കാന്‍ബെറ: ഐസിസി ട്വന്റി-20 ലോക റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ഇന്ത്യയും ഓസ്ട്രേലിയയുടെ തമ്മിലുള്ള ടോപ് ഫൈറ്റിന് ഇന്നാരംഭം. ഇന്ത്യ x ഓസ്ട്രേലിയ അഞ്ച് മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു കാന്‍ബറയില്‍. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.45 മുതലാണ് മത്സരം.
2026 ലോകകപ്പ് ഒരുക്കം
അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിലേക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് ഈ പരമ്പര. നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ, ഏഷ്യ കപ്പ് എതിരില്ലാതെ സ്വന്തമാക്കിയാണ് ഓസ്ട്രേലിയയില്‍ എത്തിയിരിക്കുന്നത്. 2024 ലോകകപ്പ് നേടിയശേഷം ഇതുവരെയായി വെറും മൂന്നു മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.
ബുംറ റിട്ടേണ്‍സ്
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പര 2-1നു പരാജയപ്പെട്ടശേഷമാണ് ഇന്ത്യ ട്വന്റി-20 പോരാട്ടത്തിന് ഇറങ്ങുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസ്പ്രീത് ബുംറ, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് തുടങ്ങിയവരുണ്ട്. ഏകദിന പരമ്പരയില്‍നിന്നു ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.
ഓസ്ട്രേലിയന്‍ സംഘത്തിലേക്ക് ജോഷ് ഇംഗ്ലിസ് മടങ്ങിയെത്തി എന്നതാണ് ശ്രദ്ധേയം. അതേസമയം, സ്പിന്നര്‍ ആദം സാംപ കുടുംബപരമായ കാരണങ്ങളാല്‍ ടീമിലില്ല.