Leader Page
രോഗികളെ രക്ഷിക്കാൻ പ്രതിജ്ഞയെടുത്ത കൈകളെ സമൂഹം ഭയപ്പെടുത്തി വിറപ്പിക്കുമ്പോൾ യഥാർഥത്തിൽ രോഗിയാകുന്നത് ആരാണ്? താമരശേരി താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടന്ന സംഭവം ഏതൊരു മനുഷ്യന്റെയും ഹൃദയം തകർക്കുന്നതാണ്.
പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടി മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളുടെ ദുഃഖവും രോഷവും നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണെങ്കിലും, ആ ദുഃഖം ഒരു ഡോക്ടറെ വടിവാളുപയോഗിച്ച് ആക്രമിക്കുന്നതിലേക്ക് എത്തിയെങ്കിൽ കേരളത്തിലെ സാഹചര്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. കൈയിൽ കരുതിയ വടിവാളുമായി ആശുപത്രിയിലേക്ക് കടന്നുവന്ന പിതാവ്, മുന്നിൽ കണ്ട ഒരു ഡോക്ടറുടെ തല ലക്ഷ്യമാക്കി വെട്ടി. തന്റെ മകളെ ചികിത്സിച്ച ഡോക്ടർ ആരാണെന്നുപോലും അയാൾ അന്വേഷിച്ചില്ല. കാരണം, അയാളുടെ കണ്ണിൽ അതൊരു വ്യക്തിക്കു നേരേയുള്ള ആക്രമണമായിരുന്നില്ല. ഒരു വ്യവസ്ഥാപിത സിസ്റ്റത്തെ അയാൾ ആക്രമിച്ചപ്പോൾ മുന്നിൽ കണ്ട ഒരാൾ ആ പകയുടെ ഇരയായി. ആ പിതാവിന്റെ കണ്ണിൽ ഡോക്ടർ മുഖമില്ലാത്ത, വെറും യൂണിഫോമിട്ട, താൻ കുറ്റപ്പെടുത്തുന്ന സിസ്റ്റത്തിന്റെ പ്രതിനിധി മാത്രമാണ്.
രോഗിയെ കേൾക്കുകയും മനസിലാക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിൽനിന്ന്, തന്റെ പ്രശ്നങ്ങൾക്കു നേരേ മുഖം തിരിക്കുന്ന ഒരു സംവിധാനത്തിന്റെ ഭാഗമായി ഡോക്ടർമാർ ചിത്രീകരിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ, അത് ഏത് ഡോക്ടറായാലും പ്രശ്നമല്ല, ആ വൈറ്റ് കോട്ട് തന്നെയാണ് ശത്രു. ഈ ചിന്താഗതിയാണ് ഒരു നിരപരാധിയുടെ തലയിൽ വടിവാൾ വീഴാൻ കാരണമായത്. ഡോക്ടർ-രോഗി ബന്ധം തകർന്നു തരിപ്പണമാകുമ്പോൾ സംഭവിക്കുന്ന അങ്ങേയറ്റത്തെ ഒരു സാമൂഹിക മനോരോഗത്തിന്റെ ലക്ഷണമാണ് താമരശേരിയിൽ കണ്ടത്. ഈ സംഭവം കേരളത്തിൽ ഒറ്റപ്പെട്ടതല്ല. ഡോക്ടർ വന്ദന ഇത്തരം ആക്രമണത്തിന് ഇരയായി മരണപ്പെട്ടിട്ട് അധികനാളായിട്ടില്ല. കേരളത്തിന്റെ ആരോഗ്യരംഗത്ത് ആഴത്തിൽ വേരൂന്നുന്ന അപകടകരമായ പ്രവണതയുടെ, ഒരു സാമൂഹിക രോഗത്തിന്റെ, ഏറ്റവും പുതിയ ഉദാഹരണം മാത്രമാണിത്.
ഒറ്റപ്പെട്ട സംഭവമല്ല
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് പറയാൻ കാരണങ്ങളുണ്ട്. ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്ന ഓൺലൈൻ വാർത്തകളുടെ താഴെ സമൂഹമാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങളാണത്. “അവനത് കിട്ടേണ്ടത് തന്നെ”, “ഒരെണ്ണം കിട്ടിയത് നന്നായി, എന്നാലേ പഠിക്കൂ”, “ഇങ്ങനെയല്ലാതെ ഇവരെങ്ങനെ നേരെയാകാനാണ്” എന്നിങ്ങനെയുള്ള ആഹ്ലാദപ്രകടനങ്ങൾ കാണുമ്പോൾ ആ പിതാവിന്റെ കൈയിലെ വടിവാൾ ഒറ്റപ്പെട്ട ആയുധമല്ലെന്ന് നമുക്കു മനസിലാകും. അത് സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന്റെ ഉള്ളിൽ വളരുന്ന വിഷലിപ്തമായ ചിന്തകളുടെ ഭൗതികമായ രൂപം മാത്രമാണ്. ഡോക്ടർമാർ അർഹിക്കുന്ന ശിക്ഷയാണ് ഈ അക്രമം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ഓരോ അഭിപ്രായവും വിളിച്ചുപറയുന്നത്, ഈ അക്രമം ഒരു വ്യക്തിയുടെ നിരാശയിൽനിന്നോ വേദനയിൽനിന്നോ മാത്രമല്ല, ആരോഗ്യരംഗത്തോടുള്ള ആഴത്തിൽ വേരൂന്നിയ അവിശ്വാസത്തിൽനിന്നും വെറുപ്പിൽനിന്നുമാണ് ഊർജം ഉൾക്കൊള്ളുന്നത് എന്നാണ്. ഇത് സമൂഹത്തിന്റെ വികലമായ ഒരു മനോഭാവമാണ്.
തകരുന്ന വിശ്വാസവും ബന്ധവും
രോഗിയുടെ അവസ്ഥ മോശമാകുമ്പോഴോ മരണം സംഭവിക്കുമ്പോഴോ അക്രമാസക്തമാകുന്ന ബന്ധുക്കളുടെ വികാരവിക്ഷോഭങ്ങൾക്ക് പ്രധാനമായും ഇരകളാകുന്നത് തങ്ങളുടെ കഴിവിന്റെ പരമാവധി രോഗിയെ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമാണ്. സർക്കാർ ആശുപത്രികളിലെ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽനിന്ന് അമിതഭാരവും മാനസിക സമ്മർദവും അനുഭവിച്ച് ജോലി ചെയ്യുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. പൊതുജനങ്ങളുടെ നിരാശയും ദേഷ്യവും തീർക്കാനുള്ള ‘പഞ്ചിംഗ് ബാഗുകൾ’ അല്ല ആരോഗ്യപ്രവർത്തകർ. ഈ പ്രശ്നത്തിന്റെ കാതൽ കേവലം ഒരു നിമിഷത്തെ പ്രകോപനമല്ല, മറിച്ച് വർഷങ്ങളായി ഡോക്ടറും രോഗിയും തമ്മിലുള്ള പവിത്രമായ ബന്ധത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്തകർച്ചയാണ്.
യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ
എന്താണ് യഥാർഥത്തിൽ ഡോക്ടർ-രോഗി ബന്ധം? അത് കേവലം ഒരു സേവനദാതാവും ഉപഭോക്താവും തമ്മിലുള്ള ഇടപാടല്ല. പരസ്പരവിശ്വാസത്തിലും ബഹുമാനത്തിലും സഹാനുഭൂതിയിലും അധിഷ്ഠിതമായ ഒരു പങ്കാളിത്തമാണത്. രോഗി തന്റെ വേദനയും ശരീരത്തിന്റെ രഹസ്യങ്ങളും ഡോക്ടർക്ക് മുന്നിൽ തുറന്നുവയ്ക്കുന്നു; ഡോക്ടർ തന്റെ അറിവും കഴിവും ഉപയോഗിച്ച് ആ വേദനയ്ക്ക് ശമനം കണ്ടെത്താൻ ശ്രമിക്കുന്നു. ഈ ബന്ധത്തിന്റെ ആണിക്കല്ല് വിശ്വാസമാണ്. എന്നാൽ, ഇന്ന് ഈ വിശ്വാസത്തിനാണ് ഏറ്റവും വലിയ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകളാണ്. വൈദ്യശാസ്ത്രം സർവജ്ഞാനമുള്ള ഒന്നല്ലെന്നും അതിന് അതിന്റേതായ പരിമിതികളുണ്ടെന്നുമുള്ള അടിസ്ഥാനസത്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
താമരശേരിയിൽ സംഭവിച്ച ദുരന്തത്തിലേക്ക് നയിച്ച ‘പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ്’ എന്ന രോഗംതന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ‘നേഗ്ലേറിയ ഫൗളറി’ എന്ന അമീബ തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം ബാധിച്ചാൽ മരണസാധ്യത 97 ശതമാനത്തിനു മുകളിലാണ്.
അമേരിക്കപോലെ ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങളുള്ള രാജ്യങ്ങളിൽപോലും വിരലിലെണ്ണാവുന്നവർ മാത്രമാണ് ഈ രോഗത്തെ അതിജീവിച്ചിട്ടുള്ളത്. അതായത്, ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടർ ഏറ്റവും മികച്ച ആശുപത്രിയിൽ ചികിത്സിച്ചാലും ഫലം നിരാശാജനകമാകാൻ സാധ്യതയുള്ള ഒരസുഖമാണിത്. ഈ ശാസ്ത്രീയ യാഥാർഥ്യം മനസിലാക്കാതെ, എല്ലാ മരണങ്ങളെയും ചികിത്സാപ്പിഴവായി വ്യാഖ്യാനിക്കുന്ന പ്രവണത അപകടകരമാണ്.
ഇന്റർനെറ്റിൽനിന്ന് ലഭിക്കുന്ന അപൂർണമായ വിവരങ്ങൾ ഈ തെറ്റിദ്ധാരണകൾക്ക് ആക്കം കൂട്ടുന്നു. ‘ഗൂഗിളിൽ’ വായിച്ച അത്ഭുതരോഗശാന്തിയുടെ കഥകൾ വിശ്വസിച്ച്, യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകളുമായി ഡോക്ടറെ സമീപിക്കുകയും ഫലം മറിച്ചാകുമ്പോൾ ഡോക്ടറെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഈ ബന്ധത്തിലെ വിള്ളലുകൾ വലുതാക്കുകയേയുള്ളൂ.
(തുടരും)
Leader Page
ലോകരക്ഷകനായ ഈശോമിശിഹായുടെ തിരുജനനത്തിന്റെ 2025-ാം വാർഷികമായ ഈ വർഷം ജൂബിലിവത്സരമായി തിരുസഭ കൊണ്ടാടുകയാണ്. ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും അവിടത്തെ കാരുണ്യം യാചിക്കാനും അതിലുപരി, മിശിഹായുടെ സുവിശേഷത്തിന് ലോകമെങ്ങും കൂടുതൽ തീക്ഷ്ണതയോടെ സാക്ഷ്യം നൽകാനുമാണ് സഭ ഇങ്ങനെയൊരു ആചരണം ഓരോ 25 വർഷം കൂടുമ്പോഴും നടത്തുന്നത്. ചില അവസരങ്ങളിൽ അസാധാരണ ജൂബിലി വർഷങ്ങളും മാർപാപ്പമാർ പ്രഖ്യാപിക്കാറുണ്ട്. ഒരു ജീവിതായുസിൽ മൂന്നോ നാലോ ജൂബിലി ആചരണങ്ങൾക്ക ു മാത്രമേ പലർക്കും ഭാഗ്യം ലഭിക്കാറുള്ളൂ.
1904 ജൂലൈ 17ന് പ്രവിത്താനത്ത് ഭൂജാതനായ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന് 65 വയസ് മാത്രമുള്ള തന്റെ ജീവിതയാത്രയിൽ മേൽപ്പറഞ്ഞവിധമുള്ള മൂന്ന് ജൂബിലി ആഘോഷങ്ങളിൽ പങ്കുകൊള്ളാനുള്ള ഭാഗ്യമുണ്ടായി. ആദ്യത്തേത് 1925ൽ കോളജ് വിദ്യാർഥിയായിരിക്കെ ചങ്ങനാശേരിയിലും തിരുവനന്തപുരത്തും പഠിക്കുന്ന വേളയിലാണ്. ജൂബിലിവർഷമായ 1925ൽ, ബർക്കുമാൻസ് കോളജിലെ പഠനം പൂർത്തിയായതോടെ ഡിഗ്രി പഠനത്തിന് തിരുവനന്തപുരം മഹാരാജാസിലാണ് ചേർന്നത്. കുര്യാളശേരി പിതാവിന്റെ നിർദേശപ്രകാരം പാങ്ങോട് കർമലീത്താ വൈദികർ നടത്തുന്ന ഹോസ്റ്റലിലായിരുന്നു താമസം.
മിശിഹായുടെ മരണത്തിന്റെ 1900-ാം വാർഷികമായ 1933-ാമാണ്ടിൽ അസാധാരണ ജൂബിലിവർഷം പീയൂസ് 11-ാമൻ മാർപാപ്പ പ്രഖ്യാപിക്കുകയുണ്ടായി. ആ ജൂബിലിവത്സരത്തിൽ മാത്യു കാവുകാട്ട് മംഗലപ്പുഴ സെമിനാരിയിൽ പഠിക്കുകയായിരുന്നു. അക്കാലഘട്ടത്തിൽ, ‘വൈദികവിളിയുടെ വെല്ലുവിളികൾ’ എന്ന വിഷയത്തെ അധികരിച്ച് ഒരു പ്രസംഗം അദ്ദേഹം നടത്തി. അതിൽ അദ്ദേഹം അന്നുപയോഗിച്ച ഒരു ഇറ്റാലിയൻ വാക്ക്- aggiornamento, അധുനാധുനീകരണം - പിന്നീട് മുപ്പതു വർഷങ്ങൾക്കുശേഷം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആപ്തവാക്യമായി മാറുകയുണ്ടായി. ഈ പ്രസംഗം ആ വർഷത്തെ സെമിനാരി മാഗസിനിൽ അപ്പാടെ അച്ചടിച്ചുവരുകയും ചെയ്തു.
മാർ മാത്യു കാവുകാട്ടിന്റെ മൂന്നാമത്തെ ജൂബിലിയാചരണം സംഭവബഹുലമായിരുന്നു. ജൂബിലിവർഷമായ 1950 ജൂലൈ മൂന്നിനു കൂടിയ സമ്മേളനത്തിലാണ് പൗരസ്ത്യ തിരുസംഘം ചങ്ങനാശേരി രൂപതയുടെ മെത്രാനായി മാർ മാത്യു കാവുകാട്ടിനെ നിയമിക്കാനായി മാർപാപ്പയോട് ശിപാർശചെയ്തത്. ഓഗസ്റ്റ് ഏഴിന് മെത്രാൻ നിയമനത്തിന് സമ്മതം ചോദിച്ചുകൊണ്ടുള്ള രഹസ്യകത്ത് കാവുകാട്ടച്ചനു ലഭിച്ചു. അന്നത്തെ സംഭവങ്ങൾ പിതാവ് തന്റെ ഡയറിയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
“രാവിലെ 11 മണിക്ക് കരിക്കംപള്ളിയച്ചൻ എന്റെ മുറിയിലെത്തി, സീലുവച്ച ഒരു കത്ത് നൽകി, എന്റെ കൈമുത്തി. ‘Domine non sum dignus’ (കർത്താവേ, ഞാൻ അയോഗ്യനാണ്) എന്നു പറഞ്ഞ് ഞാൻ ആ കത്തു വാങ്ങി. നേരേ ചാപ്പലിൽ പോയി കത്ത് സക്രാരിക്കു മുമ്പിൽ ബലിപീഠത്തിൽ വച്ച് ഞാൻ പ്രാർഥിച്ചു. പരിശുദ്ധ കന്യകമറിയത്തിന്റെയും യൗസേപ്പിതാവിന്റെയും അൾത്താരകളുടെ മുമ്പിൽ പോയി ഓരോ ചെറിയ ജപം ഉരുവിട്ടു. പിന്നീട് എന്റെ മുറിയിലേക്കു തിരിച്ചുപോന്നു. കുരിശുരൂപത്തിന്റെ മുമ്പിൽ മുട്ടുകുത്തി.
കത്തുതുറന്ന് അതിന്റെ ഉള്ളടക്കം വായിച്ചു. ഡൽഹിയിലെ നുൻഷ്യേച്ചറിൽനിന്നുള്ള അറിയിപ്പാണ്. മാർപാപ്പ എന്നെ ചങ്ങനാശേരി രൂപതയുടെ മെത്രാനായി നിയമിച്ചിരിക്കുന്നു എന്ന്. അത്ര ഉന്നതവും ശ്രേഷ്ഠവുമായ ഈ ഉദ്യോഗത്തിൽനിന്നു തീർത്തും അയോഗ്യനായ എന്നെ ഒഴിവാക്കണമെന്ന് എത്ര തീക്ഷ്ണതയോടെയാണ് ഞാൻ പ്രാർഥിച്ചത്! കത്തു വായിച്ച് കുറച്ചുനേരം ചിന്തിച്ചിരുന്നതിനുശേഷം ഈ സ്ഥാനത്തുനിന്ന് എന്നെ ഒഴിവാക്കണമെന്ന് മാർപാപ്പയോടു ശിപാർശ ചെയ്യാൻ നുൻഷ്യേച്ചറിലേക്ക് ഒരു കത്തുകൂടി അയയ്ക്കാൻ ഞാൻ തീരുമാനിച്ചു.”
മെത്രാൻനിയമനം ചങ്ങനാശേരിയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത് വീണ്ടും ഒരുമാസം കഴിഞ്ഞ് സെപ്റ്റംബർ ഏഴിനാണ്. രൂപതാ അഡ്മിനിസ്ട്രേറ്റർ മോൺ. ജേക്കബ് കല്ലറയ്ക്കലിന്റെ നേതൃത്വത്തിൽ നിയുക്ത മെത്രാനെ ബർക്കുമാൻസ് കോളജിൽനിന്നു മെത്രാപ്പോലീത്തൻ ദേവാലയത്തിലേക്കും തുടർന്ന് അരമനയിലേക്കും വമ്പിച്ച ജനാവലിയുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. ജൂബിലിവർഷമായതിനാൽ മെത്രാഭിഷേകം റോമിൽ നടത്താനും തീരുമാനമായി.
നിയുക്ത മെത്രാന്മാരായ കാവുകാട്ടച്ചനും വയലിലച്ചനും ഒരു പ്രതിനിധിസംഘത്തോടൊപ്പം ഒക്ടോബർ 25ന് റോമിലേക്ക് തിരിച്ചു. റോമിലെത്തിയ ഉടൻ അവർക്കൊരു അസാധാരണ സംഭവത്തിന് ദൃക്സാക്ഷികളാകാനായി. ആ ജൂബിലിവർഷം നവംബർ ഒന്നിനാണ് മാതാവിന്റെ സ്വർഗാരോപണം ഒരു വിശ്വാസസത്യമായി പീയൂസ് 12-ാമൻ മാർപാപ്പ പ്രഖ്യാപിച്ചത്. ആ തിരുക്കർമങ്ങളിൽ ആദ്യാവസാനം അവർ പങ്കെടുത്തു.
നവംബർ ഒമ്പതിനായിരുന്നു മെത്രാഭിഷേകം. ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ നാമധേയത്തിലുള്ള ബസിലിക്കയിലാണ് കർമങ്ങൾ നടന്നത്. നിഷ്പാദുക കർമലീത്താ സഭയുടെ കേന്ദ്രഭവനം അവിടെയായിരുന്നു. പൗരസ്ത്യ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ടിസറാങ്ങാണ് മെത്രാഭിഷേകത്തിന് മുഖ്യകാർമികത്വം വഹിച്ചത്. കോട്ടയം രൂപതാ മെത്രാൻ മാർ തോമസ് തറയിലും കൊല്ലം രൂപതാ മെത്രാൻ ഡോ. ജെറോം ഫെർണാണ്ടസും സഹകാർമികരായി.
മേല്പ്പട്ടദിനത്തിൽ മനസിലുയർന്ന വികാരങ്ങൾ കാവുകാട്ടുപിതാവ് തന്റെ ഡയറിയിൽ കുറിച്ചത് ഇങ്ങനെയാണ്: “എന്റെ ജീവിതത്തിലെ ഏറ്റം പ്രധാനപ്പെട്ട ദിവസം. സഭയിലെ രാജകുമാരൻ എന്ന സമുന്നത സ്ഥാനത്തേക്ക് ഞാൻ ഉയർത്തപ്പെടുന്നു. ഇത്ര വലിയ സ്ഥാനത്തിന് ഞാനെത്രയോ അയോഗ്യനാണ്. പാപിയായ എന്നോട് ദൈവം എത്രത്തോളം കരുണയാണ് കാട്ടുന്നത്. ഞാനൊരു വലിയ പാപിയാണന്ന് കർത്താവേ, ഞാനേറ്റുപറയുന്നു. എന്നിട്ടും നീ എന്നെ ഈ ഉന്നതസ്ഥാനത്തേക്ക് വിളിച്ചു. ഇതെന്റെ വലിയ വിശുദ്ധീകരണത്തിനും രക്ഷയ്ക്കുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.”
ചങ്ങനാശേരിയിൽനിന്നു വന്ന എല്ലാവർക്കും നവംബർ 14ന് പീയൂസ് 12-ാമൻ മാർപാപ്പയെ വ്യക്തിഗതമായി കാണാനുള്ള അവസരം ലഭിച്ചു. തുടർന്ന് ഒരുമാസം ഇറ്റലിയിലും യൂറോപ്പിലുമുള്ള പ്രധാന തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചതിനുശേഷം ഡിസംബർ 18ന് പിതാക്കന്മാർ ചങ്ങനാശേരിയിൽ തിരിച്ചെത്തി.
മറക്കാനാവാത്ത ഓർമകൾ അവശേഷിപ്പിച്ചാണ് 1950ലെ ജൂബിലിവർഷം കടന്നുപോയത്. മറ്റൊരു ജൂബിലിയാഘോഷം കൂടാനാവാതെ കാവുകാട്ടുപിതാവ് 1969 ഒക്ടോബർ ഒമ്പതിന് ദൈവകാരുണ്യത്തിൽ വിലയം പ്രാപിച്ചു. ആ പുണ്യാത്മാവിന്റെ ശ്രാദ്ധം ആചരിക്കുന്ന ഈ ജൂബിലിവർഷം നമുക്കും ദൈവാനുഗ്രഹത്തിന്റെ വത്സരമായി ഭവിക്കട്ടെ.
(കാവുകാട്ടുപിതാവിന്റെ നാമകരണ നടപടിയുടെ പോസ്റ്റുലേറ്ററാണ് ലേഖകൻ)
Leader Page
ഒരിക്കൽ നെൽസൺ മണ്ടേല പറയുകയുണ്ടായി "ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാഭ്യാസമാണ്'. അദ്ദേഹത്തിന്റെ വാക്കുകൾ അടിവരയിട്ടുകൊണ്ട് നമുക്ക് പറയാൻ സാധിക്കും വിദ്യാഭാസത്തിന്റെ ശക്തി ക്രിയാത്മകവും ചാലനാത്മകവുമായ മൂല്യബോധമുള്ള ഒരു ലോകത്തെ സൃഷ്ടിക്കാൻ പര്യാപ്തമാണെന്ന്. കുട്ടികളുടെ വിദ്യാഭ്യാസം എവിടെനിന്ന് തുടങ്ങണം, ആരു തുടങ്ങണം എന്നുള്ളത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്.
ആത്യന്തികമായി ഒരു കുട്ടിയെ വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കുക എന്നുള്ള കർത്തവ്യം ഓരോ സമൂഹത്തിലും നിക്ഷിപ്തമായിരിക്കുന്നു. കുട്ടികളുടെ അറിവിന്റെ തുടക്കം സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിൽ നിന്ന്, അതായതു മാതാപിതാക്കളിൽനിന്ന് തുടങ്ങണമെന്നർഥം. വിദ്യാഭ്യാസത്തിലൂടെ മക്കളുടെ ഭാവി നിർണയിക്കുന്നതിന് രക്ഷിതാക്കൾക്കുള്ള പങ്ക് നിർണായകമാണ്.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കാം
കേൾക്കുമ്പോൾ ലളിതമെന്നു തോന്നാമെങ്കിലും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ചില മാതാപിതാക്കളെങ്കിലും ചിന്തിക്കുന്നത് കുട്ടികളുടെ പഠന നിലവാരം ഉറപ്പാക്കേണ്ടത് അധ്യാപകരുടെ മാത്രം കടമയാണെന്നാണ്. യാഥാർഥ്യം മറിച്ചാണ് . കുട്ടികളുടെ ആദ്യത്തെ അധ്യാപകർ മാതാപിതാക്കളാണ്. അവർ ആദ്യം പാഠമാക്കുന്നത് രക്ഷിതാക്കളുടെ ജീവിതവും ശൈലികളുമാണ്.
അതുകൊണ്ട് ചെറുപ്പം മുതൽത്തന്നെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും കളിചിരികളിലൂടെ അവരെ കൊച്ചു കൊച്ചു കാര്യങ്ങൾ പഠിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് സഹായിക്കും. ഭാവി ജീവിതത്തിൽ വിജയം കൈവരിക്കാൻ മാതാപിതാക്കളുടെ ഇത്തരം പിന്തുണ കുട്ടികൾക്ക് ഊർജം പകരും. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് അവരോടൊപ്പം സമയം ചെലവഴിക്കേണ്ടത് അത്യന്താപേക്ഷിക്കമാണ്.
അധ്യാപകരുമായി നല്ല ബന്ധം നിലനിർത്താം
വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അവരുടെ ചുറ്റുപാടുകൾക്ക് പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. തുടക്കത്തിൽ മാതാപിതാക്കളും പിന്നീട് അധ്യാപകരും ചേർന്ന ഒരു ചുറ്റുപാടിന്റെ പ്രയോജനകരമായ ഉപയോഗപ്പെടുത്തലാണ് കുട്ടികളുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും ആദരമായിരിക്കുന്നത്. മക്കളുടെ സ്കൂൾ കാലഘട്ടത്തിന്റെ തുടക്കത്തിൽതന്നെ അവരുടെ അധ്യാപകരുമായി ഒരു മികച്ച ബന്ധം സ്ഥാപിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
വർഷത്തിൽ ചുരുങ്ങിയത് രണ്ടോ മൂന്നോ തവണ കുട്ടികളുടെ സ്കൂൾ സന്ദർശിച്ച് അധ്യാപകരുമായി കുട്ടികളുടെ കഴിവുകളെ സംബന്ധിച്ചും അതുപോലെ വ്യക്തിത്വവികാസത്തെകുറിച്ചും മറ്റും മനസിലാക്കേണ്ടതാണ്. പേരന്റ്സ് ടീച്ചർ മീറ്റിംഗുകൾ പോലെയുള്ള അവസരങ്ങൾ ഇത്തരം ആശയവിനിമയങ്ങൾക്കായി തീർച്ചയായും ഉപയോഗിക്കേണ്ടതാണ്. ഈ കാലഘട്ടത്തിൽ ഓൺലൈൻ ആശയവിനിമയ സംവിധാനങ്ങൾ അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം അയാസരഹിതമാക്കിയിട്ടുണ്ട്.
സർവതോമുഖമായ വളർച്ചയാണ് പഠനത്തിലൂടെ ലക്ഷ്യമിടേണ്ടത്. കേവലം പരീക്ഷയും മാർക്ക്ഷീറ്റും പിന്നെ ഒരു ജോലി നേടുവാനും മാത്രമുള്ളതല്ല വിദ്യാഭ്യാസം എന്നും മാത്സാരാധിഷ്ഠിത ലോകത്തിൽ വിജയിക്കാൻ പ്രാപ്തമായ സവിശേഷ ഗുണങ്ങൾ വാർത്തെടുക്കാനും മാനവിക മൂല്യങ്ങൾ നിലനിർത്താനും കുട്ടികളെ പ്രാപ്തമാക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായിരിക്കേണ്ടത്.
മാതാപിതാക്കളും അധ്യാപകരും ചേർന്ന കൂട്ടായ പ്രവർത്തനം കുട്ടികൾ നേരിടുന്ന പല പ്രശ്നങ്ങളെയും തടയാനും പരിഹരിക്കാനും അതുവഴി പഠനനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ടെക് അഡിക്ഷൻ, ഡ്രഗ് അഡിക്ഷൻ, അമിതമായ ഉത്കണ്ഠ, ആരോഗ്യകരമല്ലാത്ത സൗഹൃദങ്ങൾ തുടങ്ങി കുട്ടികൾ നേരിടുന്ന പലവിധ പ്രശ്നങ്ങൾക്കും മാതാപിതാക്കളുടെയും അധ്യാപകരുടെയും യോജിപ്പ് സഹായിക്കുമെന്നതിൽ സംശയമില്ല.
കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാം, ലക്ഷ്യബോധം വളർത്താം
കുട്ടികളുടെ അഭിരുചി (Aptitude) കണ്ടെത്തി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രാഥമികമായി മാതാപിതാക്കളുടെ കർത്തവ്യമാണ്. അഭിരുചി മനസിലാക്കുക, അതിനെ പരിപോഷിപ്പിക്കാനുതകുന്ന മനോഭാവം (attitude) വളർത്തിയെടുക്കുക എന്നുള്ളത് കുട്ടികളുടെ ലക്ഷ്യബോധം നിർണയിക്കുന്നതിൽ പ്രധാനഘടകമാണ്. ഒരുപക്ഷേ മാതാപിതാക്കൾക്ക് ഇക്കാര്യങ്ങൾ ചെയ്യുന്നതിൽ പരിമിതി ഉണ്ടാകാമെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾക്കു തുടക്കം കുറിക്കാൻ അവർക്കു കഴിയും.
പിന്നീട് അധ്യാപകരുടെയും വിദഗ്ധരുടെയും സഹായം തേടാവുന്നതാണ്. പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസവിദഗ്ധനായ സ്റ്റീഫൻ ആർ.കോവെ വ്യക്തികളുടെ ലക്ഷ്യം നിശ്ചയിക്കുന്നതിനെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. "ലക്ഷ്യം നിശ്ചയിക്കുമ്പോൾ തന്നെ അതിൽ നിങ്ങൾക്കു പരമാവധി എത്തിപ്പെടാൻ കഴിയുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുക ".(Begin with an end in mind) എന്നാണ് അദ്ദേഹം പറഞ്ഞത്.
ദീർഘവീക്ഷണത്തോടു കൂടിയ ലക്ഷ്യങ്ങളാണ് നാം നിശ്ചയിക്കേണ്ടതെന്ന് സാരം. ഇത്തരം ലക്ഷ്യങ്ങൾ നിശ്ചയിക്കാനും അതിനെ വളർത്തിയെടുക്കാനും മാതാപിതാക്കൾക്ക് കുട്ടികളിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം ചെറുതൊന്നുമല്ല. മാതാപിതാക്കൾ പകർന്നു നൽകുന്ന അച്ചടക്കം, ആത്മീയത, സ്ഥിരോത്സാഹം, പരസ്പരബഹുമാനം, പൗരബോധം, മാറ്റങ്ങൾ ഉൾകൊള്ളാനുള്ള കഴിവ്, അനുകമ്പ തുടങ്ങിയ ഗുണങ്ങൾ കുട്ടികളെ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കും.
താരതമ്യം അരുത്, കഴിവുകൾ അദ്വിതീയമാണ്
രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്തു വിലയിരുത്തൽ നടത്തുന്നത് അർഥശൂന്യമാണ്. ഓരോ വ്യക്തിയുടെയും കഴിവുകൾ അദ്വിതീയമാണ് അഥവാ ഓരോ കുട്ടിയും സവിശേഷ ഗുണഗങ്ങൾ ഉള്ളവരായിരിക്കും. അതുകൊണ്ട് അത്തരം ഗുണങ്ങൾ പരിപോഷിപ്പിക്കേണ്ടതാണ്. അനാവശ്യമായ താരതമ്യപ്പെടുത്തലുകൾ സവിശേഷ ഗുണങ്ങളെ നശിപ്പിക്കുമെന്ന് മാത്രമല്ല വിപരീത ഫലം ഉളവാക്കുകയും ചെയ്യും.
അസൂയ, പ്രതികാരബുദ്ധി, ലക്ഷ്യബോധമില്ലായ്മ, അപകർഷബോധം തുടങ്ങിയ പ്രോത്സാഹജനകമല്ലാത്ത സ്വഭാവങ്ങൾ കുട്ടികളിൽ വളരാൻ ഇത്തരം സാഹചര്യങ്ങൾ ഇടയാക്കും. കുട്ടികളുടെ താത്പര്യങ്ങൾ, കഴിവുകൾ, സവിശേഷതകൾ, ആഗ്രഹങ്ങൾ എന്നിവ പരിഗണിക്കാതെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വിലയിരുത്തുമ്പോഴാണ് ഇത്തരം അനാരോഗ്യകരമായ താരതമ്യം ഉണ്ടാകുന്നത്. ഇത് കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാൻ വളരെയധികം സാധ്യതയുണ്ട്.
മക്കളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. ഏബ്രഹാം ലിങ്കൺ തന്റെ മകന്റെ സ്കൂൾ അധ്യാപകന് അയച്ച കത്ത് വളരെ പ്രസിദ്ധമാണ്. ആ കത്തിലെ പ്രതിപദ്യ വിഷയം തന്റെ മകനെ എന്തെല്ലാം കാര്യങ്ങൾ എങ്ങനെയെല്ലാം പഠിപ്പിക്കണമെന്നാണ്. വിശ്വാസം, സ്നേഹം, ധൈര്യം എന്നീ മൂന്നു പ്രധാനപ്പെട്ട ഗുണങ്ങളിലൂന്നിയ വിദ്യാഭ്യാസമാണ് അവനു ലഭിക്കേണ്ടതെന്ന് ലിങ്കൺ ദീർഘവീക്ഷണത്തോടെ ആ കത്തിൽ പറയുന്നുണ്ട്.
ആധുനിക ലോകത്തും ഈ ആശയങ്ങൾ വളരെ പ്രസക്തമാണ്. നമ്മുടെ കുട്ടികൾ നന്മകൾ ഉള്ളവരായി വളരട്ടെ, ഉത്തരവാദിത്വബോധമുള്ളവരായി വളർന്ന് ലക്ഷ്യം നേടട്ടെ. ധൈര്യത്തോടെ നീതിക്കു വേണ്ടി നിലനിൽക്കുന്നവരായി ഉയരട്ടെ, വെല്ലുവിളികൾ നേരിട്ട് വിജയം കൈവരിക്കാൻ പ്രാപ്തരാകട്ടെ. ദീർഘവീക്ഷണത്തോടെയുള്ള മാതാപിതാക്കളുടെ പിന്തുണ അതിൽ നിർണായക പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല.
(കരിയർ കൺസൾട്ടന്റും ലീഡർഷിപ് കോച്ചും എഐ എഡ്യൂക്കേറ്ററുമാണ് ലേഖകൻ)
Leader Page
നേരം പുലർന്നിട്ടില്ല. കൈയിലെ റാന്തൽ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ദൂരെ ദേവാലയം... മുറ്റത്തുകൂടെ ആരോ സാവധാനം നീങ്ങുന്നത് കാണാം. അടുത്തു ചെന്നാൽ തിരിച്ചറിയാം ഒരു വൈദികനാണ്. ക്രിസ്തുവിന്റെ പീഡാസഹനമരണ വഴികളിലൂടെ ധ്യാനപൂർവം നടന്നു നീങ്ങുന്നു. തൊട്ടടുത്തുനിന്ന് നോക്കിയാൽ മാത്രം കാണാം, പാതിയടഞ്ഞ മിഴികളോടെ അന്ന് ഗാഗുൽത്തായിലേക്ക് കുരിശുമായി നീങ്ങിയ ഒരു 33 വയസുകാരൻ യുവാവിനോടൊപ്പം സഞ്ചരിക്കുകയാണെന്ന... അപ്പോൾ ക്രിസ്തു അയാൾക്ക് തന്റെ ഹൃദയ രഹസ്യം കൈമാറിക്കൊണ്ടിരുന്നു “ഗാഗുൽത്തായിലെ കുരിശിൽ മുറിക്കപ്പെടുന്ന അപ്പത്തിന്റെ” രഹസ്യമായിരുന്നു അത്. അപ്പോൾ നേരം പുലർന്നിരുന്നു. സമയം ആറുമണി. വിശുദ്ധ കുർബാനയ്ക്കുള്ള ദേവാലയമണി മുഴങ്ങുന്നു. തുറക്കപ്പെട്ട കണ്ണുകളോടെ അദ്ദേഹം ദേവാലയത്തിലെ ബലിപീഠത്തിലേക്ക്. അൾത്താരയിൽ മുറിക്കപ്പെടുന്ന അപ്പത്തിന്റെ രഹസ്യം അറിഞ്ഞ ക്രിസ്തുവിന്റെ പുരോഹിതൻ.
1876 ഓഗസ്റ്റ് എട്ടിന് എറണാകുളം അതിരൂപതയിൽ തേവരയ്ക്കടുത്ത് കോന്തുരുത്തിയിൽ ജനിച്ച ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചന്റേത് ദിവ്യകാരുണ്യപ്രദക്ഷിണംപോലെ ഒരു ജീവിതമായിരുന്നു. അപ്പത്തിലെ യേശുവിലേക്കും അവിടെനിന്ന് അഗതിയിലെ യേശുവിലേക്കും നിരന്തരം യാത്ര ചെയ്ത് 1929 ഒക്ടോബർ അഞ്ചിന് സ്വർഗത്തിലെ വീട്ടിലേക്ക് അദ്ദേഹം യാത്രയായി. 53 വർഷങ്ങൾ മാത്രം നീണ്ട ഭൗമികജീവിതം.
അദ്ദേഹത്തിന്റെ സ്വർഗപ്രവേശനത്തിന്റെ 96-ാം വാർഷികദിനത്തിൽ ഓർമകളുടെ ഗാലറിയിൽ വിശുദ്ധിയുടെ പല വർണചിത്രങ്ങൾ… അതിലൊന്നിൽ അദ്ദേഹം ആലുവയിൽനിന്നു ഷൊർണൂർക്കുള്ള ട്രെയിനിൽ ആയിരുന്നു. എല്ലാ ഞായറാഴ്ചകളിലെയും പതിവ് കാഴ്ച. റെയിൽവേ ജോലിക്കാർക്ക് പരിശുദ്ധ കുർബാന അർപ്പിക്കുന്നതിന് വേണ്ടിയുള്ള യാത്രയാണത്.
മറ്റൊന്ന് കടമക്കുടിയിൽനിന്നുമാണ്. അജപാലന ശുശ്രൂഷയിലെ ആദ്യ കർമരംഗവും ഇവിടമാണ്. 1909-10 കളിലെ കടമക്കുടി. പരിമിതമായ ജീവിതസൗകര്യങ്ങൾ… മീൻപിടിത്തവും കൃഷിയും ജീവിതമാർഗമാക്കിയ പാവപ്പെട്ട മനുഷ്യർ. ആ വയൽവരന്പിലൂടെ അദ്ദേഹം അവർക്കു മുൻപേ ദേവാലയത്തിലേക്ക് നടക്കുകയാണ്. ഞായറാഴ്ച വിശുദ്ധ കുർബാനയിൽ സംബന്ധിക്കാതെ തങ്ങളുടെ ജീവിതമാർഗം തേടി മീൻപിടിത്തത്തിനായി ഇറങ്ങിയ പാവപ്പെട്ട മനുഷ്യർക്ക് തന്റെ പരിമിതമായ വരുമാനത്തിൽനിന്നു നൽകിക്കൊണ്ട് വിശുദ്ധ കുർബാനയ്ക്കായി അവരെ തിരിച്ചുകൊണ്ടുവരികയായിരുന്നു അദ്ദേഹം.
കടമക്കുടിയിൽ ആയിരിക്കുന്പോഴാണ് വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷമായി കൊണ്ടാടുന്നതിനുള്ള അനുവാദത്തിനായി അദ്ദേഹം ലൂയിസ് പഴേപറന്പിൽ പിതാവിന് എഴുതുന്നത്. 1920-22കളിൽ ആരക്കുഴ പള്ളിവികാരി ആയിരിക്കുന്പോൾ ഞായറാഴ്ച വിശുദ്ധ കുർബാനയുടെ വചനസന്ദേശശേഷമുള്ള അദ്ദേഹത്തിന്റെ വോയിസ് ക്ലിപ് “മീൻകുന്നംകാർ ഇനിമുതൽ ഞായറാഴ്ച വിശുദ്ധ കുർബാനിയിൽ പങ്കെടുക്കുവാൻ ഇങ്ങോട്ട് വരേണ്ടതില്ല. ഞാൻ അവിടെ വന്ന് വിശുദ്ധ കുർബാന അർപ്പിക്കാം”. കിലോമീറ്ററുകൾ താണ്ടി വിശുദ്ധ കുർബാനയ്ക്കായി എത്തുന്ന ദൈവജനത്തിന്റെ കഷ്ടപ്പാടുകൾ മനസിലാക്കിയ ആ പുരോഹിതൻ തന്റെ വാക്കു പാലിക്കുക മാത്രമല്ല, മീൻകുന്നത്ത് ദേവാലയം പണിയുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാക്കുകകൂടി ചെയ്തു.
