District News
പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പാലക്കാട് പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്തുകളം എൻ. ഷാജിയാണ് (35) അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി.
ജഴ്സി വാങ്ങാൻ കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാർഥിക്ക് ഷാജി സ്വകാര്യഭാഗം കാണിച്ചുകൊടുത്തു. തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തതായാണ് കേസ്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പോലീസ് അന്വേഷിച്ച് ബുധനാഴ്ച കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
തിരുവനന്തപുരം: സിപിഎം വിശ്വാസികൾക്കൊപ്പമാണെന്ന് പാർട്ടി സംസ്ഥാന സെ ക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സർക്കാരിൻ്റെ നയത്തിനുള്ള അംഗീകാരമാണ് എൻഎസ്എസി ന്റെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Leader Page
അനന്തപുരി
പത്തുവർഷത്തെ ഭരണംകൊണ്ട് കേരളത്തിലെ ജനങ്ങളെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ടെന്ന് ഒരുസർക്കാരിനു തോന്നുന്നതും സർക്കാർ ചെലവിൽ പരിഹാരക്രിയകൾക്ക് മുതിരുന്നതും നല്ല കാര്യമല്ലേ? എല്ലാം ശരിയാക്കാമെന്ന് പറഞ്ഞവർക്ക് എല്ലാം അങ്ങ് ശരിയായില്ല എന്ന ചിന്ത വരുന്നത് നല്ലതുതന്നെ.
തെരഞ്ഞെടുപ്പുകൾ വരുന്നതുകൊണ്ട് പാവം ജനങ്ങൾക്കു കിട്ടുന്ന ഒരു വലിയ അനുഗ്രഹം. പിണറായി സർക്കാർ രണ്ടു പരിഹാര ക്രിയകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും. കേരളത്തിലെ ജനതയിൽ 54 ശതമാനം വരുന്ന ഹിന്ദുക്കളുടെയും 24 ശതമാനം വരുന്ന മുസ്ലിംകളുടെയും 18 ശതമാനം വരുന്ന ക്രൈസ്തവരുടെയും മുറിവുകളാണ് ലക്ഷ്യം.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തന്ന രണ്ടു പരിപാടികളോടും പ്രതിപക്ഷം എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അവർ ബഹിഷ്കരിക്കുന്ന മട്ടാണ്. ബിജെപിയും അതേ സമീപനം കൈക്കൊള്ളുന്നു. ന്യൂനപക്ഷസംഗമത്തിനില്ലെന്ന് മുസ്ലിംലീഗ് പറഞ്ഞിട്ടുണ്ട്. അധ്യാപക നിയമനത്തിലെ വിവേചനം പരിഹരിച്ചില്ലെങ്കിൽ സംഗമത്തിന് തങ്ങളില്ലെന്ന് ക്രൈസ്തവ നേതാക്കളും പറയുന്നു. അതുകൊണ്ട് എല്ലാ ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും വിട്ടുനിൽക്കും എന്നല്ല.ഇടതുമുന്നണിയുടെ ആൾക്കാർ എല്ലാ വിഭാഗത്തിലുമുണ്ട്. അവർ എത്തുമെന്ന് ഉറപ്പാണ്.
ഏറ്റവും ശക്തമായ പ്രതികരണം നടത്തിയത് മതസൗഹാർദത്തിന്റെ സമകാലീന ആൾരൂപമായ വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹം പറഞ്ഞു ജനാധിപത്യ മുന്നണിയിൽ മുസ്ലിംലീഗും കേരള കോണ്‍ഗ്രസും ഉള്ളതുകൊണ്ടാണ് അവർക്ക് അയ്യപ്പസംഗമത്തെ പിന്താങ്ങാനാവത്തത് എന്ന്. രണ്ടു കാലിലും മന്തുള്ളവൻ ഒരുകാലിൽ മന്തുള്ളവനെ മന്തുകാലൻ എന്ന് പരിഹസിക്കുന്നതുപോലെ അല്ലേ അത്. ഇടതുമുന്നണിയിൽ എത്രയാണ് കേരള കോണ്‍ഗ്രസുകൾ. എത്രയാണ് ലീഗുകൾ? വെള്ളാപ്പള്ളിയുടെ തള്ളു കേൾക്കുന്ന പത്രക്കാർ എന്തേ ഇക്കാര്യം ചോദിക്കാത്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
സർക്കർ എത്രയൊക്കെ തള്ളിയാലും 2021ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പാവങ്ങൾക്കു വാഗ്ദാനം ചെയ്ത 2,500 രൂപയുടെ പ്രതിമാസ പെൻഷൻ നടപ്പാക്കാതെ എന്തു പറഞ്ഞാലും ആർക്കും വിശ്വാസം വരില്ല. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുക്കേണ്ട ക്ഷാമബത്ത കുടിശികയ്ക്കു വേണ്ടി സമരം ചെയ്യാൻപോലും വേറൊരു സർക്കാർ വരുന്നതാണ് നല്ലതെന്ന് ജീവനക്കാർക്കെങ്കിലും ബോധ്യമുണ്ട് എന്നു മറക്കരുത്.
സ്വന്തം ശക്തികൊണ്ട് മാത്രമല്ല തെരഞ്ഞെടുപ്പു ജയിക്കുന്നതെന്ന് നന്നായി അറിയുന്നവരാണ് സിപിഎം. എതിരാളികളുടെ ശക്തി ചോർത്തുന്നതാണ് അതിനുള്ള നല്ലൊരു മാർഗം. ജനാധിപത്യമുന്നണിയുടെ പ്രമുഖരായ മുന്നണിപ്പോരാളികളെ ആയുധമെടുക്കാൻ വയ്യാത്തവരാക്കുക എന്നത് നല്ല തന്ത്രമാണ്. മുന്നണിയുടെ കുന്തമുനകളായ യുവജന നേതാക്കളെയാണ് ഇക്കുറി നോട്ടമിട്ടിരിക്കുന്നത് എന്ന് തോന്നുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ ഷെഡ്ഡിൽ കയറി. യൂത്ത് ലീഗിന്റെ ഫിറോസിനെതിരേ കളി നടക്കുന്നു. പക്ഷേ, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്, സതീശനല്ല എന്ന തടസം ഇപ്പോഴുണ്ട്.
ശബരിമല വിവാദം
ശബരിമലയിലെ ആചാരങ്ങൾക്കു നിരക്കാത്ത ഒരു വിധി 2018ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായി. ശബരിമലയിലെ ആചാരത്തിന് വിരുദ്ധമായി അവിടെ യുവതികൾക്ക് പ്രവേശനം കൊടുക്കണം എന്നായിരുന്നു വിവാദമായ വിധി. പുരോഗമനക്കാർ എന്ന് കരുതുന്ന പലരും ഈ നിലപാടുകാരായിരുന്നു. അന്ന് കേരളം ഭരിച്ചിരുന്ന പിണറായി സർക്കാർ നല്ല അവസരമായി കണ്ടു. കോടതിവിധിയുടെ മറവിൽ അവിടെ ആചാരലംഘനം നടത്തിക്കാൻ മുൻകൈയെടുത്തു. എന്ത് എതിർപ്പും നേരിട്ട് ശബരിമല ദർശനം നടത്താൻ മുന്നോട്ടു വന്ന ബിന്ദു അമ്മിണിക്കും കനകദുർഗയ്ക്കും സർക്കാർ എല്ലാ ഒത്താശയും നല്കി.
അയ്യപ്പ ഭക്തർ പ്രതിഷേധിച്ചു സമരത്തിനിറങ്ങി. വിധി നടപ്പാക്കാൻ ജനപിന്തുണ ഉണ്ടാക്കുന്നതിന് സർക്കാർ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കി. കാസർഗോഡു മുതൽ തിരുവനന്തപുരംവരെ വനിതാ മതിൽ ഉണ്ടാക്കി. ഇതിനിടെ 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ഭംഗിയായി തോറ്റു. അതോടെ കളി പാളി എന്നും പരിഹാരക്രിയ ചെയ്തില്ലെങ്കിൽ അധികാരം നഷ്ടപ്പെടുമെന്നും മനസിലായി. ആമയും മുയലും ഓട്ടത്തിലെ ആമയെപ്പോലായി കോണ്‍ഗ്രസ്. വിജയം ഉറപ്പിച്ച് അവർ ശരിക്കും ഉറങ്ങി. അതുകൊണ്ട് ജനാധിപത്യമുന്നണിയിൽ ചോർച്ച ഉണ്ടാക്കി പിണറായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു കടന്നുകൂടി.
പിന്നാലെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പു വന്നു. സിപിഎമ്മിന്റെ പരന്പാരഗത വോട്ടു ബാങ്കായ ഈഴവരിൽ വലിയ ചലനം ഉണ്ടായതായി തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. എന്താവും കാരണം എന്ന് അവർ ചിന്തിച്ചു. സർക്കാരിന്റെ കടുത്ത മുസ്ലിം പ്രീണന നടപടികളും 2018ലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ കാണിച്ച അമിതാവേശവുമാണ് വിഷയം എന്ന് മനസിലായിരിക്കും. സിപിഎം പരിഹാരക്രിയകൾ ആരംഭിച്ചു.
ആഗോള അയ്യപ്പസംഗമം
ശബരിമല വിവാദം ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൈയെടുത്തു നടത്തുന്ന പരിപാടിയാണ് ആഗോള അയ്യപ്പസംഗമം. 20ന് പന്പയിലാണ് പരിപാടി. ദേവസ്വം മന്ത്രി വി.എൻ. വിസവൻ ഓഗസ്റ്റ് 16ന് സംഗമവിവരം മാലോകരെ അറിയിച്ചപ്പോൾതന്നെ സംഗതി വിവാദമായി. സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി സംഗമം സംഘടപ്പിക്കുന്നതായിട്ടായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ വിഷയം ഹൈക്കോടതിയിൽ എത്തിയപ്പോൾ പരിപാടി ബോർഡിന്റേതു മാത്രമായി. സർക്കാരിന് ഒരുപങ്കും ഇല്ലാത്ത പരിപാടി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ആഘോഷംകൂടിയാക്കി ഈ സംഗമം.
ലോകത്തെന്പാടും നിന്നുള്ള 3,000 അയ്യപ്പഭക്തരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. ആഗോള പ്രശസ്തരായ ആത്മീയനേതാക്കൾ, പണ്ഡിതർ, ഭക്തർ, സാംസ്കാരിക പ്രതിനിധികൾ, ഭരണകർത്താക്കൾ എന്നിവർ ഒന്നിച്ചിരുന്ന് ശബരിമലയുടെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുകയാണ് ചെയ്യുക. ‘തത്വമസി’ എന്ന ദർശനത്തിന്റെ സാർവത്രിക സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് സമ്മേളനമെന്നും വിശദമാക്കപ്പെടുന്നു. ശബരിമലയിലെ ആചാരങ്ങളെ എതിർക്കുന്നവരെ ആരെയും ക്ഷണിക്കില്ല എന്നും വ്യക്തമാക്കപ്പെട്ടു. അതായത് 2018ൽ ശബരിമലയിൽ വിവാദമുണ്ടാക്കിയ ബിന്ദു അമ്മിണിയും കനകദുർഗയും ഉൾപ്പെടെയുള്ള വിപ്ലവകാരികൾക്ക് സംഗമത്തിന് പ്രവേശനം ഇല്ലെന്നാണ് പ്രചാരണം. എങ്കിലും, സനാധന ധർമത്തെ എതിർക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വരുമോ? എന്നചോദ്യം അവശേഷിക്കുന്നു.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വാസവൻ ആവർത്തിച്ചു. ശബരിമല വികസനത്തിന് 1,300 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ശബരിമല ഭക്തരെ കേൾക്കുന്നതിനാണ് സംഗമം. ശബരിമല വിമാനത്താവളം 2028ൽ പൂർത്തിയാകും. റെയിൽവേ ലൈനും തയാറാകുന്നതായി മന്ത്രി അറിയിച്ചു. ആഗോള തലത്തിലുള്ളവർ സമ്മേളനത്തിന് വരുന്നുണ്ട്.
