പത്തനാപുരം: ആയൂര്‍, ഇടമാട്, മൈലോട്ട് ചെരിവിള പുത്തന്‍വീട്ടില്‍ യോഹന്നാന് ഗാന്ധിഭവൻ അഭയമായി. സിമന്റ് ഗോഡൗണിലെ ചുമട്ടു തൊഴിലാളി ആയിരുന്ന യോഹന്നാന് സിമന്റ് ചാക്ക് കാലില്‍ വീണ് ഒരു അപകടം പറ്റി.
പിന്നീട് വീണു തലപൊട്ടി.ചികിത്സകള്‍ തുടര്‍ന്നെങ്കിലും മാനസികനില തകരാറിലാകുകയും അക്രമാസക്തനാകുകയും ചെയ്തു.
ആകെയുള്ള രണ്ടു സെന്റ് വസ്തുവും വീടും ബാങ്കിന്റെ ജപ്തി ഭീഷണിയിലാണ്. യോഹന്നാനെ സംരക്ഷിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ലാതെ വന്നപ്പോഴാണ് മുന്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ടീച്ചര്‍, ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജനെ വിവരമറിയിച്ചത്.
സാമൂഹ്യ പ്രവര്‍ത്തകരായ പ്രതാപചന്ദ്രന് നായര്‍, ശ്രീദേവി എന്നിവര്‍ വീട്ടുകാരോടൊപ്പം, ഗാന്ധിഭവനില്‍ എത്തിച്ച യോഹന്നാനെ ജനറല്‍ മാനേജര്‍ വി.സി. സുരേഷ്, ജനറല്‍ സൂപ്രണ്ട് സൂസന് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിഭവന് ഏറ്റെടുത്തു.