മാർ അഗസ്റ്റിൻ കണ്ടത്തിലിന് അദ്ദേഹം ഇങ്ങനെ എഴുതി, “ഈ പള്ളിയിൽ ഈ മാസത്തിൽ ഏതെങ്കിലും 10 ദിവസങ്ങളിൽ വിശുദ്ധ കുർബാന പരസ്യമായി എഴുന്നള്ളിച്ചു വച്ച് കൊന്ത നമസ്കാരം നടത്തുന്നതിനും വിശുദ്ധ കുർബാനയുടെ വാഴ്വ് കൊടുക്കുന്നതിനുമുള്ള തീരുമാനം നടപ്പാക്കുന്നതിന് പിതാവിന്റെ അനുഗ്രഹം ഉണ്ടാകണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു’’.
ആലുവ സെന്റ് മേരീസ് സ്കൂളിലെ മാനേജരായിരുന്ന അദ്ദേഹത്തെക്കുറിച്ച് പൂർവ വിദ്യാർഥികളിൽ ഒരാളായ ഫാ. ജോസഫ് വിതയത്തിൽ ഇങ്ങനെ ഓർക്കുന്നു “ഞങ്ങളെ പ്രത്യേകം ആകർഷിച്ചിരുന്നത് ഭക്തിയോടു കൂടിയ അദ്ദേഹത്തിന്റെ ദിവ്യപൂജാർപ്പണം ആയിരുന്നു”. ദിനംതോറും വിശുദ്ധ കുർബാന പാപരഹിതമായി സ്വീകരിക്കുന്നതിന് അദ്ദേഹം കുട്ടികളെ പ്രോത്സാഹിപ്പിച്ച് ഉപദേശിച്ചിരുന്നു.
അൾത്താരയിലെ ബലിപീഠത്തിൽ തന്റെ കൈകളിൽ മുറിയപ്പെടുന്ന അപ്പത്തിലേക്ക് അദ്ദേഹം ഹൃദയം കൊണ്ടു നോക്കി. ആ വെളിച്ചത്തിൽ അദ്ദേഹം കണ്ടു- അപ്പത്തിന് ക്രിസ്തുവിന്റെ മുഖമാണ്, മറുവശം അഗതിയുടെ മുഖവും. അപ്പോൾ ആരാധനയെക്കുറിച്ചുള്ള പഴയ സങ്കല്പങ്ങളുടെ വിരി കീറിയിരുന്നു. ആത്മാവിലും സത്യത്തിലുമുള്ള ആരാധനയെക്കുറിച്ച് ക്രിസ്തു അദ്ദേഹത്തോട് സംസാരിച്ചു.
അങ്ങനെ 1927 മാർച്ച് 19ന് ആലുവ ചുണങ്ങംവേലിയിൽ അഗതികൾക്ക് അഭയമായി ഒരു സന്യാസസമൂഹം രൂപം കൊണ്ടു ‘സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട്’. അവരെ അദ്ദേഹം പഠിപ്പിച്ചത് ദിവ്യകാരുണ്യ ആരാധനയുടെ പുതിയ പാഠം: “നിങ്ങളുടെ ഭക്തി പാവങ്ങളോടുള്ള ഭക്തിയാകണം”. ഈ ദിവ്യകാരുണ്യജീവിതം1422 സഹോദരിമാരിലൂടെ പഞ്ചഭൂഖണ്ഡങ്ങളിൽ അദ്ദേഹം തുടരുന്നു. അൾത്താരയിലെ അപ്പത്തെ ആരാധിച്ച് അഗതിക്കുള്ള അപ്പമായി മാറിയ ആ വിശുദ്ധ സ്മരണകൾക്ക് പ്രണാമം.
Leader Page
അപഥസഞ്ചാരം, അഗമ്യഗമനം, അനാഗതശ്മശ്രു, ആലക്തികാഘാതം, അനാഘ്രാതകുസുമം എന്നൊക്കെ കേള്‍ക്കുമ്പോള്‍ മലയാളിക്കിന്നു ഭയമാണ്. ഈ പദഭയം മലയാളിക്കെങ്ങനെ വന്നു എന്നറിയില്ല. പണ്ടൊക്കെ കോളജ് പഠനകാലത്ത് ഒരു പെണ്‍കുട്ടിയെ നോക്കി ‘അനാഘ്രാതകുസുമമേ’ എന്നൊക്കെ ധൈര്യത്തോടെ വിളിക്കാമായിരുന്നു. വിളിക്കുന്നവനും അതു കേള്ക്കുന്നവള്ക്കും അതിന്റെ അര്ഥമറിയാമായിരുന്നു. അതു കേള്‍ക്കുമ്പോള്‍ ഒരിഷ്ടമൊക്കെ അവള്ക്കുണ്ടാകുമായിരുന്നു.
ഞാനോര്‍ക്കുന്നു. ബിരുദപഠനകാലത്ത് ‘അഭിജ്ഞാനശാകുന്തളം’ പഠിക്കാനുണ്ടായിരുന്നു. അതില്‍ ശകുന്തളയെ വര്‍ണിക്കുന്ന ഭാഗത്ത് ‘അനാഘ്രാതപുഷ്പം കിസലയമലൂനം കരരുഹൈ’ എന്നൊരു ഭാഗമുണ്ട്. ‘അനാഘ്രാതകുസുമം’ എന്ന പദം ഞങ്ങള്‍ ആദ്യമായി കേള്‍ക്കുകയാണ്. ഈ പദത്തിലെ ‘ഘ്ര’ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. വ്യാഘ്രം, ഘ്രൃതം എന്നൊക്കെ കേട്ടിരുന്നെങ്കിലും ഈ പദാസ്വാസ്ഥ്യം ഞങ്ങളുടെ പലരുടെയും മുഖത്തുണ്ടായിരുന്നു. ഇവിടെ ഒരു പൂവിന്റെ പേലവനിര്മലമായ സുഗന്ധാസ്വാദനമുഹൂര്ത്തത്തില് കാളിദാസന് ‘ഘ്ര’ എന്നുപയോഗിച്ചതിന്റെ കാരണം അധ്യാപകര്‍ പറഞ്ഞുതന്നില്ല.
ഞങ്ങളാരുമതു ചോദിച്ചതുമില്ല. ‘ആരും ചുംബിച്ചിട്ടില്ലാത്ത പൂവ്’ എന്ന അര്‍ഥം പറഞ്ഞ് അധ്യാപകന് അനാഘ്രാതകുസുമത്തെ ചാടിക്കടന്ന് അടുത്ത ഭാഗത്തേക്കു പോയി. പിന്നീട് ഏറെനാൾ കഴിഞ്ഞാണു ശാകുന്തളത്തിലെ ‘ഘ്ര’യുടെ അര്‍ഥവ്യാപ്തി മനസിലായത്. ഗന്ധാസ്വാദനത്തിന് ‘ഘ്ര’ പോലെ മറ്റൊരു ധാതുവില്ല സംസ്കൃതത്തില്‍. ‘ഘ്ര’ മാത്രമേയുള്ളൂ. ‘ഘ്ര ഗന്ധോപദാഹേ’ എന്നാണു ധാതുപാഠം.
ഇന്ന് ഭാഷയിലെയോ സാഹിത്യത്തിലെയോ ഒരു സന്ദേഹം വന്നാല്‍ ചോദിക്കാന്‍ ആളില്ലാതായി. മഹാഗുരുനാഥന്മാരുടെ കാലം കഴിഞ്ഞു. വ്യാകരണസംബന്ധിയായ സംശയങ്ങളെല്ലാം എനിക്ക് അടിമുടി തീര്‍ത്തുതന്നത് പ്രഫ. ആദിനാട് ഗോപിസാറായിരുന്നു. അദ്ദേഹം തികഞ്ഞ ഒരു വ്യാകരണപണ്ഡിതനായിരുന്നു. ഒരു സംശയം ചോദിച്ചാല്‍ ഒരുത്തരം മാത്രമായി പറയാന്‍ അദ്ദേഹത്തിന് അറിയില്ലായിരുന്നു. നമ്മുടെ ഉള്ളില്‍ പയര്വിത്തുപോലെ മുളച്ചുനില്‍ക്കുന്ന അനവധി സംശയങ്ങള്‍ക്ക് അദ്ദേഹം ഒന്നിനുപിറകെ ഒന്നായി ഉത്തരങ്ങള്‍ തരും. അറിവിന്റെ ഒരു മഹാശാഖിയായിരുന്നു അദ്ദേഹം.
പാശ്ചാത്യസാഹിത്യ സന്ദേഹങ്ങള്‍ക്കു തീര്‍പ്പു കൽപ്പിച്ചിരുന്നത് കെ.പി. അപ്പന്സാറായിരുന്നു. ഒറ്റ ചോദ്യത്തിന് ഒറ്റയുത്തരം അതായിരുന്നു അദ്ദേഹത്തിന്റെ രീതി. ‘shoot the question, shoot the answer’ എന്നദ്ദേഹം ക്ലാസില്‍ പറയും. ചോദ്യം ഒരു നിറയൊഴിക്കല്‍ പോലെയാകണം. ഉത്തരവും അതുപോലെയാകണം. ഒന്നുരണ്ടോര്മകള് എഴുതാം.
ഒരിക്കല്‍ ഗദ്യപദ്യങ്ങളെക്കുറിച്ചുള്ള ഒരു സംശയത്തിന് അദ്ദേഹം ഒറ്റവാക്കില്‍ മറുപടി തന്നു. ‘പൗരസ്ത്യം കവിതയാണ്, പാശ്ചാത്യം ഗദ്യവും.’ പ്രണയത്തെക്കുറിച്ചുള്ള ഒരു നിര്‍വചനം ചോദിച്ചപ്പോള്‍, “ബുദ്ധിയുള്ള മനുഷ്യനു പ്രണയിക്കാന്‍ സാധ്യമല്ല എന്നു ബര്‍ണാഡ് ഷാ പറഞ്ഞുനടന്ന കാലത്താണ് അദ്ദേഹം ആനി ബസന്റിനെ പ്രണയിച്ചുകൊണ്ടിരുന്നത്. അതോടെ വിഡ്ഢികള്ക്കുകൂടി അവകാശപ്പെട്ടതായി പ്രണയം എന്നായിത്തീര്‍ന്നു.” ഇങ്ങനെ എന്നും വിളികള്ക്കുള്ളില് ഒരു വിളിപോലെ അദ്ദേഹം ഉത്തരം നൽകിക്കൊണ്ടിരുന്നു. ആ ഉത്തരങ്ങള്‍ നീലാകാശത്ത് ഋതുക്കള്‍ നൃത്തം ചെയ്യുന്നതുപോലെയായിരുന്നു. അദ്ദേഹം കടന്നുപോയപ്പോള്‍ പെട്ടെന്ന് നട്ടുച്ച അസ്തമയത്തിലേക്കു ചാഞ്ഞതുപോലെ എനിക്കു തോന്നി.
ചോദ്യങ്ങള്‍ നിലനില്ക്കുകയും ഉത്തരങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്ന കാലമാണിത്. എത്രയോ ചിരപുരാതന സുന്ദരപദങ്ങള്‍ ഭാഷയില്‍നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. വാക്കുകളുടെ മഹാബലിമാര്‍ ഉണ്ടായിരുന്ന ഭാഷയായിരുന്നു മലയാളം. നവവാമനന്മാര് അതെല്ലാമിന്നു ചവിട്ടിത്താഴ്ത്തിക്കഴിഞ്ഞിരിക്കുന്നു. പണ്ടു കവി അയ്യപ്പന് പറഞ്ഞ രസംപിടിച്ച ഒരനുഭവം ഓര്‍മവരുന്നു. അയ്യപ്പന് കൗമുദി ആഴ്ചപ്പതിപ്പില്‍ ജോലിചെയ്യുന്ന കാലം. എഡിറ്റോറിയലിന്റെ പ്രൂഫ് വായനയ്ക്കിടയില്‍ ഒരു വാക്ക് ശ്രദ്ധയില്‍പ്പെട്ടു. ‘നിസ്സുഭദുന്ദവിഭ്രമം.’ അയ്യപ്പന് അര്‍ഥം പിടികിട്ടിയില്ല. ശബ്ദതാരാവലി മുഴുവന്‍ പരതി. ഇങ്ങനെയൊരു വാക്കില്ല. കിടന്നിട്ട് ഉറക്കം വന്നില്ല.
അടുത്തദിവസം അതിരാവിലെ അന്നത്തെ ലക്സിക്കന്‍ മേധാവിയായിരുന്ന ശൂരനാട് കുഞ്ഞന്‍പിള്ള സാറിന്റെ അടുത്തെത്തി. അദ്ദേഹം ഈ വാക്കുകേട്ടു സ്തംഭിച്ചുനിന്നുപോയി. “താങ്കള്‍ എവിടെയാണ് ഈ വാക്ക് വായിച്ചത്?” കുഞ്ഞന്‍പിള്ള സാര്‍ ചോദിച്ചു. “കൗമുദി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയലില്‍.” അയ്യപ്പന് മറുപടി പറഞ്ഞു. കുഞ്ഞന്‍പിള്ള സാര്‍ അയ്യപ്പനെ നോക്കി ചിരിച്ചു. എന്നിട്ടു പറഞ്ഞു, “അതു വാക്കിന്റെ കുഴപ്പമല്ല; അതു സൃഷ്ടിച്ച ആളിന്റെ കുഴപ്പമാണ്.” ആ വാക്ക് സൃഷ്ടിച്ചയാള് കെ. ബാലകൃഷ്ണനായിരുന്നു.
തെറ്റുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ശരികള്‍ക്ക് ശ്വാസംകിട്ടാതെ വരുന്നു എന്നു പറയാറുണ്ട്. ഉപയോഗിച്ചു തേഞ്ഞു എന്നു കരുതി ഉപേക്ഷിക്കുന്ന വാക്കുകളില്‍ പലതും ജീവനുള്ളവയായിരുന്നു. വാക്കുകളുടെ കാര്യത്തില്‍ നാമൊക്കെ നിയോലിബറലിസത്തിന്റെ വഴിയേയാണു സഞ്ചരിക്കുന്നത്. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന സ്വഭാവം നമ്മുടെ ഭാഷയ്ക്കു നൽകുന്ന ആഘാതം ചെറുതല്ല. പൊന്നു വയ്ക്കേണ്ടിടത്തു പൊന്നും, പൂവു വയ്ക്കേണ്ടിടത്ത് പൂവും വയ്ക്കാന്‍ നമുക്കു കഴിയണം. പുതിയ തലമുറ ശബ്ദതാരാവലി കണ്ടിട്ടുണ്ടോ എന്നുപോലുമറിയില്ല. അവരതു തുറന്നുനോക്കിയാല്‍ ‘തന്തവൈബും തള്ളവൈബും ഓണമൂഡും’ ഒന്നും അതില്‍ കാണില്ല.
‘തന്ത’ എന്ന ദ്രാവിഡപദത്തെ ഇന്ന് അമ്ലരൂക്ഷമായ തെറിവാക്കായാണ് മലയാളികള്‍ ഉപയോഗിക്കുന്നത്. തൊട്ടപ്പുറത്തു ജീവിക്കുന്ന തമിഴന് അതു തെറിവാക്കല്ല. സാമൂഹികപരിഷ്കര്‍ത്താവും യുക്തിവാദിയുമായ ഇ.വി. രാമസ്വാമി നായ്ക്കരെ ‘തന്തൈ പെരിയാര്‍’ എന്നാണ് ഇന്നും തമിഴന് അഭിമാനത്തോടെ വിളിക്കുന്നത്. ഇതെഴുതി നിര്‍ത്തുമ്പോള്‍ ഒരു ചോദ്യം ബാക്കിയാകുന്നു. ‘നമ്മള് നമ്മളെ എവിടെയാണ് മറന്നുവച്ചത്?’
Leader Page
മലയാള ചെറുകഥാസാഹിത്യത്തിലെ അതുല്യ പ്രതിഭകളിൽ ഒരാളായിരുന്നു കാരൂർ നീലകണ്ഠപ്പിള്ള. കഥ പറയാൻവേണ്ടി ജനിച്ച കാഥികനെന്ന് കാരൂരിനെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ട്. കാരൂരിന്റെ സമകാലികരായ കഥാകൃത്തുക്കൾ കഥകളെ സമരായുധമാക്കിയപ്പോൾ, അദ്ദേഹം സമരങ്ങളെ കഥകളാക്കി മാറ്റി.
അദ്ദേഹത്തിന്റെ കഥാലോകത്തിലെ ഒരു പ്രധാന ഭാഗമാണ് ‘വാധ്യാർക്കഥകൾ’ എന്നറിയപ്പെടുന്ന അധ്യാപക കഥകൾ. ഒരു സ്കൂൾ അധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച കാരൂർ, ആ അനുഭവങ്ങളുടെ ചൂടും വെളിച്ചവും തന്റെ കഥകളിൽ പകർത്തി.
സാമ്പത്തിക ബുദ്ധിമുട്ടുകളാലും സാമൂഹികമായ അവഗണനകളാലും കഷ്ടപ്പെടുന്ന സാധാരണക്കാരായ സ്കൂൾ അധ്യാപകരുടെ ജീവിതമാണ് ഈ കഥകളിലെ മുഖ്യ പ്രമേയം. തുച്ഛമായ ശമ്പളത്തിൽ കുടുംബം പോറ്റാൻ പാടുപെടുന്നവരായിരുന്നു ഈ കഥാപാത്രങ്ങൾ.
കടുത്ത ദാരിദ്ര്യത്തിലും ഉന്നതമായ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന അധ്യാപകരെ മാലപ്പടക്കം എന്ന കഥയിൽ കാരൂർ അവതരിപ്പിക്കുന്നു. അവരുടെ നിസഹായതയും, അതേസമയം അവരുടെ നന്മയും ഈ കഥകളിലെ വൈകാരികാംശം വർധിപ്പിക്കുന്നു. ലളിതവും എന്നാൽ ഹൃദയസ്പർശിയായതുമായ ആഖ്യാനശൈലിയാണ് കാരൂരിന്റേത്.
‘പൊതിച്ചോറ്’ കാരൂരിന്റെ അധ്യാപക കഥകളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ്. ഒരു വിദ്യാർത്ഥിയുടെ ഉച്ചഭക്ഷണം മോഷ്ടിച്ചത് മറ്റാരുമല്ല, കടുത്ത വിശപ്പുകാരണം നിവൃത്തിയില്ലാതെപോയ പ്രധാനാധ്യാപകനാണ് എന്ന് കഥയുടെ അവസാനം വെളിപ്പെടുത്തുന്നു. അധ്യാപകന്റെ നിസഹായതയുടെ ആഴം ഈ കഥ വരച്ചുകാട്ടുന്നു.
നായയ്ക്കു തുല്യമായ ജീവിതമായിരുന്നു അത്. പൊതിച്ചോറിൽ “ഒരു പട്ടി മാത്രം ചെയ്യുന്ന ഹീനകൃത്യം” - ഒരു കുട്ടിയുടെ ഉച്ചയ്ക്കുള്ള ആഹാരം കട്ടുതിന്നത്- ആണ് ഹെഡ്മാസ്റ്റർ ചെയുന്നത്. ഒരു പട്ടിയെപ്പോലെ ഞാനതു ചെയ്തത് എന്തുകൊണ്ടാണെന്നു നിങ്ങളൊന്ന് ആലോചിച്ചുനോക്കൂ. മുപ്പതുകൊല്ലമായി ജോലി ചെയുന്ന എനിക്കു നിങ്ങൾ തരുന്ന പന്ത്രണ്ടു രൂപാ എത്രപേരുടെ നിത്യവൃത്തിക്കുള്ളതാണെന്നു നിങ്ങൾക്കറിയാമോ? എനിക്കുമുണ്ട്, അമ്മയുമച്ഛനും-വൃദ്ധരായി പ്രവർത്തനശക്തി നശിച്ചവരായിട്ട്, എനിക്കുമുണ്ട്.
ഭാര്യയും കുട്ടികളും-എന്നെ ആശ്രയിച്ചിട്ട്, എനിക്കുമുണ്ട്, ഇച്ഛകളും വികാരങ്ങളും-നിങ്ങളെപ്പോലെ, സാറിനും പട്ടിക്കും എന്ന കഥയിലെയും അധ്യാപകാവസ്ഥ വ്യത്യസ്തമല്ല. ഒടുവിൽ പിന്നേ, സാറിനും പട്ടിക്കും ചോറുകൊടുത്തെങ്കിൽ അടുക്കളയടയ്ക്കരുതോ? എന്ന ഗൃഹനാഥന്റെ ചോദ്യം അധ്യാപകന്റെ തലയിൽ വന്നടിക്കുന്നു. അവിടെയും അമ്മയെയും അച്ഛനെയും സംരക്ഷിക്കാൻ സാറിനും പട്ടിക്കും എന്ന പ്രയോഗം മറ്റൊരു ആധ്യാപകൻ സഹിക്കുന്നു.
ഒരു വിദ്യാർഥിയുടെ പരീക്ഷാകടലാസ് അധ്യാപകൻ ചായക്കടയിലെ കടം മൂലം അവിടെ ഈട് വയ്ക്കുന്നതും അതുമൂലം ആ വിദ്യാർഥിയുടെ ക്ലാസ്കയറ്റത്തിനുള്ള അർഹത നഷ്ടപ്പെടുന്നതുമാണ് ഉത്തരക്കടലാസ് എന്ന കഥ.
അധ്യാപകരുടെ ജീവിതക്ലേശങ്ങൾ വിദ്യാഭ്യാസസംവിധാനങ്ങളെ മൊത്തത്തിൽ ബാധിക്കുമെന്ന് ഈ കഥപറയുന്നു. കാരൂരിന്റെ അധ്യാപക കഥകൾ കേവലം അധ്യാപകരുടെ കഥകളല്ല, മറിച്ച് അന്നത്തെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയിൽ ഞെരുങ്ങിപ്പോയ ഒരു വലിയ ജനവിഭാഗത്തിന്റെ നേർചിത്രങ്ങൾ കൂടിയാണ്.
Leader Page
രഹസ്യമായി സൂക്ഷിക്കേണ്ട ചിലതു തലയണയ്ക്കടിയില്‍ വച്ചാണ് ഞാന്‍ കുട്ടിക്കാലത്ത് കിടന്നിരുന്നത്. തലയ്ക്കുള്ളില്‍ സൂക്ഷിക്കാനും തലയണയ്ക്കുള്ളില്‍ സൂക്ഷിക്കാനുമുള്ള രണ്ടുതരം രഹസ്യങ്ങള്‍ എനിക്കുണ്ടായിരുന്നു. തലയ്ക്കുള്ളിലെ സൂക്ഷിപ്പ് ഏറെക്കുറെ ഭദ്രമായിരുന്നു.
എന്നാല്‍, തലയണയ്ക്കുള്ളിലെ സൂക്ഷിപ്പിന് ഒരു സുരക്ഷിതത്വവുമില്ലായിരുന്നു. പ്രണയലേഖനമൊഴികെ ചിലതെല്ലാം ഞാന്‍ സൂക്ഷിച്ചിരുന്നത് തലയണയ്ക്കടിയിലായിരുന്നു. പ്രോഗ്രസ് കാര്‍ഡ്, സഞ്ചയിക ലഘുസമ്പാദ്യ കാര്‍ഡ്, കൂട്ടുകാരില്‍നിന്ന് ഒളിച്ചുകടത്തിയ ചിത്രകഥകള്‍ അങ്ങനെ ചിലത്.
എന്റെയീ ഒളിച്ചുവയ്പ് വീട്ടില്‍ അമ്മയ്ക്കു മാത്രമേ അറിയുമായിരുന്നുള്ളൂ. ഒന്നുരണ്ടു തവണ ഞാനുറങ്ങുന്നതും കാത്ത് അമ്മ ഉറക്കമിളച്ച് ഇരുന്നിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ പിടിക്കപ്പെടുംവരെ എത്തിയിരുന്നു. ഭാഗ്യത്തിന് ഞാനുണര്‍ന്നു; നോക്കുമ്പോള്‍ തൊട്ടുമുന്നില്‍ അമ്മ നില്ക്കുന്നു.
എന്തോ ഒരു ശബ്ദം കേട്ട് മുറിയിലേക്കു വന്നതാണെന്ന് അമ്മ പറഞ്ഞു. അമ്മയ്ക്ക് നുണ പറയാന്‍ അറിയില്ലായിരുന്നു. അതിന്റെ ജാള്യം മുഴുവന്‍ ആ മുഖത്തുണ്ടായിരുന്നു. ചിരി വന്നെങ്കിലും ഞാന്‍ ചിരിച്ചില്ല. അമ്മ പോയിക്കഴിഞ്ഞപ്പോള്‍ തലയണയില്‍ മുഖംതാഴ്ത്തിക്കിടന്ന് ചിരിച്ചു.
തലയണയ്ക്കു താഴെയായിരുന്നില്ല ഞാനിതെല്ലാം സൂക്ഷിച്ചിരുന്നത്. തലയണയുടെ കവറിനുള്ളിലായിരുന്നു എന്റെ ഒളിസങ്കേതം. വെറുതെ തലവച്ചു കിടക്കുകയല്ല എന്റെ രീതി. തലയണയെ പൂണ്ടടക്കം പിടിച്ചുകൊണ്ടാണ് കിടന്നിരുന്നത്. ഒരുറുമ്പിനുപോലും എന്റെ അറിവോ സമ്മതമോ ഇല്ലാതെ അതിനുള്ളില്‍ കയറിപ്പറ്റാനാകില്ല. പകല്‍ ഞാന്‍ വീട്ടിലുണ്ടെങ്കില്‍ കണ്‍വെട്ടത്തെവിടെയെങ്കിലും അതെല്ലാം വയ്ക്കും. പുറത്തേക്കു പോകുമ്പോള്‍ വസ്ത്രത്തിനുള്ളിലെവിടെയെങ്കിലും സൂക്ഷിക്കും. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ നാണക്കേടല്ല തോന്നുന്നത്; ഭയം തോന്നും.
ഒരിക്കല്‍ അമ്മ ചോദിച്ചു: “ഈ പ്രായത്തില്‍ ഇത്രമാത്രം ഒളിച്ചുവയ്ക്കാന്‍ നിനക്കെന്താ ഉള്ളത്.” ഞാന്‍ പരുങ്ങി. നമ്മുടെ ജനാധിപത്യവ്യവസ്ഥയില്‍ ഒരു പൗരന് അയാളുടെ സ്വകാര്യരഹസ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ അവകാശമുണ്ടെന്നും അതിനയാള്‍ പ്രായപൂര്ത്തിയാകണമെന്നില്ലെന്നും പറയാനുള്ള ജ്ഞാനം എനിക്കന്നില്ലായിരുന്നു. ഞാന്‍ ചിരിച്ചു. ആ ചിരി അമ്മയ്ക്ക് തീരെ പിടിച്ചില്ല. “ഇന്നല്ലെങ്കില്‍ നാളെ ഈ രഹസ്യങ്ങളെല്ലാം നിനക്കു പരസ്യപ്പെടുത്തേണ്ടി വരും” എന്നൊരു ശാപവാക്കു പറഞ്ഞ് അമ്മ അടുക്കളയിലേക്കു പോയി. “മോക്ഷം കിട്ടാത്ത ശാപം തരല്ലേ” എന്ന് ഞാന്‍ അമ്മയോട് അപേക്ഷിച്ചു. അമ്മയത് കേട്ടില്ല.
പതിയെപ്പതിയേ തലയണയ്ക്കുള്ളിലെ രഹസ്യങ്ങള്‍ ഞാന്‍ ഉപേക്ഷിക്കാന്‍ തുടങ്ങി. ആദ്യം ഉപേക്ഷിച്ചത് പ്രോഗ്രസ് കാര്‍ഡ് സൂക്ഷിപ്പായിരുന്നു. പരീക്ഷക്കാലം കഴിഞ്ഞെത്തുമ്പോള്‍ ഉത്തരക്കടലാസുകള്‍ക്ക് പിന്നാലെ പ്രധാന അധ്യാപകന് കൊണ്ടുവരുന്ന ഒരുതരം ഇളംമഞ്ഞ കാര്‍ഡ് വല്ലാത്ത ഭയം ജനിപ്പിച്ചിരുന്നു. എനിക്കു വച്ചുനീട്ടുന്ന കാര്‍ഡില്‍ ഒന്നിലധികം ചുവന്ന അക്കങ്ങളുണ്ടായിരിക്കും. ഗ
ണിതത്തിനും ഊര്‍ജതന്ത്രത്തിനും രസതന്ത്രത്തിനും നേരേയുള്ള അക്കങ്ങള്‍ ചുവന്ന ജഴ്സിയണിഞ്ഞ് നില്ക്കും. കലണ്ടറില്‍ ചൂട്ടുകത്തിച്ചു കിടക്കുന്ന അവധിദിവസങ്ങള്പോലെയായിരുന്നു അവ. എന്നാല്‍, മലയാളം, ഹിന്ദി, ചരിത്രം എന്നീ വിഷയങ്ങള്‍ക്ക് നേരേയുള്ള അക്കങ്ങള്‍ തവള വിഴുങ്ങിയതുപോലെയിരിക്കും. സസ്യശാസ്ത്രവും പരന്ത്രീസും കഷ്ടിച്ചു രക്ഷപ്പെടും. ഇതായിരുന്നു എന്റെ പ്രോഗ്രസ് ഗ്രാഫ്. ഇതു വീട്ടില്‍ കാണിച്ചാലുള്ള പുകില് പറഞ്ഞറിയിക്കാനോ എഴുതിത്തീര്‍ക്കാനോ പറ്റില്ല. കൈ പൊള്ളിച്ചിട്ടാണ് തീയുടെ അടുത്തേക്ക് പോകരുതെന്ന് അമ്മ എന്നെ പഠിപ്പിച്ചത്. അച്ഛനൊന്നും പറയില്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ചുവടെ ഒപ്പിടുന്നതുപോലെ അച്ഛന് പ്രോഗ്രസ് കാര്‍ഡ് ഒപ്പിട്ടു തരും. എല്ലാം ശാന്തമായി പര്യവസാനിച്ചുവെന്നു കണ്ടുനില്ക്കുന്നവര്ക്കു തോന്നും. പക്ഷേ, ആഭ്യന്തര അടിയന്തരാവസ്ഥ തുടങ്ങുന്നതേയുള്ളുവെന്ന് എനിക്കു മാത്രം അറിയാവുന്ന കാര്യമായിരുന്നു.
രഹസ്യങ്ങളെക്കുറിച്ച് എഴുതിവന്നപ്പോള്‍ പഴയൊരു തമിഴ് നാടോടിക്കഥ വായിച്ചത് ഓര്മ വരുന്നു. കഥയിങ്ങനെയാണ്; നല്ല നിലാവുള്ള രാത്രിയില്‍ ഒരു ഭാര്യയും ഭര്‍ത്താവും വീടിന്റെ ഉമ്മറത്തിരുന്ന് സംസാരിക്കുകയായിരുന്നു. സംസാരത്തിനിടയില്‍ ഭര്‍ത്താവ് ആകാശത്ത് തെളിഞ്ഞുനിന്ന ചന്ദ്രനെ നോക്കി പൊട്ടിച്ചിരിച്ചു. “എന്തിനാണ് അങ്ങ് ചന്ദ്രനെ നോക്കി പൊട്ടിച്ചിരിച്ചത്” എന്നായി ഭാര്യ. “അതു പറയാന്‍ പാടില്ല. അതൊരു രഹസ്യമാണ്. പ്രത്യേകിച്ച് അത്തരം രഹസ്യങ്ങള്‍ സ്ത്രീകളോടു പറയാന്‍ പാടില്ല എന്നാണു പ്രമാണം.” അയാള്‍ പറഞ്ഞു. അതു കേട്ടതോടെ അവള് പിണങ്ങി. പിന്നെയും അവള് അത് ചോദിച്ചുകൊണ്ടേയിരുന്നു.
ഒടുവില്‍ ആ രഹസ്യം ആരോടും പറയില്ല എന്ന് അവളെക്കൊണ്ട് സത്യം ചെയ്യിച്ചശേഷം അയാള്‍ കാര്യം വെളിപ്പെടുത്തി. “കുറച്ചുനാള്‍മുമ്പ് അയല്പക്കത്തെ വീട്ടിലെ ചന്ദ്രന് വയല്ക്കരയില് മരിച്ചുകിടന്നില്ലേ. അയാള്‍ എങ്ങനെയാണ് മരിച്ചതെന്നറിയാമോ?” “അറിയില്ല.”അവള് പറഞ്ഞു. “അതേയ്, നിലാവുള്ള ഇതുപോലൊരു രാത്രിയില്‍ ഞാന്‍ വയലില്‍ വെള്ളം തേവിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അതുവഴിയേ ചന്ദ്രന് വന്നു. ഞങ്ങള്‍ ഒന്നുംരണ്ടും പറഞ്ഞ് ഏറെ മുഷിഞ്ഞു. വഴക്കായി. ഞാന്‍ കൈയിലിരുന്ന തൂമ്പാകൊണ്ട് അവന്റെ തലയ്ക്കടിച്ചു. അവന് അപ്പോള്‍ത്തന്നെ മരിച്ചു.” അയാള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി. “ഇനിയിത് ആരോടും പറയരുത്.” അയാൾ അവളെക്കൊണ്ട് സത്യം ചെയ്യിച്ചു.
നാളുകള്‍ കടന്നുപോയി. ഒരുനാള്‍ അയാളുടെ വീട്ടില്‍ വലിയ വഴക്കായി. അവളെ അടിക്കാന്‍ അയാള്‍ തൂമ്പയുമെടുത്തുകൊണ്ട് പാഞ്ഞുവന്നപ്പോള്‍, അവള് മുറ്റത്തേക്കിറങ്ങിനിന്ന് എല്ലാവരും കേള്‍ക്കേ വിളിച്ചുപറഞ്ഞു. “അയലത്തുവീട്ടിലെ ചന്ദ്രനെ കൊന്നപോലെ നിങ്ങളെന്നെയും കൊല്ലാന്‍ പോകുകയാണോ?” എല്ലാവരും അതുകേട്ടു. കേള്‍ക്കാത്തവര്‍ പിന്നീടതു കേട്ടു.
അതീവരഹസ്യമായി അര്‍ധരാത്രി ചെയ്യുന്ന കാര്യങ്ങള്‍ നേരം വെളുക്കുമ്പോള്‍ പുരപ്പുറങ്ങളില്‍നിന്ന് ഘോഷിക്കപ്പെടും എന്ന് വേദപുസ്തകം.
Leader Page
ചില ഓര്‍മകളുണ്ട്. അതിലൊന്നു പണ്ടു നാട്ടില്‍ ഒരു പാവകളിക്കാരന് വന്നതിനെക്കുറിച്ചും അവന്റെ പാവയെക്കുറിച്ചുള്ളതുമാണ്. ചോദ്യങ്ങള്‍ക്കെല്ലാം ഉരുളയ്ക്ക് ഉപ്പേരി പോലെ ഉത്തരം പറയുന്ന ഒരു പാവ. ആരു കണ്ടാലും മോഹിക്കുന്ന പാവ. ഞങ്ങള്‍ കുട്ടികള്‍ അതിനൊപ്പം കൂടി. ഞാനും ആ പാവയോട് എന്തോ ചോദിച്ചിരുന്നു എന്നാണോര്‍മ. അതിനുത്തരം പെട്ടെന്നു കിട്ടി.
ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇത്തിരി പരിഹാസത്തോടെയായിരിക്കും. പരിഹാസം മൂര്‍ച്ചയുള്ളതായിരിക്കും. “നിന്നെ കണ്ടിട്ട് ഒരു കുരങ്ങനെപ്പോലെ ഇരിക്കുന്നല്ലോ” എന്നൊക്കെ പാവ പറയും. ആ പ്രായത്തില്‍ കുട്ടികള്‍ അതൊന്നും ശ്രദ്ധിക്കുമായിരുന്നില്ല. പക്ഷേ, അതൊന്നും പാവ പറയുന്നതല്ലെന്നും പാവയെ കളിപ്പിക്കുന്ന ആള് സ്വന്തം ചുണ്ടനങ്ങാതെ സംസാരിക്കുന്നതാണെന്നും അയാള്‍ പാവയുടെ വായ് വെറുതെ അനക്കുന്നതാണെന്നും മനസിലായത് ഏറെക്കാലം കഴിഞ്ഞാണ്. അപ്പോഴേക്കും ചവിട്ടി നിന്ന മണ്ണ് ഏറെ ഒലിച്ചുപോയിരുന്നു. എങ്കിലും ആ പാവയുടെ സരസ്വതീവിളയാട്ടം ഒരദ്ഭുതംതന്നെയായിരുന്നു.
പഠനകാലത്തു വായിച്ച പുസ്തകങ്ങളിലൊന്ന് ഇബ്സന്റെ ‘പാവവീട്’ എന്ന നാടകമായിരുന്നു. അതു വായിക്കാനെടുത്തപ്പോള്‍ ഒഴുക്ക് തീരെക്കുറഞ്ഞ ഓര്‍മയില്‍ തെളിഞ്ഞുകണ്ട വെള്ളാരംകല്ല് ആ പാവയായിരുന്നു. അതുപോലൊരു പാവയായിരുന്നു നാടകത്തിലെ നോറ ഹെല്‍മര്‍. പക്ഷേ, അവള് ജീവനുള്ള ഒരു പാവയായിരുന്നു. ഭര്‍ത്താവ് ടോർവാള്‍ഡ് ഹെല്മറെ എന്നെന്നേക്കുമായി ഉപേക്ഷിച്ചുപോകുന്ന, മജ്ജയും മാംസവും വികാരങ്ങളുമുള്ള ഒരു പാവ. അവള് പാര്‍ക്കുന്ന വീട് ഒരു പാവവീടായിരുന്നു. അവളുടെ അച്ഛന് അവളെ കൈവെള്ളയില്‍ വച്ച് വളര്‍ത്തി വലുതാക്കി, സ്നേഹസമ്പന്നനായ ടോർവാള്‍ഡ് ഹെല്മറിന് വിവാഹം ചെയ്തുകൊടുക്കുന്നു.
കാലില്‍ മണ്ണ് പുരളാത്ത, ലോകമെന്തെന്നറിയാത്ത, നിഷ്കളങ്കയായ അവള് ഒരു പാവയെപ്പോലെ വീട്ടില്‍ കഴിയുന്നു. അച്ഛന്റെയും പിന്നീട് ഭര്‍ത്താവിന്റെയും ഇച്ഛാനുസാരിയായി പ്രവര്‍ത്തിക്കുന്ന അവളൊടുവില്‍ സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിയുന്നു. താന്‍ ഇതുവരെ അണിഞ്ഞുനടന്നിരുന്ന പാവവേഷം അവള് എന്നെന്നേക്കുമായി ഊരിക്കളയുകയും പുരുഷന്മാര് തീര്‍ത്ത പാവവീട് ഭേദിച്ച് പുറത്തേക്കിറങ്ങുകയും ചെയ്യുന്നു. ഭര്‍ത്താവിനോടു വഴക്കിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ അവള് വാതില്‍ വലിച്ചടയ്ക്കുന്നു. ആ ശബ്ദം യൂറോപ്പിനെ ഇപ്പോഴും നടുക്കിക്കൊണ്ടിരിക്കുന്നു എന്നാണു നിരൂപകർ പറയുന്നത്. നോറയെപ്പോലുള്ള ‘പാവ’കളെയും പിന്നീട് വാതില്‍ വലിച്ചടച്ചിറങ്ങിപ്പോകുന്ന ‘നോറ’മാരെയും ഞാന്‍ ചില കുടുംബങ്ങളിൽ കണ്ടിട്ടുണ്ട്.