ശബരിമല വികസനത്തിന് ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കുകയും സംഗമത്തിന്റെ ലക്ഷ്യമാണ്. 2018ലെ പ്രളയത്തെത്തുടർന്നു നിർത്തിവച്ച പന്പാസംഗമവും പുനരാരംഭിക്കുകയാണ്. രാമൻഭട്ടതിരിപ്പാട് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ ആരംഭിച്ച പരിപാടിയാണ് പന്പാസംഗമം. ഇതെല്ലാംകൊണ്ട് 2018ൽ ഉണ്ടാക്കിയ മുറിവുകൾ ഉണങ്ങുമോ എന്ന ചോദ്യം ബാക്കിയാണ്. ഹിന്ദുക്കളിലെ കുറേപ്പേരുടെകൂടി വികാരം തങ്ങൾക്ക് അനുകൂലമാക്കാൻ ഇടതുമുന്നണിക്കാവുമോ?
കോശി കമ്മീഷൻ റിപ്പോർട്ട് എവിടെ?
അയ്യപ്പസംഗമം മാത്രമല്ല ന്യൂനപക്ഷ സംഗമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആരൊക്കെ പങ്കെടുക്കും എന്തെല്ലാം നടക്കും എന്നൊന്നും തീർച്ചയായിട്ടില്ല. ന്യൂനപക്ഷ സംഗമം നടത്തുന്ന ഇടതു സർക്കാരിനോട് തീർച്ചയായും ഒരു ചോദ്യം ഉയരും; കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുമോ? അതിലെ ശിപാർശകൾ നടപ്പാക്കുമോ?
തെരഞ്ഞെടുപ്പു ജയിക്കാൻ എന്തും ചെയ്യും
കോണ്‍ഗ്രസിലെ ചിലർ കടുത്ത ആദർശവാദികളായി നിന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം അപകടത്തിലാക്കുന്പോൾ ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ ജയിക്കാൻ എല്ലാം സൗകര്യപൂർവം കണ്ണടയ്ക്കുന്നു. 2016ൽ കെ.എം. മാണിയുടെ ബാർക്കോഴ വിഷയമാക്കി തെരഞ്ഞെടുപ്പു ജയിച്ചവർ 2021ൽ ബാർകോഴ കേസിലെ മാണിക്കാരെ കൂടെകൂട്ടി നല്ല അംഗീകാരം കൊടുത്തു. ശബരിമലയിൽ യുവതികൾക്കു ദർശനസൗകര്യം കൊടുക്കണം എന്ന നിലപാടും മാറ്റി. നവോത്ഥാന പരിപാടി പരണത്തു വച്ചു.
മൂന്നാം ഊഴം നേടുന്നതിനുള്ള കൃത്യമായ തയാറെടുപ്പുകളിലാണ് കേരളത്തിലെ ഇടതു മുന്നണി. ആഗോള അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമങ്ങളും എല്ലാം തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട കളികളാണെന്ന് ആർക്കാണ് അറിയാത്തത്. അതിലും തന്ത്രപൂർവമാണ് കോണ്‍ഗ്രസിലെ വഴക്കുകൾ കത്തിയുയരാൻ കെണികൾ ഉണ്ടാക്കുന്നത്. ബിജെപി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽപോലും പ്രകടമാക്കിയതുപോലെ സ്വന്തം മുന്നണി ചോർച്ച ഇല്ലാത്തതായി സൂക്ഷിക്കുകയും എതിർ മുന്നണിയിൽ ചോർച്ച ഉണ്ടാക്കുകയും ചെയ്യുക. തന്ത്രജ്ഞതയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തുന്ന നീക്കമാണത്.
മുഖ്യമന്ത്രി എന്തേ പ്രതികരിക്കുന്നില്ല?
നാട്ടിൽ നടക്കുന്ന ലോക്കപ്പ് മർദനങ്ങൾ, സഖാക്കളുടെ അഴിമതികൾ തുടങ്ങി പ്രതിപക്ഷം ഉയർത്തുന്ന ഒരു ആരോപണത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. എന്തേ അങ്ങനെ എന്നാണ് പ്രതിപക്ഷനേതാവിന്റെ ചോദ്യം. അഴിമതി നടത്തുന്ന സഖാക്കളെക്കുറിച്ചു മാത്രമല്ല കോണ്‍ഗ്രസുകാർ തന്നെ കൊലയ്ക്കു കൊടുക്കുന്ന അവരുടെ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിക്കുന്നില്ല. എന്താണ് മുഖ്യമന്ത്രി പറയേണ്ടത്.
കേരളത്തിൽ ലോക്കപ്പ് മർദനങ്ങൾ ഇല്ലെന്ന് പറയാൻ അദ്ദേഹത്തിനാവുമോ? ഇനി അഥവാ കോണ്‍ഗ്രസ് സർക്കാർ വന്നാൽ ലോക്കപ്പ് മർദനം ഉണ്ടാവില്ലെന്ന ഉറപ്പുണ്ടോ. കരുണാകരന്റെ കാലവും രാജൻ കേസും ജനം മറന്നിട്ടില്ലല്ലോ? അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന് എത്രയോ പീഡനം സഹിച്ചവനാണ് സാക്ഷാൽ പിണറായി വിജയൻ. എത്ര ലോക്കപ്പ് മർദന കഥകൾ വന്നാലും വിശ്വസിച്ചു കൂടെനിൽക്കുന്ന പോലീസുകാരെ തള്ളിപ്പറയാനാവുമോ? സാക്ഷാൽ കരുണാകരൻ ചെയ്തിട്ടുണ്ടോ.
ചാരക്കേകേസിൽ രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കാൻ നോക്കിയതിനല്ലേ കരുണാകരൻ പ്രതിക്കൂട്ടിലായത്. കരുണാകരന്റെ വിശ്വസ്തൻ ആയിരുന്നതുകൊണ്ടല്ലേ എം.ജി.എ. രാമനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തിലെ പോലീസ് മേധാവി ആക്കാതിരുന്നത്. രാഷ്ട്രീയത്തിൽ ഇതെല്ലാം ഉണ്ടായാലേ പിടിച്ചുനിൽക്കാനാവൂ. ഇല്ലെങ്കിൽ പലകാര്യങ്ങളും നടത്താൻ ആവില്ല, കൂടെ ആരും കാണില്ല. ആദർശത്തെ വാഴ്ത്തുന്ന കുറെ പത്രക്കാരോ നിരീക്ഷകരോ കണ്ടേക്കാം. അവരാകട്ടെ അടുത്ത ഇര കിട്ടുന്പോൾ അങ്ങോട്ട് ഓടുകയും ചെയ്യും.
പിന്നെ തൃശൂരിലെ കണ്ണനും മൊയ്തീനും കാശുകാരായെന്ന കഥ. രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരാവാത്ത ആരാണ് കേരളത്തിലുള്ളത്. മൊയ്തീനും കണ്ണനും രാഷ്ട്രീയപ്രവർത്തനംകൊണ്ട് സന്പന്നരായിക്കാണും. ഇല്ലെന്ന് മുഖ്യമന്ത്രി എങ്ങനെ പറയും. ഇനി ആരോപണം ശരിയാണെന്ന് സമ്മതിച്ച് അവരെ പടിയടച്ച് ഇറക്കിവിട്ടാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ കാര്യം ആരു നോക്കും? അവരെ ഇറക്കിവിടാൻ ഗ്വാഗ്വാ വിളിക്കുന്നവർ വരുമോ? സത്യസന്ധമായ വരുമാനത്തിനപ്പുറം സ്വത്തുള്ള രാഷ്ട്രീയക്കാരെ കണ്ടുപിടിക്കാൻ ഒരു സമഗ്ര അന്വേഷണത്തിന് ആരു തയാറാകും? നേപ്പാളിൽ പുതുതായി അധികാരം ഏൽക്കുന്നവർ പോലും അതിനു തയാറാകുന്ന ലക്ഷണമില്ല.
Kerala
തൃശൂര്‍: സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണമുയര്‍ത്തി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
മുതിര്‍ന്ന സിപിഎം നേതാവ് എം.കെ. കണ്ണന് കോടാനുകോടി സ്വത്തുണ്ടെന്നും അപ്പർ ക്ലാസിന്റെ ഇടയിൽ ഡീലിംഗ് നടത്തുന്ന ആളാണ് മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ എന്നും ശരത് പ്രസാദ് പറയുന്നു. ഏരിയാ സെക്രട്ടറിക്ക് പരമാവധി പതിനായിരം രൂപയാണ് പിരിവ് നടത്തിയാല്‍ മാസം കിട്ടുന്നത്. ജില്ലാ ഭാരവാഹി ആയാല്‍ അത് 25,000 ത്തിന് മുകളിലാകും. പാര്‍ട്ടി കമ്മിറ്റിയില്‍ വന്നാല്‍ 75,000 മുതല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ശരത് ചന്ദ്രന് പറയുന്നു.
"ഇന്ററാക്ട് ചെയ്യുന്ന സാമ്പത്തിക നിലവാരത്തിന് അനുസരിച്ചാണ് പിന്നീടുളള നമ്മുടെ ജീവിതം. സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കരാണ്. എം.കെ. കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടതാണ്. കപ്പലണ്ടി കച്ചവടമായിരുന്നു. വലിയ വലിയ ഡീലേഴ്സ് ആണ് അവര്‍. വര്‍ഗീസ് കണ്ടന്‍കുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്? അനൂപ് കാട, എ.സി. മൊയ്തീന് ഒക്കെ വലിയ ഡീലിംഗാണ് നടത്തുന്നത്. അപ്പര്‍ ക്ലാസിന്റെ ഇടയില്‍ ഡീലിംഗ് നടത്തുന്ന ആളാണ് എ.സി. മൊയ്തീന്'- എന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.
അതേസമയം, അഞ്ചുവര്‍ഷം മുന്പുളള ഓഡിയോ സന്ദേശമാണ് പുറത്തുവന്നതെന്ന് ശരത് പ്രസാദ് പ്രതികരിച്ചു. കരുവന്നൂര്‍ വിഷയം നടക്കുമ്പോഴുളള സംസാരമായിരുന്നു അതെന്നും നടത്തറ സഹകരണ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഓഡിയോ പുറത്തുവന്നിരിക്കുന്നതെന്നും ശരത് പറയുന്നു.
