Leader Page
ബിജെപി 2014ൽ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ പീഡനങ്ങളും ആക്രമണങ്ങളും ഓരോ വർഷവും ഗണ്യമായി വർധിച്ചുവെന്ന് സ്വതന്ത്ര നിരീക്ഷണ ഗ്രൂപ്പുകൾ റിപ്പോർട്ട് ചെയ്യുന്നു. 2014ൽ 147 സംഭവങ്ങളിൽനിന്ന് 2023ൽ 731 സംഭവങ്ങൾ എന്ന തരത്തിലേക്ക് ഉയർന്നു. എന്നാൽ, ഇത്തരം ആക്രമണങ്ങൾ കുറഞ്ഞെന്നാണ് സർക്കാരിന്റെ വാദം.
ശാരീരിക ആക്രമണങ്ങൾ, ആൾക്കൂട്ട ആക്രമണം, പള്ളികൾ നശിപ്പിക്കൽ, തീവയ്പ്, കൊലപാതകങ്ങൾ തുടങ്ങി മതപരിവർത്തന നിരോധന നിയമങ്ങൾ പ്രകാരം നിരപരാധികളെ അറസ്റ്റ് ചെയ്യുകവരെ ചെയ്യുന്നു. ക്രൈസ്തവരുടെ സ്വത്ത് നശിപ്പിക്കുക, ശവസംസ്കാരം തടയുക, ആരാധനാ അവകാശങ്ങൾ നിഷേധിക്കുക തുടങ്ങിയവയും ഈ ആക്രമണങ്ങളിൽ ഉൾപ്പെടുന്നു. ഇവയൊന്നും ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളല്ല, സംഘപരിവാറുമായി ബന്ധപ്പെട്ട ഹിന്ദു തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന സംഘടിത പ്രത്യയശാസ്ത്ര പ്രചാരണത്തിന്റെ ഭാഗമായവയാണ്. ഇതെല്ലാം ക്രൈസ്തവരെ അരികുവത്കരിക്കുകയാണെന്നും മനുഷ്യാവകാശ സംഘടനകളും സഭാ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു.
ആചാരങ്ങൾക്കു വിലക്ക്
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, തീവ്രവാദ ഗ്രൂപ്പുകൾ ക്രൈസ്തവരെ അടിച്ചമർത്താൻ പ്രാദേശിക ഭരണസംവിധാനങ്ങളെ വരെ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, 2014 മധ്യത്തിൽ, ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിലെ അമ്പതിലധികം ഗ്രാമ കൗൺസിലുകൾ എല്ലാ ഹിന്ദു ഇതര മതപ്രവർത്തനങ്ങളെയും നിരോധിക്കുന്ന പ്രമേയങ്ങൾ പാസാക്കി, ക്രിസ്ത്യൻ ആരാധനയും സുവിശേഷീകരണവും ഫലപ്രദമായി നിരോധിച്ചു. ‘നിർബന്ധിത മതപരിവർത്തനങ്ങൾ’ക്കെതിരായ നടപടിയായി നിരോധനത്തെ ന്യായീകരിക്കാൻ പഞ്ചായത്ത് നിയമത്തിലെ ഒരു വകുപ്പ് ഉപയോഗിച്ചാണ് വിശ്വഹിന്ദു പരിഷത്ത് ഗ്രാമസഭകളെ ഉപയോഗിച്ചത്. എല്ലാ ഹിന്ദു ഇതര മതങ്ങളുടെയും പ്രാർഥനകൾ, മീറ്റിംഗുകൾ, പ്രചാരണം എന്നിവ വിലക്കി. ഗ്രാമങ്ങൾക്കു പുറത്തുനിന്നുള്ള പാസ്റ്റർമാരെയും വിലക്കി. അത്തരം പ്രമേയങ്ങൾ മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ അവകാശങ്ങളെ നഗ്നമായി ലംഘിക്കുന്നുണ്ടെങ്കിലും ഈ നിയമവിരുദ്ധ നിരോധനങ്ങൾ തടയുകയോ ക്രൈസ്തവർക്ക് നീതി ഉറപ്പാക്കുകയോ ചെയ്യാതെ സംസ്ഥാന അധികാരികൾ തുടക്കത്തിൽ നിശബ്ദരായി നിന്നു.
നശീകരണ പ്രവർത്തനങ്ങളും അക്രമങ്ങളും വർധിച്ചു
പള്ളികളിൽ നടക്കുന്ന നശീകരണ പ്രവർത്തനങ്ങളും പുരോഹിതന്മാർക്കും വിശ്വാസികൾക്കും നേരേയുള്ള ശാരീരിക ആക്രമണങ്ങളും ശ്രദ്ധേയമായി വർധിച്ചു. 2014 അവസാനത്തിലും 2015ന്റെ തുടക്കത്തിലും ഡൽഹിയിൽ നടന്ന നിരവധി പള്ളി ആക്രമണങ്ങൾ വാർത്തകളിൽ ഇടം നേടി. തലസ്ഥാനത്ത് കുറഞ്ഞത് അഞ്ച് പള്ളികളെങ്കിലും നശിപ്പിക്കപ്പെടുകയോ അശുദ്ധമാക്കപ്പെടുകയോ ചെയ്തു. തീവയ്പും കല്ലേറുമുണ്ടായി. ഒരു സംഭവത്തിൽ, ക്രിസ്മസ് പുൽക്കൂടിനു തീയിട്ടു; മറ്റൊന്നിൽ, കുർബാനയ്ക്കിടെ ഒരു ജനൽ തകർത്തു. ചില കേസുകളിൽ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ആക്രമിച്ചു. ഡൽഹിക്കു പുറത്ത്, പാസ്റ്റർമാർക്കും ക്രൈസ്തവസഭകൾക്കും നേരേ മാരകമായ ആക്രമണങ്ങൾ നടന്നു: കാത്തലിക് സെക്കുലർ ഫോറത്തിന്റെ റിപ്പോർട്ടിൽ 2015ൽ മാത്രം 85 പ്രധാന ക്രൈസ്തവവിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്; ഇതിൽ കുറഞ്ഞത് ഏഴു പാസ്റ്റർമാരുടെ കൊലപാതകവും 20 സംസ്ഥാനങ്ങളിലായി 8,000ത്തിലധികം ക്രൈസ്തവരെ ശാരീരികമായി ലക്ഷ്യം വച്ചതും ഉൾപ്പെടുന്നു. ഗ്രാമങ്ങളിലെ ആൾക്കൂട്ട മർദനവും സാമൂഹിക ബഹിഷ്കരണവും മുതൽ പ്രാർഥനാ ചടങ്ങുകൾ അക്രമാസക്തമായി തടസപ്പെടുത്തൽ വരെ നടന്നു. 2015ൽ ഇത്തരം സംഭവങ്ങളിൽ ഏറ്റവും മോശം അവസ്ഥ മധ്യപ്രദേശിലായിരുന്നു. തൊട്ടുപിന്നാലെ തെലുങ്കാനയും ഉത്തർപ്രദേശും. അതേസമയം, തീവ്രവാദ പ്രവർത്തനങ്ങളുടെ വർധന കാരണം മഹാരാഷ്ട്രയെ പുതിയ ‘ഹിന്ദുത്വ തലസ്ഥാനം’ എന്ന് വിളിച്ചുവരുന്നു. മഹാരാഷ്ട്രയിൽ, ഹിന്ദു ദേശീയവാദി നേതാക്കൾ വലിയ ‘പുനർപരിവർത്തന’ നീക്കങ്ങളെക്കുറിച്ചുപോലും വീമ്പിളക്കി. 2015ൽ മാത്രം 2,000 ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക് ‘തിരിച്ചു കൊണ്ടുവന്നു’ എന്നും റിപ്പോർട്ടുണ്ട്.
ചോദിക്കാനാരുമില്ലാതെ
തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ നടത്തുന്ന നിയമലംഘനങ്ങളും വിദ്വേഷ പ്രസംഗങ്ങളും സർക്കാരുകൾ കണ്ടതായി നടിക്കുന്നില്ല എന്ന പരാതി ക്രൈസ്തവർക്കുണ്ട്. ഇതുമൂലം ക്രൈസ്തവർക്കെതിരായ വിദ്വേഷപ്രസംഗങ്ങൾ കൂടുതലായി ഉണ്ടാകുന്നു. 2016ൽ മധ്യപ്രദേശിലെ ഒരു ഹിന്ദു ദേശീയവാദി നേതാവ്, ക്രൈസ്തവർ ഇന്ത്യ വിടുകയോ അല്ലെങ്കിൽ രാജ്യത്തിനെതിരായ ഗൂഢാലോചനകൾ ആരോപിച്ച് അവരെ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചു. പരാതികൾക്ക് ശേഷം പോലീസ് ശ്രദ്ധിച്ചെങ്കിലും, അത്തരം തുറന്ന ഭീഷണികൾ തടയാൻ ശക്തമായ നടപടി സ്വീകരിച്ചില്ല.
2016 അവസാനത്തോടെ, ക്രൈസ്തവവിരുദ്ധ സംഭവങ്ങളിൽ വ്യക്തമായ വർധനയുണ്ടായി. ബിജെപിയുടെ വളർച്ചയെത്തുടർന്ന് ഹിന്ദുത്വ സംഘടനകൾ രാജ്യവ്യാപകമായി തങ്ങളുടെ സാന്നിധ്യം ഗണ്യമായി ഉറപ്പിച്ചു. ആർഎസ്എസും അതിന്റെ 35ലധികം അനുബന്ധ ഗ്രൂപ്പുകളും (സംഘ് പരിവാർ) ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ പോലും അടിസ്ഥാന ശൃംഖലകൾ വികസിപ്പിക്കുകയായിരുന്നു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണമെന്നും ക്രൈസ്തവർക്കും മുസ്ലിംകൾക്കും അടിസ്ഥാനപരമായി വിദേശ വിശ്വാസങ്ങളാണെന്നുമുള്ള അവരുടെ പ്രത്യയശാസ്ത്രം, പ്രാദേശികതലത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
അക്രമം വഷളാകുന്നു
2016 മുതൽ 2021 വരെ ക്രൈസ്തവർക്കെതിരായ പീഡനം രൂക്ഷമാവുകയും വ്യാപിക്കുകയും ചെയ്തു. ആക്രമണങ്ങളും പീഡനങ്ങളും അറസ്റ്റുകളും വ്യാപകമാക്കാൻ പുതിയ മതപരിവർത്തന നിരോധന നിയമങ്ങൾ സൃഷ്ടിക്കപ്പെട്ടു. ക്രൈസ്തവർക്കെതിരായ ആക്രമണസംഭവങ്ങൾ 2017ൽ 240ൽനിന്ന് 2018ൽ 292ഉം 2019ൽ 328ഉം ആയി ഉയർന്നു. 2016-17ൽ ആക്രമണങ്ങളിൽ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതായി ക്രിസ്ത്യൻ ആക്ടിവിസ്റ്റായ ജോൺ ദയാൽ പറയുന്നു. ലോകത്തിന്റെ ശ്രദ്ധ മുസ്ലിം വിരുദ്ധ സംഭവങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും ഇന്ത്യയിൽ ക്രൈസ്തവർക്കു നേരേ ‘മതിലുകൾ അടയുകയായിരുന്നു’ എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. 2017 ആയപ്പോഴേക്കും, ഓരോ മാസവും ശരാശരി 20-30 ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്; ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ വളരെ കൂടുതലാണ്. പാസ്റ്റർമാർക്കും പുരോഹിതന്മാർക്കും നേരേയുള്ള ആൾക്കൂട്ട ആക്രമണം, ക്രിസ്ത്യൻ ഗ്രാമീണരെ സാമൂഹികമായി ബഹിഷ്കരിക്കൽ, പള്ളികൾ നശിപ്പിക്കൽ, ആരാധനാക്രമങ്ങൾ തടസപ്പെടുത്തൽ, ഒറ്റപ്പെട്ട കൊലപാതകങ്ങൾ, ബലാത്സംഗ ഭീഷണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്രൈസ്തവ അവധിദിവസങ്ങളിൽ പലപ്പോഴും അക്രമം വർധിച്ചു. 2017ലെ ക്രിസ്മസ് സീസണിൽ, മധ്യപ്രദേശിലെ സത്നയിൽ, കരോൾ ആലപിച്ച 32 സെമിനാരി വിദ്യാർഥികളും പുരോഹിതരുമടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. നിർബന്ധിത മതപരിവർത്തനം എന്ന് ഹിന്ദു തീവ്രവാദികൾ ആരോപിച്ചതിനെത്തുടർന്ന്, ജനക്കൂട്ടം സംഘത്തിന്റെ വാഹനം ആക്രമിച്ച് പോലീസ് സ്റ്റേഷനു പുറത്ത് കത്തിച്ചു.
