിക്കാമായിരുന്നു. പക്ഷേ, ഇരതേടി ഒരു കാട്ടുമൃഗത്തെപ്പോലെ പായുകയായിരുന്നു. അങ്ങനെ പാഞ്ഞപ്പോള്‍ ഒരുപാട് പുല്‍നാമ്പുകളെ ഞാന്‍ ഞെരിച്ചമര്‍ത്തി. അവ കിളിര്ത്തിട്ടുണ്ടാകുമോ? അതോ പട്ടുപോയിട്ടുണ്ടാകുമോ?’’ വല്ലാത്ത ചോദ്യമാണ് അദ്ദേഹം അര്ധോക്തിയില് നിര്‍ത്തിയത്. ഞാന്‍ നിശബ്ദനായി. “എനിക്കിനി എന്റെ മുഖം കാണേണ്ട. അതിനാല്‍ ഞാന്‍ കണ്ണാടി വലിച്ചെറിഞ്ഞു”-അദ്ദേഹം പറഞ്ഞു. ജനല്പ്പാളിക്കു താഴെ ഉടഞ്ഞുകിടക്കുന്ന കണ്ണാടിച്ചില്ലുകള്‍ ഞാനപ്പോഴാണ് ശ്രദ്ധിച്ചത്. അതിന്റെ ചില്ലുകൂര്പ്പുകളില് അദ്ദേഹത്തിന്റെ ഒരായിരം മുഖങ്ങള്‍ പ്രതിബിംബിക്കുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ വൈലോപ്പിള്ളിയുടെ വരികള്‍ ഓര്‍ത്തു.
“ചെറ്റയാം വിടന് ഞാനിനിമേലില്
കഷ്ടമെങ്ങനെ കണ്ണാടി നോക്കും.”
ഞാന്‍ കൂടുതല്‍ നിശബ്ദനായി.
“അസഹ്യമായ വേദനയാണ്. ശരീരത്തിൽ എവിടെയാണു വേദനയെന്നു തിരിച്ചറിയാനാകുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ ആ ഭാഗം മുറിച്ചുമാറ്റാമായിരുന്നു.” അധികനേരം എനിക്കതു കേട്ടിരിക്കാനായില്ല. ഞാനിറങ്ങി. പോകാന്‍ നേരം അദ്ദേഹം പറഞ്ഞു: “വിശ്വസിക്കാവുന്ന ഒരു പ്രവചനം കഴിഞ്ഞ ദിവസം ഞാന്‍ കേട്ടു. ഞാനേറ്റവുമധികം സന്തോഷത്തോടെ കേട്ട പ്രവചനമായിരുന്നു അത്. അതു സംഭവിക്കണമേ എന്നാണ് ഇപ്പോഴത്തെ എന്റെ പ്രാര്‍ഥന.” അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടു ഞാൻ തിരിഞ്ഞുനിന്നു. എന്റെ മുഖത്തെ അദ്ഭുതമോ കൗതുകമോ കണ്ടിട്ടാകണം അദ്ദേഹം പറഞ്ഞു: “നാളെ അല്ലെങ്കില്‍ മറ്റന്നാള്‍... അതിനപ്പുറം പോകില്ല. എന്റെ മക്കളോട് പതിഞ്ഞ ശബ്ദത്തില്‍ ഡോക്ടര്‍ വാതിലിനപ്പുറം നിന്നു പറഞ്ഞത് ഞാന്‍ ശരിക്കും കേട്ടു.” ആസന്നമൃത്യുവായ അദ്ദേഹത്തിന്റെ ശബ്ദം പ്രതീക്ഷയുടെ ശബ്ദമായി എനിക്കു തോന്നി. ജീവിതത്തില്‍നിന്നുള്ള രക്ഷപ്പെടലല്ല; വേദനയില്‍നിന്നുള്ള രക്ഷപ്പെടല്‍ എന്നായിരിക്കണം അദ്ദേഹം നിര്‍വചിക്കുന്നത് എന്നു തോന്നി. ആ രക്ഷപ്പെടലിനെ മറ്റൊരാനന്ദമായി അനുഭവിക്കാന്‍ അദ്ദേഹം ഒരുങ്ങിയിരിക്കുന്നു. തൂമിന്നല്‍ കണ്ടിനി ആടാനും മഴവില്ല് കണ്ടിനി പാടാനും കഴിയാത്തവിധമുള്ള രക്ഷപ്പെടല്‍.