ഒന്നിച്ചിരുന്ന് സംസാരിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. തനിക്കൊപ്പം കമ്മിറ്റിയില്‍ ഉണ്ടായിരുന്നവരാണ് ഓഡിയോ പുറത്തുവിട്ടതെന്നും ശരത് കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: സിപിഎമ്മിലെ പരാതിച്ചോര്ച്ച വിവാദത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തുമെന്നു മന്ത്രി വി.ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി മറുപടി പറയും. സംസ്ഥാന സമിതിയില്‍ കത്ത് ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം വിരോധം മൂലമുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയെ തളര്‍ത്താനാവില്ലെന്നും അവതാരങ്ങള്‍ക്ക് പാര്‍ട്ടിയെ സ്വാധീനിക്കാനാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ത്ത സംഭവം കാസര്‍ഗോഡ് ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കും. അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. നാലാം ക്ലാസിലെ കൈപ്പുസ്തകത്തിലുണ്ടായ പിശകില്‍ ആ ഭാഗം തയാറാക്കിയ അധ്യാപകരെ ഡീബാര്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: സിപിഎമ്മിൽ കത്ത് ചോർച്ചാ വിവാദം കനക്കുന്നു. പിബിക്ക് നല്കിയ കത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന് ചോര്‍ത്തി എന്നാരോപിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് വ്യവസായി പരാതി നല്കി.
പാര്‍ട്ടിക്ക് നല്കിയ രഹസ്യ കത്ത് എങ്ങനെ ഡല്‍ഹി ഹൈക്കോടതിയിലെ മാനനഷ്ടക്കേസില്‍ തെളിവായി എന്നാണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക് നല്കിയ പരാതിയിലെ ചോദ്യം. ലണ്ടൻ മലയാളി രാജേഷ് കൃഷ്ണ വഴി പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്.
ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ട കേസിലാണ് വിവാദ കത്തുള്ളത്. പാർട്ടിക്ക് നൽകിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസിൽ തെളിവായി എന്ന് ചോദ്യമാണ് ഉയരുന്നത്. പരാതിക്ക് പിന്നാലെ രാജേഷ് കൃഷ്ണയെ മധുര പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കൽ എം.എ. ബേബി സ്ഥിരീകരിക്കുകയും ചെയ്തു.
ഇത് മാധ്യമങ്ങളിൽ വാർത്തയായി വന്നതോടെ രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കോടതിയിൽ സമർപ്പിച്ച രേഖക്കൊപ്പം തനിക്കെതിരെ സിപിഎം നേതൃത്വത്തിന് കിട്ടിയ പരാതിയും രാജേഷ് കൃഷ്ണ ഭാഗമാക്കി.
ഈ രേഖ പുറത്തുവന്നതിന് പിന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാമിന് ബന്ധമുണ്ടെന്ന ആരോപണമാണ് മുഹമ്മദ് ഷര്‍ഷാദ് ഉന്നയിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ഈ മാസം 12ന് പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു.
Leader Page
കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തു വലിയ ദോഷഫലങ്ങൾ ഉണ്ടാക്കിയ ഗവർണർ-സർക്കാർ പോരാട്ടം തീരുകയാണ്. പരസ്പരം അംഗീകരിച്ചു പ്രവർത്തിക്കുന്നതിലേക്കു കാര്യങ്ങളെത്തിയെന്നാണ് സൂചനകൾ. ഇതോടെ കേരളത്തിലെ 13 സർവകലാശാലകളിൽ 12നും മുഴുവൻസമയ വൈസ് ചാൻസലരില്ലാത്ത അവസ്ഥ മാറും. വഴക്കും കോടതി കേസുകളും തുടർന്നാൽ ഗവർണറുടെ നോമിനിമാർ താത്കാലിക വൈസ് ചാൻസലർമാരായി തുടരും.
സിൻഡിക്കറ്റ് അംഗങ്ങളിലൂടെ സർക്കാർ അവർക്കു നല്ല തലവേദനയുണ്ടാക്കും. ചാൻസലറും സർക്കാരും തമ്മിലും വൈസ് ചാൻസലറും സിൻഡിക്കറ്റും തമ്മിലുമെല്ലാം നടക്കുന്ന നിയമയുദ്ധങ്ങളിൽ, വാദിക്കും പ്രതിക്കും ജനം ചെലവു വഹിക്കുന്ന സ്ഥിതി തുടരും. ഇനിയധികം കാലാവധിയില്ലാത്ത പിണറായി സർക്കാരിനു പല പദവികളിലും നിയമനം നടത്താനാകാതെ കളം വിടേണ്ടിവരും. അതുകൊണ്ട് ബിജെപിക്കും സിപിഎമ്മിനും വൈസ് ചാൻസലർമാരടക്കമുള്ള പദവികൾ കിട്ടുന്ന നിലയിൽ കാര്യങ്ങൾ പരിണമിക്കും എന്നാണു സൂചന. അർലേക്കറെ അങ്ങനെ കുപ്പിയിലാക്കാൻ സിപിഎമ്മിനാവില്ല.
ഗവർണർ-സർക്കാർ പോരിന്റെ തുടക്കം
ഗവർണർമാർ സർക്കാരുമായി നല്ല സൗഹൃദത്തിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാനമാണ് കേരളം. ആരിഫ് മുഹമ്മദ് ഖാനും സർക്കാർ ആവശ്യപ്പെട്ടിടത്തെല്ലാം ഒപ്പിട്ടുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇങ്ങനെയിരിക്കേ കേരള സർവകലാശാലാ അധികൃതർ ചാൻസലറായ ഗവർണറെ വല്ലാതെ അപമാനിച്ചു.
2021 ൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ലിറ്റ് കൊടുക്കുവാൻ ചാൻസലർ കേരള സർവകലാശാലയോട് നിർദേശിച്ചു. ഇത്രയുമൊക്കെ സൗഹൃദം കാണിക്കുന്ന തന്റെ ശിപാർശ നടക്കുമെന്ന് ഗവർണർ കരുതി. എന്നാൽ, മറിച്ചാണ് തീരുമാനമുണ്ടായത്. ആരിഫ് മുഹമ്മദ് ഖാന് വല്ലാതെ മുറിവേറ്റു. തന്റെ നിർദേശം തിരസ്കരിക്കില്ല എന്ന ധാരണയിൽ അദ്ദേഹം രാഷ്ട്രപതിയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തു വരാനും ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാനും ക്രമീകരണങ്ങൾ ചെയ്തു. എങ്കിലും രാഷ്ട്രപതി തലസ്ഥാനത്തു വന്ന് രാജ്ഭവനിൽ താമസിച്ച് വെറുതെ മടങ്ങി. അതോടെ ചാൻസലർ - സർക്കാർ പോരാട്ടകാലം തുടങ്ങി.
തുറന്ന പോരാട്ടത്തിന്റെ നാളുകളിലാണ് ആരിഫ് മുഹമ്മദ് ഖാനു സ്ഥലംമാറ്റമായത്. അദ്ദേഹത്തിന് സർക്കാർ യാത്രയയപ്പുപോലും നൽകിയില്ല. പുതിയ ഗവർണറായി അർലേക്കർ വന്നപ്പോൾ എല്ലാം പുതിയ തുടക്കംപോലെ കാണപ്പെട്ടു. ഏറ്റുമുട്ടലിന്റെ കാലം കഴിഞ്ഞതുപോലെ തോന്നി. പക്ഷേ, അർലേക്കർക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. തനിക്കുള്ള അധികാരം ഉപയോഗിച്ച് കേരളത്തിലെ ബിജെപിക്കാർക്കു പരമാവധി പദവികൾ കൊടുക്കണം എന്ന കാര്യത്തിൽ അദ്ദേഹം നടപടികളെടുത്തു.
മുഖ്യമന്ത്രി ഗവർണറെ കണ്ടു ചർച്ച നടത്തി. മന്ത്രിമാരെ ചർച്ചകൾക്ക് അയച്ചു. ഗവർണർക്ക് ഒന്നും കൊടുക്കാതെ എല്ലാം സ്വന്തമാക്കാനുള്ള മോഹം സിപിഎം ഉപേക്ഷിക്കാൻ തയാറായെന്നാണ് ഇപ്പോഴത്തെ സൂചനകൾ. ചർച്ചകൾ ഇനിയും നടക്കും എന്നാണ് നിയമമന്ത്രി പി. രാജീവ് പറയുന്നത്. ഏതായാലും പരസ്പരം അംഗീകരിച്ച് കാര്യങ്ങൾ നടത്താൻ ധാരണയാകുന്നതുപോലെയുണ്ട്. ഇനിയുള്ള കാലം സമാധാനപരമായി ഭരിക്കണം എന്ന് പിണറായി ആഗ്രഹിക്കുന്നുണ്ടാവും.
ക്രിമിനലുകൾക്ക് സംരക്ഷണം
അറിയപ്പെടുന്ന ക്രിമിനലുകൾക്ക് കൊടുക്കുന്ന ആദരവും സംരക്ഷണവും പാർട്ടിക്കു നല്ലതാണെങ്കിലും പൊതുജനങ്ങൾക്കിടയിൽ പാർട്ടിയോടുള്ള മതിപ്പ് കുറയ്ക്കുന്നുണ്ട്. ടിപി വധക്കേസിലെ കൊടി സുനി അടക്കമുള്ള പ്രതികൾ, സദാനന്ദൻ ആക്രമണക്കേസിലെ പ്രതികൾ, മാവേലിക്കര കാരണവർ കൊലക്കേസിലെ പ്രതി ഷെറിൻ, നവീൻ ബാബു കേസിലെ പ്രതി പി.പി. ദിവ്യ, പി.എം. മനോരാജ് തുടങ്ങിയവർക്ക് സിപിഎം എന്തെല്ലാം ഒത്താശകളാണ് ചെയ്യുന്നത്.
മട്ടന്നൂർ ആർഎസ്എസ് സഭാ കാര്യവാഹക് സി. സദാനന്ദൻ മാസ്റ്ററുടെ രണ്ടു കാലും വെട്ടിമാറ്റിയ കേസിലെ പ്രതികൾക്കു ജയിലിലേക്ക് കൊടുത്ത യാത്രയയപ്പ് യോഗത്തിൽ മുൻ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് നിരീക്ഷകരെ വല്ലാതെ അസ്വസ്ഥരാക്കി. അവരെല്ലാം നല്ലവരാണ്. കുറ്റം ചെയ്തവരെന്ന് ഞാൻ വിശ്വസിക്കുന്നില്ല- കെ.കെ. ഷൈലജ പറഞ്ഞു. ഒരാൾ അധ്യാപകനാണ്. അപരൻ സർക്കാർ ജീവനക്കാരനാണ്. സംഭവം നടക്കുന്പോൾ ഇവരിൽ പലരും രാഷ്ട്രീയം പോലും ഇല്ലാത്തവരായിരുന്നു. ശൈലജ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചു പലതും പറഞ്ഞു. അതാണ് സിപിഎം തന്ത്രം. കൊടുംകുറ്റവാളികളെ ന്യായീകരിക്കാനും ആളുണ്ടാവും.
