Leader Page
“പള്ളികളേക്കാൾ ആത്മാർഥമായ പ്രാർഥനകൾ ആശുപത്രികളുടെ ചുമരുകൾ കേട്ടിട്ടുണ്ട്. വിമാനത്താവളങ്ങളേക്കാൾ ആത്മാർഥമായ ചുംബനങ്ങൾക്ക് അവ സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.” ഈ വർഷം ഏപ്രിൽ 21ന് മരിക്കുന്നതിന് മുന്‍പ് ആശുപത്രിക്കിടക്കയിൽനിന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ അവസാന വാക്കുകളിൽ ഒന്നായിരുന്നു ഇത്. രോഗത്തിന്റെ നടുവിൽ അദ്ദേഹം നടത്തിയ ഈ വെളിപ്പെടുത്തലുകൾ ആഴത്തിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുകയും എല്ലാ ഹൃദയങ്ങളെയും ഒട്ടും വേദനിപ്പിക്കാതെ തന്നെ, പരമമായ ഒരു സത്യം ലോകത്തെ അറിയിക്കുകയും ചെയ്യുന്നു. ആശുപത്രിയെ ഒരു മാധ്യമമായി ഉപയോഗിച്ചുകൊണ്ട് മനുഷ്യരാശിയുടെ ഏകീകരണം സാധ്യമാക്കുന്നതിന് വളരെ ആഴത്തിലുള്ള അദ്ദേഹത്തിന്റെ ഒരു വിടവാങ്ങൽ സന്ദേശമായി വേണം ഇതിനെ കാണാൻ.
മനുഷ്യർ അവരുടെ മുഖംമൂടികൾ നീക്കം ചെയ്ത് അവരുടെ യഥാർഥ സത്തയിൽ സ്വയം വെളിപ്പെടുത്തുന്ന ഒരു സ്ഥലമാണ് ആശുപത്രി എന്ന് അദ്ദേഹം നിരീക്ഷിച്ചു. താഴ്ന്ന ജാതിയിൽ ജനിച്ച ഒരു ഡോക്ടർ മേൽജാതിയിൽ പെട്ട ഒരു രോഗിയെ പരിചരിക്കുന്നതായി നാം കാണുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനും തടവുകാരനും ഒരേ മുറിയിൽ പരിചരണം സ്വീകരിക്കുന്നതായി നാം കാണുന്നു. കരൾ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന ധനികനായ ഒരു രോഗി ദരിദ്രനായ ഒരു ദാതാവിൽനിന്ന് അവയവം സ്വീകരിക്കുന്നു.
വംശം, ജാതി, മതം, ഭാഷ, പ്രദേശം എന്നിവയുടെ പേരിൽ ആയിരക്കണക്കിന് ആളുകൾ അനുദിനം കൊല്ലപ്പെടുന്പോൾപോലും, ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം ഒരു പുതുകാറ്റായി ലോകമെങ്ങും വീശുന്നു. മനുഷ്യ പ്രകൃതിയെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചും ഒരു പുതിയ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്നു.
സാമൂഹ്യ-സാന്പത്തിക രാഷ്ട്രീയ വേർതിരിവുകൾക്ക് ഇത്രയധികം വേരോട്ടമുള്ള ഇന്നത്തെ ലോകക്രമത്തിൽ ഒരു ആശുപത്രിയിൽ ഡോക്ടറുടെയോ രോഗിയുടെയോ നഴ്സിന്റെയോ അറ്റൻഡറുടെയോ മതം, ജാതി, വംശം അല്ലെങ്കിൽ മറ്റേതെങ്കിലും ഐഡന്റിറ്റിയെക്കുറിച്ച് ആരും അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്?
