Leader Page
കേരളത്തിൽ ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ മൂലമുള്ള കൊലപാതകങ്ങൾ നടന്നതും ജീവനോപാധികൾ നശിപ്പിക്കപ്പെട്ടതും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിലാണ്. ഇക്കാലത്തൊക്കെ വന്യജീവി ആക്രമണങ്ങൾക്ക് ഇരയായവരുടെ ഒരുപാട് കുട്ടികൾ അനാഥരായിട്ടുണ്ട്.ഒരുപാട് സഹോദരിമാർ ചെറുപ്രായത്തിൽതന്നെ വിധവകളായിട്ടുണ്ട്. അകാലത്തിൽ പൊലിഞ്ഞുപോയ മക്കളെയോർത്ത് നീറിനീറി കഴിയുന്ന മാതാപിതാക്കളുണ്ട്. വന്യജീവി ആക്രമണങ്ങൾ കുറയ്ക്കാൻ സംസ്ഥാനം കൊണ്ടുവരുന്ന വന്യജീവി സംരക്ഷണ (കേരള) ഭേദഗതി നിയമത്തിൽ ഇവരുടെയൊക്കെ സങ്കടങ്ങൾക്ക് പരിഹാരം കാണാനാവില്ലെങ്കിലും അവരുടെയൊക്കെ കണ്ണീരൊപ്പാനുള്ള വകുപ്പുകളും ചട്ടങ്ങളും ഉണ്ടാകണം. അവിടെയായിരിക്കും സർക്കാരിന്റെ ആത്മാർഥത പൊതുസമൂഹം വിലയിരുത്തുക. പുതിയ നിയമനിർമാണം നടത്താൻ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചെന്നും കരട് ബിൽ നിയമവകുപ്പിന്റെ പരിഗണനയിലാണന്നും അറിയുന്നു.
വനവും വന്യജീവി സംരക്ഷണവും ഭരണഘടനയുടെ മൂന്നാം ഷെഡ്യൂളിൽ ഉൾപ്പെട്ടതായതിനാൽ സംസ്ഥാനങ്ങൾക്കും പ്രത്യേകം നിയമം നിർമിക്കാമെന്നും അതിന് രാഷ്ട്രപതിയുടെ അനുമതി വാങ്ങണമെന്നേയുള്ളൂ എന്നുമാണ് ഇപ്പോൾ അഡ്വക്കറ്റ് ജനറൽ കൊടുത്തിരിക്കുന്ന നിയമോപദേശം. രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിൽ നിയമം നിർമിച്ചു എന്നു പ്രകടനപത്രികയിൽ എഴുതാൻ മാത്രമാകരുത് പുതിയ നിയമനിർമാണം.
പരിരക്ഷയാകണം നിയമത്തിന്റെ അന്തഃസത്ത
2012 ഫെബ്രുവരി 15ന് കൊല്ലത്ത് കടലിൽ മീൻ പിടിക്കാൻ പോയ രണ്ടു മത്സ്യത്തൊഴിലാളികൾ ‘എൻറിക്ക ലെക്സി’ എന്ന ഇറ്റാലിയൻ ഓയിൽ ടാങ്കറിലെത്തിയ രണ്ട് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു മരിച്ചിരുന്നു. കേരള ഹൈ ക്കോടതിയിലും സുപ്രീംകോടതിയിലും പിന്നീട് ഐക്യരാഷ്ട്ര സഭയുടെ ആർബിട്രേഷൻ ട്രിൈബ്യൂണലിലും എത്തിയ ആ കേസിൽ ഇറ്റാലിയൻ കപ്പലിൽ, ഇറ്റാലിയൻ യൂണിഫോമിൽ, ഇറ്റാലിയൻ നാവികർ നടത്തിയത് കൊലപാതകമാണെങ്കിലും ഇറ്റാലിയൻ നാവികർ എന്നുള്ള സോവറിൻ ഇമ്യൂണിറ്റി (Sovereign Immunity) അഥവാ പരിരക്ഷ അനുവദിച്ച് നാവികരെ കുറ്റവിമുക്തരാക്കണമെന്നായിരുന്നു ഇറ്റലിയുടെ വാദം. പല അന്താരാഷ്ട്ര കോടതികളും പരിഗണിച്ച ആ കേസിൽ അവസാനം ഇറ്റാലിയൻ നാവികരെ ആ ഇമ്മ്യൂണിറ്റിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസിൽനിന്ന് ഒഴിവാക്കി മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിച്ചു.