ഇര സഖാവാണെങ്കിലും കേസിൽ പ്രതിസ്ഥാനത്തു വരുന്നത് കൂടുതൽ പിടിയുള്ളവരായാൽ പാർട്ടി ഇരയുടെ കുടുംബത്തോടൊപ്പമാണെന്നു പരസ്യമായി പറഞ്ഞുകൊണ്ട് പ്രതിയെ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും. ജീവിതകാലത്താകമാനം സഖാവായിരുന്ന കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കേസിൽ പാർട്ടി അതാണു ചെയ്യുന്നത്. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റപത്രത്തിലെ 13 പിഴകൾചൂണ്ടിക്കാണിച്ചാണ് അവർ തുടരന്വേഷണം ആവശ്യപ്പെടുന്നത്.
Leader Page
ഉറച്ച നിലപാടുകളുടെ മനുഷ്യനായിരുന്നു അഞ്ചു വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയും 14 വർഷം പ്രതിപക്ഷ നേതാവും ഒരു വ്യാഴവട്ടക്കാലം കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ അമരക്കാരനുമായിരുന്ന വി.എസ്. അച്യുതാനന്ദൻ. മരണംവരെ പാവപ്പെട്ടവരുടെ പക്ഷത്തു നിന്ന, സാധാരണക്കാരനായി ജീവിച്ച കമ്യൂണിസ്റ്റുകാരൻ.
കൃഷ്ണപിള്ള കാണിച്ച വഴി
തൊഴിലാളികളെ സംഘടിപ്പിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനായ പി. കൃഷ്ണപിള്ളയാണ് വിഎസിനെ നിയോഗിച്ചത്. കുട്ടിക്കാലത്തുതന്നെ ദൈവവുമായി പിണങ്ങിയ വിഎസിന് ഈ നിരീശ്വര വിമോചന പ്രസ്ഥാനം ആകർഷകമായി. കുട്ടിക്കാലത്ത് കളർകോട് ക്ഷേത്രത്തിലും അറവുകോട് ക്ഷേത്രത്തിലും ദർശനം നടത്താൻ പോയിരുന്ന അണ്ണനെക്കുറിച്ച് വിഎസിന്റെ ഏക പെങ്ങൾ അഴിക്കുട്ടി അനുസ്മരിച്ചിട്ടുണ്ട്. ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിച്ചതിനെക്കുറിച്ച് വിഎസ് തന്നെ പറഞ്ഞിട്ടുണ്ട്. ആരും നിലവിളി കേൾക്കാനില്ലാത്ത പാവങ്ങൾക്കു വേണ്ടി പോരാടണമെന്നായിരുന്നു തീരുമാനം. അങ്ങനെ പോരാളിയും കമ്യൂണിസ്റ്റുമായി. എതിരാളികളെ നിഗ്രഹിക്കുന്നതിൽ പോലും അപാകത കാണാത്ത കമ്യൂണിസ്റ്റ്. എന്നിട്ടും 2012 മേയ് നാലിന് ഒഞ്ചിയത്ത് റവലൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെ യുവനേതാവ് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടിന് പാർട്ടി കശാപ്പു ചെയ്ത വിവരം അറിഞ്ഞ അദ്ദേഹം വല്ലാതെ തളർന്നു. സിപിഎമ്മിൽനിന്നു രാജിവച്ച എം. സത്യനേശൻ നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ദിവസം പാർട്ടി മേലാളന്മാരുടെ അപ്രഖ്യാപിത വിലക്ക് ലംഘിച്ച് അദ്ദേഹം ടിപിയുടെ വീട്ടിലെത്തി ഭാര്യ രമയെ ആശ്വസിപ്പിച്ചു; അവരോടൊപ്പം കരഞ്ഞു- അതായിരുന്നു വിഎസ്.
മുസ്ലിം വർഗീയത
തെരഞ്ഞെടുപ്പു വിജയത്തിനുവേണ്ടി എല്ലാ രാഷ്ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും പ്രയോജനപ്പെടുത്തുന്ന ഹിന്ദു വർഗീയതയെയും മുസ്ലിം വർഗീയതയെയും ക്രൈസ്തവ വർഗീയതയെയും ആത്മാർഥമായി എതിർത്ത നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ. ആർഎസ്എസിനെയും മുസ്ലിം ലീഗ് അടക്കമുള്ള മുസ്ലിം പാർട്ടികളെയും അദ്ദേഹം ഒന്നുപോലെ എതിർത്തു. എല്ലാ സമുദായത്തിലെയും പാവങ്ങളെ അദ്ദേഹം സ്നേഹിച്ചു. അതേസമയം, സാന്പത്തികസംവരണത്തെ എതിർത്തു.
ആർഎസ്എസിന്റെയും ബിജെപിയുടെയും ഹിന്ദു വർഗീയതയെ നേരിടാൻ എന്ന മറയിൽ മുസ്ലിം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ് കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ ജയിക്കാനുള്ള വഴിയെന്ന് അവർ കരുതുന്നു. വിഎസ് ആ സമീപനത്തെ എതിർത്തു. 1975 മുതൽ സിപിഎമ്മിന്റെ കൂടെ ഇടതുമുന്നണിയിൽ നിന്ന അഖിലേന്ത്യാ ലീഗിനെ വരെ 1987ൽ പുറത്താക്കി. പാർട്ടി നയത്തിനെതിരായി മുസ്ലിം ലീഗുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് 1984ൽ ബദൽ രേഖ കൊണ്ടു വന്നവരെയും കൂടെ നിന്നവരെയും നിഷ്കരുണം വെട്ടിനിരത്തി. ലീഗും കേരള കോണ്‍ഗ്രസും ഇല്ലാതെ 1987ൽ കേരളത്തിൽ ഇടതുമുന്നണി ഭരണം പിടിച്ചു. അതിനർഥം അദ്ദേഹം മുസ്ലിം സമൂഹത്തിനെതിരായിരുന്നു എന്നല്ല. കേരളത്തിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന് പാലൊളി കമ്മിറ്റിയെ നിയോഗിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം.
വെള്ളാപ്പള്ളിക്കെതിരേ നടപടികൾ
സിപിഎമ്മിന്റെ അണികളിൽ ഭൂരിഭാഗവും ഈഴവരാണെന്ന് അറിയുന്പോഴും അദ്ദേഹം ഈഴവരുടെ സംഘടനയായ എസ്എൻഡിപിയുടെ നേതാവിനെ പ്രീതിപ്പെടുത്തിയില്ല. പകരം, എസ്എൻഡിപി യോഗം നേതാവായ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ നടന്നതായി കരുതപ്പെടുന്ന മൈക്രോ ഫിനാൻസ് തട്ടിപ്പിനെതിരേ ശക്തമായ നടപടികൾ എടുത്തു.1987ൽ ഈഴവ സമൂഹത്തിൽനിന്നുള്ള പ്രമുഖ നേതാവായ കെ.ആർ. ഗൗരിയമ്മയ്ക്കെതിരേ നടപടിയെടുത്തു.
പാർട്ടികളെ പരിശോധിച്ച് കൂടെ നിർത്തി
1980ൽ വിഎസ് പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരിക്കുന്പോഴാണ് ഇന്നത്തെ ഇടതുമുന്നണിയുടെ പിറവി. മുന്നണിയിലെ ഓരോ കക്ഷിയെയും പരിശോധിച്ചാണ് അകത്തു കയറ്റിയത്. നിയമസഭാ സീറ്റ് വിഭജന ചർച്ച ക്ലീൻ സ്ലേറ്റിൽ തുടങ്ങിയ ഏക കാലമാണത്.
അഴിമതിക്കേസുമായി പിന്നാലെ നടന്ന് അദ്ദേഹം ജയിലിലാക്കിയ ആർ. ബാലകൃഷ്ണപിള്ള കേരള ചരിത്രത്തിൽ അപൂർവ കഥാപാത്രമായി. അഴിമതിക്കു ശിക്ഷിക്കപ്പെട്ട ഏക നേതാവാണ് പിള്ള. അതിനു കാരണം വിഎസിന്റെ വിടാതെയുള്ള പോരാട്ടവും. പിള്ളയുടെ പാർട്ടി 1996ൽ ജനതാദളിൽ ലയിച്ച് ഇടതുമുന്നണിയിൽ കയറാൻ നടത്തിയ നീക്കവും വിഎസ് തകർത്തു. പിള്ളയോടും കരുണാകരനോടും അത്ര എതിർപ്പായിരുന്നു വിഎസിന്. എന്നാൽ, പിന്നീട് പിണറായി യുഗത്തിൽ പിള്ള ഇടതുമുന്നണിയിൽ അംഗമായി.
പാവപ്പെട്ടവരുടെ പക്ഷത്ത്
നാട്ടുകാരുടെ അപ്പം കട്ടു തിന്നുന്നവർ എന്ന് അദ്ദേഹം കരുതിയവരെയെല്ലാം മുൻപിൻ നോക്കാതെ ആക്രമിച്ചു. സന്ധിയില്ലാതെ വെട്ടി. അപമാനിക്കപ്പെട്ടവരിൽ ഉമ്മൻ ചാണ്ടിയെപ്പോലുള്ളവർപോലും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് വളരെ ഹീനമായ വാക്കുകളാണ് വിഎസ് നിയമസഭയിൽ പറഞ്ഞത്.
വികസനവിരുദ്ധന്‍ എന്ന ആക്ഷേപം കേട്ടത് അദ്ദേഹം വിശ്വസിച്ച നിലപാട് മൂലമാണ്. പൊതുമേഖലയുടെ മാത്രം വക്താവായ അദ്ദേഹം ട്രാക്ടറിനെ എതിർത്തു. നെൽകൃഷി നടത്താനാകാത്തവർ വയൽ മറ്റു കൃഷികൾക്ക് ഉപയോഗിക്കുന്നതിനെ എതിർത്തു. കംപ്യൂട്ടറിനെ എതിർത്തു. സ്വാശ്രയ കോളജുകളെ എതിർത്തു. സ്വകാര്യ പങ്കാളിത്തത്തോടെ വരുന്ന വിമാനത്താവളങ്ങളെ എതിർത്തു. സ്മാർട് സിറ്റിയെ എതിർത്തു. ഇതൊക്കെ ആയിട്ടും അദ്ദേഹത്തിന് കേരളത്തിൽ എല്ലാ പദവികളും കിട്ടി. സ്വന്തം പാർട്ടി ചതിച്ചതുകൊണ്ടാണ് 2016ൽ ഉമ്മൻ ചാണ്ടിയെപ്പോലെ 2011ൽ അദ്ദേഹത്തിന് ഭരണത്തുടർച്ച കിട്ടാതെപോയതെന്നു കരുതുന്നവരുണ്ട്.
പുന്നപ്ര-വയലാർ സമരം
ജന്മിമാർ കഴിഞ്ഞപ്പോൾ അവർക്ക് ഒത്താശ ചെയ്യുന്ന മഹാരാജാവും ദിവാനുമായി. അവർക്കെതിരേയും അദ്ദേഹം പോരാടി. അതായിരുന്നു ചരിത്രപ്രസിദ്ധമായ പുന്നപ്ര-വയലാർ സമരം. ഈ സമരത്തിൽ അദ്ദേഹം ഇല്ലായിരുന്നുവെന്ന് വീറോടെ പറയുന്നവരിൽ എം.എം. ലോറൻസുമുണ്ട്.