ഇതെഴുതിവന്നപ്പോള് വി.കെ. കൃഷ്ണമേനോന്റെ ഒരു വിനോദം പെട്ടെന്ന് ഓര്മ വരുന്നു. വായിച്ചതാണ്. പൂക്കളോട് സംസാരിക്കാനും പാവകളോടു കളിക്കാനും കുറ്റാന്വേഷണ നോവലുകള്‍ വായിക്കാനും ഏറെ ഇഷ്ടപ്പെട്ട ഒരാളായിരുന്നു കൃഷ്ണമേനോന്. ഇതില്‍ പാവകളോടൊത്തുള്ള കളി പ്രസിദ്ധമാണ്. ഏതു രാജ്യത്തു പോയാലും അവിടുള്ള കൗതുകപ്പാവകളെയെല്ലാം അദ്ദേഹം വാങ്ങിക്കൊണ്ടുവരുമായിരുന്നു. ആ പാവകളെയെല്ലാം നിരത്തിവച്ച് അവരോട് മിണ്ടിപ്പറയുമായിരുന്നു. ഓരോ പാവയെയും അദ്ദേഹം പേരിട്ടു വിളിച്ചിരുന്നു. മനുഷ്യര്‍ക്കുണ്ടാകുന്ന എല്ലാ ശാരീരിക, മാനസിക അസ്വാസ്ഥ്യങ്ങളും പാവകള്ക്കുമുണ്ടാകുമെന്ന് അദ്ദേഹം കരുതി. ജീവിതത്തിന്റെ അവസാനകാലത്ത് കൃഷ്ണമേനോന് അനുഭവിച്ച ഏകാന്തത വല്ലാതെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. അതില്നിന്നൊരല്പം ശാന്തി അദ്ദേഹം നേടിയതു പാവകളുടെ ലോകത്തുനിന്നായിരുന്നു. ചെറിയ യന്ത്രങ്ങളുടെ സഹായത്താല്‍ അദ്ഭുതപാവകളെ സൃഷ്ടിച്ച് വിപണിയിലെത്തിക്കാനുള്ള ഒരു ശ്രമംകൂടി അദ്ദേഹം തന്റെ അവസാനകാലത്തു നടത്തി എന്നറിയുമ്പോള്‍ നമുക്ക് അദ്ഭുതം തോന്നാം.
കൃഷ്ണമേനോനെപ്പോലെ, പാവകള്‍ വാങ്ങി സൂക്ഷിച്ച് അവയോടെല്ലാം ഹൃദയബന്ധം സൂക്ഷിച്ചിരുന്ന ഒരാളെ എനിക്ക് അടുത്തറിയാമായിരുന്നു. യുക്തിവാദിയായ അയാള്‍ തന്റെ മരണപത്രത്തില്‍ എഴുതി; “ശവപ്പെട്ടി അടയ്ക്കുമ്പോള്‍ അതില്‍ എന്റെ പാവകളെല്ലാം ഉണ്ട് എന്ന് ഉറപ്പുവരുത്തണം” എന്ന്. എന്നാല്‍, അയാള്‍ മരിച്ചപ്പോള്‍ ബന്ധുക്കളാരുംതന്നെ അയാളുടെ മരണപത്രത്തിലെ വരികൾ ഓർത്തില്ല. പാവകളില്ലാതെയാണ് അയാള്‍ പരലോകത്തേക്ക് പോയത്. വളരെക്കാലം കഴിഞ്ഞ് അയാളുടെ വീട്ടില്‍ ഒരു വിവാഹച്ചടങ്ങിന് ചെന്നപ്പോള്‍ ഷോകേസിലെ ചില്ലുഗ്ലാസിനുള്ളില് ഒരുകൂട്ടം പാവകള്‍ ശ്വാസംമുട്ടിയിരിക്കുന്നത് ഞാന്‍ കണ്ടു. അതില്‍ തത്തയെ പിടിച്ചുനില്‍ക്കുന്ന ഒരു പെണ്‍പാവ എന്നെ നോക്കി തേങ്ങിക്കരയുന്നതുപോലെ തോന്നി.
ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴും എന്റെ ഉള്ളില്‍നിന്ന് ആ തേങ്ങല്‍ അടങ്ങിയിരുന്നില്ല. പാവകളില്ലാത്ത ലോകമായിരിക്കുമോ പരലോകം എന്നൊരിക്കല്‍ കുഞ്ഞിക്കയോട് ഞാന്‍ ചോദിച്ചിരുന്നു. ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്തു ‘പരലോക’ത്തെക്കുറിച്ച് നോവല്‍ എഴുതിയ ആളായിരുന്നല്ലോ കുഞ്ഞിക്ക. “എടാ, പരലോകം ഒരാളുടെ മാത്രം ഭാവനയല്ല; ഒരുപാടുപേരുടെ ഭാവനയിലാണ് അത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്റെ ഭാവനയിലെ ലോകത്തു പാവകളില്ല. അവിടെ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും മഴവില്ലുപോലെ ചിരിക്കുന്ന മറിമാന്കണ്ണികളും മാത്രമേയുള്ളൂ.” -ഈ മറുപടികേട്ടു മനസുകൊണ്ട് ഞാന്‍ കുഞ്ഞിക്കയെ കെട്ടിപ്പിടിച്ചു.
സേതുവിന്റെ ‘കൈമുദ്രകള്‍’ എന്ന നോവല്‍ വായിച്ചതോര്‍ക്കുന്നു. അതിലെ പ്രധാന കഥാപാത്രമായ അജയന് പാവക്കുട്ടികളെ ഉണ്ടാക്കി അവയ്ക്ക് ജീവന് കൊടുത്തിട്ട് തുറന്ന ലോകത്തേക്ക് വിടുന്നു. സല്മാന് റുഷ്ദിയുടെ ‘ഫ്യൂറി’ എന്ന നോവലില്‍ ലോകപ്രശസ്ത പാവനിര്മാതാവായ മാലിക് സോളങ്ക, തന്നില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി ‘ലിറ്റില്‍ ബ്രെയിൻ’ എന്നൊരു പാവയെ സൃഷ്ടിച്ച് തുറന്നുവിടുന്നു. ഇനിയുമുണ്ടേറെ പാവക്കഥകള്‍ പറയാന്‍. ഇതെഴുതിക്കഴിഞ്ഞ് ഒന്നു മയങ്ങി ഉണര്ന്നപ്പോളോര്ത്തു, എഴുത്തുകാര്‍ തുറന്നുവിട്ട പാവകള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ടാകുമോ? അതോ അവരുടെ കണ്ണിലെ പാവകളാണോ മനുഷ്യര്‍?
Leader Page
സാമൂഹികമായ കാഴ്ചപ്പാടിലൂടെ നോക്കിയാൽ അസാമാന്യമായ ഒരു കൂട്ടം പെരുമാറ്റ സവിശേഷതകളാണ് വ്യക്തിത്വ തകരാറുകളായി കണക്കാക്കുന്നത്. ഇത്തരം പെരുമാറ്റം വ്യക്തിക്ക് ദോഷകരമായി തോന്നില്ലെങ്കിലും സമൂഹത്തിന് ദോഷകരമായി ഭവിക്കുന്നു. ചെറുപ്പത്തിലേതന്നെ ഇത്തരം പ്രത്യേകതകൾ കണ്ടുതുടങ്ങുമെങ്കിലും യൗവനത്തോടെയാണ് ഇവ പ്രകടമായിത്തീരുന്നത്. ഇത്തരം അപസാമാന്യ പെരുമാറ്റം മസ്തിഷ്കത്തകരാറുകൊണ്ടോ രോഗങ്ങൾകൊണ്ടോ മറ്റു മാനസിക തകരാറുകൾകൊണ്ടോ ഉണ്ടാകുന്നവയാണ്. ഇവരുടെ മനോഭാവത്തിലും പെരുമാറ്റത്തിലും ശ്രദ്ധേയമായ അപഭ്രംശം സംഭവിക്കുകയും ഇവരുടെ ചിന്ത, വികാരങ്ങൾ, പ്രത്യക്ഷണം, മറ്റുള്ളവരുമായുള്ള ഇടപെടൽ എന്നിവയെ ബാധിക്കുകയും ചെയ്യുന്നു. ദീർഘകാലം നീണ്ടുനിൽക്കുന്ന തരത്തിലുള്ള അപസാമാന്യ പെരുമാറ്റമാണ് ഇവ. ഈ പെരുമാറ്റമാതൃക അവരുടെ വ്യക്തിപരവും തൊഴിൽപരവും സാമൂഹികവുമായ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇത്തരം പെരുമാറ്റം ചെറുപ്പം മുതൽ തുടങ്ങുകയും യുവത്വത്തിലേക്ക് കടക്കുന്നതോടെ കൂടുതൽ പ്രകടമായിത്തീരുകയും ചെയ്യുന്നു. ഇത്തരം വ്യക്തിത്വ തകരാറുകളിൽ പ്രധാനമാണ് സാമൂഹ്യവിരുദ്ധ വ്യക്തിത്വം.
സാമൂഹ്യവിരുദ്ധ വ്യക്തിത്വം
സുഗമമായ വ്യക്തിബന്ധങ്ങൾ അസാധ്യമാക്കുന്ന തരം വ്യക്തിത്വ സവിശേഷതകളും പെരുമാറ്റങ്ങളും സാമൂഹ്യവിരുദ്ധ വ്യക്തിത്വമുള്ളവരിൽ കണ്ടുവരുന്നു. ഇത്തരം വ്യക്തിത്വം സൈക്കോപതിക് പേഴ്സണാലിറ്റി എന്നും അറിയപ്പെടുന്നു. സുഗമമായ സമൂഹവുമായി എപ്പോഴും ഇവർ സംഘർഷത്തിലായിരിക്കും. സദാചാരപരമോ ധാർമികമോ ആയ യാതൊരു മൂല്യങ്ങളും ഇവർക്കുണ്ടായിരിക്കില്ല. സമൂഹം അംഗീകരിച്ച രീതിയിലുള്ള പെരുമാറ്റങ്ങൾ ഇവർ പ്രകടിപ്പിക്കാറില്ല. വ്യക്തികളോടോ സമൂഹത്തോടോ യാതൊരു കടപ്പാടും ഇവർക്കുണ്ടാകില്ല. പൊതുവേ ബുദ്ധിശാലികളും പെട്ടെന്ന് മറ്റുള്ളവരുമായി ചങ്ങാത്തം സ്ഥാപിക്കുന്നവരും എല്ലാവരും പൊതുവെ ഇഷ്ടപ്പെടുന്നവരുമായിരിക്കും ഇവർ. മറ്റുള്ളവരെ സമർഥമായി ചൂഷണം ചെയ്യാനുള്ള ഇവരുടെ കഴിവ് എടുത്തുപറയേണ്ടതാണ്.
കുറ്റകൃത്യങ്ങൾ ചെയ്യുന്നതും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതും ഇവർക്ക് രസമാണ്. തത്കാല നേട്ടമാണ് പ്രധാനം. ഉത്തരവാദിത്വമില്ലായ്മ മൂലം ഒരു ജോലിയിലും ഉറച്ചുനിൽക്കാനാവില്ല. മറ്റുള്ളവരുടെ സ്നേഹവും സൗഹൃദവും ഇവർ പെട്ടെന്ന് സന്പാദിക്കും. തമാശ പറയാനും മറ്റുള്ളവരെ രസിപ്പിക്കാനും ഇവർക്ക് നല്ല കഴിവാണ്. മറ്റുള്ളവരുടെ മുന്പിൽ നല്ലപിള്ള ചമയാൻ ഇവർ സമർഥരാണ്. തങ്ങളുടെ കുറ്റങ്ങൾ കണ്ടുപിടിക്കപ്പെട്ടാൽ താൻ മനഃപൂർവം ചെയ്തതല്ലെന്നും തന്റെ ഉദ്ദേശ്യം അതായിരുന്നില്ലെന്നും പറയും. പറ്റിയ തെറ്റിൽ ആത്മാർഥമായി പശ്ചാത്തപിക്കുന്നതായി ഇവർ അഭിനയിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ചും അവരുടെ ദൗർബല്യങ്ങളെക്കുറിച്ചും നല്ല അറിവുണ്ടാകും. ഈ അറിവ് അവരെ ചൂഷണം ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യും.
സാമൂഹിക നിയന്ത്രണങ്ങളൊന്നും തങ്ങൾക്കു ബാധകമല്ലെന്ന രീതിയിലായിരിക്കും ഇവരുടെ പെരുമാറ്റം. പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികാരികളുമായും നിയമപാലകരുമായും മറ്റും ഇവർ എപ്പോഴും പ്രശ്നങ്ങളുണ്ടാക്കും. ശിക്ഷ ലഭിച്ചാലും വീണ്ടും പഴയ പ്രവൃത്തികൾ തുടരും. മറ്റുള്ളവരുടെ ഇഷ്ടവും സൗഹൃദവും പെട്ടെന്ന് നേടാൻ കഴിയുമെങ്കിലും ഇവർക്ക് നീണ്ടുനിൽക്കുന്ന അടുത്ത സുഹൃദ് ബന്ധങ്ങൾ ഉണ്ടാകില്ല. ഇവരുടെ അടുപ്പം താത്കാലികമായിരിക്കും. മറ്റുള്ളവരോട് നന്ദിയോ കടപ്പാടോ വിധേയത്വമോ ഇവർക്കുണ്ടാവില്ല.
കാരണങ്ങൾ
സാമൂഹ്യവിരുദ്ധ വ്യക്തിത്വത്തിന് വഴിതെളിക്കുന്ന കാരണങ്ങൾ എന്തെല്ലാമെന്ന് പൂർണമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പല ഘടകങ്ങളും പ്രധാന പങ്കുവഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര നാഡീവ്യൂഹത്തിലെ തകരാറുകൾ, ചില പഠനങ്ങളിൽ സാമൂഹ്യവിരുദ്ധ വ്യക്തിത്വമുള്ളവരുടെ മസ്തിഷ്കതരംഗങ്ങളിൽ ചില പ്രത്യേകതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, പലരും അസാധാരണമായ മസ്തിഷ്കതരംഗങ്ങൾ പ്രകടിപ്പിക്കുന്നതായി കണ്ടിട്ടില്ല. ചില സൈക്കോപത്തുകൾക്ക് വൈകാരിക ഉത്തേജനം കുറവാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. സാധാരണക്കാർക്ക് ഭയവും ഉത്കണ്ഠയും തോന്നുന്ന സന്ദർഭങ്ങളിൽ ഇവർക്ക് അപ്രകാരം തോന്നാത്തത് ഇതുകൊണ്ടായിരിക്കാം. സാധാരണ രീതിയിലുള്ള മനഃസാക്ഷിയുടെ വികസനവും സാമൂഹ്യവത്കരണവും നടക്കാത്തതിനും ഇതായിരിക്കാം കാരണം.
അസ്വസ്ഥമായ കുടുംബാന്തരീക്ഷവും കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളും വ്യക്തിത്വ തകരാറുകൾക്കു വഴിതെളിക്കുമെന്ന് കണ്ടിട്ടുണ്ട്. പലരുടെയും ബാല്യകാലം മാതാപിതാക്കളുടെ അഭാവംകൊണ്ട് ശ്രദ്ധേയമാണ്. പല ഗവേഷകരുടെയും അഭിപ്രായത്തിൽ മാതാപിതാക്കളുടെ നഷ്ടത്തേക്കാൾ അവ കുടുംബബന്ധങ്ങളിൽ സൃഷ്ടിക്കുന്ന വൈകാരിക അസ്വസ്ഥതകളാണ് പ്രധാനം. കുട്ടികളെ അവഗണിക്കുകയും നിരസിക്കുകയും സ്നേഹിക്കാതിരിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ അവരിൽ സാമൂഹ്യവിരുദ്ധ വ്യക്തിത്വം രൂപപ്പെടാൻ ഇടയാക്കുന്നു. സ്ഥിരതയില്ലാത്ത ശിക്ഷണരീതികളും മറ്റൊരു കാരണമാണ്.
അനുകരണത്തിലൂടെയാണ് കുട്ടികൾ പല പെരുമാറ്റ സവിശേഷതകളും സ്വാംശീകരിക്കുന്നത്. മാതാപിതാക്കളെയും മുതിർന്നവരെയുമാണ് കുട്ടികൾ മാതൃകയാക്കുന്നത്. കണ്ടുവളരുന്നത് തെറ്റായ മാതൃകകളാണെങ്കിൽ അത്തരം സവിശേഷതകൾ കുട്ടികളിൽ രൂപപ്പെടുന്നു. ചില പഠനങ്ങളിൽ ആന്റിസോഷ്യൽ വ്യക്തിത്വമുള്ള പുരുഷന്മാരുടെ കുട്ടികൾ അത്തരക്കാരായി മാറുന്നു എന്നു കണ്ടിട്ടുണ്ട്. ടെലിവിഷൻ, സിനിമ തുടങ്ങിയവയിലൂടെ കുട്ടികൾ കാണുന്ന അക്രമാസക്തിയും കുറ്റകൃത്യങ്ങളും തെറ്റായ മാതൃകകളാണ്.
സാമൂഹ്യ-സാംസ്കാരിക ഘടകങ്ങളും പ്രധാനമാണ്. ചേരിപ്രദേശങ്ങളിലെ താമസം, ഒറ്റപ്പെടൽ, വർണവിവേചനം, ജനസംഖ്യാവർധന തുടങ്ങിയ പല ഘടകങ്ങളും ഇത്തരം വ്യക്തിത്വ സവിശേഷതകൾക്ക് ഇടവരുത്തുന്നു. പരന്പരാഗതമായ മനഃശാസ്ത്ര ചികിത്സകൾകൊണ്ട് ഇവ പൂർണമായി പരിഹരിക്കുന്നതിന് കഴിയുമെന്ന് കണ്ടിട്ടില്ല. എങ്കിലും ബിഹേവിയർ മോഡിഫിക്കേഷൻ ടെക്നിക്കുകൾ പ്രതീക്ഷയ്ക്കു വക നൽകുന്നുണ്ട്.
(കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിൽ കൺസൾട്ടന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റും
ലേണിംഗ് ഡിസെബിലിറ്റി സ്പെഷലിസ്റ്റുമാണ് ലേഖിക)
Leader Page
മരണത്തെ നീട്ടിവയ്ക്കാനാണ് ഒരാള്‍ കഥ പറഞ്ഞുതുടങ്ങുന്നത് എന്ന് വായിച്ചിട്ടുണ്ട്. ആയിരത്തൊന്നു രാത്രികളിലും ഷെഹറാസാദ് കഥ പറയുകയായിരുന്നു. ഓരോ കഥ പറയുമ്പോഴും അവള് മരണത്തെ ഒരു കാതം അകലെ നിര്‍ത്തുകയായിരുന്നു. ഒടുവില്‍ കഥപറഞ്ഞു കഥപറഞ്ഞ് അവള് രാവുകളുടെ മാത്രകള്‍ കൂട്ടി.
പണ്ടു രാവുകള്ക്കിത്ര ദൈര്ഘ്യമില്ലായിരുന്നുവെന്നും ഷെഹറാസാദ് കഥപറഞ്ഞാണു രാവുകള്ക്കിത്ര ദൈര്ഘ്യമേറിയതെന്നും ഞാന്‍ പില്ക്കാലത്ത് ഭാവന ചെയ്തിരുന്നു. ഷെഹറാസാദ് ബുദ്ധിമതിയും തികഞ്ഞ കലാകാരിയുമായിരുന്നു. അവള് കലയുടെ മാന്ത്രികദണ്ഡുകൊണ്ടു കഥകളുടെ അദ്ഭുതലോകം സൃഷ്ടിക്കുകയായിരുന്നു. അത് ആലീസ് കണ്ട അദ്ഭുതലോകത്തേക്കാള് അദ്ഭുതമായിരുന്നു. ആ അദ്ഭുതലോകങ്ങളിലേക്കുള്ള ഹൃദ്യമായ ക്ഷണമായിരുന്നു കുട്ടിക്കാലത്ത് ഞാന്‍ വായിക്കാനെടുത്ത പുസ്തകങ്ങളിലധികവും.
ഒരിക്കല്‍ ഏറെ മുതിര്‍ന്നശേഷം, ഒരു സുഹൃദ്സദസിൽവച്ച് ഒരാള്‍ എന്നെക്കുറിച്ച് അടക്കംപറയുന്നതു കേട്ടു; ‘കഥയില്ലാത്തവന്’ എന്ന്. എന്നെ ഒറ്റവാക്കില്‍ വിശേഷിപ്പിച്ച അയാളുടെ പ്രതിഭയെ എനിക്ക് അഭിനന്ദിക്കണമെന്ന് തോന്നി. എനിക്കതു കേട്ടപ്പോള്‍ അമര്‍ഷമോ അസ്വസ്ഥതയോ ഒന്നും തോന്നിയില്ല. ഞാനയാളെ അഭിനന്ദിച്ചു. എന്റെ അഭിനന്ദനം അയാള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകേട്ടപ്പോള്‍ അയാള്‍ക്കു പ്രയാസമായി. “ഞാനാ അര്‍ഥത്തില്‍ അല്ല തന്നെക്കുറിച്ച് പറഞ്ഞത്, ക്ഷമിക്കണം” എന്ന് എന്നോടു പറഞ്ഞു. “ഗുരുതരമായ തെറ്റൊന്നും താങ്കള്‍ ചെയ്തിട്ടില്ലല്ലോ” എന്നായി ഞാന്‍. അയാള്‍ക്കു വല്ലാത്ത വിഷമമായി. അയാളെന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു. “സോറി” എന്നു പറഞ്ഞു. അയാളുടെ പരുങ്ങൽ കണ്ടപ്പോള്‍ എനിക്കും വിഷമമായി. ഞാന്‍ അവിടെനിന്നിറങ്ങിനടന്നു.
കൊല്ലം നഗരമധ്യത്തില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ കോഫി ഹൗസിലേക്കാണ് ഞാൻ പോയത്. മനസു വല്ലാതെ അസ്വസ്ഥപ്പെടുമ്പോഴെല്ലാം ഞാനവിടെ ചെന്നിരിക്കാറുണ്ടായിരുന്നു. ഒരു കോഫി കുടിച്ചുകഴിഞ്ഞാല്‍ തീരാവുന്ന പ്രശ്നങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, ‘കഥയില്ലാത്തവന്’ നെഞ്ചില്‍ക്കിടന്നു വല്ലാതെ പുകഞ്ഞുനീറി. കുടിച്ച കോഫിയേക്കാള്‍ ചൂട് ഉള്ളിലെ നീറ്റലിനുണ്ടായിരുന്നു.
കഥയില്ലാത്തവനില്നിന്ന് കഥയുള്ളവനിലേക്ക് എത്ര ദൂരമുണ്ടാകുമെന്ന് ഞാനോര്‍ത്തു. ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള ദൂരംതന്നെയേ യൂറോപ്പില്‍നിന്ന് ഇന്ത്യയിലേക്കുള്ളൂ എന്നറിയാമായിരുന്നിട്ടും എന്റെ ദൂരം അളന്നെടുക്കാന്‍ എനിക്കു കഴിഞ്ഞില്ല. എങ്കിലും കഥയുള്ളവനിലേക്കു നടക്കാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. അതൊരുറച്ച തീരുമാനമായിരുന്നു. ഒരു കോഫി ഹൗസില്‍നിന്നാണു ഫ്രഞ്ച് വിപ്ലവം സമാരംഭിച്ചതെന്നു പണ്ടെങ്ങോ വായിച്ചത് ഓര്മ വന്നു. അതേ, വിപ്ലവത്തിന്റെ ചെറിയ തീപ്പൊരികളിലൊന്ന് എന്നിലും കത്തിത്തുടങ്ങിയിരിക്കുന്നു.
കുട്ടിക്കാലം മുതലേ ഞാന്‍ അലസനും മടിയനും ദുഃഖോപാസകനും അശുഭാപ്തിക്കാരനുമായിരുന്നു. ഈ ഗുണവിശേഷങ്ങളായിരിക്കാം എന്നെ കഥയില്ലാത്തവനാക്കിയതിനു പിന്നിലെന്ന് എനിക്കു തോന്നി. അത് ഏറെക്കുറെ സത്യമായിരുന്നു. ഞാന്‍ ചില കടുത്ത തീരുമാനങ്ങളെടുത്തു.
അതെല്ലാം എന്റെ മുറിയിലെ ഭിത്തിയില്‍ ക്രമനമ്പരിട്ട് എഴുതിവച്ചു. അതിലാദ്യത്തേത് ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന മട്ടില്‍ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നുള്ളതാണ്. മറ്റൊന്ന് അനിയന്ത്രിതമായ ദേഷ്യത്തെ അടക്കിക്കൊണ്ട് ദേഷ്യം അഭിനയിക്കുക. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന ബോധമുണ്ടായിരിക്കണം. ഒരു നിമിഷത്തെ നിരാശയില്‍ ജീവിതത്തെ തെറ്റായി വ്യാഖ്യാനിക്കാതിരിക്കുക.
എല്ലായ്പോഴും തിരുത്തപ്പെടാനുള്ള ഒരു മനസ് സൂക്ഷിക്കുക. രക്തസമ്മര്ദത്തേക്കാള് അപകടകരമായ ചില സുഹൃത് സമ്മര്‍ദങ്ങളെ ഒഴിവാക്കുക. ഇത്രയൊക്കെ വളരെ ക്ലേശിച്ചു നടപ്പിലാക്കിയതോടെ ഞാന്‍ കഥയുള്ളവനിലേക്ക് ഇറങ്ങിനടക്കാന്‍ തുടങ്ങി. ജീവിതത്തിനോടു വല്ലാത്തൊരാവേശം തോന്നി. ഹിമാലയനിരകളെ കീഴടക്കാമെന്നായി. എന്നിലെ പ്രാകൃതന് കാട്ടിലൊളിച്ചു. പരിഷ്കൃതന് പുറത്തേക്കിറങ്ങിവന്നു. മനസ് നിര്‍ഭയവും ശാന്തവുമായി. ‘ലവണാസുരവധ’ത്തില്‍ ഹനുമാന് സീതയെ സാഷ്ടാംഗം നമസ്കരിക്കുന്നതുപോലെ എന്നെ ‘കഥയില്ലാത്തവന്’ എന്നുവിളിച്ച ആളുടെ മുന്നില്‍ ഞാന്‍ മനസുകൊണ്ടു പ്രണമിച്ചു.
കാലങ്ങള്‍ പിന്നെയും കടന്നുപോയി. ഒരിക്കല്‍ നഗരത്തിനു പുറത്ത് ആശ്രമവിശുദ്ധിയാര്ന്നൊരു വൃദ്ധസദനത്തില്‍ ഒരതിഥിയായി ഞാന്‍ ക്ഷണിക്കപ്പെട്ടു. ആര്‍ഭാടങ്ങളോ അലങ്കാരങ്ങളോ ഒന്നുമില്ലാത്ത ഇടം. നിശബ്ദത അവിടെവിടെയോ പതുങ്ങിനില്‍ക്കുന്നതുപോലെ തോന്നി.അമ്പതില്‍ താഴെ വയോവൃദ്ധര്‍. “ഇതൊരു വഴിയമ്പലമാണ്. ജീവിതയാത്രയില്‍ നമ്മള് എത്തിച്ചേര്‍ന്ന ഒരു വഴിയമ്പലം. ഇവിടെ എത്തിച്ചേര്ന്നവര് അനുഗ്രഹിക്കപ്പെട്ടവരാണ്.
വാര്‍ധക്യത്തിലെ ശാപങ്ങളിലൊന്ന് സുഹൃത്തുക്കള്‍ നഷ്ടപ്പെടുന്നു എന്നുള്ളതാണ്. എന്നാലിവിടെ യൗവനത്തിലേക്കാളേറെ സുഹൃത്തുക്കളെ ഒരു വരംപോലെ എല്ലാവർക്കും ലഭിക്കുന്നു എന്നുള്ളതാണ്.” എന്റെ വാക്കുകള്‍ അവരില്‍ ചിലരില്‍ കൗതുകമുണര്‍ത്തി. അങ്ങനെ സംസാരിച്ചുകൊണ്ട് നില്ക്കുന്നതിനിടയില് കറന്റ് പോയി. മൈക്ക് ഓഫായി. ജനറേറ്ററില്ല. ഞാന്‍ സ്റ്റേജില്‍നിന്നിറങ്ങി അവര്‍ക്കിടയിലേക്ക് ചെന്ന് സംസാരം തുടർന്നു. എന്നെ കേട്ടിരിക്കുന്ന കാതുകളിലധികവും അനവധി ദ്വാരങ്ങള്‍ വീണതാണെന്ന് അപ്പോഴാണെനിക്കു ബോധ്യപ്പെട്ടത്. പക്ഷേ, ദീപ്തമായ കണ്ണുകളിലൂടെ അവരെല്ലാം കേള്‍ക്കുന്നുണ്ടെന്ന് എനിക്കു തോന്നി. സംസാരം കഴിഞ്ഞ് വേദിയിലേക്കു മടങ്ങാന്നേരം എന്റെ കൈത്തലത്തിന് മീതെ തണുത്ത് ഏറെ ദുര്‍ബലമായ ഒരു കൈ അമര്‍ന്നു.
ഞാന്‍ നോക്കി. ഒട്ടും പരിചയമില്ലാത്ത മുഖം. നരച്ച പുരികങ്ങള്‍ക്കു താഴെ അസ്തമയത്തിന്റെ ഒരു തെളി. ഇടതൂര്‍ന്ന താടിമീശ. ആളെ തിരിച്ചറിയാനായില്ലെങ്കിലും ഞാനയാളെ നോക്കി ചിരിച്ചു. അപ്പോൾ ഒരു പതിഞ്ഞ ശബ്ദം അയാളില്‍നിന്ന് കേട്ടു; ‘കഥയില്ലാത്തവന്.’
Leader Page
ഒരു കുഞ്ഞ് പിറക്കുമ്പോള്‍, അതൊരു പെണ്കുഞ്ഞാണെങ്കില്, അവള്ക്കിടാനൊരു പേര് കാലേക്കൂട്ടി ഞാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. അതെന്റെ വിശുദ്ധ രഹസ്യങ്ങളിലൊന്നായിരുന്നു.അതിപ്പോള്‍ മാത്രമാണ് ഞാന്‍ വെളിപ്പെടുത്തുന്നത്. രഹസ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ അതു ഫലിതങ്ങളായിത്തീരുമെന്നൊരു കബീര്വാണിയുണ്ട്.
വ്യഞ്ജന, ലോപാമുദ്ര, ബാലാമണി, ജഹനാര, ശുഭേന്ദു, ബാലസരസ്വതി, തേജസ്വിനി, ശാരദ ഇങ്ങനെ പോകുന്നു ഞാന്‍ പണ്ടേ കുറിച്ചിട്ട പേരുകള്‍. ഒരാണ്‍കുഞ്ഞാണ് വിരുന്നുകാരനായെത്തുന്നതെങ്കില് ഒരൊറ്റ പേരേ മനസില്‍ കുറിച്ചിട്ടിട്ടുള്ളൂ; ആനന്ദവര്ധനന്. കരുണയറ്റ ഈ ‘ധ്വന്യാലോക’ത്ത് അവനെങ്കിലും ആനന്ദചിന്മയഗോപികാരമണനായി വാഴട്ടെ എന്ന് ഞാന്‍ ആശിച്ചിരുന്നു. പക്ഷേ, പിറന്നത് പെണ്‍കുഞ്ഞാണ്. പേരിടീല്‍ നേരത്ത് എന്റെ ഇത്തിരിപ്പോന്ന ആഗ്രഹത്തിനുമേലേ പ്രലോഭനങ്ങളുടെ ഒരു ഘോഷയാത്രതന്നെ കടന്നുപോയി. അരവിന്ദാകൃതികളുള്ള എന്റെ ഇഷ്ടനാമങ്ങളുടെ നേരേ ആരും കാരുണ്യം കാട്ടിയില്ല. ക്ഷമാപൂര്ണ മനസോടെ ഞാനെന്റെ ഇഷ്ടത്തിൽനിന്ന് പതിയെ പിന്‍വാങ്ങി.
ഉള്ളില്‍ ചിരകാലം കൊണ്ടുനടന്ന ഈ പെൺപേരുകളില്‍ എനിക്കേറ്റം പ്രിയംവദയായത് ‘ജഹനാര’യായിരുന്നു. ആ പേര് ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു ശോകശില്പംപോലെ എന്റയുള്ളില്‍ എന്നേ പണിതുയര്‍ത്തിയിരുന്നു. ആ പേര് നോവുന്ന ഒരുടലും പ്രാണനുമായിരുന്നു. അപാരത കണ്ടുനില്ക്കുംപോലൊരനുഭവം. കുഞ്ഞിന് ‘ജഹനാര’ എന്ന് പേരിടുന്നതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ചരിത്രാന്വേഷകനായ ഒരു കൂട്ടുകാരന് പറഞ്ഞു, “അശാന്തവും അസ്വസ്ഥവുമായ പേര്. ചരിത്രത്തിലെ കണ്ണീര്ത്തുള്ളിയാണവള്. അതുവേണ്ട.’’ അവനൊരു കലഹപ്രിയനായതിനാല് ഞാനധികം മുഷിയാന്‍ നിന്നില്ല. പക്ഷേ, ഞാനാ പേരില്‍ അതിനോടകം അനുരക്തനായിത്തീര്ന്നിരുന്നു.
ജഹനാരയെ ആദ്യം പരിചയപ്പെടുന്നത് സ്കൂള്‍ പഠനകാലത്താണ്. ഏഴിലോ എട്ടിലോ ആണെന്നാണ് ഓര്മ. സ്കൂള്‍ കലോത്സവമാണ് വേദി. അവിടെ ജോസല്ലാ സിസ്റ്റര്‍ തയാറാക്കിയ ഒരു നിശ്ചലരംഗം അരങ്ങേറുകയാണ്. ആഗ്രാകോട്ടയിലെ തടവുമുറിയില്‍ മുഗള്‍ രാജകിരീടം നഷ്ടപ്പെട്ട, നിരാലംബനും നിസഹായനുമായ ഷാജഹാന് ഒരേക ജാലകത്തിലൂടെ ദൂരെ താജ്മഹാള് നോക്കിനില്ക്കുന്നു. പിതാവിന്നരികില്‍ ജഹനാര വിഷാദവതിയായി നില്ക്കുന്നു. ഷാജഹാന്റെ വേഷം ഏറെ മുഷിഞ്ഞതാണ്. തലയില്‍ നരച്ച തട്ടമിട്ട്, ഇലകള്‍ ഉപേക്ഷിച്ചുപോയ ഒരു ദേവദാരുപോലെയാണ് ജഹനാര. തിരശീല ഉയരുമ്പോള്‍ കാണുന്ന രംഗം ഇതാണ്. ഒരൊറ്റ നിമിഷം മാത്രം. രംഗത്തിനൊപ്പം ഒരൊറ്റ ശ്വാസത്തില്‍ രംഗസന്ദർഭത്തെക്കുറിച്ച് സിസ്റ്ററുടെ അനൗണ്‍സ്മെന്റുമുണ്ട്. തീര്‍ന്നു. കുട്ടികളായ കൂട്ടുകാരുടെ നിറഞ്ഞ കൈയടി. ജഹനാരയായി അഭിനയിച്ച എന്നെ ആരും ഗ്രീൻറൂമിൽ വന്ന് പുകഴ്ത്തിയില്ല. ഷാജഹാൻ ചക്രവർത്തിയെ കൂട്ടുകാർ എടുത്തുപൊക്കി അഭിനന്ദിക്കുന്നതു കണ്ടു.അപ്പോള്‍ എല്ലാ കൈയടികളും ചക്രവർത്തിക്കായിരുന്നെന്ന് എനിക്കു മനസിലായി. പിന്നീട് ചരിത്രത്തിലെയോ പുരാണത്തിലെയോ ദുഃഖപുത്രിമാരെ അവതരിപ്പിക്കേണ്ട സന്ദർഭങ്ങളിൽ സിസ്റ്റര്‍ എന്നെ വിളിച്ചുവെങ്കിലും ഞാന്‍ പോയില്ല. അങ്ങനെ ആ ‘മിനുക്ക്’ വേഷം എന്നെന്നേക്കുമായി ഞാന്‍ ഉപേക്ഷിക്കുകയായിരുന്നു.
അവള്, ജഹനാര, ആ ദുഃഖപുത്രി എന്റെ ഉള്ളില്‍നിന്ന് അന്നത്തെ ദിവസത്തിനുശേഷം ഇറങ്ങിപ്പോകാൻ തയ്യാറായില്ല. ഏകാന്തതകളില്‍ അവള് വെയില്നാളംപോലെ എന്നില്‍ പ്രകാശിച്ചുനിന്നു. നല്ല നിലാവുള്ള രാവുകളില്‍ അവളെന്നോട് മിണ്ടിപ്പറഞ്ഞു. “നോക്കൂ, എന്റെ മുടി ഇങ്ങനെയായിരുന്നില്ല. എന്റെ കഴുത്ത്, കണ്ണുകള്‍, ഹൃദയം, സ്വപ്നങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല. ഇപ്പോൾ എല്ലാം ചിന്നിച്ചിതറിപ്പോയിരിക്കുന്നു. എന്റെ മുത്തുമാലകള്‍ ഊര്‍ന്നുപോയിരിക്കുന്നു. ഞാനിന്ന് ഒറ്റപ്പെട്ടവളാണ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവള്. എനിക്ക് മരിക്കണമെന്നുണ്ട്.
പക്ഷേ, തുറുങ്കൽ ഭിത്തി തുരന്ന് മരണത്തിന് ഇങ്ങോട്ട് വരാൻ കഴിയുന്നില്ല. വേദന അല്പാല്പമായി എന്നെ കൊന്നു തീർത്തിരുന്നെങ്കിൽ. നോക്കൂ, എന്റെ കണ്ണീരുകൂടി കലര്‍ന്നതാണ് യമുനയിലെ ഓളങ്ങള്‍’’. പനിനീര്‍പ്പൂവിന്റെ ഇതളുകളില്‍ പറ്റിച്ചേര്‍ന്ന ഹിമകണംപോലെ അവള് എന്നെ നോക്കി ചിരിച്ചു. ആ ചിരി തീനാളത്തിന്റെ ചൂടായി എനിക്കനുഭവപ്പെട്ടു. അവളെ എനിക്ക് ഹൃദയത്തിലേക്ക് ചേര്‍ത്തുപിടിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, മഞ്ഞില്‍ കുതിര്‍ന്ന നക്ഷത്രംപോലെ അവള് മേഘങ്ങള്ക്കിടയിലെങ്ങോ ഒളിഞ്ഞുനില്ക്കുകയായിരുന്നു.
ജഹനാരയിലേക്കുള്ള വഴികള്‍ നിശ്ശൂന്യജാതകംപോലെ അജ്ഞാതമാണ്. അവളുടെ കാല്പാടുകള് തിരയുക അസാധ്യം. ഏതോ നദീതീരത്ത് പിറവികൊണ്ട ദേവദാരു. ഋതുക്കള്‍ ഉപേക്ഷിച്ചുപോയ ഒരു മുളന്തണ്ട്. ശാരദോത്സവങ്ങളില് അവള് മുഗള്‍ ഉദ്യാനത്തിലെ പൂമൊട്ടുകള്‍ നനയ്ക്കുന്നതും കൃഷ്ണമണികളില്‍ നിലാവുതൊട്ടെഴുതുന്നതും ബുന്ദിയിലെ രജപുത്ര രാജാവായിരുന്ന ഛത്രസാലനില് ഒരോടക്കുഴലായി പാടുന്നതും ഞാന്‍ സങ്കല്പിച്ചു.
രണഭൂമിയില്‍നിന്ന് അസ്ഥികള്‍ മാത്രം പെറുക്കിക്കൂട്ടുന്ന ചരിത്രപുസ്തകങ്ങളിലൊന്നും പിന്നീടവളെ ഞാന്‍ കണ്ടിട്ടില്ല. ചരിത്രം അതെഴുതിയവന്റെ മാത്രം ഒസ്യത്താണ്. അതില്‍ ജഹനാരയില്ല. സന്ദര്‍ശകരില്ലാത്ത ശവകുടീരങ്ങൾ പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, അവളുടെ സമാധിക്കുമേല്‍ പടര്‍ന്ന പുല്പ്പരപ്പുകളൊന്നില് ആ ക്ഷണഭംഗുരയെക്കുറിച്ചോര്ത്തു കരഞ്ഞ എന്റെകൂടി പ്രാണഞരമ്പുണ്ട്.