ഈ ഇമ്യൂണിറ്റിയാണ് പുതിയ നിയമത്തിൽ സർക്കാർ കേരളത്തിലെ കർഷകസമൂഹത്തിനും മലയോരജനതയ്ക്കും അനുവദിച്ചു കൊടുക്കേണ്ടത്. താൻ കരമടയ്ക്കുന്ന ഭൂമിയിൽ അതിക്രമിച്ചു കടന്ന് തന്റെ ജീവനും ജീവനോപാധിയും നശിപ്പിക്കുന്ന ഏതു വന്യമൃഗമാണെങ്കിലും അതിനെ നേരിടുന്നതിനുള്ള നിരുപാധിക സോവറിൻ ഇമ്യൂണിറ്റി (Sovereign Immunity) കർഷകന് അനുവദിച്ചുകൊടുത്താൽ തീരാവുന്നതേയുള്ളൂ കേരളത്തിലെ മനുഷ്യ-വന്യജീവി സംഘർഷം. അതിനു പഴുതടച്ച നിയമനിർമാണമാണു വേണ്ടത്.
ജെല്ലിക്കെട്ട് പാഠമാക്കാം
2017ൽ തമിഴ്നാട് സർക്കാർ ‘റെഗുലേഷൻ ഓഫ് ജെല്ലിക്കെട്ട് ആക്ട് -2009’ ഭേദഗതി ചെയ്തത് സുപ്രീംകോടതി ശരിവച്ചു. ഇതുവഴി തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് നടത്താൻ അനുമതി കൊടുത്തു. ഈ മാതൃക വന്യജീവി വിഷയത്തിൽ നമുക്ക് പിൻതുടരാം. തമിഴ്നാട്ടിൽ വിളവെടുപ്പ് ഉത്സവത്തിന്റെ ഭാഗമായി നടന്നിരുന്ന ജെല്ലിക്കെട്ട് ‘പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽ ആക്ട് -1960’ പ്രകാരം 2014ൽ സുപ്രീംകോടതി നിരോധിച്ചിരുന്നു. 2016ൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങളോടെ ജെല്ലിക്കെട്ട് നടത്താൻ അനുമതി നൽകിയെങ്കിലും മൃഗസ്നേഹികൾ അതിനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് തമിഴ്നാട് സർക്കാർ നിയമനിർമാണത്തിലേക്ക് കടന്നത്. അവിടെ സംസ്കാരവും ആചാരവുമാണ് പരിഗണിച്ചതെങ്കിൽ ഇവിടെ ജീവനാണ്, ജീവിതമാണ്, മനുഷ്യരാശിയുടെ നിലനിൽപ്പാണ് പരിഗണനാവിഷയം.
പഞ്ചായത്ത് വകുപ്പും പ്രതിക്കൂട്ടിൽ
ഇപ്പോൾ വനംവകുപ്പിനോട് പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാൽ അവർ അപ്പോൾത്തന്നെ പറയും പഞ്ചായത്തിനോടു പറയാൻ. പഞ്ചായത്തിന് ആകെ ലഭിക്കുന്ന പ്ലാൻ ഫണ്ട് അടക്കമുള്ള തുക ചെലവഴിക്കുന്നത് ഗ്രാമസഭകൾ പാസാക്കുന്ന പദ്ധതികളുടെ അടിസ്ഥാനത്തിലാണ്. കുട്ടികളുടെയും അമ്മമാരുടെയും സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ആദിവാസി ക്ഷേമത്തിനുമൊക്കെയുള്ള പദ്ധതി വിഹിതം വക മാറ്റി ചെലവഴിക്കാനാവില്ല.