പാർട്ടിയെ ധിക്കരിച്ചു
പാർട്ടി തീരുമാനങ്ങൾക്കെതിരേ പോലും അദ്ദേഹം നിലപാടുകളെടുത്തു. 1964 ചൈന യുദ്ധകാലത്ത് പട്ടാളക്കാർക്കായി ചോര കൊടുത്തത് അത്തരത്തിൽ ഒന്നാണ്. ലാവ്ലിൻ കേസിൽ, കൂടംകുളം ആണവനിലയ വിഷയത്തിൽ, എഡിബി വായ്പാകാര്യത്തിൽ ഒക്കെ അദ്ദേഹം പാർട്ടി ലൈനിനെതിരേ ഉറച്ചുനിന്നു. നാലാം ലോകസിദ്ധാന്തത്തെയും വിഎസ് എതിർത്തു.
1990 മുതൽ മുല്ലപ്പെരിയാർ വിഷയത്തിൽ വിഎസ് സമരത്തിലാണ്. 1991ലെ ഇടതുമുന്നണി ഭരണകാലത്ത് മുല്ലപ്പെരിയാർ വിഷയത്തിൽ ജലസേചനമന്ത്രി ബേബി ജോണ്‍ അലംഭാവം കാണിക്കുന്നതായി വിഎസ് ആരോപിച്ചു. ആർഎസ്പി ബഹളം വച്ചു; വിഎസ് വിട്ടില്ല.
പിടിച്ചാൽ കൊണ്ടേ പോകൂ എന്നതായിരുന്നു വിഎസ് ശൈലി. അദ്ദേഹം ബാലകൃഷ്ണപിള്ളയുടെ കാര്യത്തിൽ കാണിച്ചത് അതാണ്. പാമോയിൽ കേസിലും ചാരക്കേസിലും കരുണാകരനെതിരേയും ഈ സമീപനം കൈക്കൊണ്ടു. ബാർ കോഴ കേസിലും മതികെട്ടാൻ വിഷയത്തിലും കെ.എം. മാണിയോടും ഇതേ സമീപനമായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്ക്രീം പാർലർ കേസിലും അദ്ദേഹം പിന്നാലെ നടന്ന് വേട്ടയാടി. സോളാർ വിഷയത്തിൽ ഉമ്മൻ ചാണ്ടിയോടും ഇതേ സമീപനം എടുത്തു. പല കേസിലും പിണറായിയുടെ പാർട്ടി ആത്മാർഥമായി വിഎസിന് ഒപ്പം നിന്നില്ല. ലാവ്ലിൻ കേസിലെ കടുംപിടിത്തത്തിനും എഡിബി വിഷയത്തിനും അദ്ദേഹത്തെ പരസ്യമായി ശിക്ഷിക്കുകയും ചെയ്തു.
മതികെട്ടാനിലെ 1281.74 ഹെക്ടർ ദേശീയോദ്യാനമാക്കിയതിനു പിന്നിൽ വിഎസിന്റെ പോരാട്ടവുമുണ്ട്. അവിടത്തെ കൈയേറ്റങ്ങൾ നേരിട്ടു കാണാൻ അദ്ദേഹം 2003ൽ മതികെട്ടാൻമലകയറി. ടാറ്റാ ടീയുടെ 1,027 ഏക്കർ ഏറ്റെടുക്കുന്നതിന് അദ്ദേഹം കൊണ്ടുവന്ന നിയമം ഹൈക്കോടതി റദ്ദാക്കി.
ഇന്നും കത്തുന്ന നിലപാടുകൾ
വിഎസിന്റെ ഭൗതികശരീരം ജനസാഗരത്തിന്റെ അകന്പടിയോടെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്പോഴും കേരളത്തിൽ ചർച്ചാവിഷയമായത് അദ്ദേഹം 2010ൽ നടത്തിയ ഒരു പത്രസമ്മേളനത്തിലെ മുന്നറിയിപ്പായിരുന്നു. 2010ൽ കേരളത്തിലെ മുഖ്യമന്ത്രി എന്ന നിലയിൽ ഡൽഹിയിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞതാണ് കേരളത്തെ മുസ്ലിം ആധിപത്യ സംസ്ഥാനമാക്കുന്നതിന് പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകൾ നീക്കങ്ങൾ നടത്തുകയാണെന്ന്. അതിനായി അവർ യുവാക്കൾക്കു പണവും ആയുധവും കൊടുക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണിതെന്നും വിഎസ് വിശദീകരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പോപ്പുലർ ഫ്രണ്ടുകാർ ഫ്രീഡം പരേഡുകൾ സംഘടിപ്പിക്കുന്നത് മുഖം രക്ഷിക്കുന്നതിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജൂലൈ 19ന് കോട്ടയത്തു നടത്തിയ പ്രസംഗത്തിൽ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിഎസിന്റെ വാക്കുകൾ അനുസ്മരിച്ചു. അതു വിവാദവുമായി. ഇന്നത്തെ നിലയിൽ പോയാൽ വൈകാതെ മുസ്ലിംകൾ ലക്ഷ്യം നേടുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇടതു-വലതു മുന്നണികൾ ഒന്നുപോലെ മുസ്ലിം പ്രീണനമാണു നടത്തുന്നത്. നടേശന്റെ വാക്കുകൾ പ്രതിപക്ഷത്തെ വല്ലാതെ അസ്വസ്ഥമാക്കി. നടേശൻ വിദ്വേഷപ്രസംഗം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരേ പോലീസ് കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലീഗ് പത്രം ചന്ദ്രിക വെള്ളാപ്പള്ളിയെ കേരള തൊഗാഡിയ എന്നു വിളിച്ചു.
വെള്ളാപ്പള്ളി ശക്തമായാണ് പ്രതികരിച്ചത്. കേരളം മുസ്ലിം ആധിപത്യ പ്രദേശമാവുകയാണ്. ഇപ്പോൾത്തന്നെ സ്കൂൾ ടൈമിംഗിനായാലും സുംബാ നൃത്തിനായായാലും മലപ്പുറത്ത് പോയി അനുവാദം ചോദിക്കേണ്ട നിലയായി. ഭരണത്തിൽ അനാവശ്യമായ കൈകടത്തലുകളാണ് നടത്തുന്നത്. കേരളത്തിൽ മതേതരത്വമല്ല, മതാധിപത്യമാണെന്ന് നടേശൻ പറഞ്ഞു.
നടേശനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് മലപ്പുറം പ്രസംഗത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി പറഞ്ഞത്. ഒരു പാർട്ടിക്കെതിരേ പറഞ്ഞത് ഒരു സമുദായത്തിനതിരേ ആക്കിയതാണ്. അത്തരം വാക്കുകൾ പറയുന്ന ആളല്ല വെള്ളാപ്പള്ളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായിയുടെ ഈ പിന്തുണയിൽ വെള്ളാപ്പള്ളി പറയുന്ന വാക്കുകൾ ഇടതുമുന്നണിക്ക് അനുകൂലമായ ഹിന്ദു ഏകീകരണം ഉണ്ടാക്കാനല്ലേ എന്ന് സംശയിക്കുന്നവരുമുണ്ട്.
ലീഗും വെൽഫെയർ പാർട്ടിയും അടക്കം മുസ്ലിം രാഷ്ട്രീയം ആകെ കോണ്‍ഗ്രസ് സ്വന്തമാക്കുന്പോൾ ഇതല്ലാതെ സിപിഎമ്മിന് എന്തു വഴി? മാത്രവുമല്ല, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം പ്രീണന നിലപാടുകൾമൂലം സിപിഎമ്മിന്റെ ധാരാളം ഈഴവ വോട്ടുകൾ ചോർന്നു. അതു തടയാനും സിപിഎം ആഗ്രഹിക്കുന്നു.
വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവനയെക്കുറിച്ച് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും പ്രതികരിച്ചില്ല. നടേശന്റെ പ്രസ്താവന കേരളം തള്ളിക്കളയുമെന്ന് പഹൽഗാമിനെ അപലപിക്കാതെ ഗാസയ്ക്കുവേണ്ടി കരയുന്ന എം. സ്വരാജ് പ്രതികരിച്ചു. നടേശന്റെ പ്രസ്താവന തീർത്തും നിരുത്തരവാദപരവും മതനിരപേക്ഷസമൂഹത്തെ ദുർബലപ്പെടുത്തുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ലക്ഷ്യങ്ങളോടെ വെള്ളാപ്പള്ളി ഇനിയും പലതും പറയാനാണിട. അതിനും തിരി കൊളുത്തിയത് വിഎസ്.
Editorial
സ്വന്തം സമുദായത്തിനുവേണ്ടി ശബ്ദിക്കാൻ വെള്ളാപ്പള്ളിക്ക് അവകാശമുണ്ട്. പക്ഷേ, അത് നിരന്തരം മറ്റു സമുദായങ്ങളെ അവഹേളിക്കുന്നവിധമാകുന്പോൾ അവരും പ്രതികരിക്കാൻ നിർബന്ധിതരാകും.
സമുദായങ്ങളെ തമ്മിലടിപ്പിക്കണമെന്ന ദുഷ്ടലാക്കൊന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുണ്ടാകില്ല. എങ്കിലും, താൻ തലപ്പത്തുള്ള ഈഴവ സമുദായം പിന്നാക്കാവസ്ഥയിലാണെന്നു പറയുന്പോഴൊക്കെ, അതിനു കാരണം മുസ്ലിംകളും ക്രൈസ്തവരുമാണെന്ന ധ്വനിയുണ്ടാക്കും.
കാരണം, ഈഴവ സമുദായം പിന്നാക്കാവസ്ഥയിലാണെന്നു മാത്രം പറഞ്ഞാൽ അതിന്റെ ഉത്തരവാദിത്വം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നേതൃസ്ഥാനത്തുള്ള താനും ഏറ്റെടുക്കേണ്ടിവരുമെന്ന് അദ്ദേഹത്തിനു തോന്നുന്നുണ്ടാകും.
കാരണമെന്തായാലും, ഇതര മതസ്ഥർ രാജ്യത്തിന്റെ സ്വത്തും അവകാശങ്ങളും അനർഹമായി തട്ടിയെടുക്കുന്നുവെന്ന മട്ടിലുള്ള ആരോപണം ഇത്ര ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു പറയുന്നതു ശരിയല്ല. ഇത് സ്വാർഥതാത്പര്യങ്ങൾക്കല്ലാതെ സമുദായത്തിനു ഗുണകരമാകുമോയെന്നു ചിന്തിക്കണം. ഇത്തരം വാക്കുകൾ സമൂഹത്തിൽ വെറുപ്പിന്റെ വിത്തിടുന്നുണ്ടെന്നു തിരിച്ചറിയുകയും വേണം.
ബിജെപിയുടെയും സിപിഎമ്മിന്റെയും തോളിൽ ഒരുപോലെ കൈയിട്ടുകൊണ്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായതിന്റെ 30-ാം വാർഷികത്തിൽ കൊച്ചി യൂണിയൻ നൽകിയ സ്വീകരണത്തിലും ആലുവ യൂണിയനിലെ നേതൃസംഗമത്തിലും അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധിക്കുക:
“ഇവിടെ ജനാധിപത്യമല്ല, മതാധിപത്യമാണ്. പിണറായി വിജയനുശേഷം 100 വർഷത്തേക്കെങ്കിലും ഈഴവ മുഖ്യമന്ത്രി ഉണ്ടാകില്ല. ഈഴവനെ വളർത്തിയ ചരിത്രം ഒരു രാഷ്ട്രീയ പാർട്ടിക്കുമില്ല. മുസ്ലിം ലീഗിന്റെ ലക്ഷ്യം മുഖ്യമന്ത്രിസ്ഥാനമാണ്. എൻഎസ്എസിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്; പല കരയോഗങ്ങളും പിരിച്ചുവിട്ടിട്ടുമുണ്ട്.