ആശുപത്രികൾ അതിന്റെ തനത് സ്വഭാവം കൊണ്ടുതന്നെ, വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെങ്കിൽകൂടി പൊതുവായ ശാരീരിക മാനസിക അവസ്ഥകളുള്ള ഒരു പറ്റം ആളുകളെ ഒരുമിപ്പിക്കുന്നു. അവരുടെ ഏക ലക്ഷ്യം തങ്ങളുടെ ആരോഗ്യസംരക്ഷണവും അതിജീവനവും മാത്രമാണ്. അത് അവരുടെ ഇടയിൽ അനുകന്പയും പരസ്പര ധാരണയും വളർത്തുന്നു. ലോകാരോഗ്യ സംഘടന ആരോഗ്യത്തിനുള്ള അവകാശം ലോകത്തിലെ എല്ലാ മനുഷ്യരുടെയും അടിസ്ഥാനപരമായ ഒരു മനുഷ്യാവകാശമായി പ്രഖ്യാപിച്ചതുവഴിയായി ലോകത്തിന്റെ ഏതൊരു ഭാഗത്തുണ്ടാകുന്ന ആരോഗ്യപ്രതിസന്ധിയെയും നേരിടുന്നതിന് എല്ലാ രാജ്യങ്ങളുടെയും കൂട്ടായ സഹകരണം ഉറപ്പുവരുത്തുന്നു.
കോവിഡ് എന്ന മഹാമാരിയെ ലോകജനത ഒറ്റക്കെട്ടായിനിന്ന് പ്രതിരോധിച്ചത് ഉദാഹരണം മാത്രമാണ്. ഒരു രാജ്യത്ത് കണ്ടുപിടിക്കപ്പെട്ട പ്രതിരോധ മരുന്നുകൾ ആ രാജ്യത്ത് മാത്രമല്ല ഉപയോഗിക്കപ്പെട്ടത്, മറിച്ച് മറ്റു രാജ്യങ്ങളിലുമാണ്. ഇത് ആഗോളപൗരത്വബോധവും ലോകജനതയുടെ കൂട്ടായ ഉത്തരവാദിത്വബോധവും വർധിപ്പിക്കുന്നു. ആഗോള ആരോഗ്യ പ്രതിസന്ധികളെ നേരിടുന്നതിനുള്ള ലോകജനതയുടെ എല്ലാ അതിർവരന്പുകൾക്കുമപ്പുറമുള്ള കൂട്ടായ പരിശ്രമങ്ങളെയും സഹകരണ മനോഭാവത്തെയുമാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ അവസാന സന്ദേശത്തിലൂടെ സൂചിപ്പിച്ചത്.
മതാന്തര ഐക്യത്തിൽ ശക്തമായി വിശ്വസിച്ച അദ്ദേഹം മതാന്തര സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിന് ആത്മാർഥമായ ശ്രമങ്ങൾ നടത്തുകയുണ്ടായി. 2012ൽ മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാര ത്തിനായി പ്രാർഥിക്കാൻ അദ്ദേഹം ജൂത, മുസ്ലിം, മറ്റ് ക്രിസ്ത്യൻ വിശ്വാസങ്ങളിലെ നേതാക്കളെ ഒരുമിച്ചു കൊണ്ടുവന്നു. പാലങ്ങൾ പണിയുന്നതിനും എല്ലാ ആളുകൾക്കും ഇടയിലുള്ള സൗഹൃദത്തിന്റെ യഥാർഥ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള ഒരു മാർഗമായി മാർപാപ്പ അത്തരം സംഭാഷണങ്ങളെ ഊന്നിപ്പറഞ്ഞു.
കുടിയേറ്റക്കാരുടെ അവകാശ സംരക്ഷണത്തിനായും അദ്ദേഹം ശബ്ദിക്കുകയുണ്ടായി. യുഎസ് പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തെ ഫ്രാൻസിസ് മാർപാപ്പ വിമർശിക്കുകയും കുടിയേറ്റക്കാരുടെ സംരക്ഷണം ‘സംസ്കാരത്തിന്റെ കടമ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. സംസ്കാരത്തിന്റെ കടമ എന്ന ഒറ്റ പ്രയോഗത്തിലൂടെ ഒരു പരിഷ്കൃത സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള സൂചനകളാണ് അദ്ദേഹം നൽകിയത്. അത് വിവരവും വിദ്യാഭ്യാസവുമുള്ള നമ്മൾ ഓരോരുത്തരും സഹജീവികളോട് എപ്രകാരമാണ് പെരുമാറേണ്ടത് എന്ന ഓർമപ്പെടുത്തൽ കൂടിയാണ്.