ഞാനോര്‍ക്കുകയായിരുന്നു, എത്ര ക്ഷണികമാണ് ജീവിതത്തിന്റെ പൊരുൾ. ആ പൊരുളിനുള്ളിലെ ദുരന്തസങ്കീർണത. അതൊന്നുമറിയാതെ സിംഹതുല്യപ്രൗഢിയിൽ വിരാജിക്കുന്ന മനുഷ്യൻ. അവനെ നോക്കിയാണോ മാക്സിം ഗോർക്കി “മനുഷ്യൻ ഹാ! എത്ര സുന്ദരമായ പദം” എന്നു നുണ പറഞ്ഞതെന്ന് ഓർത്തു പോകുന്നു. അനന്തതയുടെ അരുണോദയവും അപാരതയുടെ നീലിമയും വാക്കുകളില്‍ ആവാഹിച്ച കവികൾ ഒരു നിമിഷത്തിനുള്ളില്‍ നിശബ്ദരായിപ്പോകുന്നില്ലേ? ഉലകം മുഴുവന്‍ വെട്ടിപ്പിടിച്ചൊടുവില് ശവപ്പെട്ടിയില്‍ കിടക്കുമ്പോള്‍ ഭൂമിയില്‍നിന്ന് ഞാനൊന്നും കൊണ്ടുപോകുന്നില്ല എന്നു കൈകള്‍ പുറത്തേക്കിട്ട് ചിലർ പറയാതെ പറഞ്ഞുപോകുന്നില്ലേ? അപ്പോഴും ഒരു മണ്‍തരിപോലെ അഹം അവരുടെയെല്ലാം ഉള്ളിലുണ്ടാകുമോ? അറിയില്ല.
ഒരു ബുദ്ധകഥയോര്ക്കുന്നു. ശ്രാവസ്തിയിലെ ജേതവനത്തില്‍ ബുദ്ധന് വിശ്രമിക്കുന്ന നേരം. അദ്ദേഹത്തെ കണ്ട് വണങ്ങാന്‍ പ്രായമേറിയ ഒരു ഭിക്ഷു വന്നു: “എനിക്കങ്ങേയ്ക്കൊപ്പം ഇനിയും ദൂരങ്ങള്‍ പിന്നിടണമെന്നുണ്ട്. പക്ഷേ, കഴിയുന്നില്ല. പാദങ്ങള്‍ ഉത്സാഹിക്കുമ്പോള്‍ മനസ് നിരുത്സാഹത്തോടെയിരിക്കുന്നു. മനസ് ഉത്സാഹിക്കുമ്പോള്‍ പാദങ്ങള്‍ നിരുത്സാഹത്തിലാകുന്നു. ഞാനെന്തു ചെയ്യും?” എല്ലാം കേട്ടുകഴിഞ്ഞ് ബുദ്ധന് പറഞ്ഞു: “ഉള്ളിലെ അഹമാണ് പാദങ്ങളോടും മനസിനോടും ദൂരങ്ങള്‍ പിന്നിടണമെന്ന് ആജ്ഞാപിക്കുന്നത്. പക്ഷേ, ശരീരം അതു കേള്‍ക്കുന്നതേയില്ല. ഇത്രയും നാള് കേട്ട ശരീരം ഇനി കേള്‍ക്കുന്നില്ല എന്നേ അതിനര്ഥമുള്ളൂ. ഒപ്പം നടക്കണമെന്നില്ല, നടന്ന ദൂരങ്ങള്‍ ഓര്‍ത്താല്‍ മതി.” ബുദ്ധന് പറഞ്ഞുനിര്‍ത്തി.