പക്ഷേ, സുകുമാരൻ നായർക്കെതിരേ അഭിപ്രായമുള്ളവർ അത് അടുക്കളയിലേ പറയൂ. മുന്നണികൾ മാറിയാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷങ്ങൾ പങ്കിട്ടെടുക്കും. രാജ്യത്തിന്റെ സന്പത്താണ് അവർ പങ്കിട്ടെടുക്കുന്നത്. സ്വന്തം സമുദായത്തിനു മാത്രം ആനുകൂല്യങ്ങൾ നൽകുന്നു.”
വെള്ളാപ്പള്ളി നടേശൻ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റായതുകൊണ്ടല്ല, പലതും പരിഹരിക്കാൻ വർഗീയതയുടെ കുറുക്കുവഴി തേടുന്നതുകൊണ്ടാണ് കേരളം അതിനെ എതിർക്കുന്നത്.
ഇപ്പോഴത്തെ മന്ത്രിസഭയിലുൾപ്പെടെ ഈഴവ സമുദായത്തിനു കേരളത്തിൽ മന്ത്രി, മുഖ്യമന്ത്രി സ്ഥാനങ്ങൾ ഇന്നോളം എത്ര ലഭിച്ചെന്ന കണക്കൊന്നും അറിയാതെയല്ല വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. ഈഴവനെ വളർത്തിയ ചരിത്രം ഒരു പാർട്ടിക്കുമില്ലെന്നു പറയുന്നതും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷങ്ങൾ പങ്കിട്ടെടുക്കുകയാണ് എന്ന കണക്ക് അദ്ദേഹം വിശദീകരിക്കട്ടെ.
രാജ്യത്തിന്റെ സന്പത്ത് ആരാണ് പങ്കിട്ടെടുത്തിട്ടുള്ളത്? വിദ്യാഭ്യാസ-ആതുര ശുശ്രൂഷാ രംഗങ്ങളിൽ മികച്ച സ്ഥാപനങ്ങൾ കത്തോലിക്കാ സഭയുടേതാണ്. ഏതെങ്കിലുമൊന്ന്, വെള്ളാപ്പള്ളി ആരോപിച്ചതുപോലെ രാജ്യത്തിന്റെ സന്പത്ത് പങ്കിട്ടെടുത്തതാണെങ്കിൽ പരിഹരിക്കാൻ ഈ രാജ്യത്ത് ഭരണഘടനയും നിയമവാഴ്ചയുമുണ്ട്.
ഇച്ഛാശക്തിയും കഠിനാധ്വാനവുംകൊണ്ട് അവ കെട്ടിപ്പടുക്കുകയും വിജയകരമായി നടത്തുകയും ചെയ്യുന്നവരെ കവർച്ചക്കാരാക്കി ചിത്രീകരിക്കരുത്. അബ്കാരി വ്യവസായത്തിലും നിർമാണക്കരാർ സംരംഭത്തിലുമൊക്കെ വിജയക്കൊടി പാറിച്ച വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കോളജുകളെയും ആതുരാലയങ്ങളെയുമൊക്കെ കൂടുതൽ മികച്ച നിലവാരത്തിലാക്കാൻ ശ്രദ്ധിക്കുകയാണു വേണ്ടത്.
എസ്എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ബിഡിജെഎസ് (ഭാരത ധർമ ജന സേന) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയിലാണ്; വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാറാണ് പാർട്ടി അധ്യക്ഷൻ.
എങ്കിലും വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിനൊപ്പമാണ്. ബിഡിജെസ് ബിജെപിക്കൊപ്പം ചേർന്നതോടെ, വെള്ളാപ്പള്ളി ഒന്നാം പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ സിപിഎം നിലപാട് കടുപ്പിച്ചെങ്കിലും വെള്ളാപ്പള്ളി ഇടതുപക്ഷത്തെത്തിയപ്പോൾ അന്വേഷണം മന്ദഗതിയിലായെന്ന് ആരോപണമുണ്ട്.
പിന്നാക്കക്ഷേമ കോർപറേഷനിൽനിന്നു നിസാര പലിശയ്ക്കെടുത്ത വായ്പ, ഇപ്പോൾ ആർക്കുവേണ്ടി വിലപിക്കുന്നോ ആ സ്വസമുദായാംഗങ്ങൾക്ക് ഉയർന്ന പലിശനിരക്കിൽ നൽകി കോടികളുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ് എന്നതു മറക്കരുത്. സ്വന്തം സമുദായത്തിനുവേണ്ടി ശബ്ദിക്കാനുള്ള ഉത്തരവാദിത്വവും അവകാശവും വെള്ളാപ്പള്ളിക്കുണ്ട്. അതേ ഉത്തരവാദിത്വവും അവകാശങ്ങളും മറ്റു സമുദായങ്ങൾക്കുമുണ്ട്.
അർഹമായതു ചോദിച്ചുവാങ്ങാനുള്ള വെള്ളാപ്പള്ളിയുടെ നിശ്ചയദാർഢ്യം സമുദായത്തിനു ഗുണകരമായിട്ടുണ്ടെന്നതുപോലെ ചില പരാമർശങ്ങൾ ഇതര മതസ്ഥരെ വേദനിപ്പിക്കുന്നുമുണ്ട്. 2019ൽ പുരോഗമന-മതേതര മൂല്യങ്ങൾ വളർത്തുന്നതിന് ഇടതുസർക്കാർ രൂപീകരിച്ച നവോത്ഥാന സംരക്ഷണസമിതിയുടെ അധ്യക്ഷസ്ഥാനത്തിരിക്കുന്പോൾ അദ്ദേഹത്തിൽനിന്നു സമൂഹം കൂടുതൽ പക്വത പ്രതീക്ഷിക്കും.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാലമായതിനാൽ സിപിഎം പലതും കണ്ടില്ലെന്നു നടിക്കും. കച്ചവട-രാഷ്ട്രീയ താത്പര്യങ്ങളുടെ കൊടുക്കൽ-വാങ്ങലുകളാവാം അത്. പക്ഷേ, വർഗീയ ധ്രുവീകരണത്തിന് മുന്‍പെന്നത്തേക്കാളും ഗതിവേഗം ലഭ്യമായ കാലത്ത് ഇതിങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുന്പോൾ കാര്യമറിയാത്തവർക്കു തെറ്റിദ്ധാരണയുണ്ടാകാനും വർഗീയവാദികൾക്ക് ആവേശമുണർത്താനും കാരണമാകും. ജാതി-മത ദ്വേഷമില്ലാത്ത എസ്എൻഡിപി എന്ന മഹാപ്രസ്ഥാനത്തിന്റെ നേതാവിൽനിന്ന് അതല്ലല്ലോ ലോകം പ്രതീക്ഷിക്കുന്നത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലെ വേലിക്കകത്തു വീട്ടിലേക്കു വന്നെത്താൻ വി.എസ്. അച്യുതാനന്ദനു വേണ്ടിവന്നത് ശരാശരി മൂന്നു-മൂന്നര മണിക്കൂർ. എന്നാൽ, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽനിന്ന് ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്കുള്ള വിഎസിന്റെ അന്ത്യയാത്ര 22 മണിക്കൂർ നീണ്ടു. പിന്നീട് ജില്ലാ കമ്മിറ്റി ഓഫീസിലേക്കും പൊതുദർശനം നടന്ന റിക്രിയേഷൻ ക്ലബ്ബിലേക്കും എത്താൻ വീണ്ടും മണിക്കൂറുകൾ ഏറെയെടുത്തു.
വിഎസിന്റെ അവസാനയാത്ര കണ്ടവരുടെയെല്ലാം മനസിലേക്ക് ഓടിയെത്തിയത് രണ്ടു വർഷം മുന്‍പ് ഇതുപോലെ ഒരു ജൂലൈയിൽ തിരുവനന്തപുരത്തുനിന്ന് എംസി റോഡ് വഴി കോട്ടയത്തേക്കു പോയ മറ്റൊരു വിലാപയാത്രയായിരുന്നു. അത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയായിരുന്നു.
സിപിഎം കൃത്യമായ മാർഗരേഖ തയാറാക്കിയാണു വിഎസിന്റെ വിലാപയാത്ര ക്രമീകരിച്ചത്. ദേശീയപാതയിലെ നിശ്ചയിച്ച പോയിന്റുകളിൽ പ്രവർത്തകരും നാട്ടുകാരും എത്തി അന്ത്യോപചാരമർപ്പിക്കാൻ അവസരമൊരുക്കണമെന്നായിരുന്നു പാർട്ടി നിർദേശം. എന്നാൽ, പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങൾ റോഡിന് ഇരുവശവും തിങ്ങിക്കൂടിയതോടെ തുടക്കത്തിൽ തന്നെ സമയക്രമം തെറ്റി.
ജനകീയ നേതാക്കളുടെ ഭൗതികദേഹവും വഹിച്ചു കൊണ്ടുള്ള നിരവധി വിലാപയാത്രകൾ കേരളം കണ്ടിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾ പ്രിയ നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തുന്പോൾ ഈ യാത്രകൾ പലപ്പോഴും മണിക്കൂറുകൾ നീളും. ഇതിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നത് ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയാണ്.
2023 ജൂലൈ 19നു രാവിലെ 7.15നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്നു പുറപ്പെട്ട വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനത്ത് എത്തിച്ചേർന്നത് 28 മണിക്കൂറിനു ശേഷമായിരുന്നു. തിരുവനന്തപുരം മുതൽ കോട്ടയം വരെയും പിന്നീട് അവിടെനിന്ന് പുതുപ്പള്ളിവരെയും വീഥികൾക്കിരുവശവും മനുഷ്യക്കോട്ടയായിരുന്നു. തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളിയിൽ വിലാപയാത്രയെത്താൻ വേണ്ടിവന്നത് 37.5 മണിക്കൂർ.
കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ അന്ത്യയാത്രയും ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച കെ.എം. മാണിയുടെ യാത്ര 21 മണിക്കൂറിലേറെ നീണ്ടു.
എറണാകുളത്തുനിന്ന് കോട്ടയത്തേക്കും അവിടെനിന്നു പാലായിലേക്കുമായിരുന്നു കെ.എം. മാണിയുടെ അന്ത്യയാത്ര. 2019 ഏപ്രിൽ ഒന്‍പതിനായിരുന്നു കെ.എം. മാണി വിടപറഞ്ഞത്.
കോണ്‍ഗ്രസിന്റെ കരുത്തനായ മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ. കരുണാകരന്റെ അന്ത്യയാത്ര തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കായിരുന്നു.