വംശം, മതം, ദേശീയത, നിറം, ജാതി എന്നിവയുടെ വ്യത്യാസങ്ങൾ തുടച്ചുനീക്കപ്പെടുന്നതും മുറിവേറ്റവരെയും രോഗികളെയും സുഖപ്പെടുത്താൻ ആളുകൾ ഒന്നിക്കുന്നതുമായ ഒരേയൊരു സ്ഥലമാണ് ആശുപത്രി. മുറിവേറ്റ ഹൃദയങ്ങളെ സുഖപ്പെടുത്താനും സമാധാനത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനും ആശുപത്രികളുടെ മതിലുകൾക്ക് പുറത്തും നമുക്ക് സാധിക്കുമോ?
ആഴത്തിലുള്ള ധ്രുവീകരണത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെ ആധിപത്യത്തിന്റെയും ലോകത്ത് ഇത് ശക്തമായ ഒരു വെല്ലുവിളിയാണ്. കൊറോണ വൈറസിന്റെ ഏറ്റവും വിനാശകരമായ ആക്രമണത്തെ മറികടക്കാൻ നമുക്ക് കഴിഞ്ഞത് ഈ കാര്യത്തിൽ പ്രത്യാശ നൽകുന്ന ഒന്നാണ്. കൊറോണ രോഗികൾ ആശുപത്രികളിൽ തിങ്ങി നിറഞ്ഞപ്പോൾ, എല്ലാ ദിവസവും മൃതദേഹങ്ങൾ മോർച്ചറികളിൽ നിറഞ്ഞിരുന്നു. വാക്സിനുകൾ നൽകുന്നതിനും രോഗികളെ ചികിത്സിക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനുമുള്ള നാഡീകേന്ദ്രമായി ആശുപത്രി മാറിയിരുന്നു. അതിജീവനത്തിന്റെ സഹജാവബോധവും മെച്ചപ്പെട്ട ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും മുന്‍പെങ്ങുമില്ലാത്ത വിധം മനുഷ്യ സഹകരണത്തിന്റെ ചൈതന്യത്തെ നയിച്ചു.
ആശുപത്രികളെ മാനവരാശിയുടെ സാഹോദര്യത്തിന്റെ ഒരു പ്രതീകമായിട്ടാണ് ഫ്രാൻസിസ് മാർപാപ്പ കണ്ടത്. അതുകൊണ്ടാണ് പള്ളികളിലേതിനേക്കാൾ ആളുകൾ ഉള്ളുരുകി പ്രാർഥിക്കുന്നത് ആശുപത്രികളിലാണ് എന്ന് അദ്ദേഹം പറഞ്ഞത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദേവാലയങ്ങളേക്കാൾ പരിപാവനമായ ഇടങ്ങളായിട്ടാണ് ആശുപത്രികളെ കാണേണ്ടത് എന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളിൽ പോലും ആശുപത്രികളുടെ ഈ സവിശേഷ സ്ഥാനം ഉറപ്പുവരുത്തിയിട്ടുണ്ട്. 1949ലെ ജനീവ കണ്‍വൻഷന്റെ 18-ാം വകുപ്പ് പ്രകാരം, യുദ്ധവേളയിൽ പോലും, ഒരിക്കലും ആശുപത്രികൾ ആക്രമിക്കപ്പെടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ആശുപത്രിയുടെ ശക്തിയെപ്പറ്റി അദ്ദേഹം തന്റെ അന്ത്യനാളുകളിൽ പങ്കുവച്ച പ്രതീക്ഷ ഒരു പുതിയ ലോകക്രമത്തെ ചിട്ടപ്പെടുത്തുന്നതിനുള്ള ഒരു മാധ്യമമാക്കി മാറ്റാൻ നമുക്ക് കഴിയുമോ? ആളുകളെ ഒന്നിപ്പിക്കാനും സമാധാനത്തിനായി പോരാടാനും കഴിയുന്നത്ര ശക്തിയുള്ള ഒരു പ്രതീകം?
Leader Page
ദൈവത്തിന്റെ മാതൃഭാവത്തെ തേടി ഞാൻ അല്പദൂരമൊക്കെ നടന്നിട്ടുണ്ട്. പഴയനിയമത്തിൽനിന്നു വാത്സല്യത്തിന്റെയും ആർദ്രതയുടെയും കാരുണ്യത്തിന്റെയും വെളിച്ചങ്ങൾ അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. ആ അർഥത്തിൽ വേദപുസ്തകം പൂർണമായും പുരുഷന്റെ പുസ്തകമല്ല എന്നു തോന്നിയിട്ടുമുണ്ട്. പുരുഷന്റേതിനു തുല്യമായ ഭാഗധേയങ്ങൾ സ്ത്രീക്കും അവകാശപ്പെട്ടതാണെന്നു വേദപുസ്തകം ചില സൂചനകളിലൂടെ അർഥമാക്കുന്നുണ്ട്.