ചുരുക്കിപ്പറഞ്ഞാൽ, പഞ്ചായത്തിനെ ഉത്തരവാദിത്വം ഏല്പിച്ച് വനംവകുപ്പ് രക്ഷപ്പെടുകയാണ്. കോടാനുകോടി രൂപ വന്നുപോകുന്ന വനംവകുപ്പിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ താത്പര്യമില്ല. ആ ഉത്തരവാദിത്വം ഏൽക്കാൻ അവർ തയാറുമല്ല.
പാർലമെന്റിൽ 11ന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പു മന്ത്രി നൽകിയ മറുപടി പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇത്തരത്തിൽ കേന്ദ്രപദ്ധതി യഥാസമയം നടപ്പാക്കാത്തുമൂലം കേരളം 147.38 കോടി രൂപ നഷ്ടപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ് സ്കീം പ്രകാരം കേരളത്തിന് അനുവദിച്ചത് 104.57 കോടി രൂപ. ചെലവഴിച്ചത് 30.82 കോടി മാത്രം. മറ്റൊരു പദ്ധതിയായ പ്രോജക്റ്റ് എലഫന്റ് ആൻഡ് ടൈഗർ പദ്ധതിപ്രകാരം അനുവദിച്ചത് 116.81 കോടി. ചെലവഴിച്ചത് 42.73 കോടി. രണ്ടു പദ്ധതികളിലുംകൂടി ആകെ അനുവദിച്ചത് 221.38 കോടി. ആകെ ചെലവഴിച്ചത് 73.55 കോടി മാത്രം. ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയത് 147.38 കോടി രൂപ. നടപ്പ് സാമ്പത്തികവർഷമായ 2025-26ൽ കേന്ദ്രസർക്കാർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ് സ്കീം പ്രകാരം ഫണ്ട് അലോട്ട്മെന്റ് നടത്തിയിട്ടില്ല എന്നും കേന്ദ്രമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നു. കാരണം പറഞ്ഞിരിക്കുന്നത് സംസ്ഥാന സർക്കാർ ഇക്കാര്യത്തിനായി കേന്ദ്രത്തിൽ സമർപ്പിക്കേണ്ട ‘ആനുവൽ പ്ലാൻ ഓഫ് ഓപ്പറേഷൻസ്’ ഇതുവരെ സമർപ്പിച്ചിട്ടില്ല അല്ലങ്കിൽ സമർപ്പിച്ചത് പൂർണമല്ല എന്നാണ്. ഇത്തരം കെടുകാര്യസ്ഥതയാണ് വനംവകുപ്പിനെ ജനദ്രോഹ വകുപ്പെന്ന് മുദ്രകുത്താനിടയാക്കുന്നത്.
വന്യജീവികൾ എവിടെയാണെങ്കിലും വന്യജീവി
വന്യജീവി സംരക്ഷണ നിയമം 1972 സെക്ഷൻ 2 (36)ൽ വന്യജീവികളുടെ നിർവചനം കൊടുത്തിരിക്കുന്നത് ‘വന്യമൃഗം’ എന്നാൽ ഷെഡ്യൂൾ I അല്ലെങ്കിൽ ഷെഡ്യൂൾ IIൽ വ്യക്തമാക്കിയിട്ടുള്ളതും പ്രകൃതിയിൽ വന്യമായി കാണപ്പെടുന്നതുമായ ഏതെങ്കിലും മൃഗം എന്നാണ്. ഇതനുസരിച്ച് നാട്ടിൽ കാണപ്പെട്ടാലും അത്തരം മൃഗങ്ങളെ വന്യജീവികളായിത്തന്നെ കണക്കാക്കണം.
ഇവിടെ, നിൽക്കുന്ന സ്ഥലത്തിന് പ്രസക്തിയില്ല. അവിടെയാണ് വരാൻ പോകുന്ന നിയമത്തിൽ ‘ഇമ്യൂണിറ്റി’ പ്രസക്തമാകുന്നത്. ഇമ്യൂണിറ്റി അനുവദിച്ചുകൊടുത്തുകൊണ്ടല്ലാതെ പാസാക്കുന്ന ഏത് നിയമവും വീണ്ടും ചുവപ്പു നാടയിൽ കുടുങ്ങും. വനാതിർത്തി പങ്കിടുന്ന മലയോര മേഖലകളിൽ ചോരപ്പുഴ തുടർന്നും ഒഴുകും.