ഉത്തർപ്രദേശിലെ മഥുരയിലെ ഹിന്ദു ജാഗ്രതാ പ്രവർത്തകർ വീട്ടിൽ നടന്ന പ്രാർഥനായോഗത്തിൽ അതിക്രമിച്ചു കയറി മതപരിവർത്തന ആരോപണത്തിന്റെ പേരിൽ ഏഴു ക്രൈസ്തവരെ അറസ്റ്റ് ചെയ്യിച്ചു. അലിഗഡിൽ, കരോൾ സംഘത്തെ ഒരു തീവ്രവാദി കത്തികൊണ്ട് ആക്രമിക്കുകയും പരസ്യമായി പാടരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ക്രിസ്ത്യൻ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷിക്കരുതെന്നും ഹിന്ദു വിദ്യാർഥികളെ ഉൾപ്പെടുത്തരുതെന്നും മുന്നറിയിപ്പ് നൽകുന്ന കത്തുകൾ ഹിന്ദു ദേശീയ സംഘടനകൾ പ്രചരിപ്പിച്ചു. പതിവ് അവധിക്കാല പരിപാടികൾപോലും സംശയാസ്പദമായ മതപരിവർത്തന ശ്രമങ്ങളായി ചിത്രീകരിച്ചു.
(തുടരും)
Editorial
ക്രൈസ്തവർക്കെതിരേ സംഘപരിവാർ നേതാവ്,ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയ മതപരിവർത്തനാരോപണ ലേഖനത്തിനൊടുവിൽ തനിനിറം പുറത്തെടുക്കുന്നുണ്ട്: “വേണ്ടിവന്നാൽ ഭരണഘടന ഭേദഗതി ചെയ്യണം”.
ക്രൈസ്തവർ ആഗോളതലത്തിലെന്നപോലെ രാജ്യത്തിനും ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും ധ്വനിപ്പിക്കുന്ന വിഷലിപ്ത ലേഖനം സംഘപരിവാറിന്റെ പോഷക സംഘടനകളിലൊന്നിന്റെ നേതാവ് ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയതിൽ അതിശയോക്തിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്നു മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ദേശസ്നേഹികൾ സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ചതിനുശേഷവും അതേ പണി തുടരുകയാണ്. അടുത്തയിടെ ബിജെപി സംസ്ഥാനങ്ങൾ മൂർച്ചകൂട്ടിയ മതപരിവർത്തന നിരോധന നിയമങ്ങൾ ഭരണഘടനാവിരുദ്ധവും കോടതിയിൽ ചോദ്യം ചെയ്യേണ്ടതുമാണെന്ന പ്രതികരണങ്ങളാകാം പ്രകോപനം.
‘ആഗോളമതപരിവർത്തനത്തിന്റെ നാൾവഴികൾ’ എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: “വേണ്ടിവന്നാൽ ഭരണഘടന ഭേദഗതി ചെയ്യണം”. അതാണു കാര്യം. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം. കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര-മനുസ്മൃതി സ്വപ്നങ്ങൾ തുടരാം. മറ്റുള്ളവർ സ്വാതന്ത്ര്യസമര-ദേശസ്നേഹ പൈതൃകത്തിൽ ഉരുത്തിരിഞ്ഞ ഇന്ത്യൻ ഭരണഘടനയെ കൈവിടില്ല. ഘർ വാപ്പസിക്കാരുടെ മതപരിവർത്തന നിരോധന ബില്ലുകളുടെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്യപ്പെടണം.
ഭരണഘടനയെ നോക്കുകുത്തിയാക്കി ബിജെപി സംസ്ഥാനങ്ങൾ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെ ന്യായീകരിക്കുന്ന വ്യാജവിവരങ്ങളും നുണകളുമാണ് ലേഖനത്തിലുടനീളം. “ക്രൈസ്തവർ രഹസ്യമായി തുടര്‍ന്നുവന്നിരുന്ന മതപരിവര്‍ത്തനം മറനീക്കി പുറത്തുവന്നത് ഛത്തീസ്ഗഡ് റെയില്‍വേ പോലീസ് ജൂലൈ 25ന് രണ്ട് കന്യാസ്ത്രീകളെ മതപരിവര്‍ത്തനം, മനുഷ്യ കടത്ത് കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിലൂടെയാണ്. കന്യാസ്ത്രീകള്‍ ആയതുകൊണ്ട് അവരെ നിരുപാധികം വിട്ടയയ്ക്കണമെന്നായിരുന്നു സഭാ നേതാക്കളുടെയും ഇടത്-വലത് രാഷട്രീയ നേതാക്കളുടെയും ആവശ്യം”. കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്നവർ ക്രൈസ്തവരായിരുന്നതിനാൽ മതപരിവർത്തനമായിരുന്നില്ല ലക്ഷ്യമെന്നും മതഭ്രാന്തുപിടിച്ച ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ബജ്രംഗ്ദൾ എന്ന ഹിന്ദുത്വ സംഘടന പാക്കിസ്ഥാൻ ശൈലിയിൽ നടത്തിയ ആൾക്കൂട്ടവിചാരണയാണ് യഥാർഥ പ്രശ്നമെന്നും ലേഖകൻ അറിഞ്ഞിട്ടേയില്ല!
“125ലധികം രൂപതകളിലായി പുരോഹിതന്മാരും കന്യാസ്ത്രീകളും വിദേശ പാതിരിമാരും പ്രചാരണവും പരിവര്‍ത്തനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. 28,000ലധികം പള്ളികള്‍, 11,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 1,000ത്തിലേറെ കോളജുകള്‍, 10,000ത്തിലധികം ഹോസ്റ്റലുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നു.” ലേഖകൻ വിശദീകരിക്കുന്നുണ്ട്. ഈ കണക്കുകളുടെ യാഥാർഥ്യം എന്തുമാകട്ടെ, ക്രൈസ്തവർ നടത്തുന്ന ആശുപത്രികളിൽ ചികിത്സതേടിയ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച, അവിടെത്തന്നെ മക്കൾ പഠിക്കണമെന്ന് ശാഠ്യം പിടിക്കുന്ന ബിജെപി നേതാക്കളോടെങ്കിലും മതം മാറിയോയെന്ന് അന്വേഷിക്കാമായിരുന്നു. ക്രൈസ്തവഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ഹിന്ദുമതപ്രചാരണം നടത്തുന്നതും ക്ഷേത്രങ്ങൾ നിർമിക്കുന്നതുമൊക്കെ വിശകലനം ചെയ്യാമായിരുന്നു.
വിദേശഫണ്ടിനെക്കുറിച്ചോർത്തു വിഷമിക്കുന്ന ലേഖകൻ കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശഫണ്ട് എത്തുന്ന ഹൈന്ദവകേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ല. ലേഖകന്റെ നുണ മുഴുവൻ ഇവിടെ പകർത്താനാകില്ലെങ്കിലും ചിലതുകൂടി സൂചിപ്പിക്കാതെ വയ്യ. “ഓരോ പ്രദേശത്തും പ്രാദേശിക ഭാഷകളെ ഇല്ലാതാക്കി അവിടെയൊക്കെ ഇംഗ്ലീഷ് ഭാഷ കൊണ്ടുവരുക എന്നത് അവരുടെ (മിഷനറിമാരുടെ) പരിപാടിയായിരുന്നു”. അടുത്ത വാക്യത്തിൽ നേരേ വിപരീതമാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.
“മതപരിവർത്തനം ത്വരിതപ്പെടുത്താനായി അതത് പ്രാദേശിക ഭാഷകളിൽ നിഘണ്ടുക്കള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെയാണ് മലയാളത്തില്‍ ഗുണ്ടര്‍ട്ടിന്റെയും കന്നടയില്‍ ഫാദര്‍ കിട്ടെലിന്റെയും കൊങ്കണിയില്‍ ഫാദര്‍ സ്റ്റീഫന്‍ സണ്‍സിന്റെയും സംസ്കൃതത്തില്‍ ഫാദര്‍ മോനിയര്‍ വില്യംസിന്റെയും മറ്റും നിഘണ്ടുകള്‍ പുറത്തുവരുന്നത്”. ഈ ചരിത്ര അപനിർമിതി സംഘപ്രസിദ്ധീകരണങ്ങളിലല്ലാതെ സാധ്യമാകുമോ?
പിന്നെ ഉറക്കച്ചടവിലെന്നപോലെ ചില ആരോപണങ്ങളുമുണ്ട്. “നരേന്ദ്ര മോദിജിയുടെ ഭരണത്തിന്റെ തുടര്‍ച്ച സംഭവിക്കാതിരിക്കാന്‍ ആഗോള മതനേതൃത്വം അവിശുദ്ധസഖ്യത്തിന് നേതൃത്വം കൊടുത്തു. ഭാരതത്തെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സംഘപരിവാറും കേന്ദ്ര നേതൃത്വവും തടസമാണെന്ന് അറിയാവുന്നതുകൊണ്ട് അന്താരാഷ്ട്ര ഗൂഢാലോചനയാണ് നടന്നത്... ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും ഇവര്‍ക്കായി വിടുപണി ചെയ്യുന്നു. ഇതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം”. തുടർഭരണം ഉറപ്പാക്കാൻ വോട്ട് മോഷണം നടത്തിയെന്ന ആരോപണത്തിൽനിന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ഓടിയൊളിക്കവേയാണ് അന്താരാഷ്ട്ര ഗൂഢാലോചന!
ലേഖകന്റെ വർഗീയധ്രുവീകരണശ്രമവും കാണാതിരിക്കരുത്. “നിയമവിരുദ്ധ പ്രവൃത്തികളില്‍ നിയമനടപടി ഉണ്ടായാല്‍ ന്യൂനപക്ഷ പീഡനമാണ്, നിയമനിഷേധമാണ് എന്ന് പ്രസ്താവിച്ച് തെരുവിലിറങ്ങി ഭൂരിപക്ഷസമൂഹത്തെ വെല്ലുവിളിക്കുകയാണ്”. ഹിന്ദുത്വ നേരിടുന്ന വെല്ലുവിളിയെല്ലാം ഭൂരിപക്ഷ സമൂഹത്തിന്റേതുകൂടിയാണെന്നു സ്ഥാപിക്കാനുള്ള ദയനീയ ശ്രമം! അബദ്ധജടിലവും വിദ്വേഷകലുഷിതവുമായ ഈ പ്രചാരണങ്ങളുടെ മുൻപിൽ നിശബ്ദത പാലിക്കണമോ എന്ന് ക്രൈസ്തവ നേതൃത്വം ആത്മ പരിശോധന നടത്തേണ്ട സമയമായി.
കേരളത്തിൽ മാത്രം ക്രൈസ്തവരെ തുല്യപൗരന്മാരായി കാണുന്ന ബിജെപി ഇതിനൊക്കെ മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. വിജയിച്ചാലും ഇല്ലെങ്കിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനങ്ങൾ പാസാക്കുന്ന മതപരിവർത്തന നിരോധനനിയമങ്ങളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. രാജസ്ഥാനിൽ ദിവസങ്ങൾക്കുമുന്പു പാസാക്കിയ ബില്ലിൽ ജീവപര്യന്തം തടവ്, ഒരു കോടി രൂപ വരെ പിഴ, സ്വത്ത് കണ്ടുകെട്ടൽ എന്നിവയൊക്കെയുണ്ട്. അതേസമയം, ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യിക്കുന്നവർക്കു ശിക്ഷയില്ല!
