തൃശൂർ: കുട്ടിക്കാലംമുതൽ കഥകളിയെ ഏറെ സ്നേഹിച്ച ഇരിങ്ങാലക്കുട വല്ലക്കുന്ന് ഉപാസനയിൽ സീന ഉണ്ണിക്ക് ഇതു വൈകിയെത്തിയ സ്വപ്നസാക്ഷാത്കാരം. അന്പത്തൊന്നാം വയസിലാണ് സീന ഉണ്ണി കഥകളിയിൽ അരങ്ങേറിയത്. ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കൂട്ടുകാരിയായ മീന കുറുപ്പിനൊപ്പം കുചേലവൃത്തം ആട്ടക്കഥയിലെ രുക്മിണിയായി സീന വേഷമിട്ടു.
ഗുരുവായ കലാമണ്ഡലം അരവിന്ദിന്റെ കീഴിൽ ഒന്നരവർഷത്തെ തുടർച്ചയായ പരിശീലനത്തിനൊടുവിലാണ് അരങ്ങേറ്റമെന്ന സ്വപ്നത്തിലേക്കു സീന എത്തിച്ചേർന്നത്. ഒരു പഠനത്തിനും പ്രായമല്ല അടിസ്ഥാനമെന്നും, ആഗ്രഹവും ആത്മാർഥതയും അധ്വാനിക്കാനുള്ള മനസുമാണ് പ്രധാനമെന്നും ഈ വീട്ടമ്മ പറഞ്ഞുവയ്ക്കുന്നു. തുടർന്നും ഒരുപാട് കഥാപാത്രങ്ങളിലൂടെ കഥകളിയെ നെഞ്ചിലേറ്റണമെന്നതാണ് സീനയുടെ ആഗ്രഹം.
എറണാകുളത്തെ പ്രശസ്ത നൃത്തവിദ്യാലയമായ ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിലെ നൃത്ത, കഥകളി വിദ്യാർഥികൂടിയാണ് സീന ഉണ്ണി. തന്റെ നാല്പത്തിമൂന്നാം വയസിൽമാത്രം നൃത്തപഠനം തുടങ്ങിയ സീന അതീവതാത്പര്യത്തോടെ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ച് അരങ്ങേറ്റം നടത്തി. താൻ പഠിക്കുന്ന സ്ഥാപനത്തിന്റെ നൃത്തപരിപാടികളിൽ പങ്കെടുക്കുന്നുമുണ്ട്.
പരേതരായ തൈവളപ്പിൽ ഗംഗാധരന്റെയും അല്ലിയുടെയും മകളും ആലുവ തറയിൽ വീട്ടിൽ സത്യനാഥന്റെ ഭാര്യയുമാണ് സീന ഉണ്ണി. മകൻ: ശ്രീഹരി.