(ഫാർമേഴ്സ് അവയർനെസ് റിവൈവൽ മൂവ്മെന്റ് ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Leader Page
Editorial
മലയോര മേഖലയിലെ കൃഷിയിടങ്ങളിലടക്കം പെറ്റുപെരുകി ജനജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന കാട്ടുപന്നികൾ ഇപ്പോൾ ചത്തൊടുങ്ങിയും ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്.
കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ, പേരാവൂർ, ആറളം മേഖലകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതോടൊപ്പം ആശ്ചര്യമുണ്ടാക്കുന്നത്, സ്വയരക്ഷയ്ക്കാണെങ്കിൽപോലും ആരെങ്കിലുമൊരു കാട്ടുപന്നിയെ കൊന്നുവെന്നു കേട്ടാൽ പറന്നെത്തി വീടുകളിൽ കയറി കറിച്ചട്ടി വരെ പൊക്കിനോക്കുന്ന വനം ഉദ്യോഗസ്ഥർ ഇവിടെ നിഷ്ക്രിയരായിരിക്കുന്നു എന്നതാണ്.
പന്നിപ്പനി പോലുള്ള ഏതെങ്കിലും മാരകരോഗമാണോ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നതു സംബന്ധിച്ച് അടിയന്തര പരിശോധന നടത്താനും വിവരങ്ങൾ ജനങ്ങളെ അറിയിച്ച് ആശങ്കയകറ്റാനും വനം ഉദ്യോഗസ്ഥർ ശുഷ്കാന്തി കാട്ടുന്നുമില്ല. കാട്ടുപന്നി അടക്കമുള്ള വന്യജീവികൾ നാട്ടിലിറങ്ങി നടത്തുന്ന മനുഷ്യക്കുരുതിയിലും കൃഷിനാശത്തിലും മലയോരമേഖല വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നുവെന്ന വാർത്തകൂടി വരുന്നത്.
അതിനാൽ വനം ഉദ്യോഗസ്ഥരും വകുപ്പുമന്ത്രിയും പതിവു നിസംഗത വെടിഞ്ഞ് സത്വര ശ്രദ്ധയോടെ ഈ വിഷയത്തിലിടപെടണം.കേളകം, കൊട്ടിയൂർ, പേരാവൂർ മേഖലകളിൽ ഒരാഴ്ചയ്ക്കിടെ ഇരുപതോളം പന്നികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കേളകം പഞ്ചായത്തിൽ 13, കൊട്ടിയൂരിൽ നാല്, പേരാവൂരിൽ മൂന്ന് എന്നിങ്ങനെയാണ് പന്നികളുടെ ജഡം കണ്ടത്.
എന്നാൽ, ഇതിന്റെ മൂന്നിരട്ടി എണ്ണമെങ്കിലും പല പ്രദേശങ്ങളിലായി ചത്തതായും പ്രദേശവാസികൾ കുഴിച്ചിട്ടതായും പറയപ്പെടുന്നുണ്ട്. ആറളം ഫാമിൽ വനത്തോടു ചേർന്ന് എട്ടു പന്നികളുടെ ജഡം ഇന്നലെ കണ്ടെത്തി. വനത്തിനുള്ളിലും ജഡം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ചത്ത കാട്ടുപന്നികളുടെ സാമ്പിൾ വനംവകുപ്പ് ശേഖരിച്ചെങ്കിലും പരിശോധനാ ഫലങ്ങൾ പുറത്തു വിട്ടിട്ടില്ല.