അമ്മ മറിയത്തിന്റെ മഹിതഭാവം മാത്രം മതി എല്ലാ പരിമിതികളെയും മറികടക്കാൻ. സഹനം കൊണ്ട് പ്രഭാവിതമായ തേജസാണ് അമ്മ മറിയം. അമ്മ മറിയത്തെയും സുവിശേഷങ്ങളിൽ മറിയം എന്നു വിളിക്കപ്പെടുന്ന തേജസ്വിനികളെയും തേടി നടന്ന യാത്രയിലാണ് ഞാൻ ഭരണങ്ങാനത്തെത്തുന്നത്. അവിടേക്കെന്നെ വഴിനടത്തിയത് ജോർജ് അച്ചനായിരുന്നു. അച്ചൻ നല്ല വായനക്കാരനും എഴുത്തുകാരനുമായിരുന്നു. വേദപുസ്തകത്തിലെ സന്ദേഹങ്ങൾ ഒരളവുവരെ എനിക്ക് തീർപ്പാക്കി തന്നതും അച്ചനായിരുന്നു.
യേശുവിനെ അനുഗമിച്ചവരിലൂടെ അനുകമ്പാർദ്രരായ ജറൂസലേം പുത്രിമാരിൽ എത്തുകയായിരുന്നു എന്റെ ദൗത്യം. അച്ചൻ പറഞ്ഞു, “നീ ആദ്യം ഭരണങ്ങാനത്തുപോയി പ്രാർഥിക്കുക. എന്നിട്ടാവാം എഴുത്ത്.” ഒരു മഴക്കാലത്താണ് ഞാൻ ആദ്യമായി അവിടേക്കു പോയത്. വഴിയിൽ ഒരുപാട് തടസങ്ങൾ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. ധരിച്ചിരുന്ന ഉടുപ്പും പാന്റ്സും നനഞ്ഞുകുതിർന്നു എന്നു മാത്രമല്ല, നല്ല ചെളിയും വസ്ത്രത്തിൽ പടർന്നിട്ടുണ്ടായിരുന്നു. മലിനപ്പെട്ട ആ രൂപത്തിലായിരുന്നു ഞാൻ അൽഫോൻസാമ്മയുടെ കബറിടത്തിലെത്തിയത്. അപ്പോഴവിടെ നിശബ്ദ പ്രാർഥന നടക്കുകയായിരുന്നു. ചുറ്റും കൂടിനിന്നവർ എന്നെ നോക്കുന്നുണ്ടായിരുന്നു.
ചീകിയൊതുക്കാത്ത മുടിയിൽനിന്നു ജലകണങ്ങൾ ഒന്നൊന്നായി താഴേക്കു വീഴുന്നുണ്ടായിരുന്നു. താഴെ വീഴുന്ന ഓരോ ജലത്തുള്ളിയും വല്ലാത്ത ശബ്ദം കേൾപ്പിക്കുന്നതായി എനിക്കു തോന്നി. അപാരമായ ലജ്ജയും ഭയവും എനിക്കനുഭവപ്പെട്ടു. എത്രനേരം അങ്ങനെ നിന്നു എന്നെനിക്കറിയില്ല. എന്നാൽ ആ നിശബ്ദതയ്ക്ക് വല്ലാത്തൊരാകർഷണീയത ഉണ്ടായിരുന്നു.
നമ്മെ സൗഖ്യപ്പെടുത്തുന്ന ഒരു സ്പർശം. ചമ്മട്ടികൊണ്ട് ക്രൂരമായി അടിയേറ്റും മുൾക്കിരീടം ചൂടി ചുവന്ന പുറങ്കുപ്പായം ധരിച്ചും ഏറെ ഭാരമേറിയ കുരിശു ചുമന്നും നടന്നവനു പിന്നാലെ നടന്നവരുടെ കൂട്ടത്തിൽ ഞാനൊരു മുഖം തിരിച്ചറിഞ്ഞു. പരദുഃഖത്തിൽ അലിയുന്ന ഒരു മുഖം. ദൈവികമായ ആർദ്രതയാൽ പ്രശോഭിതമായ ഒരു മുഖം. ഒരമ്മമുഖം. അത് അൽഫോൻസാമ്മയുടേതായിരുന്നു.