Leader Page
പായസമില്ലാതെ എന്ത് ഓണം? അരിപ്പായസമോ അരിയടയോ ആവട്ടെ ശര്‍ക്കര കൂടിയേ തീരൂ. ഓണക്കാലമായതോടെ കിടങ്ങൂര്‍-അയര്‍ക്കുന്നം റോഡില്‍ കല്ലിട്ടുനടയിലെ ശര്ക്കരനിര്മാണപ്പുരയില് തിരക്കാണ്. ലൈവ് തട്ടുകട, ലൈവ് കഫേ, ലൈവ് അടുക്കള എന്നൊക്കെ പറയുന്നതുപോലെ ഇവിടെ കരിമ്പ് ആട്ടി നീരു തിളപ്പിച്ചാറ്റി ശര്‍ക്കര ഉരുട്ടി പാകമാക്കുന്നതു ലൈവായി കാണാം, ശർക്കരയും വാങ്ങാം. ആറുമാനൂര്‍ കുഞ്ചറക്കാട്ടില്‍ ജോസ് കെ. ഏബ്രഹാമാണ് കഴിഞ്ഞ ആറു വര്‍ഷമായി ഇവിടെ നാടന്‍ ശര്‍ക്കര നിര്‍മാണവും വിപണനവും നടത്തുന്നത്. സ്വന്തമായി എട്ടേക്കറിലും പാട്ടത്തിനെടുത്ത 16 ഏക്കറിലുമാണ് കൃഷി. കൂടാതെ, സര്‍ക്കാര്‍ കരിമ്പുഫാമില്നിന്നു കരിമ്പ് വാങ്ങുന്നുണ്ട്. മായമില്ലാതെ പൂര്‍ണമായി ജൈവമധുരമുള്ള ശര്‍ക്കരയാണ് ഇവിടെ തയാറാക്കുന്നത്.
ശർക്കര അത്ര എളുപ്പമല്ല
പാടത്തുനിന്നു വെട്ടിയ കരിന്പ് റോളറില്‍ കയറ്റി ജൂസെടുത്ത് വെള്ളം ബാഷ്പീകരിച്ച തിളപ്പിക്കും. 100 ലിറ്റര്‍ ജൂസ് ബാഷ്പീകരണം നടക്കാന്‍ നാലു മണിക്കൂറോളം വേണ്ടിവരും. തിളപ്പിക്കുന്നതിനു കരിമ്പിന് ചണ്ടികളും വിറകുമാണ് ഉപയോഗിക്കുന്നത്. വറ്റിച്ചെടുത്ത ജ്യൂസ് തടിമരവിയിലേക്ക് ഒഴിച്ചുകഴിഞ്ഞാല്‍ അരമണിക്കൂറിനുള്ളില്‍ നല്ലതുപോലെ ഇളക്കി ചെറു ചൂടോടെ കുമ്മായം കൂട്ടി ഉരുട്ടിയെടുക്കും. ഒരു ഉരുള 100 ഗ്രാമുണ്ടാകും. വില കിലോയ്ക്ക് 200 രൂപ. ജീരകം, ഏലയ്ക്ക, ചുക്ക് എന്നിവ ചേര്‍ത്ത് മൂല്യവര്ധിതമാക്കിയും വില്‍ക്കുന്നുണ്ട്. ഇതിന് വില 250 രൂപ.
പായസം, കൊഴുക്കട്ട, ഇലയട തുടങ്ങി രൂചികരമായ ഭക്ഷണസാധങ്ങള്‍ ഉണ്ടാക്കുവാന്‍ ശര്‍ക്കരയ്ക്ക് എപ്പോഴും ആവശ്യക്കാരുണ്ടെന്നു ജോസ് പറയുന്നു. അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂൾ റിട്ടയേഡ് അധ്യാപകനാണ് ജോസ്.
പൂര്‍വികരുടെ കാലത്തേ കുടുംബത്തിനു കരിമ്പുകൃഷിയും ശര്ക്കരനിര്മാണവുമുണ്ടായിരുന്നു. പൂർവികർ ചെയ്ത തൊഴിലിനെ തിരികെയെത്തിക്കാനുള്ള ആഗ്രഹത്തിലാണ് കരിമ്പിന്പാടവും ശര്‍ക്കരയും വീണ്ടെടുത്തത്.
Leader Page
ഇന്ന് അയ്യൻകാളി ജന്മദിനം. ജാതി ഉച്ചനീചത്വങ്ങൾക്കെതിരേയും അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിക്കുമായി ജീവിതം സമർപ്പിച്ച സമരപോരാളിയായിരുന്നു അയ്യൻകാളി. അയ്യൻകാളിയെക്കുറിച്ച്, ദീർഘകാലം ദീപിക പത്രാധിപസമിതിയംഗമായിരുന്ന, കേരളത്തിലെ പൗരാവകാശ സാമൂഹ്യനീതിയുടെ ചരിത്രത്തിലെ ഉജ്വലമായൊരു അധ്യായം വിരചിച്ച എം.എം. വർക്കിയുടെ ആത്മകഥയിൽ (ഓർമ്മകളിലൂടെ, 1974) എഴുതിച്ചേർത്തിട്ടുണ്ട്. സവിശേഷമായൊരു ചരിത്രസന്ദർഭത്തിലാണ് അയ്യൻകാളിയും എം.എം. വർക്കിയും കണ്ടുമുട്ടുന്നത്. ആ സന്ദർഭം വളരെ വിശദമായി അദ്ദേഹത്തിന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവിതാംകൂർ സെക്രട്ടേറിയറ്റ് ആയിരുന്ന ഹജൂർ കച്ചേരിയുടെ അക്കൗണ്ടാഫീസിൽ നടന്ന ഒരു ജാതിപീഡനമായിരുന്നു ആ കണ്ടുമുട്ടലിനും സൗഹൃദത്തിനും വഴിതെളിച്ചത്. അവിടെ കെ. ജോർജ് എന്നൊരാൾ അക്കൗണ്ടാഫീസറും കെ. നീലകണ്ഠപ്പിള്ള, വെങ്കിട്ട രമണയ്യർ, കെ.എം. മാത്തൻ, കൃഷ്ണസ്വാമി അയ്യർ, ഡാനിയൽ എന്നിവർ അസിസ്റ്റന്റ് അക്കൗണ്ടാഫീസർമാരുമായിരുന്നു. കെ. ജോർജും നീലകണ്ഠപ്പിള്ളയും അവധിയിലും മാത്തൻ ഔട്ട് ഓഡിറ്റ് സംബന്ധിച്ചു സർക്കീട്ടിനും പോയ അവസരത്തിൽ സീനിയോരിറ്റി പ്രകാരം വെങ്കിട്ട രമണയ്യർ ചീഫ് ഓഫീസറും കൃഷ്ണസ്വാമി അയ്യർ സീനിയർ ഓഫീസറുമായി. ചീഫ് ഓഫീസറുടെ പങ്കവലിയുടെ ചുമതല പ്യൂണായ (അക്കാലത്ത് ഓഫീസുകളിൽ വൈദ്യുതിയോ ഫാനോ ഇല്ലായിരുന്നു. മുറിക്കു പുറത്തേക്കിട്ടിരുന്ന ഒരു കപ്പിയും ചരടും മുഖേന പുറത്തിരുന്ന് ഒരു പ്യൂൺ ഓഫീസ് സമയത്തു മാത്രം പങ്ക വലിക്കുകയായിരുന്നു പതിവ്) ഗോപാലൻ എന്നൊരു ഈഴവനായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞാണ് തനിക്ക് പങ്കവലിക്കുന്നത് തീണ്ടൽ ജാതിക്കാരനായ ഒരു ഈഴവനാണെന്നു വെങ്കിട്ട രമണയ്യർ അറിഞ്ഞത്. അയ്യർക്ക് കലിയിളകി ചാടിയെണീറ്റ് ബഹളമുണ്ടാക്കുകയും പല ഭാഷകളിലായി ശകാരവർഷം നടത്തുകയും ചെയ്തു. ബഹളം കേട്ട് അടുത്ത മുറികളിലായി ഉണ്ടായിരുന്നവർ ഓടിക്കൂടി വിവരം തിരക്കിയപ്പോൾ തീണ്ടൽ ജാതിക്കാരനായ ഈഴവൻ തന്റെ പങ്ക വലിച്ച് മുറി അശുദ്ധവായുകൊണ്ടു നിറച്ചു എന്നാണ് മറുപടി പറഞ്ഞത്. ആ ഈഴവനെ മാറ്റി സവർണഹിന്ദു പ്യൂണിനെ തത്സ്ഥാനത്ത് നിയോഗിച്ചു. ഗോപാലനെ മാറ്റി ബ്രാഹ്മണനായ കൃഷ്ണസ്വാമിയുടെ പങ്കവലി ഏല്പിച്ചു. തുടർന്ന് ഗോപാലൻ ഡാനിയേലിന്റെ പങ്കവലി പ്യൂണായി നിയമിക്കപ്പെടുകയും ഒരു കുഴപ്പവും കൂടാതെ കൃത്യങ്ങൾ മുന്നോട്ടു പോവുകയും ചെയ്തു.
വർക്കിയുടെ കേരളദാസൻ മുഖപ്രസംഗം
എം.എം. വർക്കി കേരളദാസൻ പത്രം നടത്തുകയായിരുന്നു. 1924 ഡിസംബർ 13ന്റെ കേരളദാസനിൽ ‘അക്കൗണ്ടാഫീസിൽ ഈഴവനെ പന്തുതട്ടുന്നു, ജാതിയുടെ പേരിൽ’ എന്നൊരു റിപ്പോർട്ടും ‘അക്കൗണ്ടാഫീസിലെ കല്പാത്തി’ എന്നൊരു മുഖപ്രസംഗവും പ്രസിദ്ധീകരിക്കപ്പെട്ടു. ബ്രാഹ്മണ ഓഫീസർമാരുടെ നടപടിയെ കഠിനമായി വിമർശിച്ചും നടപടി എടക്കണമെന്നു ഗവൺമെന്റിനോട് ആവശ്യപ്പെട്ടുമുള്ളതായിരുന്നു വർക്കിയുടെ കേരളദാസൻ മുഖപ്രസംഗം. ഡാനിയേൽ ഒരു ക്രിസ്ത്യാനിയായതുകൊണ്ട് ഈഴവൻ പങ്കവലിക്കുന്നതിൽ യാതൊരു ഭ്രഷ്ടും തോന്നാതെ അയാളെ അനുവദിച്ചു. അങ്ങനെ ഒരീഴവൻ മൂന്നുതവണ സവർണരുടെ തട്ടുകൊണ്ട് കരണംമറിഞ്ഞ് ഒരു ക്രിസ്ത്യാനിയുടെ പക്കൽ വന്ന് അഭയം പ്രാപിച്ചിരിക്കുന്നു എന്ന് മുഖപ്രസംഗത്തിൽ എഴുതി (ഈ സംഭവത്തെക്കുറിച്ചുള്ള കേരള സംസ്ഥാന പുരാവസ്തു രേഖാലയത്തിലെ രേഖകൾ അടിസ്ഥാനമാക്കി ചെറായി രാമദാസ് എഴുതിയിട്ടുണ്ട്, സഹോദരൻ 2023 ഏപ്രിൽ).
ഡിസംബർ അവസാനവാരങ്ങളിൽ കേരളദാസൻ ഓഫീസിൽ ഒരാൾ കയറിവന്നു. അതേക്കുറിച്ച് എം.എം. വർക്കി എഴുതുന്നു: “ആൾ കാഴ്ചയിൽ ഒരു ഉദ്ദണ്ഡൻ. ആറ് ആറരയടി പൊക്കം വരും. അതിനടുത്ത വണ്ണവും. ഒരു വളവും പുളവുമില്ലാത്ത ശരീരം. ഇരുനിറം. കറുത്ത തുണികൊണ്ടുള്ളതും മുട്ടുവരെ കിടക്കുന്നതുമായ ഒരു ലോംഗ് കോട്ട്, ഒരു തലപ്പാവ്, നല്ല വെളുത്ത കരയൻമുണ്ട് ഇതാണു വേഷം. ഏതോ വലിയ മനുഷ്യനായിരിക്കുമെന്ന് ഒറ്റ നോട്ടത്തിൽതന്നെ തോന്നി. പടികയറി വരുന്നതു കണ്ടു ഞാൻ മുറിയിൽനിന്നിറങ്ങി പുറത്തു വരാന്തയിലേക്കു ചെന്നു. വന്ന ആൾ മുറ്റത്തു വന്നു നില്പായി. കയറി വരാം എന്നു പറഞ്ഞിട്ടും ആൾ അനങ്ങുന്നില്ല. നിന്ന നില്പിൽ ഒരു വിസിറ്റിംഗ് കാർഡ് എന്റെ നേരേ നീട്ടി. ‘അയ്യന്‍കാളി, പുലയ മഹാജനസഭാ പ്രസിഡന്റ്’ എന്ന് ഒരു തകിടിൽ അച്ചടിച്ചതായിരുന്നു ആ കാർഡ്. ഞാൻ കാർഡ് വാങ്ങി നോക്കിയിട്ട് കയറി വരാം എന്നു വീണ്ടും പറഞ്ഞു. “ഇവിടെത്തന്നെ നിന്നുകൊള്ളാം, കാർഡ് മടക്കിത്തന്നാൽ ഉപകാരമായി” എന്നായിരുന്നു ഉത്തരം. കാർഡ് തിരികെ കൊടുത്തിട്ട്, വന്നത് എന്തിനാണെന്നും മറ്റും ചോദിക്കാതെ, ഞാൻ മുറ്റത്തേക്കിറങ്ങി, അദ്ദേഹത്തിന്റെ കൈയിൽ കയറിപ്പിടിച്ച്, വലിച്ചെന്നു തന്നെ പറയാം. ആളെ വരാന്തയിൽ കയറ്റി. വരാന്തയിൽ ഏതാനും ചാരുകസേരകളും രണ്ടു ചൂരൽകസേരകളും കിടപ്പുണ്ടായിരുന്നു. അകത്തേ മുറിയിൽ കുറേ അതിഥികളിരുപ്പുണ്ടായിണ്ടായിരുന്നു. എന്റെ പിടിവലി കണ്ട് അവർ എഴുന്നേറ്റു പുറത്തേക്കു വന്നു. വരാന്തയിൽ കയറി, ശ്രീ അയ്യന്‍കാളിയോട് ഒരു ചാരുകസേരയിൽ ഇരിക്കാൻ വീണ്ടും ഞാൻ പറഞ്ഞു. എന്തു ചെയ്താലും ഇരിക്കയില്ല. “നിങ്ങൾ ഇരിക്കാതെ നിങ്ങൾ പറയുന്നത് ഒന്നും കേൾക്കാൻ ഞാൻ തയാറില്ല. നിങ്ങൾ ഇരിക്കാതെ നിങ്ങളെ ഇവിടെനിന്നു ഒട്ടു വിടുകയുമില്ല” -എന്നു ഞാൻ പറഞ്ഞു.
അന്നു വർക്കിക്ക് കഷ്ടിച്ച് 24 വയസു പ്രായം കാണും. ക്ഷമ വളരെ കുറവുള്ള പ്രകൃതം. ഏതുതരം അക്രമങ്ങളോടും അടക്കാൻ സാധിക്കാത്ത വൈരാഗ്യവും എതിർപ്പും. അയ്യന്‍കാളിയുടെ അടിമത്ത മനഃസ്ഥിതി അതു നിരന്തരമായ ജാതിശല്യം കൊണ്ടുണ്ടായതാണെന്നു വരികിലും വർക്കിയുടെ രക്തം തിളപ്പിക്കുകതന്നെ ചെയ്തു. വർക്കി ഒരു തട്ടിക്കയറ്റംതന്നെ നടത്തി. ഒരുവിധത്തിൽ അദ്ദേഹം കസേരയിൽ ഇരുന്നു ഇരുന്നില്ലായെന്നു വരുത്തി. വർക്കി അദ്ദേഹത്തെ ശരിക്കു പിടിച്ചിരുത്തി, സംസാരം തുടങ്ങി. അപ്പോഴാണ്, എവിടെച്ചെന്നാലും ഇരിക്കാതെ കഴിച്ചു കൂട്ടുകയാണ് അദ്ദേഹത്തിന്റെ പതിവെന്നു മനസിലായത്.
വന്ന കാര്യം...
ഒടുവിൽ, വന്നകാര്യം ചോദിച്ചപ്പോൾ ‘കേരളദാസൻ’ പത്രം ഒരു ലക്കം കാണാനിടയായെന്നും അതിൽ ഈഴവനെ പന്തുതട്ടുന്ന റിപ്പോർട്ടും, അതിനെ ആധാരമാക്കിയുള്ള മുഖപ്രസംഗവും വായിച്ചെന്നും അതിലുള്ള സന്തോഷംകൊണ്ട്, തങ്ങൾക്ക് ഒരു സഹായി ഉണ്ടല്ലോ എന്ന കൃതാർഥത പ്രകടിപ്പിക്കാനാണു വന്നതെന്നും പറഞ്ഞു. പിന്നീടു ഞങ്ങൾ വളരെനേരം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ചു. അതിനിടയ്ക്കു ഞങ്ങൾ ചായയും ഒരുമിച്ചുതന്നെ കഴിച്ചു. എപ്പോൾ, എന്തൊരു സഹായത്തിനും ദാസൻ ഓഫീസിൽ വരാമെന്നും ഇവിടെ താമസിക്കുന്നതിനു വിരോധമില്ലെന്നും എം.എം. വർക്കി പറഞ്ഞു.
ആദ്യ കൂടിക്കാഴ്ച അത്യന്തം വികാരവായ്പോടെയാണ് അവസാനിച്ചത്. വർക്കി തുടർന്ന് എഴുതുന്നു: “യാത്രപറഞ്ഞു പിരിയുമ്പോൾ, ശാന്തതയുടെ കണ്ണാടിയായിരുന്ന ആ മുഖം അൽപം വാടുകയും കണ്ണു നിറയുകയും ചെയ്തു”. പിന്നീട് അദ്ദേഹം തിരുവനന്തപുരത്തു വരുമ്പോഴൊക്കെ ദാസൻ ഓഫീസിൽ എത്തി എം.എം. വർക്കിയെ കാണാറുണ്ടായിരുന്നു. അയ്യൻകാളിക്കുവേണ്ടി പല ഹർജികളും കത്തുകളും വർക്കി എഴുതിക്കൊടുത്തിട്ടുണ്ട്. നിവർത്തന പ്രക്ഷോഭം മൂർച്ചപ്പെടുന്നതുവരെ ഈ ബന്ധം തുടർന്നുപോന്നുവെന്നും അതിനുശേഷം തമ്മിൽ കണ്ടിട്ടില്ലെന്നും എഴുതിയാണ് അയ്യൻകാളിയെക്കുറിച്ചുള്ള ഓർമകൾ എം.എം. വർക്കി അവസാനിപ്പിക്കുന്നത്.
Leader Page
മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ വിപുലീകരണമാണ് മാധ്യമങ്ങൾ എന്ന് പറഞ്ഞത് പ്രശസ്ത കനേഡിയൻ മാധ്യമചിന്തകനായ മാർഷൽ മക് ലൂഹനാണ്. മനുഷ്യന്റെ കണ്ണുകളുടെ സ്ഥാനമാണ് കാമറ. കണ്ണുകളുടെ പരിമിതിയെയും കാമറ മറികടക്കുന്നുണ്ട്. ഒരു വസ്തുവിന്റെ സൂക്ഷ്മ വിശദാംശങ്ങളിലേക്ക് പോകാൻ കാമറയ്ക്കു കഴിയും.
ടെലിവിഷൻ സമീപദൃശ്യങ്ങളുടെ മാധ്യമമാണ്. ടെലിവിഷനിൽ നാം കാണുന്ന വ്യക്തികളെ സൂക്ഷ്മമായി അവരുടെ വിശദാംശങ്ങളിലൂടെയാണ് മനസിലാക്കുന്നത്. ടെലിവിഷനിലൂടെ കള്ളം പറയുന്നതുപോലും സൂക്ഷിച്ചു വേണം. അത്രയ്ക്ക് സമീപവീക്ഷണകോണിലാണ് ടെലിവിഷൻ കാര്യങ്ങളെ അടയാളപ്പെടുത്തുന്നത്. ടെലിവിഷൻകാലത്ത് രാഷ്ട്രീയപ്രവർത്തനത്തിന്റെ സ്വഭാവം മാറുന്നുണ്ട്. രാഷ്ട്രീയം ഇന്ന് ദൃശ്യപ്രകടനങ്ങളുടെ കലയാണ്. ഓവർ ആക്കാതെ പ്രകടനത്തിൽ മികവു പുലർത്തുന്നവരാണ് ഇന്ന് രാഷ്ട്രീയത്തിൽ തിളങ്ങുന്നത്.
ജെഎഫ്കെയും ഉരുക്കും
ടെലിവിഷൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിർണയിക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല. 1960ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിച്ചത് ടെലിവിഷനായിരുന്നു. ചരിത്രപ്രസിദ്ധമായ കെന്നഡി-നിക്സൻ സംവാദം കാണാൻ ടെലിവിഷനു മുമ്പിലിരുന്നത് എഴുപത് ലക്ഷത്തോളം ആളുകളാണ്. ആകെ നടന്ന നാലു സംവാദങ്ങളിൽ ആദ്യത്തെ സംവാദം കഴിഞ്ഞപ്പോഴേ കാര്യങ്ങൾക്ക് തീരുമാനമായി. കാമറയിൽ കണ്ണുറപ്പിച്ചുകൊണ്ടുള്ള സംഭാഷണം, കാമറയ്ക്ക് അനുകൂലമായ മേക്കപ്പ്, ആത്മവിശ്വാസം നിറഞ്ഞ ശരീരഭാഷ, കറുത്ത കോട്ടും വെളുത്ത പശ്ചാത്തലവും, മനോഹരവും ശക്തവുമായ ഭാഷ - ഇവകൊണ്ട് നിക്സനേക്കാൾ കെന്നഡിയാണ് മിടുക്കനെന്ന് അമേരിക്കക്കാർ വിധിയെഴുതി. പിന്നിങ്ങോട്ട് അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ തലവര നിർണയിക്കുന്നതിൽ ടെലിവിഷന്‍ വലിയൊരുപങ്കുണ്ട്.
ഉരുക്കുവനിത എന്ന ആഖ്യാനം നിർമിച്ചുകൊണ്ട് അതിനെ പിന്താങ്ങുന്ന ദൃശ്യ ആഖ്യാനങ്ങളാണ് മാർഗരറ്റ് താച്ചറും അവരുടെ പിആർ ഗ്രൂപ്പും ടെലിവിഷനിൽ നിർമിച്ചത്. താച്ചർ കാമറയ്ക്കു മുമ്പിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പേ വസ്ത്രത്തിന്റെ നിറം കാമറ അങ്കിളികൾ ലൈറ്റിംഗ് എന്നീ കാര്യങ്ങളിൽ കൃത്യമായ തയാറെടുപ്പു നടത്തിയിരുന്നു. തന്റെ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം മീഡിയ ട്രെയിനിംഗ് നൽകുന്ന കാര്യത്തിലും താച്ചർ ശ്രദ്ധിച്ചു. മാധ്യമങ്ങളുമായി നല്ല ബന്ധം സൂക്ഷിച്ചുവെന്നു മാത്രമല്ല, കൂടുതൽ പ്രചാരമുള്ള മാധ്യമ സ്ഥാപനങ്ങളുമായി പ്രത്യേക അടുപ്പം സൂക്ഷിക്കുകയും ചെയ്തു. ബ്രിട്ടന്റെ അധീനതയിലുള്ള ഫോക്ലാൻഡ് ദ്വീപിനുവേണ്ടി 1982ൽ ബ്രിട്ടനും അർജന്റീനയുമായി ഉണ്ടായ യുദ്ധം മാർഗരറ്റ് താച്ചറുടെ മീഡിയാ മാനേജ്മെന്റിന്റെ മികച്ച വിജയം കൂടിയായിരുന്നു. യുദ്ധത്തിനിടെ നടത്തിയ പത്രസമ്മേളനങ്ങളും ടെലിവിഷൻ ഇന്റർവ്യൂകളും താച്ചറുടെ പൊളിറ്റിക്കൽ ഗ്രാഫ് ഉയർത്തി. യുദ്ധം കഴിഞ്ഞതോടുകൂടി അവർ ശരിക്കും ഉരുക്കുവനിതയായി.
1984ൽ കൺസർവേറ്റീവ് പാർട്ടിയുടെ സമ്മേളനത്തിന്റെ ഭാഗമായി താച്ചർ താമസിച്ച ഹോട്ടൽ മുറി ഐറിഷ് റിപ്പബ്ലിക്കൻ ആർമി ബോംബ് വച്ച് തകർത്തു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട മാർഗരറ്റ് താച്ചർ മണിക്കൂറുകൾക്കകം പത്രസമ്മേളനം വിളിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ സമ്മേളനം തുടരുമെന്നും തീവ്രവാദം തോൽക്കുമെന്നും പറഞ്ഞു. ഉരുക്കിന്റെ കരുത്ത് ജനം കണ്ട പത്രസമ്മേളനമായിരുന്നു അത്. സംഘർഷഭരിതമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴാണ് ജനങ്ങൾ ഒരു നേതാവിനെ അന്വേഷിക്കുന്നത്. നേതാവിന്റെ സാമീപ്യംപോലും ആഗ്രഹിക്കും. ഈ സാമീപ്യത്തെ പ്രതിനിധാനപരമായി ആവിഷ്കരിക്കാൻ ടെലിവിഷന്‍ കഴിയും. ക്രൈസിസ് പിആറിന്റെ മികച്ച കാഴ്ചകൾ ടെലിവിഷൻകാലത്ത് ലോകം ആദ്യം കാണുന്നത് മാർഗരറ്റ് താച്ചറിലൂടെയാണ്. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയെ തോൽപ്പിച്ചത് വിയറ്റ്നാമല്ല, അമേരിക്കൻ ടെലിവിഷനാണ് എന്ന് പറയുന്നവരുണ്ട്. ജോർജ് ബുഷ് ഒന്നാമന്റെ ഇമേജ് നിർമിക്കുന്നതിലും ഗൾഫ് യുദ്ധവാർത്തകളും പങ്കുവഹിക്കുന്നുണ്ട്.
പൊളിറ്റിക്കൽ തിയറ്റർ
പത്രങ്ങൾ മാത്രം ഉണ്ടായിരുന്ന ഒരു കാലത്തുനിന്നു വ്യത്യസ്തമാണ് ടെലിവിഷൻ കാലത്തെ രാഷ്ട്രീയം. മലയാളത്തിലെ ടെലിവിഷന്റെ കടന്നുവരവും ചില നേതാക്കളുടെ പതനവും ഒരുമിച്ചാണ് സംഭവിക്കുന്നത്. ഒപ്പം, പുതിയ താരോദയങ്ങളും സംഭവിക്കുന്നു. കെ. കരുണാകരൻ എന്ന കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും വലിയ അതികായന്റെ ഗ്രാഫ് ടെലിവിഷന്റെ കടന്നുവരവോടുകൂടി താഴേക്കു പോയി. പത്രങ്ങൾ വളരെ ഗൗരവമുള്ള ആഖ്യാനമാക്കി നിർമിച്ച രാഷ്ട്രീയത്തെ ടെലിവിഷൻ എന്റർടൈനറാക്കി. കേരളത്തിലെ മിക്ക നേതാക്കൾക്കും മിമിക്രി പതിപ്പുകളുണ്ടായി. ഏഷ്യാനെറ്റിലെ സിനിമാല പോലുള്ള പരിപാടികൾ ഉദാഹരണം. കൗശലക്കാരൻ, പുത്രവാത്സല്യം നിറഞ്ഞ പിതാവ് ഇങ്ങനെയുള്ള സ്റ്റീരിയോ ടൈപ്പായി കരുണാകരൻ ടെലിവിഷൻ പൊളിറ്റിക്കൽ എന്റർടൈൻമെന്റ് പരിപാടികളിലും രാഷ്ട്രീയ അനുകരണങ്ങളിലും ആവർത്തിച്ച് അവതരിപ്പിക്കപ്പെട്ടു. അതേസമയം ഇ.കെ. നായനാർ ടെലിവിഷനെ സമർഥമായി ഉപയോഗിച്ചു. നായനാരുടെ, മുഖ്യമന്ത്രിയോട് ചോദിക്കാം പരിപാടി മികച്ച എന്റർടൈനർ കൂടിയായിരുന്നു. ചാനൽ ചർച്ചകളിലൂടെ കുടുംബപ്രേക്ഷകർക്ക് ചിരപരിചിതനായ എം.ഐ. ഷാനവാസ് വയനാട്ടിൽ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചപ്പോൾ കേരളത്തിലെ ടെലിവിഷന്റെ ശക്തികൂടിയാണ് തെളിഞ്ഞത്. ജയിച്ച ഷാനവാസ് കേരളത്തിലെ മാധ്യമങ്ങളോടാണ് ആദ്യം നന്ദിപറഞ്ഞത്. കേരളത്തിലെ മൂന്ന് പ്രധാന രാഷ്ട്രീയ ചേരികളിലെയും ശ്രദ്ധേയരായ പല യുവനേതാക്കളും ശ്രദ്ധിക്കപ്പെട്ടത് ചാനൽ ചർച്ചകളിലൂടെയായിരുന്നു. വി.എസ്. അച്യുതാനന്ദന്റെ മൂന്നാർ ഓപ്പറേഷൻ കേരളത്തിലെ ടെലിവിഷൻ കവറേജിന്റെ ചരിത്രത്തിലെ മറ്റൊരു ഹൈലൈറ്റായിരുന്നു.
അടി-തട
അടി-തടയൽ-തിരിച്ചടി ഇങ്ങനെ മുന്നേറുന്ന അഭ്യാസമാണ് ടെലിവിഷൻ ചർച്ചകൾ. അനുകൂലിക്കുന്നവർ, എതിർക്കുന്നവർ, വിദഗ്ധൻ ഇതിനിടയിൽ ജനവികാരത്തെ ആവേശകരവും ഉദ്വേഗം ജനിപ്പിക്കുന്നരീതിയിലും കൈകാര്യം ചെയ്യുന്ന മധ്യസ്ഥൻ-അവതാരകൻ. ആദ്യത്തെയും അവസാനത്തെയും വിധിപ്രസ്താവം അയാൾക്ക് മാത്രം അവകാശപ്പെട്ടതുമാകുന്നു. ചർച്ച എങ്ങനെ പോയാലും മുൻകൂട്ടി തയാറാക്കിവച്ച സ്ക്രിപ്റ്റ് അനുസരിച്ചുള്ള വിധിപ്രസ്താവത്തിൽ മാറ്റമുണ്ടാവില്ല. വസ്തുനിഷ്ഠത, നിഷ്പക്ഷത, പ്രതിബദ്ധത ഇവയെല്ലാം ടെലിവിഷനിൽ ഒരു പ്രതീതി മാത്രമാണ്. അവധാനതയോടെയുള്ള മറുപടിയല്ല. എതിരാളിയെ നിഷ്പ്രഭനാക്കുന്ന വാക്ചാതുര്യമാണ് ടെലിവിഷൻ ഡിബേറ്ററുടെ കരുത്ത്. അയാളുടെ വാക്ക് അയാളുടെ നിലപാടാണെന്ന തെറ്റിദ്ധാരണ പൊതുവേ കാഴ്ചക്കാർക്കിടയിൽ ഉണ്ടാകും. ടെലിവിഷനിൽ നടക്കുന്നതെല്ലാം സ്റ്റാർട്ട് -ആക്ഷൻ - കട്ട് ഇടയിലുള്ള പെർഫോമൻസാണെന്ന അടിസ്ഥാന ധാരണ നമുക്കുണ്ടാവണം. സ്ത്രീപീഡകർക്കുനേരെ സ്ക്രീനിൽ തീതുപ്പിയ അവതാരകർ പിന്നീട് സമാനമായ കേസുകളിൽ അകപ്പെടുന്നത് കണ്ടു. ഡിബേറ്റർമാരും അങ്ങനെയാണ്. അവർ ആദർശത്തിന്റെയും നേതൃപാടവത്തിന്റെയും അവതാരങ്ങളാണെന്ന പ്രതീതി പെട്ടെന്ന് രൂപപ്പെടും. വാക്ചാതുരിയും ആകാരസൗഷ്ഠവവും നേതൃഗുണത്തിന്റെ ഒരു ഭാഗം മാത്രമാണ്. ചാനൽ ചർച്ചകളിലൂടെ, വിളയാതെ പഴുത്ത നേതാക്കൾ മൂക്കുകുത്തി വീഴുന്നത് നാം കാണുന്നു. സ്ക്രീനിലെ ഗോപുരങ്ങൾ നിലത്തുവീണ് ഉടയുന്ന ഞെട്ടലിലാണ് കാഴ്ചക്കാരും.
അജൻഡകളാണ് ആദ്യം നിർമിക്കപ്പെടുന്നത്. അജൻഡകൾക്കനുസരച്ച് ദൃശ്യങ്ങളും ആഖ്യാനങ്ങളും റിപ്പോർട്ടുകളും. പ്രേക്ഷകർ എന്തു കാണണമെന്ന് മാധ്യമങ്ങൾ തീരുമാനിക്കുന്നു. ഇതാണ് അജൻഡ സെറ്റിംഗ്. എങ്ങനെ കാണണമെന്നും തീരുമാനിക്കുന്നു. ഇതാണ് ഫ്രെയിമിംഗ്. മാധ്യമരംഗത്ത് മുതൽ മുടക്കിയ മുതലാളിമാർ, പരസ്യദാതാക്കൾ, ഗവൺമെന്റ് ഇങ്ങനെ പല ഏജൻസികളുടെയും താത്പര്യങ്ങളിലൂടെയും അരിച്ചു വരുന്നതാണ് ഓരോ വാർത്തയും. എല്ലായിടത്തേതുമെന്നപോലെ അജൻഡകളും ഫ്രെയ്‍മിംഗും കൃത്യമായ രാഷ്ട്രീയവും രാഷ്ട്രീയവിരോധവും കേരളത്തിലെ ദൃശ്യമാധ്യമങ്ങൾക്കുമുണ്ട്.
പക്ഷേ, നിങ്ങളൊക്കെ ആരാ...? കടക്കൂ പുറത്ത്... എന്നൊക്കെ പറയുമ്പോൾ കാണുന്ന ഫ്രെയ്മിൽ പറയുന്നയാളിന്റെ മുഖത്തിന്റെ സമീപദ്യശ്യമാണ്. കാമറക്കണ്ണുകളുടെ വിപുലീകരണമാണ്. ജനങ്ങളുടെ കണ്ണുകളിൽ നോക്കിയാണ് നേതാക്കളുടെ രോഷപ്രകടനങ്ങൾ. അവരുടെ മുഖപേശികൾ വലിഞ്ഞുമുറക്കുന്നതും ഞരമ്പുകളിൽ തീ പിടിക്കുന്നതും കാണാം. അത്രത്തോളം എക്സ്ട്രീം ക്ലോസപ്പാണ് ദൃശ്യങ്ങൾ. കരുതൽ നല്ലതാണ്.
സൈൻ-ഓഫ്
ഇരുപത്തിനാലു മണിക്കൂറും കൊച്ചുകേരളത്തിൽനിന്നും വാർത്ത ശേഖരിക്കുവാനുള്ള ടാർഗറ്റുമായി നടക്കുന്ന മാധ്യമപ്രവർത്തകരെ വന്ദിച്ചില്ലെങ്കിലും...
കോവിഡ് വാർത്താസമ്മേളനം
താച്ചറെപ്പോലും മറികടക്കുന്ന മീഡിയ മാനേജ്മെന്റിന് കോവിഡ് കാലത്ത് കേരളം സാക്ഷ്യംവഹിച്ചു. കോവിഡ് ജീവഭയം വിതയ്ക്കുന്ന നാളുകളിൽ മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനങ്ങൾ പിണറായി വിജയൻ എന്ന നേതാവിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിൽ പങ്കുവഹിച്ചു.
വൈകുന്നേരം അഞ്ചുവരെ മുഖ്യമന്ത്രിയെ പ്രതീക്ഷിച്ച് ജനം കാത്തിരുന്നു. തങ്ങളുടെ എത്രത്തോളം അടുത്ത് കോവിഡെത്തിയെന്ന് ജനത്തിന് അറിയണമായിരുന്നു. അതിന് ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ, മുഖ്യമന്ത്രിയുടെ വാർത്താസമ്മേനം. വൈകുന്നേരം വരെ കണക്കുകൾ ചോരാതെ കരുതിവച്ചു.
മുഖ്യമന്ത്രി ജില്ല തിരിച്ചുള്ള കോവിഡ് സസ്പെൻസ് പൊളിച്ചാലും ടിവി യുടെ മുമ്പിൽനിന്ന് ജനം പിരിഞ്ഞുപോയില്ല. ജീവഭയത്തേക്കാൾ വലിയ ഭയമുണ്ടോ? ദൈർഘ്യമേറിയ ഈ വാർത്താസമ്മേളനങ്ങൾ കൊമേഴ്സ്യൽ ബ്രേക്ക് പോലുമില്ലാതെ പൂർണമായി ചാനലുകൾ സംപ്രേഷണം ചെയ്തു. മുഖ്യമന്ത്രിക്ക് സാധാരണ ലഭിക്കുന്നതിനേക്കാൾ വളരെയേറെ സ്ക്രീൻ ടൈം അതും പ്രൈമിൽതന്നെ കിട്ടി . എന്നാൽ നാളെ കാണാം എന്നുപറഞ്ഞ് മുഖ്യമന്ത്രി കസേരയിൽനിന്ന് എഴുന്നേറ്റപ്പോൾ മാത്രം കേരളം ടിവിയുടെ മുമ്പിൽനിന്ന് എഴുന്നേറ്റു.
ലക്ഷക്കണക്കിന് ആളുകളാണ് പത്രസമ്മേളനം കാണാനായി ടിവിക്ക് മുമ്പിൽ ഇരുന്നത്. അരക്ഷിതവും ഭീതിദവുമായ അവസ്ഥയിൽ കഴിയുന്ന ജനങ്ങൾക്ക് ധൈര്യവും ആത്മവിശ്വാസവും നൽകുന്ന ഭാഷയും ശരീരഭാഷയുമായിരുന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിലേത്. ഒരു രക്ഷാകർത്താവിന്റെയോ വീട്ടുകാരണവരുടെയോ ഭാഷയിലായിരുന്നു. ടിവിക്ക് മറ്റൊരു ഗുണംകൂടിയുണ്ട്. അതിന്റെ സ്ഥാനമാണത്. വീട്ടിനുള്ളിലാണ് അത്. ആവർത്തിച്ചുവരുന്ന മുഖങ്ങൾ വീടിനുള്ളിലെ അംഗങ്ങളെപ്പോലെയാകും.
കേരളപാണിനി പറയുന്ന നിയോജകപ്രകാരം, വിധായകപ്രകാരം എന്നിവയിൽ അവസാനിക്കുന്ന ക്രിയകളായിരുന്നു പത്രസമ്മേളനത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചത്. അട്ടേ, അണം എന്നിവയാണ് യഥാക്രമം നിയോജക, വിധായക പ്രകാരങ്ങളുടെ പ്രത്യയങ്ങൾ. സാധാരണ മുതിർന്നവർ പ്രായം കുറഞ്ഞവരോട് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷാശൈലിയാണിത്. ഒരു രക്ഷാകർതൃ പ്രതീതി നിർമിക്കുന്നതിൽ പത്രസമ്മേളനങ്ങൾക്കും അതിന്റെ ഭാഷാശൈലിക്കും സാധിച്ചു. രണ്ടാം പിണറായി സർക്കാരിലേക്ക് എത്തിയ കാരണങ്ങളിൽ ഒന്ന് പത്രസമ്മേളനങ്ങളും സ്ക്രീൻ പ്രസൻസുമായിരുന്നു.
സാധാരണ പത്രസമ്മേളനങ്ങളിൽ രാഷ്ട്രീയം പറയുന്ന പിണറായി വിജയൻ കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളിൽ രാഷ്ട്രീയം പരമാവധി കുറച്ചു. മറുവശത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനങ്ങളിൽ അദ്ദേഹം രാഷ്ട്രീയം പറഞ്ഞു. പുര കത്തുമ്പോൾ വാഴ വെട്ടുന്നു എന്ന ആഖ്യാനം സോഷ്യൽ മീഡിയാ ഹാൻഡിലുകൾ ഏറ്റെടുത്തു. ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന കെ.കെ. ശൈലജ ടീച്ചറിന്റെ വാർത്താസമ്മേളനങ്ങൾക്ക് ലഭിച്ച അസാമാന്യമായ ജനപ്രീതിയാണ് പിന്നീട് മുഖ്യമന്ത്രിയുടെ പിആർ ഗ്രൂപ്പിനെ ആ വഴി ചിന്തിക്കാൻ പ്രേരിപ്പിച്ചതെതെന്ന് തോന്നുന്നു.