ആന്ത്രാക്സോ പന്നിപ്പനിയോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതു മനുഷ്യരിലേക്ക് പകരില്ല എന്നാണ് അധികൃതരുടെ വിശദീകരണം. ലോകാരോഗ്യ സംഘടനയുടെ നിബന്ധനകൾ പാലിക്കാതെയാണു കാട്ടുപന്നികളെ മറവ് ചെയ്യുന്നതെന്നാണു നാട്ടുകാരുടെ ആരോപണം.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊല്ലുന്ന കാട്ടുപന്നികളെ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണമെന്ന് കർശന നിലപാടെടുക്കുന്നവരാണ് ഇത്രവലിയ അലംഭാവം കാണിക്കുന്നത്. കാട്ടുപന്നികൾ ചാകുന്നത് എന്തെങ്കിലും രോഗബാധ മൂലമാണെങ്കിൽ അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്. മുന്പ് സമാനമായ രീതിയിൽ തൃശൂർ അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആന്ത്രാക്സ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് മറവു ചെയ്ത ആളുകൾക്ക് പൊതുജനസമ്പർക്കം പാടില്ലെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിരുന്നു. വളർത്തുമൃഗങ്ങൾക്ക് മൃഗസംരക്ഷണവകുപ്പ് പ്രതിരോധ വാക്സിൻ എടുക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ വലിയതോതിൽ ജനവാസമുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ കാട്ടുപന്നികൾ ചാകുന്നത്. ഇത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു.
മഴക്കാലമായതിനാൽ ജലസ്രോതസുകൾ മലിനപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കാട്ടുപന്നികളെ ബാധിച്ചിരിക്കുന്ന രോഗം വളർത്തുമൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യതയും കണക്കിലെടുക്കണം. ക്ഷീരകർഷകരും പന്നി വളർത്തി ഉപജീവനം സാധ്യമാക്കുന്നവരും മലയോര മേഖലയിൽ നിരവധിയുണ്ട്. അതിനാൽ അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണം.
മറ്റൊരു വിരോധാഭാസമുള്ളത്, എവിടെയെങ്കിലും വളർത്തുപന്നികൾക്ക് പന്നിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിവളർത്തൽ നിരോധിച്ച്, വളർത്തുപന്നികളെ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കൊന്നൊടുക്കി മറവു ചെയ്യാൻ നിർദേശിക്കുന്നവരാണ് കാട്ടുപന്നികളുടെ കാര്യത്തിൽ ഒരു ജാഗ്രതയും കാട്ടാത്തത് എന്നതാണ്.
വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാണിക്കുന്നത് കുറ്റകരമായ അനാസ്ഥ തന്നെയാണ്. കാട്ടുപന്നികളുടെ ജഡം കണ്ടതായി അറിയിച്ചാൽപോലും വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി വേണ്ടത്ര ജാഗ്രതയോടെ സാമ്പിൾ ശേഖരിക്കാനോ അപകടരഹിതമായി മറവുചെയ്യാനോ തയാറാകുന്നില്ലെന്ന നാട്ടുകാരുടെ പരാതി ഗൗരവത്തിലെടുക്കണം. കണ്ണൂർ ജില്ലാ കളക്ടർ വിഷയത്തിലിടപെടുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണം.
മലയോര മേഖലയിലെ കൃഷിയിടങ്ങളിലടക്കം പെറ്റുപെരുകി ജനജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന കാട്ടുപന്നികൾ ഇപ്പോൾ ചത്തൊടുങ്ങിയതും ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വേട്ടയാടി അനിയന്ത്രിതമായ വംശവർധന തടയണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞുനിൽക്കുന്ന കേന്ദ്രസർക്കാരും വനംവകുപ്പുമാണ് ഇവിടെയും പ്രതിസ്ഥാനത്തു വരുന്നത്.
District News
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കണ്ണൂർ ജില്ലയിൽ പൂർണമായിരുന്നു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ എന്നിവ ഓടാത്തതും ജനജീവിതത്തെ സാരമായി ബാധിച്ചു.
അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയില്ല. സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരുന്നു. സർക്കാർ ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു. പണിമുടക്ക് കാരണം ജനങ്ങൾ വലിയ ബുദ്ധിമുട്ടിലായി.
