അടൂർ: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ ക്ഷീര സംഗമം - നിറവ് 2025 ന്റെ രണ്ടാം ദിനത്തില്‍ നടന്ന കന്നുകാലി പ്രദര്‍ശനം ആവേശമായി.
അടൂര്‍ ബ്ലോക്കിലെ മേലൂട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന പരിപാടികളുടെ ഭാഗമായി സംഘം പരിസരത്ത് കന്നുകാലി പ്രദര്‍ശനം നടന്നത്. കിടാരി, കന്നുകുട്ടി, കറവപ്പശു വിഭാഗങ്ങളിലായി നിരവധി കാലികള്‍ പങ്കെടുത്ത പ്രദര്‍ശന മത്സരങ്ങള്‍ക്ക് ക്ഷീര സംഗമം ചെയര്മാന് എ. പി. ജയന് പതാക ഉയര്‍ത്തി. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ച യോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ ഉദ്ഘാടനം ചെയ്തു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. അനിത, ക്ഷീര സംരംഭകത്വ വികസന കേന്ദ്രം പ്രിന്‍സിപ്പല്‍ ഡോ.പി.ഇ. ഡോളസ, അടുര്‍ ക്ഷീര വികസന ഓഫീസര്‍ കെ പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മികച്ച കറവപ്പശു, കിടാരി വിഭാഗത്തില്‍ സുധാ പുഷ്പൻ, കിഴക്കേ ചരുവിലിന്റെയും കന്നുകുട്ടി വിഭാഗത്തില്‍ സുധര്‍മിണി, അനില്‍ ഭവനത്തിന്റെയും ഉരുക്കളെ തെരഞ്ഞെടുത്തു. പ്രദര്‍ശനത്തിന്റെ ഭാഗമായി തത്സമയ ചോദ്യോത്തര പരിപാടി നടത്തി, വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
ക്ഷീരസംഗമത്തിന്റെ സമാപന ദിവസമായ ഇന്നു രാവിലെ 9.30 ന് ക്ഷീരകര്‍ഷകര്‍ക്കുള്ള സെമിനാര്‍ കെഎല്‍ഡി ബോര്‍ഡ് മാനേജര്‍ ഡോ അവിനാഷ് കുമാര്‍ അവതരിപ്പിക്കും. വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷീബ ഖമര്‍ മോഡറേറ്ററായിരിക്കും.11 ന് അടൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അങ്കണത്തില്‍ മില്‍മ, കേരള ഫീഡ്സ് എന്നിവയുടെ വിവിധ ഉത്പനങ്ങളുടെയും കാര്‍ഷിക - ക്ഷീര മേഖലയില്‍ ഉപയോഗിച്ചു പോരുന്ന വിവിധ യന്ത്രോപകരണങ്ങളുടെയും കാലിത്തീറ്റകളുടെയും വില്പന - പ്രദര്‍ശന സ്റ്റാളുകളും ഉണ്ടാകും.