കണ്ണൂര്‍ : പിഎം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എഐവൈ എഫ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ചു. പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ പരിപാടിയിൽ സിപിഎമ്മിനെതിരേ രൂക്ഷ വിമർശന മുദ്രാവാക്യങ്ങളായിരുന്നു പ്രവർത്തകർ ഉയർത്തിയത്.
കേന്ദ്രം വാഴും ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് സിപിഎം കുട്ടു നിൽക്കുന്നു, നാലു വെള്ളിക്കാശിനു വേണ്ടി ആദർശങ്ങളെ ശിവൻകുട്ടി ഒറ്റിക്കൊടുത്തു എന്നിങ്ങനെയുള്ള മുദ്രാവാക്യം വിളികളും ഉയർന്നു. പ്രതിഷേധ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി. സാഗർ സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചതിനൊപ്പം പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളെയും വിമർശിച്ചു.
സിപിഎമ്മിന്റെ കീഴിൽ നിൽക്കേണ്ട ആവശ്യം സിപിഐക്കില്ലെന്നും പാർട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ആരായാലും പ്രവർത്തകർ നോക്കി നിൽക്കില്ലെന്നും സാഗർ പറഞ്ഞു. സിപിഐ മന്ത്രിമാരെ മന്ത്രിസഭയിൽ നിന്നും പിൻവലിക്കാൻ നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണത്തിനു വേണ്ടി സിപിഎം കേരളത്തെ ആർഎസ്എസിന് അടിയറി വച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കോലം കത്തിക്കൽ പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. രജീഷ് ഉദ്ഘാടനം ചെയ്തു. കെ.ചന്ദ്രകാന്ത്, സി. ജസ്വന്ത്, കെ.വി.പ്രശോഭ്, പ്രണോയ് വിജയൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് കണ്ണൂർ നഗരത്തിൽ എഐവൈഎഫ് പ്രതിഷേധ പ്രകടനം നടത്തും. രാവിലെ 11ന് സ്റ്റേഡിയം കോർണറിൽ നിന്നാരംഭിക്കുന്ന പ്രകടനം കാൽടെക്സ് ജംഗ്ഷനിൽ സമാപിക്കും.