ന്യൂഡൽഹി: ഇന്ത്യ-ചൈന സൈനികർ 2020ൽ ഏറ്റുമുട്ടിയ ഗാൽവൻ താഴ്വരയ്ക്കു സമീപം ചൈന പുതിയ വ്യോമ പ്രതിരോധ സൈറ്റ് നിർമിക്കുകയാണെന്നു റിപ്പോർട്ട്.
ഇന്ത്യ-ചൈന തർക്കഭൂമിയിലെ ഒരു ഫ്രിക്ഷൻ പോയിന്റുകളിലൊന്നിനു സമീപം ചൈനയുടെ നിർമാണപ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെയാണ് ഇന്ത്യ കണ്ടെത്തിയത്.
ഫ്രിക്ഷൻ പോയിന്റുകളിലൊന്നിൽനിന്നും ഏകദേശം 110 കിലോമീറ്റർ മാത്രമകലെ ടിബറ്റിലെ പാങ്കോംഗ് തടാകത്തിന്റെ കിഴക്കൻ ഭാഗത്തെ തീരങ്ങളിലാണു ചൈനയുടെ നിർമാണം.
വ്യോമപ്രതിരോധ സമുച്ചയത്തിൽ കമാൻഡ് ആൻഡ് കണ്ട്രോൾ കെട്ടിടങ്ങൾ, ബാരക്കുകൾ, വാഹന ഷെഡുകൾ, യുദ്ധോപകരണ സംഭരണശാലകൾ, റഡാർ സ്ഥാനങ്ങൾ എന്നിവയുണ്ടെന്ന് വ്യക്തമാകുന്നുണ്ട്.
ദീർഘദൂര എച്ച്ക്യു-9 സർഫസ്-ടു- എയർ മിസൈലുകൾക്ക് ഈ സ്ഥാനങ്ങൾ മറവും സംരക്ഷണവും നൽകുമെന്നാണ് വിദഗ്ധരുടെ അനുമാനം.