തൊഴിലാളി സംഘടനകൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തി. പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഈ പ്രതിഷേധം കേന്ദ്രസർക്കാർ നയങ്ങളിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രതീക്ഷ.
Editorial
ഭാരതാംബയെന്ന ദേശീയ സങ്കൽപ്പത്തെ മാനിക്കുന്നവർക്കും അസ്വസ്ഥതയുളവാക്കുന്നതാണ് ആ ചിത്രത്തെ വന്ദിക്കുയെന്ന നിർബന്ധബുദ്ധി. ദേശീയപതാകയെ വന്ദിക്കുകയും ദേശീയഗാനം ആദരവോടെ ആലപിക്കുകയും ചെയ്യുന്ന ജനതയോട് ഇതുകൂടി ചെയ്തില്ലെങ്കിൽ ദേശഭക്തിയാകില്ലെന്നു പറയരുത്. ദേശീയബോധത്തിനോ ഭക്തിക്കോ കൂടുതൽ പ്രകടനങ്ങൾ ആവശ്യമുള്ളവർക്ക് അതാകാം; എല്ലാവരെയും നിർബന്ധിക്കരുത്. മറക്കാനോ നമ്മളാ സാമ്രാജ്യത്വത്തെ കടപുഴക്കിയ പലവർണ, ഭാഷാ, മത, സംസ്കാര കൊടികളേന്തിയൊരൊറ്റ കുത്തൊഴുക്കായ കാലം! മാറ്റിവയ്ക്കുക നിങ്ങളീ ഭരണഘടനാ നിന്ദയാം ദേശഭക്തിമാപിനികൾ.
ജൂൺ അഞ്ചിന് പരിസ്ഥിതിദിനത്തിൽ തുടങ്ങിയ വിവാദമാണ് തെരുവിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നത്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷത്തിനു ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ദീപം തെളിക്കുകയും വേണമെന്നു രാജ്ഭവനിൽനിന്നു നിർദേശമുണ്ടായതോടെ കൃഷിവകുപ്പ് പരിപാടി സെക്രട്ടേറിയറ്റിലേക്കു മാറ്റുകയായിരുന്നു. ഗവർണറുടെ ഓഫീസ് അയച്ചുതന്ന ചിത്രം ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമായതിനാൽ പൊരുത്തപ്പെടാൻ സർക്കാരിനു കഴിയില്ലെന്നാണ് കൃഷിമന്ത്രി പി. പ്രസാദ് പ്രതികരിച്ചത്. തുടർന്ന് ഗവർണർ പരിപാടി സ്വന്തം നിലയ്ക്കു നടത്തി.
ദിവസങ്ങൾക്കുശേഷം, എൻസിസി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലെത്തിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ഭാരതാംബയുടെ ചിത്രമുള്ളതിനാൽ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെ തർക്കം രൂക്ഷമായി. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടി ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വി. അർലേക്കർക്കു കത്ത് നൽകിയിരിക്കുകയാണ്. കത്ത് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു മതേതര-ജനാധിപത്യ സർക്കാർ മറ്റെന്തു ചെയ്യും?
അതേസമയം, പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും ഭരണത്തലവനെ അവഹേളിച്ചെന്നും, കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷയായ ഭാരതാംബ രാജ്യത്തിന്റെ പ്രതീകമാണെന്നും ഭാരതാംബയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടി വൈകി എത്തിയതും ഗവർണർ മടങ്ങുന്നതിനു മുൻപു പോയതും പ്രോട്ടോകോൾ ലംഘനമാണെന്നും അദ്ദേഹം കത്തിലെഴുതി.
യഥാർഥത്തിൽ ഈ വിഷയം സർക്കാരും ഗവർണറുമായുള്ള തർക്കത്തിനപ്പുറം, മതേതര-ജനാധിപത്യ ഭരണഘടനയും ഗവർണർ ഉൾപ്പെടുന്ന രാഷ്ട്രീയവും തമ്മിലുള്ളതായി മാറുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് ജനകോടികളെ ഒന്നിപ്പിച്ചത് വൈകാരിക ഘടകമായിരുന്നെങ്കിലും എപ്പോഴും കൊണ്ടുനടക്കേണ്ട ഒരു ചര്യയായി സ്വാതന്ത്ര്യാനന്തര തലമുറ അതിനെ കണക്കാക്കുന്നില്ല.
