ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പദ്ധതിയിൽ ചേർന്നെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വർഗീയവത്കരണം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പിഎം ശ്രീ പദ്ധതിയിൽ ഇടത് സർക്കാർ ചേർന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഇന്ന് ബേബിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയായിരുന്നു സിപിഎം ജനറൽ സെക്രട്ടറിയുടെ പ്രതികരണം.
വിഷയത്തിൽ സിപിഐ ഉയർത്തുന്ന എതിർപ്പ് ചൂണ്ടിക്കാണിച്ചപ്പോൾ ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ സംസാരിച്ച് യോജിപ്പിലെത്തുമെന്ന് ബേബി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ മൂന്ന് പ്രധാന വിഷയങ്ങളായ വർഗീയവൽക്കരണം, വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം, കച്ചവടവത്കരണം എന്നിവയിൽ സിപിഎമ്മും സിപിഐയും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.