വിളപ്പിൽശാല : കനത്ത മഴയെ തുടർന്ന് വിളപ്പിൽശാല ആശുപത്രിയുടെ മതിൽ തകർന്ന് വീണു. രണ്ടു വീടുകളുടെ അടുക്കള ഉൾപ്പടെ തകർന്നു. വീട്ടിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.30 നാണ് സംഭവം. സുമതി, ഷാജി എന്നിവരുടെ വീടുകളാണ് തകർന്നത്. വീട്ടിലുള്ളവർ ഉറങ്ങുകയായിരുന്നു.
വലിയ ശബ്ദം കേട്ട് ഉണർപ്പോഴാണ് ഇവരുടെ അടുക്കളയും തകർത്ത് മതിൽ ഇടിഞ്ഞു വീണ് കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ ഇവർ വീട് വിട്ടു പുറത്തിറങ്ങിയപ്പോൾ കുറെ ഭാഗം കൂടി ഇടിഞ്ഞു വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ഇവർ പറഞ്ഞു.
ആശുപത്രിയുടെ മതിൽ കുറെ കാലമായി തകർച്ചയുടെ വക്കിലായിരുന്നു. മഴ കനത്തോടെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.
ഇവിടെ 20 കൂടുംബങ്ങളാണ് താമസിക്കുന്നത്. മതിലിന്റെ കുറച്ച് ഭാഗങ്ങൾ ഇപ്പോഴും അപകടഭീഷണി ഉയർത്തി നിൽക്കുകയാണ്. ആശുപത്രി വളപ്പിൽ മഹാഗണി ഉൾപ്പടെയുള്ള വൻ മരങ്ങൾ വളർന്നു നിൽപ്പുണ്ട്. ഇവയുടെ വേരുകൾ മതിലിന്റെ അടിത്തറയിൽ എത്തിയപ്പോഴാണ് മതിലിന് ബലക്ഷയം വന്നതെന്ന് ആക്ഷേപമുണ്ട്.
സ്ഥലത്ത് ജനപ്രതിനിധികൾ അടക്കം എത്തി വീട്ടുകാരെ മാറ്റി പാർപ്പിച്ചു. മരം മുറിച്ച് മാറ്റി മതിൽ കെട്ടാനുള്ള നടപടികൾ എടുക്കുമെന്നും അവർ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.