ആദ്യത്തെ മലയാളം വാർത്താ വെബ്സൈറ്റ് ആയി ദീപിക ഡോട്ട് കോം 1997ൽ തുടക്കമിട്ടത്, അക്കാലത്തു ലോകമെന്പാടുമുള്ള പ്രവാസി മലയാളികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.
നാട്ടിലെ വിശേഷങ്ങൾ അറിയാൻ കത്തുകളും വല്ലപ്പോഴുമെത്തുന്ന ഫോൺവിളികളും മാത്രം ആശ്രയമുണ്ടായിരുന്ന കാലത്ത് നാട്ടുവിശേഷങ്ങൾ അറിയാൻ ദീപിക ഡോട്ട് കോം എത്തിയത് അവർ ശരിക്കും ആഘോഷമാക്കി.
മാസങ്ങൾക്കുള്ളിൽ ദീപികയുടെ ഓൺലൈൻ വായനക്കാരുടെ എണ്ണം ലക്ഷങ്ങളിലേക്കു കുതിച്ചു. ഉറക്കമുണർന്നാൽ അന്നു പലരും ആദ്യം തുറന്നിരുന്നത് ദീപിക ഡോട്ട് കോം ആയിരുന്നു. മലയാളികൾ കൂടുതലെത്തുന്ന ഗൾഫിലെയും മറ്റും പല റസ്റ്ററന്റുകളിലും ദീപിക ഓൺലൈനിലെ ലേറ്റസ്റ്റ് ന്യൂസുകൾ പ്രിന്റ് ഔട്ട് ആയി ഇട്ടിരിക്കുന്നത് അക്കാലത്തെ ഒരു കാഴ്ചയായിരുന്നു.
പുതിയ അനുഭവം
ദീപികയുടെ ചുവടുപിടിച്ചു പിൽക്കാലത്ത് മറ്റു മാധ്യമങ്ങളും ഓൺലൈൻ പത്രങ്ങളുമായി രംഗത്തു വന്നെങ്കിലും ദീപിക ഡോട്ട് കോമിനെ ഹൃദയത്തോടു ചേർത്തുപിടിച്ച വായനക്കാർ വാർത്തകൾക്കായി ദീപികയെത്തന്നെ തേടിയെത്തി. അത് ഇന്നും തുടരുന്നു. മൂന്നു പതിറ്റാണ്ടോളമായി ദീപിക ഡോട്ട് കോമിനൊപ്പം യാത്ര തുടരുന്ന വായനക്കാർക്കുള്ള ദീപിക കുടുംബത്തിന്റെ പുതിയ സമ്മാനമാണ് നവീകരിച്ച വെബ്സൈറ്റ്.
വായനയുടെ പുതിയൊരു അനുഭവത്തിലേക്കുള്ള മാറ്റം. ഇന്നു വെബ്സൈറ്റിൽനിന്നു വായനക്കാർ ഏറ്റവുമധികം പ്രതീക്ഷിക്കുന്നത് അതിന്റെ വേഗമാണ്. ഒരു നിമിഷം പോലും നഷ്ടപ്പെടുത്താനില്ലാത്ത യുഗത്തിൽ അതിവേഗത്തിൽ വാർത്തകൾ വായനക്കാരിലേക്ക് എത്തിക്കാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചാണ് പുതിയ വെബ്സൈറ്റ് മലയാളികൾക്കായി സമർപ്പിക്കുന്നത്. ഒപ്പം ദീപിക ഓൺലൈൻ ന്യൂസ് ചാനലും മ്യൂസിക് ചാനലും ഈ രംഗത്ത് ദീപികയെ കൂടുതൽ അടയാളപ്പെടുത്തും.