തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പാർട്ടിയുടെ മന്ത്രിമാർ പങ്കെടുക്കില്ല.
ഇന്ന് ഓണ്‍ലൈന്‍ ആയി ചേര്‍ന്ന സിപിഐ സെക്രട്ടട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കഴിഞ്ഞദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ തീരുമാനംതന്നെയാണ് ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിലും ഉണ്ടായത്.
ചൊവ്വാഴ്ച രാവിലെ ആരംഭിച്ച സിപിഐ സെക്രട്ടേറിയറ്റ് യോഗം ഉച്ചവരെ നീണ്ടു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാരായ കെ. രാജന്, പി. പ്രസാദ്, ജി.ആര്. അനില്‍, ചിഞ്ചുറാണി എന്നിവര്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സെക്രട്ടേറിയേറ്റിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മടങ്ങി.
ബുധനാഴ്ച രാവിലെ പത്തിനായിരുന്നു മന്ത്രിസഭാ യോഗം നടക്കേണ്ടിയിരുന്നത്. എന്നാല്‍, അത് ഉച്ചകഴിഞ്ഞ് 3.30-ന് ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും സിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തി സമവായത്തിലെത്താനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ഇതെന്നാണ് സൂചന.
ധാരണാപത്രം റദ്ദാക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് തിങ്കളാഴ്ച സിപിഐ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടറിയിച്ചിരുന്നു. മുഖ്യമന്ത്രി മുന്നോട്ടുവെച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം തള്ളുകയും ചെയ്തിരുന്നു.