തീർന്നില്ല, ഈ നിയമത്തിനോ അതുപ്രകാരം സ്ഥാപിച്ച ഏതെങ്കിലും ചട്ടത്തിനോ ഉത്തരവിനോ അനുസൃതമായി, ‘സദുദ്ദേശ്യ’ത്തോടെ സ്വീകരിച്ച നടപടികളുടെ പേരിൽ ഏതെങ്കിലും അധികാരിക്കോ ഉദ്യോഗസ്ഥനോ പരാതിക്കാരനോ എതിരേ ഒരു നിയമ നടപടിയുമില്ല. ഉത്തരാഖണ്ഡിൽ, സ്വന്തം മതത്തെ മഹത്വവത്കരിക്കുന്നതുപോലും പ്രലോഭനങ്ങളായി കണക്കാക്കും. ഇ-മെയിലോ സമൂഹമാധ്യമങ്ങളോ വഴിയുള്ള സന്ദേശങ്ങള്‍പോലും കുടുക്കാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യൻ ഭരണഘടനയോടുള്ള ഈ വെല്ലുവിളി കണ്ടില്ലന്നു നടിക്കാനാവില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാരിതര ഭൂവുടമസ്ഥർ കത്തോലിക്കാസഭയാണെന്ന് ആർഎസ്എസ് എഴുതിയത് ആറു മാസം മുന്‍പായിരുന്നു. നൂറാം പിറന്നാളിലും ആർഎസ്എസിന് അതിന്റെ വിചാരധാരകളെ ഒളിപ്പിക്കാനാവില്ല. പക്ഷേ, ബ്രിട്ടീഷുകാരെയും ഹിന്ദുത്വയെയും ഒരുപോലെ എതിർത്ത് സ്വാതന്ത്ര്യം നേടിത്തന്ന ദേശീയനേതാക്കളുടെ പിന്മുറക്കാർക്ക്, ഭിന്നിപ്പിക്കൽ തന്ത്രങ്ങൾക്കു മുന്നിൽ അടിയറവ് പറയാനാകില്ല. രാജ്യത്തെ മതരാഷ്ട്രമാക്കാനാഗ്രഹിക്കുന്നവർക്കു മാത്രം സംപൂജ്യവും മറ്റുള്ളവർക്കു ജാത്യാധിഷ്ഠിത നീചനിയമങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയുമൊക്കെ കറുത്ത പുസ്തകവുമായ മനുസ്മൃതിയല്ല, അതു കത്തിച്ചവരുടെ മുൻകൈയിൽ രൂപം കൊണ്ട ഇന്ത്യൻ ഭരണഘടനയാണ് ജീവശ്വാസം. മതപരിവർത്തന നിരോധന നിയമങ്ങൾ ചോദ്യം ചെയ്യപ്പെടണം.
Leader Page
രോഗാതുരമായ ആധുനികലോകത്തിനു സിദ്ധൗഷധം - എവുപ്രാസ്യമ്മയെ അങ്ങനെ വിശേഷിപ്പിക്കാം. മൂല്യസങ്കൽപ്പങ്ങളും ആദർശജീവിതവും അന്യംനിന്നു പോയിരിക്കുന്ന സമകാലിക ലോകത്തിൽ സന്പത്തിനും സ്ഥാനമാനങ്ങൾക്കുംവേണ്ടി തട്ടിപ്പും കുതികാൽ വെട്ടുമൊക്കെ നന്മയുടെ മൂടുപടമണിഞ്ഞു മുന്നേറുന്പോൾ, യഥാർഥ ലക്ഷ്യസ്ഥാനത്തേക്ക് ഒരു ചൂണ്ടുപലക - അതാണ് എവുപ്രാസ്യാമ്മ. സഭയിലും സമുദായത്തിലും രാഷ്ട്രത്തിലും എന്നുവേണ്ട എവിടെയും അഴിയാക്കുരുക്കുകൾ. പ്രശ്നങ്ങളുടെ നൂലാമാലകളിൽപ്പെട്ടു നട്ടംതിരിയുന്പോൾ പരസ്പരം ചെളിവാരിയെറിഞ്ഞു കൂടുതൽ വഷളാക്കാതെ എന്താണു പരിഹാരമാർഗം, എവിടെയാണു രക്ഷാകവാടം എന്നൊക്കെ പരതുന്പോൾ നാം എത്തിനിൽക്കുന്ന ഒരു പച്ചത്തുരുത്ത് - അതാണ് പ്രാർഥിക്കുന്ന അമ്മ എന്നറിയപ്പെടുന്ന ഈ വിശുദ്ധ.
“നീ സമർപ്പണജീവിതത്തിനാണോ വിളിക്കപ്പെട്ടിരിക്കുന്നത്? സന്തോഷത്തോടെ സമർപ്പണം ജീവിച്ചുകൊണ്ടു വിശുദ്ധിയുള്ള വ്യക്തിയായിരിക്കുക” എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾക്ക് പാപ്പായുടെ കാലത്തിനു മുന്‍പേ ജീവിതസാക്ഷ്യം നൽകിയവൾ. എങ്ങും തിന്മകളുടെ മേൽക്കോയ്മ കാണുന്ന മനുഷ്യപ്രകൃതിക്കുമേൽ നന്മയുടെ കിരണങ്ങൾ കണ്ടു മുന്നേറാൻ അവൾ പഠിപ്പിച്ചു. എല്ലാറ്റിനും മീതെ യേശുവിനെ സ്നേഹവിഷയമാക്കാനും ഈ സ്നേഹവിഷയത്തിന്റെ മനുഷ്യാവതാരങ്ങളായി സഹജീവികളെ സ്വന്തമായി കരുതാനും സ്വന്തം ആവശ്യങ്ങൾക്കപ്പുറം മറ്റുള്ളവരുടെ ആവശ്യങ്ങൾ തിരുസന്നിധിയിൽ ഉണർത്തിച്ച് അവയ്ക്കായി സാധ്യതയുടെ വാതിൽ മുട്ടിത്തുറക്കാനും ദരിദ്രരോടും രോഗികളോടും പാപികളോടും പക്ഷം ചേർന്ന് അവരെ കൈ കൊടുത്തുയർത്താനും അമ്മയ്ക്കു കഴിഞ്ഞു.
75 വർഷക്കാലം ഈ ഭൂമിയിൽ ജീവിച്ച ആ സുകൃതിനി കാലത്തിന്റെ നാഴികക്കല്ലുകൾ താണ്ടിയത് അനേകർക്കു സമാധാനത്തിന്റെ പച്ചത്തുരുത്തു കാണിച്ചുകൊണ്ടാണ്. 1877ൽ ജനിച്ച് 1952 ഓഗസ്റ്റ് 29ന് ഇഹലോകവാസം വെടിയുന്പോഴേക്കും അവൾ നടന്നു തീർത്തതത്രയും വിശുദ്ധിയുടെ വഴിത്താരകളായി മാറിയിരുന്നു. സക്രാരിയുടെ കാവൽക്കാരിയായി കർത്താവിൽനിന്ന് ആവാഹിച്ചെടുത്ത അനുഗ്രഹധാരകൾ സഹജരിലേക്കു പകർന്ന് അവൾ സമർപ്പിതർക്കു വഴികാട്ടിയായി. വൈദികരുടെയും സന്യസ്ത്യരുടെയും ജീവിതങ്ങൾക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും ആക്രമണം നടത്തി, സഭയുടെ നിലനിൽപിനുതന്നെ ഭീഷണിയാകുന്ന കാപാലികർ ഉറഞ്ഞുതുള്ളുന്പോൾ ഈ ലോകത്തിന്റെ യുദ്ധമുഖത്ത് അടരാടാൻ ജപമാലയും കുരിശുമാകുന്ന ആയുധദ്വയങ്ങൾ അമ്മ കാണിച്ചുതന്നു.
പ്രാർഥനയുടെ പ്രേഷിതയ്ക്ക് പരഹൃദയജ്ഞാനവും
എവുപ്രാസ്യമ്മയുടെ ജീവിതംതന്നെ പ്രാർഥനയായിരുന്നു. പ്രാർഥന പ്രവർത്തനത്തിലേക്കും പ്രവർത്തനം അനുഭവത്തിലേക്കും അനുഭവം ജീവിതത്തിലേക്കും എത്തിച്ചേരണമെന്നായിരുന്നു പ്രാർഥനയെക്കുറിച്ച് അമ്മയുടെ പ്രത്യേക ദർശനം. ഈ കാഴ്ചപ്പാടിന്റെ ചുവടുപിടിച്ചാണ് അവൾ പ്രാർഥന ജീവിതമാക്കിയതും ജീവിതം പ്രാർഥനയാക്കിയതും. പ്രാർഥനയുടെ ഈ പ്രേഷിതയ്ക്ക് ഇത് സ്വന്തം കാര്യലാഭത്തിനുവേണ്ടിയുള്ളതായിരുന്നില്ല. അന്യരുടെ വേദനകൾ കണ്ടറിഞ്ഞ് അതിനു പരിഹാരം കണ്ടെത്താൻ പ്രാർഥന എന്ന ഒറ്റമൂലി പ്രയോഗിച്ച അമ്മ ദൈവത്തിലേക്കും സഹോദരങ്ങളിലേക്കും എപ്പോഴും സമദൂരം സൂക്ഷിച്ച സ്നേഹോപാസകയായി. ദൈവത്തിലേക്കു കണ്ണുനട്ട് ശ്വാസനിശ്വാസങ്ങൾപോലും പ്രാർഥനാമന്ത്രങ്ങളാക്കിയ അമ്മയുടെ ഓരോ ചലനവഴികളിലും സഹോദരസ്നേഹപ്രവാഹം ചാലുകൾ തീർത്തു സമർപ്പിതജീവിതത്തെ അർഥവത്താക്കി.
ജീവിതകാലത്തുതന്നെ ആബാലവൃദ്ധം ജനങ്ങൾ പ്രാർഥനാനിയോഗങ്ങളുമായി അമ്മയെ സമീപിച്ചു. സ്കൂൾകുട്ടികൾ പരീക്ഷാവിജയത്തിന്, അമ്മമാർ കുഞ്ഞുങ്ങളെ അനുഗ്രഹിക്കുന്നതിന്, അവരെ നേർവഴിക്കുള്ള മാർഗം പഠിപ്പിക്കുന്നതിന്, യുവതീയുവാക്കൾ വിവാഹതടസം നീങ്ങുന്നതിന് ഇങ്ങനെ ആ നിര നീളുന്നു. എല്ലാവരുടെയും വിഷമതകൾ സ്വന്തമായി ഏറ്റെടുത്ത് പ്രാർഥിച്ച അമ്മയ്ക്കു പലരുടെയും മനസ് വായിച്ചെടുക്കാനുള്ള പരഹൃദയജ്ഞാനവും ഉണ്ടായിരുന്നു എന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. സ്വത്തുതർക്കം, കുടുംബവഴക്ക് തുടങ്ങിയ പ്രശ്നങ്ങളുമായും അനേകർ കടന്നുവന്നിരുന്നു. സ്വഭാവ വൈകൃതങ്ങളുടെ കെട്ടുപാടുകളിൽനിന്നു മോചിപ്പിക്കാൻ കൗമാരക്കാരെയും യുവാക്കളെയുമായി നാനാജാതി മതസ്ഥരായ മാതാപിതാക്കൾ കാത്തുനിന്നു. എല്ലാവരെയും ആശ്വസിപ്പിക്കാനും ചില കൊച്ചുപ്രാർഥനകൾ തന്റെതന്നെ കൈപ്പടയിൽ എഴുതിക്കൊടുക്കാനും അമ്മ സമയം കണ്ടെത്തി. തുടർന്ന് തന്റെ കർത്താവിന്റെ അടുക്കൽ മധ്യസ്ഥപ്രാർഥനയുടെ കെട്ടുകളഴിച്ച് അമ്മ തപസിരുന്നു.
ലാളിത്യത്തിന്റെ പാഠശാല
വിശുദ്ധ ജോണ്‍പോൾ രണ്ടാമൻ പാപ്പ പറഞ്ഞതുപോലെ “സന്പാദിച്ചു കൂട്ടാനും സുഖാസക്തരായിരിക്കാനും അടക്കിഭരിക്കാനുമുള്ള ദാഹത്തിന്റെ മറുമരുന്ന് കൃപാവരത്താലും ദൈവസ്നേഹത്താലും താങ്ങിനിർത്തപ്പെടുന്ന ആത്മനിയന്ത്രണത്തിലാണുള്ളത്” എന്ന് വിശുദ്ധ എവുപ്രാസ്യമ്മ വിശ്വസിച്ചു. സ്വാദിഷ്ടഭോജ്യങ്ങൾ ലഭിക്കുന്പോൾ അതൊന്നും സ്വയം ആസ്വദിക്കാതെ മറ്റുള്ളവർക്കു നൽകിയിരുന്ന ഈ സുകൃതിനിയുടെ ഉപയോഗസാധനങ്ങളിലും ഇടപെടലുകളിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം ലാളിത്യത്തിന്റെ സുന്ദരശൈലി നിറഞ്ഞുനിന്നിരുന്നു. “മറ്റുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കരുതണം” എന്ന തിരുവചനത്തിന് അമ്മ ജീവിതംകൊണ്ട് അർഥമേകി. ഉപയോഗസാധനങ്ങളിൽ ഏറ്റവും ലളിതമായതു തെരഞ്ഞെടുത്തും വസ്ത്രങ്ങൾ കീറിയാൽ സ്വയം തുന്നിയും മറ്റുള്ളവർക്ക് ആവശ്യമുള്ളപ്പോൾ തുന്നിക്കൊടുത്തും അമ്മ ദാരിദ്ര്യവ്രതപാലനത്തിനു കൂടുതൽ മിഴിവേകി. സഹസന്യാസിനികൾക്കു മാത്രമല്ല ആശ്രമ ശുശ്രൂഷികൾക്കും ഇപ്രകാരം സഹായഹസ്തം നീട്ടിയത് ഇന്നത്തെ "വലിച്ചെറിയൽ സംസ്കാര'ത്തിന്റെ ഇരകളായിട്ടുള്ളവർക്ക് മനസിലാക്കാൻപോലും സാധ്യമല്ലല്ലോ.