വാർത്താസമ്മേളനങ്ങളിലൂടെ ശൈലജ ടീച്ചർ, ടീച്ചറമ്മയായി. കോവിഡ് കാലത്തെ വാർത്താ സമ്മേളനങ്ങൾ കഴിയുമ്പോൾ ആ അമ്മയ്ക്കും മുകളിൽ മുഖ്യമന്ത്രിയുടെ രക്ഷാകർതൃത്വം വളർന്നുപന്തലിച്ചു. സംഘർഷഭരിതമായ ഒരു കാലത്ത് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നത് ചെറിയ കാര്യമല്ല. ഭരണാധികാരിയെന്ന നിലയിൽ വിവരങ്ങൾ ഉചിതമായ ഭാഷയിൽ ജനങ്ങളിൽ എത്തിക്കുക എന്നത് ഒരു കലയാണ്. ടെലിവിഷൻ ക്ലോസപ്പിലൂടെ ജനങ്ങൾ ഒരു രക്ഷാകർത്താവിനെ കണ്ടു. കടക്കു പുറത്ത് എന്ന് ആക്രോശിക്കുന്നതും അതേ കാമറക്കണ്ണിലൂടെ കണ്ടു.
Leader Page
ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഒരു കവിയുടെ ചിത കത്തിത്തീരുന്നതു കണ്ടിട്ടുള്ളൂ; ഡി. വിനയചന്ദ്രന്റെ. മലയാളത്തിന്റെ മറ്റൊരു നിളയായ കല്ലടയാറിന്റെ തീരത്ത്. ഗഗനശ്യാമയായ കല്ലടയാർ ഇവനെക്കൂടി സ്വീകരിക്കാൻ കുതിർന്ന ജലവിരലുകളുയർത്തി കാത്തിരുന്നു. വീട്ടിലേക്കുള്ള വഴിയറിയാതെ നടന്നവൻ ഒടുവിൽ അമ്മയില്ലാത്ത വീട്ടിലേക്കുതന്നെ മടങ്ങിയെത്തിയിരിക്കുന്നു.
പാരാകെ വെയിൽ പെയ്തുനിൽക്കേ, അനന്ത ദേശാടനങ്ങൾ കഴിഞ്ഞ് അടുത്ത യാത്രയ്ക്ക് ചുട്ടികുത്താനെന്നവണ്ണം അവൻ പിറന്ന മണ്ണിൽ കിടന്നു. ആ മുഖത്ത് കാടിന്റെ കരിംപച്ച അരച്ചുചേർത്തു. മൗനത്തിലാഴ്ന്ന വിനയവൈഖരിയിൽ എള്ളും പൂവുമിട്ടു. സാന്ധ്യപ്രഭയാർന്ന ഇഴകൾചേർത്തു തുന്നിയ കോടിയിട്ടു. തപോവനം കയറിയ പെരുവിരൽത്തുമ്പുകളുടെ കെട്ടഴിച്ചു. ഒറ്റവാക്കിന്റെ വിശുദ്ധമാം പ്രാർഥനപോലെ അഗ്നി കുറുകുന്നത് ഞാൻ കേട്ടു. ഒരു കുരുവി അവന്റെ ഹൃദയവും കൊത്തി കല്ലടയാർ നീന്തിക്കടക്കുന്നത് ഞാൻ കണ്ടു. പിന്നവിടെ നിൽക്കാനായില്ല. വല്ലാത്ത സങ്കടം. ഞാൻ ഉപരികുന്നിലേക്കു നടന്നു.
എന്റെ അധ്യാപകനായിരുന്നില്ല വിനയചന്ദ്രൻ മാഷ്. പക്ഷേ, എന്റെ മൗഢ്യങ്ങൾക്കുമേലേ പൂർണചന്ദ്രോദയംപോലെ അദ്ദേഹം പ്രകാശിച്ചുനിന്നിരുന്നു. ഞാനദ്ദേഹത്തിനു മുന്നിൽ ഒരു ‘അപ്പുക്കിളി’യായിരുന്നു. ബോധാബോധങ്ങൾക്കിടയിൽ വഴുതിവീണുപോയ ഒരു കിളി. അപ്പോൾ വിനയചന്ദ്രൻ മാഷ് ഖസാക്കിലെ മാധവൻ നായരെപ്പോലെ പറയും, “ഒരക്ഷരം പഠിച്ചാൽ മതി, അധികം പഠിക്കേണ്ട” എന്ന്. നരകം ഒരു പ്രേമകവിത എഴുതിയത് ഏതക്ഷരം കൊണ്ടാണെന്ന് മാഷിനോട് ഞാൻ ചോദിച്ചിട്ടുണ്ട്. “ബോധിസത്വനെപ്പോലെ ഒരു വാക്ക് ആദിമ ജലധിയിൽനിന്ന് പിറവികൊള്ളണം. അനന്തതയാണ് അതിന് മുലചുരത്തുന്നത്. മഹാപ്രളയം അതിനെ സ്നാനപ്പെടുത്തുന്നു. കൊടുങ്കാറ്റ് അതിനെ തുവർത്തുന്നു. ചക്രവാളം അതിനെ ചെമ്പട്ടുടുപ്പിക്കുന്നു. നാവിന്മേൽ സൂര്യരശ്മികൾ ആദ്യാക്ഷരം കുറിക്കുന്നു. അതാണെന്റെ വാക്ക്.” പ്രണയഭംഗങ്ങളെയും അപാരലജ്ജകളെയും അഹമഹമികയാ ഉയർന്ന അഹന്തയെയും ഉരിഞ്ഞെറിയാൻ ധൈര്യപ്പെടുത്തിയത് ആ വാക്കാണെന്ന് മാഷ് പറയും.
ഒരിക്കൽ വചനകവിയായ അക്കമഹാദേവിയെ ഓർത്തുകൊണ്ട് മാഷ് പറഞ്ഞു. “പ്രപഞ്ചമാതാവിന്റെ ശതകോടി യോനികളിലൂടെയാണ് ഞാൻ വന്നിരിക്കുന്നത്” എന്ന്. തിരുമാന്ധാംകുന്നിലെ തീർഥപ്രസാദം രുചിച്ചുകൊണ്ട് മാഷ് അതു പറഞ്ഞുനിൽക്കുമ്പോൾ, മാഷിനെ കണ്ടിട്ട് പരിചയം തോന്നിയ ഒരാൾ ക്ഷേത്രത്തിൽ അർധപ്രദക്ഷിണം നടത്തി മടങ്ങിവന്നിട്ട് ചോദിച്ചു, “മാഷേ, ഓർമയുണ്ടോ” എന്ന്. “മാമാങ്കത്തിൽ മുറിവേറ്റവരെയും മരിച്ചവരെയും മാത്രം ഓർമയുണ്ട്” എന്നായി മാഷിന്റെ മറുപടി. അയാൾ ഇളിഭ്യനായി. ഒന്നും പറയാതെ മുഖംതാഴ്ത്തി നടന്നുപോയി. അതുകണ്ട എനിക്കും കൂട്ടുകാരനും വല്ലാത്ത വിഷമം തോന്നി. “എനിക്കറിയാം അയാളെ. മേഴത്തൂരിലെ യജ്ഞേശ്വരത്ത് ചുവർചിത്രങ്ങൾ ആദ്യമായി കാട്ടിത്തന്നത് അദ്ദേഹമാണ്.” മാഷ് ചിരിച്ചു. “പക്ഷേ, ഒരു പരിചയഭാവം പുലർത്തിയില്ലല്ലോ” എന്നായി ഞാൻ. മാഷ് വീണ്ടും ചിരിച്ചു. “എന്തോ എനിക്കങ്ങനെ പറയാനാണ് തോന്നിയത്. അല്ല; ഒന്നും ഞാൻ പറയുന്നതല്ലല്ലോ. എല്ലാം ആരോ പറയിപ്പിക്കുന്നതല്ലേ?” പാഴില മൂടിയ നിരത്തിലേക്ക് മാഷ് ഇറങ്ങി നടന്നു.
ഉപരികുന്നിൽ നിന്നപ്പോൾ പലതുമോർത്തു. ക്ഷണഭംഗുരമായ ഓർമകൾ. ചിലടങ്ങളിൽ സൂക്ഷ്മമായ ഒരാനന്ദം ഉറവപൊട്ടുന്നു. ചിലടങ്ങളിൽ ജലകുംഭം കമഴ്ന്ന പോലെ കവിത ഒഴുകിപ്പരക്കുന്നു. കണ്ടുവന്ന നദികളെക്കുറിച്ചും കാടുകളെക്കുറിച്ചും പറയാൻ മാഷിനെന്നും ഉത്സാഹമായിരുന്നു. താമ്രപർണീ തീരത്തിരുന്ന് അതൊക്കെ ചൊല്ലിയാടിയ രാവുകളെത്ര. ചില നേരത്ത് കവിതയുടെ ചൊല്ലിയാട്ടം കഴിഞ്ഞ് കടലെറിഞ്ഞ ശംഖുപോലെ മൗനവിനയനായി ഇരിക്കുന്നതു കാണാം. ചിലപ്പോൾ ഏതോ ശിലാക്ഷേത്രച്ചുവരിൽ കൊത്തിവച്ച രുദ്രമൂർത്തിയെപ്പോലെ ഉറയുന്നതു കാണാം. ചിലപ്പോൾ രാഗദ്വേഷാദികൾ വെടിഞ്ഞ് ഒരു യോഗിപോൽ മുക്തചിത്തനായി ഇരിക്കുന്നതു കാണാം. ഇതിലേതാണ് വിനയചന്ദ്രൻ എന്നു ചോദിച്ചാൽ ഉത്തരമില്ല. തെരുതെരെ തുരുതുരെ പൊഴിയുന്ന, ഇതുവരെയും പേരിട്ടിട്ടില്ലാത്ത ഏതോ കാടാകണം മാഷ് എന്നെനിക്കു തോന്നുന്നു.
ഉപരികുന്നിനു മുകളിലെ ക്ഷേത്രമുറ്റത്ത് നിന്നാൽ കല്ലടയാർ ഒഴുകുന്നതു കാണാം. ഖരഹരപ്രിയ പോലെയാണൊഴുക്ക്. അലയോ അതിരോ അലങ്കാരങ്ങളോ ഇല്ല. മന്ദഗാമിനി. വിയോഗിനി വൃത്തച്ചുവട്. ഒഴുക്കിലെ നിലാവൊളിയിൽ വിനയചന്ദ്രിക ഒഴുകിനടന്ന ആതിരകൾ ഞാനോർത്തു. ഓരോ ഒഴുക്കിലും പുഴയുടെ തിരുനാഭിയിലേക്കെത്തുന്നൊരു ഭ്രമണപഥമുണ്ട്. ആ പഥം ഒരേകാലം കുമാരിയിലെ ഉദയഗിരിയിലേക്കും ഗയയിലെ അസ്തഗിരിയിലേക്കും നീങ്ങുന്നു. ആ ഒഴുക്കിനെതിരെയാണു കവി നീന്തിയത്. എഴുത്തച്ഛൻ അങ്ങനെ ശോകനാശിനികൾ നീന്തിക്കടന്ന കവിയാണ്. അങ്ങനെ അനുഭൂതിയുടെ നിറമാലകൾ കണ്ടു തൊഴാൻ നദി മുറിച്ചുനീന്തിയ കവികളെത്രയെത്ര. എണ്ണിയെടുക്കാനാകില്ല. എണ്ണുംതോറും വാരിധിതന്നിൽ തിരമാലകളെന്നപോലെ പെരുകുന്നു ശാരികപ്പെരുമകൾ.
ഇക്കഴിഞ്ഞ ശ്രാദ്ധദിനം ഞാൻ വിനയകുടീരത്തിൽ പോയി. ആരൊക്കെയോ വന്നുപോയതിന്റെ കാല്പാടുകൾ മുറ്റം നിറയെ. ഒരണ്ണാൻ മുറ്റത്തും മരത്തിലുമായി ചിലച്ചുകൊണ്ട് ഓടിനടക്കുന്നു. ഞാനപ്പോൾ വീണ്ടും മാഷിനെ ഓർത്തു. വിനയചന്ദ്രൻ മാഷ് കവിത ചൊല്ലുമ്പോൾ കേശാദിപാദം വിറകൊള്ളും; അണ്ണാനെപ്പോലെ. ശരീരം ഒരു കാവ്യഭാഷയായി രൂപംകൊള്ളുകയാണപ്പോൾ. ആദി കൂർമംപോലെ ജഗത് ചലനങ്ങളെയാകെ ആവാഹിച്ച വിഭ്രമം. ഘനവിരഹത്താൽ ആകെ ഉലഞ്ഞുപോയ ഒരു ഋതു. മാഷിന്റെ കാവ്യസംഗീതംപോലും തനിച്ചിരിക്കാനും ഒളിഞ്ഞിരിക്കാനും കണ്ടെത്തിയ ഒരു രഹസ്യസങ്കേതം കൂടിയായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
കല്ലടയാർ വീണ്ടും തെളിഞ്ഞുവരുന്നു. ജാതകച്ചുരുളുകൾ ഒന്നൊന്നായി അഴിഞ്ഞുലയുന്ന വെയിലലകൾ. ഞാനതിൽനിന്ന് ഒരു കൈക്കുമ്പിൾ നനവ് കോരിയെടുക്കുന്നു. അതിൽ നിറയെ നിറഞ്ഞുതുളുമ്പിയ വിനയചന്ദ്രക്കല.
Leader Page
സങ്കീർണത ഏറെ ഇഷ്ടപ്പെടുന്ന (ജീവിതത്തിലല്ല) ഒരാളാണ് ഞാൻ. അതിനാലാണ് ചെറുപ്പത്തിലേ വായനയിൽ ‘കഠം’വച്ച പല ആഖ്യായികോപനിഷത്തുകളും മറ്റും വായിക്കാനെടുത്തത്. ആദ്യം വായിച്ചത് കാറൽ മാർക്സിന്റെ ‘മൂലധന’മായിരുന്നു. പ്രീഡിഗ്രിക്കാലത്തായിരുന്നു അത്.
ഒന്നും വായിച്ചു മനസിലാക്കാനായില്ല എന്നു മാത്രമല്ല, ആ തടിയൻ പുസ്തകം കൈയിൽനിന്നു വഴുതിവീണ് അരുമയായി ഞാൻ വളർത്തിയിരുന്ന ‘വൈറ്റി’ എന്ന പൂച്ചക്കുട്ടിക്ക് സാരമായ പരിക്കുംപറ്റി. പിന്നീടു വായിച്ച കൂറ്റൻ പുസ്തകം വിലാസിനിയുടെ ‘അവകാശികളാ’യിരുന്നു. കോളജിലെ ജനറൽ ലൈബ്രറിയിലിരുന്ന് പല ആഴ്ചകളിലായാണ് ഞാനതു വായിച്ചുതീർത്തത്.
അധികം സങ്കീർണതയില്ല എങ്കിലും അതിലെ കഥാപാത്രങ്ങളെ പെട്ടെന്ന് തിരിച്ചറിയാനായി ഒരു ചാർട്ട് തയാറാക്കി ഞാൻ കൈയിൽ സൂക്ഷിച്ചിരുന്നു. ഇടയ്ക്കിടെ അവർതന്നെയല്ലേ ഇവർ എന്ന് വർണ്യത്തിലാശങ്കയില്ലാതെയാണ് ഞാനതു വായിച്ചുതീർത്തത്. അതിലെ ഒരു കഥാപാത്രത്തെ ഇപ്പോഴും ഓർക്കുന്നു; വേലുണ്ണിക്കുറുപ്പ്. അയാൾക്ക് ചുറ്റുമാണ് നോവലിലെ കാലം തളംകെട്ടിക്കിടക്കുന്നത്. പക്ഷേ, അതയാൾ അറിയുന്നില്ല. വ്യക്തിസത്തയ്ക്കപ്പുറത്തേക്കു വളർന്നുനിൽക്കുന്ന ഒരു കാലപുരുഷനാണ് അയാൾ. നോവലിൽ തുടരെ കടന്നുവരുന്നില്ലെങ്കിൽകൂടിയും ആദ്യന്തം അയാളുടെ സാന്നിധ്യം നമുക്കനുഭവപ്പെടും. എല്ലാ ചലനങ്ങളുടെയും ചരട് അയാളുടെ കൈയിലാണ്. സി.വിയുടെ പല കഥാപാത്രങ്ങളുടെയും ഒരാകത്തുക വേലുണ്ണിക്കുറുപ്പിനുണ്ടെന്നു എനിക്കു തോന്നിയിട്ടുണ്ട്.
‘അവകാശികൾ’ക്കു ശേഷം തകഴിയുടെ ‘കയർ’ വായിക്കാനെടുത്തുവെങ്കിലും ആദ്യ അധ്യായങ്ങളിൽത്തന്നെ അതുപേക്ഷിച്ചു. ‘അവകാശികളെ’ക്കാളും അതിസങ്കീർണമായിട്ടാണ് ‘കയർ’ എനിക്കനുഭവപ്പെട്ടത്. അപാരമായ ക്ഷമയും അനന്തമായ സമയവും ‘കയർ’ വായിക്കാൻ വേണം എന്നെനിക്കു തോന്നി. നാലു തലമുറകൾ. നൂറ്റമ്പതു വർഷങ്ങൾക്ക് മുമ്പാരംഭിക്കുന്ന കഥ. നായകന്മാരോ നായികമാരോ ഇല്ല. നോവലിലെ ഗ്രാമംതന്നെ നായകനായി മാറുന്നു. മരുമക്കത്തായം മുതൽ നക്സലൈറ്റ് പ്രസ്ഥാനം വരെ ചർച്ച ചെയ്യുന്ന ഇതിവൃത്തം. പെരുക്കാത്ത എന്റെ തല പെരുത്തു. ‘കയറി’നോട് എനിക്കൊട്ടും ദയ തോന്നിയില്ല. ഞാനത് എന്നെന്നേക്കുമായി വായനയിൽനിന്ന് ഉപേക്ഷിച്ചു.
ബിരുദപഠനകാലത്താണ് സി.വി. രാമൻ പിള്ളയെ വായിക്കുന്നത്. കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും ഒരു ചാർട്ട് തയാറാക്കിയാണ് ഞാൻ വായിക്കാനിരുന്നത്. വായിച്ചു. സി.വിയോട് എനിക്കൊരാരാധന തോന്നി. എഴുത്തുകാരൻ ആരാധിക്കപ്പെടേണ്ട ഒരാൾകൂടിയാണെന്ന് എനിക്കാദ്യം ബോധ്യപ്പെടുത്തിത്തന്നത് സി.വിയാണ്. കുമാരനാശാനോടൊപ്പമോ അതിനുമേലെയോ ആയാണ് ഞാൻ സി.വിയെ കാണുന്നത്. എന്റെ വായനയിലെ ഭൂതബാധയാണ് സി.വി കൃതികൾ. എത്ര തവണ വായിച്ചുവെന്ന് ഇന്നും ഒരു തിട്ടവുമില്ല. നോവൽ സങ്കീർണമെങ്കിലും ആ സങ്കീർണത ഒരളവുവരെ ലഘൂകരിക്കുന്നത് ‘നോവൽത്രയ’ത്തിലെ കഥാപാത്രങ്ങളാണ്.
രാമനാമഠത്തിൽ പിള്ളയുടെ മകനായ കാളി ഉടയാൻ ചന്ത്രക്കാരനെയും ത്രിപുരസുന്ദരിക്കുഞ്ഞമ്മയെയും അവരുടെ ദൗഹിത്രി മീനാക്ഷിയെയും ‘ഇന്ദുലേഖ’യേക്കാൾ തന്റേടികളായ സുഭദ്രയെയും സാവിത്രിയെയും മറക്കുന്നതെങ്ങനെ. ഈ ജന്മത്തിൽ അവർ എന്നെയും ഞാൻ അവരെയും വിട്ടൊഴിയുമെന്ന് തോന്നുന്നില്ല. മേഘങ്ങൾ മഴ കഴിഞ്ഞ് മടങ്ങുംപോലെയാണ് ആ വായന. അവ പിന്നെയും ആകാശത്തേക്കുതന്നെ മടങ്ങിവരും.
സി.വിയെ വായിക്കുന്ന കാലത്താണ് ദസ്തയേവ്സ്കിയെ വായിക്കുന്നത്. ‘ക്രൂരസങ്കീർണത’ എന്ന് വിശേഷിപ്പിക്കാവുന്ന കൃതികൾ ആയിരുന്നു അതെല്ലാം. സാഹസികമായ ഒരു വായനാമനസിനു മാത്രമേ ആ കൈലാസം കയറാനാകൂ. ആ കൃതികൾക്കൊരു പ്രച്ഛന്നസൗന്ദര്യമുണ്ട്. ആ സൗന്ദര്യം തിരിച്ചറിയാൻ ശരണാർഥിയായി വേണം മലകയറാൻ. പല ഇടവേളകളിലായാണ് ഞാനതിൽ കയറിപ്പറ്റിയത്. കയറിക്കഴിഞ്ഞാൽ മുകളിൽ പ്രശാന്തതയും താഴ്വാരങ്ങളിൽ പച്ചപ്പുമുണ്ട്. “മനുഷ്യൻ ഒരു പരമരഹസ്യമാണെന്നും ആ രഹസ്യം കണ്ടെത്താൻവേണ്ടിയാണ് ഞാൻ എഴുതുന്ന”തെന്നും ദസ്തയേവ്സ്കി എഴുതിയിട്ടുണ്ട്. ഇരുളിൽ ക്ഷണവേഗേന പാഞ്ഞുപോയ മിന്നൽവെളിച്ചംപോലെയാണ് എനിക്കീ വാക്യം അനുഭവപ്പെട്ടത്. ആ ആലക്തികാഘാതത്തിൽനിന്ന് മുക്തനാകാൻ എനിക്കിന്നും കഴിഞ്ഞിട്ടില്ല.
ഒരിക്കൽ ജന്മദിനസമ്മാനമായി പ്രിയപ്പെട്ട ഒരുവൾക്ക് ‘കോളറക്കാലത്തെ പ്രണയം’ കൊടുത്തപ്പോൾ അവൾ പറഞ്ഞു, “നിനക്കുമുമ്പ് പിറന്നാൾ സമ്മാനം കൊണ്ടുവന്ന മൂന്നുപേർ ഇതേ പുസ്തകമാണു തന്നത്. ആരു തന്ന പുസ്തകം ആദ്യം വായിക്കണമെന്നറിയാതെ ഞാനാകെ കുഴഞ്ഞിരിക്കുകയാണ്.” ഞാനൊന്നും മറുപടി പറഞ്ഞില്ല. ആശംസകൾ നേർന്നു മടങ്ങിപ്പോന്നു. നോവലിൽ മാത്രമല്ല, പ്രണയത്തിലും സങ്കീർണതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് അന്നാണ്. ഏറെക്കാലം നോവലിലെ ഫ്ലോറന്റീനോ അരീസയായി ഞാൻ ജീവിച്ചു. ആ സങ്കീർണത ജീവിതത്തിലൊന്നും അവശേഷിപ്പിക്കുന്നില്ല എന്നെന്നെ ബോധ്യപ്പെടുത്താൻ മാത്രം.
Leader Page
ആഴമേറിയ ഏകാന്തതയെ ബുദ്ധൻ നിർവാണ എന്നും മഹാവീരൻ കാതര എന്നും വിളിച്ചു. ഞാനാകട്ടെ അതിനെ കവിത എന്നു വിളിക്കുന്നു. ആഴമേറിയ ഏകാന്തതയിലിരുന്നാണു കവികൾ സ്വപ്നലോകങ്ങൾ സൃഷ്ടിച്ചത്; സപ്തവർണാങ്കിത നിറങ്ങൾ സൃഷ്ടിച്ചത്. പനിനീർച്ചെമ്പകത്തിന്റെ പച്ചത്തണ്ടിനറ്റത്ത് വിടരാതെ നിന്ന പൂങ്കുലകളെ വിരിയിച്ചത്. എന്നിട്ടും കവികൾക്കെന്തേ അതിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതെവരുന്നു. ഒരു പൂവിന്റെ മന്ദസ്മിതത്തിൽ കിടന്നുറങ്ങിയിട്ടും ഏകാന്തതയുടെ അമാവാസിയിൽനിന്ന് ഒരു തുള്ളി വെളിച്ചമായി കവിതയെ ഉഴിഞ്ഞുണർത്തിയിട്ടും കവികൾക്കെന്തേ അതിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതെവരുന്നു; അറിയില്ല.
ദൈവം ആരാധിക്കപ്പെടാനുള്ളതല്ല; ജീവിച്ചനുഭവിക്കാനുള്ളതാണെന്ന് ഓഷോ പറയും. അതുപോലെതന്നെയാണ് ഏകാന്തതയും. ഏകാന്തതകളാണ് സൃഷ്ടിയുടെ ഈറ്റില്ലമായിത്തീരുന്നത്. ഓരോ സൃഷ്ടിക്കു പിന്നിലും കണ്ണീരിന്റെ ഒരടയാളവാക്യമുണ്ട്. ഒരു സ്ത്രീ അമ്മയായി മാറുന്നതു കണ്ണീരിലൂടെയാണ്. അശ്രുധാരയിലൂടെ അവൾ നവീകരിക്കപ്പെടുകയും പുനർജനിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ഏകാന്തതകളിൽ സംഭവിക്കുന്നതും ഇതുതന്നെയാണ്. ഏകാന്തതകളിലാണ് നാം അത്രമേൽ കരഞ്ഞു തളരുന്നത്. ഇത്തിരിപ്പോന്ന ഒരാനന്ദം വന്നുചേരുമ്പോൾ നാമത് അറിയുന്നില്ല എന്നേയുള്ളൂ.
ഒരു യാത്ര ഞാനോർക്കുന്നു. ഗ്രീഷ്മകാലത്തായിരുന്നു ആ യാത്ര; മരുത്വാമലയിലേക്ക്. ആ ധ്യാനശൃംഗത്തിലേക്ക് ഒറ്റയ്ക്കു നടന്നുകയറണമെന്നത് കുട്ടിക്കാലം മുതലേയുള്ള ഒരാഗ്രഹമായിരുന്നു. മലയുടെ സൗന്ദര്യത്തേക്കാൾ എന്നെ ഭ്രമിപ്പിച്ചത് അതിന്റെ ഔന്നത്യമായിരുന്നു. നാട്ടിലെ ഒരവധൂതൻ പീളക്കണ്ണുകൾ വിടർത്തി മരുത്വാമലയെക്കുറിച്ച് വിസ്തരിച്ചത് സംഗീതംപോലെ കാതിൽ എല്ലായ്പോഴും മുഴങ്ങുന്ന ഒന്നായിരുന്നു. അയാൾ ഡയോജനിസിനെപ്പോലെ തെരുവിൽ ജീവിച്ച ഒരാളായിരുന്നു. ചെറിയ നാണയത്തിന് അയാൾ ഒരുപാടു കടല പൊതിഞ്ഞുതരുമായിരുന്നു. ബസ് വരുംവരെ കടല കൊറിച്ചുകൊണ്ട് അയാളുടെ സഞ്ചാരങ്ങൾ ഞാൻ കേട്ടുനിൽക്കും.
ഒരിക്കലയാൾ മരുത്വാമലയെക്കുറിച്ചു പറഞ്ഞു. ആ പറച്ചിലിന് കയറ്റിറക്കങ്ങളുടെ അണപ്പുണ്ടായിരുന്നു. നാരായണഗുരു കയറിപ്പോയ വഴികളെക്കുറിച്ചും ധ്യാനലീനനായിരുന്ന പിള്ളത്തടത്തിലെ ഏകാന്തതയെക്കുറിച്ചും അയാൾ പറഞ്ഞു. അതിൽ ഏകാന്തത എന്ന വാക്ക് എന്നെ വല്ലാതെ ആകർഷിച്ചു. ഞാനാ വാക്ക് ആദ്യമായി കേൾക്കുകയായിരുന്നു. ഒരു പതിമൂന്നുവയസുകാരനെ മോഹിപ്പിക്കാൻ ആ വാക്കിലെന്തിരിക്കുന്നുവെന്ന് ചോദിച്ചേക്കാം. പക്ഷേ, അറിയില്ല. അവിടേക്കു പോകാനും അവിടുത്തെ ഏകാന്തത അനുഭവിക്കാനും മനസ് വല്ലാതെ വെമ്പി. പക്ഷേ, പോകാനായില്ല. പത്താം ക്ലാസിലായപ്പോൾ വിനോദയാത്ര കന്യാകുമാരിയിലേക്കായിരുന്നു. ശുചീന്ദ്രം കഴിഞ്ഞ് ഒരുച്ചവെയിലത്ത് തെക്കോട്ടു പായുമ്പോൾ ദൂരെ വിഭൂതിയണിഞ്ഞ ഒരു മല കണ്ടു. അടുത്തു വരുംതോറും അത് ആനന്ദഘനവും തേജോരൂപവുമായ ഒന്നായി മാറുന്നതായി എനിക്കു തോന്നി. പിന്നെയും നാളുകൾ കഴിഞ്ഞാണ് അക്കണ്ട മല മരുത്വാമലയായിരുന്നുവെന്ന് തിരിച്ചറിയാനായത്.
തിരുവനന്തപുരത്തെ പഠനകാലത്താണ് ഞാൻ മരുത്വാമല ഒറ്റയ്ക്കു കയറുന്നത്. കയറുകയല്ല, ഇറങ്ങുകയാണ് എന്നാണ് എനിക്കപ്പോൾ അനുഭവപ്പെട്ടത്. ഓരോ കയറ്റവും ഓരോ ഇറക്കമാണ്. ഇറങ്ങുമ്പോൾ എനിക്കു കയറ്റമായാണ് അനുഭവപ്പെടുന്നത്. ഇക്കാര്യം എനിക്കു പിന്നാലെവന്ന അപരിചിതനായ ചെറുപ്പക്കാരനോടു പറഞ്ഞപ്പോൾ അവൻ പരിഹാസരൂപേണ ഒന്നു ചിരിച്ചു. “താഴ്വാരത്തെ പച്ചപ്പ് മുകളിലുമുണ്ടാകുമെന്നും മുകളിലത്തെ ആകാശം ജലരാശിയായി താഴെയുണ്ടാകുമെന്നും” പറഞ്ഞ് അയാളെന്നെ കടന്നുപോയി. ആ വാക്കുകൾ കവിതയായിരുന്നുവെന്ന് പിന്നീടെനിക്കു തോന്നി. അപ്പോൾ വല്ലാത്തൊരേകാന്തത എന്നെ വന്നു മൂടുന്നുണ്ടായിരുന്നു. അല്പം അകലെയായി ഒരു കുടകപ്പാല പൂത്തുനിൽക്കുന്നതു കണ്ടു. കണ്ണകിയുടെ ചിലമ്പൊലിപോലെ കാറ്റു വീശുന്നുണ്ട്. എരിഞ്ഞ ചൂടിൽ വിയർപ്പാറ്റിക്കിടക്കുന്ന മണൽത്തരികൾ.കുമിളകൾപോൽ മണ്ണിൽ പൊന്തിനിൽക്കുന്ന ചെറുപാറക്കൂട്ടങ്ങൾ. എല്ലാം കടന്നു ഞാൻ മുകളിലെത്തി. തനിത്തങ്കവെയിൽ പെരിയ തുള്ളികളിൽ പെയ്തുനിൽക്കുന്നു. ഇത്രയേറെ മനുഷ്യർ ചവിട്ടിമെതിച്ചിട്ടും മെലിയാത്ത ശൃംഗശിഖരം. ഞാൻ കുനിഞ്ഞിരുന്നു കാലം ചവുട്ടിക്കുഴച്ച ആ പാദമുദ്രകൾക്കിടയിൽ രണ്ടു പവിത്രപാദങ്ങൾ തിരഞ്ഞു; നാരായണഗുരുവിന്റെ. കണ്ടില്ല. എല്ലാം ശൂന്യതയിലേക്കു മടങ്ങിപ്പോകുംപോലെ ആ മുദ്രകളും അവിടേക്ക് അലിഞ്ഞുചേർന്നിട്ടുണ്ടാകുമോ? അറിയില്ല.
ദൂരെ സാഗരോന്മുഖ നീലിമ. അത് സീമന്തചക്രവാളത്തിലേക്കു രമിച്ചുകിടക്കുന്നു. പിള്ളത്തടത്തിലിരുന്നു കണ്ണടച്ചപ്പോൾ കരച്ചിൽ വന്നു. ധ്യാനിക്കുമ്പോൾ കരയാൻ പാടില്ലെന്നു പഴമക്കാർ പറയും. പക്ഷേ, ഞാൻ കരഞ്ഞു. ഇതിനുള്ളിലെ ഏകാന്തത എന്നെ കരയിക്കുകയായിരുന്നു. താഴ്വാരത്തെങ്ങോ മേയാൻ പോയ ഒരു മഴ എന്നെ കാണാനെന്നവണ്ണം മലകയറി വന്നു. ഏറിയേറിവരുന്ന തണുപ്പിൽ ഞാനിരുന്നു. കൈയിലിരുന്ന നോട്ട്ബുക്കിൽ എന്തോ എഴുതി. “ഏകാന്തതേ, ചാട്ടവാറുകൾകൊണ്ട് എന്റെ തുടൽ പൊട്ടിപ്പോകുംവരെ അടിക്കുക. ശൈത്യമരവിപ്പിനാൽ ഉറഞ്ഞുപോയ എന്റെ ഹൃദയം തച്ചുടച്ച് മുക്തമാക്കുക. ബോധശാഖികളിലൂടൂർന്ന ഗ്രീഷ്മകിരണങ്ങളാൽ എന്റെ തപഃഭ്രംശത്തെ മിന്നലാക്കി മാറ്റുക. ഏകാന്തതേ, എന്റെ ഏകാന്തതേ, നിശബ്ദമുഴക്കങ്ങളെ നീ പ്രഭാനിർഝരിയാക്കിയാലും.”
Leader Page
പുണ്യചരിതരായ പിതാക്കൻമാരുടെ അജപാലനശുശ്രൂഷകൾ ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച അതിരൂപതയാണ് ചങ്ങനാശേരി. അതിരൂപതയുടെ മുൻ അധ്യക്ഷൻമാരിൽ മൂന്നുപേർ വിശുദ്ധപദവിയിലേക്കുള്ള യാത്രയിലാണെന്നത് അസുലഭമായ ഭാഗ്യമാണ്. മാർ തോമസ് കുര്യാളശേരി പിതാവ് ധന്യപദവിയിലേക്കും മാർ മാത്യു കാവുകാട്ട് പിതാവ് ദൈവദാസൻ പദവിയിലേക്കും ഉയർത്തപ്പെട്ടതോടൊപ്പം മാർ മാത്യു മാക്കീൽ പിതാവും ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ടുവെന്നത് ചങ്ങനാശേരി അതിരൂപത വലിയ ദൈവാനുഗ്രഹമായി കണക്കാക്കുന്നു. കോട്ടയം അതിരൂപതയോടൊപ്പം ഈ വലിയ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
1896 ഓഗസ്റ്റ് 11ന് മാർ മാക്കീൽ പിതാവിനെ ‘ക്വെ റെയി സാക്രേ’ എന്ന തിരുവെഴുത്തുവഴി ലെയോ പതിമൂന്നാമൻ പാപ്പായാണ് ചങ്ങനാശേരി വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കയായി നിയമിച്ചത്. നീണ്ട 128 വർഷങ്ങൾക്കുശേഷം 2025 മേയ് 23ന് ലെയോ പതിനാലാമൻ പാപ്പായാണ് അദ്ദേഹത്തെ ധന്യപദവിയിലേക്ക് ഉയർത്തിയത് എന്നത് ചരിത്രത്തിന്റെ അപൂർവമായ ഒരു സന്ധിചേരലായി കണക്കാക്കാം. ലെയോ പതിനാലാമൻ പാപ്പായുടെ കാലഘട്ടത്തിൽതന്നെ അദ്ദേഹം വിശുദ്ധപദവിയിലെത്തിച്ചേരട്ടെയെന്നു പ്രാർഥിക്കുന്നു.
1896 മുതൽ 1911 വരെ മാക്കീൽ പിതാവ് ചങ്ങനാശേരി വികാരിയാത്തിനെ നയിച്ചു. വികാരിയാത്തിന്റെയും പള്ളികളുടെയും ഭരണത്തിനാവശ്യമായ നിയമങ്ങളും കൽപനകളുമടങ്ങുന്ന ദക്രേത്തു (1903) പുസ്തകത്തിന്റെ രൂപീകരണം അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളിലൊന്നാണ്. വികാരിയാത്തിനെ വിദ്യാഭ്യാസപരമായി ഉയർത്താൻ പിതാവ് തീവ്രമായി ആഗ്രഹിച്ചിരുന്നു. വേദപഠനത്തെ അദ്ദേഹം വളരെ ഗൗരവത്തോടെ കണ്ടിരുന്നു. സെക്കുലർ വിദ്യാഭ്യാസംതന്നെ വേദപഠനത്തിനുവേണ്ടിയാണ് എന്ന ആശയമാണ് അദ്ദേഹം പുലർത്തിയിരുന്നത്.
കത്തോലിക്കാ കുട്ടികളെ കത്തോലിക്കാ സ്കുളുകളിൽ മാത്രമേ അയയ്ക്കാവൂ, പള്ളികളുടെ സ്കൂളുകൾ ഒരിക്കലും സർക്കാരിനു വിട്ടുകൊടുക്കരുത്, പള്ളിക്കൂടങ്ങളിൽ എല്ലാ ദിവസവും ഒരു മണിക്കൂർ കത്തോലിക്കാ കുട്ടികളെ വേദപാഠം പഠിപ്പിക്കണം എന്നൊക്കെ അദ്ദേഹം കൽപനകൾ നൽകിയിരുന്നു. ഇന്ത്യൻ ഭരണഘടന രൂപംകൊള്ളു ന്നതിനും ന്യൂനപക്ഷാവകാശങ്ങൾ വ്യക്തമായി നിർവചിക്കപ്പെടുന്നതിനും അഞ്ചുപതിറ്റാണ്ടുകൾക്കുമുമ്പേ മാക്കീൽ പിതാവ് വിദ്യാഭ്യാസ-ന്യൂനപക്ഷാവകാശങ്ങളെ പരസ്പരബന്ധിതമായി മനസിലാക്കിയിരുന്നു (ഒരുപക്ഷേ അതേ സംജ്ഞകളിലല്ലെങ്കിലും) എന്നു നമുക്ക് അനുമാനിക്കാം.
ഈയൊരു അവബോധം ആധുനികകാലത്തു നമുക്ക് കൈമോശം വരുന്നുണ്ടോയെന്നു ഗൗരവമായി ചിന്തിക്കണം. ന്യൂനപക്ഷാവകാശങ്ങളുടെമേലുള്ള സർക്കാർ കൈയേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് വിദ്യാഭ്യാസംകൊണ്ടു തിരുസഭ ലക്ഷ്യം വയ്ക്കുന്നതെന്തോ അതിൽനിന്നുള്ള വ്യതിചലനമാണ്.
മാക്കീൽ പിതാവ് ഭക്തിപ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചില സന്ന്യാസസമൂഹങ്ങളുടെ ആരംഭത്തിന് സഹായിക്കുകയും ചെയ്തിരുന്നു. എസ്എബിഎസ്, എസ്എച്ച് സന്ന്യാസിനി സമൂഹങ്ങൾ അദ്ദേഹത്തിന്റെ അജപാലനകാലത്ത് ചങ്ങനാശേരി വികാരിയാത്തിൽ രൂപപ്പെട്ടതാണ്. ഇന്നു കേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്ന പാറേൽ സെന്റ് മേരീസ് പള്ളി 1905ൽ അദ്ദേഹം സ്ഥാപിച്ചതാണ്.
ശീശ്മയിൽപെട്ടവരെ തിരികെ സ്വീകരിക്കാൻ എപ്പോഴും തയാറായിരുന്ന സ്നേഹപിതാവായിരുന്നു മാർ മാക്കീൽ. അജപാലന സന്ദർശനങ്ങൾ അദ്ദേഹത്തിന്റെ പ്രത്യേക കാരിസമായിരുന്നു. ചെന്നുപറ്റാൻ വളരെ പ്രയാസമുള്ള ദുർഘടപ്രദേശങ്ങളിലെ ഇടവകകളിൽപോലും പിതാവ് വളരെ താത്പര്യപൂർവം ഇടയസന്ദർശനങ്ങൾ നടത്തിയിരുന്നു. രോഗികളുടെയും മറ്റും ഭവനങ്ങളും സന്ദർശിച്ചിരുന്നു.