കുരിശിന്റെ വഴിയിൽ യേശുവിന്റെ തിരുമുഖം കൈലേസാൽ തുടച്ച വെറോണിക്കയെ എനിക്കപ്പോൾ ഓർമവന്നു. സ്വന്തം ഭവനം പ്രാർഥനാലയമാക്കാൻ വിട്ടുകൊടുത്ത മറിയത്തെ എനിക്കോർമ വന്നു. ഈ ഓർമകളിലേക്കെല്ലാം എന്നെ വഴിനടത്തിയത് അൽഫോൻസാമ്മയുടെ ദീപ്തമായ ജീവിതമായിരുന്നു. അത് ആദർശപൂർണവും സുവിശേഷ വെളിച്ചമുൾക്കൊണ്ട പവിത്രജീവിതവും കൂടിയായിരുന്നു. അത് ആദ്യന്തം സഹനപൂർണമായിരുന്നു.
ദൈവത്തിന്റെ പരീക്ഷണങ്ങളെ അൽഫോൻസാമ്മ ദൈവദത്തമായ സ്നേഹപ്രാർഥനകളാൽ മറികടക്കുകയായിരുന്നു. ജീവന്റെ വിലയറിയുന്ന ആ ഹൃദയം അസാമാന്യമായ ധൈര്യത്തോടെയാണ് ദുഃഖിതർക്കായി പ്രാർഥിച്ചത്. ആ പ്രാർഥനകൾ സ്നേഹത്തിന്റെ കെടാത്ത തിരിനാളങ്ങൾ കൂടിയായിരുന്നു.
പ്രാർഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മഴ തോർന്നിരുന്നു. ആകാശം നന്നായി തെളിഞ്ഞും പ്രകാശിച്ചും കാണപ്പെട്ടു. അതെന്റെ ഉള്ളിന്റെകൂടി പ്രകാശമായിരുന്നുവെന്ന് എനിക്കു തോന്നി. നെഞ്ചത്തു കയറ്റിവച്ചിരുന്ന ഒരു ഭാരം ഇറക്കിവച്ചതുപോലെ എനിക്കനുഭവപ്പെട്ടു. ഒരിക്കൽകൂടി ആ കബറിനടുത്തേക്ക് ചെന്ന് മുട്ടുകുത്തി. ഞാൻ കരഞ്ഞില്ല. പ്രാർഥിച്ചില്ല. പക്ഷേ, അകത്തെങ്ങോ ആരോ എനിക്കുവേണ്ടി കരയുന്നതും പ്രാർഥിക്കുന്നതും ഞാൻ കേട്ടു.
തിരുനാൾ ദിനങ്ങൾ ഒഴികെ, ഇടയ്ക്കിടെ ഭരണങ്ങാനത്തു പോവുക ഞാൻ പതിവാക്കി. കബറിടത്തേക്കുള്ള കൽപ്പടവുകളിലിരുന്നാണ് ഹെലൻ കെല്ലറുടെ ‘തുറന്ന വാതിൽ’ എന്ന ആത്മകഥ പാതിയിലേറെ ഞാൻ പരിഭാഷപ്പെടുത്തിയത്. “ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു” എന്ന ക്രിസ്തുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ലേഖനം പൂർത്തീകരിച്ചതും അവിടെയിരുന്നാണ്.
ചിലതെല്ലാം വായിച്ചതും അവിടെയിരുന്നാണ് എന്നാണ് ഓർമ. എനിക്ക് അൽഫോൻസാമ്മ വിശ്വാസത്തിന്റെ ധ്യാനനിർഭരമായൊരു പൊരുളാണ്. തേടിച്ചെല്ലുംതോറും പിന്നെയുംപിന്നെയും ബാക്കിനിൽക്കുന്ന ഒന്ന്. മുന്നിലുള്ള വഴി കാണാനാകാത്തവിധം മനസുനിറയെ അന്ധകാരം നിറഞ്ഞുനിൽക്കുമ്പോഴും അവിടെ പ്രാർഥിച്ചു മടങ്ങുമ്പോൾ പ്രത്യാശയുടെ ഒരുവഴി വെയിൽചൂടി നിവർന്നുകിടക്കുന്നത് എനിക്കനുഭവപ്പെട്ടിട്ടുണ്ട്.
