മുംബൈ: നടൻ സഞ്ജയ് ദത്തിനെിരെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉജ്വൽ നികം. 1993ൽ നടന്ന സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് ബന്ധമില്ലായിരുന്നെങ്കിലും ദുരന്തം ഒഴിവാക്കാനായി പോലീസിനെ സഹായിക്കാൻ അദ്ദേഹത്തിനാകുമായിരുന്നെന്ന് ഉജ്വൽ പറഞ്ഞു.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ്ക്കെതിരെ ഉജ്വൽ രംഗത്തെത്തിയത്. സഞ്ജയ് ദത്തിന് ആയുധങ്ങളോട് ഭ്രമമാണ്. ആ ഭ്രമമാണ് എകെ-56 റൈഫിൾ കൈവശം വയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും അത് അധോലോക നേതാവ് അബു സലേം നൽകിയതാണെന്നും ഉജ്വൽ പറഞ്ഞു.
‘‘മുംബൈ സ്ഫോടനത്തിന് മുന്പ് ഒരു വാഹനം നിറയെ ആയുധങ്ങളുമായി അബു സലേം അദ്ദേഹത്തിന്റെ അടുത്ത് എത്തിയിരുന്നു. സഞ്ജയ് അത് കാണുകയും ചെയ്തു. അതിൽനിന്ന് ഒരു തോക്ക് സഞ്ജയ് എടുത്തതിന് ശേഷം ബാക്കി ആയുധങ്ങളുമായാണ് അബു മടങ്ങിയത്.
സ്ഫോടനം നടക്കാൻ പോകുന്നു എന്ന വിവരം അദ്ദേഹത്തിനറിയില്ലായിരുന്നു. എന്നാൽ ആയുധങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിന് പോലീസിനെ വിവരം അറിയിക്കാമായിരുന്നു. ആയുധങ്ങൾ നിറഞ്ഞ ടെമ്പോയെക്കുറിച്ച് അദ്ദേഹം അപ്പോൾ തന്നെ വിവരം നൽകിയിരുന്നെങ്കിൽ പോലീസ് ആ വാഹനം പിന്തുടരുമായിരുന്നു. അവർ പ്രതിയെ പിടികൂടുകയും ചെയ്യുമായിരുന്നു. സ്ഫോടനത്തെ കുറിച്ച് അറിയില്ലെങ്കിലും ആയുധങ്ങളെക്കുറിച്ച് അറിയിച്ചാൽ ദുരന്തം ഒഴിവാക്കാമായിരുന്നു’’– ഉജ്വൽ പറഞ്ഞു.