പുത്തൂർ: മുപ്പതു വർഷം നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് പുത്തൂർ സുവോളജിക്കൽ പാർക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. ഓസ്ട്രേലിയൻ സൂ ഡിസൈനറായ ജോണ്‍ കോ രൂപകല്പന നിർവഹിച്ച പാർക്ക് വനം വകുപ്പിന്റെ 336 ഏക്കർ സ്ഥലത്താണ് കാടിന്റെ വന്യത ചോരാതെ 23 ആവാസയിടങ്ങളായി ഒരുക്കിയത്. മാനുകളുടെ സഫാരി പാർക്ക്, ഹോളോഗ്രാം സൂ, പെറ്റ് സൂ എന്നിവ ഉടൻ തുറക്കും.
പാർക്കിന്റെ നിർമാണത്തിനായി പ്ലാൻ ഫണ്ടിൽനിന്ന് 40 കോടിയും കിഫ്ബിയിൽനിന്നു രണ്ടാംഘട്ടത്തിന് 122 കോടിയും മൂന്നാംഘട്ടത്തിന് 208.5 കോടിയുമടക്കം 370.5 കോടിയാണ് അനുവദിച്ചത്. ആഫ്രിക്കൻ സുളു ലാൻഡ് സോണ്‍, കൻഹ സോണ്‍, സൈലന്റ് വാലി സോണ്‍, ഇരവിപുരം സോണ്‍ തുടങ്ങി ഓരോ ഇനങ്ങൾക്കും അനുയോജ്യമായ ആവാസവ്യവസ്ഥകളാണ് ഒരുക്കിയത്.
തൃശൂർ മൃഗശാലയിൽനിന്നു പക്ഷിമൃഗാദികളെ സുവോളജിക്കൽ പാർക്കിലേക്കു മാറ്റുന്നത് അവസാന ഘട്ടത്തിലാണ്. തമിഴ്നാട്-കർണാടക എന്നിവിടങ്ങളിൽനിന്നു വെള്ളക്കടുവ, മഞ്ഞ അനക്കോണ്ട എന്നിവയെ എത്തിക്കാൻ നടപടി തുടങ്ങി. വിദേശത്തുനിന്നു പച്ച അനക്കോണ്ട, ജിറാഫ്, സീബ്ര എന്നിവയെയും എത്തിക്കും. നാലര കിലോമീറ്ററോളം ചുറ്റിക്കറങ്ങി കാണാനുള്ള കാഴ്ചകളാണു പാർക്കിലുള്ളത്. അഞ്ചു കേന്ദ്രങ്ങളിൽ കഫറ്റീരിയകളും ഒരുക്കി. 15 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്ന ക്രമീകരണവുമുണ്ട്. പ്രതിദിനം ഏഴു ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്.
500 കെവി സബ് സ്റ്റേഷനു പുറമെ സോളാർ സംവിധാനവും വൈദ്യുതിക്കായി ഒരുക്കി. ഉദ്ഘാടനത്തിന് പിറ്റേന്നുമുതൽ പാർക്കിലേക്കു പ്രവേശനം അനുവദിക്കും. ആദ്യഘട്ടത്തിൽ വിദ്യാർഥികൾക്കാണു പ്രവേശനം. ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം. ജനുവരിയിൽ പൊതുജനത്തിനു പ്രവേശനം അനുവദിക്കും. തൃശൂരിൽനിന്നു സുവോളജിക്കൽ പാർക്കിലേക്ക് കെ എസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് ജനുവരി മുതൽ സർവീസ് ആരംഭിക്കും. ഒരുവർഷം 50 ലക്ഷം പേർ സുവോളജിക്കൽ പാർക്കിലെത്തുമെന്നാണു പ്രതീക്ഷ.