ആത്മവിചാരണയുടെകൂടി വഴിയാണതെന്ന് തിരിച്ചറിയുന്നിടത്താണ് ഞാൻ ആനന്ദം അനുഭവിക്കുന്നത്. ഇത് എഴുതിനിർത്തുമ്പോൾ മഴ തോർന്നു തുടങ്ങിയിട്ടുണ്ട്. മരച്ചില്ലകളിലൂടെ ഊർന്നുവരുന്ന വെളിച്ചത്തിന്റെ നൂലിഴകളിൽ ഒരമ്മമുഖം ഞാൻ വ്യക്തമായി കാണുന്നുണ്ട്. അത് അൽഫോൻസാമ്മയുടേതാണെന്ന് ആനന്ദാതിരേകത്തോടെ ഞാനറിയുന്നു.
National
ഭുവനേശ്വർ: ഒഡീഷയില്‍ കുഷ്ഠരോഗികൾക്കിടയിൽ സേവനം ചെയ്തിരുന്ന ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെഞ്ചു ഹാന്‍സ്ദ മാനസാന്തരപ്പെട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു.
കഴിഞ്ഞ ദിവസം ഒഡീഷയിൽ മാധ്യമപ്രവര്‍ത്തകനായ ദയാശങ്കർ മിശ്രയുമായി നടത്തിയ വീഡിയോ അഭിമുഖത്തിലാണ് ചെങ്കു താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കാര്യം വെളിപ്പെടുത്തിയത്. ആരുടെയെങ്കിലും പ്രേരണയിലോ സ്വാധീനത്തിലോ അല്ല താന്‍ ക്രിസ്തുമതം സ്വീകരിച്ചതെന്നും തന്റെ മനഃസാക്ഷിയുടെ തീരുമാനപ്രകാരമാണു ക്രിസ്ത്യാനിയായതെന്നും ചെഞ്ചു വ്യക്തമാക്കി. കുറ്റബോധത്താല്‍ നീറിക്കഴിഞ്ഞിരുന്ന താനിന്ന് മനഃസമാധാനവും സന്തോഷവും അനുഭവിക്കുന്നുണ്ടെന്നും അയാള്‍ പറഞ്ഞു.
“നിര്‍ദോഷിയായ ആ വിദേശിയെയും മക്കളെയും കൊന്നതിന്റെ പശ്ചാത്താപത്താല്‍ ഇക്കാലമത്രയും ഞാന്‍ വെന്തുരുകുകയായിരുന്നു. അറിവില്ലാത്ത കാലത്ത് സംഭവിച്ചുപോയതാണ്. എന്റെ ഏറ്റവും അടുത്ത ബന്ധുക്കളെല്ലാം നഷ്ടപ്പെട്ടു. ഭാര്യ ഏതാനും വര്‍ഷം മുമ്പ് മരിച്ചു. രണ്ട് സഹോദരിമാരും അടുത്ത ബന്ധുക്കളില്‍ ചിലരും പെട്ടെന്ന് ലോകത്തോടു വിട പറഞ്ഞു. ഈ മരണങ്ങള് എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. ഞാന്‍ മനഃസുഖം തേടി പോയ സ്ഥലങ്ങള്‍ നിരവധിയാണ്. എനിക്ക് എങ്ങുനിന്നും സമാധാനം കിട്ടിയില്ല. ഒടുവിൽ ഞാന്‍ ക്രിസ്തുവില്‍ രക്ഷതേടി അഭയം പ്രാപിച്ചു. ആരും എന്നെ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ എന്താണു ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ല. മനുഷ്യനെ ദ്രോഹിക്കുന്ന പണികളാണ് ചെയ്യുന്നത്. എന്റെ അന്തരാത്മാവിന്റെ പ്രേരണയാലാണു ക്രിസ്തുവിന്റെ മാര്‍ഗത്തിലേക്കു വന്നത് ”- ചെഞ്ചു അഭിമുഖത്തില്‍ പറഞ്ഞു.