2010 ഡിസംബറിൽ അന്തരിച്ച കെ. കരുണാകരന്റെ മൃതദേഹം നന്ദൻകോടുള്ള വസതിയിലും കെപിസിസി ആസ്ഥാനത്തും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും പൊതുദർശനത്തിനു വച്ച ശേഷമാണ് ലക്ഷക്കണക്കിനാളുകളുടെ സ്നേഹാദരം ഏറ്റുവാങ്ങിക്കൊണ്ട് തൃശൂരിലേക്കു പുറപ്പെട്ടത്.
സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുടേതായിരുന്നു സമീപകാല ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അന്ത്യയാത്ര. ജനലക്ഷങ്ങളുടെ അന്ത്യോപചാരം ഏറ്റുവാങ്ങിയാണ് തിരുവനന്തപുരത്തുനിന്നു കണ്ണൂർ പയ്യാന്പലം ബീച്ചിലേക്കു വിലാപയാത്ര നീങ്ങിയത്.
Leader Page
1996. മാരാരിക്കുളത്തെ ചെങ്കോട്ട കുലുങ്ങില്ലെന്ന ഉറപ്പില്‍ കേരളമൊട്ടാകെ പ്രചാരണത്തിന് ചെങ്കൊടി പിടിക്കുമ്പോള്‍ സ്വന്തം കാല്‍കീഴിലെ മണ്ണിളകുന്നത് വി.എസ്. അച്യുതാനന്ദന് അറിഞ്ഞിരുന്നില്ല. എന്നാല്‍ പാര്‍ട്ടി പാളയത്തിനുള്ളില്‍ വിഎസിനെതിരേ പടയൊരുക്കം നടക്കുന്നതായി ഒരുനിര സിപിഎം നേതാക്കള്‍ അറിഞ്ഞിരുന്നു. 1991ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് ലഭിച്ച 9980 വോട്ടുകളുടെ ഭൂരിപക്ഷം ഉയര്‍ത്തി വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കേരളം കരുതിയെങ്കിലും മാരാരിക്കുളത്തെ ജനവിധി തിരിച്ചടിയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഏക പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു അച്യുതാനന്ദന്.
തോല്ക്കാന് മാത്രമായി പലതവണ മത്സരിച്ച കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോട് 1965 വോട്ടുകള്‍ക്ക് വിഎസ് തോറ്റു. വിഎസ് ആ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം ഫ്രാന്‍സിസിന്റെ മിന്നും ജയം യുഡിഎഫ് ഏഴയലത്തുപോലും പ്രതീക്ഷിച്ചിരുന്നില്ല.
അതേസമയം അച്യുതാനന്ദന് നാലായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് ബൂത്ത് തല തലയെണ്ണലിലൂടെ ഒരു നിര നേതാക്കള്‍ ഗണിച്ചിരുന്നു. അങ്ങനെ മത്സരരംഗത്തുപോലും ഇല്ലാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാര്‍ മൂന്നാമൂഴവും കേരള മുഖ്യമന്ത്രിയായി.
കേരളത്തില്‍ ഇടതുതരംഗം ആഞ്ഞുവീശിയ ജനവിധിയില്‍ മാരാരിക്കുളത്തെ തോല്‍വി കേരളത്തിലെ സിപിഎമ്മിനെ മാത്രമല്ല പോളിറ്റ് ബ്യൂറോയെയും ഞെട്ടിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു നാല് വോട്ടുകള്‍ക്ക് ഇ.കെ. നായനാരോടു വിഎസ് തോറ്റതിനു പിന്നാലെയായിരുന്നു മാരാരിക്കുളത്തുണ്ടായ ആഘാതം.
തോല്‍വിയെക്കുറിച്ച് താത്വികമായ അവലോകനങ്ങള്‍ പലതുണ്ടായെങ്കിലും ആലപ്പുഴ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ വിഎസിനെ പിന്നില്‍നിന്നു കുത്തിയെന്നും പന്തീരായിരം പാര്‍ട്ടി വോട്ടുകള്‍ രഹസ്യമായി പി.ജെ. ഫ്രാന്‍സിസിന്റെ കൈപ്പത്തിയില്‍ കുത്തിയെന്നുമുള്ള റിപ്പോര്‍ട്ട് സിപിഎം ഫയലില്‍ ചുവപ്പുനാട കെട്ടിമുറുക്കി.
പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രാദേശിക അന്തര്‍ധാര രൂപംകൊണ്ടിരുന്നുവെന്നതും പാര്‍ട്ടിക്കു പുറത്ത് വോട്ട് ധ്രുവീകരണമുണ്ടായെന്നതുമൊക്കെ വേറെയും കാരണങ്ങള്‍. അത്തവണ ചേര്‍ത്തലയില്‍ എ.കെ. ആന്റണി മത്സരിച്ചതിനാല്‍ ചേര്‍ത്തലയിലുണ്ടായ യുഡിഎഫ് തരംഗത്തിന്റെ പ്രകമ്പനം മാരിക്കുളത്തുമുണ്ടായി എന്നതായിരുന്നു മറ്റൊരു നിഗമനം. ആന്റണി ഉയര്‍ത്തിയ ആവേശത്തിനൊപ്പം ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണവും കെ.ആര്. ഗൗരിയമ്മയുടെ ജെഎസ്എസ് രൂപീകരണവും വിഎസിന്റെ തോല്‍വിക്കു കാരണമായതായി നിഗമിച്ചു. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും മാരാരിക്കുളം ചുവപ്പുകോട്ടയില്‍ അട്ടിമറി നടക്കുമെന്ന് യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ മാരാരിക്കുളത്ത് ഏരിയ, ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രചാരണത്തില്‍ സാമട്ടിലായിരുന്നുവെന്നും സംഘടിതമായ കാലുവാരലുണ്ടായെന്നും പോളിംഗ് കണക്കെടുപ്പിലൂടെ സിപിഎം സൂക്ഷ്മദര്‍ശനി കണ്ടെത്തി. സിപിഎമ്മുകാര്‍ തന്നെയാണു മാരാരിക്കുളത്ത് വോട്ട് മറിച്ചതെന്ന് പിന്നീട് ഇ.കെ. നായനാര്‍ ആലപ്പുഴയില്‍ പരസ്യമായി കുറ്റപ്പെടുത്തി.
പ്രചാരണഘട്ടത്തില്‍ പല നേതാക്കളെയും പ്രവര്‍ത്തകരെയും ചില ജില്ലാനേതാക്കള്‍ അറിഞ്ഞുകൊണ്ട് മറ്റു മണ്ഡലങ്ങളിലേക്ക് അയച്ചെന്നും മാരാരിക്കുളം ചെളിക്കുളമാക്കാന് കരുക്കള്‍ നീക്കിയെന്നും പ്രവര്‍ത്തകരുടെ നാടുകടത്തല്‍ പാര്‍ട്ടിക്കു തിരിച്ചറിവുണ്ടാക്കിയെന്നും കഥകള്‍ പരന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റിനെ ഒന്നടങ്കം സംസ്ഥാന കമ്മിറ്റി താക്കീതു ചെയ്തു.
പരാജയത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ. പളനിക്കെതിരേയും ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി. ഭാസ്കരനെതിരേയും വിഎസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പളനിയെയും ഭാസ്കരനെയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി.
വിഎസിന്റെ പരാജയത്തിനു കാരണം ഒരിക്കലും വിഭാഗീയതയല്ലെന്ന് മരിക്കുംവരെ പളനി വാദിച്ചിരുന്നു. ഗൗരിയമ്മ പാര്‍ട്ടി വിട്ട സാഹചര്യവും ഗൗരിയമ്മയ്ക്ക് മാരാരിക്കുളത്തുണ്ടായിരുന്ന സ്വാധീനവും മനസിലാക്കാന്‍ വിഎസിന് കഴിഞ്ഞില്ലെന്നായിരുന്നു പളനിയുടെ നിലപാട്. മാരാരിക്കുളത്ത് വിഎസ് തോറ്റ 1965 എന്ന അക്കത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. 1965ലാണ് വിഎസ് ആദ്യമായി തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുന്നത്. ആ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് കൃഷ്ണക്കുറുപ്പിനോട് തോറ്റു. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം വിഎസ് എന്ന അതികായന്റെ മാരാരിക്കുളത്തെ തോല്‍വിയുടെ മാനം ചെറുതായിരുന്നില്ല.
മാരാരിക്കുളത്തെ തോല്‍വി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചെങ്കിലും വി.എസ്. അച്യുതാനന്ദന് തെല്ലും കുലുക്കവും പതര്‍ച്ചയുമുണ്ടായില്ല. വിഎസ് തോറ്റു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ ആലപ്പുഴ പുന്നപ്രയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ തരിച്ചിരിക്കുകയായിരുന്നു. വോട്ടണ്ണലിനുശേഷം തോല്‍വിയുടെ മ്ലാനതയില്ലാതെ കൂളായി വിഎസ് വീട്ടിലേക്ക് വന്നു. രണ്ട് ദിവസങ്ങളിലായി ഉറക്കം നടക്കാത്തതിന്റെ ക്ഷീണത്തില്‍ ഒരു മണിക്കൂര്‍ കിടന്നുറങ്ങി. പിന്നീട് പത്രക്കാര് വന്നപ്പോള്‍ അവരോട് സംസാരിച്ചു. പിന്നീട് കുളി കഴിഞ്ഞ് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടി കമ്മിറ്റിക്കായി കാറില്‍ തിരുവനന്തപുരത്തേക്കു പോയി.
Kerala
ആലപ്പുഴ: മേൽക്കൂര തകർന്നുവീണ ആലപ്പുഴ കാർത്തികപ്പള്ളി യുപി സ്കൂളിൽ മാധ്യമങ്ങൾക്ക് വിലക്ക്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾ പുറത്തുപോകണമെന്ന് സിപിഎം പഞ്ചായത്തംഗം നിബു ആവശ്യപ്പെട്ടത് സംഘർഷത്തിന് ഇടയാക്കി.
സ്കൂൾ പ്രധാന അധ്യാപകൻ പറയാതെ പുറത്തുപോകില്ലെന്ന് മാധ്യമങ്ങൾ നിലപാടെടുത്തു. പിന്നീട് മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കാനും സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന്
ശ്രമമുണ്ടായി.
ഞായറാഴ്ച രാവിലെയാണ് ശക്തമായ മഴയിൽ സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂര
അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാൻ ഇന്ന് രാവിലെ മാധ്യമപ്രവർത്തകർ എത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ തടഞ്ഞത്.
Kerala
ജോൺസൺ വേങ്ങത്തടം
കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. ഐഷ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കൊട്ടാരക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്. ഇന്നു കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണപ്രഭാഷണമാണ് നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്നു കുറച്ചുകാലമായി പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയാണ് ഐഷ പോറ്റി. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്, സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. നിലവിൽ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഐഷ പോറ്റിയെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത് ഇക്കൊല്ലമാദ്യമായിരുന്നു. കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമായി. പാർട്ടിയുടെ വാതിലുകൾ ഐഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്നു പ്രമേയത്തിൽ പറഞ്ഞിരുന്നു. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുമെന്നും പ്രചാരണമുണ്ടായി.
ഇപ്പോൾ കോൺഗ്രസ് പരിപാടിയിൽ എത്തുന്നതോടെ അവരുടെ കോൺഗ്രസ് പ്രവേശം വീണ്ടും ചർച്ചയായിരിക്കുകയാണ്. വർഷങ്ങളോളം കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്ത ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് ഐഷ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടർച്ചയായി മൂന്നുതവണ അവർ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തു.
തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചു ജയിച്ചവരെ മാറ്റിനിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. ഐഷ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിക്കാനായാല്‍ അതു യുഡിഎഫിന് ഗുണകരമാവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.
താന്‍ നിയമസഭാംഗമായിരുന്ന കാലത്തെ ബന്ധത്തിന്റെ പേരിലാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും കോണ്‍ഗ്രസില്‍ ചേരുമെന്നുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്നുമാണ് ഐഷ പോറ്റിയുടെ പ്രതികരണം.
Kerala
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസിനെ തള്ളി സിപിഎം. ഡോ.ഹാരിസിന്റേത് പ്രതിപക്ഷത്തിന് ആയുധം നല്കുന്ന പരാമര്‍ശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രതികരിച്ചു.
കോവിഡ് സമയത്ത് ലോകം തന്നെ പ്രശംസിച്ച ആരോഗ്യസംവിധാനമാണ് കേരളത്തിന്റേത്. എവിടെയെങ്കിലും ഒരു ചെറിയ പ്രശ്നമുണ്ടാകുമ്പോള്‍ അതിനെ പര്വതീകരിച്ചുകാണിക്കുന്ന മാനസികാവസ്ഥയാണ് ഇത്.
ആരോഗ്യരംഗം പൂര്‍ണമായി തകര്‍ന്നെന്ന് പ്രചരിപ്പിക്കുന്നു. മാധ്യമങ്ങള്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷവും മാധ്യമങ്ങളും ഇതില്‍നിന്ന് പിന്തിരിയണമെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ലെന്ന് ഡോ.ഹാരിസ് പ്രതികരിച്ചു. താന്‍ വിമര്‍ശിച്ചത് സര്‍ക്കാരിനെയോ മന്ത്രിസഭയെയോ അല്ലെന്ന് അദ്ദേഹം പറഞ്ഞു.
ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കിനെതിരെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി തനിക്ക് ഗുരുതുല്യനാണ്.
വേറെ മാര്‍ഗമില്ലാതായപ്പോഴാണ് പ്രഫഷണല്‍ സൂയിസൈഡ് വേണ്ടിവന്നത്. ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. തനിക്കെതിരേ കുറ്റപ്പെടുത്തലും നടപടിയും ഉണ്ടായാലും നിലപാടില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
നിശാന്ത് ഘോഷ്
കണ്ണൂർ: രവാഡ ചന്ദ്രശേഖറെ സംസ്ഥാന പോലീസ് മേധാവിയാക്കിയതിൽ കണ്ണൂർ സിപിഎമ്മിൽ ഭിന്നാഭിപ്രായം. നേതാക്കളിലും പ്രവർത്തകരിലും ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകളിലും സർക്കാർ നിലപാടിനോടു കടുത്ത അതൃപ്തിയുണ്ട്. എം.വി. രാഘവൻ മന്ത്രിയായിരിക്കേ കൂത്തുപറന്പിൽ നടന്ന യുവജന സമരത്തിനു നേരേയുണ്ടായ വെടിവയ്പിനു നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥനെ സിപിഎം ഭരണത്തിൽ സംസ്ഥാന പോലീസ് മേധാവിയാക്കിയതാണ് അതൃപ്തിക്കു കാരണം. മുതിർന്ന നേതാവായ പി. ജയരാജൻ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. രവാഡ ചന്ദ്രശേഖർ കൂത്തുപറന്പ് വെടിവയ്പ് സംഭവത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണെന്നും ആരാണ് യോഗ്യനെന്നു സർക്കാർ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തീരുമാനിച്ചിട്ടുണ്ടാകുക എന്നുമായിരുന്നു പി. ജയരാജൻ പ്രതികരിച്ചത്. നിയമന തീരുമാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടതു സർക്കാരാണെന്നും ജയരാജന് പറഞ്ഞു.
1994ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയും എം.വി. രാഘവൻ സഹകരണമന്ത്രിയുമായിരിക്കേ സ്വാശ്രയ കോളജ് വിഷയത്തിൽ ഡിവൈഎഫ്ഐ നടത്തിയ സമരമാണു കൂത്തുപറന്പിൽ വെടിവയ്പിൽ കലാശിച്ചത്. രവാഡ ചന്ദ്രശേഖർ തലശേരി എഎസ്പിയായി ചുമതലയേറ്റതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സംഭവം. വെടിവയ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ മരിക്കുകയും നട്ടെല്ലിനു പരിക്കേറ്റ പുഷ്പൻ വർഷങ്ങളോളം കിടപ്പിലാവുകയും ചെയ്തു. പുഷ്പൻ കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണു മരിച്ചത്.
കണ്ണൂരിലെ സിപിഎം പ്രവർത്തകർക്കു കൂത്തുപറന്പ് രക്തസാക്ഷികളോടു വൈകാരികമായ ബന്ധമാണുള്ളത്. വെടിവയ്പിനു കാരണമായ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ സംസ്ഥാന പോലീസ് മേധാവിയാക്കുന്നത് ഇവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. അതിനാൽ, സർക്കാരിനെതിരേ സൈബർ ഇടങ്ങളിലും പോരാട്ടം വ്യാപകമായിരിക്കുകയാണ്. കണ്ണൂരിലെ പാർട്ടിയിലെ പലർക്കും സർക്കാർ നിലപാടിനോടു കടുത്ത വിയോജിപ്പുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാൻ തയാറാവുന്നില്ലെന്നതാണു യാഥാർഥ്യം. 1995ൽ വെടിവയ്പ് സംഭവത്തിൽ പോലീസുകാർക്കെതിരേ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെത്തുടർന്ന് രവാഡ ചന്ദ്രശേർ ഉൾപ്പെടെയുള്ളവർക്കതിരേ കേസെടുത്തിരുന്നു. യുഡിഎഫ് സർക്കാരിനു ശേഷം അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ കൂത്തുപറന്പ് കേസന്വേഷിക്കാനായി പദ്മനാഭൻ കമ്മീഷനെ നിയമിച്ചു.
1997ൽ കമ്മീഷൻ നൽകിയ റിപ്പോർട്ടിൽ എം.വി. രാഘവൻ, ഡെപ്യൂട്ടി കളക്ടർ ടി.ടി. ആന്റണി, ഡിവൈഎസ്പി. അബ്ദുൾ ഹക്കീം ബത്തേരി, രവാഡ ചന്ദ്രശേഖർ എന്നിവർ കുറ്റക്കാരാണെന്നായിരുന്നു കണ്ടെത്തിയത്. പദ്മനാഭൻ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് ഇവരെ പ്രതികളാക്കി പുതിയ കേസ് ഫയൽ ചെയ്തെങ്കിലും സുപ്രീംകോടതി പ്രതികളുടെ ഹർജിയെത്തുടർന്ന് കേസ് അന്വേഷണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു.
ഹെഡ് കോൺസ്റ്റബിൾമാരായ ശശിധരൻ, സഹദേവൻ, പ്രേംനാഥ്, കോൺസ്റ്റബിൾമാരായ ദാമോദരൻ, രാജൻ, സ്റ്റാൻലി, അബ്ദുൾ സലാം, ജോസഫ്, സുരേഷ്, ചന്ദ്രൻ, ബാലചന്ദ്രൻ, ലൂക്കോസ്, അഹമ്മദ് എന്നിവരെയും സ്വകാര്യ അന്യായത്തിൻമേൽ കൂത്തുപറന്പ് കോടതി കുറ്റക്കാരാക്കിയിരുന്നു. എന്നാൽ കേസിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ആർക്കും കൊല്ലപ്പെട്ടവരോടും പരിക്കേറ്റവരോടും മുൻകാല വൈരാഗ്യമുണ്ടായിരുന്നില്ലെന്നും കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള പ്രവർത്തനം മാത്രമാണു നടത്തിയതെന്നും ചൂണ്ടിക്കാട്ടി രവാഡ ചന്ദ്രശേഖർ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കി പ്രഖ്യാപിക്കുകയായിരുന്നു.
രവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയാക്കിയതിൽ വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് പി. ജയരാജന്റെ നിലപാടുകൾ തള്ളി പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ. പോലീസ് മേധാവി നിയമനത്തിൽ പാർട്ടി സർക്കാരിനൊപ്പമാണെന്ന് എം.വി. ഗോവിന്ദൻ പ്രതികരിച്ചു. കൂത്തുപറന്പ് കേസിൽ രവാഡ ചന്ദ്രശേഖറെ കോടതി ഒഴിവാക്കിയതാണ്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലാണ് കോടതി തീരുമാനമെടുത്തത്.
വെടിവയ്പ് നടക്കുന്നതിന്റെ രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം ചുമതലയേറ്റത്. അദ്ദേഹത്തിന് കാര്യങ്ങളൊന്നുമറിയില്ലായിരുന്നു. ഈ വിഷയത്തിൽ പി. ജയരാജന്റെ പ്രതികരണം സർക്കാരിനെതിരേയുള്ള വിമർശനമായി കാണുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
എല്ലാവർക്കും നീതി ഉറപ്പാക്കുന്ന പോലീസ് സംവിധാനമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും ബാക്കിയെല്ലാം സർക്കാരാണ് തീരുമാനിക്കുന്നതെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. രവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ച മന്ത്രിസഭാതീരുമാനത്തോടു പാലക്കാട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ രാഷ്ടീയ നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. സർക്കാരിനു മുന്നിൽവന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. അക്കാര്യം വിശദീകരിക്കേണ്ടതു സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല ഉദ്യോഗസ്ഥരും പലഘട്ടത്തിലും സിപിഎമ്മിനെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. സർക്കാരിനു മുന്നിൽവന്ന മറ്റൊരു പേരായ നിതിൻ അഗർവാളിനെതിരേ സിപിഎം പരാതിനൽകിയിരുന്നു. സിപിഎം-ആർഎസ്എസ് സംഘർഷമുണ്ടായിരുന്ന സമയത്തു സിപിഎമ്മിന്റെ നിലവിലെ ഏരിയ സെക്രട്ടറി എം. സുകുമാരനെ ലോക്കപ്പിൽ ഭീകരമായി തല്ലിച്ചതച്ച കേസിൽ നിതിൻ അഗർവാൾ പ്രതിയായിരുന്നു.
ഇന്നു യോഗ്യതയുടെ അടിസ്ഥാനത്തിലാണ് മൂന്നു പേരുകൾ സർക്കാരിന്റെ പരിഗണനയ്ക്കു വന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് രവാഡ ചന്ദ്രശേഖറിനെ നിയമിച്ചത്. ചുമതലയേറ്റതിനുശേഷം രവാഡ എടുക്കുന്ന നടപടികളെക്കുറിച്ചു പറയാമെന്നും പി. ജയരാജൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിലമ്പുരിൽ ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള തീവ്രവര്‍ഗീയ ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് വിജയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയിരുന്നു. 2019 മുതല്‍ ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും തമ്മില്‍ കുട്ടുകെട്ട് തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
നിലമ്പുര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിയും മുന്നണിയും വിശദമായി പരിശോധിക്കുമെന്നും തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.