ബെര്‍ലിന്‍: ആഗോളതലത്തിലെ ചിപ്പ് പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ ഉത്പാദനം നിർത്തിവയ്ക്കാനും ഹ്രസ്വകാല ജോലി അവതരിപ്പിക്കാനും ഒരുങ്ങുകയാണ്.
യുഎസും ചൈനയും തമ്മിലുള്ള സെമികണ്ടക്ടർ തർക്കമാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇത് ജര്‍മനിയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായമായ ഓട്ടോമോട്ടീവ് മേഖലയ്ക്ക് കടുത്ത ഭീഷണിയാകുകയാണ്.
ഫോക്സ്വാഗൺ ഗ്രൂപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്ലാന്റുകളിലൊന്നായ വോള്‍ഫ്സ്ബുര്‍ഗിലെ ഉത്പാദന ലൈനാണ് ആദ്യം നിർത്തലാക്കുക. ഗോൾഫ്, ടിഗ്വാൻ, ടൂറാൻ, ടെയ്റോൺ തുടങ്ങിയ മോഡലുകൾ നിർമിക്കുന്ന ഈ പ്ലാന്റിൽ അടുത്ത ബുധനാഴ്ച മുതൽ ഉത്പാദനം കൂടുതൽ സമയത്തേക്ക് നിർത്തിവയ്ക്കും.
ചിപ്പ് സ്റ്റോക്കുകൾ സംരക്ഷിക്കുന്നതിനായി സാധാരണയായി നടത്തുന്ന ഇൻവെന്ററി മുന്നോട്ട് കൊണ്ടുവന്നാണ് ഉത്പാദനം നിർത്തിവയ്ക്കുന്നതെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. സെമികണ്ടക്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ ഒരു കാറിൽ ഡസൻ കണക്കിന് ആവശ്യമായ ഈ മിനിയേച്ചർ ഘടകങ്ങളുടെ ലഭ്യത കുറഞ്ഞതാണ് പ്രശ്നം ഗുരുതരമാക്കിയത്.
നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം നെക്സ്പീരിയ എന്ന ചിപ്പ് നിർമാതാവിനെ ചൊല്ലിയുള്ള തർക്കമാണ്. നെക്സ്പീരിയയുടെ ഭൂരിഭാഗം ചിപ്പുകളും ചൈനയിൽ നിന്നാണ് വരുന്നത്.
യുഎസ് സർക്കാരിന്റെ സമ്മർദത്തെത്തുടർന്ന് ഡച്ച് സർക്കാർ നെക്സ്പീരിയയുടെ നിയന്ത്രണം ഏറ്റെടുത്തതിന് മറുപടിയായി, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിൽ നിന്നുള്ള നെക്സ്പീരിയ ചിപ്പുകളുടെ കയറ്റുമതി ബീജിംഗ് നിരോധിച്ചു.
ഇതോടെ നെക്സ്പീരിയയുടെ ചിപ്പ് ഉത്പാദനം ഭാഗികമായി നിലച്ചു. വാഹന നിർമാതാക്കൾക്ക് ഈ "ചിക്കൻ ഫീഡ്' ചിപ്പുകളുടെ വിതരണം ഇപ്പോൾ നിലച്ചിരിക്കുകയാണ്. ജർമൻ ഓട്ടോ വ്യവസായത്തിന്റെ മുഴുവൻ വിതരണ ശൃംഖലയെയും 10 മുതൽ 20 ദിവസത്തിനുള്ളിൽ ഇത് ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങാൻ മാസങ്ങൾ എടുത്തേക്കാം. ഓട്ടോമോട്ടീവ് അസോസിയേഷന്റെ മുന്നറിയിപ്പ് അനുസരിച്ച്, ഇത് യൂറോപ്പ് വ്യാപകമായ പ്രതിസന്ധിക്ക് വഴിതെളിക്കുകയും യുഎസിനെ പോലും ബാധിക്കുകയും ചെയ്തേക്കാം.
വോൾഫ്സ്ബുർഗിന് പിന്നാലെ എംഡൻ, ഹാനോവർ, സ്വിക്കാവു തുടങ്ങിയ മറ്റ് പ്ലാന്റുകളിലെ ഉത്പാദനവും താത്കാലികമായി നിർത്തിവയ്ക്കാൻ സാധ്യതയുണ്ട്.
കോർ വിഡബ്ല്യു ബ്രാൻഡിന് പുറമെ, സഹോദര സ്ഥാപനങ്ങളായ ഔഡി, സീറ്റ്/കുപ്ര തുടങ്ങിയ ബ്രാൻഡുകളുടെ വാഹന ഉത്പാദനത്തെയും പ്രതിസന്ധി ബാധിക്കും. ഔഡിയും ചില മോഡലുകളുടെ ഉൽപാദനം നിർത്തലാക്കാൻ തയാറെടുക്കുകയാണ്.