1896 ഓഗസ്റ്റ് 11ന് നിയമിതനായതു മുതൽ പതിനഞ്ചു വർഷക്കാലം നീണ്ട ഇടയശുശ്രൂഷയ്ക്കു ശേഷം, 1911 ഓഗസ്റ്റ് 29ന് പുതിയതായി രൂപീകരിക്കപ്പെട്ട കോട്ടയം വികാരിയാത്തിന്റെ വികാരി അപ്പസ്തോലിക്കാ ആയി മാർ മാക്കീൽ ചങ്ങനാശേരിയോടു യാത്രപറഞ്ഞു. ഇന്നു ഭാരതസഭയിൽ പ്രശോഭിച്ചു നിൽക്കുന്ന രണ്ടു വലിയ അതിരൂപതകളെ അവയുടെ ബാലാരിഷ്ടതകളിൽ ചുമലിൽതാങ്ങി അജപാലനപ്രയാണം നടത്തിയ ആ വലിയ ഇടയന്റെ കഷ്ടതകളും ത്യാഗങ്ങളും വിസ്മരിക്കാവുന്നതല്ല. അദ്ദേഹം ചങ്ങനാശേരിയുടെ വികാരി അപ്പസ്തോലിക്കയായി നിയമിതനായതിന്റെ നൂറ്റിമുപ്പതാം വർഷത്തിലേക്കു പ്രവേശിക്കുന്ന ഈ വേളയിൽ ആ ധന്യാത്മാവിന്റെ ദീപ്തസ്മരണയ്ക്കു മുമ്പിൽ ശിരസു നമിക്കുന്നു.
Leader Page
അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹം (എസ്ഡി) സ്ഥാപകപിതാവ് ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്റെ 150-ാം ജന്മദിനം ഇന്ന് ആഘോഷിക്കുകയാണ്. ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്റെ ശതോത്തര സുവര്‍ണജൂബിലി കൊണ്ടാടുവാന്‍ ഈ ജന്മത്താല് അനുഗൃഹീതയായ എസ്ഡി മക്കളും അഗതിസഹോദരങ്ങളും ആനന്ദനിര്‍വൃതിയിലാണ്.
1876 ഓഗസ്റ്റ് എട്ടിനാണു കൊച്ചി കോന്തുരുത്തിയില്‍ ഫാ. പയ്യപ്പിള്ളിയുടെ ജനനം. കരുണാമയനായ കര്‍ത്താവിന്റെ കരുതൽ കൈമുതലാക്കി ലോകം മുഴുവനും കരുണയുടെ സ്പര്‍ശനവും മനുഷ്യത്വത്തിന്റെ തലോടലും നൽകാന് ജീവിതം മുഴുവന്‍ ഹോമിച്ച ധന്യന്റെ സ്വപ്നങ്ങള്‍ക്കു ചിറകു നൽകാന് ദൈവം തന്നെ മുന്‍കൈയെടുത്തു. കേരളത്തിന്റെ ഒരു ചെറിയ കോണില്‍ ചെറുതായി തുടങ്ങിയ കരുണയുടെ ശുശ്രൂഷ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഭാഷകളിലും നൂതനമായ രീതിയില്‍ ആവിഷ്കരിക്കാനും സ്ഥാപകസിദ്ധിയില് അടിയുറയ്ക്കുവാനും ദൈവം ഈ സന്യാസിനീ സമൂഹത്തെ കനിഞ്ഞ് അനുഗ്രഹിച്ചു.
13 രാജ്യങ്ങളിലായി അഗതികളായ അനേകരോടു ഭാവാത്മകമായി പ്രത്യുത്തരിച്ച് ആയിരക്കണക്കിന് അഗതിമക്കള്ക്ക് അഭയമാകുന്ന 239 കരുണയുടെ ഭവനങ്ങള്‍ ഇന്ന് എസ്ഡിയ്ക്കുണ്ട്. എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത് (മത്താ: 25. 40) എന്ന തിരുവചനത്തില്‍നിന്നു ചൈതന്യം ഉള്‍ക്കൊണ്ട ധന്യന്‍ വര്ഗീസച്ചന് തുടങ്ങിവച്ചത് എന്നും പ്രസക്തവും എന്നും നൂതനവുമായ സിദ്ധിവിശേഷമാണ്.
സമൂഹമനഃസാക്ഷിയെ തൊട്ടുണര്‍ത്തി സര്‍വമത ജനപങ്കാളിത്തത്തോടെ, ശബ്ദമില്ലാത്തവരുടെ ശബ്ദത്തിനുനേരെ ചെവിയോര്‍ക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ നൂറു ശതമാനവും വിജയത്തിലെത്തിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. താന്‍ പറഞ്ഞതും പഠിപ്പിച്ചതുമായ കാര്യങ്ങള്‍ സ്വജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കിയ ആ തപോധനന്റെ വാക്കുകള്‍ക്ക് പ്രവാചകശബ്ദത്തിന്റെ മാറ്റൊലിയുണ്ടായിരുന്നു. ആര്‍ദ്രഹൃദയനായ യേശുവിന്റെ കരുണാസ്പര്‍ശം ഉണ്ടായിരുന്നു. ജാതിമതഭേദമെന്യേ എല്ലാവരും ഉന്നതസ്ഥാനീയര്‍ പോലും ആ പ്രവാചകശബ്ദത്താല്‍ ആകൃഷ്ടരായി, അഗതിശുശ്രൂഷ ദൈവികശുശ്രൂഷയായി കണ്ടു.
സ്ഥാപകപിതാവിന്റെ സിദ്ധിയും സഹോദരിമാരുടെ നിഷ്കാമകര്മങ്ങളും നേരില്‍ക്കണ്ടറിഞ്ഞ തോണ്ടന്‍കുളങ്ങര കൃഷ്ണന് കൃഷ്ണവാര്യര്‍ എഴുതിയ കുറിപ്പില്‍ ഇപ്രകാരം പറയുന്നു; കൈകാലുകളുടെ ചലനം നഷ്ടപ്പെട്ടവരെ, സ്വന്തക്കാരാല്‍ തള്ളപ്പെട്ടവരെ സ്വന്തമായി സ്വീകരിച്ച്, അവരുടെ കൈകളും കാലുകളുമായി മാറി, അവര്‍ക്കുവേണ്ടി മൈലുകള്‍ താണ്ടി ഭിക്ഷ യാചിച്ച്, ദിനരാത്രങ്ങള്‍ ഉറക്കമിളച്ച്, അവര്‍ ചെയ്യുന്ന സേവനങ്ങള്‍ വാക്കുകളില്‍ ഒതുക്കാവുന്നതല്ല.
ശബ്ദമില്ലാത്തവരെ ഉദ്ധരിക്കാൻ ധന്യന്‍ നടത്തിയ പരിശ്രമങ്ങള്‍
നാനാജാതി മതസ്ഥര്‍ പിന്തുണച്ചതുകൊണ്ട് ജാതിമത വ്യത്യാസമില്ലാതെ അനേകം മക്കള്‍ക്ക് അമ്മയും സ്നേഹിതയും സഹോദരിയുമാകാന്‍ സന്യാസിനീസമൂഹാംഗങ്ങള്ക്ക് കഴിഞ്ഞു.
അഗതികളാണ് അഗതികളുടെ സഹോദരിമാരായ എസ്ഡി സിസ്റ്റേഴ്സിന്റെ സമ്പത്ത്. 1929 ഒക്ടോബര്‍ അഞ്ചിനാണ് പയ്യപ്പിള്ളിയച്ചന് ദിവംഗതനായത്. 2018 ഏപ്രില്‍ 14ന് ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഈ ലോകം എല്ലാ മനുഷ്യമക്കള്‍ക്കും സ്വസ്ഥമായി ജീവിക്കാന്‍വേണ്ടി ദൈവം നല്‍കിയതാണെന്നും എല്ലാവര്ക്കും വേണ്ട വിഭവങ്ങള്‍ ഇവിടെയുണ്ടെന്നും ഭാഗ്യ സ്മരണാര്‍ഹനായ ഈ വലിയ മനുഷ്യന്റെ ജന്മദിനത്തില് നമുക്കോര്‍ക്കാം.
എല്ലാ സ്ഥാനമാനങ്ങളും പദവിയും പാണ്ഡിത്യവും ഉണ്ടായിരുന്നിട്ടും അതെല്ലാം തൃണവത്കരിച്ചുകൊണ്ട് തന്റെ തലയില്‍ വച്ചിരുന്ന തൊപ്പിയെടുത്തുപിടിച്ച് പാവങ്ങള്‍ക്കുവേണ്ടി ഭിക്ഷ യാചിക്കുന്ന പയ്യപ്പിള്ളിയച്ചന്റെ ചിത്രം ഈ ജന്മദിനത്തില് എല്ലാ വായനക്കാരുടെയും മനസില്‍ പതിഞ്ഞുനില്ക്കട്ടെ. എസ്ഡിയുടെ സ്ഥാപകപിതാവ് ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന് മക്കളുടെ ഒരായിരം ജന്മദിനാശംസകള്.
Leader Page
വാർധക്യം ഒറ്റയ്ക്കല്ല വരുന്നത്. അതു മറവിയെയും മരണത്തെയും കൂട്ടിക്കൊണ്ടുവരുന്നു എന്നു പറയാറുണ്ട്. മരണം അനിവാര്യമായൊരു കാലനിയോഗമാണ്. അഭിനയിച്ചുകൊണ്ടിരിക്കേയാകും അതു യവനിക വീഴ്ത്തുന്നത്. ഏറെക്കുറെ ബോധരഹിതമാക്കിയശേഷം മാത്രമേ പിംഗളകേശിനിയായ മൃത്യു വന്നു പരലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയുള്ളൂ എന്നാണ് മൃത്യുവിന്റെ കാവ്യനീതി. മനമുരുകി നാം എരിയിച്ച വിളക്കുകളെല്ലാം കെടുത്തിയുള്ള പോക്ക്.
ആ പോക്കിനെ മുൻകൂട്ടിക്കണ്ട് സ്വയം വരിച്ചവരുണ്ട്. അവരെ ആത്മഘാതികളെന്നു വിളിക്കാമെന്നു തോന്നുന്നു. വിഷാദസ്വരത്തിൽ കാലേകൂട്ടി ആ ശിരോലിഖിതം തിരുത്തിയെഴുതിയവരാണവർ. ഭൂമി വിട്ടുപോകുംമുമ്പ് സിൽവിയ പ്ലാത്ത് എഴുതി- “എന്റെ ചിറകുകൾ മുളച്ച് തൂവലുകൾ കിളിർത്തു പറക്കാൻ പാകമായിരിക്കുന്നു. എനിക്കിനി, നിങ്ങളുടെ ആകാശം വേണ്ട. ഞാനെന്റെ ആകാശത്തേക്കു പറന്നുപോകുന്നു’’ എന്ന്.
ഇത്രയേറെ വെന്തുനീറിയ വാക്ക് ഞാൻ മുൻപെങ്ങും വായിച്ചിട്ടില്ല. ഇതു വായിച്ച കാലത്ത് എന്നിലെ കാല്പനികനു വല്ലാതെ ഭ്രാന്തുപിടിച്ചിരുന്നു. കവിതയിലെനിക്കു മറ്റൊരു സ്വപ്നലോകം സൃഷ്ടിക്കാൻ കഴിയാതെവന്നു. അകാല്പനികമായ ഒരു ഭീതി എന്നെ ചുറ്റാൻ തുടങ്ങി. ഞാനാരുടെയും അനുഗാമിയായിരുന്നില്ലെങ്കിൽകൂടി ആരുടെയോ പിന്നാലെ മന്ദവേഗേന നടക്കുന്ന ഒരാളായി തോന്നി. കുറേക്കാലം ഞാനാ വിഷമവൃത്തത്തിനുള്ളിലായിരുന്നു. പിന്നീടെപ്പൊഴോ ആ പാശം എന്നെ വിട്ടൊഴിഞ്ഞ് എങ്ങോട്ടോ ഇഴഞ്ഞുപോയി.
മൃത്യുവിനേക്കാൾ ഭയക്കേണ്ടതു മറവിയെയാണ് എന്ന് ജെറാൾഡ് മാർട്ടിനുമായി സംസാരിക്കുമ്പോൾ മാർക്വേസ് പറയുന്നുണ്ട്. മാർക്വേസ് ഇതു പറയുന്നകാലത്ത് അദ്ദേഹത്തിനു മറവിരോഗം ബാധിച്ചു തുടങ്ങിയിട്ടില്ല. ഓർമകളെക്കുറിച്ച് അദ്ദേഹം നിരന്തരം എഴുതുന്ന കാലമായിരുന്നു അത്. ഓർമകളുടെ ഈ അദ്ഭുതഖനനം കണ്ടിട്ട് ലോകം മുഴുവൻ അന്ധാളിച്ചുനിൽക്കുകയായിരുന്നു. അപ്പോഴായിരുന്നു കടലിലെ ശാന്തതപോലെ അതു വായനക്കാരെ ഭയപ്പെടുത്താൻ തുടങ്ങിയത്.
പതിയെപ്പതിയെ മാർക്വേസിനുള്ളിലെ പെരുംതിരയടങ്ങിവന്നു. എഴുത്തിലേക്കൊഴുകിവന്ന ഭാവനയുടെ തരംഗാവലികൾ ഒന്നൊന്നായി നിലച്ചു. ദിവാസ്വപ്നങ്ങളും ഖേദഹർഷങ്ങളും ഇല്ലാതായി. ഉള്ളിലെ ഗൂഢപഥങ്ങളിലൂടെ എവിടേക്കെന്നില്ലാതെ അലയാൻ തുടങ്ങി. കടൽക്കോളുകണ്ട് ഒരു കുഞ്ഞിനെപ്പോലെ ചിരിച്ചു. ചപ്പിലകൾ കുമിഞ്ഞുകൂടിയ മനസിനെ വൃത്തിയാക്കാൻ മെഴ്സിഡസ് ആവുന്നത്ര ശ്രമിച്ചു. പക്ഷേ, ഓർമയുടെ തുറമുഖത്തൊന്നും നങ്കൂരമിടാനാകാത്തവിധം മറവിയുടെ ആ കപ്പൽ അഴിമുഖങ്ങളിലൂടെ ഒഴുകിമറയുകയായിരുന്നു.
പിൽക്കാലത്ത് മാർക്വേസിനെ വായിച്ചപ്പോഴെല്ലാം ഞാൻ വല്ലാതെ ഭയന്നിരുന്നു. ഉള്ളിലെ ജലാശയങ്ങൾ വറ്റി, കാറ്റുനിലച്ച്, ഇലകൾ തോർന്നു നിൽക്കുന്ന ഒരാളായിത്തീരുമോ എന്ന ഭയം. അതു മനസിനെ ക്ഷണവേഗേന തരിശുഭൂമിയാക്കിത്തീർക്കുന്ന ഒന്നാണ്. മാർക്വേസിന്റെ സ്മൃതിനാശം അത്തരമൊരുപാട് ആലോചനകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അതിലെന്നെ ഏറ്റവുമധികം ഭയപ്പെടുത്തിയതും സന്തോഷിപ്പിച്ചതും മറ്റൊരനുഭവമായിരുന്നു.
സ്മൃതിനാശം സംഭവിച്ചുകഴിഞ്ഞാൽ മൃത്യുവിനെക്കുറിച്ചുള്ള ഉത്കണ്ഠകൾക്ക് അറുതിവരും എന്നുള്ളതായിരുന്നു അത്. മാർക്വേസിന്റെ മകൻ റോദ്രീഗോ ഗാർസിയ പിതാവിനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ (A Farewell to Gabo and Mercedes) അതു പറയുന്നുണ്ട്. ഭൂതത്തിലേക്കും ഭാവിയിലേക്കും ഒരേകാലം ഭാവനയുടെ കുതിരയോടിച്ചുപോയ മാർക്വേസാണ് മരണത്തെ മറന്നുപോകുന്നത്. ‘ഏകാന്തതയുടെ നൂറുവർഷങ്ങ’ളിൽ ആറു തലമുറകളുടെ ജീവിതവും മരണവും കണ്ട എഴുത്തുകാരനാണ് ഇതെല്ലാം മറന്നുപോകുന്നത്. ഇത് ദുഃഖത്തേക്കാളേറെ ഭയപ്പെടുത്തുന്ന ഒന്നാണ്.
നാളുകൾക്കുശേഷം ഞാൻ വീണ്ടും ‘കോളറാക്കാലത്തെ പ്രണയം’ വായിക്കാനെടുത്തു. അത് ചില്ലലമാരിക്കു പുറത്ത് ഊഷരമായ ഒരിടത്ത് അലക്ഷ്യമായി കിടക്കുകയായിരുന്നു. നാരകത്തിന്റെ ഇല തിരുമ്മി പച്ചമുളകും ഇഞ്ചിയും ഉപ്പും കൂട്ടി ചതച്ചിട്ട് കുഞ്ഞിരാമൻനായർ ഉണ്ടാക്കുന്ന സംഭാരംപോലെയാണ് എനിക്കീ നോവൽ ആദ്യ വായനയിൽ അനുഭവപ്പെട്ടത്. ആ ‘സംഭാരം’ പുനർവായനയിലും രുചിച്ചു.
‘കോളറാക്കാലത്തെ പ്രണയം’ മാർക്വേസിന്റെ തണ്ണീർപ്പന്തലാണെന്ന് ഞാൻ കരുതുന്നു. ക്യാപ്റ്റൻ ഫെർമിന ദാസയും ഫ്ളോറന്റീന അരിസയും കണ്ടുമുട്ടുന്ന ഒരു നിമിഷം ഞാൻ അനുഭവിക്കുകയാണ്. അവർക്കിടയിൽ അനിതരദിവ്യവിഭൂതിയാർന്ന സ്വപ്നാത്മകലോകം പതിയെ പ്രത്യക്ഷമാകുന്നത് ഞാനറിയുന്നു. “മരണത്തിനല്ല; ജീവിതത്തിനാണ് അതിരുകളില്ലാത്തത്” എന്നവർ തിരിച്ചറിയുന്നു.
ഈ തിരിച്ചറിവാണ് മൃത്യുവിനെ അരിഞ്ഞുവീഴ്ത്തി മുന്നേറുന്ന ജീവിതത്തിന്റെ കൊടിപ്പടം. നിമിഷങ്ങളിൽ ജീവിച്ചുകൊണ്ട് നിത്യതയുമായി സംവദിക്കുന്ന ഒരനുഭവം. മാർക്വേസ് കടന്നുപോയിട്ടും ആ അനുഭവം നിലനിൽക്കുന്നു. മൃത്യുവും സ്മൃതിനാശവും പൂർണമല്ല എന്ന് ആ കഥാപാത്രങ്ങളെപ്പോലെ വായനക്കാരനും കാരുണ്യത്തോടെ തിരിച്ചറിയുന്നു.
Leader Page
ചില മനുഷ്യരെ കാണാൻ മാത്രം സഞ്ചരിച്ച ദൂരങ്ങൾ ദൂരങ്ങളേ ആയിരുന്നില്ല എന്ന് പിന്നീടെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. കാലങ്ങൾക്കു മുമ്പ് തൃശൂരിൽവച്ചാണ് ഞാൻ ശെൽവനെ പരിചയപ്പെടുന്നത്. ചെരുപ്പുതുന്നലാണ് തൊഴിൽ. തിരുനെൽവേലിക്കാരൻ. പഠനാനന്തരമുള്ള അലച്ചിലിനിടയിലെ ഒരു വഴിയമ്പലമായിരുന്നു എനിക്കന്നു തൃശൂർ. കവി ലൂയിസ് പീറ്ററും രാഘവൻ അത്തോളിയും അക്കാദമിയിലെ പി. സലിംരാജുമായിരുന്നു കൂട്ട്. അക്കാദമിക്കു മുമ്പിലുള്ള മരക്കൂട്ടങ്ങൾക്കിടയിലെ സിമന്റു ബെഞ്ചുകളിലായിരുന്നു ഇരിപ്പും കിടപ്പും. അങ്ങനെയിരിക്കെ, ഒരുച്ച കഴിഞ്ഞ നേരത്ത് എന്നോളം പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ബെഞ്ചിന്റെ ഒരറ്റത്തു വന്നിരുന്നു. അവന്റെ കൈയിലൊരു പുസ്തകമിരുന്നതിനാൽ എനിക്ക് വേഗം പരിചയപ്പെടാൻ കഴിഞ്ഞു- ശെൽവൻ.
തമിഴും മലയാളവും കലർന്ന ഭാഷ. പ്രദക്ഷിണം ചെയ്യുന്ന ഇടയ്ക്കയുടെ അതേ ചിലമ്പൽ. ശെൽവനു നന്നായി മലയാളം വായിക്കാനറിയാം. മലയാളത്തിലെ ഒട്ടുമിക്ക കൃതികളും വായിച്ചിട്ടുണ്ട്. അവൻ വായിച്ചിട്ടുള്ള പുസ്തകങ്ങൾ കേട്ടപ്പോൾ ഞാനദ്ഭുതപ്പെട്ടുപോയി. സംഘകാലത്തെ ഐന്തണകളെക്കുറിച്ച് അവൻ വിശദമായി സംസാരിച്ചു. മലയാളത്തിൽ പ്രപഞ്ചത്തെ സ്നേഹിച്ച ഒരെഴുത്തുകാരനേയുള്ളൂ, അത് ബഷീറാണെന്നു പറഞ്ഞു. വിജയന്റെ ‘കടൽത്തീരത്ത്’ എന്ന കഥയിലെ വെള്ളായിയപ്പനും മകൻ കണ്ടുണ്ണിയും ഒരാളുടെതന്നെ രണ്ടു മാനസികാവസ്ഥകളാണെന്നു പറഞ്ഞു. ഒരായിരം പുസ്തകം വായിച്ചതിന്റെ ലഹരി ഞാനവനിൽനിന്ന് അനുഭവിച്ചറിഞ്ഞു.
പിന്നെയും ഞങ്ങൾ പല നാളുകളിൽ തൃശൂരിൽവച്ചു കണ്ടു. വടക്കുന്നാഥന്റെ കളിത്തട്ടുകളിൽ ഞങ്ങൾ മിണ്ടിപ്പറഞ്ഞിരുന്നു. ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഒത്തിരി ദൂരം നടന്നു. ഒരിക്കലെന്റെ ചെരിപ്പ് തുന്നിത്തന്നു. പുസ്തകങ്ങൾ കൈമാറി. തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘വാക്കിന്റെ സമുദ്രസ്നാനങ്ങൾ’ എന്ന എന്റെ പുസ്തകത്തിന്റെ ആദ്യകോപ്പി നല്‍കിയത് ശെൽവനായിരുന്നു. പിന്നീടു കണ്ടപ്പോൾ ശെൽവൻ പറഞ്ഞു, “കൂട്ടേ, വായിച്ചിട്ട് ഒന്നും മനസിലായില്ല. പക്ഷേ, അതിലെന്തൊക്കെയോ ഉണ്ട്!” “എന്തൊക്കെയോ ഉണ്ട്” എന്നു പറഞ്ഞതാണ് ഇന്നോളം എനിക്ക് ലഭിച്ച ഏറ്റവും വലിയ പാരിതോഷികം എന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നീടെപ്പൊഴൊക്കെയോ പുറത്തേക്കുള്ള എന്റെ സഞ്ചാരങ്ങൾ കുറഞ്ഞുകുറഞ്ഞുവന്നു. അകത്തെ സഞ്ചാരങ്ങൾക്കിടയിൽ ശെൽവനെ ഓർക്കാനേ കഴിഞ്ഞില്ല. ശെൽവനെ ഞാൻ മറന്നു.
പക്ഷേ, ഉത്കണ്ഠകൾ നമുക്കു പിന്നാലെ വരുന്നു എന്നു പറയുംപോലെയാണ് ചില ഓർമകളും. അവ നമ്മളറിയാതെ, അതീവരഹസ്യമായി പിന്തുടരുന്നുണ്ടാകാം. ഒരു രാത്രി പനിച്ചുകിടന്നപ്പോൾ ഒരോർമ ഉത്കണ്ഠകളോടെ മനസിലേക്കു പതുങ്ങിവന്നു. പൂർണചന്ദ്രോദയത്തിലേക്ക് തുള്ളിയുണരുന്ന കടൽപോലെ. അപരിഹാര്യമായ വേദന. ഓർമയുടെ മുക്കിലും മൂലയിലും ഉത്കണ്ഠകളോടെ ശെൽവൻ പതുങ്ങിനിൽക്കുന്നതുപോലെ തോന്നി. നേരം പുലരുംമുമ്പേ തൃശൂർക്കുള്ള വണ്ടി കയറി. അയ്യന്തോളിലെ പ്രധാന നിരത്തുകളിലൊന്നിൽ, ഒരു മരച്ചുവട്ടിൽ അവൻ സ്ഥിരമായിരുന്ന് ചെരുപ്പ് തുന്നാറുള്ളിടത്ത് അന്വേഷിച്ചു; കണ്ടില്ല. അക്കാദമിയിൽ ചെന്നു; കണ്ടില്ല. ശെൽവന് തീരെ സുഖമില്ലെന്നും നാട്ടിലേക്കു മടങ്ങിപ്പോയെന്നും സലിംരാജ് പറഞ്ഞു.
അതുംകൂടി കേട്ടതോടെ എനിക്കു സങ്കടം നിയന്ത്രിക്കാനാകാതായി. സലീമിനറിയാവുന്ന പാതി വിലാസവും എനിക്കറിയാവുന്ന പാതിയും ചേർത്ത് തുന്നിയ പൂർണവിലാസവുംകൊണ്ട് രണ്ടുനാൾ കഴിഞ്ഞ് ഞാൻ തിരുനെൽവേലിക്കു യാത്ര തിരിച്ചു. നഗരത്തിനു പുറത്തെ ഒറ്റപ്പെട്ട ഗ്രാമങ്ങളൊന്നിലായിരുന്നു ശെൽവന്റെ വീട്. ഇത്തിരി അലച്ചിലുകൾക്കൊടുവിൽ കാളീവാരം സ്ട്രീറ്റിലുള്ള ശെൽവന്റെ വീട് കണ്ടുപിടിച്ചു. പഴയ ചിരിയോടെ ശെൽവൻ ഉമ്മറത്തിരുപ്പുണ്ട്. എന്നെ കണ്ടതും ശെൽവൻ അദ്ഭുതപ്പെട്ടു. “കൂട്ടേ, ഇവിടെ?” ഞാനവനെ കെട്ടിപ്പിടിച്ചു. എന്തുപറ്റി? ഞാൻ ചോദിച്ചു.
ശെൽവൻ ചിരിച്ചു. “ഒന്നുമില്ല കൂട്ടേ, ആസ്ത്മ ഇത്തിരി കൂടിയിട്ടുണ്ട്. അതിനുള്ള മരുന്നു കഴിക്കുന്നു. ഇപ്പോ നല്ല കുറവുണ്ട്. പിന്നെ, കുട്ടികൾ വല്ലാതെ നിർബന്ധിക്കുന്നു, ഇനിയുള്ള കാലം അവർക്കൊപ്പം നിൽക്കാൻ. അവരുടെ സന്തോഷമല്ലേ വലുത്!” ശെൽവൻ ചുമയ്ക്കിടയിൽ വീണ്ടും ചിരിച്ചു. എനിക്കു സമാധാനമായി. ഭയപ്പെടാൻ ഒന്നുമില്ല. ഞാനവന്റെ കൈകൾ കൂട്ടിപ്പിടിച്ചു. അവനും ഞാനും കരഞ്ഞു. ഞങ്ങളൊരുപാടു നേരം സംസാരിച്ചു. ഭാര്യയും മക്കളും അത് കേട്ടുകൊണ്ടിരുന്നു.
ഞങ്ങളൊരുമിച്ചു ഭക്ഷണം കഴിച്ചു. മകനെയും കൂട്ടി എന്നെ അടുത്തുള്ള കോവിലിൽ തൊഴാൻ വിട്ടു. രാത്രിമുഴുവൻ ശെൽവൻ ചുമയ്ക്കിടയിലൂടെ തിരുക്കുറൾ പാടിത്തന്നു. “പൊയ്യിൽ പുലവനാണ് തിരുവള്ളുവർ. അതായത്, അസത്യമൊട്ടുമില്ലാത്തവൻ. കവികൾ അങ്ങനെയാകണം.” ശെൽവൻ പറഞ്ഞു. അന്നുരാത്രി ക്ഷീണത്താൽ ഉറങ്ങിവീണതു ഞാനാണ്. അപ്പോഴും ശെൽവൻ എനിക്കു കാവലായ് ഉണർന്നിരിക്കുകയായിരുന്നു.
അടുത്ത പ്രഭാതത്തിൽ മടങ്ങാനായി ഞാനിറങ്ങിയപ്പോൾ ശെൽവൻ നിരത്തോളം വന്നു. ഞങ്ങൾ ഒരിക്കൽകൂടി കെട്ടിപ്പിടിച്ചു. അപ്പോഴവൻ ചെവിയിൽ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: “മൂഢനുമായുള്ള സ്നേഹബന്ധം നല്ലതാണ്; കാരണം പിരിയേണ്ടിവരുമ്പ ദുഃഖിക്കേണ്ടല്ലോ!” തിരുക്കുറളിൽനിന്നുള്ള ഈരടി. ഞാൻ ചിരിച്ചു.
ശെൽവന്റെ മകൻ എന്നെ സൈക്കിളിലിരുത്തി ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടു. ബസിൽ കയറിയിരുന്നപ്പോൾ അവൻ സൈക്കിൾ ചാരിവച്ച് എന്റെ അടുക്കലേക്കു വന്നു. “സർ, അപ്പായ്ക്ക് കാൻസറാണ്. ഡോക്ടർമാർ വീട്ടിൽ പോകാൻ പറഞ്ഞു. അപ്പായ്ക്ക് ഇതറിയില്ല”- ആ പതിനെട്ടുകാരൻ കരഞ്ഞുകൊണ്ടിറങ്ങിപ്പോയി. ഞാൻ കരഞ്ഞില്ല. പക്ഷേ, കണ്ണു തുടച്ചു.
Leader Page
Leader Page
കർഷകർ സ്വന്തം കൃഷിഭൂമിയിൽ നട്ടുവളർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് മാതൃകാ നിയമം പുറത്തിറക്കി. കൃഷിഭൂമികളിൽ കാർഷിക വനവത്കരണം പ്രോത്സാഹിപ്പിക്കാനും മരം മുറിച്ചുമാറ്റൽ പ്രക്രിയ ലളിതമാക്കാനുമാണ് മാതൃകാ നിയമമെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഈ വർഷം ഏപ്രിൽ 24നും മേയ് 19നും സംസ്ഥാനങ്ങളുമായി രണ്ടു വട്ടം വിശദമായ ചർച്ചകൾ നടത്തിയതിനു ശേഷമാണ് മരംമുറിക്കൽ മാതൃകാ നിയമം കേന്ദ്രം പുറത്തിറക്കിയത്. കൃഷിഭൂമിയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയമങ്ങൾകൂടി കണക്കിലെടുത്തുകൊണ്ട് മാതൃകാ നിയമം അംഗീകരിച്ച് വിജ്ഞാപനമിറക്കാനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം.
ലക്ഷ്യങ്ങൾ
വനത്തിനു പുറത്ത് വൃക്ഷാവരണം വർധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും കൃഷിഭൂമിയിൽ കാർഷിക വനവത്കരണം പ്രോത്സാഹിപ്പിക്കണം. ഇതിനുവേണ്ടി കൃഷിഭൂമിയിൽനിന്നു മരം മുറിച്ചുമാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യം. കാർഷിക വനവത്കരണത്തിലൂടെ മണ്ണിന്റെ ഫലപുഷ്ഠി വർധിപ്പിക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക, മണ്ണിൽ വെള്ളം പിടിച്ചുനിർത്തുക തുടങ്ങിയവയും പുതിയ നിയമത്തിന്റെ ലക്ഷ്യങ്ങളാണ്.
ഇന്ത്യ, തടി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പ്രാദേശികമായി ലഭിക്കുന്ന തടിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ നിയമസംവിധാനം സഹായിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് പറയുന്നു. മരം അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളെ പിന്തുണയ്ക്കുക, രാജ്യത്തിന്റെ തടി വിതരണം മെച്ചപ്പെടുത്തുക, കർഷകർക്ക് പുതിയ വിപണി അവസരങ്ങൾ സൃഷ്ടിക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളാണ്. എന്നാൽ, കാർഷിക വനവത്കരണം സംരക്ഷിക്കാനെന്ന പേരിൽ കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന നിയമം കർഷകരെ സങ്കീർണമായ നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുരുക്കുന്നതും ഉദ്യോഗസ്ഥ-ലൈസൻസ് രാജ് തിരികെ കൊണ്ടുവരുന്നതുമാണ്.
കർഷകർക്ക് അധികഭാരം
കൃഷിഭൂമിയിലെ മരം വെട്ടണമെങ്കിൽ കൈക്കൂലി നൽകേണ്ട സ്ഥിതിയുണ്ടായേക്കും. മരം നടുന്നതു മുതൽ മുറിക്കുന്നതു വരെയുള്ള നീണ്ട വർഷങ്ങളിൽ ഓരോ ഘട്ടത്തിലും വനം, റവന്യു, കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണത്തിനും കർശന പരിശോധനയ്ക്കും കർഷകർ വിധേയരാകും. വാണിജ്യാടിസ്ഥാനത്തിൽ വനവത്കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വൻകിടക്കാർക്ക് ബാധകമായ ചട്ടങ്ങൾ പുതിയ മാതൃകാ നിയമത്തിലൂടെ പാവപ്പെട്ട ചെറുകിട കർഷകരുടെമേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് കേന്ദ്ര വനംവകുപ്പ്.
മരമെന്നതിന്റെ നിർവചനത്തിൽ പന വർഗങ്ങളും മരക്കുറ്റിയും കുറ്റിവൃക്ഷങ്ങളുമെല്ലാം ഉൾപ്പെടും. മരം വെട്ടിമാറ്റുന്നതും മരത്തിന് വളയമിടുന്നതും കത്തിച്ചു നശിപ്പിക്കുന്നതും വേരോടെ പിഴുതു മാറ്റുന്നതും രാസവസ്തു ഉപയോഗിച്ച് നശിപ്പിക്കുന്നതുമെല്ലാം മരംവെട്ടലിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തടി അധിഷ്ഠിത വ്യവസായങ്ങൾക്കുവേണ്ടി 2016ൽ പ്രസിദ്ധീകരിച്ച മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച സംസ്ഥാന തല കമ്മിറ്റിക്കാണ് സംസ്ഥാനത്ത് മാതൃകാ നിയമം നടപ്പാക്കാനുള്ള അധികാരം. കമ്മിറ്റിയിൽ നിലവിലുള്ള അംഗങ്ങൾക്കു പുറമെ റവന്യു, കൃഷി വകുപ്പു പ്രതിനിധികളെക്കൂടി ഉൾപ്പെടുത്താനാണ് മാതൃകാ നിയമത്തിലെ നിർദേശം. ഫലത്തിൽ, തടി അടിസ്ഥാനമാക്കിയുള്ള വൻകിട വ്യവസായങ്ങൾക്ക് ബാധകമായ അതേ നിയന്ത്രണ സംവിധാനം കൃഷിഭൂമിയിൽ വൃക്ഷങ്ങൾ നടുന്ന ചെറുകിട കർഷകർക്കും ബാധകമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് കർഷകരിൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതും അവരെ ഒരു വിധത്തിലും സഹായിക്കാത്തതുമാണ്.
കർശന നിബന്ധനകൾ
മാതൃകാ നിയമപ്രകാരം പറമ്പിൽ മരം വളർത്തുന്ന കർഷകൻ നാഷണൽ ടിംബർ മാനേജ്മെന്റ് പോർട്ടലിൽ വിവരം രജിസ്റ്റർ ചെയ്യണം. ആദ്യമായാണ് കർഷകൻ മരം നടുന്നത് ദേശീയ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന കർശന നിബന്ധന കേന്ദ്രം ഏർപ്പെടുത്തുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമി എവിടെ സ്ഥിതി ചെയ്യുന്നു, ഓരോ ഇനത്തിലും പെട്ട എത്ര മരങ്ങൾ നട്ടു, നട്ട മാസവും വർഷവും, തൈയുടെ ശരാശരി ഉയരം തുടങ്ങിയ വിവരങ്ങൾ ഈ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. തൈ നടുമ്പോൾ മാത്രമല്ല, മരം വളർന്നുവരുന്ന ഓരോ ഘട്ടത്തിലും വിശദാംശങ്ങൾ ഈ പോർട്ടലിൽ ചേർത്തുകൊണ്ടേയിരിക്കണം.
ഇതുവരെയില്ലാത്ത കഠിന നിബന്ധനകളാണ് മാതൃകാ നിയമത്തിൽ എഴുതി ചേർത്തിരിക്കുന്നത്. ഇതിലൂടെ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും വനം വകുപ്പിന്റെ നിരീക്ഷണത്തിന് കർഷകർ വിധേയരാകും. രജിസ്റ്റർ ചെയ്യാതെ മരങ്ങൾ മുറിക്കാനാവില്ലെന്ന സ്ഥിതിയുണ്ടാകും. ഇതിനു പുറമെ ദൃശ്യപരമായ തിരിച്ചറിയലിനുവേണ്ടി കർഷകർ നിർബന്ധമായും മരത്തിന്റെ ജിയോടാഗ് ചെയ്ത കെഎൽഎം ഫയലുകളും ചിത്രങ്ങളും പോർട്ടലിൽ നൽകണം. ഈ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ വനം, കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ കൃഷി ഭൂമി പരിശോധിക്കും. പറമ്പിൽ മരം നട്ടു എന്ന ഒറ്റക്കാരണത്താൽ ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥരോട് കർഷകർ നിരന്തരം ഉത്തരം പറയേണ്ടി വരും.
പരിശോധനയ്ക്കും പെർമിറ്റിനും വേരിഫൈയിംഗ് ഏജൻസി
പരിശോധനാ ഏജൻസി (വേരിഫയിംഗ് ഏജൻസി) എന്ന പേരിൽ മരം മുറിക്കാനുള്ള കർഷകരുടെ അപേക്ഷകൾ വിലയിരുത്താൻ ഒരു പുതിയ ഏജൻസിക്ക് കൂടി മാതൃകാ നിയമം വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനതല സമിതിയാണ് ഈ ഏജൻസിയെ എംപാനൽ ചെയ്യുന്നത്. ഇത് സർക്കാർ ഏജൻസിയോ സ്വകാര്യ ഏജൻസിയോ ആകാം. ഈ മേഖലയിൽ വൈദഗ്ധ്യമുണ്ടായിരിക്കണമെന്നു മാത്രം. കൃഷിക്കാരുടെ പുരയിടം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഈ ഏജൻസി ഓഡിറ്റർമാരെ നിയമിക്കും. ഓഡിറ്റർമാർ പരിശോധിച്ചു നൽകുന്ന റിപ്പോർട്ടിന് ശേഷം മാത്രമേ കർഷകന് മരം മുറിക്കാനുള്ള പെർമിറ്റ് ലഭിക്കുകയുള്ളൂ.
പെർമിറ്റ് നൽകുന്നതും പരിശോധനാ ഏജൻസിയാണ്. എത്ര മരം വെട്ടാമെന്നും ഏതളവിൽ വെട്ടാമെന്നും തീരുമാനമെടുക്കുന്നത് വേരിഫൈയിംഗ് ഏജൻസിയാണ്. കർഷകന് ഇക്കാര്യത്തിൽ സ്വതന്ത്ര തീരുമാനമെടുക്കാനാവില്ല. ഡിഎഫ്ഒയുടെ നിയന്ത്രണത്തിലാണ് പരിശോധനാ ഏജൻസിയുടെ പ്രവർത്തനം. അഴിമതിക്കും കർഷകദ്രോഹത്തിനും ലൈസൻസ് രാജിനും വഴിതെളിക്കുന്നതാണ് മരംവെട്ട് പെർമിറ്റിന് പുതിയ ഏജൻസിയെ നിയമിക്കാനുള്ള വ്യവസ്ഥ.
പത്തിൽ താഴെ മരങ്ങളാണ് മുറിക്കുന്നതെങ്കിൽ പരിശോധനാ ഏജൻസിയുടെ അംഗീകാരം വേണ്ട. നാഷണൽ ടിംബർ മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് കർഷകൻ ഓൺലൈനായി അപേക്ഷ നൽകണം. മരത്തിന്റെ ചിത്രവും ചുറ്റളവും ഉൾപ്പെടെയുള്ള വിശദ വിവരങ്ങളും അപ്ലോഡ് ചെയ്യണം. ഇതിന്റെ അടിസ്ഥാനത്തിൽ മരം മുറിക്കാനുള്ള പെർമിറ്റ് പോർട്ടലിൽനിന്ന് സ്വമേധയാ ഓൺലൈനായി കർഷകർക്ക് ലഭിക്കും. മരം മുറിച്ചതിനു ശേഷം മരക്കുറ്റികളുടെ ചിത്രങ്ങൾ കർഷകർ പോർട്ടലിലേക്ക് അപ് ലോഡ് ചെയ്യണം.