പാവങ്ങളോട് പക്ഷം; സഹിക്കുന്നവർക്ക് കൈത്താങ്ങ്
കുബേരകുടുംബത്തിൽ ജനിച്ചെങ്കിലും വളർച്ചയുടെ വഴികളിൽ കർത്താവിന്റെ വിളികേട്ടു പ്രത്യുത്തരിച്ച് സന്യാസജീവിതം വരിച്ച എവുപ്രാസ്യമ്മയ്ക്കു പിന്നീട് തകർന്നു തരിപ്പണമായ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ നന്നായി അറിയാമായിരുന്നു. വേദനിക്കുന്ന സഹജരുടെ നേരേയും ആ കരുണാർദ്ര സ്നേഹം പെയ്തിറങ്ങിയിരുന്നു. സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടും സമൂഹം ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും കഴിയുന്ന വ്യക്തികളെ കണ്ടെത്തി അവർക്കു സാഹോദര്യത്തിന്റെ സാന്ത്വനം പകർന്ന് ദൈവാനുഭവത്തിലേക്ക് അവരെ എത്തിക്കാൻ അമ്മയ്ക്കു കഴിഞ്ഞു.
ഏതുവിധേനയും ധനം സന്പാദിക്കാനും ഏറ്റവും മുന്തിയ സുഖഭോഗങ്ങളിൽ രമിക്കാനും വെന്പൽകൊള്ളുന്ന ആധുനിക തലമുറയ്ക്കു മുന്നിൽ തിരുത്തൽ ശക്തിയാണ് എവുപ്രാസ്യമ്മ. “പണത്തിൽ കുറഞ്ഞാലും പുണ്യത്തിൽ കുറയരുത്” എന്ന സുകൃതസൂക്തം വഴി ഉപഭോഗ സംസ്കാരത്തിനു വെല്ലുവിളിയായി തീർന്നവൾ. മരണാസന്നരുടെ അടുക്കൽ ദീർഘസമയമിരുന്ന് ആശ്വസിപ്പിച്ച് അവരെ മരണത്തിന് ഒരുക്കിയിരുന്ന അമ്മയ്ക്ക് അതും ഒരു ശുശ്രൂഷാ മേഖലയായിരുന്നു. സ്നേഹത്തിന്റെയും കരുണയുടെയും സുന്ദരമുഖവുമായി അവിടെയും അവൾ യേശുവിനു പകരക്കാരിയായി. കോളറ പിടിപെട്ട ഒരു സഹോദരിയെ അവളുടെ സർവ വിസർജ്യങ്ങളും അപ്പഴപ്പോൾ എടുത്തുമാറ്റി വൃത്തിയാക്കി ദിവസങ്ങൾ സ്വയം ശുശ്രൂഷിച്ചു നല്ല മരണത്തിനൊരുക്കിയ എവുപ്രാസ്യമ്മ ഈ അശരണരിലെല്ലാം ഈശോയെ കണ്ടപ്പോൾ ദുർഗന്ധം ഒന്നും ഒരു തടസമായില്ല. മറ്റുള്ളവരെ നേടുന്നതിനായി എത്ര ചെറുതാകാനും ആരുടെയും കാലുപിടിക്കാനും കഴിയുന്ന അത്രമാത്രം എളിമയുടെ നിറകുടമായിരുന്നു ഈ കന്യക.
19-ാംനൂറ്റാണ്ടിനെയും 20-ാം നൂറ്റാണ്ടിനെയും വിശുദ്ധീകരിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ചൂഴ്ന്നുനിൽക്കുന്ന വിശുദ്ധിയുടെ കിരണങ്ങൾ ഇന്നു ജനസഹസ്രങ്ങൾ ഏറ്റുവാങ്ങുന്നു. കർമല മഠത്തിന്റെ ആവൃതിയിൽ ഒതുങ്ങി, വിശുദ്ധ ജീവിതം നയിച്ച എവുപ്രാസ്യമ്മയുടെ വിശുദ്ധ വ്യക്തിപ്രഭാവത്തിനു മുന്നിൽ ജനസഹസ്രങ്ങൾ കുന്പിടുന്പോൾ സഭാ മാതാവിനു മഹത്വമുണ്ടാകുന്നു. കേൾക്കാം, സ്വീകരിക്കാം, സുകൃതവഴികളിലൂടെ നമുക്കും ഈ അമ്മയെ അനുയാത്ര ചെയ്യാം.
Leader Page
ഇന്ത്യൻ മുസ്ലിംകൾക്കെതിരേയുള്ള വിദ്വേഷപ്രചാരണം അപകടകരമാംവിധം സാധാരണമായിക്കൊണ്ടിരിക്കുന്നു. എന്നാൽ, ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്തവസമൂഹവുമായുള്ള ബിജെപിയുടെ സങ്കീർണമായ സമവാക്യത്തെക്കുറിച്ച് അധികമൊന്നും പറഞ്ഞുകേൾക്കാറില്ല.
ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ കൺസൾട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സർദേശായ് വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ, " സ്ട്രെയ്റ്റ് ബാറ്റ് 'എന്ന പ്രതിവാര വീഡിയോ ബ്ലോഗിൽനിന്ന്:
നരേന്ദ്ര മോദിജി 2014ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ വിമർശകരുടെ പ്രധാന ശ്രദ്ധ അദ്ദേഹത്തിന്റെ സർക്കാർ രാജ്യത്തെ മുസ്ലിംകളോട് എങ്ങനെ പെരുമാറുന്നു എന്നതിലായിരുന്നു. ഇന്ത്യൻ മുസ്ലിംകളെ രാക്ഷസവത്കരിക്കുകയോ അദൃശ്യരാക്കുകയോ ചെയ്യുന്നു എന്ന പൊതുകാഴ്ചപ്പാടിൽനിന്ന് എന്തുകൊണ്ടോ മോദി സർക്കാരിന് പുറത്തുവരാൻ കഴിഞ്ഞിട്ടില്ല. ഇത് 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇനിയും മായാത്ത കരിനിഴലോ ഹിന്ദു പ്രത്യയശാസ്ത്രത്തിന്റെ ഭൂരിപക്ഷ കാഴ്ചപ്പാടോ മൂലമാകാം. മുസ്ലിംകൾക്കെതിരേ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും അങ്ങേയറ്റം നിഷ്ഠുരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘപരിവാറിലെ അവിവേകികളും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ദോഷം വരുത്തിയിട്ടുണ്ട്.
കർണാടകയിലെ ബെലഗാവിയിൽ, സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ വിഷംകലർത്തി മുസ്ലിം പ്രധാനാധ്യാപകനെ അപകീർത്തിപ്പെടുത്താനും സ്ഥലംമാറ്റാനും ശ്രമിച്ചതിന് ശ്രീരാംസേന നേതാവിനെ അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ചയ്ക്കുമേൽ ആയതേയുള്ളൂ. ഇതിലും ഭീകരമായ മറ്റെന്തെങ്കിലും ഉണ്ടാകുമോ?
ക്രൈസ്തവ-ബിജെപി സമവാക്യം
ക്രൈസ്തവരും ബിജെപിയും തമ്മിലുള്ള സമവാക്യം തെറ്റായ കാരണങ്ങളാൽ വാർത്തകളിൽ വീണ്ടും നിറയുകയാണ്. ജൂലൈ 26ന് കേരളത്തിൽനിന്നുള്ള രണ്ടു കന്യാസ്ത്രീമാരെ ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റഷനിൽ തടഞ്ഞുവയ്ക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങളാണ് അവർക്കുമേൽ ചുമത്തിയത്. ഗോത്രവർഗക്കാർ കൂടുതലുള്ള പ്രദേശത്തെ ബജ്രംഗ്ദൾ പ്രവർത്തകരാണ് ഇവർക്കെതിരേ വ്യാജകുറ്റം ആരോപിച്ചത്. പ്രഫഷണൽ നഴ്സുമാരായി പരിശീലനം നേടാൻ ആഗ്രഹിക്കുന്നതുകൊണ്ട് കന്യാസ്ത്രീമാർക്കൊപ്പം സ്വമേധയാ പോയതാണെന്ന്, മനുഷ്യക്കടത്തിന് വിധേയരായതായി ആരോപി ക്കപ്പെടുന്ന പെൺകുട്ടികൾ മൊഴി നല്‍കിയിട്ടുണ്ട്. മികച്ച തൊഴിലവസരം തേടിപ്പോകാൻ മകൾക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്ന് പെൺകുട്ടികളുടെ മാതാപിതാക്കളും പറഞ്ഞിട്ടുണ്ട്. എന്നിട്ടും, ഇതൊന്നും കണക്കിലെടുക്കാതെ പോലീസ് കണ്ണടച്ചു. പകരം, പ്രാദേശിക ബജ്രംഗ്ദൾ പ്രവർത്തകന്റെ പരാതി മുഖവിലയ്ക്കെടുത്ത്, ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കന്യാസ്ത്രീമാരെ പിന്തുണയ്ക്കാനെത്തിയവരെ ബജ്രംഗ്ദൾ പ്രവർത്തകയായ ജ്യോതി ശർമ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇതേ ബജ്രംഗ്ദൾ പ്രവർത്തക 2021ൽ ഒരു പള്ളി തകർത്ത കേസിലും പ്രതിയാണ്. കന്യാസ്ത്രീമാരെ പിന്തുണയ്ക്കുന്നതിനു പകരം, പോലീസ് നടപടിയെയും ബജ്രംഗ്ദളിനെയും ന്യായീകരിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്യുടെ നടപടിയാണ് അതിലും ഭയാനകമായ കാര്യം.
മതസ്വാതന്ത്ര്യം അവകാശം
സത്യം പറഞ്ഞാൽ ഇതിലൊന്നും അദ്ഭുതപ്പെടാനില്ല. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത് ഞാൻ ഛത്തീസ്ഗഡിലുണ്ടായിരുന്നു. അന്ന് നാരായൺപുർ പ്രദേശത്തെ ചെറിയൊരു ഗ്രാമത്തിൽവച്ച് ഒരുകൂട്ടം ആദിവാസികളുമായി സംസാരിച്ചു. വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകളെ ഭയത്തോടെയാണ് അവർ കണ്ടിരുന്നത്. ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്കു മടങ്ങിയില്ലെങ്കിൽ മരിച്ചവരെ അടക്കാൻപോലും അനുവാദം കിട്ടില്ലെന്ന് അവർ എന്നോടു പറഞ്ഞു.
ക്രിസ്ത്യൻ ആദിവാസികളെ ഹിന്ദുമതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നത് അഥവാ "ഘർവാപസി' എന്നുള്ളത് സംഘപരിവാറിന്റെയും അതിന്റെ വനവാസി കല്യാൺ കേന്ദ്രങ്ങളുടെയും വർഷങ്ങളായി തുടരുന്ന സംഘടിത പരിപാടിയാണ്. മിഷണറി ഗ്രൂപ്പുകൾ നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ മതപരിവർത്തനത്തിലൂടെ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കുന്നു എന്നാണ് അവരുടെ വാദം. സുഹൃത്തുക്കളേ, മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. ഒരാൾക്ക് ഇഷ്ടമുള്ള മതത്തിലേക്കു മാറാനുള്ള അവകാശവും അങ്ങനെതന്നെ. ഡോ. അംബേദ്കർ നവയാന (നിയോ) ബുദ്ധമതത്തിലേക്കു പരിവർത്തനം ചെയ്തതു മറക്കരുത്.