കാവിനിറം ആർഎസ്എസിന്റെ നിറമല്ലെന്നു ഗവർണർ പറഞ്ഞതു ശരിയാണ്. കാവിയെന്നല്ല ഒരു നിറവും ആരുടെയും സ്വന്തമല്ല. പക്ഷേ, പല നിറങ്ങളും ചിലരൊക്കെ ഉപയോഗിക്കാൻ തുടങ്ങിയതോടെ ചില പ്രതീകങ്ങളോ മുന്നറിയിപ്പുകളോ ആയി മാറിയിട്ടുണ്ട്. പല രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങൾ ഹിംസയുടെ അടയാളമായി അതിനെ തിരിച്ചറിയുന്നുമുണ്ട്. കാവിക്കൊടിയും തീവ്രദേശീയ മുദ്രാവാക്യങ്ങളുമായി ആക്രമിക്കാനെത്തുന്നവരെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും തിരിച്ചറിഞ്ഞിട്ട് കുറെയായി. ഇക്കഴിഞ്ഞ 22നു രാത്രി മധ്യപ്രദേശിലെ ബർബാൻപുർ ജില്ലയിലെ നെപ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് നാല് ക്രൈസ്തവരെ വിവസ്ത്രരാക്കി മർദിക്കുകയും തെരുവിലൂടെ നടത്തുകയും ക്ഷേത്രത്തിലെത്തിച്ചു വന്ദിപ്പിക്കുകയും ചെയ്ത നൂറ്റിയൻപതോളം പേരിൽ ചിലരുടെ കൈയിലുമുണ്ടായിരുന്നു കാവിനിറമുള്ള തുണികൾ.
വർഗീയതയോടു സന്ധി ചെയ്യുന്ന സർക്കാരും മതപരിവർത്തന നിരോധനമെന്നൊരു നിയമവും വർഗീയവത്കരിക്കപ്പെട്ടു ആൾക്കൂട്ടവുമുണ്ടെങ്കിൽ എന്തുമാകാമെന്ന സ്ഥിതിയാണ്. ഭരണഘടനയുടെ ആമുഖത്തിൽനിന്ന് മതേതരത്വവും സോഷ്യലിസവും നീക്കണമെന്ന സംഘപരിവാറിന്റെ ആവശ്യം കഴിഞ്ഞദിവസം ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളേ ആവർത്തിച്ചതും കൂട്ടിവായിക്കാം. ഇതിന്റെയൊക്കെ ഭാഗമായ രാഷ്ട്രീയം, കാവിക്കൊടിയേന്തിയ ഭാരതാംബയെ കൊണ്ടുവരുന്പോൾ സ്വാതന്ത്ര്യസമരകാലത്തെന്നപോലെ ആവേശം കൊള്ളാൻ എല്ലാവർക്കുമായെന്നു വരില്ല. ഗവർണറുടെ വിചിന്തനത്തിൽ ഈ നഗ്നസത്യങ്ങളും ഉണ്ടായിരിക്കട്ടെ.
മന്ത്രി വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘിച്ചെങ്കിൽ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. പക്ഷേ, സർക്കാരുകൾ ഭരണഘടനയുടെ വഴിക്കുതന്നെ പോകണം. ഒരിക്കൽ നമ്മെ ഒന്നിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ദേശീയബിംബങ്ങളെ രാഷ്ട്രീയ, മത ധ്രുവീകരണത്തിനുപയോഗിക്കാൻ അനുവദിക്കരുത്. കാവിക്കൊടിയേന്തിയ ഭാരതാംബയല്ല, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഉൾപ്പെടെ നാമെല്ലാം കൈകോർത്തു നിൽക്കുന്ന ഇന്ത്യയാണ് യഥാർഥ ദേശീയത.