അപ്പീലിന് വ്യവസ്ഥയില്ല
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥർ തയാറാക്കിയതാണ് മാതൃകാ മരംവെട്ടൽ നിയമം. കേന്ദ്രം റദ്ദാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങൾപോലെ ഇതിലും കർഷക സംഘടനകളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം ആരാഞ്ഞിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ ഹരിതഗൃഹ വാതക വിസർജനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങളും നേടുന്നതിന് കേന്ദ്രസർക്കാരിന് വനത്തിന് പുറത്തുള്ള വൃക്ഷാവരണം 2030ന് മുമ്പ് വൻതോതിൽ വർധിപ്പിക്കണം. കൃഷിഭൂമിയിൽ നടുന്ന ഓരോ മരത്തിന്റെയും കണക്ക് ദേശീയ ടിംബർ മാനേജ്മെന്റ് രജിസ്ട്രിയിൽ ചേർക്കുന്നത് ഇതുസംബന്ധിച്ച ദേശീയ കണക്കുകൾ തയാറാക്കാൻ കേന്ദ്ര വനംവകുപ്പിന് സഹായകമാകും.
നിയമത്തിന്റെ ആമുഖത്തിൽ പ്രസ്താവിച്ചിരിക്കുന്ന ലക്ഷ്യങ്ങൾ വളരെ വിശാലവും ആകർഷകവുമാണ്. എന്നാൽ, കൃഷിഭൂമിയിൽ മരം നട്ടുപിടിപ്പിക്കുന്ന കർഷകന് സർക്കാർ ഒരു സാമ്പത്തിക സഹായവും ചെയ്യുന്നില്ല. പരാതികളുണ്ടെങ്കിൽ കർഷകന് അപ്പീൽ സമർപ്പിക്കാനും വ്യവസ്ഥയില്ല. ഏതു മരം വെട്ടാമെന്നും എത്ര അളവിൽ വെട്ടാമെന്നുമുള്ള ഉദ്യോഗസ്ഥരുടെ തീരുമാനം ചോദ്യം ചെയ്യാതെ കർഷകൻ അംഗീകരിക്കേണ്ടിവരും. മാതൃകാ മരംവെട്ടൽ നിയമം സങ്കീർണമായ നടപടിക്രമങ്ങളിൽ കർഷകരെ കുരുക്കും. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ അഴിമതിക്കും ഭീഷണികൾക്കും കർഷകൻ വഴങ്ങേണ്ടിവരും. നട്ടുവളർത്തുന്ന മരം യഥേഷ്ടം മുറിച്ചുമാറ്റാൻ കർഷകന് സ്വാതന്ത്ര്യം നൽകുന്ന നിയമമാണ് നടപ്പാക്കേണ്ടത്.
(കേരള കാർഷിക സർവകലാശാലാ മുൻ പ്രഫസറാണ് ലേഖകൻ)
Leader Page
“കണ്ണീർ പുറത്തുവരാതിരിക്കാൻവേണ്ടി പയ്യൻ ചിരിച്ചു” എന്ന് ‘പയ്യൻ കഥകളി’ലൊന്നിൽ വി.കെ.എൻ. എഴുതിയിട്ടുണ്ട്. തീയിൽ വിരൽതൊട്ടപ്പോഴെന്നപോലെയാണ് എനിക്കാ വാക്യം അനുഭവപ്പെട്ടത്. ഒരുതരം വീർപ്പുമുട്ടൽ. അന്തർസംഘർഷം. ഉള്ളിലെന്തോ എരിഞ്ഞമരുമ്പോഴുള്ള വിങ്ങൽ. ഈ കണ്ണീര് അടക്കിവച്ചുകൊണ്ടാണ് ബുദ്ധൻ ചിരിച്ചത്.

ഗാന്ധിജിയും സോക്രട്ടീസും ചിരിച്ചത്. അങ്ങനെ ചിരിച്ചവരെ ഞാനോർത്തുനോക്കി. അധികംപേരില്ല. ഗദാധരനിൽനിന്നു യാത്രതിരിച്ച് പരമഹംസരിലെത്തിയശേഷം ചൊരിഞ്ഞ കണ്ണീര് ഒരു ചിരിയിൽ അടക്കിവയ്ക്കാനായില്ല. ജീവന്മുക്തരിൽ അതു കണ്ടെത്താനാവില്ല. സഹസ്രനാമത്തിൽ അതിനെക്കുറിച്ച് ആഴമേറിയൊരു നേരുണ്ട്. അതു സ്വപ്നസദൃശമോ ക്ഷണികമോ അല്ല. നമുക്കജ്ഞാതമായ ഏതോ സാങ്കല്പികാനുഭൂതിയാണത്.
ഒരിക്കൽ ഞാനിത് യതിഗുരുവിനോട് ചോദിച്ചു. അദ്ദേഹം ഞങ്ങളെ സന്ധ്യാംബരം എരിഞ്ഞമരുന്നതു കാണിക്കാൻ കൊണ്ടുപോയി. ദൂരെ ചമതപോലെരിയുന്ന ചക്രവാളം. അതു പതിയെ അണഞ്ഞുകെടുമ്പോൾ, അതിൽനിന്നു പടരുന്ന തീനാമ്പുകൾ മേഘങ്ങൾ വാരിയണിയുന്നു. ചുറ്റിലും അഗ്നി പടർത്തിയശേഷം സങ്കടം പുറത്തുവരാതിരിക്കാൻ ആ തേജോഗോളം അവസാനമായി പുഞ്ചിരിക്കുന്നു. പിന്നെ അനന്തതയിൽ അലിയുന്നു. യതിഗുരു ഒന്നും പറഞ്ഞില്ല.
ആ നിശബ്ദതയിൽ വനജ്യോത്സ്ന പൂത്തുനിൽക്കുന്നതുപോലെ തോന്നി. എല്ലാം എരിഞ്ഞടങ്ങുംമുൻപും സാരമായ ചില മുന്തിയ നിമിഷങ്ങളുണ്ടാകും. ആ നിമിഷങ്ങളിലാകണം കണ്ണീർ പുറത്തുവരാതിരിക്കാൻവേണ്ടി നാം ചിരിക്കുന്നത്; അറിയില്ല.
കരയുന്ന പുരുഷന്മാരെ ഞാനധികം കണ്ടിട്ടില്ല. ഒരിക്കൽ ഓച്ചിറ പടനിലത്തുവച്ച് ഒരു ചെറുപ്പക്കാരൻ പൊട്ടിക്കരയുന്നതു കണ്ടിട്ടുണ്ട്. ജീവിതത്തിന്റെ നിരർഥകതയെക്കുറിച്ചുള്ള സങ്കടമായിരിക്കുമെന്നാണ് എനിക്കാദ്യം തോന്നിയത്. പിന്നീടുതോന്നി അതു പ്രണയഭംഗത്താലുണ്ടായ സങ്കടപ്പെയ്ത്തായിരിക്കുമെന്ന്. പക്ഷേ, അതൊന്നുമായിരുന്നില്ല എന്ന് പിന്നീടാണു ബോദ്ധ്യപ്പെട്ടത്. അത് അമ്മ നഷ്ടപ്പെട്ടതിന്റെ തീരാവ്യഥയായിരുന്നു. അമ്മ നഷ്ടപ്പെട്ടവർക്ക് ഒരിക്കലും പഴയതുപോലെ ചിരിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കണ്ണീര് പുറത്തുവരാതിരിക്കാനാണ് അവർ ചിരിക്കുന്നതെന്നും, അവരെ നിശബ്ദരാക്കാൻ അമ്മയെക്കുറിച്ചു പറഞ്ഞാൽ മതിയെന്നും എനിക്ക് തോന്നിയിട്ടുണ്ട്. അവരുടെ ചിരിയിലെങ്ങോ ഘനീഭൂതബാഷ്പത്തിന്റെ ഒരു നനവു പടർന്നുകിടപ്പുണ്ട്. “കണ്ണുനീർക്കുത്തിൽ ചിരിയുടെ വെള്ളിമീൻചാട്ടം തേടുന്നു” എന്ന് വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. അതു വായിക്കുമ്പോൾ ഉള്ളിലെ കടലുകളെല്ലാം വറ്റി ഒടുവിൽ ഉപ്പുപരലുകൾ മാത്രമായി ശേഷിക്കുന്ന ഒരനുഭവം ഉണ്ടാകുന്നു. ഒടുവിൽ മഴത്തുള്ളികളായി പുനർജനിക്കുംവരെ ആ മഹാവ്യഥ ഘനീഭൂതമായി നിൽക്കും. അതുവരെയും ആ കനം ഉള്ളിൽ ചുമന്നേ മതിയാകൂ.
ഉള്ളിലെ സങ്കടങ്ങളെല്ലാം കരഞ്ഞുതീർത്തിട്ട് ഒരു മന്ദസ്മിതത്തോടെ മൃതലോകത്തേക്ക് പോകുന്ന പൂവുകളെ ഞാൻ നോക്കിനിന്നിട്ടുണ്ട്. ഓരോ പൂവിലും സൂര്യചന്ദ്രന്മാർ പ്രകാശിക്കുന്നുവെന്നൊരു കബീർവാണിയുണ്ട്. എന്നാൽ, നമ്മുടെ നഗ്നനേത്രങ്ങളാൽ അതു കാണാനാകുന്നില്ല എന്നേയുള്ളൂ. നമ്മൾ പൂവുകളിൽ കാണുന്നതു പ്രകാശത്തിന്റെ ഒരു തുള്ളിയാണ്.
എന്നാൽ, ആ തുള്ളികളുടെ അനന്തകോടി അടരുകൾക്കുള്ളിൽ ഒരു കണ്ണീർത്തുള്ളിയുണ്ട്. ആ കണ്ണീർത്തുള്ളിയിൽ പ്രകാശം തൊടുമ്പോഴാണ് അതു മന്ദഹസിക്കുന്നതായി നമുക്ക് തോന്നുന്നത്. ആ ചാരുസ്മിതത്തിൽ എല്ലാമുണ്ട്. ജഗദ്ഭക്ഷകനായ കാലത്തിന്റെ വരവിൽ പിടയ്ക്കുന്ന നീൾമിഴിയിതളുകളുണ്ട്. കാണക്കാണെ തിടംവച്ചുണരുന്ന തീക്ഷ്ണസൗരഭ്യമുണ്ട്. മണ്ണിൽ വേരുകളാഴ്ത്തി നിൽക്കുമ്പോഴുള്ള ആദിമമായ അഭിമാനബോധമുണ്ട്. എല്ലാമുണ്ട്.
എത്ര സങ്കടം വന്നാലും കരയാത്ത ചിലരുണ്ട്. സ്ഥിതപ്രജ്ഞർ. ഓളപ്പാത്തിയിൽവീണ ഒരാലിലപോലെയാണ് അവർ. സങ്കടം വരുമ്പോൾ കരയുകയോ സന്തോഷം വരുമ്പോൾ ചിരിക്കുകയോ ചെയ്യാത്തവർ. അവർ അവരിൽത്തന്നെയാണു രമിക്കുന്നതും മദിക്കുന്നതും എരിഞ്ഞടങ്ങുന്നതും. എല്ലാ പുഴയും സമുദ്രോന്മുഖമായി ഒഴുകുന്നതുപോലെ അവരും ഒടുവിൽ അനന്തമായ ജലരാശിയിലെത്തും.
പക്ഷേ, അതിലവർക്കു വ്യഥയില്ല. കാരണം, അവർ ശരീരം മാത്രമാണ് ജലധിയിൽ അലിയിച്ചുകളയുന്നത്. മരണത്തിൽ മാത്രമല്ല, പ്രണയത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. മനോജ്ഞമാണ് ഈ അനുഭവം. പക്ഷേ, ദുർബലരും ഭോഗതത്പരരും ആനന്ദവാദികളുമായ നമുക്കെങ്ങനെ ഇതനുഭവിക്കാനാകും. നമുക്കു കാവ്യാത്മകമായ ഒരു ജീവിതമല്ല ഉള്ളത്. നമ്മുടെ ജീവിതം രഹസ്യാത്മകമാണ്. എല്ലാ രഹസ്യങ്ങൾക്കുള്ളിലും ഒരു മഹാസങ്കടം ഒളിഞ്ഞിരിപ്പുണ്ട്. അതൊളിപ്പിച്ചുവച്ചു ചിരിച്ചാൽ മാത്രമേ കപടലോകത്ത് ജീവിക്കാനാകൂ. നെഞ്ചുകീറി നേരിനെ കാട്ടുമ്പോഴും നമുക്ക് ചിരിച്ചേ മതിയാകൂ. കാരണം നമുക്കുള്ളത് ആത്മാർഥമായൊരു ഹൃദയമാണ്.
Leader Page
വാക്കുകൾ ഇണചേരുമ്പോഴുള്ള ആനന്ദമാണ് എനിക്കേറെ പ്രിയപ്പെട്ടത്. അതിന്റെ പരിധിയിൽ വരാത്ത ഒന്നിനോടും എനിക്കിതുവരെ പൊരുത്തപ്പെടാനായിട്ടില്ല. ആ ആനന്ദം എനിക്ക് ആനന്ദാതിരേകമാണ്. ആനന്ദത്തിൽനിന്നു പുറത്താക്കപ്പെടുന്ന ഒരവസ്ഥ. അത് മന്ദഗാമിനികൾ കടലിൽ ചെന്നുചേരുംപോലെയാണ്. സൗരമയൂഖം ഒരശ്രുകണത്തിൽ പീലിവിടർത്തി നിൽക്കുംപോലെ. ഒരു നെല്ലിപ്പഴം കാറ്റിലുലഞ്ഞ് നാവിലിറ്റുവീഴുംപോലെ. ആ ആനന്ദം ഞാനനുഭവിച്ചിട്ടുണ്ട്. നിർദയലോകത്തിൽ ഒറ്റപ്പെട്ടുപോയ എന്നെ ഈ ഭൂമിയിൽ ജീവിക്കാൻ ധൈര്യപ്പെടുത്തിയത് അത്തരം ആനന്ദങ്ങളായിരുന്നു.
ഒരിക്കൽ ടി. ഗോപി എന്ന കവി എന്നോടു പറഞ്ഞു; കടലിൽ ഒറ്റയ്ക്ക് ചൂണ്ടയിട്ട് മീൻപിടിക്കുന്ന സാന്റിയാഗോമാരാണ് നമ്മളെന്ന്. ഒറ്റ മീനും കിട്ടാതെ വെറുതേ ചൂണ്ടയിട്ടിരിക്കുന്ന സാന്റിയാഗോമാർ. നമ്മളും നമ്മുടെ സ്രഷ്ടാക്കളും മരിച്ചിട്ട് പതിറ്റാണ്ടു കഴിഞ്ഞിട്ടും നമ്മളിപ്പോഴും ചൂണ്ടകളിൽ മീൻ കൊരുത്തു കാത്തിരിക്കുന്നു. ഇതുകണ്ട് മീനുകൾ നമ്മെ പരിഹസിച്ചേക്കാം. അപ്പോൾ നമ്മൾ മീനുകളോട് ഉറക്കെ പറയണം, സാന്റിയാഗോമാരെ സൃഷ്ടിച്ചത് ലോകാവസാനം വരെ മീൻ പിടിക്കാനാണെന്ന്. ഗോപി ഇന്ന് നമ്മോടൊപ്പമില്ല. എല്ലാ ആണ്ടറുതിയിലും അവൻ വജ്രസാരമാം വാക്കിനാൽ ശിശിരത്തിന്റെ ഒരു തൂവൽ എനിക്കു വരച്ചുതരുമായിരുന്നു. അവനില്ലായെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. അവനുണ്ട് എന്ന് കൊടുംകേട് ബാധിച്ച എന്റെ പാവം മനസ് വിളിച്ചുപറയുന്നു. ഇണചേർത്ത് അവൻ പെറ്റുപെരുക്കിയ വാക്കുകൾ വിളിച്ചുപറയുന്നു. എല്ലാ ഋതുവിലും നീ പൂവിടുമെന്നെനിക്കറിയാം. പക്ഷേ, അതൊന്നും തേൻ കമഴ്ന്നപോലായിരുന്നില്ല. നിന്റെ വാക്ക്, നിന്റെ സ്നേഹംപോലെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഒന്നായിരുന്നു. അതിൽനിന്ന് എനിക്കും നിനക്കും ഒരിക്കലും മോചനം ലഭിച്ചിരുന്നില്ല.
നമ്മളൊരുമിച്ച് എത്രയെത്ര യാത്രകൾ കിനാവു കണ്ടു. എത്ര ദൂരം പാതി പോയി മടങ്ങി. എത്രദൂരം മനസുകൊണ്ട് പോയ് വന്നു. അറിയില്ല. നമ്മളൊരുമിച്ച് പോകേണ്ട ഇടങ്ങളിൽ പിന്നീട് ഞാനൊറ്റയ്ക്കു പോയി. പൂനയിലെ ഓഷോ ആശ്രമത്തിൽ, ശ്രവണ ബലഗൊളയിൽ, തലക്കാവേരിയിൽ, കുടജാദ്രിയിൽ, നാഞ്ചിനാട്ടിൽ. അവിടെയൊന്നും നീ എന്നോടൊപ്പം വന്നില്ല. എങ്കിലും ഒരു സന്ധ്യാതാരകത്തെപ്പോലെ നീ എന്നെ പിന്തുടരുന്നതായി എനിക്കനുഭവപ്പെട്ടിട്ടുണ്ട്. തിരശീലയ്ക്കു മീതേ തിരശീല വന്നു വീഴുമ്പോഴും നമുക്കജ്ഞാതമായ യാനങ്ങൾ ഇനിയുമുണ്ടല്ലോ നമ്മിലെന്ന് വെറുതേ തോന്നിപ്പോകുന്നു.
ഒരിക്കൽ ഓഷോ ആശ്രമത്തിലിരിക്കുമ്പോൾ പലതും ഓർത്ത കൂട്ടത്തിൽ നടന്നുവന്ന വഴികൾ വെറുതേ ഓർത്തു. വഴികൾ മാത്രമല്ല, കണ്ടുമുട്ടിയവരെ, പ്രിയപ്പെട്ടവരെ, ആദ്യത്തെ നോട്ടത്തിൽത്തന്നെ പൂത്ത ചെന്തീകളെ, സ്ഫുടതാരകളെ, നഷ്ടവസന്തസ്ഥലികളെ, നിത്യഭാസുര നഭശ്ചരങ്ങളെ എല്ലാം. എത്രയോ പേർ ഒന്നും മിണ്ടാതെ പടിയിറങ്ങിപ്പോയിരിക്കുന്നു. എത്രയോപേർ വീണ്ടും കാണാമെന്നു പറഞ്ഞു മറഞ്ഞിരിക്കുന്നു. എത്രയോ തൊട്ടാവാടികൾ പിണക്കം പറഞ്ഞ് ഇലകൾ കൂമ്പിനിൽക്കുന്നു. എത്രയോ നീർത്തടങ്ങൾ ഉള്ളിൽ വറ്റിപ്പോയിരിക്കുന്നു. എത്ര ഛന്ദസുകൾ കിനാവിൽനിന്ന് വഴുതിപ്പോയിരിക്കുന്നു. ഓർത്തിരുന്നപ്പോൾ വല്ലാത്ത സങ്കടം തോന്നി.
“ദുഃഖിക്കാനെന്തിരിക്കുന്നു. ദുഃഖംതന്നെയല്ലീ നാം” എന്ന കുഞ്ഞുണ്ണിക്കവിത ഓർത്തു. “രണ്ടു കുത്തിടാതെ ദുഃഖമെന്നെഴുതിയാൽ നല്ല സുഖം ദുഃഖത്തിനും” എന്നെഴുതിയ പുലിയൂർ രവീന്ദ്രനെ ഓർത്തു. “കൊച്ചു ദുഃഖങ്ങളെയൊക്കെ വിരൽത്തുമ്പാലെ നീക്കുക’’ എന്നും “മഹാദുഃഖങ്ങളെമാത്രം മാറിൽ താഴ്ത്തിയിറക്കുക” എന്നും ഓർമിപ്പിച്ച അയ്യപ്പപ്പണിക്കരെ ഓർത്തു. “എന്റെ ദുഃഖങ്ങൾ വെറും കടൽശംഖുകളെന്നും അപരന്റെ ദുഃഖങ്ങൾ മഹാസമുദ്രങ്ങളെന്നും” മന്ത്രിച്ച ഒഎൻവിയെ ഓർത്തു. അങ്ങനെ ഓർത്തോർത്തിരുന്നപ്പോൾ ഉള്ളിലെങ്ങോ ഒരു സത്യബോധോദയമുണ്ടായി. ദുഃഖത്തിനർഥമില്ലെന്നു മനസിലായി. ഉള്ളിലെ ദുഃഖം സർവാംഗം ദഹിച്ചുതുടങ്ങി. ഒടുവിൽ ഒരിത്തിരി വെളുത്ത ചാരം കിട്ടി. അതും ചുമന്ന് ഞാൻ നരകയാനം തുടർന്നു. ഉന്മാദക്ഷോഭം ശമിപ്പിച്ച് സന്തുഷ്ടനാകാനുള്ള തീർഥാടനം.
തീർഥാടനകാലത്താണ് ഞാൻ ഓഷോയെ വായിച്ചുതുടങ്ങുന്നത്. ആ വായന എന്റെ ഗ്രഹണകാലംകൂടിയായിരുന്നു. സന്താപകലുഷിതമായ മനസിനെ അനുകമ്പയോടെ ആ പുസ്തകങ്ങൾ ശുശ്രൂഷിച്ചു. അത് ഉള്ളിലെ ഇത്തിരിപ്പോന്ന സ്വാതന്ത്ര്യത്തെ മഹാകാശമാക്കിത്തീർക്കാനുള്ള ആഹ്വാനമായിരുന്നു. ഒരു പുസ്തകത്തിൽ ഓഷോ പറയും, “നിങ്ങൾ ആദ്യം ശ്രദ്ധിക്കേണ്ടത് ആകാശത്തിൽ മറ്റൊരാകാശം സൃഷ്ടിക്കുന്ന പക്ഷികളെയാണ്” എന്ന്. “ഭൂമിയിൽ ഏറ്റവും കുറച്ച് സ്വാതന്ത്ര്യം അനുഭവിക്കുന്നത് മനുഷ്യനാണെ’’ന്ന് ഓഷോ പിന്നീട് കൂട്ടിച്ചേർക്കുന്നുണ്ട്. വായിച്ചുകഴിഞ്ഞപ്പോൾ അതു ശരിയല്ലേ എന്ന് എനിക്കും തോന്നി. ഞാൻ ‘ധർമപദം’ എടുത്തുവായിച്ചു.
ബുദ്ധനും അതുതന്നെ പറയുന്നു. റൂമിയുടെ ഒരു കവിതയിൽ “ഈ പഞ്ജരത്തിൽനിന്ന് എന്നേക്കുമായി രക്ഷപ്പെട്ടുകൊള്ളുക” എന്നും “ഈ ആവരണം ഛേദിക്കുക” എന്നും പറയുന്നുണ്ട്. ഈ രക്ഷപ്പെടൽ ദുഃഖത്തിൽനിന്നുള്ള രക്ഷപ്പെടലാണ്. അതിനു സ്വാതന്ത്ര്യം വേണം. സ്വാതന്ത്ര്യമില്ലാത്തിടത്ത് ദുഃഖം വന്നു കുമിഞ്ഞുകൂടാറുണ്ട് എന്നൊരു പഴങ്കഥയുണ്ട്.
വായനയിലൂടെയും യാത്രയിലൂടെയുമാണ് ഞാൻ മനസിന്റെ ഉൾഭ്രമണങ്ങളെ അടക്കിനിർത്തിയത്. എന്നാൽ, ചില മുഹൂർത്തങ്ങളിൽ അത് പോയ വേഗത്തിൽത്തന്നെ തിരിച്ചുവരും. ആപാദമസ്തകം ഉഴുതുമറിക്കും. മനസിനെ മുൾമുനയിൽ നിർത്തും. ഒറ്റയ്ക്കിരിക്കുമ്പോഴാണ് എനിക്ക് ഇത്തരം ആക്രമണങ്ങളെ ചെറുക്കാനാകാതെ വരുന്നത്. അപ്പോൾ ഞാൻ പരാജയപ്പെട്ട യുദ്ധത്തിലെ അവസാന പോരാളിയായിത്തീരും.
ഉള്ളിലെ വൈഷമ്യങ്ങളെ മറികടക്കാനാണ് ഞാനെഴുതിത്തുടങ്ങിയത്. അതെനിക്കൊരു ഔഷധസേവകൂടിയായിരുന്നു. എഴുത്തിൽനിന്നാണ് ചിരകാല ബന്ധുക്കളെ കിട്ടിയത്. ദീർഘയാത്രകൾ നടത്തിയത്. വാക്കുകൾ ഇണചേരുന്നതു കണ്ടത്. അതിൽനിന്നൂറിയ ആനന്ദം അനുഭവിച്ചത്. അതിനാൽ ഞാനിപ്പോഴും ചൂണ്ടയിൽ മീൻകൊരുത്തു കാത്തിരിക്കുന്നു.
Leader Page
കേരളത്തിന്റെ നിലവിലെ കാർഷിക സന്പദ്ഘടന പലതലങ്ങളിൽ കെടുതികളുടെ ചുഴികളിലാണ്. കാർഷിക മേഖലയിലെ മുഖ്യ പങ്കാളികൾ, സഹകരണ മനസോടെ ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ ആധുനിക കാർഷിക സന്പദ്ഘടന കേരളത്തിന് കൈവരിക്കാനാകും.
കാർഷിക സ്വയംപര്യാപ്തത-സുരക്ഷ കൈവരിക്കാൻ നിലവിലെ കാർഷിക സന്പദ്ഘടനയുടെ മുഖ്യപ്രശ്നങ്ങൾ കണ്ടെത്തി മുൻഗണനാ പരിഹാരമാർഗങ്ങൾ നിർദേശിക്കേണ്ടതുണ്ട്. സംസ്ഥാന ആഭ്യന്തര കാർഷിക മൂല്യവർധനവ് 2016-17 മുതൽ 2023-24 വരെയുള്ള കാലയളവിൽ 3.5 ശതമാനം കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. വെള്ളപ്പൊക്കം മൂലം 57,000 ഹെക്ടർ കൃഷിയിടങ്ങൾ 2018-19ൽതന്നെ തകർന്നടിഞ്ഞിരുന്നു. കേരളത്തിന്റെ തനത് കാർഷിക സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഉയർന്ന സാക്ഷരത, ശക്തമായ സഹകരണവായ്പാ പ്രസ്ഥാനങ്ങൾ, മികച്ച വിവര സാങ്കേതിക വിദ്യയുടെ ലഭ്യത എന്നിവ കൃഷിയെ ശക്തീകരിക്കാൻ ഫലപ്രദമാണ്. പാട്ടക്കൃഷി പ്രോത്സാഹനം, ഫാർമർ പ്രൊഡ്യൂസർ കന്പനികളുടെ വിപുലീകരണം, അഗ്രോ പാർക്കുകൾ, മികച്ച ജലസേചന രീതികളുടെ പ്രചാരം എന്നിവ കൃഷിയെ ശക്തീകരിക്കാൻ ഉപകരിക്കും.
പ്രധാനമായും മൂന്നു തലങ്ങളിലാണ് കേരളത്തിന്റെ പ്രാഥമിക കാർഷിക സന്പദ്ഘടന ഞെരുക്കം അനുഭവിക്കുന്നത്. (1) സ്ഥല-ജല ലഭ്യതകൾ കുറഞ്ഞുവരുന്നു. (2) ക്രമാതീതമായി വർധിച്ചുവരുന്ന ഉത്പാദന ചിലവുകൾ. (3) കൂടെക്കൂടെയുള്ള കാലാവസ്ഥ ആഘാതങ്ങൾ. പിന്നിട്ട മുൻ ദശകത്തിൽ സംസ്ഥാനത്തിലെ മൊത്ത മൂല്യനേട്ടം (ജിഎസ്പിഎ) 10.5 ശതമാനത്തിൽനിന്ന് ഏഴു ശതമാനത്തിലേക്ക് താഴുന്നു. നിലവിൽ കാർഷിക മേഖല സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ, ഗ്രാമീണ തൊഴിലുകൾ സൃഷ്ടിക്കുന്നതിൽ, ഭക്ഷ്യവിളകളുടെ ശേഖരണം, സംസ്കരണം, ചില്ലറ വില്പന എന്നീ തലങ്ങളിൽ സുപ്രധാന പങ്ക് നിർവഹിച്ചുവരുന്നു.
കാർഷിക തകർച്ച
കേരളം കൃഷി തകർച്ചയുടെ നടുക്കയങ്ങളിൽ താഴ്ന്നു തുടരുന്നതിന്റെ ഏതാനും വിശദാംശങ്ങൾ ഇവയാണ്. (1) മൊത്തകൃഷിയിടത്തിന്റെ വിസ്തൃതി 2016-17ൽ 25.84 ലക്ഷം ഹെക്ടറിൽനിന്ന് 2023-24ൽ 25.3 ലക്ഷം ഹെക്ടറിലെത്തി, രണ്ടു ശതമാനം കുറവ് രേഖപ്പെടുത്തി. (2) ഇതേ കാലയളവിൽ ഒറ്റത്തവണ കൃഷിയുടെ വിസ്തൃതി 20.15 ലക്ഷം ഹെക്ടറിൽനിന്നു 19 ലക്ഷത്തിലേക്ക് താണു: ഇതിന് കാരണങ്ങൾ, കൃഷിയിടങ്ങൾ തരിശിടൽ, നഗരവത്കരണം എന്നിവയാണ്. (3) നെൽകൃഷി വിസ്തൃതി 1.96 ലക്ഷം ഹെക്ടറിൽനിന്ന് 1.17 ലക്ഷം ഹെക്ടറായി, 40 ശതമാനം കുറവ് സംഭവിച്ചിരിക്കുന്നു. (4) ആർഎസ്എസ്-4 ഗ്രേഡ് റബറിന്റെ 2016-17ലെ വില 132.50 രൂപയിൽനിന്ന് 158 രൂപയായി ചെറിയ തോതിൽ ഉയർന്നെങ്കിലും വളരെ കുറഞ്ഞ ഈ നിരക്കുകൾ കർഷകരുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. വർധിച്ചുവരുന്ന ഉത്പാദനച്ചെലവുകൾ മൂലം റബർ കൃഷി ലാഭകരമായി നടത്താൻ കഴിയാത്ത സാഹചര്യങ്ങൾ തുടരുകയാണ്. (5) കേരളത്തിലെ വനിതാ കർഷക തൊഴിലാളികളുടെ പ്രതിദിന ശരാശരി വേതനം 443 രൂപയിൽനിന്ന് 680 രൂപയായി ഉയർന്നു. (6) വിളകൾക്ക് ലഭിക്കുന്ന ഇൻഷ്വറൻസ് പരിരക്ഷ 17 ശതമാനത്തിൽനിന്ന് 27 ആയി ഉയർന്നിരിക്കുന്നു. (7) കാലാവസ്ഥ കെടുതികളിൽ ഉൾപ്പെട്ട് കൃഷിനഷ്ടം 57,000 ഹെക്ടർ പ്രദേശത്ത് 3,000 കോടി രൂപയിൽ അധികമായിരുന്നു. 2016-17 മുതൽ ഇടവിട്ട വർഷങ്ങളിൽ അപ്രതീഷിതമായി പ്രകൃതിദുരന്തങ്ങൾ കടന്നുവരാറുണ്ട്. (8) 2016-17ൽ കർഷകന്റെ ശരാശരി പ്രായം 52 ആയിരുന്നത് ക്രമേണ ഉയർന്നുവന്നുകൊണ്ടിരിക്കുന്നു.10 ശതമാനത്തിലധികം കർഷകർ മാത്രമാണ് ശരാശരി 35 വയസിൽ താഴെയുള്ളവർ. (9) ഗ്രാമീണ മേഖലയിലെ ആകെ 44 ലക്ഷം കുടുംബങ്ങളിലെ 33 ശതമാനം മാത്രമേ കാർഷിക വൃത്തി മുഖ്യവരുമാനമായി സ്വീകരിച്ചിട്ടുള്ളൂ.
മേൽവിവരിച്ച പിന്നാക്കംപോകലിൽനിന്നു കരകയറാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്പോൾ കേരള കൃഷിയുടെ കേന്ദ്ര ബിന്ദുവായ പരിമിത, ചെറുകിട കർഷകരെ എപ്രകാരം കരകയറ്റണം എന്നാണ് ഒരു സുപ്രധാന കർത്തവ്യം. പരിമിത-ചെറുകിട കർഷകരെ ഒരു കാലഘട്ടത്തിൽ നമ്മൾ സംരക്ഷിച്ച് പോഷിപ്പിച്ചിരുന്നു. എന്നാൽ നിലവിലെ വർധിത കൃഷിച്ചെലവുകൾ പരിമിത കർഷകർക്ക് താങ്ങാനാവുന്നില്ല.
ചെറുകിട കർഷകനു നിവർന്നുനിൽക്കാൻ പലവിധ തലങ്ങളിൽ- സഹകരണ, ക്ലസ്റ്റർ ഗ്രൂപ്പ് ഫാമിംഗ്, കാലാവസ്ഥ സൗഹൃദ കൃഷി എന്നീ രംഗങ്ങളിൽ ഏകോപനം വർധിപ്പിക്കേണ്ടതുണ്ട്. ഇതിനായി പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ, കർഷക ഉത്പാദക സംഘങ്ങൾ, കാർഷിക ഗവേഷണ കേന്ദ്രങ്ങൾ, വിളയധിഷ്ഠിത സംരംഭകർ എന്നിവരെ ഉൾപ്പെടുത്തി പ്രവർത്തന രൂപരേഖ തയാറാക്കി മുന്നേറേണ്ടതുണ്ട്.
അടിസ്ഥാന പ്രശ്നങ്ങൾ
1. കൃഷി ഭൂമിയുടെ തുണ്ട്വത്കരണം: ശരാശരി കൃഷിയിടം 0.18 ഹെക്ടറിൽ താഴെയെത്തിയിരിക്കുന്നു (അഗ്രി സെൻസസ് 2020).
2. കാർഷിക ചേരുവകളുടെ (ഇൻപുട്സ്) അമിതമായ വിലക്കയറ്റം: വളങ്ങൾക്ക് 48%, ഇന്ധനം 64% വരെ വിലവർധനവ് 2017-24 കാലഘട്ടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
3. കുറഞ്ഞ വിപണി ഇടപെടലുകൾ: കർഷകരുടെ ഉത്പന്നങ്ങളുടെ 28% മാത്രമേ സംഘടിത വിപണികളിലൂടെ വിറ്റഴിക്കപ്പെടുന്നുള്ളു.
4. വിളവെടുപ്പിനുശേഷം ഗതാഗത, ശേഖരണ, സംസ്കരണ സൗകര്യങ്ങളുടെ കുറവുമൂലം 12 ശതമാനം വിളവുകൾ നഷ്ടപ്പെടുന്നു.
5. കാർഷിക വായ്പകളുടെ 45 ശതമാനത്തിൽ താഴെ മാത്രമെ പിഎസിഎസ്, എഫ്എസ്സി മുഖേന ലഭ്യമാകുന്നുള്ളൂ.
6. കിസാൻ ക്രെഡിറ്റ് കാർഡുകൾ 55 ശതമാനം കർഷകർ മാത്രമെ നിലവിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുള്ളൂ.
7. പ്ലാന്റേഷൻ കൃഷിയിനങ്ങൾ പൊതുവെ പ്രായം ചെന്ന് വരൾച്ച മുരടിച്ചു തകരുന്നു. റബർ, തെങ്ങ് എന്നിവ ഇവയുടെ റീപ്ലാന്റിംഗ് ചിട്ടയായി നടത്തുന്നതിൽ അലംഭാവം സംഭവിച്ചിരിക്കുന്നു.
8. യന്ത്രവത്കരണം വളരെ പരിമിതമായെ കടന്നുവന്നിട്ടുള്ളു. സംസ്ഥാനത്ത് 1000 ഹെക്ടർ കൃഷിക്ക് 19 ട്രാക്ടർ എന്നതാണ് അവസ്ഥ. ദേശീയ തലത്തിൽ ഇത് 46 ആണ്.
മറികടക്കേണ്ട പ്രശ്നങ്ങൾ
1. കൃഷിയിടത്തിന്റെ ഫലഭൂയിഷ്ടി നഷ്ടപ്പെടൽ, കൃഷിയിറക്കാതെ ഭൂമി തരിശായി ഇടുക, ലക്ഷത്തോളം നെൽകൃഷി ഇടങ്ങൾ തരിശായി കിടക്കുന്നു; കുട്ടനാട്ടിൽ ഓരുവെള്ളം, ഉപ്പുവെള്ളം എന്നിവ കടന്നുകയറി കൃഷിയും മത്സ്യസന്പത്തും നശിക്കുന്നു.
2. മുരടിച്ച ഉത്പാദന ക്ഷമത; നെല്ല്, തെങ്ങ്, കുരുമുളക് എന്നിവയുടെ വളർച്ചാ നിരക്കുകൾ ദേശീയ നിരക്കിനെക്കാൾ 15 മുതൽ 30 ശതമാനം വരെ കുറവ് കാണിക്കുന്നു.
3. കുടിയേറ്റ തൊഴിലാളികളെ വർധിത തോതിൽ ആശ്രയിക്കേണ്ടിവരുന്നു, കൂലിച്ചെലവ് ക്രമാതീതമായി കൂടിയും വരുന്നു.
4. വിലസ്ഥിരതയും വരുമാന വർധനവും ഉറപ്പാക്കുവാനുള്ള ശ്രമം വർധിത തോതിൽ വേണ്ടിവരുന്നു. പ്രത്യേകിച്ച്, റബർ, സുഗന്ധവ്യഞ്ജനങ്ങൾ, പഴവർഗങ്ങൾ എന്നിവയ്ക്ക്.
5. കാലാവസ്ഥാ വ്യതിയാനം; വെള്ളപ്പൊക്കം, വരൾച്ച മുതലായവ ആവർത്തിക്കപ്പെടുന്നു.
6. പരിമിതമായ മൂല്യവർധനവുകൾ: പ്രാഥമികമായ മൂല്യവർധന പരിപോഷണ പ്രക്രിയകളുടെ പങ്ക് വളരെ കുറവും സംസ്ഥാനത്തെ മൊത്ത മൂല്യവർധനയുടെ 11 ശതമാനം മാത്രമെ ഉള്ളൂ.
7. പ്രായമാകുന്ന കർഷക സമൂഹം, സാങ്കേതിക പരിജ്ഞാനമുള്ള കൃഷിക്കാരുടെ കുറവ്, മികച്ച സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നതിലെ പിന്നാക്കാവസ്ഥകൾ എന്നിവ രൂക്ഷമായി തുടരുന്നു.
8. ഏകീകൃത സേവനങ്ങൾ, വിജ്ഞാന വിതരണം-ഉപയോഗപ്പെടുത്തലുകൾ എന്നിവയിൽ ഏറ്റക്കുറച്ചിലുകൾ നിലവിലുണ്ട്.
(തുടരും)
Leader Page
സാമ്പത്തിക ജീവിതത്തിൽ വലിയ പങ്കു വഹിക്കുന്ന ഘടകമാണ് ക്രെഡിറ്റ് സ്കോർ. ഒരു വ്യക്തിയുടെ സാമ്പത്തിക വിശ്വാസ്യത അളക്കാൻ സഹായിക്കുന്ന പ്രധാന സൂചികയായി ക്രെഡിറ്റ് സ്കോർ കണക്കാക്കപ്പെടുന്നു. ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ചില തൊഴിലിടങ്ങളിലും ക്രെഡിറ്റ് സ്കോർ നിർണായക പരിഗണനാ വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്.
സാധാരണക്കാർ വായ്പയെടുക്കുമ്പോഴും ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോഴും ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ആദ്യം പരിശോധിക്കുന്നത് ക്രെഡിറ്റ് സ്കോറാണ്. അപേക്ഷകൻ വായ്പ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും തിരിച്ചടവ് രീതി എങ്ങനെയെന്നും മനസിലാക്കാനാണ് ബാങ്കുകൾ ഇത് പരിശോധിക്കുന്നത്.
ക്രെഡിറ്റ് സ്കോർ എങ്ങനെ നിർണയിക്കുന്നു?
ഒരു വ്യക്തിയുടെ വായ്പാ ചരിത്രം, തിരിച്ചടവിന്റെ സ്ഥിരത, ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗ നിരക്ക്, പുതിയ വായ്പാ അപേക്ഷകൾ, ക്രെഡിറ്റ് കാലാവധി തുടങ്ങിയ നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കി ക്രെഡിറ്റ് ബ്യൂറോകളാണ് (TransUnion CIBIL, Equifax, Experian) സ്കോർ നിർണയിക്കുന്നത്. സ്കോർ സാധാരണയായി 300 മുതൽ 900 വരെ ഉണ്ടായിരിക്കും. 750ഉം അതിനുമുകളിലുമായ സ്കോറുകൾ മികച്ചതായി കണക്കാക്കപ്പെടുന്നു. ബാങ്കുകൾക്ക് വ്യക്തിയുടെ സാമ്പത്തിക ക്രമശീലം മനസിലാക്കാൻ സഹായിക്കുന്ന പ്രധാന ഉപാധിയാണ് ഈ സ്കോർ.
മികച്ച ക്രെഡിറ്റ് സ്കോറിന്റ പ്രാധാന്യം
മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് പലിശനിരക്ക് കുറയ്ക്കാനും വായ്പ പെട്ടെന്ന് ലഭിക്കാനും കൂടുതൽ ക്രെഡിറ്റ് ലഭിക്കാനും സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ നല്ല സ്കോർ നിലനിർത്തുന്നത് അത്യാവശ്യമാണ്.
മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ സമയബന്ധിതമായ തിരിച്ചടവ്
ഇന്‍സ്റ്റാൾമെന്റുകൾ (ഇഎംഐ), ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവ കൃത്യസമയത്ത് അടയ്ക്കുക. ഏതെങ്കിലും ഒരു ഇഎംഐ വൈകിയാൽപോലും അത് സ്കോറിൽ മോശമായി പ്രതിഫലിക്കും. ചിലപ്പോൾ ശരിയായ സമയത്ത് പണമടയ്ക്കാതിരിക്കുക വീഴ്ചയായി രേഖപ്പെടുത്തിയേക്കാം. കഴിയുമെങ്കിൽ കൃത്യമായ തീയതിക്കു മുമ്പുതന്നെ അടയ്ക്കുന്നതാണ് ഉത്തമം. ഓട്ടോ ഡെബിറ്റ് സൗകര്യം ഉപയോഗിക്കുന്നത് കാലതാമസം ഒഴിവാക്കാൻ സഹായിക്കും.
ക്രെഡിറ്റ് കാർഡ് ഉപയോഗം നിയന്ത്രിക്കുക
ക്രെഡിറ്റ് ലിമിറ്റിന്റെ 30-40% വരെ മാത്രം ഉപയോഗിക്കുക. അതിൽ കൂടുതൽ ഉപയോഗിക്കുന്നത് നിങ്ങൾ സാമ്പത്തിക സമ്മർദത്തിലാണെന്ന സൂചനയായി കണക്കാക്കാം. പേയ്മെന്റ് കൃത്യമായാലും ഉപയോഗത്തിന്റെ അളവ് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
വായ്പകളിൽ സന്തുലനം നിലനിർത്തുക
ഈടുള്ള വായ്പകളായ ഭവനവായ്പ, വാഹനവായ്പ, സ്വർണവായ്പ എന്നിവയും ഈടില്ലാത്ത വായ്പകളായ ക്രെഡിറ്റ് കാർഡുകൾ, പേഴ്സണൽ ലോണുകൾ എന്നിവയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക.
ഈടുള്ള വായ്പകൾ സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും. അനിയന്ത്രിതമായി പേഴ്സണൽ ലോണും ക്രെഡിറ്റ് കാർഡുകളും എടുക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കാൻ സാധ്യയുണ്ട്.
നിയന്ത്രിത വായ്പാ അപേക്ഷകൾ
പുതിയ വായ്പയ്ക്ക് പല ബാങ്കുകളിൽ ഒന്നിച്ച് അപേക്ഷിച്ചാൽ അത് multiple enquiry ആയി ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രതിഫലിക്കും. തുടരെയുള്ള ലോൺ അപേക്ഷകൾ സാമ്പത്തിക നിലയെക്കുകുറിച്ച് നെഗറ്റീവ് സൂചന നൽകാം. പഴയ വായ്പകൾ തീർക്കാതെ പുതിയതിലേക്ക് കടക്കുന്നത് ഒഴിവാക്കുക.
ക്രെഡിറ്റ് റിപ്പോർട്ട് പരിശോധന
TransUnion CIBIL, Experian, Equifax തുടങ്ങിയ ബ്യൂറോകളിലൂടെ ക്രെഡിറ്റ് റിപ്പോർട്ട് വർഷത്തിൽ ഒരിക്കൽ പരിശോധിക്കുക. തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ ഉടൻ തിരുത്തലിനായി അപേക്ഷിക്കുക. പഴയ വായ്പകൾ പൂർത്തിയാക്കിയിട്ടും ആക്ടീവായി കാണുന്നത് സ്കോറിന് ദോഷകരമാണ്.
പഴയ ക്രെഡിറ്റ് കാർഡുകൾ നിലനിർത്തുക
ആദ്യകാല ക്രെഡിറ്റ് കാർഡുകൾ ഒരുതരത്തിൽ സാമ്പത്തിക വിശ്വാസ്യതയുടെ ചരിത്രമാണ്.കൃത്യമായ തിരിച്ചടവുകളുടെ സാക്ഷ്യപത്രമാണ് അവ. പഴയ കാർഡ് ക്ലോസ് ചെയ്താൽ ആ കാരണത്താൽ ക്രെഡിറ്റ് സ്കോർ കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ട് പഴയ ക്രെഡിറ്റ് കാർഡുകൾ നിലനിർത്താൻ ശ്രമിക്കുക.
ക്രെഡിറ്റ് സ്കോർ കുറവായാലും സ്വർണം പണയംവച്ച് വായ്പ എടുക്കാം. ഇത് കുറഞ്ഞ പലിശ നിരക്കിലും ലഭ്യമാണ്.
സമയബന്ധിതമായി തിരിച്ചടവ് നടത്തിയാൽ സ്കോർ മെച്ചപ്പെടും. ക്രെഡിറ്റ് ചരിത്രം മെച്ചപ്പെടുത്താൻ ഇത് നല്ലൊരു മാർഗമാണ്.
സൗത്ത് ഇന്ത്യൻ ബാങ്ക് ഗോൾഡ് ലോൺ
സ്വർണാഭരണങ്ങൾ ഈടായി ഉപയോഗിച്ച് ലഭിക്കുന്ന സുരക്ഷിത വായ്പയാണ് സ്വർണ വായ്പ. വിപുലമായ രേഖകളോ ക്രെഡിറ്റ് പരിശോധനകളോ ഇല്ലാതെതന്നെ അടിയന്തര ഫണ്ട് ആവശ്യമുള്ളവർക്ക് ഇത് ഒരു മികച്ച വായ്പാ ഉപാധി ആണ്. കുറഞ്ഞ പലിശ നിരക്ക്, വേഗത്തിലുള്ള നടപടി ക്രമങ്ങൾ, കുറഞ്ഞ ഡോക്യുമെന്റേഷൻ, മികച്ച തിരിച്ചടവ് ഓപ്ഷനുകൾ എന്നിവ സൗത്ത് ഇന്ത്യൻ ബാങ്ക് ഗോൾഡ് ലോൺ നൽകുന്നു.
നല്ലൊരു ക്രെഡിറ്റ് സ്കോർ നേടുക എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. അതിനായി, ഓരോ മാസവും ഉത്തരവാദിത്വപൂർണമായ ധനകാര്യ നീക്കങ്ങൾ നടത്തേണ്ടതുണ്ട്.
സുരക്ഷിതമായ വായ്പകൾ എടുക്കുക, സമയബന്ധിതമായ തിരിച്ചടവ് പാലിക്കുക, ക്രെഡിറ്റ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങൾ പാലിക്കുന്നത്തിലൂടെ ആർക്കും മികച്ച ക്രെഡിറ്റ് സ്കോർ നേടാം.
Leader Page
കുട്ടനാട്ടില്‍ കൃഷി സംരക്ഷിക്കാന്‍ നടപ്പാക്കിയ പ്രധാന പദ്ധതികളാണ് തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പള്ളി സ്പില്‍വേയും. ബണ്ട് വന്നതോടെ പ്രകൃതിയുടെ താളത്തിനൊത്ത് നിലനിന്നിരുന്ന കൃഷിരീതിക്കു മാറ്റംവന്നു. കൃഷി പോലെതന്നെ കുട്ടനാടിന്റെ സമ്പദ്വ്യവസ്ഥയില് ഏറെ പ്രാധാന്യമുള്ള മത്സ്യ ഉത്പാദനം തകര്‍ന്നു. പ്രതിവര്‍ഷം 23,000 ടണ്ണില്‍നിന്ന് 4,500 ടണ്ണില്‍ താഴെയായി കായലിലെ മത്സ്യോത്പാദനം.
കായലിന്റെ പ്രധാന വിഭവമായ കക്ക ഉത്പാദനത്തിന്റെ തകര്‍ച്ച, ആറ്റുകൊഞ്ചിന്റെ വംശനാശം, കണ്ടല്‍കാടുകളുടെ തിരോധാനം, കായലിലെ വ്യാപകമായ മലിനീകരണം ഇവ വിപരീതഫലങ്ങളാണ്. കുട്ടനാടന്‍ കൊഞ്ചിന്റെ പ്രതിവര്‍ഷ ഉത്പാദനം 429 ടണ്ണില്‍നിന്ന് ഇപ്പോള്‍ 30 ടണ്ണായി കുറഞ്ഞു. വെള്ളത്തില്‍ ഫോസ്ഫേറ്റിന്റെ വര്‍ധന മലിനീകരണത്തിന്റെ ലക്ഷണമാണ്. അതുവഴി ജലകളകള്‍ അനിയന്ത്രിതമായി പെരുകി. പോളയും ആഫ്രിക്കന്‍പായലും ഗുരുതരമായ പ്രശ്നങ്ങളായി മാറി.
കായലിന്റെ ജലവാഹകശേഷി കുറയ്ക്കുന്നു
അടുത്തകാലത്ത് അനിയന്ത്രിതമായ തോതിലുള്ള കടലേറ്റംമൂലം കായല്‍ജലത്തിന്റെ ലവണത അസാധാരണമാംവിധം വര്‍ധിച്ചതായി കാണുന്നു. നീണ്ടുനിൽക്കുന്ന വേലിയേറ്റ പ്രഭാവവും കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യക്ഷലക്ഷണമാണ്. ഭാവിയില്‍ ഉണ്ടാകാവുന്ന പ്രതിസന്ധിയുടെ ആദ്യലക്ഷണമാണിത്. പ്രളയാനന്തരം കുട്ടനാട്ടില്‍ മണ്ണിലെ ജൈവ കാര്‍ബണ്‍തോത് ഒമ്പതു ശതമാനംവരെ ഉയര്‍ന്നു. എക്കല്‍ അടിഞ്ഞുകൂടുന്നതാണു മണ്ണിലെ ജൈവ കാര്‍ബണിന്റെ തോത് ഉയരാന്‍ കാരണം. ഒരു വര്‍ഷത്തില്‍ കായലില്‍ എത്തുന്നത് ഹെക്ടര്‍ ഒന്നിന് ഒരു ടണ്‍ മുതല്‍ 26 ടണ്‍വരെ എക്കലാണ്. ഇത് കടലിലേക്ക് പോകാതെ കായലില്‍ കെട്ടിക്കിടന്നു കായലിനെ ചതുപ്പാക്കി മാറ്റുന്നു. അടിഞ്ഞുകൂടുന്ന ഏക്കല്‍ കായലിന്റെ ജലവാഹകശേഷി കുറയ്ക്കുന്നു.
എന്നാല്‍ വേമ്പനാട്ടു കായല്‍, പ്രളയജലം ഉള്‍ക്കൊള്ളാനുള്ള ജലസംഭരണി എന്നതിനപ്പുറം കടലിലേക്കുള്ള ജലനിര്‍ഗമന വഴിയായി കാണുന്നതാണു ശരി. നീരൊഴുക്കിനുള്ള തടസങ്ങള്‍ പൂര്‍ണമായി മാറ്റി അതിവേഗം കടലിലേക്കു പ്രളയജലം ഒഴുകിമാറണം. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള വേനല്‍മാസങ്ങളില്‍ കായലിലേക്കുള്ള ഓരുകയറ്റം ഏറെ ഗുരുതരമായി തുടരുന്നു.
2018ലെ പ്രളയത്തോടെ തോട്ടപ്പള്ളി സ്പില്‍വേയില്‍ കടല്‍മുഖത്ത് അടിഞ്ഞുകൂടിയ മണ്‍തിട്ട ഡ്രഡ്ജ് ചെയ്ത് മാറ്റിയ പശ്ചാത്തലത്തില്‍ കടലിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വര്‍ധിച്ചു എന്ന് ദേശാന്തര കായല്‍ ഗവേഷണ കേന്ദ്രത്തിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം മണല്‍ അടിഞ്ഞുകൂടിയതും മണല്‍ നീക്കുന്നതിനു മുന്‍പേതന്നെ കാലവര്‍ഷം എത്തിയതും വെള്ളപ്പൊക്കത്തിനും കൃഷി തുടങ്ങും മുന്‍പുതന്നെ മടവീഴ്ചയ്ക്കും കാരണമായി. ഇപ്പോഴും കുട്ടനാട്ടില്‍നിന്ന് വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ടില്ല. ഉയര്‍ന്ന വര്ഷപാതത്തോടൊപ്പം ഉണ്ടായ വേലിയേറ്റ പ്രളയം ദുരിതം വര്‍ധിപ്പിച്ചു. ഇതില്‍നിന്ന് നാം പാഠം ഉള്‍ക്കൊള്ളണം. കായലിന്റെ ജലനിര്‍ഗമന ശേഷി കുറയുന്നു എന്നതാണ് മുഖ്യകാരണം.
പൊഴികൾ പുനര്‍നിര്‍മിക്കണം
ആലപ്പുഴയുടെ തീരത്ത് പത്തൊമ്പതിലധികം പൊഴികള്‍ ഉണ്ട്. ഒന്നുപോലും പ്രവര്‍ത്തനക്ഷമമല്ല. കടലിലേക്ക് പ്രളയജലം വേഗത്തില്‍ കടക്കത്തക്കവിധം ഇവയെ പുനര്‍നിര്‍മിക്കേണ്ടത് അനിവാര്യമാണ്. തീരപ്രദേശങ്ങളില്‍ വ്യാപകമായി ഉണ്ടാകുന്ന കടലാക്രമണം പ്രതിരോധിക്കാനും കടല്‍ക്ഷോഭത്തിന്റെ പ്രഭാവം കുറയ്ക്കാനും ‘വാല്‍വ്’ പോലെ പ്രവര്‍ത്തിക്കുന്ന ഈ പൊഴികള്‍ പ്രയോജനപ്പെടും. പൊഴികളുടെ കടല്‍മുഖത്ത് കണ്ടല്‍ കവചം സൃഷ്ടിച്ച് ഈ ഇടങ്ങള്‍ സംരക്ഷിക്കണം. പരിസ്ഥിതിദിനത്തില്‍ മരത്തൈകള്‍ നടുന്നവര്‍ അതിലെത്ര പിടിച്ചുവരുന്നു എന്നുകൂടെ ചിന്തിക്കണം. ദേശീയപാത നിര്‍മാണത്തിനായി റോഡരികില്‍ ഉണ്ടായിരുന്ന വൃക്ഷങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റി. ഈ പശ്ചാത്തലത്തില്‍ പരിസ്ഥിതിദിനത്തില്‍ ആഘോഷപൂര്‍വം തുടങ്ങേണ്ട പദ്ധതിയാണ് തീര-വനവത്കരണം.
കായലില്‍ എക്കല്‍ അടിഞ്ഞു ജലശേഷി കുറഞ്ഞെന്നു നാം പരിതപിക്കുന്നു. എന്നാല്‍, എക്കല്‍ നിക്ഷേപത്തെ അനുഗ്രഹമായി കാണേണ്ടതല്ലേ? ഒരുകാലത്ത് നമ്മള് പ്രളയജലത്തില്‍ കടന്നുവരുന്ന എക്കല്‍ പാടശേഖരങ്ങളില്‍ കയറ്റിവിട്ട് വളക്കൂര്‍ വര്‍ധിപ്പിച്ച് കൃഷിക്ക് പ്രയോജനപ്പെടുത്തിയിരുന്നു. ഇന്ന് നമ്മുടെ കൃഷി രാസവളത്തിന്റെ കരുത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്.
ഓരോ പാടശേഖരവും അടച്ചുകെട്ടി, രാസവളം വേണ്ടതിലധികം ഉപയോഗിച്ചാണ് നാം നെല്‍കൃഷി ചെയ്യുന്നത്. കൃഷിക്ക് ഉപയോഗിക്കുന്ന വളത്തിന്റെ അഞ്ചിലൊന്നുപോലും നെല്ചെടികള് ഉപയോഗപ്പെടുത്തുന്നില്ല. ഏറിയഭാഗവും പമ്പ് ചെയ്ത് കായലില്‍ വിടുന്നതുമൂലം, കായല്വെള്ളത്തിന്റെ ഫലപുഷ്ടി കൂടുന്നു. വെള്ളത്തില്‍ ജലകളകള്‍ പെരുകുന്നു. ആദ്യകാലത്ത് ആഫ്രിക്കന്‍ പായല്‍ ആയിരുന്നു. ഇപ്പോള്‍ കുളവാഴ. ജലാശയങ്ങളില്‍ തീരാശാപം ആയി മാറിയ കുളവാഴ അധികമായതോടെ അതും വലിയ സമ്പത്ത് ആണെന്നു പറയാന്‍പോലും ഇപ്പോള്‍ നമുക്കു സങ്കോചമില്ല. അത്രമാത്രം ഹ്രസ്വദൃഷ്ടികളായി മാറി നമ്മള്. കായലിലെ മാലിന്യം വേഗത്തില്‍ ഒഴുകിപ്പോകാന്‍ കടലിലേക്ക് നീരൊഴുക്കു വര്‍ധിപ്പിക്കണം. ഒഴുക്കിനു തടസമാകുന്ന എല്ലാ പ്രതിബന്ധങ്ങളും മാറണം. അന്ധകാരനഴിയിലെ മണല്‍ത്തിട്ട കടലിലേക്കുള്ള നീരൊഴുക്കിനു പ്രതിബന്ധമായി. എത്രയോ കുടുംബങ്ങള്‍ വെള്ളക്കെട്ടില്‍ കഴിയുന്നു. കുളവാഴ നിര്‍മാര്‍ജനത്തിന് കോടികള്‍ മുടക്കാന്‍ നമ്മള് തയാറാണ്. എന്നാല്‍, നീരൊഴുക്കു വര്‍ധിപ്പിച്ച് കുളവാഴ പെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുന്നില്ല.
മൂല്യമേറെയുള്ള കാര്‍ബണ്‍ സ്രോതസ്
വേമ്പനാട് കായലിലെത്തിപ്പെട്ടിട്ടുള്ള എക്കല്‍ മൂല്യമേറേയുള്ള കാര്‍ബണ്‍ സ്രോതസാണ്. കായല്‍ ചെയ്യുന്നത് വലിയ കാര്‍ബണ്‍ സമീകരണ ധര്‍മമാണ്. കിഴക്കന്‍മലകളിലെ നിബിഡ വനങ്ങള്‍, അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് സ്വീകരിച്ച് കാര്‍ബണ്‍ സമീകരണം നടത്തുന്നു. കായല്‍, വനങ്ങളില്‍നിന്ന് ഇലകളും ചില്ലകളും ജീര്‍ണിച്ച് ഒഴുകിയെത്തുന്ന എക്കല്‍ പ്രാണവായുനിബദ്ധമായി സംരക്ഷിച്ചു കാര്‍ബണ്‍ സംഭരണികള്‍ ആയി മാറ്റുന്നു. വനത്തേക്കാള്‍ മുന്തിയ കാര്‍ബണ്‍ സമീകരണ ധര്‍മമാണ് കായല്‍ ചെയ്യുന്നത്. കായലില്‍ എത്തിപ്പെടുന്ന കാര്‍ബണ്‍ കലര്‍ന്ന എക്കല്‍ ബ്ലോക്കുകളായി കുത്തിയെടുത്ത് കായലോരങ്ങളില്‍ ജലനിരപ്പിന് താഴെ ബണ്ടുകള്‍ നിര്‍മിച്ച് സംരക്ഷിക്കാവുന്നതാണ്.
‘ബ്ലൂ കാര്‍ബണ്‍’ (Blue carbon) പദ്ധതി എന്നാണ് ഇതറിയപ്പെടുന്നത്. ജലവിതാനത്തിനു താഴെ, എക്കല്‍ ബണ്ടുകളില്‍ കണ്ടല്‍ വച്ചുപിടിപ്പിച്ച് നിബിഡമായ കണ്ടല്കവചം സൃഷ്ടിച്ചെടുക്കാം. നിത്യഹരിത സസ്യങ്ങളായതുകൊണ്ടുതന്നെ കണ്ടല്‍, കാര്‍ബണ്‍ സമീകരണത്തിനും പ്രയോജനപ്പെടും. കണ്ടല്‍ വേരുപടലങ്ങള്ക്കടിയില് സംഭരിക്കപ്പെടുന്ന എക്കല്‍ പ്രാണവായു നിബദ്ധമായി കാര്‍ബണ്‍ സമീകരണത്തിനും പ്രയോജനപ്പെടും. ഇത്തരത്തില്‍ നിര്‍മിച്ച കണ്ടല്നിരകള് കൃത്യ ഉയരത്തില്‍ വെട്ടിയൊതുക്കിയാൽ നമ്മുടെ തീരങ്ങളില്‍ ജനവാസമേഖലകളുടെ സംരക്ഷണത്തിനും ടൂറിസത്തിനും മറ്റും കരുത്തുപകരുന്ന ആകര്‍ഷകമായ ജൈവകവചം ആകും.
നമ്മുടെ രാജ്യത്ത് പല ബഹുരാഷ്ട്ര കമ്പനികളും (ഉദാ: കല്‍ക്കരി ഖനന വ്യവസായങ്ങള്‍, പേപ്പര്‍ വ്യവസായം, എയര്‍ ക്രാഫ്റ്റ് വ്യവസായം, വാഹന വ്യവസായം, പെട്രോളിയം വ്യവസായം എന്നിവ) കാര്‍ബണ്‍ നെഗറ്റീവ് ആണ്. കാര്‍ബണ്‍ പുറംതള്ളലിന്റെ പരിധി പാലിക്കാന്‍ കഴിയാത്ത ഇത്തരം വന്‍കിട സ്ഥാപനങ്ങള്‍ക്കു കാര്‍ബണ്‍ പുറംതള്ളല്‍ നിയന്ത്രിക്കുന്ന സംരംഭങ്ങള്‍ക്കു സാമ്പത്തികസഹായം നല്‍കാം. കാലാവസ്ഥാമാറ്റത്തിനു വഴിവയ്ക്കുന്ന, ഹരിതഗൃഹ വാതകം ധാരാളമായി പുറംതള്ളുന്ന വ്യവസായങ്ങളാണ് ഇവ. ഇത്തരം പല കമ്പനികളും കാര്‍ബണ്‍ നെഗറ്റീവ് ആണ്. അടുത്ത കാലത്ത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ‘കാര്‍ബണ്‍ ട്രേഡിംഗ്’ വഴി, കാര്‍ബണ്‍ സമീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വനവത്കരണ പദ്ധതികള്‍ക്ക് സിഎസ്ആര്‍ (CSR) ഫണ്ട് ഇവരില്‍നിന്ന് സ്വരൂപിക്കാം. അതു വഴി കാര്‍ബണ്‍ സമീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി കാര്‍ബണ്‍ നികുതിയില്‍നിന്നു രക്ഷനേടാം എന്നതുകൊണ്ടുതന്നെ ഈ സൗകര്യം അവര്‍ക്കും ആശ്വാസകരമാകും.
ഇത്തരത്തില്‍ ആര്‍ജിക്കുന്ന സിഎസ്ആര്‍ ഫണ്ട് നമ്മുടെ കായല്‍ മേഖലയുടെ വികസനത്തിനു പ്രയോജനപ്പെടുത്താം. വേമ്പനാട്ടു കായലിലും നമ്മുടെ തീരദേശത്തും ഏറ്റെടുക്കാവുന്ന ജൈവകവചം പദ്ധതി നിര്‍ദേശം ആലപ്പുഴ ജില്ലാ ഭരണകൂടം വഴി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. കായല്‍തീരത്ത് കണ്ടല്കവചം സൃഷ്ടിച്ചു നമ്മുടെ കായല്‍മേഖലയുടെ സമഗ്രവികസനത്തിനുതകുന്ന മേല്‍ പദ്ധതിക്ക് വേണ്ട സാങ്കേതികവിദ്യ ദേശാന്തര കായല്‍ ഗവേഷണ കേന്ദ്രം, അഷ്ടമുടി കായലിലെ മണ്‍റോ തുരുത്തു ദ്വീപില്‍ നടത്തിയ പഠനങ്ങളിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ചു വര്‍ഷം, ഇത് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശമാണ് സമര്‍പ്പിച്ചിട്ടുള്ളത്. കണ്ടല്‍ വളരുന്ന കായല്‍പ്രദേശങ്ങളില്‍ മത്സ്യോത്പാദനം വര്‍ധിക്കും എന്നതുകൊണ്ട് ഈ പദ്ധതി നമ്മുടെ മത്സ്യമേഖലയ്ക്കും ഏറെ കരുത്തുപകരും.
(കുട്ടനാട് അന്തര്‍ദേശീയ കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടറാണ് ലേഖകൻ)
Leader Page
2030ൽ കർഷകരുടെ യഥാർഥ വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യമിടണം. കാലാവസ്ഥാ ആഘാതങ്ങളുടെ നിരക്ക് നേർപകുതിയായി കുറയ്ക്കാൻ കഴിയണം. ഇവ നേടിയെടുക്കാൻ പ്രകൃതി സൗഹൃദ സഹകരണാടിസ്ഥാനത്തിൽ മൂല്യവർധന സാധ്യമാക്കണം. ആധുനിക കൃഷിരീതികൾ ഏർപ്പാടാക്കാൻ കഴിയേണ്ടതുണ്ട്. ഈ ലക്ഷ്യപ്രാപ്തിക്കായി അഞ്ച് മുഖ്യ പ്രവർത്തന മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാവുന്നതാണ്.
1. കൃഷിസ്ഥലം-ജലം: തരിശായികിടക്കുന്ന ഒരു ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളിൽ കൃഷിയിറക്കുക, സൂക്ഷ്മജലസേചന ലഭ്യത 50% വർധിപ്പിക്കുക, ഡിജിറ്റൽ ലാൻഡ് ബാങ്കുകൾ രൂപീകരിക്കുക, പൊതുകുളങ്ങൾ, കിണറുകൾ, ജലാശയങ്ങൾ സംരക്ഷിക്കുക, സൗരോർജ പന്പുസെറ്റുകളുടെ ഉപയോഗം വ്യാപകമാക്കുക.
തരിശുകിടക്കുന്ന കൃഷിയിടം കൃഷിക്കായി വാടകയ്ക്കു ലഭ്യമാക്കാനുതകുന്ന പോർട്ടലുകൾ സജ്ജീകരിച്ച് 2025-26 ഓടെ 25,000 ഹെക്ടർ കൃഷിയിടം പുതുതായി കൃഷി ചെയ്യുക, ഇത് 2030ൽ ഒരു ലക്ഷം ഹെക്ടർവരെയെത്തിക്കാൻ കഴിയട്ടെ. ഈ കൃഷിയിടങ്ങളിൽ സൂക്ഷ്മതല ജലസേചന സൗകര്യങ്ങൾ 45 ശതമാനം സ്ഥലങ്ങളിലും വ്യാപിപ്പിക്കുകയും വേണം.
2. പുതുമയുള്ള സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭക്ഷ്യ ഉത്പാദനക്ഷമത 20 ശതമാനംവരെ ഉയർത്തേണ്ടതുണ്ട്. ആയതിലേക്ക് സൂക്ഷ്മതല കൃഷിരീതികൾ, ഡ്രോണുകൾ, എഫ്പിഒ എന്നിവകളുടെ പ്രവർത്തനങ്ങൾ വ്യാപകമായി മെച്ചപ്പെടുത്തണം.
3. വിപണികൾ, മാർക്കറ്റിംഗ് മൂല്യവർധന ശ്രേണികൾ/കണ്ണികൾ വിപുലീകരിക്കണം. കർഷകരുടെ ഉത്പാദനത്തിന്റെ 50 ശതമാനവും എഫ്ഡിഒകൾ വഴി ഏറ്റെടുത്ത് നിർവഹിക്കണം. മൊത്ത മൂല്യവർധന 25% ആക്കി ഇരട്ടിയാക്കണം. ഇതിനായി, ‘നിളാ’ ഇ-ട്രെയിനിംഗ് പ്ലാറ്റ്ഫോം സൗകര്യങ്ങൾ കർഷകർക്കു ലളിതമായി ലഭ്യമാക്കി അവരുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടതുണ്ട്. അഗ്രോ-പ്രോസസിംഗ് പ്ലാന്റുകൾ സ്ഥാപിക്കുക, ജിയോ ഇൻഫോമാറ്റിക്സ് (ജിഐ) അടിസ്ഥാനമാക്കിയിട്ടുള്ള ബ്രാൻഡിംഗ് സംവിധാനങ്ങൾ കർഷകർക്കു ലഭ്യമാക്കേണ്ടതാണ്.
4. സാന്പത്തിക ബാധ്യതകൾ/ഇൻഷ്വറൻസ്: മൊത്ത കൃഷിയിടത്തിന്റെ 75 ശതമാനവും പിഎംഎഫ്ബിവൈയിൽ ഉൾപ്പെടുത്തുക. 1,500 കോടി രൂപയുടെ വില സ്റ്റബിലൈസേഷൻ ഫണ്ട് ഏർപ്പാടാക്കുക, പിഎസിഎസുകളെ കോർബാങ്കിന്റെ ഭാഗമാക്കി മാറ്റുക.
ഇൻഷ്വറൻസ് കവറേജ് കൃഷിഭൂമിയുടെ 50 ശതമാനമെത്തിക്കാൻ കഴിയട്ടെ, കുറഞ്ഞ നാലു ശതമാനം കൃഷിയിന/നടത്തിപ്പിന് വായ്പ ലഭ്യമാക്കാം.
5. കർഷക മനുഷ്യവിഭവം: പുതിയ തലമുറയിലെ കൃഷിസംരംഭകരുടെ എണ്ണം 50,000 എന്നു ലക്ഷ്യമിട്ടു മുന്നേറാം. അതോടൊപ്പം കുടിയേറ്റ തൊഴിലാളികളുടെ സാങ്കേതികശേഷി, അറിവു വർധിപ്പിക്കുക. പുതുമയുള്ള കൃഷിസംരംഭകർക്കായി ക്യാന്പുകൾ, കാർഷിക പോളിടെക് നെറ്റ്വർക്കുകൾ സൃഷ്ടിക്കുക, പങ്കാളിത്തം വർധിപ്പിക്കുക.
പ്രാരംഭമായി തെരഞ്ഞെടുക്കപ്പെടുന്ന 5,000 കൃഷിസംരംഭകർക്ക് സ്കോളർഷിപ്പ് നല്‍കുക, പ്രാദേശിക സർക്കാരുകൾ 500 ഡിജിറ്റൽ കിയോസ്കുകൾ രൂപീകരിക്കുക, 2030ൽ 50,000 യുവകർഷകരെ പരിശീലിപ്പിച്ചെടുക്കുക, കാർഷികയന്ത്രങ്ങളുടെ ഉപയോഗത്തിൽ രണ്ടുലക്ഷം യുവാക്കൾക്കു പ്രായോഗിക പരിജ്ഞാനം നല്‍കാം.
സമയബന്ധിത പ്രവർത്തനങ്ങൾ
വ്യത്യസ്ത തലങ്ങളിൽ നടപ്പാക്കേണ്ട ഹ്രസ്വ, ഇടത്തരം കാർഷിക മുന്നേറ്റ പ്രവർത്തന രൂപരേഖകൾ വിശദീകരിക്കട്ടെ.
1. സാങ്കേതിക അറിവ് ലഭ്യത: ആയിരം സ്മാർട്ട് ഫാം ഡെമോണ്സ്ട്രേഷൻ പ്ലോട്ടുകൾ വികസിപ്പിക്കുക, ഡ്രോണുപയോഗിച്ച് മരുന്ന്-വള പ്രയോഗങ്ങൾ നടപ്പിലാക്കുക, സംസ്ഥാനമാകമാനം സാറ്റലൈറ്റ് സംവിധാനങ്ങളിലൂടെ വിള മോണിറ്ററിംഗ് ഏർപ്പാടാക്കുക.
2. എഫ്പിഒ വിപണി: പുതിയ ഇനം എഫ്പിഒ രൂപീകരിച്ച് രണ്ടുലക്ഷം കർഷകരെ ഉൾപ്പെടുത്തി, നിള പ്ലാറ്റ്ഫോമിലൂടെ 3,000 കോടി രൂപയുടെ ടേണോവർ ലക്ഷ്യമിടുക.
3. മൂല്യവർധന: പഴവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തേങ്ങ എന്നിവ അടിസ്ഥാനമാക്കിയുള്ള മിനി പ്രോസസിംഗ് പ്ലാന്റുകൾ സ്ഥാപിക്കാൻ കഴിയും. 20 അഗ്രോ പാർക്കുകൾ, കൃഷി-ഭക്ഷ്യ സ്റ്റാർട്ടപ്പുകൾ എന്നിവയിലൂടെ 1,200 കോടി രൂപയുടെ മൂല്യവർധന സാധ്യമാക്കാവുന്നതാണ്.
സ്റ്റേക്ക് ഹോൾഡേഴ്സ് ഏകോപനം
1. സംസ്ഥാന വനം, കൃഷിവകുപ്പ്, പ്ലാനിംഗ് ബോർഡ്, വ്യവസായ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പുതിയ നയരൂപീകരണം, പരിഷ്കരണ നടപടികൾ സ്വീകരിക്കുക, വേഗത്തിലാക്കുക.
2. പ്രാദേശിക സർക്കാരുകൾ: സ്ഥലം കണ്ടെത്തി ലഭ്യമാക്കൽ, വനിതാസംഘങ്ങളെ ഉൾപ്പെടുത്തൽ, കൂട്ടുകൃഷി ഏർപ്പാടാക്കൽ, വിവര സാങ്കേതിക വിജ്ഞാന നവീകരണം, വ്യാപനം എന്നിവ നടപ്പിലാക്കുക.
3. പിഎസിഎസ്/എസ്സിബി/എഫ്പിഒഎസ് കൃഷി ചേരുവകളുടെ മൊത്ത വാങ്ങൽ, വിതരണം, സംഭരണം, ആധുനികയന്ത്രങ്ങൾ വാങ്ങി വാടകയ്ക്കു നല്കൽ എന്നിവ വ്യാപകമാക്കുക.
4. ഗവേഷണം/വിദ്യാഭ്യാസം: കെഎയു/സിപിആർഐ/ആർആർഐഐ എന്നിവരുടെ മേൽനോട്ടത്തിൽ കാലാവസ്ഥ നഷ്ടപ്രതിരോധനം, സാങ്കേതികവിദ്യ പ്രചാരണം എന്നിവ ഏറ്റെടുക്കൽ.
5. സ്വകാര്യ/സാമൂഹ്യ സേവനമേഖലകൾക്കും ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും, അവരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്.
നേതാക്കൾ ആവശ്യപ്പെട്ടവ
1. കൃഷി-കർഷകർക്കു വന്യജീവി അതിക്രമങ്ങളിൽനിന്നു ത്വരിത സംരക്ഷണം. നിലവിലെ നിയമമനുസരിച്ചു നടപടികൾ സ്വീകരിക്കാൻ രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വം തയാറാകണം. പ്രതിരോധ നടപടി സ്വീകരിക്കാത്ത ഔദ്യോഗിക രാഷ്ട്രീയനേതൃത്വത്തെ പ്രതിരോധത്തിലാക്കുക.
2. കർഷകരുടെ എല്ലാ ഉത്പന്നങ്ങൾക്കും മിനിമം താങ്ങുവില (എംഎസ്പി) നിശ്ചയിച്ചു നടപ്പാക്കണം.
3. നെല്ല്, റബർ, തെങ്ങ് കൃഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏകോപന/മേൽനോട്ട സ്ഥിരംസംവിധാനങ്ങൾ ഏർപ്പാടാക്കണം.
4. കർഷകർക്ക് ഏറ്റവും കുറഞ്ഞ നാലുശതമാനം പലിശനിരക്കിൽ ഹ്രസ്വകാല വായ്പകൾ വിപുലമായ തോതിൽ ലഭ്യമാക്കുക. ബാങ്കുകളുടെ ഈ രംഗത്തെ പ്രവർത്തനങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ മുഖേന വായ്പാവിതരണം ‘പലിശ ഇളവ് പ്രോഗ്രാമി’ലൂടെ വ്യാപകമാക്കണം. ഇത് പരിമിത/ചെറുകിട കർഷകർക്ക് ആശ്വാസമാവും.
5. പ്രാഥമിക കാർഷിക ഉത്പന്നങ്ങൾ ഉപയോഗിച്ച് മൂല്യവർധന-ഭക്ഷ്യ ഇനങ്ങൾ വിപുലമായ തോതിൽ കാർഷികമേഖലയിൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇത് പുതിയ തൊഴിലുകൾ സൃഷ്ടിക്കുകയും വിലക്കയറ്റത്തെ പ്രതിരോധിക്കുന്നതോടൊപ്പം സാന്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൃഷി/വ്യവസായ വകുപ്പുകളിൽ പ്രത്യേക വിഭാഗം തുടങ്ങണം. ഈ രംഗത്തെ നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ശക്തീകരിക്കേണ്ടതുണ്ട്.
6. ജല-മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾക്കു ശക്തമായ അടിസ്ഥാനമിടാൻ നദികൾ, ജലാശയങ്ങൾ എന്നിവകളിലെ ചെളിയും മണ്ണും യുദ്ധകാല അടിസ്ഥാനത്തിൽ നീക്കംചെയ്യണം.
7. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ, കുട്ടനാട് മേഖലകളിലെ കാർഷിക പ്രവർത്തനങ്ങൾ, പാക്കേജുകൾ പുനരവലോകനം എന്നിവ യുദ്ധകാല അടിസ്ഥാനത്തിൽ നടത്തി തുടർനടപടികൾ ആവിഷ്കരിച്ച് സുഗമമായ ജലനിർഗമനം സാധ്യമാക്കണം.
ചുരുക്കത്തിൽ
2030ഓടെ കേരളത്തിലെ കർഷകരുടെ വാർഷിക വരുമാനം ഇരട്ടിയാക്കുക. കാർഷിക മൂല്യവർധന നിലവിലെ 11 ശതമാനത്തിൽനിന്ന് 25 ശതമാനമാകണം. യുവകർഷകർക്ക് കൃഷിയധിഷ്ഠിത പുതിയ തൊഴിലുകൾ, തൊഴിൽ പരിശീലനം എന്നിവ വർധിച്ച തോതിൽ ലഭ്യമാക്കേണ്ടതുണ്ട്. അഗ്രോപാർക്കുകൾ, അഗ്രോ സ്റ്റാർട്ടപ്പുകൾ, ഭക്ഷ്യ പ്രോസസിംഗ് സംരംഭങ്ങൾ എന്നിവ ആരംഭിക്കാൻ ലളിതവ്യവസ്ഥകളിൽ കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ നൽകട്ടെ. പ്രാദേശിക തലങ്ങളിൽ യന്ത്രവത്കൃത ഗ്രൂപ്പ് ഫാമിംഗ്, പാട്ടകൃഷി, മൈക്രോ ജലസേചനം, സോളാർ എനർജി എന്നിവയുടെ സാധ്യതകൾ വിപുലപ്പെടുത്തി സുസ്ഥിര കാർഷിക അഭിവൃദ്ധി നമുക്കു കൈവരിക്കാനാകും.
(അവസാനിച്ചു)