"ഘർവാപസി' ഇന്ത്യ
പക്ഷേ, ഇപ്പോൾ നമ്മൾ ജീവിക്കുന്നത് പുതിയ ഇന്ത്യയിലാണ്. ഇവിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ , കർശന മതപരിവർത്തനനിരോധന നിയമങ്ങൾ ഉപയോഗിച്ച് വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങൾ പലപ്പോഴും ഇല്ലാതാക്കപ്പെടുന്നു. ക്രിസ്തുമതത്തിലേക്കു മാറാനുള്ള അവകാശം നിർബന്ധിതവും കുറ്റകരവുമായാണു കാണുന്നത്. എന്നാൽ ഹിന്ദുമതത്തിലേക്കുള്ള "ഘർവാപസി' സ്വമേധയാ ഉള്ളതും അനുഗ്രഹവുമാണ്! ബജ്രംഗ്ദൾ, വിഎച്ച്പി തുടങ്ങിയ സംഘടനകൾക്കു നല്കുന്ന ഭരണകൂടപിന്തുണയുടെ ഫലമാണിത്. ഈ ഗ്രൂപ്പുകൾക്ക് ഇപ്പോൾ ശിക്ഷാഭയമില്ലാതെ ചുറ്റിക്കറങ്ങാനാകുന്നു. ന്യൂനപക്ഷങ്ങൾക്കെതിരേ ഭയത്തിന്റെയും ശത്രുതതയുടെയും അന്തരീക്ഷമൊരുക്കാനും കഴിയുന്നു. അങ്ങനെ കാക്കിവേഷക്കാരുടെ സജീവപിന്തുണയോടെ "ഘർവാപസി' കൂടുതൽ ശക്തമായി നടത്തുന്നു.
കേരളമെന്ന ലക്ഷ്യം
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടതിനുശേഷമാണ് കന്യാസ്ത്രീമാരെ ജാമ്യത്തിൽ വിട്ടതെന്നത് വിരോധാഭാസമാണ്. കേരളത്തിലെ ഒരു കൂട്ടം എംപിമാർ ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതിനുശേഷം മാത്രമാണ് ഛത്തീസ്ഗഡ് പോലീസിനു സന്ദേശം ലഭിച്ചതും കന്യാസ്ത്രീമാർക്ക് ജാമ്യം ലഭിച്ചതും. കന്യാസ്ത്രീമാരോടോ ക്രൈസ്തവസമൂഹത്തോടോ അമിത് ഷായ്ക്ക് പെട്ടെന്നു പ്രത്യേക സ്നേഹമുണ്ടായതുകൊണ്ടല്ല ഇതു സംഭവിച്ചത്. മറിച്ച്, കേരളത്തിൽ സമുദായ ഭേദമില്ലാതെ വലിയ പ്രതിഷേധമുയർന്നതുകൊണ്ടാണ്. വലിയ ക്രൈസ്തവ ജനസംഖ്യയുള്ളതും അതിലുപരി അടുത്തവർഷം തെരഞ്ഞെടുപ്പു നടക്കുന്നതുമായ സംസ്ഥാനമാണ് കേരളം.
ബിജെപി കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ അവസാനശ്രമം നടത്തുന്നതിന്റെ ഭാഗമായി വിശാല ഹിന്ദു-ക്രൈസ്തവ ധാരണയുണ്ടാക്കാനായി ക്രൈസ്തവ സമുദായത്തെ ആകർഷിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ കന്യാസ്ത്രീമാർ ജയിൽമോചിതരായപ്പോൾ അവരെ സ്വീകരിക്കാൻ കേരളത്തിലെ ബിജെപിയുടെ പുതിയ പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉണ്ടായത് അപ്രതീക്ഷിതമല്ല.
വലിയ ക്രിസ്ത്യൻ ജനസംഖ്യയുള്ള ഗോവയിൽ ബിജെപി അധികാരത്തിലുണ്ട്, അതുപോലെ മേഘാലയയിലും നാഗാലാൻഡിലും അവർ ഭരണത്തിലെ സഖ്യകക്ഷിയുമാണെന്നതു മറക്കരുത്. മുസ്ലിംകളെ രാക്ഷസന്മാരായി ചിത്രീകരിക്കുന്നതും ഇന്ത്യയിലെ ഒരേയൊരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഒറ്റ രാത്രികൊണ്ട് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതും ബിജെപിക്കു രാഷ്ട്രീയപരമായി ലാഭമായിരിക്കാം. എന്നാൽ, ക്രൈസ്തവരെ പരസ്യമായി ലക്ഷ്യമിടാൻ അവർക്കാകില്ല. കാരണം, അത് ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ വിമർശനങ്ങൾക്കു വഴിയൊരുക്കും. കഴിഞ്ഞ ഡിസംബറിൽ, കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സ്നേഹം, ഐക്യം, സാഹോദര്യം എന്നിവ പ്രചരിപ്പിക്കുന്ന ക്രിസ്തുവചനങ്ങളെ ഉയർത്തിക്കാട്ടി എന്നതാണു വിചിത്രം. അദ്ദേഹം ഒരിക്കലെങ്കിലും മുസ്ലിം പുരോഹിതർ സംഘടിപ്പിച്ച ഈദ് ആഘോഷത്തിൽ പങ്കെടുത്തതായി എനിക്കറിവില്ല. തൊട്ടുമുന്‍പത്തെ വർഷത്തെ ക്രിസ്മസിന് പ്രമുഖ ക്രൈസ്ത നേതാക്കൾക്ക് അദ്ദേഹം തന്റെ വീട്ടിൽ ചായസത്കാരമൊരുക്കുകയും യേശുക്രിസ്തുവിന്റെ മൂല്യങ്ങളെക്കുറിച്ചു വാചാലനാകുകയും ചെയ്തിരുന്നു. ആ യോഗത്തിൽ പങ്കെടുത്ത ചില ക്രിസ്ത്യൻ പ്രതിനിധികൾ, പ്രധാനമന്ത്രി വളരെ ആകർഷകത്വമുള്ള ആതിഥേയനാണെന്ന് എന്നോടു പറഞ്ഞു. എങ്കിലും ഞാൻ ചോദിക്കട്ടെ, സഹിഷ്ണുതയുടെ സന്ദേശം താഴെത്തട്ടിൽ എത്തുന്നില്ലെങ്കിൽ ഈ “ആകർഷകത്വം”കൊണ്ട് എന്താണു പ്രയോജനം?
കന്യാസ്ത്രീമാരെയും മിഷണറിമാരെയും നിർബന്ധിത മതപരിവർത്തനത്തിന്റെ പേരിൽ പ്രതികളാക്കുകയും വേട്ടയാടുകയും ഹിന്ദുവിരുദ്ധ കുറ്റവാളികളാക്കി മുദ്രകുത്തി അറസ്റ്റ് ചെയ്യുകയും ചെയ്താൽ എന്തു സംഭവിക്കും? 1999ൽ ഒഡീഷയിൽ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും ബജ്രംഗ്ദൾ നേതാവായ ദാരാ സിംഗ് കൊലപ്പെടുത്തിയത് ഓർക്കുക. അതു രാജ്യത്തിന്റെ മതസൗഹാർദ പാരന്പര്യത്തിലെ തീരാക്കളങ്കമായിരുന്നു. അടുത്തകാലത്ത്, എൺപതുകാരനായ ഫാ. സ്റ്റാൻ സ്വാമിയെ പോലീസ് എങ്ങനെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഓർക്കുക. നക്സൽ അനുഭാവിയെന്ന് മുദ്രകുത്തി, യുഎപിഎ ചുമത്തി, തീവ്രവാദിയെന്ന പേരിലായിരുന്നു അറസ്റ്റ്. കോടതി ഇടപെടുന്നതുവരെ ജയിലിൽ ഒരു സ്ട്രോ പോലും അദ്ദേഹത്തിനു നിഷേധിച്ചു. ഒടുവിൽ അദ്ദേഹം ആശുപത്രിയിൽ മരിച്ചു. ഈ വർഷം ജൂണിലാണ്, നിർബന്ധിത മതപരിവർത്തനം ആരോപിച്ച ക്രിസ്ത്യൻ മിഷണറിമാരെയും പുരോഹിതരെയും ആക്രമിച്ചാൽ, മൂന്നു ലക്ഷം മുതൽ 11 ലക്ഷംവരെ രൂപ മഹാരാഷ്ട്രയിലെ സാംഗിയിൽനിന്നുള്ള ബിജെപി എംഎൽഎ ഗോപി ചന്ദുൽക്കർ വാഗ്ദാനം ചെയ്തത്.
യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024ൽ മാത്രം ക്രൈസ്തവർക്കെതിരേ 834 അക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2023ലെ 700 സംഭവങ്ങളേക്കാൾ നൂറിലധികം കൂടുതൽ. മണിപ്പുരിലെ വംശീയ അക്രമങ്ങൾക്കിടെ പല പള്ളികളും തകർക്കപ്പെട്ടത് ഇതിൽപ്പെടുന്നു. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും “ഘർ വാപസി”യുടെ മറവിൽ പുരോഹിതരെ ലക്ഷ്യമിടുന്നുണ്ട്. വാച്ച്ഡോഗ് സംഘടനയായ “ഓപ്പൺ ഡോർസി”ന്റെ കണക്കനുസരിച്ച് ക്രൈസ്തവപീഡനത്തിന്റെ കാര്യത്തിൽ 2024ലെ പട്ടികയിൽ ഇന്ത്യ പതിനൊന്നാംസ്ഥാനത്താണ്.
ക്രൈസ്തവർ കുറയുന്നു
സുഹൃത്തുക്കളേ, ഞാൻ ചില യാഥാർഥ്യങ്ങൾകൂടി പറയാം. കൂട്ട മതപരിവർത്തനത്തെക്കുറിച്ചുള്ള നിരന്തരമായ പ്രചാരണങ്ങൾക്കിടയിലും ക്രൈസ്തവർ രാജ്യത്തെ ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണ്. കൗതുകകരമെന്നു പറയട്ടെ, 1971ലെ സെൻസസ് അനുസരിച്ച് ക്രൈസ്തവർ 2.6 ശതമാനമായിരുന്നു. ക്രൈസ്തവ ജനസംഖ്യ ഔദ്യോഗികമായിത്തന്നെ കുറഞ്ഞിട്ടും നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾ നടക്കുന്നു എന്ന പ്രചാരണം തുടരുകയാണ്.
നൽകുന്നത് മികച്ച വിദ്യാഭ്യാസം
മറ്റൊരു അവസാന യാഥാർഥ്യംകൂടി പറയാം. വിദ്യാഭ്യാസത്തിന്റെ ആനുകൂല്യം വാഗ്ദാനം നല്കി പുരോഹിതർ പാവപ്പെട്ടവരെ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണവുമുണ്ട്. ഞാൻ മുംബൈയിലെ ഒരു മികച്ച ജസ്യൂട്ട് സ്കൂളിൽ പോയിരുന്നു. അവിടെ ഒരു പുരോഹിതനും എന്നോടോ എന്റെ സുഹൃത്തുക്കളോടോ ക്രിസ്തുമതത്തിലേക്കു മാറാൻ ആവശ്യപ്പെട്ടിട്ടില്ല. അതിനുശേഷം ഞാൻ പല ക്രിസ്ത്യൻ സ്കൂളുകളും സന്ദർശിച്ചു. ഇവിടെയൊന്നും മതപരിവർത്തനം പഠനത്തിന്റെ പ്രാഥമികലക്ഷ്യമായി കണ്ടില്ല. മറിച്ച്, ദരിദ്രർക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനുള്ള ആഗ്രഹം മാത്രമാണു കണ്ടത്. എല്ലാ വർഷവും എന്റെ പല സഹപ്രവർത്തകരും ഒരു പ്രാദേശിക ജസ്യൂട്ട് സ്കൂളിൽ പ്രവേശനം തേടി എന്റെയടുത്തു വരാറുണ്ട്. കാരണം, എനിക്കവിടത്തെ പ്രിൻസിപ്പലിനെ അറിയാം. അവിടെ ഫീസ് താങ്ങാനാവുന്നതാണെന്ന് അവർ പറയുന്നു.
സത്യം പറഞ്ഞാൽ, കായികരംഗം മുതൽ സിനിമ, രാഷ്ട്രീയം, സംസ്കാരം വരെയുള്ള ഓരോ മേഖലയിലെയും ഇന്ത്യയിലെ മികച്ചവരിൽ പലരും ക്രിസ്ത്യൻ മിഷണറിമാർ നടത്തുന്ന സ്കൂളിൽനിന്ന് മികച്ച വിദ്യാഭ്യാസം നേടിയവരാണ്. അതുകൊണ്ട് ദൈവത്തെയോർത്ത് ഞാൻ പറയുന്നു, തെളിവില്ലാതെ ക്രൈസ്തവ മിഷണറിമാരെയും കന്യാസ്ത്രീമാരെയും രാക്ഷസവത്കരിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും നിർത്തുക. വിദ്വേഷപ്രചാരണങ്ങൾക്കു പകരം, അവരിൽനിന്ന് സഹാനുഭൂതിയും നീതിനിഷ്ഠമായ പെരുമാറ്റവും പഠിക്കുക. ഈ ക്രിസ്മസിനെങ്കിലും പ്രധാനമന്ത്രി വെറുതെ ചായസത്കാരം നടത്തുകയും യേശുക്രിസ്തുവിന്റെ ഗുണഗണങ്ങൾ വാഴ്ത്തുകയും മാത്രം ചെയ്യാതെ ബജ്രംഗ്ദളിനെപ്പോലുള്ള ഗ്രൂപ്പുകളെ ശക്തമായും അസന്ദിഗ്ധമായും തുറന്നുകാട്ടുക. ഇതുചെയ്താൽ, മോദിയും ബിജെപിയും ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹത്തിന് പ്രിയങ്കരരാകും.
Leader Page
യഹൂദ കുടിയേറ്റക്കാരും പലസ്തീനികളും തമ്മിലുള്ള സംഘർഷം ഗാസായുദ്ധം ആരംഭിച്ചതോടുകൂടി തീവ്രമായിരിക്കുകയാണ്. ജോർദാൻനദിക്കു പടിഞ്ഞാറ്, പലസ്റ്റൈൻ ഓട്ടോണമസ് അഥോറിറ്റിയുടെ കീഴിലുള്ള പ്രദേശമാണ് വെസ്റ്റ് ബാങ്ക്. യൂദയായിലും സമറിയായിലുമായി വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്ത് അറബ് വംശജരായ മുസ്ലിംകളും ക്രൈസ്തവരുമാണ് താമസിക്കുന്നത്. കൃഷിയും കാലിവളർത്തലുമാണ് അവരുടെ മുഖ്യവരുമാനമാർഗം. നൂറ്റാണ്ടുകളായി അവർ താമസിച്ചു പോരുന്ന ഈ സ്ഥലങ്ങളിൽനിന്ന് അവരെ കുടിയിറക്കി യഹൂദരെ കുടിയിരുത്താനുള്ള ഇസ്രയേലിന്റെ നീക്കം ശക്തമാകുന്നത് 1967ലെ ആറു ദിവസത്തെ യുദ്ധത്തിനുശേഷമാണ്. അന്തർദേശീയ ഏജൻസികൾ നൽകുന്ന കണക്കുകൾപ്രകാരം ഏതാണ്ട് 160ലേറെ യഹൂദകോളനികളാണ് വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലെമിലുമായി ഇപ്പോഴുള്ളത്. ഈ കോളനികളത്രയും പണിതിട്ടുള്ളത് പലസ്തീനികളുടെ മണ്ണ് കൈയടക്കിയാണ്.
തായ്ബെയിലെ അതിക്രമം
ഇക്കഴിഞ്ഞയാഴ്ച വെസ്റ്റ്ബാങ്കിൽ, ജറൂസലെമിൽനിന്നു 30 കി.മീ. വടക്കായി കിടക്കുന്ന തായ്ബെഗ്രാമം ലോക മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ സ്ഥാനം പിടിച്ചു. എഡി ഒന്നാം നൂറ്റാണ്ടുമുതൽ ഇടമുറിയാത്ത ക്രൈസ്തവ സാന്നിധ്യമുള്ള ഒരു പലസ്തീനി ഗ്രാമമാണ് തായ്ബെ.
ബൈബിളിലെ പഴയനിയമത്തിൽ ഓഫ്റാ എന്നും പുതിയ നിയമത്തിൽ എഫ്രായിം എന്നു പരാമർശിച്ചിരിക്കുന്ന തായ്ബെയിലെ ജനസംഖ്യ ഏകദേശം 1500 ആണ്. ഗ്രീക്ക് ഓർത്തഡോക്സ്, ലത്തീൻ കത്തോലിക്കാ, ഗ്രീക്ക് മെൽകൈറ്റ് കത്തോലിക്കാ വിഭാഗങ്ങളിൽപ്പെട്ടവരാണ് ഇവർ. ഈ മൂന്നു വിഭാഗങ്ങൾക്കും ഓരോ ഇടവകപ്പള്ളികളും ഓരോ വികാരിമാരുമുണ്ട്. വളരെ സമാധാനമായി കഴിഞ്ഞുകൂടുന്ന ഈ ക്രൈസ്തവർ പൊതുവായാണ് ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കുന്നത്.
യോഹന്നാന്റെ സുവിശേഷത്തിലെ വിവരണമനുസരിച്ച്, ലാസറിനെ ഉയിർപ്പിച്ചതിനുശേഷം യേശു പോയി താമസിച്ച പ്രദേശമാണ് എഫ്രായിം. അതുകൊണ്ടുതന്നെ നിവാസികൾക്ക് വൈകാരികമായി ഏറെ അടുപ്പമുള്ള ഒരു സ്ഥലം. എഡി അഞ്ചാം നൂറ്റാണ്ടുമുതൽ നിലവിലുള്ളതാണ് ഇവിടത്തെ സെന്റ് ജോർജ് പള്ളി. അതിപുരാതനമായ മറ്റു ചില നിർമിതികളും പുരാവസ്തുപരമായ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ജൂലൈ എട്ടിന് പുറത്തുവന്ന റിപ്പോർട്ടുപ്രകാരം തായ്ബെയ്ക്കു സമീപമുള്ള റിമോണിം യഹൂദ കോളനിയിൽനിന്നുള്ള ആളുകൾ തായ്ബെയിലെ ചില പുരാതന കെട്ടിടങ്ങൾക്കും കൃഷിസ്ഥലങ്ങൾക്കും തീയിടുകയും തദ്ദേശീയരെ ആക്രമിക്കുകയും ചെയ്തു. അവരുടെ ഒലിവുതോട്ടങ്ങൾക്കും ധാന്യവയലുകൾക്കും പലപ്പോഴും തീയിട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കെട്ടിടങ്ങൾക്കു തീയിടുന്നത്. ധാന്യവയലുകളിൽതന്നെ കന്നുകാലികളെ മേയാൻ വിടുന്നതും പതിവാണ്. ആളുകളെ ഭീഷണിപ്പെടുത്തുന്നതും കൈയേറ്റം ചെയ്യുന്നതും സാധാരണവും. റിമോണിം കോളനി തന്നെ നിർമിച്ചിരിക്കുന്നത് തായ്ബെയിൽനിന്നു പിടിച്ചെടുത്ത ഭൂമിയിലാണ്.
ഈ അതിക്രമങ്ങൾ കാരണം ഒലിവുതോട്ടങ്ങളിൽ പണിയെടുക്കാൻ പോകാൻ ആളുകൾക്കു ഭയമാണ്. കഴിഞ്ഞ വർഷമാണ് വിളവെടുപ്പിനു പാകമായ ഏതാനും തോട്ടങ്ങൾ കത്തിച്ചു ചാന്പലാക്കിയത്. “ഞങ്ങളുടെ കൃഷിഭൂമി സ്വന്തമാക്കുകയാണ് അവരുടെ ലക്ഷ്യം. ഞങ്ങളുടെ കാർഷിക വിളകളും ഉപകരണങ്ങളും നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്ന അവർക്ക് ആരെയും ഭയമില്ല. ഞങ്ങളെ ഇവിടെനിന്ന് ആട്ടിപ്പായിക്കുകയാണ് അവരുടെ ലക്ഷ്യം.”- ലത്തീൻ ഇടവകപ്പള്ളിയിലെ വികാരിയായ ഫാ. ബഷാർ ഫവാദ്ലി പറയുന്നു. തങ്ങൾ സമാധാനപ്രിയരാണ്. തങ്ങൾ ആർക്കും ഒരു തടസവും സൃഷ്ടിക്കുന്നില്ല. തങ്ങൾക്ക് ഒരായുധവും ഇല്ലെന്ന് അദ്ദേഹം തുടരുന്നു.
ഒരു തുറന്ന കത്ത്...
ജൂലൈ എട്ടിന് മൂന്ന് ഇടവകവികാരിമാരും കൂടി ഒരു തുറന്ന കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. പലസ്തീനായിലെ തന്നെ ഏറ്റവും പഴക്കമുള്ള, എഡി അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള സെന്റ് ജോർജ് പള്ളിക്കു തീവച്ചതും സെമിത്തേരി നശിപ്പിക്കാൻ ശ്രമിച്ചതും വയലുകളിൽ കന്നുകാലികളെ ഇറക്കിവിട്ടതുമൊക്കെ അതിൽ വിവരിക്കുന്നുണ്ട്. നിയമപാലകരും മറ്റ് അധികാരികളും ഒന്നും കണ്ടില്ലെന്നു നടിക്കുന്നു. തായ്ബെയുടെ കിഴക്കൻ പ്രദേശത്ത് സ്ഥലങ്ങൾ കൈയടക്കി വരികയാണ്. വെസ്റ്റ്ബാങ്കിലുള്ള ഏക ക്രൈസ്തവ ഗ്രാമമാണ് തായ്ബെ. കഴിഞ്ഞവർഷം മാത്രം ഒരു ഡസൻ കുടുംബങ്ങളാണ് തായ്ബെയിൽനിന്ന് ഒഴിഞ്ഞുപോയത്. കത്തിൽ നാല് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തായ്ബെയിലെ തീവയ്പും കൈയേറ്റവും സൂതാര്യമായി അന്വേഷിക്കുക, കൈയേറ്റക്കാരെ നിലയ്ക്കു നിർത്താൻ വിദേശരാജ്യങ്ങൾ നയതന്ത്രമാർഗങ്ങൾ സ്വീകരിക്കുക, സ്ഥിതിഗതികൾ നേരിട്ടു മനസിലാക്കാൻ അന്തർദേശീയ സഭാഗ്രൂപ്പുകൾ തയാറാകുക, തായ്ബെയിൽ ആളുകളെ സാന്പത്തിക-കാർഷിക- സംരംഭകത്വ പരിശ്രമങ്ങളിലൂടെ സഹായിക്കുക.
ഇസ്രയേലിലെ പ്രധാന ക്രൈസ്തവ സഭകളുടെ നേതാക്കന്മാർ ജൂലൈ 14ന് തായ്ബെ സന്ദർശിക്കുകയുണ്ടായി. പ്രതിസന്ധികളുടെ മധ്യത്തിൽ സധൈര്യം ഉറച്ചുനിൽക്കുന്ന ക്രൈസ്തവരെ അവർ ശക്തിപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്തു. “നിങ്ങൾക്കിവിടെ ഭാവിയില്ല” എന്നെഴുതിയ ബോർഡ് സ്ഥാപിച്ച യഹൂദ തീവ്രവാദി സംഘങ്ങളുടെ ഭീഷണി യഥാർഥമാണെന്ന് അവരുടെ സന്ദർശനം വ്യക്തമാക്കി. സമാധാനകാംക്ഷികളായ തായ്ബെയിലെ ക്രൈസ്തവരുടെ ജീവൻമരണ പ്രശ്നത്തിൽ അന്തർദേശീയ സമൂഹം ഇടപെടണമെന്നു ജറൂസലെമിലെ ലത്തീൻ പാത്രിയർക്കീസ് കർദിനാൾ പിയർ ബാത്തിസ്ത പിസബല്ലയും ഓർത്തഡോക്സ് പാത്രിയർക്കീസ് തെയോഫിലോസ് മൂന്നാമനും ഉൾപ്പെട്ട പ്രതിനിധിസംഘം ആവശ്യപ്പെട്ടു. ജോർദാനിലെ അബ്ദുള്ള രണ്ടാമൻ രാജാവും കൈയേറ്റക്കാരെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നു. മെത്രാന്മാരുടെ സന്ദർശനത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ തായ്ബെയിലെ നിരവധി കർഷകരാണ് തങ്ങളുടെ ദുരനുഭവങ്ങൾ വിവരിച്ചത്. തായ്ബെയുടെ അയൽഗ്രാമമായ കഫർ മാലിക്കിൽ കഴിഞ്ഞമാസം മൂന്നു പലസ്തീനികളെ വെടിവച്ചുകൊല്ലുകയും കാറുകളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കുകയുമുണ്ടായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇസ്രയേലിലെ ക്രൈസ്തവർ പലതരത്തിലുള്ള പ്രശ്നങ്ങളാണ് യഹൂദതീവ്രവാദികളിൽനിന്ന് നേരിടുന്നത്. ശാരീരിക ആക്രമണങ്ങൾ, സെമിത്തേരികളും കെട്ടിടങ്ങളും നശിപ്പിക്കൽ, തിരുക്കർമങ്ങൾ തടയൽ, തീർഥാടകരുടെ മേൽ തുപ്പുക, അസഭ്യവർഷം നടത്തുക തുടങ്ങിയ നിരവധി അതിക്രമങ്ങൾ അവർ നേരിടുന്നതായി ഇസ്രേലി മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജറൂസലെമിലെ റോസിംഗ് സെന്റർ ഇത്തരം കാര്യങ്ങളുടെ വിവരശേഖരണം നടത്തിയിട്ടുണ്ട്.
കൈയേറ്റങ്ങളും അതിക്രമങ്ങളും
വെസ്റ്റ് ബാങ്കിലെ പലസ്തീനിയൻ പ്രദേശങ്ങളിൽ കൈയേറ്റവും അതിക്രമവും നടത്തുന്നത് ഹിൽടോപ് യൂത്ത് എന്ന പേരിൽ അറിയപ്പെടുന്ന തീവ്രവലതുപക്ഷ യഹൂദ നിലപാടുകളുള്ള ചെറുപ്പക്കാരാണ്. ഇസ്രേലി, പലസ്തീനി നിയമപാലകരെപ്പോലും ആക്രമിക്കുന്ന ഈ പ്രസ്ഥാനത്തെ ഭീകരവാദ ഗ്രൂപ്പായി യുഎസ്എ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ മറ്റു ഭാഗങ്ങളിലും ക്രൈസ്തവർക്കെതിരേ അതിയാഥാസ്ഥിതികരായ യഹൂദ ഗ്രൂപ്പുകൾ ആക്രമണം അഴിച്ചുവിടുന്നുണ്ട്. ഹൈഫയിലെ സ്റ്റെല്ലാ മാരിസ് ആശ്രമം, ലാട്രൂണിലെ സിസ്റ്റേഴ്സ്യൻ ആശ്രമം, സിയോൻ കുന്നിലെ ഡോർമിഷൻ ആബി, തബ്ഗയിലെ ബനഡിക്ടൈൻ ആബി, ഈസ്റ്റ് ജറൂസലെമിലെ കപ്പൂച്ചിൻ ആശ്രമമായ ഫ്ലാജല്ലേഷൻ മൊണാസ്ട്രി എന്നിവയുൾപ്പെടെ നിരവധി ക്രൈസ്തവസ്ഥാപനങ്ങളെ യഹൂദമതമൗലികവാദികൾ ആക്രമിച്ചിട്ടുണ്ട്. ജറൂസലെം ഓൾഡ് സിറ്റിയിലെ വിവിധ പാട്രിയർക്കേറ്റുകളുടെ കെട്ടിടങ്ങളും ഭൂമിയും ലക്ഷ്യംവച്ചുകൊണ്ട് മുനിസിപ്പാലിറ്റിതന്നെ നീങ്ങുന്നതായും ആരോപണമുണ്ട്.
ദ് റിലിജിയസ് ഫ്രീഡം ഡാറ്റാ സെന്റർ പ്രസിദ്ധീകരിച്ച പാദവാർഷിക റിപ്പോർട്ടിൽ ഈവർഷം ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഇസ്രയേലിൽ 50 ക്രൈസ്തവവിരുദ്ധ അതിക്രമങ്ങൾ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. റോസിംഗ് സെന്ററിന്റെ കണക്കനുസരിച്ച് 2024ൽ ഇത്തരം 111 സംഭവങ്ങളുണ്ടായി. ഇസ്രയേലിലെ ചീഫ് റബ്ബിമാരായ യിറ്റ്സാക്ക് യോസെഫും ഡേവിഡ് ലൗവും ഈ അതിക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തരവകുപ്പ് ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങളിലുള്ള ഉത്കണ്ഠ ഇസ്രേലി ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങൾ വെളിപ്പെടുത്തി.
ഒരുകോടിയോളം വരുന്ന ഇസ്രയേൽ ജനസംഖ്യയിൽ കഷ്ടിച്ച് രണ്ടുലക്ഷം പേരാണ് ക്രൈസ്തവർ. അവരിൽ 80 ശതമാനംപേരും അറബ് വംശജരാണ്. 2023ലെ കണക്കുപ്രകാരം ഇസ്രയേലിലെ ക്രൈസ്തവജനസംഖ്യ അരശതമാനം കൂടിയിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവരുടെ എണ്ണം ഇത്രയെങ്കിലും കൂടിയിട്ടുള്ളത് ഇസ്രയേലിൽ മാത്രമാണ്. ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്ന 78 രാജ്യങ്ങളുടെ പട്ടികയിൽ ഇസ്രയേൽ 78-ാം സ്ഥാനത്താണെന്ന് ഓപ്പൺ ഡോർസ് എന്ന സന്നദ്ധസംഘടന പറയുന്നു. ഇസ്രയേലിൽ (വെസ്റ്റ്ബാങ്കിലും) ക്രൈസ്തവരെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നതു തീവ്രഇസ്ലാമിസ്റ്റുകളാണ്. ബേത്ലെഹെം ആണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. 1950ൽ അവിടത്തെ ജനസംഖ്യയുടെ 86 ശതമാനം ക്രൈസ്തവരായിരുന്നെങ്കിൽ അത് 2017ൽ പത്തു ശതമാനമായി താഴ്ന്നു. വെസ്റ്റ്ബാങ്കിൽ 1922ൽ 11 ശതമാനമായിരുന്നു. ഇന്നത് നാമമാത്രമായി. ഹമാസ് അധികാരത്തിലെത്തുന്പോൾ 5,000 ക്രൈസ്തവരുണ്ടായിരുന്ന ഗാസയിൽ 2023 ഒക്ടോബറിൽ അവർ 1,000 പേരായി ചുരുങ്ങി.
എത്രനാൾ പിടിച്ചുനിൽക്കാനാകും?
തായ്ബെ ഒരു അപവാദമാണ്. ക്രൈസ്തവ പലായനം മറ്റു സ്ഥലങ്ങളിൽ തുടർക്കഥയാകുന്പോൾ തായ്ബെ നിവാസികൾ അല്പംകൂടി ശ്രമിക്കുന്നു, പിടിച്ചുനിൽക്കാൻ. എത്രനാൾ അവർക്കതു സാധിക്കും എന്ന് ചരിത്രം മറുപടി പറയും. യഹൂദ കുടിയേറ്റക്കാർ പിടിച്ചെടുത്ത് അടുത്തകാലത്ത് തായ്ബെയിൽ സ്വന്തമാക്കിയത് 1,690 ഹെക്ടർ കൃഷിഭൂമിയാണ്. അവരവിടെ ഒരു ഔട്ട്പോസ്റ്റ് സ്ഥാപിച്ചു. വയലുകളും ഒലിവ് തോട്ടങ്ങളും പച്ചക്കറിപ്പാടങ്ങളും കൃഷിഭൂമികളും ഉൾപ്പെടെ ഈ പ്രദേശം തായ്ബെയുടെ സാന്പത്തിക, കാർഷിക പ്രവർത്തനങ്ങളുടെ നട്ടെല്ലായിരുന്നു. “ശത്രുക്കൾ ഞങ്ങളെ വലയം ചെയ്തിരിക്കുന്നു. ഞങ്ങൾക്കിവിടെ സമാധാനമില്ല. ഭയമാണു ഞങ്ങളുടെ സഹചാരി. ആയുധങ്ങൾ ഞങ്ങളുടെ തലയ്ക്കു നേരേ ചൂണ്ടിയിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാർ നട്ടുപിടിപ്പിച്ച ഒലിവ് തോട്ടങ്ങളിലും കൃഷിചെയ്ത ഗോതന്പ് പാടങ്ങളിലും അവരുടെ പശുക്കൾ മേയുന്നു, ഞങ്ങളുടെ വീടുകൾക്കടുത്തുതന്നെ. ഇതൊരു യുദ്ധമാണ്-സാന്പത്തികയുദ്ധം. അത്രമാത്രം.”- തായ്ബെയിലെ സെന്റ് ജോർജ് പള്ളിവികാരി ഫാ. ഫവാദ്ലി പറയുന്നു.
Editorial
കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണ്. ഗോവയിലും കേരളത്തിലുമടക്കം ക്രൈസ്തവർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിൽ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശക്കാരായി നിലകൊള്ളുന്നു.
ഏറ്റവും ഒടുവിലെ ഉദാഹരണം മഹാരാഷ്ട്രയിൽനിന്നാണ്. കത്തോലിക്ക വൈദികര്‍ക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ മുതൽ 11 ലക്ഷം വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കർ. സംസ്ഥാനത്ത് കർശനമായ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് ബിജെപി സർക്കാരിലെ റവന്യു മന്ത്രിയും പ്രഖ്യാപിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ക്രൈസ്തവ വിശ്വാസികൾ കടുത്ത ആശങ്കയിലും ഭയത്തിലുമായിക്കഴിഞ്ഞു.
വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാൻ ബിജെപി വെട്ടിത്തെളിക്കുന്ന പുതുവഴികളിൽ അവസാനത്തേതാണ് മഹാരാഷ്ട്രയിൽ കാണുന്നത്. രാജ്യത്ത് തീർത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്തു നേട്ടമുണ്ടാക്കാമെന്നാണ് ബിജെപിയും സംഘ്പരിവാറും കണക്കുകൂട്ടുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുന്നില്ല.
സാമൂഹിക സേവനത്തെ മതപരിവർത്തനമെന്ന ആയുധമാക്കി ചിത്രീകരിച്ചുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിക്കാമെന്ന അജൻഡ മാത്രമാകും ഇവർക്കു മുന്നിലുള്ളത്. ഉത്തർപ്രദേശിലും മധ്യപ്രദേശിലുമെല്ലാം പരീക്ഷിച്ച് വിജയിച്ച കിരാത മതപരിവർത്തന നിരോധന നിയമം രാകിമിനുക്കി മഹാരാഷ്ട്രയിലും നടപ്പാക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു.
മഹാരാഷ്ട്രയിൽ വ്യാപകമായി നിർബന്ധിത മതപരിവർത്തനങ്ങൾ നടക്കുന്നുവെന്ന ചില എംഎൽഎമാരുടെ ആരോപണമാണ് പുതിയ നീക്കങ്ങൾക്കു പിന്നിൽ. സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും നിർബന്ധിച്ചും സ്വാധീനിച്ചുമുള്ള മതംമാറ്റം നടക്കുന്നുണ്ടെന്ന് സഞ്ജയ് കുട്ടെ എംഎൽഎ നിയമസഭയിൽ പറഞ്ഞു. മതപരിവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധുലെ, നന്ദർബാർ ജില്ലകളിൽ അനധികൃത പള്ളി നിർമാണങ്ങൾ വ്യാപിക്കുന്നുണ്ടെന്ന് അനുപ് അഗര്‍വാൾ എംഎൽഎ ആരോപിച്ചു. ഇതിനു മറുപടിയായി കഴിഞ്ഞദിവസം നിയമസഭയിൽ റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുലെയാണ് സംസ്ഥാനത്ത് കർശനമായ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങുന്നുവെന്ന് അറിയിച്ചത്.
അനധികൃത നിർമാണങ്ങളെക്കുറിച്ച് ഡിവിഷണൽ കമ്മീഷണർ അന്വേഷണം നടത്തും. അന്വേഷണം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ അനധികൃത പള്ളികൾ പൊളിച്ചുമാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് ഗോപിചന്ദ് പദൽക്കർ എംഎൽഎ കത്തോലിക്ക വൈദികര്‍ക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തത്.
മഹാരാഷ്ട്രയിൽ 1321 മുതൽ ക്രൈസ്തവ സാന്നിധ്യമുണ്ടെന്ന് ചരിത്രരേഖകളുണ്ട്. പ്രശസ്തമായ ബോംബെ അതിരൂപത സ്ഥാപിതമായത് 1886ലാണ്. 140-ാം വർഷത്തിലെത്തിയ ഈ അതിരൂപതയുടെ പ്രവർത്തനങ്ങളിൽ എന്തു ക്രമവിരുദ്ധതയാണ് ഇപ്പോൾ ബിജെപി സർക്കാർ കാണുന്നത്. 1988ലാണ് മഹാരാഷ്ട്രയിൽ സീറോമലബാർ സഭയുടെ കല്യാൺ രൂപത സ്ഥാപിതമായത്.
മൂന്നര പതിറ്റാണ്ടു പിന്നിട്ട കല്യാൺ രൂപതയുടെ പ്രവർത്തനങ്ങളിലും നാളിതുവരെ ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. അനധികൃതമായി പള്ളികൾ നിർമിക്കുക എന്നത് കത്തോലിക്കാ സഭയുടെ അജൻഡയിലുള്ള പ്രവൃത്തിയല്ല.
മറ്റു ക്രൈസ്തവ വിഭാഗങ്ങളുൾപ്പെടെ ആരെങ്കിലും നിയമവിരുദ്ധമായി കെട്ടിടങ്ങൾ പണിയുകയോ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയോ ചെയ്താൽ അതു തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും നിലവിൽതന്നെ നിയമങ്ങളുണ്ട്. അതുപോരെന്നും പല സംസ്ഥാനങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യുന്ന മതപരിവർത്തന നിരോധന നിയമം കൂടുതൽ കർക്കശമായി നടപ്പാക്കണമെന്നും വാശിപിടിക്കുന്നത് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ വച്ചാണെന്നു സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല.
രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകൾ ഒഡീഷയിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ നാലിന് ഞങ്ങൾ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്.
2024ൽ മാത്രം 834 ആക്രമണങ്ങൾ. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ൽ ഇത് 127 ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിലെ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് അനുസരിച്ച്, ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് 835ല്‍ അധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.
1,682 പേർ അറസ്റ്റിലായി. ഇതില്‍ നാലു കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് ഇതിൽപരം തെളിവുകൾ ആവശ്യമുണ്ടോ. ഇത്തരത്തിൽ രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
അതിനായി ക്രൈസ്തവരെ കൂടെക്കൂട്ടാൻ പദ്ധതിയിടുന്നതും. ആദ്യം ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കൂ. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ വ്യക്തത വരുത്തൂ.
Editorial
ആശയവിനിമയത്തിൽ ലോകമിന്ന് ഉള്ളംകൈയിലെ നെല്ലിക്കയാണ്; നീതിബോധം മനുഷ്യമനസിന്റെ വേദനയാറ്റാനുള്ള അഗ്നിശലാകയും. എന്നിട്ടും ആധുനികരെന്നു പറയുന്ന മനുഷ്യർ കൊന്നുതീർക്കുകയാണ്. പക തേച്ച ആയുധങ്ങൾ ഭൂമിയിലും ആകാശത്തിലും ജലത്തിലും മനസിലും നിർബാധം പ്രഹരമേൽപ്പിക്കുന്നു.
ലോകം അറിഞ്ഞ് ‘ആഘോഷിക്കുന്ന’ യുദ്ധങ്ങളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. ബോധപൂർവം തമസ്കരിക്കുന്ന കൊടുംക്രൂരതകളെക്കുറിച്ചാണ്; വിവരവിനിമയത്തിന്റെ മിന്നൽയുഗത്തിലും ലോകമറിയരുതെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്ന ഭീകരവാഴ്ചയെക്കുറിച്ചാണ്.
മനുഷ്യവംശത്തിന്റെ ‘പിള്ളത്തൊട്ടിൽ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആഫ്രിക്ക ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ‘ഇരുണ്ട യുഗ’ത്തിലാണോ? നൈജീരിയയിലും മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളിലും നടക്കുന്ന കാര്യങ്ങൾ വിലയിരുത്തുന്പോൾ അങ്ങനെ വേണം കരുതാൻ.
കഴിഞ്ഞ ഞായറാഴ്ച, പീഡനങ്ങളിലൂടെ കടന്നുപോകുന്ന ആഫ്രിക്കയിലെയും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലെയും ജനങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കുകയായിരുന്നു ലെയോ പതിനാലാമൻ മാർപാപ്പ. ഈ സംഭവങ്ങൾക്കു നേരേ ലോകമനഃസാക്ഷിയുടെ കണ്ണും കാതും തുറക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. പരിശുദ്ധ പിതാവിന്റെ പരിദേവനം ബധിരകർണങ്ങളിലായാൽ നീതിയെന്ന വാക്ക് തീയിലെരിക്കേണ്ടിവരും.
നൈജീരിയയിലെ ബെന്യു എന്ന സംസ്ഥാനത്ത് ശനിയാഴ്ച പുലർച്ചെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് ഇരുനൂറിലേറെപ്പേരാണ്. ഈ സംഭവം പ്രത്യേകം പരാമർശിച്ചുകൊണ്ടാണ് മാർപാപ്പ “നൈജീരിയൻ ഗ്രാമങ്ങളിലെ പാവപ്പെട്ട ക്രൈസ്തവർക്കു നേരേ കണ്ണുതുറക്കൂ” എന്നു ലോകത്തോടു പറഞ്ഞത്.
അഭയാർഥികളാകേണ്ടിവരിക എന്നതുതന്നെ മനുഷ്യാന്തസിനു നേരിടേണ്ടിവരുന്ന കൊടിയ വേദനയാണ്. അങ്ങനെ അഭയം തേടിയവരെ അടച്ചുപൂട്ടി ചുട്ടുകൊല്ലുക എന്നതിനെ ലോകഭാഷകളിലെ ഏതു വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുക? കഴിഞ്ഞ മാസം മാത്രം 204 അക്രമസംഭവങ്ങളാണ് നൈജീരിയയിലുണ്ടായത്. കൊല്ലപ്പെട്ടത് 605 പേരെന്ന് ഇക്കാര്യം നിരീക്ഷിക്കുന്ന ‘ഹ്യൂം ആംഗിൾ’ റിപ്പോർട്ട് പറയുന്നു. ഭീകരർ തട്ടിക്കൊണ്ടുപോയത് 182 പേരെ. ശരീരത്തിൽ മുറിവേറ്റത് മൂവായിരത്തിലേറെപ്പേർക്ക്. മനസിനേറ്റ മുറിവുകൾക്കു കണക്കില്ല.
“ഞാൻ കണ്ടതു ശരിക്കും ഭയാനകമായിരുന്നു. ആളുകളെ കൂട്ടക്കൊല ചെയ്തു. മൃതദേഹങ്ങൾ എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു”- ആക്രമണത്തിന് തൊട്ടുപിന്നാലെ ഒരു പ്രാദേശിക ഇടവക വികാരി ഫാ. ഉകുമ ജോനാഥൻ ആങ്ബിയാൻബി പറഞ്ഞു.
കൂട്ടക്കൊലയ്ക്കു പിന്നിൽ ഫുലാനി ഗോത്ര ഇടയസംഘമാണെന്ന് പുരോഹിതനും മറ്റ് നിരവധി സാക്ഷികളും സ്ഥിരീകരിച്ചു. തീവ്രവാദികൾ പല കോണുകളിൽനിന്ന് പട്ടണത്തെ ആക്രമിക്കാൻ കനത്ത മഴ മറയായി ഉപയോഗിക്കുകയായിരുന്നു.
‘ദ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’ പുറത്തുവിടുന്ന വിവരങ്ങളാകട്ടെ പൈശാചികത്വത്തിന്റെ പരിപൂർണ സാക്ഷ്യങ്ങളാണ്. നൈജീരിയയിൽ മാത്രമല്ല ഭീകരവാഴ്ച. ബുർക്കിന ഫാസോ, കോംഗോ, സൊമാലിയ... ഒരിടത്തും ക്രൈസ്തവർക്കു രക്ഷയില്ല. അൽഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഷബാബ്, ബൊക്കോ ഹറാം തുടങ്ങിയ ഇസ്ലാമിക ഭീകരർ ഇവിടങ്ങളിൽ അഴിഞ്ഞാടുകയാണ്.
1999ൽ നൈജീരിയയിലെ പന്ത്രണ്ട് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങൾ ശരിഅത്ത് നിയമം പ്രഖ്യാപിച്ചിരുന്നു. അതോടെയാണ് ക്രൈസ്തവർ തോക്കിൻമുനയിലായത്. നൈജീരിയൻ ക്രിസ്ത്യൻ ജനതയ്ക്കെതിരായ അക്രമം വടക്കൻ പ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
2009ൽ ബൊക്കോ ഹറാം എന്ന ഭീകരപ്രസ്ഥാനം രൂപംകൊണ്ടതോടെ ക്രൈസ്തവർ നിരന്തരം അക്രമത്തിനിരയാവാൻ തുടങ്ങി. ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോയുടെ 2023 ഏപ്രിലിലെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ പതിനാലു വർഷത്തിനിടെ 52,250 പേരെങ്കിലും ക്രൈസ്തവരായതിന്റെ പേരിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ബൊക്കോ ഹറാമിനൊപ്പം ഇപ്പോൾ ഈ പ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) എന്ന മറ്റൊരു തീവ്രവാദ ഗ്രൂപ്പും പ്രവർത്തിക്കുന്നു. രണ്ടും വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് ക്രിസ്തുമതം ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
ആഫ്രിക്കയിലാകെ മൂന്നുവർഷത്തിനിടെ 26,769 ക്രൈസ്തവർ കൊലചെയ്യപ്പെട്ടെന്ന കണക്ക് ആരുടെയും ഹൃദയം പിളർക്കാത്തതെന്തുകൊണ്ടാണ്? യുദ്ധവിരുദ്ധ റാലികൾ നടത്തുന്നവരുടെ ചിന്തകളെ ചുവപ്പിക്കാത്തതെന്ത്? മനഃപൂർവമായ ഈ തമസ്കരണത്തിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്. ഏതു നീതിബോധമാണ് ഇവരെ നയിക്കുന്നത് എന്നാണു തിരിച്ചറിയേണ്ടത്.
ഇസ്ലാമിക ഭീകരതയ്ക്കുള്ള തിരിച്ചടികളാണ് പലരുടെയും രക്തം തിളപ്പിക്കുന്നത് എന്ന നടുക്കുന്ന സത്യത്തിനു നേർക്കു പിടിച്ച കണ്ണാടിയാണ് ലോകമെങ്ങും കാണുന്ന നിസംഗത. മതഭ്രാന്ത് കൊടുമുടി കടക്കുന്പോൾ ക്രൈസ്തവർ മാത്രമല്ല, തങ്ങളെ തുണയ്ക്കാത്ത ഇസ്ലാം മതവിശ്വാസികളും ഇരയാകുന്നുണ്ട് എന്നതെങ്കിലും ഈ നിസംഗതയുടെ ‘അയൺ ഡോം’ തുളച്ചു കടക്കേണ്ടതല്ലേ?
ഭീകരവാദത്തെ നിഷ്പക്ഷമായും സമതുലിതമായും നേരിടുകയാണു വേണ്ടത്. ചിലതു കേൾക്കുന്പോൾ മാത്രം തിളയ്ക്കുകയും ചിലതു കേൾക്കുന്പോൾ തണുത്തുറയുകയും ചെയ്യുന്ന ചോരയെ സംശയിച്ചേ മതിയാകൂ. തുലാസിന്റെ ഒരു തട്ട് എപ്പോഴും താഴ്ന്നിരിക്കുന്പോൾ നീതിയെന്നത് കുരുടൻ കണ്ട ആനയെപ്പോലെയാകും.
മനുഷ്യൻ പിച്ചവച്ച ഇടം മാത്രമല്ല ആഫ്രിക്ക. വർണവെറിയുടെ കൊടുംക്രൂരതകളെ ചങ്കുറപ്പോടെ അതിജീവിച്ചവരുടെ ജന്മദേശംകൂടിയാണ്. സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും നീതിബോധത്തെയുംകുറിച്ച് പുതിയ ഭാഷ്യങ്ങൾ രചിച്ച നെൽസൺ മണ്ടേലയുടെ സമരഭൂമിയുമാണത്. ലെയോ മാർപാപ്പ ആഹ്വാനം ചെയ്തതുപോലെ, അവിടേക്ക് ലോകം കണ്ണും മനഃസാക്ഷിയും തുറക്കാൻ വൈകിക്കൂടാ.
ജോഹാനസ്ബർഗിലെ അപ്പാർത്തൈഡ് മ്യൂസിയത്തിൽ കുറിച്ച, നെൽസൺ മണ്ടേലയുടെ വാക്യം ആരും മറക്കരുത്. “സ്വതന്ത്രനാവുകയെന്നാല് തന്റെ ചങ്ങല പൊട്ടിച്ചെറിയുക എന്നു മാത്രമല്ല അര്‍ഥം; മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ സ്വാതന്ത്ര്യം വര്‍ധിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ ജീവിക്കുക എന്നതുകൂടിയാണ്.”