തടവിൽ കഴിഞ്ഞ സമയത്ത് ഒരു വൈദികനും ചെങ്കുവിനെ ഉപദേശിച്ചില്ലെന്ന് കത്തോലിക്കാ വൈദികനായ ഫാ. അജയ് കുമാർ സിംഗ് പറഞ്ഞു. ഏതെങ്കിലും വൈദികന്റെയോ പാസ്റ്ററുടെയോ ഉപദേശത്തിലോ വാക്കുകളിലോ ആകൃഷ്ടനായിട്ടല്ല ചെഞ്ചു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ചെങ്കുവിന്റെ ഗ്രാമത്തില്‍ നിരവധി പേര് ക്രൈസ്തവ സഭകളില്‍ ചേര്‍ന്നിട്ടുണ്ട്.
വലിയതോതില്‍ ഒഡീഷയിലെ ദളിത്- ഗോത്രവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ക്രൈസ്തവർ പീഡനം അനുഭവിക്കുന്നുണ്ട്. ബിജെപി അധികാരത്തില്‍ വന്നശേഷം ക്രൈസ്തവ വേട്ടയാടല്‍ ഒരു പാട് വര്‍ധിച്ചിട്ടുണ്ടെന്നും ഫാ. അജയകുമാര്‍ പറഞ്ഞു.
അറസ്റ്റ് ചെയ്തത് 51 പേരെ
സംഭവത്തിൽ ആദ്യം 51 പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ വിചാരണയുടെ ആദ്യഘട്ടത്തിൽ ഇതിൽ 37 പേരെ കോടതി വെറുതെ വിട്ടു. മുഖ്യപ്രതി ദാരാസിംഗ്, മഹേന്ദ്ര ഹെംബ്രാം എന്നിവരുൾപ്പെടെ 14 പേരെയാണു വിചാരണക്കോടതി ശിക്ഷിച്ചത്. ഇതിൽ 11 പേരെ പിന്നീട് ഒഡീഷ ഹൈക്കോടതി കുറ്റവിമുക്തരാക്കി. 25 വർഷം ജയിൽശിക്ഷയനുഭവിച്ച ദാരാസിംഗിനെയും മഹേന്ദ്ര ഹെംബ്രാമിനെയും കഴിഞ്ഞ ഏപ്രിലിൽ ഒഡീഷ സർക്കാരിന്റെ ശിപാർശപ്രകാരം "സദ്സ്വഭാവം' കണക്കിലെടുത്ത് മോചിപ്പിച്ചിരുന്നു.
ലോകം ഞെട്ടിയ അരുംകൊല
1999 ജനുവരി 22ന് അര്‍ധരാത്രി വാഹനത്തില്‍ കിടന്നുറങ്ങിയ 58കാരനായ ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളായ പത്തുവയസുള്ള ഫിലിപ്പിനെയും ആറുവയസുകാരനായ തിമോത്തിയെയും കിയോഞ്ച്ഹാര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍ വച്ചാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ചുട്ടെരിച്ചത്. ദാരാസിംഗ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ നേതൃത്വത്തില്‍ നടന്ന ഹീനകൃത്യം ലോകത്തെയാകെ നടുക്കിയിരുന്നു. ദാരാസിംഗിനൊപ്പം കുറ്റകൃത്യത്തില്‍ പങ്കെടുത്ത പ്രതികളിലൊരാളായിരുന്നു അന്ന് പതിനാലുകാരനായ ചെഞ്ചു ഹാന്‍സ്ദ. ഒമ്പതു വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ തടവുശിക്ഷ അനുഭവിച്ചു. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഇയാള്‍ ഗോ സംരക്ഷക സേനാ തലവനും ഗുണ്ടാ നേതാവുമായിരുന്ന ദാരാ സിംഗിന്റെ അടുത്ത അനുയായിയായിരുന്നു.
ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്റ്റെയിന്‍സും കുടുംബവും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ കൊടുംക്രൂരത കാട്ടിയത്. ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡിസും മകള്‍ എസ്്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. മിഷനറിമാരുടെ രക്തം പതിഞ്ഞ ഈ പ്രദേശത്ത് സംഭവത്തിനുശേഷം നിരവധി പേര് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു.