ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ചാക്ക് കെട്ടിനുള്ളിൽ 20 ൽ പരം ലാപ്ടോപ്പ് ബാഗുകളിലായി പ്ലാസ്റ്റിക് കവറിൽ തയ്ച്ച് പിടിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആർപിഎഫ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് എത്തിച്ചയാളെ കണ്ടെത്താനായില്ല.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഷാലിമാർ എക്സ്പ്രസ് പുറപ്പെട്ടശേഷമാണ് സംശയാസ്പദമായ രീതിയിൽ ചാക്ക് കെട്ട് ശ്രദ്ധയിൽപ്പെട്ടത്. കണ്ടെടുത്ത കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷത്തിൽപ്പരം രൂപ വിലവരും.
ആർപിഎഫ് ഇൻസ്പെക്ടർ എ.കെ. പ്രിൻസ്, ക്രൈം ഇന്റലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ .ജിപിൻ, ജിആർപി സബ് ഇൻസ്പെക്ടർ ബിജോയ്, പ്രെയ്സ് മാത്യു, ഫിലിപ്സ് ജോൺ,സിജോ സേവ്യർ, അജിമോൻ, എസ്.വി. ജോസ് ,യേശുദാസ് എന്നിവരുൾപ്പെട്ട സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.